ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Saturday 27 May 2017

ഒരു കുറ്റസമ്മതം

ക്ലാസുമുറിയില്‍ നിന്നുള്ള കുറിപ്പുകള്‍....6



എം.എം.സുരേന്ദ്രന്‍
വര: സചീന്ദ്രന്‍ കാറടുക്ക

സാദിഖിന് മുന്നില്‍ ഞാന്‍ അത്ഭുതപ്പെട്ട് നിന്നു.യഥാര്‍ത്ഥത്തില്‍ എന്താണ് സാദിഖ്?

ഞാനവന്റെ പാറിപ്പറന്ന ചെമ്പന്‍ തലമുടിയിലേക്കും നീണ്ടുമെലിഞ്ഞ മുഖത്തേക്കും നോക്കി.അവനാകട്ടെ,ജനാലയിലൂടെ പുറത്തേക്ക് നോക്കി നില്‍ക്കുകയാണ്.അവന്റെ സ്വതഃസിദ്ധമായ നിര്‍വ്വികാരതയോടെ.

എന്റെ തൊട്ടടുത്ത് ജുനൈദ് നില്‍പ്പുണ്ട്.അവന്‍ ആകെ പരവശനായിരിക്കുന്നു.അല്പം മുമ്പ് വരെ അവന്റെ മൂക്കില്‍ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു.മൂക്ക് തണുത്ത വെള്ളത്തില്‍ കഴുകിയപ്പോള്‍ രക്തം നിന്നു.കുട്ടികള്‍ അവന്  വെള്ളം കുടിക്കാന്‍ കൊടുത്തു.
"സാദിഖ്, നീയാണോ ജുനൈദിനെ ഇടിച്ചത്?”
"അതെ...” അവന്‍ കൂസലില്ലാതെ പറഞ്ഞു.
"എന്തിന്?”
"ഓനെന്റെ തീപ്പെട്ടിച്ചിത്രം കീറിയതിന്."
അവന്‍ ജുനൈദിനെ ഒളികണ്ണിട്ട് നോക്കി.
"ഓന്‍ കളെന്നെ പറയേന്ന് സേര്‍.ഞാന് തീപ്പെട്ടിച്ചിത്രം ഘഢ്ഡി കൊട്ത്ത് ഓനോട് മേങ്ങിയതാന്ന്.ഓനത് തിരികെ ചോയ്ച്ചപ്പം കൊടുത്തില്ല.”
ജുനൈദിന് കരച്ചിലടക്കാന്‍ കഴിഞ്ഞില്ല.


 സാദിഖിനെ തുറിച്ചുനോക്കിക്കൊണ്ട്, എന്തുചെയ്യണമെന്നറിയാതെ ഞാന്‍ നിന്നു.കഷ്ടം! ഇത്രനാളായിട്ടും എനിക്ക് ഈ കുട്ടിയെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ലല്ലോ..!
ഇന്നാള് ഒരു ദിവസം അവന്‍ ഒപ്പിച്ച ഒരു കുസൃതി കേള്‍ക്കണോ?
‌അന്ന് ഗണേശ തല മൊട്ടയടിച്ചാണ് ക്ലാസില്‍ വന്നത്.ബോര്‍ഡുമായ്ക്കാന്‍ കൊണ്ടുവെച്ച മഷിയെടുത്ത് അവന്‍ ഗണേശയുടെ തലയില്‍ തേച്ചു.എന്നിട്ടവനെ എല്ലാവര്‍ക്കുമുമ്പിലും കൊണ്ടുപോയി പ്രദര്‍ശിപ്പിച്ചു.

മറ്റൊരിക്കല്‍ അവനൊരു കത്രികയുമായിവന്ന് സ്വയം ബാര്‍ബറായി വേഷം കെട്ടി രഹസ്യമായി മറ്റുള്ളവരുടെ മുടി മുറിച്ചുകളഞ്ഞു.കുട്ടികളില്‍ നിന്നു കൂലിയും ഈടാക്കി.ഈ സംഭവം രക്ഷിതാക്കളില്‍ നിന്നുള്ള പരാതിക്ക് ഇടയാക്കി.കുട്ടികള്‍ക്ക് അമിത സ്വാതന്ത്യം നല്‍കുന്നുവെന്ന ആരോപണമുണ്ടായി.

കുട്ടികള്‍ എപ്പോഴും സാദിഖിനെക്കുറിച്ചുള്ള എന്തെങ്കിലും പരാതികളുമായി എന്റെയടുത്തേക്ക് ഓടിവന്നുകൊണ്ടിരുന്നു.അടിപിടി കൂടിയത്,തലമുടി പിടിച്ചുവലിച്ചത്,പുസ്തകം കീറിയത്,ചെരുപ്പ്,കുട എന്നിവ ഒളിപ്പിച്ചുവെച്ചത്,കുപ്പായത്തില്‍ വെള്ളം തെറിപ്പിച്ചത്....

പക്ഷേ,ചിലപ്പോള്‍ ഇതൊന്നുമല്ല സാദിഖ്.


 ക്ലാസിന്റെ പൊതുകാര്യങ്ങള്‍ക്കെല്ലാം അവന്‍ മുന്‍പന്തിയിലുണ്ടാകും.ടോയ് ലറ്റ് വൃത്തിയാക്കാന്‍,പൂച്ചെടികള്‍ക്ക് വെള്ളം നനയ്ക്കാന്‍,ക്ലാസും പരിസരവും വൃത്തിയാക്കാന്‍...ഈ കാര്യത്തില്‍ തന്റെ ഗ്രൂപ്പാണോ ചെയ്യേണ്ടത് എന്നൊന്നും അവന്‍ നോക്കില്ല.എല്ലാ ഗ്രൂപ്പിന്റെ കൂടേയും മുന്‍പന്തിയില്‍ അവനുണ്ടാകും.

എഴാം ക്ലാസിലെ ഒരു കുട്ടിക്കുവേണ്ടി ചികിത്സാഫണ്ട് സ്വരൂപിക്കുന്നതില്‍ അവന്‍ കാട്ടിയ താത്പര്യം ഒരിക്കലും മറക്കാന്‍ കഴിയില്ല.മുതിര്‍ന്ന കുട്ടികള്‍ക്ക്പോലും സാധ്യമല്ലാത്ത രീതിയില്‍, ഓരോ കുട്ടിയുടെയും രക്ഷിതാക്കളെ വീട്ടില്‍ചെന്നു കണ്ട് രോഗിയായ കുട്ടിയുടെ ദയനീയസ്ഥിതി അവരെ പറഞ്ഞു ബോധ്യപ്പെടുത്തുന്നതില്‍  അവന്‍ വിജയിച്ചു.അതുകൊണ്ട് നല്ലൊരു തുക ക്ലാസില്‍ നിന്നും സംഭാവനയായി ലഭിച്ചു.

പക്ഷേ,ചിലപ്പോള്‍ ഇതുമല്ല സാദിഖ്.

 ഒഴിവ് സമയങ്ങളിലെല്ലാം ക്ലാസിന്റെ ഏതെങ്കിലും മൂലയില്‍,ശാന്തനായി കഥാപുസ്തകങ്ങളില്‍ മുഴുകിയിരിക്കുകയായിരിക്കും അവന്‍. ആരെയും കൂട്ടാക്കാതെ,എന്തെങ്കിലും ചോദിച്ചാല്‍ മറുപടി പറയാതെ.

പ്രതിമാസം നടത്താറുള്ള ക്ലാസ് തല രക്ഷാകര്‍ത്തൃയോഗങ്ങളില്‍ അവന്റെ വീട്ടില്‍ നിന്നും ആരും വരാറില്ല.മാസങ്ങള്‍ക്കുശേഷം,എന്റെ നിര്‍ബന്ധത്തിനുവഴങ്ങി അവന്‍  അവന്റെ മൂത്തമ്മയെയും കൂട്ടി വന്നു.അവര്‍ പറഞ്ഞു.
"മാശെ, ഓന്റെ ഉമ്മ ഓന്‍ ഒന്നാം ക്ലാസിലുള്ളപ്പോഴ് മരിച്ച്.ഉപ്പ രണ്ടാമതും മംഗലം കയ്ച്ചു.രണ്ടാനുമ്മാന്റെ ഒക്കെയാന്ന് ഓനിപ്പം.ഓര്‍ക്ക് കൈക്കുഞ്ഞുള്ളേനക്കൊണ്ടാണ് ഓറ് യോഗത്തിന് ബരാത്തത്.....”


 അന്ന് സാദിഖിന്റെ വീടുവരെ ഒന്നുപോയാലോ എന്നു ഞാന്‍ ആലോചിച്ചതാണ്. രണ്ടാനമ്മ എങ്ങനെയുള്ള സ്ത്രീയായിരിക്കും? അവരായിരിക്കുമോ അവന്റെ യഥാര്‍ത്ഥ പ്രശ്നം?
പക്ഷേ, പല തിരക്കുകള്‍ കാരണം അവന്റെ വീട് സന്ദര്‍ശിക്കാന്‍ പറ്റിയില്ല.ഇപ്പോള്‍ അവന്‍ മറ്റുകുട്ടികളെ വല്ലാതെ ഉപദ്രവിക്കാന്‍ തുടങ്ങിയിരിക്കുന്നു.ഇനിയും വൈകിപ്പിച്ചുകൂടാ.അവന് ചികിത്സ വേണം.അതിന് രോഗം എന്താണെന്നു കണ്ടെത്തണം.അവന്റെ വീടുവരെ ഒന്നു പോയേപറ്റൂ.

അന്നു വൈകുന്നേരം ഞാനവന്റെ വീട്ടിലേക്കു നടന്നു.ചെറിയ കുന്നുകള്‍ക്കിടയിലൂടെ നീണ്ടു പോകുന്ന ചെമ്മണ്ണുനിരത്തിന്റെ ഓരത്ത് ഓടുമേഞ്ഞ ഒരു ചെറിയ വീട്.അതിന്റെ ചുവരുകളിലെ കുമ്മായം അങ്ങിങ്ങ് അടര്‍ന്നു പോയിരുന്നു.മുറ്റത്ത് ചെറിയ രണ്ടു പെണ്‍കുട്ടികളുടെ കൂടെ സാദിഖ് കളിക്കുകയായിരുന്നു.എന്നെ പെട്ടെന്ന് മുന്നില്‍ കണ്ടപ്പോള്‍ അവന്‍ സ്തംഭിച്ചുനിന്നുപോയി.അവനൊട്ടും  പ്രതീക്ഷിച്ചിരുന്നില്ല ഈ കൂടിക്കാഴ്ച.അത്ഭുതം പെട്ടെന്ന് ഭയത്തിന് വഴിമാറി.ഇന്ന് ക്ലസില്‍ നടന്ന സംഭവങ്ങള്‍ ഉമ്മയെ ധരിപ്പിക്കാനായിരിക്കും മാഷ് വന്നതെന്ന് അവന്‍ കരുതിക്കാണും.എന്നോട് ഒന്നും സംസാരിക്കാന്‍ നില്‍ക്കാതെ അവന്‍ അകത്തേക്ക് ഓടിപ്പോയി.

മെലിഞ്ഞുവെളുത്ത ഒരു സ്ത്രീ പുറത്തേക്കു വന്നു.അവര്‍ ഒരു പഴയ മരക്കസേര വലിച്ചിട്ട് എന്നോടിരിക്കാന്‍ പറഞ്ഞു.
"അറിയാം.” അവര്‍ പറഞ്ഞു."ഓന്റെ ഉപ്പ ഈടില്ല.മോന്തിയാകും ബരാന്.മാശ് ബന്നത്..?”
"ഓ..വെറുതെ. ഇതു വഴിപോയപ്പോള്‍...”
അകത്തെ മുറിയിലെ ഇരുട്ടില്‍, വാതിലിനു പിറകില്‍ എന്നെത്തന്നെ നോക്കിനില്‍ക്കുകയായിരുന്നു സാദിഖ്.അവന്‍ ചെവി കൂര്‍പ്പിക്കുന്നു.മാഷ് എന്നെക്കുറിച്ച് എന്തായിരിക്കും പറയുന്നത്?



"നിങ്ങള്‍ ക്ലാസ് പിടിഎ യോഗങ്ങളിലൊന്നും പങ്കെടുക്കാറില്ലല്ലോ.അവന്‍ നോട്ടീസ് തരാറില്ലേ?”
"തെര്ന്ന്.ഉമ്മീം ബെരണന്ന് പറഞ്ഞ് ഓന്‍ കൂക്കും.ബെരണന്ന് ബിചാരുണ്ട്.ചെറ്യ കുഞ്ഞുള്ളേനക്കൊണ്ട് കയിന്നില്ല.സാദിഖ് പടിക്ക്ന്ന്ണ്ടാ?നല്ല കുരുത്തക്കേടായിരിക്കും,അല്ലേ?”
"പഠിക്കാന്‍ അവന്‍ മോശമല്ല."ഞാന്‍ പറഞ്ഞു. "നിങ്ങള് കൊറച്ച് കൂടി ശ്രദ്ധിക്കണം.”
"അതിന് ഓന്‍ അടങ്ങീരിന്നിറ്റ് ബേണ്ടേ?എപ്പം നോക്ക്യാലും കളിയാന്ന്.”
അവര്‍ പിന്നെയും സംസാരിച്ചുകൊണ്ടിരുന്നു.അവന്റെ ദിനചര്യകളെക്കുറിച്ച്,വീട്ടുജോലികള്‍ ചെയ്യുന്നതിലുള്ള മിടുക്കിനെക്കുറിച്ച്,ഇളയെ കുഞ്ഞുങ്ങളോടുള്ള അവന്റെ ശ്രദ്ധ,വാത്സല്യം,ഒഴിവുദിവസങ്ങളില്‍ ഉപ്പയെ കച്ചോടത്തില്‍ സഹായിക്കുന്നത്....
"ചെലപ്പം പ്രായംവന്നോരപ്പോലെയാന്ന് ഓന്റെ പെരുമാറ്റം.ചെലപ്പം പെട്ടെന്ന്....”

അവരുടെ ഓരോവാക്കിലും സാദിഖിനോടുള്ള സ്നേഹം നിറയുന്നത് ഞാനറിഞ്ഞു.അവനെ മുന്‍നിര്‍ത്തി അവന്റെ ദോഷങ്ങളെക്കാളേറെ ഗുണങ്ങളെക്കുറിച്ചു സംസാരിക്കാനായിരുന്നു അവര്‍ക്ക് താത്പര്യം.

അപകടമില്ലെന്നു മനസ്സിലാക്കി സാദിഖ് പതുക്കെ എന്റെ അടുത്തുവന്ന് കസേരയില്‍ പിടിച്ചുനിന്നു. അവന്റെ മുഖത്ത് മനോഹരമായ ഒരു പുഞ്ചിരിയുണ്ടായിരുന്നു.അവനിത്ര ഭംഗിയായി ചിരിക്കാന്‍ കഴിയുമെന്ന് ഞാനാദ്യമായി അറിയുകയായിരുന്നു.


 ഇടയ്ക്ക് അവര്‍ ഒരു കപ്പ് ചായയുമായി തിരിച്ചുവന്നു.ഞാന്‍ ചായകുടിച്ച് ഇറങ്ങുന്നതിനിടയില്‍ അവര്‍ പറഞ്ഞു:
"മാശെ, അടുത്ത മീറ്റിങ്ങിന് ഞാന് തീര്‍ച്ചയായും ബെരും.”

സൂര്യന്‍ അസ്തമിക്കുകയായിരുന്നു.പതുക്കെ ഇരുട്ട് വ്യാപിച്ചുതുടങ്ങി.ആകാശത്ത് അങ്ങിങ്ങ് നക്ഷത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു.ആ വീട്ടിനുമുന്നിലെ മുളകൊണ്ടുള്ള ഗേറ്റുകടന്ന് റോഡുവരെ സാദിഖും എന്നെ അനുഗമിച്ചു.അവനിപ്പോള്‍ വളരെ ആഹ്ലാദവാനാണ്.എന്നോട് മുട്ടിയുരുമ്മിയാണ് അവന്‍ നടക്കുന്നത്.കാറ്റ് കുടുക്കുകളില്ലാത്ത അവന്റെ കുപ്പായത്തെ പറപ്പിച്ചുകൊണ്ടിരുന്നു.

പിരിയാന്‍നേരത്ത്,തന്റെ വലിയ ട്രൗസറിന്റെ പോക്കറ്റില്‍നിന്നും ഒരു ചുവന്നനിറമുള്ള പ്ലാസ്റ്റിക്ക് പെട്ടിയെടുത്ത് അവന്‍ എനിക്കു നേരെ നീട്ടി.
"മാശെ,ഇത് ശ്രുതിക്ക് കൊടുക്കണം.ഇത് ഓളെ പെട്ടിയാന്ന്.”

ഞാന്‍ അത്ഭുതപ്പെട്ടുപോയി.എനിക്കാദ്യം ഒന്നും മനസ്സിലായില്ല.പിന്നീട് ഓര്‍മ്മ വന്നു.ഒരു ദിവസം ശ്രുതിയുടെ പുതിയ പെന്‍സില്‍പെട്ടി കാണാതായതും അതിനുവേണ്ടി എല്ലാ കുട്ടികളുടെയും ബാഗ് പരിശോധിച്ചതും കണ്ടുകിട്ടാത്തതുമൊക്കെ.അന്നവളെ ആശ്വസിപ്പിക്കാന്‍ ഞാന്‍ നന്നേ പാടുപെടേണ്ടിവന്നു.പക്ഷേ, അത് സാദിഖ് മോഷ്ടിക്കുമെന്ന്.....

നേര്‍ത്ത ഇരുട്ടില്‍ അകന്നുപോകുന്ന അവന്റെ കൊച്ചു രൂപത്തെ നോക്കി ഒരു നിമിഷം ഞാന്‍ നിന്നു.പിന്നീട് മനോഹരമായ ആ പെട്ടി തുറന്നുനോക്കി.ഒരു റബ്ബറും കുറ്റിപ്പെന്‍സിലും കുറച്ചു സ്റ്റിക്കറുകളും.അതില്‍ ഒരു തുണ്ടുകടലാസ് മടക്കിവെച്ചിരിക്കുന്നു.ഞാന്‍ ആ കടലാസ് നിവര്‍ത്തി നേര്‍ത്ത വെളിച്ചത്തിനു നേരെപിടിച്ച് വായിച്ചുനോക്കി.

'ശ്രുതീ,മാപ്പ്.ഇനി ഞാന്‍ ഒരാളുടെ സാധനവും കട്ടെടുക്കില്ല.'


എവിടെനിന്നോ രാപ്പക്ഷികളുടെ കരച്ചില്‍.ഇരുട്ടിനു കനം കൂടിവന്നു.ഞാന്‍ വേഗത്തില്‍ നടന്നു.എന്റെ ഹൃദയത്തില്‍നിന്നും വലിയൊരു ഭാരം ഇറക്കിവെച്ചതുപോലെ.ആകാശത്തിലെ നേര്‍ത്ത നിലാവെളിച്ചത്തില്‍ തിളങ്ങുന്ന മേഘങ്ങള്‍.എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു."സാദിഖ് നീ ഒരു ദ്വീപാണ്.അടുക്കുന്തോറും അകന്നുപോകുന്ന, നിഗൂഢമായ ഒരു ദ്വീപ്."ഞാന്‍ മനസ്സില്‍ പറഞ്ഞു.


 

Saturday 20 May 2017

മഴക്കോള്

ക്ലാസുമുറിയില്‍ നിന്നുള്ള കുറിപ്പുകള്‍....5





എം.എം.സുരേന്ദ്രന്‍
വര: സചീന്ദ്രന്‍ കാറടുക്ക



അന്ന് അവധി ദിവസമാണ്.ഞാനെന്റെ മുറിയില്‍ ഏകനായിരിക്കുകയായിരുന്നു.നിലത്തുമുഴുവന്‍ ക്ലാസിലെ കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ നിരത്തിയിട്ടിരിക്കുന്നു.ഏതാണ്ട് മുപ്പതോളം ചിത്രങ്ങള്‍.ജനാലയിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചത്തിനു നേരെ പിടിച്ച് ഓരോ ചിത്രവും ഞാന്‍ സൂക്ഷമമായി പരിശോധിക്കാന്‍ തുടങ്ങി.

കുട്ടികളുടെ വര എന്നെ അത്ഭുതപ്പെടുത്തുകയും ഏറെ സന്തോഷിപ്പിക്കുകയും ചെയ്തു.നല്ല ആത്മവിശ്വാസത്തോടെയാണ് അവര്‍ വരച്ചിരിക്കുന്നത്.കടുത്ത നിറങ്ങളില്‍ അവര്‍ മഴയുടെ വിവിധ ഭാവങ്ങള്‍ കടലാസിലേക്കു പകര്‍ത്തിയിരിക്കുന്നു.വരയിലൂടെ അവര്‍ മഴയുടെ അര്‍ത്ഥതലങ്ങള്‍ അന്വേഷിക്കുകയാണെന്ന്  എനിക്കു തോന്നി.മഴ അവരെ അത്രകണ്ട് പ്രചോദിപ്പിച്ചിരിക്കുന്നു.

ചിത്രങ്ങളില്‍ കുട്ടികള്‍ ഉപയോഗിച്ച ബിംബങ്ങളുടെ വൈവിധ്യം എന്നെ വിസ്മയിപ്പിച്ചു.മഴയുടെ കടലിനെ കീറിമുറിച്ചുകൊണ്ട് നീങ്ങുന്ന ഒരു തോണി;അതിലെ ഏകാകിയായ തുഴച്ചില്‍ക്കാരന്‍;മഴയിലും കാറ്റിലും പെട്ട് മറിഞ്ഞു വീണ മരങ്ങള്‍;അവയ്ക്ക് ചുറ്റും വട്ടമിട്ടു പറക്കുന്ന പക്ഷികള്‍;മഴയത്ത് പച്ച നിറമുള്ള മൈതാനത്ത് കളിക്കുന്ന കുട്ടികള്‍;നീല നിറമുള്ള പുഴയില്‍ മുകളിലോട്ടു നീന്തുന്ന ചുവന്ന മീനുകള്‍;വീട്ടുമുറ്റത്തെ മഴ വെള്ളത്തിലൂടെ ഒഴുകി നീങ്ങുന്ന കടലാസുവഞ്ചികള്‍;വയല്‍ക്കരയിലൂടെ ഒറ്റയ്ക്ക് കുടയുമായി സ്ക്കൂളിലേക്കുപോകുന്ന ഒരു പെണ്‍കുട്ടി...


  ഓരോ ചിത്രത്തിലും കടും നിറങ്ങളില്‍ കോറിയിട്ട മഴയുടെ ശക്തമായ സാന്നിധ്യമുണ്ട്.മഴയോട് എനിക്ക് അതിയായ ആദരവ് തോന്നി.മഴയുടെ കുളിരിന്  മുതിര്‍ന്നവരിലെന്നപോലെ ഈ കൊച്ചുകുട്ടികളിലെയും സര്‍ഗ്ഗാത്മകതയെ തട്ടിയുണര്‍ത്താന്‍ കഴിയും. ഒന്നു മാത്രമേ വേണ്ടൂ-മഴ എന്ന വിസ്മയത്തിലേക്ക് കുട്ടികള്‍ അവരുടെ കണ്ണുകള്‍ തുറന്നു വെക്കണം.

അതിലൊരു ചിത്രം മാത്രം വേറിട്ടു നിന്നു.ഞാന്‍ ഏറെ നേരം അതിലേക്കുതന്നെ നോക്കിനിന്നു.കറുപ്പും നീലയും നിറത്തില്‍ ആകാശം.ആകാശത്തിനുകീഴെ പച്ച നിറത്തില്‍ ഒരു കുടില്‍.കുടിലിനു മുന്നില്‍ മൂന്നുനാലു കുട്ടികള്‍.അവരുടെ തലമുടി നീണ്ടുപിരിഞ്ഞ് പാമ്പിനെപ്പോലെ ആകാശത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്നു.നലത്ത് മുഴുവന്‍ ചുവന്ന നിറം ഒഴുകിപ്പരന്നിരിക്കുന്നു.


ഗണേശ എന്നുപേരുള്ള നീണ്ടുമെലിഞ്ഞ കുട്ടി വരച്ചതാണ് ഈ ചിത്രം.ക്ലാസിലെപ്പോഴും മൗനിയായിരിക്കുന്ന അവന്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടിയാണ്.തുളുവാണ് അവന്റെ മാതൃഭാഷ.പക്ഷേ, മലയാളം അവന് നന്നായി  വഴങ്ങും.

മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് അവന്റെ വര.അവന്‍ വരയ്ക്കുന്ന പൂക്കള്‍ക്ക് ഇതളുകള്‍ കാണില്ല.അവന്റെ പൂമ്പാറ്റകള്‍ക്ക് കൂര്‍ത്ത കൊമ്പുകളുണ്ടാവും.മരങ്ങളുടെ ശാഖകള്‍ പാമ്പുകളെപ്പോലെ വളഞ്ഞിരിക്കും...


 ഗണേശ താമസിക്കുന്ന കോളനിയിലെ പരിതാപകരമായ ജീവിതാവസ്ഥ അവന്റെ മനസ്സിന്റെ  അബോധതലങ്ങളില്‍ സ്വാധീനം ചെലുത്തുന്നുണ്ടാകണം.പട്ടിണി,മാറാരോഗങ്ങള്‍,മദ്യപാനം,അടിപിടി,വഴക്ക്....ഈ പശ്ചാത്തലത്തില്‍ നിന്നായിരിക്കണം അവന്‍ ബിംബങ്ങള്‍ തെരഞ്ഞെടുക്കുന്നത്.അവന്റെ ഗോത്രസംസ്കൃതിയുടെ ചില അടയാളങ്ങളും ചിത്രങ്ങളില്‍ കാണാം.

കുട്ടികള്‍ വരച്ച ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം ഒരുക്കിയാല്‍ കൊള്ളാമെന്ന് എനിക്കു തോന്നി.ഒപ്പം മഴയുമായി ബന്ധപ്പെട്ട് കുട്ടികള്‍ ശേഖരിച്ച പത്രവാര്‍ത്തകളും ഫോട്ടോകളും കുറിപ്പുകളും ഡയറികളും സയന്‍സ് പ്രൊജക്ടുകളും ഒക്കെ അതില്‍ ഉള്‍പ്പെടുത്തണം.

ജൂലായ് മാസത്തെ അവസാനത്തെ വെള്ളിയാഴ്ച രക്ഷിതാക്കളുടെ ക്ലാസ് തലത്തിലുള്ള യോഗം വിളിച്ചിരുന്നു.അന്നുതന്നെ പ്രദര്‍ശനം നടത്താനും നിശ്ചയിച്ചു.


 ഒടുവില്‍ പ്രദര്‍ശനത്തിനുള്ള ദിവസം വന്നെത്തി. രാവിലെ മുതലേ കുട്ടികള്‍ പ്രദര്‍ശനം നടത്താനുള്ള ഒരുക്കത്തില്‍ മുഴുകി.
മഴയുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെയും ചിത്രങ്ങളുടെയും ഒരു വലിയ ശേഖരം തന്നെയുണ്ടായിരുന്നു കുട്ടികളുടെ കൈയില്‍.പഴയ പത്രത്താളുകളില്‍നിന്നും മാസികകളില്‍ നിന്നും വെട്ടിയെടുത്തവയായിരുന്നു അവയില്‍ മിക്കതും.മഴ സംഹാരതാണ്ഡവമാടിയ നാളുകളിലെ ഉരുള്‍പൊട്ടലിന്റെയും കൃഷിനാശത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും ദൃശ്യങ്ങള്‍,മഴക്കാലരോഗങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍,മഴയുടെ സൗന്ദര്യം ഒപ്പിയെടുത്ത പത്രഫോട്ടോകള്‍,മഴയുടെ സരളവും സൗമ്യവുമായ ഭാവങ്ങള്‍ ആവിഷ്ക്കരിച്ച ഡയറിക്കുറിപ്പുകള്‍,കവിതകള്‍,മഴപ്പാട്ടുകള്‍...എനിക്ക് അതിരറ്റ ആഹ്ലാദം തോന്നി.കുട്ടികള്‍ മഴയിലിറങ്ങിയത് വെറുതെയായില്ല.മഴ കുട്ടികളുടെ മനസ്സിനെ എവിടെയെല്ലാമോ സ്പര്‍ശിച്ചിരിക്കുന്നു.മഴത്തുള്ളികള്‍ അവരുടെ ഹൃദയത്തില്‍ ചില അടയാളങ്ങള്‍ ബാക്കിയാക്കിയിരിക്കുന്നു.

നിമിഷങ്ങള്‍ക്കകം ബെഞ്ചുകള്‍ പശയും കടലാസുതുണ്ടുകളും നിറങ്ങളും കൊണ്ടു നിറഞ്ഞു.ചിലര്‍ ബെഞ്ചില്‍ കുനിഞ്ഞിരുന്ന് ചിത്രങ്ങള്‍ക്ക് പശ തേക്കുന്നു.മറ്റുചിലര്‍ കത്രികകൊണ്ട് ചിത്രങ്ങള്‍ വെട്ടി ശരിപ്പെടുത്തുന്നു.
ചിത്രങ്ങള്‍ ചാര്‍ട്ടുപേപ്പറില്‍ ഒട്ടിക്കാനുമുണ്ട് മൂന്നുനാലു പേര്‍.അതിലൊന്ന് കുഞ്ഞാമുവാണ്.അവന്‍ തന്നെ ഏല്‍പ്പിച്ച ജോലി ശ്രദ്ധാപൂര്‍വ്വം ചെയ്യുന്നുണ്ട്.അനഘയും ജുനൈദും അനീസയും ചേര്‍ന്ന് കുട്ടികള്‍ ഒട്ടിച്ചു നല്‍കുന്ന ചിത്രങ്ങള്‍ക്ക് മാര്‍ക്കര്‍ പേന കൊണ്ട് ബോര്‍ഡര്‍ വരക്കുന്നു.ഗണേശയും മറ്റുള്ളവരും ചേര്‍ന്ന് ബോര്‍ഡറില്‍ സ് പ്രേ പെയിന്റുചെയ്ത് മോടികൂട്ടുന്നു.ചിത്രങ്ങള്‍ക്ക് യോജിച്ച അടിക്കുറിപ്പുകള്‍ എഴുതുന്ന തിരക്കിലാണ് സ്വാതിയും റസീനയും ഷാനിബായും.തറ മുഴുവന്‍ വെട്ടിയിട്ട കടലാസു കഷണങ്ങളും പത്രത്താളുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു.ക്ലാസുമുറി ഇപ്പോള്‍ ആര്‍ട്ടിസ്റ്റുകളുടെ പണിപ്പുരപോലെ തോന്നിച്ചു.


 ഉച്ചയോടുകൂടി പ്രദര്‍ശനത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി.സന്തോഷമഴ,സങ്കടമഴ,ശല്യമഴ എന്നിങ്ങനെ തരംതിരിച്ചായിരുന്നു പ്രദര്‍ശനം ഒരുക്കിയിരുന്നത്.പ്രദര്‍ശനത്തിന് ഒരു പേരു നല്‍കി-മഴക്കോള്.വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും പ്രദര്‍ശനം കാണാന്‍ ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസ് എല്ലാ ക്ലാസുകളിലും
വിതരണം ചെയ്തു.

യോഗത്തില്‍ പങ്കെടുക്കാനെത്തിയ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും പ്രദര്‍ശനം കണ്ടു.അവരില്‍ പലരും തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രദര്‍ശനഹാളില്‍ സൂക്ഷിച്ച നോട്ടുപുസ്തകത്തില്‍ കുറിച്ചിട്ടു.ഹെഡ്മിസ്ട്രസ് പ്രദര്‍ശനം കണ്ട് ഇങ്ങനെ എഴുതി.
'ഇത്രയും ചിത്രങ്ങളും വാര്‍ത്തകളും കുറഞ്ഞ സമയത്തിനുള്ളില്‍ കുട്ടികള്‍ സ്വന്തമായി ശേഖരിച്ചതാണെന്നു വിശ്വസിക്കാന്‍ പ്രയാസം. ഈ മഴക്കാലത്തെ അവര്‍ സ്വന്തമാക്കിയിരിക്കുന്നു.ശരിക്കും മഴയെക്കുറിച്ചുള്ള ഒരു ആര്‍ക്കൈവ് പോലുണ്ട്. നന്നായിട്ടുണ്ട്.അഭിനന്ദങ്ങള്‍.' 


 വൈകുന്നേരം സ്ക്കൂള്‍ വിട്ടു.കുട്ടികളെല്ലാവരും പോയ്ക്കഴിഞ്ഞിരുന്നു.അധ്യാപകരും ഒന്നൊന്നായി യാത്ര പറഞ്ഞ് പിരിഞ്ഞു.ലൈബ്രറിയിലെ ഏകാന്തതയില്‍ പതുങ്ങിയിരുന്ന് ഞാന്‍ ചില പുസ്തകങ്ങള്‍ മറിച്ചുനോക്കുകയായിരുന്നു.അപ്പോഴാണ് മധ്യവയസ്ക്കനായ ഒരാള്‍ എന്നെ അന്വേഷിച്ച് കയറിവന്നത്.എന്റെ ക്ലാസിലെ സുനിത എന്ന കുട്ടിയുടെ അച്ഛനാണെന്ന് അയാള്‍ സ്വയം പരിചയപ്പെടുത്തി.അയാളുടെ ഭാവം കണ്ടപ്പോള്‍ കുറച്ചു ദേഷ്യത്തിലാണെന്നു തോന്നി.ഞാന്‍ അയാളോട് ഇരിക്കാന്‍ പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല.

 "മയേത്ത് കളിക്കാനല്ല ഞാനെന്റെ മോളെ സ്ക്കൂളിലയക്കുന്നത്”.അയാള്‍ മുഖവുരയില്ലാതെ ശബ്ദമുയര്‍ത്തിക്കൊണ്ടു പറഞ്ഞു.
"സുനിതയ്ക്ക് നല്ല പനിയാണ്.ഞാനോളെ ഡോക്ടറെ കാണിച്ച് മരുന്ന് മേങ്ങി വരേന്ന്.”

സുനിത ഇന്നു ക്ലാസിലുണ്ടായിരുന്നില്ലെന്ന് ഞാനോര്‍ത്തു.അന്വേഷിച്ചപ്പോള്‍ അവള്‍ക്ക് പനിയാണെന്ന് ഒരു കുട്ടി പറയുകയും ചെയ്തു.പക്ഷേ, ഞാനാകാര്യം മറന്നുപോയിരുന്നു.

"രണ്ടീസം മിന്നേ ങ്ങള് കുഞ്ഞള മഴേത്ത് എറക്കിബിട്ടില്ലേ?"അയാളുടെ ശബ്ദം കര്‍ക്കശമായിരുന്നു."ഇതാന്നോ പടിപ്പ്?”
"കുട്ടികള്‍ മഴയത്ത് ഇറങ്ങാറുണ്ടെന്നത് ശരിയാണ്.പക്ഷേ,അവരുടെ കൈകളില്‍ കുടയുണ്ടായിരുന്നു.മഴമാപിനി പരിശോധിച്ച് പെയ്ത മഴയുടെ അളവ് കണ്ടുപിടിക്കാനായിരുന്നു അവര്‍ കഴിഞ്ഞ ദിവസം മഴയത്ത് ഇറങ്ങിയത്.അതില്‍ നിങ്ങളുടെ മകള്‍ക്കു മാത്രം പനി പിടിച്ചു പോയതില്‍ എനിക്കു വിഷമമുണ്ട്....”


 കുട്ടികള്‍ തയ്യാറാക്കിയ മഴപ്പതിപ്പില്‍ നിന്നും സുനിതയെഴുതിയ മഴ വിവരണം തെരഞ്ഞുപിടിച്ച് ഞാനയാള്‍ക്ക് വായിച്ചു കൊടുത്തു.മഴ പെയ്യുമ്പോള്‍ ഓര്‍ക്കാപുറത്ത് വീശിയ കാറ്റില്‍ കുട പറന്നു പോയതുമായി ബന്ധപ്പെട്ട രസകരമായ ഒരു വിവരണമായിരുന്നു അത്.

വിവരണം വായിച്ചുകേട്ടപ്പോള്‍ അയാളുടെ കോപം അല്പമൊന്നു ശമിച്ചതായിത്തോന്നി.
"ന്നാലും ഇതെയ്താന്‍ കുഞ്ഞോളെ മയേത്തേക്ക്....”
അയാള്‍ മുഴുപ്പിച്ചില്ല.ഞാനയാളെയും കൂട്ടി പ്രദര്‍ശനം ഒരുക്കിയ ഹാളിലേക്കു നടന്നു.
കുട്ടികള്‍ തയ്യാറാക്കിയ പ്രദര്‍ശനം മുഴുവനായും അയാള്‍ നോക്കിക്കണ്ടു.
"ഇത് നന്നായിനി, മാശെ.ഇത്ര ചെറിയ മക്കൊ ങ്ങനെയൊരു പരിപാടി ആക്കിന്ന് കാണുമ്പോ...”
കുട്ടികളുടെ മഴ അളക്കാം പ്രൊജക്ടും മറ്റും ഞാനയാള്‍ക്ക് വിശീകരിച്ചു കൊടുത്തു.
"നോക്കൂ,നമ്മുടെ കുട്ടികള്‍ അല്പം മഴയും വെയിലുമൊക്കെകൊണ്ടുവേണം വളരാന്‍.എങ്കിലേ അവര്‍ ആരോഗ്യമുള്ളവരായി തീരൂ.”
"മയേനക്കുറിച്ച് ഇത്രേം പടിക്കാനുണ്ടെന്ന് എനക്ക് ഇപ്പാ മനസിലായത്.”
"ഇനിയുമുണ്ട് ധാരാളം. പനി സുഖമാവുകയാണെങ്കില്‍ നാളെത്തന്നെ അവളെ ക്ലാസിലേക്കയക്കൂ.അവള്‍ മിടുക്കയാണ്.”
"ശരി സേര്‍. അങ്ങനെയാവട്ടെ.”
അയാള്‍ സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങി. ഞാന്‍ തുടങ്ങിവെച്ച പണി പൂര്‍ത്തിയാക്കാന്‍ ലൈബ്രറിയിലേക്കും. 


 

Sunday 14 May 2017

ചമഞ്ഞുകളി ഒന്നാം ക്ലാസില്‍


Dramatic play permits children to fit the reality of the world into their own interests and knowledge. One of the purest forms of symbolic thought available to young children,dramatic play contributes strongly to the intellectual development of the children.

Piaget,1962.


കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തില്‍ ചമഞ്ഞു കളിയുടെ(Dramatic play) പ്രാധാന്യം എന്താണെന്ന് നാം കഴിഞ്ഞ പോസ്റ്റില്‍ ചര്‍ച്ചചെയ്യുകയുണ്ടായി.ഈ കളിയില്‍ ഏര്‍പ്പെടുന്നതിലൂടെ കുട്ടി അഹം കേന്ദ്രീകൃതാവസ്ഥയില്‍ നിന്നും പതുക്കെ പുറത്തുകടന്ന് ഒരു സാമൂഹ്യജീവിയായി മാറുന്നു;തനിക്കു ചുറ്റുമുള്ള ലോകത്തെക്കുറിച്ച്,ജീവിതത്തെക്കുറിച്ച്  അറിയാന്‍ തുടങ്ങുന്നു; തന്റെ ഭാഷാശേഷി വര്‍ധിക്കുന്നു;ചിന്ത തെളിവുറ്റതാകുന്നു;തന്റെ പെരുമാറ്റത്തെ നിയന്ത്രണ വിധേയമാക്കാന്‍ അവള്‍ക്ക് കഴിയുന്നു; വൈകാരികമായ പക്വത കൈവരിക്കുന്നു;  ബുദ്ധി പതുക്കെ വികസിക്കുന്നു;ഭാവനയ്ക്ക് ചിറകു മുളയ്ക്കുന്നു.

ഭക്ഷണം പോലെ,സ്നേഹം പോലെ പ്രധാനമാണ് കുട്ടികള്‍ക്ക്  കളിയും.അഞ്ചുവയസ്സായ ഒരു കുട്ടിയുടെ ജീവിതത്തില്‍ ഈ കളിയിലൂടെ കടന്നു പോകാത്ത ഒരു ദിവസം പോലുമുണ്ടാകില്ല.
എങ്കില്‍ ഈ കളിയെ ഒന്നാം ക്ലാസിന്റെ പടിക്കുപുറത്തു നിര്‍ത്തുന്നതെന്തിന്?


 ക്ലാസുമുറി ശിശുസൗഹൃദമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നാം ചര്‍ച്ച ചെയ്യാറുണ്ട്.ചുമരിലെ നിറമോ ചിത്രങ്ങളോ മാത്രം പോര.ഇത്തരം കളികള്‍  കടന്നുവരുമ്പോഴാണ് ക്ലാസുമുറി കുട്ടികളുടെ ഇഷ്ടപ്പെട്ട ഇടമായിമാറുന്നത്.അവര്‍ ക്ലാസിനെയും ടീച്ചറെയും വിദ്യാലയത്തേയും  അതോടെ സ്നേഹിക്കാന്‍ തുടങ്ങുന്നു.

ചമഞ്ഞു കളിയുടെ സാധ്യതകള്‍ ഒന്നാം ക്ലാസില്‍ എങ്ങനെയാണ് പ്രയോജനപ്പെടുത്തുക?പരിശോധിക്കാം.

വിദ്യാലയത്തിനു പുറത്ത് കുട്ടിയുടെ സ്വതന്ത്രമായ കളിയാണിത്.
എന്നാല്‍ ക്ലാസില്‍ ടീച്ചര്‍ കളിയെ ഗൈഡ് ചെയ്യണം.എങ്ങനെ?

ആദ്യം ഒരു കഥ പറഞ്ഞുകൊണ്ട് തുടങ്ങാം.ലളിതമായ ഒരു കഥ.
ഉദാഹരണം:
(കഥയുടെ ചുരുക്കം)
തള്ളക്കോഴിയും കുഞ്ഞുങ്ങളും-കുഞ്ഞുങ്ങളോട് പുറത്തിറങ്ങരുതെന്നു പറഞ്ഞ് തള്ളക്കോഴി തീറ്റതേടിപ്പോകുന്നു-പൂച്ച വരുന്നു-കളിക്കാന്‍ വിളിക്കുന്നു(പൂച്ചയുടെ വിളി കുട്ടികള്‍ അനുകരിക്കുന്നു-അഭിനയം വേണ്ട.സംഭാഷണം മാത്രം)"അയ്യയ്യോ ഞങ്ങളില്ല."കോഴിക്കുഞ്ഞുങ്ങള്‍ പറഞ്ഞു-അണ്ണാന്‍ വരുന്നു-വിളിക്കുന്നു(സംഭാഷണം ആവര്‍ത്തിക്കുന്നു)തത്ത,കുഞ്ഞാറ്റക്കിളി എല്ലാവരും വിളിക്കുന്നു(കുട്ടികള്‍ സംഭാഷണം നല്‍കുന്നു)നേരം വൈകി-വിശക്കുന്നു-അമ്മയെ കാണുന്നില്ല-കോഴിക്കുഞ്ഞുങ്ങള്‍ പുറത്തിറങ്ങി-പെട്ടെന്ന് പരുന്ത്-കോഴിക്കുഞ്ഞുങ്ങള്‍ ഓടിയൊളിച്ചു......


 ടീച്ചര്‍ ഇരുന്ന് കുട്ടികളെ അടുത്തിരുത്തി കഥ പറയുന്നതായിരിക്കും നല്ലത്.
ഇനി കഥയെക്കുറിച്ച് ചര്‍ച്ചയാകാം.
കഥ ഇഷ്ടപ്പെട്ടോ?എന്തുകൊണ്ട്?  കഥയിലെ കഥാപ്പാത്രങ്ങള്‍ ആരൊക്കെ?.......

ഇനി കളിയിലേക്ക്
ഈ കഥ നമുക്ക് അഭിനയിച്ച് കളിച്ചാലോ? ആരൊക്കെയാണ് കോഴിക്കുഞ്ഞുങ്ങളാകുന്നത്?പരുന്തോ?
ആദ്യ ഘട്ടത്തില്‍ എല്ലാകുട്ടികളും കോഴിക്കുഞ്ഞുങ്ങളാകട്ടെ.കുട്ടികള്‍ക്കു കളിക്കാന്‍ ക്ലാസുമുറിയില്‍ സ്ഥലം ഒരുക്കണം.


കോഴിക്കുഞ്ഞുങ്ങളുടെ നടത്തം-കോഴിക്കുഞ്ഞുങ്ങളുടെ ശബ്ദം-കോഴിക്കുഞ്ഞുങ്ങള്‍ ചിറകടിക്കുന്നത്-തീറ്റ തേടുന്നത്-വെള്ളം കുടിക്കുന്നത്-കിടന്നുറങ്ങുന്നത്.... 

 ടീച്ചറുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്  കുട്ടികള്‍ കളിക്കുന്നു.ഒരിക്കലും അഭിനയിച്ച് കാണിച്ചുകൊടുക്കരുത്.കുട്ടികള്‍ കോഴിക്കുഞ്ഞുങ്ങളാകുന്നത് വ്യത്യസ്ത രീതിയിലായിരിക്കും.ഇത് ക്ലാസില്‍ ചെയ്തപ്പോള്‍ ഒരു കുട്ടി തറയിലൂടെ നിരങ്ങി നീങ്ങുന്നതു കണ്ടു.എന്തുകൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു."അതിന്റെ രണ്ടു കാലുകളും ഒടിഞ്ഞുപോയി സാര്‍.”
കളിയില്‍നിന്നും മാറിനില്‍ക്കുന്ന കുട്ടികളുണ്ടാകും.അവരെ നിര്‍ബന്ധിച്ച് കളിയിലേക്കു കൊണ്ടുവരേണ്ടതില്ല.അവര്‍ മാറിനിന്ന് കളി കാണും. ആസ്വദിക്കും.പതുക്കെ അവര്‍ കളിയിലേക്കു വരും. 


 ഇനി കുട്ടികളെല്ലാവരും പൂച്ചകളാവട്ടെ.
പൂച്ചകളുടെ നടത്തം-ശബ്ദം-പൂച്ചകളുടെ ഉറക്കം-പൂച്ചകള്‍ വാലാട്ടുന്നത്-മീശ തടവുന്നത്-എലിയെ പിടിക്കാന്‍ പമ്മി പമ്മി പോകുന്നത്......


ശ്രദ്ധിക്കേണ്ട ഒരു കാര്യം ടീച്ചര്‍ ഒരു പ്രേക്ഷകയുടെ റോളില്‍ ഇതിനെ കാണരുത്.കുട്ടികള്‍ ചെയ്യുന്നതില്‍ ഭംഗി വേണം എന്നു ശഠിക്കരുത്.ഇത് നാടകമല്ല.ഇതിനെ ഒരു കളിയായി മാത്രമേ കാണാവൂ.ചെയ്യുന്നതില്‍ ഭംഗി പിന്നീട് വരും.


 ഇനി കുട്ടികള്‍ രണ്ടു ഗ്രൂപ്പുകളാവട്ടെ.ഒരു ഗ്രൂപ്പ് കോഴിക്കുഞ്ഞുങ്ങള്‍ മറ്റേ ഗ്രൂപ്പ് പൂച്ച.
ഇവര്‍ തമ്മിലുള്ള സംഭാഷണം അവതരിപ്പിക്കാം.

പൂച്ചകളെല്ലാം ഒന്നിച്ച്-കോഴിക്കുഞ്ഞുങ്ങളേ,വരൂ കളിക്കാം.
കോഴിക്കുഞ്ഞുങ്ങള്‍-അയ്യോ പറ്റില്ല. അമ്മ വഴക്കു പറയും.


പൂച്ചകളും കോഴിക്കുഞ്ഞുങ്ങളും പരസ്പരം സ്ഥലം മാറി നിന്ന് ഇതേ സംഭാഷണം വീണ്ടും അവതരിപ്പിക്കാം.



ഇതില്‍ ഒരു ഗ്രൂപ്പ് പരുന്താകട്ടെ. മറ്റേ ഗ്രൂപ്പ് കോഴിക്കുഞ്ഞുങ്ങളും.
പരുന്ത് കോഴിക്കുഞ്ഞുങ്ങളെ പിടിക്കാന്‍ വരുന്നു.കോഴിക്കുഞ്ഞുങ്ങള്‍ ഓടിയൊളിക്കുന്നു.

ഇത് ആവര്‍ത്തിച്ചു കളിക്കാം. ഗ്രൂപ്പുകള്‍ക്ക് അവരുടെ റോളുകള്‍ പരസ്പരം മാറാം.

കോഴിക്കുഞ്ഞുങ്ങള്‍ക്ക് ഒളിക്കാനുള്ള സ്ഥലം ക്ലാസില്‍ ഒരുക്കണം.കസേരവൃത്താകൃതിയില്‍ വച്ചോ,മേശക്കടിയില്‍ ഷാളുകൊണ്ട് മറച്ചോ മറ്റോ ഒളിക്കാനുള്ള സ്ഥലം സജ്ജീകരിക്കാം.



ഇനി അല്പസമയം വിശ്രമിക്കാം.
കളിച്ചപ്പോഴുള്ള അനുഭവം പറയാം.എന്തെങ്കിലും പ്രയാസമുണ്ടായിരുന്നോ? കളിക്കിടയില്‍ മറ്റു കുട്ടികളെ ഇടിക്കുക,തൊഴിക്കുക  തുടങ്ങിയ പ്രവണതകള്‍ കാണിക്കുന്ന കുട്ടികളുണ്ടാകും.അത്തരം പ്രവണതകളെ വിമര്‍ശിക്കണം. അവരുടെ പേരെടുത്തു പറയാതെ.കളിക്കുമ്പോള്‍ ഓരോരുത്തരും പാലിക്കേണ്ട
നിയമങ്ങളെക്കുറിച്ചും അതു തെറ്റിച്ചാലുണ്ടാകുന്ന പ്രയാസങ്ങളെക്കുറിച്ചുമൊക്കെ ഇവിടെ ചര്‍ച്ചചെയ്യാവുന്നതാണ്.


 'കോഴിക്കുഞ്ഞുങ്ങള്‍ പുറത്തിറങ്ങിയത് ശരിയായോ?എന്താ നിങ്ങളുടെ അഭിപ്രായം?'തുടങ്ങിയ ചോദ്യങ്ങളിലൂടെ കഥയെക്കുറിച്ചുള്ള കുട്ടികളുടെ വ്യത്യസ്തമായ വീക്ഷണങ്ങള്‍ പങ്കുവയ്ക്കാം.

ഇനി കഥ പറയാന്‍ മുന്നോട്ടുവരുന്ന കുട്ടികളെക്കൊണ്ട് പറയിക്കാം.
കഥ ഒരു ചാര്‍ട്ടില്‍ ലഘുവാക്യങ്ങളില്‍ ചുരുക്കിയെഴുതാം.ആവര്‍ത്തിച്ചു വന്ന സംഭാഷണവും എഴുതാം. വായിക്കാം.കഥാപ്പാത്രങ്ങളുടെ പേരുകളും മറ്റും തൊട്ടുകാണിക്കാന്‍ പറയാം


Variation 1

ഇനി മറ്റൊരുരീതിയില്‍ ഈ കളി എങ്ങനെ ചെയ്യാമെന്ന് നോക്കാം.

ആദ്യം കോഴിക്കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ കാണിച്ചുകൊണ്ട് തുടങ്ങാം.
പിന്നീട് കോഴിക്കുഞ്ഞുങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാം.കോഴിക്കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് അവരുടെ അനുഭവങ്ങള്‍ പറയാം.
 കോഴിക്കുഞ്ഞുങ്ങളുടെ ചിത്രം വരക്കാം.തറയിലോ ചുമരിലോ വലുതായി ചോക്കുകൊണ്ടു വരക്കട്ടെ.(ടീച്ചര്‍ വരച്ചു കാണിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം)ചിത്രത്തിനു നേരെ കോഴിക്കുഞ്ഞ് എന്നെഴുതാം.കോഴിക്കുഞ്ഞുങ്ങള്‍ക്ക് പേരുനല്‍കി അതും എഴുതാം.
ഇത്രയുമായാല്‍ കഥയിലേക്കു വരാനുള്ള മൂഡ് ക്രിയേഷന്‍ നടന്നു.



ഇനി കഥ പറയാം.
കഥയ്ക്കുശേഷം കളിയിലേക്കു വരാം.
കോഴിക്കുഞ്ഞുങ്ങളെ മനുഷ്യ സ്വഭാവം നല്‍കി അവതരിപ്പിക്കുകയാണ് വേണ്ടത്.
അതെങ്ങനെയെന്നു നോക്കാം.

കോഴിക്കുഞ്ഞുങ്ങളെല്ലാം കിടന്നുറങ്ങുന്നു-രാവിലെ ഉറക്കമുണരുന്ന കോഴിക്കുഞ്ഞുങ്ങള്‍-മുഖം കഴുകുന്നു-പല്ലു തേക്കുന്നു-കുളിക്കുന്നു-ഉടുപ്പിടുന്നു-ചായകുടിക്കുന്നു-അപ്പം തിന്നുന്നു....
ടീച്ചറുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കളിക്കുന്നു


ഇനി എല്ലാവരും തള്ളക്കോഴി-അരി അരക്കുന്ന തള്ളക്കോഴി-ദോശ ചുടുന്ന തള്ളക്കോഴി-ദോശ ചുടുമ്പോഴുള്ള ശബ്ദം-ചായ ഉണ്ടാക്കുന്ന തള്ളക്കോഴി-കോഴിക്കുഞ്ഞുങ്ങളെ ചായ കുടിക്കാന്‍ വിളിക്കുന്ന തള്ളക്കോഴി.സാധനം വാങ്ങാന്‍ മാര്‍ക്കറ്റിലേക്ക്-കുഞ്ഞുങ്ങളോട് റ്റാറ്റാ പറയുന്നു.......


 ഇങ്ങനെ ചെയ്യുന്നത് കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടും.അവര്‍ ആസ്വദിച്ച് കളിക്കും.
ഇതുപോലെ വിവിധ കഥാപ്പാത്രങ്ങളെ അവതരിപ്പിക്കാം.
പൂച്ചയുടെ വരവോ?
നൃത്തം ചെയ്തു കൊണ്ടു വരുന്ന പൂച്ച...
ഇതു ചെയ്യാനുള്ള നിലയിലേക്ക്  കുട്ടികള്‍ വളര്‍ന്നുവെങ്കില്‍ മാത്രം.
അല്ലെങ്കില്‍ പൊട്ടിച്ചിരിച്ചുകൊണ്ടു വരുന്ന പൂച്ച.


കുട്ടികളെല്ലാവരും പൊട്ടിച്ചിരിക്കുന്ന പൂച്ചയായി വരുന്നു.
അല്ലെങ്കില്‍ കണ്ണുകാണാത്ത പൂച്ച...
ഇങ്ങനെ കഥാപ്പാത്രങ്ങള്‍ക്ക് വ്യത്യസ്തത കൊണ്ടുവരാം.


 കളിക്കുശേഷം കളിച്ചരീതിയെക്കുറിച്ചു ചര്‍ച്ച ചെയ്യണം.കളിക്കിടയില്‍
അനുഭവപ്പെട്ട പ്രശ്നങ്ങളും പ്രയാസങ്ങളും.
കഥയെ വിശകലനം ചെയ്യാനാവശ്യമായ ലഘുവായ ചോദ്യങ്ങള്‍ ചോദിക്കണം.
കഥയുടെ ബാക്കി ഭാഗം കുട്ടികള്‍ക്ക് പറയാന്‍ അവസരം നല്‍കണം.
കഥ ചുരുക്കിയെഴുതാം.വായിച്ചു കൊടുക്കാം.കഥാപ്പാത്രങ്ങളുടെ പേരുകള്‍ എഴുതാം.
കോഴിക്കുഞ്ഞുങ്ങളുടെ കൊളാഷ് നിര്‍മ്മിക്കാം.


കഥകള്‍ തെരഞ്ഞെടുക്കുമ്പോള്‍

ചമഞ്ഞു കളിയ്ക്ക് വേണ്ടി കഥകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്.എന്തൊക്കെയാണവ?



  • കഥാപ്പാത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ (conflict) വരുന്ന കഥാസന്ദര്‍ഭങ്ങള്‍ കഥയില്‍ വേണം.
  • മൃഗങ്ങള്‍ കഥാപ്പാത്രങ്ങളായിവരുന്ന കഥകളായിരിക്കും ഈ ഘട്ടത്തില്‍ കുട്ടികള്‍ക്ക് കൂടുതല്‍ ഇഷ്ടം. അത്തരം കഥകളായിരിക്കണം തെരഞ്ഞെടുക്കേണ്ടത്.
  • കഥകള്‍ അടഞ്ഞവയാകരുത്. തുടര്‍ന്നു പോകാന്‍  പറ്റണം .
  • വിരുദ്ധ ചേരിയില്‍ നില്‍ക്കുന്ന കഥാപ്പാത്രങ്ങളുണ്ടാകുന്നതാണ് നല്ലത്.ഉദാ.പരുന്തും കോഴിക്കുഞ്ഞുങ്ങളും,പൂച്ചയും എലിയും, പാമ്പും തവളയും,കോഴിയും കുറുക്കനും....ഇങ്ങനെയുള്ള കഥാപ്പാത്രങ്ങളാകുമ്പോള്‍ ഓടുക,പിന്തുടരുക,ഒളിക്കുക തുടങ്ങിയ ക്രിയകള്‍ കളിയില്‍ വരും.അപ്പോഴാണ് കുട്ടികള്‍ കളി കൂടുതല്‍ ഇഷ്ടപ്പെടുക.(ആദ്യത്തെ രണ്ടോ മൂന്നോ ആഴ്ചയേ ഇത്തരം കഥകള്‍ ഉപയോഗിക്കേണ്ടതുള്ളു.പിന്നീട് കുട്ടികള്‍ ഏതു കഥയും താത്പര്യത്തോടെ കളിക്കും.പാഠഭാഗത്തെ കഥാസന്ദര്‍ഭങ്ങളിലേക്ക് കളിയെ adaptചെയ്യാം.)
  • കഥയിലെ കഥാപ്പാത്രങ്ങള്‍ക്ക് മാനുഷികഭാവം നല്‍കുന്നത് കുട്ടികളെ ഏറെ രസിപ്പിക്കും.
    ആദ്യ ഘട്ടത്തില്‍ വേഷങ്ങളോ മുഖംമൂടിയോ ആവശ്യമില്ല.കളിക്കുന്നതിനിടയില്‍ കുട്ടികളുടെ ശ്രദ്ധ ഇതിലേക്കുപോകും.
    പ്രോപ്പുകള്‍ ആവശ്യമാണ്. എങ്കിലേ കുട്ടികള്‍ നന്നായി കളിക്കൂ.ക്ലാസില്‍ prop boxഒരുക്കണം. 
    •  കളിയിലും അനുബന്ധപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്ന കുട്ടികളെ നിരീക്ഷിക്കുമ്പോള്‍ ടീച്ചര്‍ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?  

      • കുട്ടികളുടെ ശ്രദ്ധിക്കാനുള്ള കഴിവ്-കഥ കേള്‍ക്കുക,ടീച്ചറുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു പ്രവര്‍ത്തിക്കുക എന്നിവയില്‍.
      • ചിത്രംവര,കൊളാഷ് നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളുടെ ഏകാഗ്രത-ചില കുട്ടികള്‍ പ്രവര്‍ത്തനം മുഴുമിപ്പിക്കാതെ എഴുന്നേറ്റ് പോകുന്നതു കാണാം.
      • ഭാഷണത്തിലുള്ള കഴിവ്.
      • കുട്ടിളുടെ സര്‍ഗ്ഗാത്മകമായ കഴിവ്-ചിത്രംവര,അഭിനയം,ഇംപ്രൊവൈസേഷന്‍.
      • സാമൂഹീകരണം-മറ്റു കുട്ടികളുമായി നന്നായി ഇടപഴകല്‍,വസ്തുക്കളുടെ sharing.
      • കുട്ടികളുടെ ചലനപരമായ കഴിവ്.
      • കുട്ടികള്‍ അനുഭവിക്കുന്ന മാനസികസംഘര്‍ഷങ്ങള്‍-നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കളിക്കാന്‍ കഴിയാതിരിക്കുക,കളിക്കിടയില്‍ മറ്റുകുട്ടികളെ ഉപദ്രവിക്കുക,നിശബ്ദത പാലിക്കേണ്ട സന്ദര്‍ഭങ്ങളില്‍ അതിനു കഴിയാതിരിക്കുക. 
      • ക്ലാസു തുടങ്ങിയതിനു ശേഷമുള്ള ആദ്യത്തെ രണ്ടോ മൂന്നോ ആഴ്ച ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളെ കടത്തിവിടണം.ദിവസവും ചുരുങ്ങിയത് ഒരുമണിക്കൂറെങ്കിലും ഇതിനുവേണ്ടി നീക്കിവയ്ക്കണം.പാഠഭാഗത്തേക്കു കടക്കുന്നതോടെ ഈ പ്രവര്‍ത്തനങ്ങളെ
        പാഠത്തിലെ കഥാസന്ദര്‍ഭങ്ങളുമായി വിളക്കിച്ചേര്‍ക്കണം.

Saturday 6 May 2017

ചമഞ്ഞുകളിയിലെ സാങ്കല്പിക സഞ്ചാരങ്ങള്‍

ചമഞ്ഞുകളിയുടെ നാനാര്‍ത്ഥങ്ങള്‍ 2



In play child always behaves beyond his average age,above his daily behavior; in play it is as though he were a head taller than himself. Play contains  all developmental tendencies in a condensed form and is itself a major source of development.

L.S.Vygotsky(Mind in society)


നീതുവും സൂരജും പൊന്നുവും ചേര്‍ന്ന് ഒരു യാത്ര പോവുകയാണ്.തീവണ്ടിയിലാണ് യാത്ര. ഏണിക്കൂടിനെയാണ് തീവണ്ടിയാക്കിയിരിക്കുന്നത്. തീവണ്ടിയുടെ 'ഝുക്ക് ഝുക്ക് 'ശബ്ദം ഇടയ്ക്കു കേള്‍ക്കാം.പൊന്നുവിന് ജനാലയിലൂടെ നീതു പുറത്തെ കാഴ്ചകള്‍ കാണിച്ചു കൊടുക്കുന്നു."നോക്കൂ..വലിയ പുഴ.അതിനപ്പുറമാണ് കടല്‍.ആളുകള്‍ മീന്‍ പിടിക്കുന്നതു കണ്ടോ?”

തീവണ്ടി ചില സ്റ്റേഷനുകളില്‍ നില്‍ക്കുന്നുണ്ട്. അപ്പോള്‍ സൂരജ് പുറത്തിറങ്ങുന്നു.പൊന്നുവിന് വെള്ളവും മിഠായിയും വാങ്ങുന്നു.വണ്ടിയില്‍ തിരിച്ചു കയറുന്നു.അപ്പോള്‍ വണ്ടി നീട്ടിക്കൂവുന്നു.വീണ്ടും 'ഝുക്ക് ഝുക്ക് ' ശബ്ദം കേള്‍ക്കുന്നു.



ഏണിക്കൂടിനെ തീവണ്ടിയായി സ്വയം വിശ്വസിപ്പിക്കണം.അതിന് കുട്ടികള്‍ മൂന്ന് കാര്യങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്.
ഒന്ന്-ഇടക്കിടെയുണ്ടാക്കുന്ന തീവണ്ടിയുടെ ശബ്ദം,'ഝുക്ക് ഝുക്ക് ' 'കൂ..കൂ.'
രണ്ട്-ഏണിയുടെ കൈവരികള്‍ക്കിടയിലുള്ള വിടവ് ജനാലയായി സങ്കല്‍പ്പിച്ച് അതിലൂടെ കുഞ്ഞിന് പുറത്തെ കാഴ്ചകള്‍ കാണിച്ചുകൊടുക്കലും അതിനെക്കുറിച്ചുള്ള സംഭാഷണങ്ങളും.
മൂന്ന്-തീവണ്ടി സ്റ്റേഷനില്‍ നില്‍ക്കുന്നതായി സങ്കല്‍പ്പിക്കല്‍.ഇടക്കിടെ ഏണിയില്‍ നിന്നും താഴെയിറങ്ങലും കയറലും.
ഇത്രയും കാര്യങ്ങള്‍ ചെയ്താല്‍ ഏണിക്കൂട്  തീവണ്ടിയായി.  ശരീരം കൊണ്ടുള്ള  ചലനവും ശബ്ദവും തീവണ്ടിയെ ചലിപ്പിക്കുന്നു.


 ഏണിക്കൂടില്‍നിന്നും ഒരു തീവണ്ടിയെ മെനഞ്ഞെടുക്കാനും അതിനെ ചലിപ്പിക്കാനും കുട്ടികളുടെ ഭാവനയ്ക്കു മാത്രമേ കഴിയൂ.

എങ്ങോട്ടാണ് ഈ കുടുംബത്തിന്റെ യാത്ര?ഊട്ടിയിലേക്കാണ്.അഞ്ചു ദിവസം അവിടെ അടിച്ചുപൊളിക്കാനാണത്രെ പോകുന്നത്.ആദ്യം വയനാട്ടില്‍ പോകും.അവിടെ എടയ്ക്കല്‍ ഗുഹ കാണും.പിന്നെ ഊട്ടിയിലേക്കു പോകും.അവിടെ നല്ല തണുപ്പാണത്രേ.കുഞ്ഞിന് പനി പിടിക്കുമോ എന്ന സംശയമുണ്ട്.പനി വന്നാല്‍ കൊടുക്കാനുള്ള ഗുളികകള്‍ നീതുവിന്റെ ബാഗിലുണ്ട്.ഊട്ടിയില്‍ നല്ല പൂന്തോട്ടമുണ്ട്.അവിടെ നിറച്ചും ഭംഗിയുള്ള പൂക്കളുണ്ട്.പിന്നെ വലിയ മലകളും കാടുകളുമുണ്ട്.അതൊക്കെ കാണാനാണ് പോകുന്നത്...

കുട്ടികള്‍ തങ്ങളുടെ സാങ്കല്‍പ്പിക യാത്രയ്ക്ക് ഇങ്ങനെയൊരു  ലക്ഷ്യം  തീരുമാനിക്കാന്‍ എന്തായിരിക്കും കാരണം?

ഊട്ടിയിലേക്ക് കുട്ടികള്‍ ഇതുവരെ യാത്രപോയിട്ടില്ല.പക്ഷേ, അവര്‍ തീവണ്ടി യാത്ര നടത്തിയിട്ടുണ്ട്.വീട്ടില്‍ മുതിര്‍ന്ന ആരോ നടത്തിയ യാത്രാ അനുഭവങ്ങളില്‍ നിന്നായിരിക്കണം കുട്ടികള്‍ തങ്ങളുടെ യാത്രയുടേയും ലക്ഷ്യസ്ഥാനം തീരുമാനിച്ചത്.അവരുടെ സംഭാഷണങ്ങളില്‍ നിന്നാകാം ഊട്ടി,വയനാട് തുടങ്ങിയ സ്ഥലമനാമങ്ങള്‍ കുട്ടികളുടെ മനസ്സിലേക്ക് കടന്നു വന്നത്.ആ യാത്രയുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ അവര്‍   കണ്ടിരിക്കാം.അതുകൊണ്ടായിരിക്കണം ഈ സ്ഥലങ്ങളുടെ പ്രത്യേകതകള്‍ അവര്‍ കൃത്യമായും ഓര്‍ത്തുവെച്ചത്. ഇങ്ങനെ ഒരു യാത്ര അവര്‍ നിഗൂഢമായി ആഗ്രഹിച്ചിരുന്നിരിക്കണം.ആ ആഗ്രഹമാണ് അവര്‍ കളിയിലൂടെ ആവിഷ്ക്കരിച്ചത്.




 ദൂരസ്ഥലങ്ങളിലേക്ക് തീവണ്ടിയിലാണ് യാത്രചെയ്യുക എന്നവര്‍ക്കറിയാം.അതുകൊണ്ടാണ് വയനാട്ടിലേക്കും ഊട്ടിയിലേക്കും തീവണ്ടിയില്‍ തന്നെ യാത്രതിരിച്ചത്!

"ഊട്ടി എത്തി."സൂരജ് വിളിച്ചു പറഞ്ഞു.
വണ്ടി സ്റ്റേഷനില്‍ നിന്നു.എല്ലാവരും ഇറങ്ങി.നല്ല തണുപ്പ്.
കുട്ടികള്‍ തണുപ്പ് അഭിനയിച്ചുകൊണ്ട് ഹാളിലൂടെ നടന്നു.പതുക്കെ വീടിനു പുറത്തിറങ്ങി.കത്തുന്ന വെയില്‍.പറമ്പിലെ വൃക്ഷങ്ങളുടെ തണല്‍പറ്റി അവര്‍ നടക്കുകയാണ്.അവര്‍ ഊട്ടിയിലാണിപ്പോള്‍.ഊട്ടിയിലെ തണുത്ത കാറ്റ് അവരെ അലോസരപ്പെടുത്തുന്നുണ്ട്.
"ദാ,വലിയ മല!"പറമ്പിനു മൂലയില്‍ നില്‍ക്കുന്ന പ്ലാവിലേക്കു ചൂണ്ടി സൂരജ് പറഞ്ഞു.
അവന്‍ പൊന്നുവിനെ എടുത്ത് മല കാണിച്ചു കൊടുത്തു.
"ആ പൂന്തോട്ടം കണ്ടോ.നമുക്ക് അവിടെ പോയിരിക്കാം."അവര്‍ മറ്റൊരു മരച്ചുവട്ടിലേക്കു നടന്നു.
"ഹായ്!ഈ പൂന്തോട്ടം കാണാന്‍ എന്തു രസം!"നീതു പറഞ്ഞു.അവര്‍ മരച്ചുവട്ടിലിരുന്നു.
"ഓ..പൊന്നു കരയാന്‍ തുടങ്ങിയിരിക്കുന്നു.അവള്‍ക്ക് വിശക്കുന്നു.നമുക്ക് ഇവള്‍ക്ക് എന്തെങ്കിലും വാങ്ങിക്കടുക്കാം.ഹോട്ടല്‍ എവിടെ?”നീതു ചോദിച്ചു.
"ദാ..അവിടെ ഒരു ഹോട്ടലുണ്ട്.നമുക്കങ്ങോട്ടു പോകാം.”

പറമ്പിന്റെ ഓരോ ഇടങ്ങളിലേക്കാണ് അവര്‍ ചൂണ്ടുന്നത്.പറമ്പ് മുഴുവന്‍ ഊട്ടിയായി രൂപാന്തരപ്പെട്ടിരിക്കുന്നു.ഊട്ടിയിലെ വിവിധ സ്ഥലങ്ങളിലൂടെ അവര്‍ സഞ്ചരിക്കുകയാണ്.ഊട്ടിയിലെ പുഴകള്‍,മലകള്‍,പൂന്തോട്ടങ്ങള്‍,ഹോട്ടലുകള്‍...


 കുട്ടികള്‍ ഫാന്റസിയുടെ ലോകത്താണ്.അവര്‍ ഭാവനയില്‍ ഒരു ഊട്ടി കെട്ടിപ്പൊക്കിയിരിക്കുന്നു.അതിനു വേണ്ടിവന്ന അസംസ്കൃതവസ്തുക്കളോ?ഊട്ടിയിലേക്ക് യാത്രചെയ്ത മുതിര്‍ന്ന ഒരാളുടെ സംഭാഷണങ്ങളും ആ യാത്രക്കിടയിലെടുത്ത ചില   ഫോട്ടോകള്‍ കണ്ട ഓര്‍മ്മയും.അതും മാസങ്ങള്‍ക്കു മുമ്പേ.അത് അവരില്‍ ആരുടേയോ മനസ്സില്‍ ഉറങ്ങിക്കിടന്നിരുന്നിരിക്കണം.അനുകൂലമായ കാലാവസ്ഥയില്‍  അതിനു മുളപൊട്ടി.കളിയിലൂടെ മറ്റൊരാളുടെ അനുഭവത്തെ അവര്‍ ഭാവനയില്‍ പുനഃസൃഷ്ടിച്ചു.തങ്ങള്‍ ഊട്ടിയിലാണെന്ന് അവര്‍ സ്വയം വിശ്വസിപ്പിച്ചു.ആ അനുഭവത്തെ വിശകലനം ചെയ്തു.പുതിയ അര്‍ത്ഥം നല്‍കി.അതിനെ പുതിയ ഒരു അറിവാക്കിമാറ്റി മനസ്സില്‍ സൂക്ഷിച്ചു.

ഊട്ടിയാത്ര തീം ആയ ഈ കളിക്ക്  കുട്ടികളുടെ സാധാരണ  കളികളില്‍ നിന്നും ഒരു പ്രധാന വ്യത്യാസമുണ്ട്.സാധാരണയായി കുട്ടികള്‍ അവരുടെ അനുഭവങ്ങളാണ് കളിയിലൂടെ ആവിഷ്ക്കരിക്കുന്നത്.ദിവസേനയെന്നോണം കുട്ടികള്‍ക്കുണ്ടാകുന്ന പുതിയ അനുഭവങ്ങള്‍.എന്നാല്‍ ഈ കളിയില്‍ മറ്റൊരാളുടെ അനുഭവമാണ് കുട്ടികള്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്.അതും യാത്രാനുഭവം.ബസ്സ് യാത്ര
തീം ആയിവരുന്ന കളികളെക്കുറിച്ച് കഴിഞ്ഞ പോസ്റ്റില്‍ ചര്‍ച്ചചെയ്തിരുന്നു.അവിടെ ഡ്രൈവറും കണ്ടക്ടറുമാണ് കഥാപ്പാത്രങ്ങള്‍.എന്നാല്‍ ഇവിടെ കുട്ടികള്‍ സ്വയം സഞ്ചാരികളായി മാറിയിരിക്കുന്നു. ഇത് അവരുടെ കളിയിലെ വളര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്.കുട്ടികളുടെ ഉയര്‍ന്ന മാനസിക ശേഷിയുടെ ആവിഷ്ക്കാരമാണ് നാം കളിയില്‍ കാണുന്നത്. .യഥാര്‍ത്ഥ ലോകത്തിലെ പ്രതീകങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ഒരു അയഥാര്‍ത്ഥ ലോകത്തെ സൃഷ്ടിച്ചെടുത്തിരിക്കുന്നു.അവിടെ തങ്ങള്‍ മറ്റാരോ ആണ്.ആ മറ്റാരുടേയോ കാഴ്ചപ്പാടിലൂടെയാണ് തങ്ങള്‍ സൃഷ്ടിച്ചെടുത്ത ലോകത്തെ അവര്‍ കാണുന്നതും അതിന് അര്‍ത്ഥം കൊടുക്കുന്നതും.


പെട്ടെന്നാണ് കളിയില്‍ ഒരു തര്‍ക്കം ഉടലെടുത്തത്.
"ദാ..പയ്യന്നൂര്‍ ഫെസ്റ്റ്."ഒരു മുലയിലേക്ക് കൈ ചൂണ്ടിക്കൊണ്ട് സൂരജ് പറഞ്ഞു.



 "ഇനി നമുക്ക് പയ്യന്നൂര്‍ ഫെസ്റ്റ് കാണാന്‍ പോകാം.”
പയ്യന്നൂര്‍ ഫെസ്റ്റ് കാണാന്‍ പോയ അനുഭവം അവനുണ്ട്.കളിയെ ഇനിയും മുന്നോട്ടു കൊണ്ടുപോകണം.അതിന് അവന്‍ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു അത്.
"ഊട്ടിയില്‍ പയ്യന്നൂര്‍ ഫെസ്റ്റ് ഉണ്ടാവ്വോ?”
നീതു ചോദിച്ചു."പയ്യന്നൂര്‍ ഫെസ്റ്റ് പയ്യന്നൂരില്‍ മാത്രമല്ലേ ഉണ്ടാവൂ?”
"അല്ല.ഊട്ടിയിലും ഉണ്ടാവും."സൂരജ് ഉറപ്പിച്ചു പറഞ്ഞു.
"ഇല്ല.ഉണ്ടാവില്ല.”നീതുവിന്റെ ശബ്ദം കനത്തു.
"നീ പോടീ..”
"നീ പോടാ...”
സൂരജ് കളിയിലെ നിയമം തെറ്റിച്ചിരിക്കുന്നു.സങ്കല്‍പ്പത്തിനും ചില ലോജിക്കുകളുണ്ട്.അതു തെറ്റിച്ചാല്‍ കളിയുടെ രസം പോയി.
നീതു പിണങ്ങിപ്പോയി.
അതോടെ കളി അവസാനിച്ചു.



(തുടരും...)