രക്ഷിതാക്കള്‍ക്ക് ഒരു കൈപ്പുസ്തകം
വിദ്യാലയമാകുന്ന ഒരു വീട് കുട്ടികളെ എങ്ങനെയാണ് ഉള്‍ക്കൊള്ളേണ്ടത്‍?രക്ഷിതാക്കള്‍ അധ്യാപകരുടെ റോളിലേക്ക് മാറുമ്പോള്‍ കുട്ടികളോടുള്ള അവരുടെ സമീപനത്തില്‍ എന്തുമാറ്റം വരണം?കുട്ടികളുടെ പഠനത്തില്‍ അവര്‍ എങ്ങനെയൊക്കെയാണ് ഇടപെടേണ്ടത്?പുറച്ചേരി ഗവ.യു.പി.സ്ക്കൂള്‍ തയ്യാറാക്കിയ രക്ഷിതാക്കള്‍ക്കുള്ള കൈപുസ്തകം ഈ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുകയും പ്രായോഗികമായി നടപ്പിലാക്കാവുന്ന ചില പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കകയും ചെയ്യുന്നു.
പ്രിയ രക്ഷിതാക്കളേ,
2020ജൂണ്‍ ഒന്നാം തീയ്യതി മുതലാണ് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ചത്.അന്നുമുതല്‍ കുട്ടികള്‍ക്കൊപ്പം ഞങ്ങളുടെ വിദ്യായലയവുമുണ്ട്.ഓരോ ദിവസത്തെ ക്ലാസിനുശേഷവും കുട്ടികളോട് സംസാരിച്ചും സംശയങ്ങള്‍ ദൂരീകരിച്ചും പഠനപ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്തി നല്‍കിയും അവരെ പ്രോത്സാഹിപ്പിച്ചും കുട്ടികള്‍ അയച്ചുതരുന്ന നോട്ടുകള്‍ പരിശോധിച്ചും ആവശ്യമായ ഫീഡ്ബാക്കുകള്‍ നല്‍കിയും കുട്ടികളെ ചേര്‍ത്തുപിടിക്കാന്‍ ഈ വിദ്യാലയം ശ്രമിച്ചിട്ടുണ്ട്.ഇക്കാലമത്രയും നിങ്ങളും കുട്ടികള്‍ക്കൊപ്പമുണ്ടെന്ന് ഞങ്ങള്‍ക്കറിയം.തന്റെ കുട്ടി മുമ്പെങ്ങുമില്ലാത്ത അസാധാരണമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും വീടിനകത്ത് അടച്ചിരിക്കുന്ന കുട്ടികള്‍ സാധാരണയില്‍ കവിഞ്ഞ സ്നേഹവും പിന്തുണയും അവശ്യപ്പെടുന്നുണ്ടെന്നും നിങ്ങള്‍ മനസ്സിലാക്കിയിരുന്നു. പഠനത്തിനാവശ്യമായ ഉപകരണങ്ങള്‍ വാങ്ങി നല്‍കിയും കുട്ടികള്‍ക്കൊപ്പമിരുന്നും സ്വയംപഠിച്ചും അവരെ സഹായിച്ചുംഅവരോടൊപ്പം കളിച്ചും സന്തോഷിച്ചും കുട്ടികള്‍ക്ക് ഒരു താങ്ങായി നില്‍ക്കാന്‍ നിങ്ങള്‍ ശ്രമിച്ചിട്ടുണ്ട്.
വിദ്യാലയം തുറന്നുപ്രവര്‍ത്തിക്കാനുള്ള സാധ്യതയ്ക്ക് മങ്ങലേല്‍പ്പിച്ചുകൊണ്ട് രോഗവ്യാപനം വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ നമ്മുടെ പഠനരീതി നമുക്ക് മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്.കുട്ടികള്‍ക്ക് മടുപ്പ് വരാത്തരീതിയില്‍ പഠനം പരമാവധി രസകരമാക്കേണ്ടതുണ്ട്.വീടിനെ വിദ്യാലയമായിക്കണ്ടുകൊണ്ടുള്ള പഠനത്തിന്റെ രണ്ടാം ഘട്ടത്തിലേക്കാണ് ഇനി നാം പ്രവേശിക്കുന്നത്.വീട് വിദ്യാലയമാകുന്നത് എപ്പോഴാണ്?
വീട് എന്ന വിദ്യാലയത്തിലേക്കാണ് കുട്ടി ജനിച്ചുവീഴുന്നത്.അവിടെ അച്ഛനമ്മമാര്‍തന്നെയാണ് അവന്റെ /അവളുടെ അധ്യാപകര്‍.ഭാഷയുടേയും ഗണിതത്തിന്റേയും ശാസ്ത്രപഠനത്തിന്റേയുമൊക്കെ അടിസ്ഥാന ധാരണകള്‍ രൂപപ്പെടുന്നത് വീടുകളില്‍ നിന്നുതന്നെയാണ്. ഔപചാരിക വിദ്യാഭ്യാസം ആരംഭിക്കന്നതോടെയാണ് വിദ്യാലയം എന്ന വീടിന്റെ റോളില്‍ മാറ്റംവരുന്നത്.കുട്ടിയുടെ വിദ്യാഭ്യാസത്തിന്റെ ചുമതല വിദ്യാലയം ഏറ്റെടുക്കുന്നതോടെയാണത്.വിദ്യാലയം അടച്ചിട്ടതോടെ ആ ചുമതല വീണ്ടും വീടിന്റേതായി മാറി.
വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് മുഴുവന്‍ കുട്ടികളെയും പഠനത്തില്‍ സജീവമാക്കാനുള്ള പ്രവര്‍ത്തനപദ്ധതികള്‍ കഴിഞ്ഞ ദിവസങ്ങളിലെരക്ഷാകര്‍തൃ ശാക്തീകരണ ക്ലാസ്സുകളില്‍ നാം മുന്നോട്ടുവയ്ക്കുകയും ചര്‍ച്ച ചെയ്ത് വ്യക്തത വരുത്തുകയും ചെയ്യുകയുണ്ടായി.മുഴുവന്‍ രക്ഷിതാക്കളുടേയും അറിവിലേക്കായി തുടര്‍ന്ന് വീട്ടില്‍ നടക്കേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ ഇവിടെ വിശദീകരിക്കുകയാണ്.
വീട്ടില്‍ ഒരു ലബോറട്ടറി
പരീക്ഷണ നിരീക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടാണ് കുട്ടി സയന്‍സ് പഠനത്തില്‍ മുന്നേറുന്നത്.സയന്‍സ് വിഷയത്തില്‍ താത്പര്യം വര്‍ദ്ധിപ്പിക്കാനും പഠനത്തിലേക്ക് നയിക്കാനും ഇതു കുട്ടിയെ ഏറെ സഹായിക്കും.ഇതുമായി ബന്ധപ്പെട്ട് വീട്ടില്‍ നമുക്ക് എന്തുചെയ്യാന്‍ കഴിയും?വീട്ടില്‍ ഒരു ലബോറട്ടറി ഒരുക്കിയാലോ?എങ്കില്‍ അത് എങ്ങനെ വേണം?
- വീട്ടിലെ ഒരു മുറിയിലോ ചായ്പ്പിലെ ചുമരിനോട് ചേര്‍ന്നോ മരത്തണലിലോ ക്രമീകരിച്ച ഒരു മേശ/ തട്ട് അല്ലെങ്കില്‍ ഒരു കാര്‍ബോര്‍ഡ് പെട്ടി ഒരു ലബോറട്ടറിയാക്കി മാറ്റാം.
- ഒഴിഞ്ഞ പ്ലാസ്റ്റിക്ക് കുപ്പികള്‍,ഗ്ലാസ്സുകള്‍,ജാറുകള്‍,കുഴലുകള്‍,കണ്ണാടി മുതലായ പാഠഭാഗവുമായി ബന്ധപ്പെട്ട് അധ്യാപകന്‍ നിര്‍ദ്ദേശിക്കുന്ന വസ്തക്കളും ശേഖരണങ്ങളും അവിടെ ക്രമീകരിക്കണം.
- പരീക്ഷണങ്ങള്‍ ഈ ലബോറട്ടറിയില്‍വെച്ച് ചെയ്യാം.
- ചെയ്ത പരീക്ഷണങ്ങളുടെ കുറിപ്പുകള്‍ അടങ്ങിയ ഫയല്‍ അവിടെ സൂക്ഷിക്കണം.
- ആരുവന്നാലും കാണാന്‍ പാകത്തില്‍ ചുമരിലും മേശപ്പുറത്തും മറ്റുമായി ഭംഗിയായി എല്ലാവസ്തുക്കളും ഡിസ്പ്ലേ ചെയ്യണം.
വീട്ടിലെ ഗണിതവിശേഷം
സാധാരണയായി പല കുട്ടികള്‍ക്കും പ്രയാസമുള്ള വിഷയമാണ് ഗണിതം.എന്നാല്‍ രസകരമായ പ്രവര്‍ത്തനങ്ങളിലൂടേയും കളികളിലൂടേയും കുട്ടികള്‍ക്ക് ഗണിതത്തെ എളുപ്പം വരുതിയിലാക്കാം.കളികളിലും മറ്റും കുട്ടികള്‍ക്കൊപ്പം കുടുംബാംഗങ്ങളും പങ്കെടുക്കണം.വീട്ടിലെ ഗണിതവിശേഷം എങ്ങനെ ഒരുക്കാം?- പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി കുട്ടികള്‍ തയ്യാറാക്കിയ വിവിധ ഉത്പ്പന്നങ്ങളും പഠനോപകരണങ്ങളും (സ്ഥാനവിലപോക്കറ്റ്,സംഖ്യാകാര്‍ഡുകള്‍,സംഖ്യാറിബണ്‍,ജ്യാമിതീയരൂപങ്ങള്‍,ഭിന്നസംഖ്യാരൂപങ്ങള്‍..)പഠനമുറിയുടെ ചുമരിലും മറ്റുമായി ഭംഗിയായി പ്രദര്‍ശിപ്പിക്കാം.
- കുട്ടികള്‍ ചെയ്യുന്ന ഗണിത പ്രൊജക്ടുകളും മറ്റും ചാര്‍ട്ടുകളില്‍ ഭംഗിയായി രേഖപ്പെടുത്തി പ്രദര്‍ശിപ്പിക്കാം.
- പ്രായോഗിക ജീവിതവുമായി ബന്ധപ്പെട്ട (കുടുംബ ബജറ്റുമായി ബന്ധപ്പെട്ട്,പച്ചക്കറി കൃഷിയുമായി ബന്ധപ്പെട്ട്)ഗണിതപ്രശ്നങ്ങള്‍ കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ മുന്നില്‍ അവതരിപ്പിക്കാം.കുട്ടികള്‍ ഉത്തരം കണ്ടെത്തട്ടെ.
- ഗണിതവുമായി ബന്ധപ്പെട്ട കളികള്‍ (അധ്യാപകര്‍ നിങ്ങള്‍ക്ക് പറഞ്ഞുതരും)കുട്ടികളുടെ കൂടെയിരുന്ന് കളിക്കാന്‍ രക്ഷിതാക്കള്‍ സമയം കണ്ടെത്തണം.ഗണിതം പഠിക്കുന്നതിനോടൊപ്പം അത് കുട്ടികള്‍ക്ക് അളവറ്റ ആഹ്ലാദവും നല്‍കും.
വായനാക്കൂട്ടം
കുട്ടികള്‍ ഒന്നും വായിക്കുന്നില്ല എന്നതാണ് രക്ഷിതാക്കളുടെ പ്രധാന പരാതി.രസകരമായ വായനക്കൂട്ടം പരിപാടിയിലൂടെ കുട്ടികളെ വായനയിലേക്കു നയിക്കാം. അവരെ മികച്ച വായനക്കാരാക്കി മാറ്റാം.
എങ്ങനെയാണ് വായനക്കൂട്ടം പ്രവര്‍ത്തിക്കുക?- കുട്ടിയും അവന്റെ /അവളുടെ കുടുംബാംഗങ്ങളും അടങ്ങുന്ന സദസ്സാണ് വായനാക്കൂട്ടം.കൂട്ടത്തിലെ പ്രധാനവായനക്കാരന്‍ കട്ടിയായിരിക്കും.
- എല്ലാദിവസവും വായനാക്കൂട്ടം ചേരണം.എല്ലാവര്‍ക്കും സൗകര്യപ്രദമായ ഒരു സമയത്ത് വീട്ടിലെ ഇഷ്ടപ്പെട്ട ഒരു സ്ഥലത്തായിരിക്കണം കൂടിച്ചേരേണ്ടത്.
- പാഠപുസ്തകത്തിലെ കഥകള്‍,കവിതകള്‍,ലേഖനങ്ങള്‍, കഥാപുസ്തകത്തിലെ കഥകള്‍,നോവലുകള്‍ തുടങ്ങിയ എന്തും വായനയ്ക്ക് തെരഞ്ഞെടുക്കാം.
- അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍വരെ സമയമാകാം.കുട്ടിക്കൊപ്പം രക്ഷിതാക്കള്‍ക്കും വായിക്കാം.ചോദ്യങ്ങളും ചര്‍ച്ചകളുമാകാം.
- ഒരു ദിവസം മലയാളമാണ് വായിക്കുന്നതെങ്കില്‍ അടുത്തദിവസം മറ്റു ഭാഷകളാകാം.
ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കണം.ഇതൊരു സദസ്സാസാണ്.കുട്ടിക്ക് പ്രോത്സാഹനം നല്‍കേണ്ടത് കുടുംബാംഗങ്ങളുടെ ഉത്തരവാദിത്തമാണ്.കുട്ടി ഒരിക്കലും പരിഹസിക്കപ്പെടരുത്.
പുസ്തകവണ്ടി
വീട്ടില്‍ അടച്ചിരിക്കുന്ന കുട്ടികള്‍ക്ക് വായിക്കാന്‍ ലൈബ്രറി പുസ്തകങ്ങള്‍ കിട്ടാത്തതാണ് മറ്റരു പ്രധാന പ്രശ്നം.ഇതിനു പരിഹാരമായാണ് പുസ്തകവണ്ടി വരുന്നത്.സ്ക്കൂള്‍ ലൈബ്രറിയിലെ പുസ്തകങ്ങള്‍ കുട്ടികളുടെ വീട്ടിലെത്തിക്കുന്ന ഈ പരിപാടി എങ്ങനെയാണ് പ്രവര്‍ത്തിക്കുക?- കുട്ടികളെ അവര്‍ താമസിക്കുന്ന സ്ഥലത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചുപ്രദേശങ്ങളായി തിരിച്ചിട്ടുണ്ട്.ഓരോ പ്രദേശത്തേയും 10-15 കുട്ടികള്‍ ഉള്‍ക്കൊള്ളുന്ന ചെറു ക്ലസ്റ്ററുകളാക്കി പിന്നെയും തരിച്ചിരിക്കുന്നു.പുസിതകവണ്ടിയുടെ സഞ്ചാര കേന്രങ്ങള്‍ ഈ ക്ലസ്റ്ററുകളാണ്.പുസത്കവണ്ടിയുടെ സമയവും എത്തിച്ചരേണ്ട കുട്ടികളുടെ പേരും കുട്ടികളെ മുന്‍കൂട്ടി അറിയിക്കും.
- പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിരിക്കും പുസ്തകവിതരണം നടക്കുക.
- മൂന്നാഴ്ച കൂടുമ്പോള്‍ പുസ്തകവണ്ടി വീണ്ടും വരും.അപ്പോള്‍ പുസ്തകം മാറ്റിയെടുക്കാം.
സാമൂഹ്യശാസ്ത്രകോര്‍ണര്‍
സാമൂഹ്യശാസ്ത്രപഠനം രസകരമായ അനുഭവമാക്കി മാറ്റാന്‍ വീടിനകത്ത് എന്തൊക്കെ ഒരുക്കങ്ങള്‍ ആകാം?- വീട്ടില്‍ വിവിധതരം മാപ്പുകള്‍, അറ്റ്ലസ്,ഒരു ഗ്ലോബ് എന്നീപഠനോപകരണങ്ങള്‍ ലഭ്യമായ സ്ഥലത്ത് പ്രദര്‍ശിപ്പിക്കാം.
- വളരുന്ന ഭൂപടം-ഔട്ട് ലൈന്‍ മാപ്പില്‍ പാഠഭാഗത്ത് പറയുന്ന സംഭവങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളും സ്ഥലങ്ങളും മറ്റും അടയാളങ്ങള്‍ നല്‍കി സൂചിപ്പിക്കാം.പാഠം പുരോഗമിക്കുന്നതിനനുസരിച്ച് രേഖപ്പെടുത്തലുകള്‍ കൂടുന്നു.
- പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികള്‍ നിര്‍മ്മിക്കുന്ന പതിപ്പുകള്‍,ചരിത്രനായകന്മാരുടെ ചിത്രങ്ങള്‍ അടങ്ങിയ ആല്‍ബം ,നാണയങ്ങള്‍,സ്റ്റാമ്പുകള്‍ തുടങ്ങിയവയുടെ ശേഖരങ്ങളും മറ്റും സാമൂഹ്യശാസ്ത്ര കോര്‍ണറില്‍ പ്രദര്‍ശിപ്പിക്കാം.
കുട്ടികള്‍ ഡിജിറ്റല്‍ ലോകത്ത് കൂടുതല്‍ സമയം ചിലവഴിക്കുമ്പോഴുള്ള മടുപ്പ് ഒഴിവാക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വീടുകളില്‍ സംഘടിപ്പിക്കുന്നതിലൂടെ കഴിയും.വീട് വിദ്യാലയമായി മാറും.കുട്ടികള്‍ പഠനത്തില്‍ അതീവ താത്പര്യത്തോടെ മുഴുകുകയും ചെയ്യും.സ്ക്കൂള്‍ തുറക്കുമ്പോള്‍ താന്‍ തയ്യാറാക്കിയ പഠനഉത്പ്പന്നങ്ങളെ സ്ക്കൂളിലെ പ്രവര്‍ത്തനങ്ങളുമായി കണ്ണിചേര്‍ക്കുന്നതിലൂടെ പഠനം അര്‍ത്ഥവത്തായ അനുഭവമാക്കിമാറ്റാനും കുട്ടികള്‍ക്കു കഴിയും.
കുട്ടികളുടെ പഠനത്തില്‍ ഇടപെടുമ്പോള്‍ നാം ഓര്‍ത്തുവെക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?ഓരോ ദിവസത്തേയും ടൈംടേബിള്‍ മനസ്സിലാക്കി കുട്ടികളെ അറിയിക്കുക.കഴിയുമെങ്കില്‍ കുട്ടികള്‍ക്കൊപ്പം ക്ലാസുകള്‍ കാണുക.
- ക്ലാസ്സിനുശേഷം അധ്യാപകരുമായുള്ള വാട്സ് ആപ്പ് ചര്‍ച്ചയില്‍ മുടങ്ങാതെ പങ്കെടുക്കുക.നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി കുട്ടി പൂര്‍ത്തിയാക്കി അയക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്യുക.
- പഠനം യാന്ത്രികമാകരുത്.അത് സ്വാഭാവികവും രസകരവുമാക്കി മാറ്റണം.
- കുട്ടികളുടെ കഴിവുകളെ അംഗീകരിക്കണം.മറ്റുള്ളവരുടെ മുന്നില്‍ അവന്റെ കുറവുകളെ കുറിച്ചു സംസാരിക്കരുത്.
- കൂട്ടുകാര്‍ക്ക് ഒപ്പം ചേര്‍ന്ന് കളിക്കാനോ ഉല്ലസിക്കാനോ കഴിയാത്ത കുട്ടി കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടാവും.ഈ അവസ്ഥ മറികടക്കാന്‍ കുട്ടികള്‍ വിവിധതരം സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് കാണാം.ഇത്തരം പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ഒപ്പം ചേരുകയും ചെയ്യുക.
- നന്മയുടെ മാതൃകകള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കാന്‍ ശ്രദ്ധിക്കണം.
ഈ മഹാമാരി അധികകാലം ഇങ്ങനെ തുടരില്ല.നമ്മള്‍ ഈ കാലത്തെ മറികടക്കും.കുട്ടികള്‍ പഴയതുപോലെ ഉത്സാഹത്തോടെ വിദ്യാലയത്തിലേക്ക് തിരിച്ചെത്തും.ഭാവി വാഗ്ദാനങ്ങളാണ് നമ്മുടെ കുഞ്ഞുങ്ങള്‍.അവരുടെ പഠനം മുടങ്ങാന്‍ നാം അനുവദിച്ചുകൂട.
നമ്മുടെ വിദ്യാലയം എപ്പോഴും കുട്ടികള്‍ക്കൊപ്പമുണ്ടാകും.കരുതലോടെ,അവര്‍ക്ക് താങ്ങും തണലുമായി.
ഗവ.യു.പി.സ്ക്കൂള്‍,പുറച്ചേരി
11.11.2020