പുസ്തക വായന
ആറോ ഏഴോ വര്‍ഷങ്ങള്‍ക്ക് മുമ്പാണ്.ഫിന്‍ലാന്റിലെ വിദ്യാഭ്യാസ മാതൃകകള്‍ അന്വേഷിക്കുന്ന അവസരത്തിലാണ് Taught by Finland എന്ന ബ്ലോഗ് ശ്രദ്ധയില്‍ പെടുന്നത്.അതിലെ ആദ്യപോസ്റ്റ് വായിച്ചപ്പോള്‍തന്നെ ടിം ഡി.വാക്കര്‍ എന്ന ചെറുപ്പക്കാരനായ അധ്യാപകന്‍ മനസ്സില്‍ കയറി.അമേരിക്കയിലെയും ഫിന്‍ലാന്റിലേയും ക്ലാസ്സുമുറികളെ താരതമ്യം ചെയ്യുന്ന ഗാംഭീര്യമുള്ള എഴുത്തുകള്‍.ഞാനാബ്ലോഗിന്റെ നിത്യസന്ദര്‍ശകനായി.അതിന്റെ ലിങ്ക് എന്റെ ബ്ലോഗില്‍ ചേര്‍ത്തു..പുതിയ പോസ്റ്റ് വരുമ്പോഴൊക്കെ അറിയിപ്പ് കിട്ടി.ഓരോന്നും ആവേശത്തോടെ വായിച്ചു.ചില പോസ്റ്റുകള്‍ എന്റെ ബ്ലോഗിലേക്ക് കോപ്പിചെയ്ത് ചേര്‍ത്തു.ഒടുവില്‍ ഒരു പോസ്റ്റില്‍ ഫിന്‍ലാന്റിലെ ക്ലാസ്സുമുറിയിലെ അനുഭവങ്ങളെക്കുറിച്ച് ടിം ഒരു പുസ്തക രചനയിലാണെന്ന് സൂചിപ്പിച്ചിരുന്നു.പുസ്തക രചനയിലേര്‍പ്പെട്ടതു കൊണ്ടായിരിക്കണം പിന്നീട് ബ്ലോഗിലെ എഴുത്തുകള്‍ കുറഞ്ഞു.പുസ്തകം പുറത്തിറങ്ങിയാല്‍ അത് വായിക്കണമെന്ന അതിയായ ആഗ്രഹവും മനസ്സിലുണ്ടായി.
ശാസ്ത്രസാഹിത്യപരിഷത് പ്രസിദ്ധീകരിച്ച 'സ്ക്കൂള്‍ പഠനത്തിന്റെ ഫിന്‍ലന്റ് മാതൃക: ആഹ്ലാദകരമായ ക്ലാസ്സുമുറികള്‍ക്കായി 33 ലളിത തന്ത്രങ്ങള്‍' എന്ന പുസ്തകം ആവേശത്തോടെയാണ് വായിച്ചത്.ബ്ലോഗില്‍ പരിചയപ്പെട്ട അതേ ടിം ഡി.വാക്കറിന്റെ പുസ്തകം.ബ്ലോഗിലെ പല പോസ്റ്റുകളും അതേപടി പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്.തിമോത്തി ഡി വാക്കറാണ് അദ്ദേഹത്തന്റെ മുഴുവന്‍ പേര് എന്നത് പുസ്തകം കിട്ടിയപ്പോഴാണ് മനസ്സിലായത്.
ഒരധ്യാപകന്‍ എന്ന നിലയില്‍ ഇത്രയും ആവേശത്തോടെ വായിച്ച മറ്റു രണ്ട് പുസ്തകങ്ങളാണ് 'ദിവാസ്വപ്ന'വും 'ടോട്ടോച്ചാ'നും.ഈ രണ്ടുപുസ്തങ്ങളിലെയും അധ്യാപകര്‍-ലക്ഷ്മിശങ്കറും കൊബായാഷി മാസ്റ്ററും തങ്ങളുടെ വിദ്യാലയത്തില്‍ വേറിട്ടതും പരീക്ഷണാത്മകവുമായ അധ്യാപനരീതികള്‍ അവതരിപ്പിച്ചു.അത് വിദ്യാര്‍ത്ഥികളുടെ പഠനത്തിലും മനോഭാവത്തിലും വരുത്തിയ മാറ്റങ്ങള്‍ വിശകലനംചെയ്ത് കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് തങ്ങളുടെതായ ദര്‍ശനങ്ങള്‍ അവതരിപ്പിച്ചു.ആഹ്ലാദകരമായ ക്ലാസ്സുമുറിതന്നെയായിരുന്നു രണ്ടുപേരുടേയും ലക്ഷ്യം.ടിം ഡി.വാക്കറുടേയും ലക്ഷ്യവും അതുതന്നെ. പക്ഷേ,ഒരു വ്യത്യാസമുണ്ട്.ഫിന്‍ലന്റ് എന്ന രാജ്യത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി നിന്നുകൊണ്ടാണ് ടിം തന്റെ ക്ലാസ്സുമുറിയെ നോക്കിക്കാണുന്നത്.ലോകത്തിലെ തന്നെ മികച്ചതെന്ന് കണക്കാക്കപ്പെടുന്ന ഫിന്‍ലന്റിലെ പഠനരീതിയെ തന്റെ ക്ലാസുമുറിയിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുകയും പഠനവിധേയമാക്കുകയുമാണ് അദ്ദേഹം ചെയ്യുന്നത്.ആഹ്ലാദകരമായ അതിന്റെ ക്ലാസ്സുമുറികളാണ് ഫിന്‍ലന്റിലെ വിദ്യാഭ്യാസരംഗത്തെ മുന്നേറ്റത്തിന് കാരണം എന്ന് അമേരിക്കക്കാരനായ ഈ അധ്യാപകന്‍ തന്റെ പുസ്തകത്തിലൂടെ സമര്‍ത്ഥിക്കുന്നു.
അമേരിക്കയിലെ യാന്ത്രികവും അയവില്ലാത്ത സമയക്രമം പാലിക്കുന്നതുമായ ക്ലാസ്സുമുറികളുടെ മടുപ്പില്‍ നിന്നും ഫിന്‍ലന്റിലെത്തുന്ന ടിം ഡി.വാക്കര്‍ തലസ്ഥാന നഗരമായ ഹെല്‍സങ്കിയിലെ ഒരു പൊതുവിദ്യാലയത്തിലാണ് അധ്യാപകനായി ജോലിയില്‍ പ്രവേശിക്കുന്നത്.അമേരിക്കയില്‍ നിന്നും വ്യത്യസ്തമായി ശാന്തവും അയവുള്ളതുമായ അവിടുത്തെ വിദ്യാലയ അന്തരീക്ഷം അദ്ദേഹത്തെ തെല്ലൊന്നുമല്ല വിസ്മയിപ്പിക്കുന്നത്.
ഫിന്‍ലന്റിലെ വിദ്യാഭ്യാസത്തിന്റെ ഒരു പ്രധാന സവിശേഷതയായി അദ്ദേഹം കാണുന്നത് വിദ്യാലയം കുട്ടികള്‍ക്കു നല്‍കുന്ന ഒഴിവുസമയമാണ്.ഓരോ മുക്കാല്‍ മണക്കൂറ് കഴിയുമ്പോള്‍ 15 മിനുട്ട് ഇടവേള!ഈ ഇടവേളകളാണ് ഫിന്‍ലന്റിലെ കുട്ടികളുടെ പഠനപുരോഗതിയുടെ അടിസ്ഥാനം എന്ന് ടിം നിരീക്ഷിക്കുന്നുണ്ട്.ഇടവേളകള്‍ കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട രീതിയില്‍ വിനിയോഗിക്കാം.കളികളിലേര്‍പ്പെട്ടോ പുസ്തകം വായിച്ചോ കൂട്ടുകാരുമായി വെറുതെ വര്‍ത്തമാനം പറഞ്ഞിരുന്നോ ചെലവഴിക്കാം. മസ്തിഷ്ക്കത്തിന് ഇടക്കിടെയുള്ള ഇടവേളകള്‍ വഴി വിശ്രമിക്കാന്‍ അവസരം നല്‍കുന്നത് കുട്ടികളെ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധാലുക്കളാക്കുന്നു.അത് തലച്ചോറിന്റെ ഉയര്‍ന്ന ഉത്പ്പാദന ക്ഷമതയിലേക്കും സര്‍ഗ്ഗാത്മകതയിലേക്കും കുട്ടികളെ നയിക്കുന്നു.
അധ്യയന സമയം വര്‍ദ്ധിപ്പിക്കുമ്പോഴാണ് കുട്ടികള്‍ കൂടുതല്‍ പഠിക്കുന്നതെന്ന അശാസ്ത്രീയമായ ധാരണയുടെ പുറത്ത് കെട്ടിപ്പൊക്കിയ നമ്മുടെ വിദ്യാലയങ്ങളിലെ സമയക്രമവുമായി ഇതിനെ തട്ടിച്ചുനോക്കുക.ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ വിഷയങ്ങള്‍ കുട്ടികളില്‍ കുത്തിച്ചെലുത്തുക എന്നതാണ് നമ്മുടെ നയം.യു.പി.ക്ലാസുകളില്‍ ഏഴു പിരീയഡുകളുണ്ടായിരുന്നിടത്ത് ഒന്നുകൂടി വര്‍ദ്ധിപ്പിച്ചു. പിരീയഡുകളുടെ സമയ ദൈര്‍ഘ്യം 35 മിനുട്ടാക്കിക്കുറച്ചു.ഇത്രയും ചെറിയ സമയത്തിനുള്ളില്‍ പാഠ്യപദ്ധതി നിര്‍ദ്ദേശിക്കുന്ന പ്രക്രിയാബന്ധിതമായി പഠിപ്പിക്കാന്‍ അധ്യാപകര്‍ നന്നെ കഷ്ടപ്പെട്ടു.ഫലത്തില്‍ പാഠ്യപദ്ധതി പരിഷ്ക്കരണം ക്ലാസ്സുമുറിയില്‍ കാര്യമായ ചലനമുണ്ടാക്കാതെപോയി.ബ്രിട്ടീഷുകാരുടെ കാലത്ത് നലവില്‍ വരികയും കാര്യമായ മാറ്റമില്ലാതെ ഇന്നും തുടരുകയും ചെയ്യുന്ന നമ്മുടെ പഴഞ്ചന്‍ സ്ക്കൂള്‍ ടൈംടേബിളില്‍ തൊടാന്‍ മാറിവന്ന സര്‍ക്കാരുകളൊന്നും ധൈര്യം കാണിച്ചില്ല.
പഠനം ആഹ്ലാദകരവും അര്‍ത്ഥവത്തുമാകുന്നത് കുട്ടികള്‍ക്ക് വിശ്രമവേളകള്‍ ലഭിക്കുമ്പോഴാണെന്ന് ടിം തന്റെ ക്ലാസ്സുമുറിയിലെ അനുഭവങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് ക്ഷേമം എന്ന ഒന്നാമത്തെ അധ്യായത്തില്‍ സമര്‍ത്ഥിക്കുന്നു.കൂടാതെ ഇതു സംബന്ധിച്ച് യൂണിവേഴ്സിറ്റി തലത്തില്‍ നടന്ന ഗവേഷണഫലങ്ങളും അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്.
ചലിച്ചുകൊണ്ട് പഠിക്കുക എന്നതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറയുന്നുണ്ട്.
പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി ക്ലാസുമുറിയില്‍ കുട്ടികള്‍ക്ക് ചലിക്കാനുള്ള അവസരങ്ങള്‍ നല്‍കുമ്പോഴാണ് പഠനം സജീവവും ആഹ്ലാദകരവുമാകുന്നത്.ക്ലാസില്‍ കുട്ടികള്‍ ചലിക്കുന്നത് ഗുരുതരമായ അച്ചടക്കലംഘനമായി കണക്കാക്കുന്ന ധാരാളം അധ്യാപകര്‍ ഇപ്പോഴും നമുക്കിടയിലുണ്ട്.രാവിലെ മുതല്‍ വൈകുന്നേരം വരെ കുട്ടികളെ 'ശിശുസൗഹൃദ' ഫര്‍ണ്ണിച്ചറുകള്‍ക്കിടയില്‍ പൂട്ടിയിടുന്ന 'ഹൈടെക് 'ക്ലാസ്സുമുറികളും നമുക്കുണ്ട്.ഫിന്നിഷ് ക്ലാസ്സുമുറികള്‍ അങ്ങനെയല്ല.കുട്ടികളുടെ ചലന സ്വാതന്ത്യം പരിഗണിച്ചുകൊണ്ടാണ് അവര്‍ പാഠങ്ങള്‍ ആസൂത്രണം ചെയ്യുന്നത്.അത്തരത്തിലുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ ടിം തന്റെ പുസ്തകത്തില്‍ ഉദാഹരിക്കുന്നുണ്ട്.
ക്ഷേമം,പാരസ്പര്യം,സ്വയംഭരണം,പ്രാവീണ്യം,മനോഘടന എന്നിങ്ങനെ അഞ്ച് അധ്യായങ്ങളിലായി പരന്നുകിടക്കുന്ന പുസ്തകം ഫിന്‍ലന്റിലെ പ്രൈമറി വിദ്യാഭ്യാസത്തെ അതിന്റെ സമഗ്രതയില്‍ അവതരിപ്പിക്കുന്നു. ടിം ഡി.വാക്കര്‍ എന്ന അധ്യാപകന്‍ തന്റെ ക്ലാസ്സുമുറിയിലെ അനുഭവങ്ങളെ വിശകലനം ചെയ്യുന്നരീതി നമ്മെ അത്ഭുതപ്പെടുത്തും.അത് സത്യസന്ധവും ആത്മപരിശോധനയില്‍ അധിഷ്ഠിതവുമാണ്.സ്വാനുഭവങ്ങളില്‍ ഊന്നിനിന്നുകൊണ്ടാണ് അദ്ദേഹം തന്റെ കാഴ്ചപ്പാടുകളും വിദ്യാഭ്യാസ ദര്‍ശനങ്ങളും രൂപപ്പെടുത്തുന്നത്.വിദ്യാഭ്യാസത്തിന്റെ കേന്ദ്രസ്ഥാനത്ത് കുട്ടികളെ പ്രതിഷ്ഠിക്കുന്നതിലൂടെയാണ് അത് സാധ്യമാകുന്നത്.
പുസ്തകത്തിലൂടെ കടന്ന്പോകുമ്പോള്‍ നമുക്ക് ഒരു കാര്യം ബോധ്യമാകും.ഫിന്‍ലന്റിലെ വിദ്യാഭ്യാസ പരിഷ്ക്കാരങ്ങള്‍ രൂപപ്പെട്ടത് നിരന്തരമായ പഠനത്തിന്റേയും ഗവേഷണത്തന്റേയും ഫലമായാണ്.വിദ്യാഭ്യാസ മനഃശ്ശാസ്ത്രത്തിനും ഗവേഷണത്തിനും ഫിന്‍ലന്റിലെ യൂണിവേഴ്സിറ്റികള്‍ ഏറെ പ്രധാന്യം നല്‍കുന്നു.ഇത്തരം ഗവേഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മാത്രമേ അവിടത്തെ പ്രൈമറി വിദ്യാലയങ്ങളില്‍ അധ്യാപകനാകാന്‍ കഴിയൂ.കൂടാതെ മാസ്റ്റേഴ്സ് ഡിഗ്രിയും അഞ്ചുവര്‍ഷത്തെ പരിശീലനവും പൂര്‍ത്തിയാക്കണം.നമ്മുടെ വിദ്യാഭ്യാസ പരിഷ്ക്കാരത്തിലെ പാളിച്ചകള്‍ക്കുള്ള കാരണം മറ്റെവിടേയും അന്വേഷിക്കേണ്ടതില്ലല്ലോ.
നമുക്ക് നിസ്സാരമെന്ന് തോന്നുന്ന ഒരു ഗവേഷണത്തെക്കുറിച്ച് അദ്ദേഹം പുസ്തകത്തില്‍ പറയുന്നുണ്ട്.കുട്ടികളുടെ സൃഷ്ടികള്‍ ക്ലാസ്സുമുറിയില്‍ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് അത്.സൃഷ്ടികള്‍ ലളിതമായി പ്രദര്‍ശിപ്പിക്കുന്നതും കൂടുതലായി പ്രദര്‍ശിപ്പിക്കുന്നതും കുട്ടികളുടെ ശ്രദ്ധയെ എങ്ങനെ സ്വാധീനിക്കും എന്നതാണ് പഠനവിഷയം.ഇങ്ങനെയുള്ള ഓരോ കാര്യങ്ങളെക്കുറിച്ചുമുള്ള ഗവേഷണങ്ങളുടെ നിരവധി ഉദാഹരണങ്ങള്‍ പുസ്തകത്തിലുണ്ട്.
പുസ്തകത്തിന്റെ എടുത്തു പറയേണ്ട മറ്റൊരു സവിശേഷത അതിന്റെ പരിഭാഷയാണ്.ആശയച്ചോര്‍ച്ച സംഭവിക്കാതെ ശ്രീ.കെ.ആര്‍ അശോകന്‍ അത് ഭംഗിയായി നിറവേറ്റിയിട്ടുണ്ട്.എഴുത്തുകാരനുമായി വൈകാരികമായി ഐക്യപ്പെടുന്നതിലൂടേയാണ് മികച്ച പരിഭാഷ സാധ്യാമാകുന്നത്.ആഹ്ലാദകരമായ ക്ലാസ്സുമുറി എന്ന സമാന അനുഭവത്തിലൂടെ രണ്ടുപേരും കടന്നുപോയതുകൊണ്ടുകൂടിയായിരിക്കണം അത്.
ആഹ്ലാദകരമായ ക്ലാസ്സുമുറികള്‍ക്കായുളള 33 ലളിത തന്ത്രങ്ങളില്‍ പലതും നമുക്ക് പുതുമയുള്ളതൊന്നുമല്ല.പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍ ഇതൊക്കെ നമ്മള്‍ നേരത്തെ ക്ലസുമുറിയില്‍ ചെയ്തതാണല്ലോ എന്ന് തോന്നും.അത് ശരിയാണുതാനും.പരിഷ്ക്കരിച്ച പാഠ്യപദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കാല്‍നൂറ്റാണ്ടിന്റെ അനുഭവം നമുക്കുണ്ട്. ആ അനുഭവത്തെ നേരായ രീതിയില്‍ വിലയിരുത്തിക്കൊണ്ടുമാത്രമേ ഇനി നമുക്ക് മുന്നോട്ടുപോകാന്‍ സാധ്യമാകുകയുള്ളു.സ്ക്കൂള്‍ പഠനത്തിന്റെ ഫിന്‍ലന്റ് മാതൃക എന്ന ഈ പുസ്തകം നമുക്ക് നേരെ പിടിച്ച ഒരു കണ്ണാടിയാണ്.നമ്മുടെ കരുത്തും ദൗര്‍ബല്യങ്ങളും തിരിച്ചറിയാന്‍ അതു നമ്മെ സഹായിക്കും.