ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Saturday, 9 September 2017

കുട്ടിച്ചിത്രങ്ങളെ വിലയിരുത്തുമ്പോള്‍.....

ഒന്നാംക്ലാസുകാര്‍ മഴ വരയ്ക്കുന്നു-3



ഒന്നാം ക്ലാസുകാര്‍ വരയ്ക്കുന്ന ചിത്രങ്ങളെ എങ്ങനെയാണ് വിലയിരുത്തേണ്ടത്?

കുട്ടികളുടെ ചിത്രങ്ങളെ അവരുടെ കലാപരമായ കഴിവുകളുടെ പ്രകടനം എന്ന രീതിയില്‍ വിലയിരുത്തിയാല്‍ നമുക്ക് തെറ്റു പറ്റും.മറിച്ച് കുട്ടികളുടെ വളര്‍ച്ചയുടേയും വികാസത്തിന്റേയും അടയാളങ്ങളായി വേണം അതിനെ കാണാന്‍.തങ്ങളുടെ ജിവിതപരിസരവുമായുള്ള നിരന്തര സംവാദത്തിലൂടേയും നിരീക്ഷണത്തിലൂടേയും കുട്ടികള്‍  നിര്‍മ്മിച്ചെടുക്കുന്ന ധാരണകളാണ് അവരുടെ ചിത്രങ്ങള്‍.ഭാഷാശേഷികളുടെ ആര്‍ജനവുമായി ബന്ധപ്പെട്ടാണ് അതിന്റെ വളര്‍ച്ച.ഈ നിലപാടില്‍ നിന്നുകൊണ്ടായിരിക്കണം നാം കുട്ടികളുടെ ചിത്രങ്ങളെ സമീപിക്കേണ്ടത്.


 "എനിക്ക് വരയ്ക്കാനറിയില്ല.പിന്നെ ഏങ്ങനെയാണ് ഞാന്‍ എന്റെ ക്ലാസിലെ കുട്ടികളെ  വരയ്ക്കാന്‍ പഠിപ്പിക്കുക?” ഒന്നാം ക്ലാസിലെ ടീച്ചറുടെ ചോദ്യം.

ടീച്ചര്‍ക്ക് വരയ്ക്കാനറിയാത്തതാണ് നല്ലത്.  വരയ്ക്കാനറിയുമായിരുന്നെങ്കില്‍ ടീച്ചര്‍ ഒരുപാട് ചിത്രങ്ങള്‍ ബോര്‍ഡില്‍ വരച്ചുകൊടുക്കുകയും കുട്ടികളോട് അതു നോക്കിവരയ്ക്കാന്‍
ആവശ്യപ്പെടുകയും ചെയ്തേനെ.അതോടെ കുട്ടികളുടെ ഭാവന മുരടിച്ചുപോകുകയും  അവരുടെ സ്വാഭാവിക വര കൈമോശം വരികയും ചെയ്യും.
എല്ലാ കുട്ടികളുടെ ഉള്ളിലും  വരയുണ്ട്.ഭാഷാശേഷികളില്‍ കുട്ടികള്‍ ആര്‍ജിക്കുന്ന പുരോഗതിക്കനുസരിച്ച് ഇത് ഏറിയും കുറഞ്ഞുമിരിക്കും.ഈ വരയെ പുറത്തുകൊണ്ടുവരണം.അതിന് നല്ല പ്രചോദനം ആവശ്യമാണ്.ഇതു പ്രധാനമാണ്.ടീച്ചര്‍ ക്ലാസില്‍ കൊടുക്കുന്ന  പ്രചോദനമാണ് കുട്ടികളെ വരയിലേക്ക് നയിക്കുന്നത്.

 

 ചിത്രത്തിലെ പറച്ചിലുകള്‍

കുട്ടികളുടെ പറച്ചിലുകളാണ് അവരുടെ ചിത്രങ്ങള്‍.ഓരോ കുട്ടിക്കും ചിത്രത്തെക്കുറിച്ച് ധാരാളം പറയാനുണ്ടാകും.ഈ പറച്ചിലുകള്‍ക്ക് ടീച്ചര്‍ ചെവികൊടുക്കണം.അപ്പോഴാണ് കുട്ടി വരച്ച ചിത്രത്തിന്റെ അര്‍ത്ഥതലങ്ങള്‍ ടീച്ചര്‍ക്ക് ബോധ്യപ്പെടുക. ചിത്രത്തെ അടിസ്ഥാനപ്പെടുത്തി കുട്ടി നിര്‍മ്മിച്ചെടുക്കുന്ന ആഖ്യാനമാണത്.ചില 
കുട്ടികള്‍  ആഖ്യാനം മനസ്സില്‍ കണ്ടായിരിക്കും വരയ്ക്കുക.വരയ്ക്കുന്തോറും അതു വികസിക്കും.മറ്റുചിലര്‍ വരച്ച ചിത്രത്തില്‍ നിന്നും ആഖ്യാനം നിര്‍മ്മിച്ചെടുക്കും.കുട്ടികളുടെ സംസാരഭാഷ വികസിക്കുന്നതിലെ ഒരു സുപ്രധാന ഘട്ടമാണിത്.എഴുതാന്‍ പഠിക്കുന്നതോടെ ഇതു എഴുത്തുഭാഷയായി പരിണമിക്കും. കുട്ടി ഭാഷ സ്വായത്തമാക്കുന്ന ഒരു രീതിയാണിത്.


ചിത്രത്തെക്കുറിച്ച് ടീച്ചറോട് സ്വകാര്യമായി സംസാരിക്കാനായിരിക്കും കുട്ടികള്‍ക്ക് ഏറെ ഇഷ്ടം.എന്നാല്‍ അതു മാത്രം പോര.തന്റെ ചിത്രത്തെ എല്ലാ കുട്ടികള്‍ക്കു മുന്നിലും അവതരിപ്പിക്കാന്‍ താത്പര്യമുള്ള കുട്ടികളുണ്ടാകും. കുട്ടികളുടെ ഈ താതപര്യത്തേയും നാം ഉപയോഗപ്പെടുത്തണം.മടിച്ചു നില്‍ക്കുന്ന കുട്ടികളെ ഇതിനു നിര്‍ബന്ധിക്കേണ്ടതില്ല.പതിയെ ഇവരും സംസാരിക്കാന്‍ തയ്യാറായി മുന്നോട്ടുവരും.

 

ചിത്രങ്ങളുടെ തെരഞ്ഞെടുപ്പ്

കുട്ടികള്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ അവര്‍ക്ക് പരസ്പരം കാണാനുള്ള സൗകര്യം ക്ലാസുമുറിയില്‍ ചെയ്തു കൊടുക്കേണ്ടതുണ്ട്.ചിത്രങ്ങളുടെ അര്‍ത്ഥവത്തായ  വിലയിരുത്തലിലേക്ക് കുട്ടികളെ നയിക്കാന്‍ ഇതിലൂടെ സാധിക്കും.
കുട്ടികളെ വ‍ൃത്താകൃതിയിലിരുത്തി ചിത്രങ്ങള്‍ ഒരു ഭാഗത്തേക്കുമാത്രം കൈമാറ്റം ചെയ്യുന്ന രീതി സ്വീകരിക്കാം.ഇങ്ങനെ ഓരോ കുട്ടിവരച്ച ചിത്രവും ഓരോരുത്തരുടേയും കൈകളിലൂടെ കടന്നുപോകും.കുട്ടികള്‍ ചിത്രങ്ങള്‍ കുറച്ചു സമയം നിരീക്ഷിക്കട്ടെ. ആദ്യ ഘട്ടത്തില്‍ ഇത്രയും മതി.



 ഇതിന്റെ രണ്ടാം ഘട്ടത്തില്‍ കൈയില്‍ വരുന്ന ചിത്രത്തെക്കുറിച്ച് കുട്ടികള്‍ക്ക് അഭിപ്രായം പറയാനും ഫീഡ്ബാക്കുകള്‍ നല്‍കാനും പ്രോത്സാഹിപ്പിക്കാം.കുട്ടികള്‍ ഈ ഘട്ടത്തിലേക്ക് വളര്‍ന്നുവെങ്കില്‍ മാത്രംമതി ഇത്.

ക്ലാസിലെ മുഴുവന്‍ കുട്ടികളുടേയും ചിത്രങ്ങള്‍ ഡിസ്പ്ലേ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം.അതിനു സൗകര്യമില്ലെങ്കില്‍ നിലത്ത് വിരിയ്ക്കാം.എല്ലാ ചിത്രങ്ങളേയും ഒരുമിച്ചു കാണാന്‍ ഇത് കുട്ടികള്‍ക്ക് അവസരം നല്‍കും.ഇതില്‍ നിന്നും ഓരോരുത്തര്‍ക്കും ഏറ്റവും  ഇഷ്ടപ്പെട്ട ചിത്രം തെരഞ്ഞെടുക്കാന്‍ കുട്ടികളോട് ആവശ്യപ്പെടാം.ഏന്തുകൊണ്ടാണ് ചിത്രം ഇഷ്ടപ്പെട്ടതെന്ന് പറയുകയും വേണം.
ചിത്രം കാണാന്‍ നല്ല ഭംഗിയുണ്ട്.നന്നായി നിറം  കൊടുത്തിട്ടുണ്ട്.മരം നന്നായി വരച്ചിട്ടുണ്ട്.വീട് നന്നായി  വരച്ചു...തുടങ്ങിയ അഭിപ്രായങ്ങളായിരിക്കും കുട്ടികള്‍ പറയുക.തുടക്കത്തില്‍ അതു മതി.പിന്നീട് കൊടുത്ത വിഷയവുമായി ചിത്രത്തിന് എത്രമാത്രം ബന്ധമുണ്ട് എന്ന ആലോചനയിലേക്ക് കുട്ടികളെ കൊണ്ടുവരാം.ചിത്രത്തില്‍ ഇമേജുകള്‍ വിന്യസിച്ച രീതിയെക്കുറിച്ചും ചര്‍ച്ച ചെയ്യാം.ഇതുമായി ബന്ധപ്പെട്ട നല്ല മാതൃകകളിലേക്ക് കുട്ടികളുടെ ശ്രദ്ധ കൊണ്ടുവരികയും വേണം.


 ക്ലാസിലെ എല്ലാവരകളേയും ഇങ്ങനെ വിലയിരുത്തേണ്ടതുണ്ടെന്ന് തോന്നുന്നില്ല.ആഴ്ചയില്‍ ഒന്നോ രണ്ടോ സന്ദര്‍ഭങ്ങളിലെ വരകളെ ഈ രീതിയില്‍ വിലയിരുത്തിയാല്‍ മതിയാകും.

വിലയിരുത്തല്‍ പ്രക്രിയ നേരായി നടക്കുമ്പോഴാണ് കുട്ടികളുടെ ചിത്രങ്ങളില്‍ ഗുണപരമായ മാറ്റം ദൃശ്യമാകുക.

വരയും ഫീഡ്ബാക്കും

വരയ്ക്കുന്നതിനിടയില്‍ ടീച്ചറും കുട്ടികള്‍ പരസ്പരവും നല്‍കുന്ന ഗുണാത്മക ഫീഡ്ബാക്കുകള്‍ കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ്.അതാണ് കുട്ടികളുടെ വരയില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുക.

പുഴയും തോണിയും വരയ്ക്കുകയായിരുന്നു കുട്ടികള്‍.ദര്‍ശന എന്നെ അടുത്തേക്ക് വിളിച്ച് പറഞ്ഞു.
"മാഷേ,നോക്ക് അവന്തികയുടെ ചിത്രത്തില്‍ തോണി പുഴയില്‍ മുങ്ങിപ്പോയിരിക്കുന്നു.”
ഞാന്‍ നോക്കിയപ്പോള്‍ ശരിയാണ്.പുഴയ്ക്കടിയിലാണ് തോണി വരച്ചിരിക്കുന്നത്.
ദര്‍ശന പറഞ്ഞത് ശരിയാണെന്ന് അവന്തികയ്ക്ക് തോന്നി.അവള്‍ വീണ്ടും തോണി വരച്ചു.നേരത്തെ വരച്ച തോണിയുടെ മുകളില്‍.എന്നിട്ടും തോണി ജലനിരപ്പിന് അടിയില്‍ തന്നെ.അവള്‍ പലതവണ തോണി വരച്ചു.എല്ലാം അടിയില്‍.അവള്‍ക്ക് അങ്ങനമാത്രമേ പുഴയിലെ തോണിയെ കാണാന്‍  കഴിയുന്നുള്ളു.


 മറ്റൊരു കുട്ടി വരച്ച ചിത്രത്തിലേക്ക് ഞാന്‍ അവളുടെ ശ്രദ്ധ കൊണ്ടുവന്നു.
 "നോക്കു,തോണി എവിടെയാണ് വരച്ചിരിക്കുന്നതെന്ന്.”
അവള്‍ക്ക് കാര്യം മനസ്സിലായി.അവള്‍ വീണ്ടും വരച്ചു.ഇത്തവണ വരച്ചത് ജലനിരപ്പിനും കുറച്ചു മുകളിലായിപ്പോയി എന്നുമാത്രം.

മഴ വരയ്ക്കുന്നതിനിടയില്‍ വിഷ്ണുവിന് ആദര്‍ശ് നല്‍കിയ ഫീഡ് ബാക്ക് നോക്കുക.
"മേഘത്തില്‍ നിന്നും മഴ പെയ്യുന്നുണ്ട്.പക്ഷേ,മണ്ണില്‍ ചെളിവെള്ളമില്ല.”


ഫീഡ്ബാക്ക് നല്‍കുമ്പോള്‍ അതു ഗുണാത്മകമാകാന്‍ ശ്രദ്ധിക്കണം.മുതിര്‍ന്നവരുടെ കാഴ്ചപ്പാടില്‍ നിന്ന് കുട്ടികളുടെ ചിത്രത്തെ നോക്കിക്കാണരുത്.കുട്ടികളുടെ  ചിത്രങ്ങളില്‍ ഫാന്റസി കടന്നുവരും.കുട്ടികള്‍ അവരുടേതായ രീതിയിലാണ് ലോകത്തെ കാണുന്നത്.ആ കാഴ്ചപ്പാടിനെ നാം ബഹുമാനിക്കണം.കുട്ടികളുടെ കാഴ്ച നമുക്ക് ആസ്വദിക്കാന്‍ കഴിയണം.ഫീഡ്ബാക്കുകകള്‍ നല്‍കുമ്പോള്‍ ഈ കാര്യം പ്രത്യേകം ഓര്‍മ്മിക്കണം.


 ഗുണാത്മകമായി ഫീഡ്ബാക്ക് നല്‍കാന്‍ കഴിയാത്തവര്‍ അതിനു മുതിരരുത്.മരത്തിന്റെ ചിത്രം വരച്ച ഒരു കുട്ടിയുടെ ചിത്രം വാങ്ങിനോക്കി മരം ഇങ്ങനെയാണോ വരക്കുക,ഇങ്ങനെയല്ലേ? എന്നു ചോദിച്ച് ബോര്‍ഡില്‍ മരം വരച്ചുകൊടുത്ത ഒരു ടീച്ചറെ ഓര്‍മ്മവരുന്നു.അതും ഫീഡ്ബാക്ക്തന്നെ.പക്ഷേ,അതോടെ കുട്ടിക്ക് അവളുടെ വര കൈമോശം വരികയാണ് ചെയ്തത്.

കളി പോലെ പ്രധാനമാണ് കുട്ടികള്‍ക്ക് വരയും.വരയ്ക്കുക എന്നത് കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട വിനോദമാണ്.കളിച്ചു കഴിഞ്ഞാല്‍ എന്നതുപോലെ വരച്ചു കഴിഞ്ഞാലും കുട്ടികളുടെ മനസ്സ് ശാന്തമാകും.ചിത്രം വരയ്ക്കാനുള്ള കുട്ടികളുടെ  ഇഷ്ടത്തെയാണ് നാം ക്ലാസുമുറിയില്‍ പ്രയോജനപ്പെടുത്തുന്നത്.കുട്ടികള്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ അവരുടെ വളര്‍ച്ചയേയും വികാസത്തേയും കുറിച്ചുള്ള വിലപ്പെട്ട സൂചനകള്‍ നമുക്ക് തരും.








 See this vedio
 ചിത്രംവര ഒന്നാം ക്ലാസില്‍




No comments:

Post a Comment