പുതിയ ടീച്ചര്‍ വന്നതില്‍ പിന്നെ ഇവന് സ്ക്കൂളില്‍ പോകാന്‍ നല്ല ഉത്സാഹമാണെന്നു് ഒന്നാം ക്ലാസുകാരനെ ചൂണ്ടി അവന്റെ അമ്മ പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു.
"സ്ക്കൂളില്‍ പോകാന്‍ എന്താ നിനക്കിത്ര ഇഷ്ടം?”
അവന്‍ പെട്ടെന്നുതന്നെ ഉത്തരം പറഞ്ഞു.
"ദിവസൂം ടീച്ചര്‍ ചിത്രം വരപ്പിക്കും.ചിത്രം വരയ്ക്കാന്‍ എനിക്കിഷ്ടാ..”
എന്നും ചിത്രം വരയ്ക്കാന്‍ ഇടമുള്ള വിദ്യാലയത്തെ കുട്ടികള്‍ തീര്‍ച്ചയായും ഇഷടപ്പെടും.
കളിക്കുന്നതുപോലെ കുട്ടികള്‍ എന്തുകൊണ്ടാണ് ചിത്രം വരയും ഇഷ്ടപ്പെടുന്നത്?
കുട്ടികള്‍ക്ക് സ്വയം ആവിഷ്ക്കരിക്കാനുള്ള ശക്തമായ ഉപാധിയാണ് വര. തന്റെ മനസ്സിനെ, ചിന്തയെ,പ്രതികരണങ്ങളെ,ചുറ്റുപാടിനെയൊക്കെ വരകള്‍ ഉപയോഗിച്ചും വര്‍ണ്ണങ്ങള്‍ ഉപയോഗിച്ചും കുട്ടികള്‍ ആവിഷ്ക്കരിക്കും.വരയ്ക്കുമ്പോള്‍ അവന്‍ അവന്റെ ഭാവനയെ,സര്‍ഗ്ഗാത്മകതയെ കെട്ടഴിച്ചു വിടും.അതൊരു ബഹിര്‍ഗമനം കൂടിയാണ്.കുട്ടികള്‍ അനുഭവിക്കുന്ന പലതരം മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുള്ള വഴി.വരയ്ക്കാന്‍ ധാരാളം അവസരങ്ങള്‍ നല്‍കുന്ന ക്ലാസുമുറികളിലെ കുട്ടികള്‍ ശാന്തരും സ്വസ്ഥരുമായിരിക്കും.അച്ചടക്ക പ്രശ്നവും അക്രമവാസനയും അത്തരം ക്ലാസുമുറിയില്‍ ഉണ്ടാകില്ല.
ചിത്രംവരയോടുള്ള അധ്യാപകരുടെ യാഥാസ്ഥിതിക സമീപനത്തില്‍ നിന്നാണ് ഇത്തരം ചോദ്യങ്ങള്‍ ഉടലെടുക്കുന്നത്.സാധാരണഗതിയില്‍ എല്ലാ കുട്ടികള്‍ക്കുള്ളിലും വരയുണ്ട്.ഒന്നാംക്ലാസുമുതല്‍ ക്ലാസില്‍ വരയ്ക്കാനുള്ള അവസരങ്ങള്‍ നല്‍കുന്ന ടീച്ചര്‍ക്ക് ഈ കാര്യം എളുപ്പം ബോധ്യപ്പെടും.അനുവദിക്കുകയാണെങ്കില്‍ അവര്‍ തറയിലും ചുമരിലും കടലാസിലുമൊക്കെ ആവേശത്തോടെ വരയ്ക്കുന്നത് കാണാം.
വ്യത്യസ്ത മാധ്യമങ്ങളില്‍ വ്യത്യസ്തരീതിയല്‍ വരയ്ക്കാനാണ് കുട്ടികള്‍ക്ക് എപ്പോഴും ഇഷ്ടം.ഇനി ചുരുക്കം ചില കുട്ടികളുണ്ട്.അവര്‍ ആവേശത്തോടെ വരയ്ക്കും.എന്നാല്‍ ചിത്രത്തിലെ ഇമേജുകള്‍ക്ക് വേണ്ടത്ര വ്യക്തതയുണ്ടാവില്ല.ഇങ്ങനെയുള്ള കുട്ടികള്‍ക്ക് എഴുത്തിലും വായനയിലും പ്രയാസമുണ്ടാകും.വരയ്ക്കുന്ന ചിത്രങ്ങളിലെ ഇമേജുകള്‍ക്ക് വ്യക്തതവരുമ്പോള്‍ മാത്രമേ എഴുത്തിലും വായനയിലും ഇവര്‍ക്ക് പുരോഗതിയുണ്ടാകൂ.അതുകൊണ്ട് എഴുതാന്‍ കഴിയാത്തതിന്റെ കാരണം കണ്ടെത്താന്‍ ടീച്ചര്‍ ഈ കുട്ടികള്‍ വരച്ച ചിത്രങ്ങളാണ് പഠനവിധേയമാക്കേണ്ടത്.
സംസാരഭാഷയില്‍ നിന്നും എഴുത്തുഭാഷയിലേക്ക് പ്രവേശിക്കുന്നതിന്റെ ആദ്യപടിയാണ് ചിത്രംവര എന്ന് വൈഗോട്സ്കി നീരീക്ഷിക്കുന്നുണ്ട്.ഭാഷ കൈകാര്യം ചെയ്യാനുള്ള ശേഷിവികസിക്കുന്നതോടെ കുട്ടികളുടെ വരയിലും ഗുണപരമായ പലമാറ്റങ്ങളും കാണാം.
പിന്നെ എപ്പോഴാണ് കുട്ടികള്‍ക്ക് അവരുടെ വര കൈമോശം വരുന്നത്?കുട്ടികളുടെ വരയോടുള്ള അധ്യാപകരുടെ സമീപനമാണ് ഒരു പ്രധാനപ്രശ്നം.
ഒരിക്കല്‍ ഒരു കുട്ടി അതീവ താത്പര്യത്തോടെ വരച്ച വീടിന്റെ ചിത്രവുമായി ടീച്ചറെ സമീപിച്ചപ്പോള്‍ ടീച്ചറുടെ പ്രതികരണം ഇതായിരുന്നു.
"ഇങ്ങനെയാണോ വീട് വരയ്ക്കുന്നത്?"ഇത് കേട്ട് കുട്ടിയുടെ മുഖം വാടി.അവള്‍ പെട്ടെന്നുതന്നെ തന്റെ സീറ്റിലേക്ക് തിരിച്ചുപോയി അനങ്ങാതിരുന്നു.പിന്നീട് അവള്‍ക്ക് വരയ്ക്കാനെ തോന്നിയില്ല.
ആറു വയസ്സുള്ള കുട്ടി അവളുടെ മനസ്സിലുള്ള വീടാണ് വരച്ചത്.അത് ഒരിക്കലും മുതിര്‍ന്ന ഒരാളുടെ മനസ്സിലുള്ളത് ആയിരിക്കില്ല.കുട്ടികളുടെ കാഴ്ചയും മുതിര്‍ന്നവരുടെ കാഴ്ചയും തമ്മില്‍ വ്യത്യാസമുണ്ട്.മുതിര്‍ന്നവരെപ്പോലെ കുട്ടികള്‍ വരയ്ക്കണമെന്ന് ശഠിക്കുന്നിടത്താണ് കുട്ടികളുടെ വര ശ്വാസംമുട്ടി മരിക്കുന്നത്. അവള്‍ വരയ്ക്കാന്‍ കഴിവില്ലാത്തവളായി മുദ്രകുത്തപ്പെടുന്നു.ഇതിലൂടെ ചിത്രംവര എന്ന ഏറ്റവും ആഹ്ലാദകരമായ ഒരു പ്രവര്‍ത്തനത്തിലേര്‍പ്പെടാനുള്ള കുട്ടിയുടെ ആത്മവിശ്വാസത്തെയാണ് നാം തകര്‍ത്തുകളയുന്നത്.
വരയ്ക്കാനറിയാത്തതുതന്നെയാണ് ടീച്ചറുടെ ഏറ്റവും വലിയ കൈമുതല്‍.വരയ്ക്കാനറിയുമായിരുന്നെങ്കില്‍ ടീച്ചര്‍ വര പഠിപ്പിച്ച് പഠിപ്പിച്ച് കുട്ടികളുടെ വരയെ കൊന്ന് കുഴിച്ചുമൂടിയേനെ.ഭാഗ്യം!
പക്ഷേ,ടീച്ചര്‍ ഒന്നു ചെയ്യണം-ക്ലാസില്‍ വരയ്ക്കാനുള്ള അവസരം നല്‍കണം.അവസരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കുട്ടികള്‍ക്ക് ഇഷ്ടമുള്ളത് വരയ്ക്കാനുള്ള സ്വാതന്ത്ര്യമല്ല.പാഠഭാഗവുമായി ബന്ധിപ്പിച്ചു കൊണ്ടുള്ളതായിരിക്കണം അത്.കുട്ടികളെ വരയിലേക്ക് പ്രചോദിപ്പിക്കാന്‍ ടീച്ചര്‍ക്ക് കഴിയണം.വരയ്ക്കാനുള്ള മാനസികാവസ്ഥയിലേക്ക് അവരെ കൊണ്ടുവരണം.എങ്കിലേ കുട്ടികളിലെ വര ഉണരൂ.നമ്മുടെ ലക്ഷ്യം കുട്ടികളെ കലാകാരന്‍മാരോ കലാകാരികളോ ആക്കുകയല്ല,മറിച്ച് പഠനമാണ്.പഠനത്തെ സര്‍ഗ്ഗാത്മകമാക്കുകയാണ്.അതിനിടയില്‍ കുട്ടികള്‍ ആര്‍ട്ടിസ്റ്റുകളാകുന്നുവെങ്കില്‍ ആകട്ടെ..സന്തോഷം!
"നിങ്ങള്‍ എന്തിനാണ് ചിത്രം വരച്ച് സമയം കളയുന്നത്,ഈ സമയം രണ്ടക്ഷരം പഠിപ്പിച്ചൂടേ?”
ഇങ്ങനെ ചോദിക്കുന്ന അധ്യാപകര്‍ ഇപ്പോഴും നമുക്കിടയിലുണ്ട്.കലയോടുള്ള,പഠനത്തോടുള്ള യാഥാസ്തിതിക സമീപനത്തില്‍ നിന്നാണ് ഇത്തരം ചോദ്യങ്ങള്‍ ഉടലെടുക്കുന്നത്.ഭാവനയും സര്‍ഗ്ഗാത്മകതയുമുള്ളവരാണ് കുട്ടികള്‍ എന്ന അടിസ്ഥാന വസ്തുത ഇത് നിഷേധിക്കുന്നു.പഠനം എന്നത് കേവലം യാന്ത്രികമായ പ്രക്രിയ അല്ലെന്നും ക്ലാസുമുറി സര്‍ഗ്ഗാത്മകമാകുമ്പോഴാണ് പഠനം നന്നായി നടക്കുകയെന്നും മനസ്സിലാക്കാന്‍ കഴിയാത്തിടത്തോളം കാലം അവര്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കും.
No comments:
Post a Comment