ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Sunday, 14 August 2016

'തേങ്ങ' എന്ന കഥയിലൂടെ ഒരു സര്‍ഗ്ഗസഞ്ചാരം


ചെറുകഥകള്‍ വായിച്ചു തുടങ്ങുന്നതോടെയാണ് കുട്ടികള്‍ ഗൗരവമേറിയ വായനയിലേക്ക് പ്രവേശിക്കുന്നത്.അതുവരെ ബാലസാഹിത്യം മാത്രം വായിച്ചു പരിചയമുള്ള കുട്ടികള്‍ക്കു മുന്നില്‍ മലയാള സാഹിത്യത്തിലെ മികച്ച ചെറുകഥകള്‍ അവതരിപ്പിക്കാന്‍ നമ്മുടെ പാഠപുസ്തകങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്.മലയാള ചെറുകഥകളില്‍തന്നെ  പത്തോപതിനൊന്നോ വയസ്സ് പ്രായമുള്ള കുട്ടികള്‍ക്കു വായിച്ചാസ്വദിക്കാന്‍ കഴിയുന്ന കഥകള്‍ വിലിലെണ്ണാവുന്നവയേ ഉള്ളു.അത്തരം നല്ല കഥകളില്‍ ചിലത് പാഠപുസ്തകത്തില്‍ സ്ഥാനം പിടിച്ചത് കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നു.അഞ്ചാം ക്ലാസില്‍ ഉറൂബിന്റെ 'കോയസ്സനും' അഷിതയുടെ 'മയില്‍പ്പിലിസ്പര്‍ശ'വും മാധവിക്കുട്ടയുടെ 'വേനലിന്റെ ഒഴിവും' കുട്ടികള്‍ ഹൃദയത്തിലേറ്റുവാങ്ങിയ കഥകളാണ്.അത് പഠിപ്പിച്ചപ്പോള്‍ കുട്ടികളില്‍നിന്നുണ്ടായ പ്രതികരണങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കുഞ്ഞുങ്ങളുടെ മനസ്സിനെ ആവേശിക്കാനുള്ള കഥയെഴുത്തിന്റെ  ശക്തിക്കുമുന്നില്‍ ഞാനന്ന് അമ്പരന്നുപോയി.

 കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ വായിച്ച് അസ്വദിക്കാന്‍ കഴിയുന്ന കഥയാണ് ആറാം ക്ലാസ്സ് അടിസ്ഥാനപാഠാവലിയില്‍ ഉള്‍പ്പെയുത്തിയിട്ടുള്ള പി. വത്സലയുടെ 'തേങ്ങ'.തമിഴ്നാട്ടില്‍ നിന്നും ഇവിടെ വീട്ടുജോലിക്കെത്തുന്ന അക്കമ്മ എന്ന പെണ്‍കുട്ടിയുടെ അതിലോലമായ മാനസിക ഭാവങ്ങള്‍ തെളിഞ്ഞ ഭാഷയില്‍ കഥയില്‍ ആവിഷ്ക്കരിച്ചിരിക്കുന്നു.സ്വന്തം നാടും വീടും മാതാപിതാക്കളെയും ഉപേക്ഷിക്കേണ്ടിവന്നതിലുള്ള മാനസിക വ്യഥകള്‍ക്കിടയിലും അവളുടെ സൗമ്യമായ  സ്നേഹം ജോലിചെയ്യുന്ന വീട്ടിലെ കുടംബാംഗങ്ങളിലേക്കും പ്രകൃതിയിലേക്കും  പടരുന്നത് നമുക്ക് കഥയില്‍ നിന്നും വായിച്ചെടുക്കാം.കഥ പഠിച്ചു തീര്‍ന്നതോടെ അക്കമ്മ കുട്ടികളുടെ പ്രയപ്പെട്ട കഥാപ്പാത്രമായി മാറി.അക്കമ്മയുടെ വക്കും പ്രവൃത്തിയും ചിന്തയുമൊക്കെ കുട്ടികള്‍ വിശകലനം ചെയ്തു.അവളുടെ സ്നേഹത്തിന്റെ  ആഴം അവര്‍ വാക്കുകള്‍ കൊണ്ട് അളക്കാന്‍ ശ്രമിച്ചു.വീട്ടുകാരിയ്ക്ക് തിരിച്ച് അക്കമ്മയോട് തോന്നിയ സ്നേഹത്തിന്റെ അര്‍ത്ഥതലങ്ങള്‍ കുട്ടികള്‍ കഥയില്‍ നിന്നും വായിച്ചെടുത്തു. 

ആദ്യവായനയ്ക്ക് ശേഷം കുട്ടികള്‍ കഥയിലൂടെ ഒരു സര്‍ഗ്ഗസഞ്ചാരം നടത്തുകയുണ്ടായി.കുട്ടികളെ കഥയിലേക്ക് വലിച്ചടുപ്പിച്ചത് ഈ പ്രവര്‍ത്തനമായിരുന്നു.എങ്ങനെയായിരുന്നു ഈ സര്‍ഗ്ഗസഞ്ചാരം?

 കുട്ടികളെ നാലു ഗ്രൂപ്പുകളായിതിരിച്ചു.ഓരോ ഗ്രൂപ്പിലും ആറോ ഏഴോ പേര്‍.
കഥവായിച്ചപ്പോള്‍ ഓരോഗ്രൂപ്പും  തങ്ങളുടെ മനസ്സില്‍ തട്ടിയ അഞ്ചു ദൃശ്യങ്ങള്‍ കണ്ടെത്തി നോട്ടു പുസ്തകത്തില്‍ എഴുതുക എന്നതായിരുന്നു ആദ്യ പ്രവര്‍ത്തനം.ഈ ദൃശ്യങ്ങള്‍ ക്ലാസില്‍ നാടകസങ്കേതം ഉപയോഗിച്ച് അവതരിപ്പിക്കാന്‍ കഴിയുന്നതായിരിക്കണം.

ഗ്രൂപ്പില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ വന്നു.കഥയില്‍ നിന്ന്  ഓരോരുത്തരുടേയും മനസ്സില്‍ പതിഞ്ഞ  ദൃശ്യങ്ങള്‍ വ്യത്യസ്തമാണ്.എന്തു ചെയ്യും?
കുട്ടികള്‍ തന്നെ പരിഹാരം കണ്ടെത്തി.ആദ്യം വ്യക്തിപരമായി കണ്ടെത്തിയെഴുതുക.അത് ഗ്രൂപ്പില്‍ അവതരിപ്പിക്കുക.അതില്‍ നിന്നും മികച്ചത് തെരഞ്ഞെടുത്ത് ഗ്രൂപ്പില്‍ ക്രോഡീകരിക്കുക.


 കഥ തിരിച്ചും മറിച്ചും വായിക്കണം.കഥയെ ഒരു സിനിമയിലെന്നപോലെ മനസ്സില്‍ പ്രൊജക്ട് ചെയ്യണം.എങ്കില്‍ മാത്രമേ കഥയെ മറ്റൊരു രൂപത്തില്‍ ആവിഷ്ക്കരിക്കാന്‍ കഴിയൂ.
കുറച്ച് സമയത്തിനുള്ളില്‍ കുട്ടികള്‍ തങ്ങളുടെ ജോലി പൂര്‍ത്തിയാക്കി.കഥയില്‍ നിന്നും മികച്ച അഞ്ചു ദൃശ്യങ്ങള്‍ ഓരോ ഗ്രൂപ്പും കണ്ടെത്തിയിരിക്കുന്നു.അതിന്റെ പൊതുവായ അവതരണം ക്ലാസില്‍ നടന്നു.


ഒരു ഗ്രൂപ്പ് എന്തൊക്കെയാണ് കണ്ടെത്തിയിരിക്കുന്നതെന്ന് പരിശോധിക്കാം.
  • പട്ടണത്തില്‍ വന്നു നില്‍ക്കുന്ന ബസ്സ്.അതില്‍ നാടോടികളും വഴിവാണിഭക്കാരും പെട്ടി ഭാണ്ഡങ്ങളും അലുമീനിയപ്പാത്രങ്ങള്‍ നിറച്ച വലിയ ചാക്കുകെട്ടുകളും കുരങ്ങനും കുട്ടികളും തത്തക്കൂടും.ബസ്സിലിരിക്കുന്ന അക്കമ്മയും കാളിമുത്തുവും ശങ്കരണ്ണനും.
  • അക്കമ്മയ്ക്കും ശങ്കരണ്ണനും ചായയും പുട്ടും നല്കുന്ന വീട്ടുകാരി സ്ത്രീ.
  • ഉയരത്തിലുള്ള വെന്റിലേറ്ററിലൂടെ നട്ടപ്പാതിരയ്ക്ക് മഴയിലേക്ക് നോക്കി നില്‍ക്കുന്ന അക്കമ്മ.
  • പുലര്‍ച്ചെ തെങ്ങിന്‍ തോട്ടത്തില്‍നിന്നും തേങ്ങ പെറുക്കിയെടുക്കുന്ന അക്കമ്മ.
  • അക്കമ്മയെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന വീട്ടുകാരി.തൊട്ടടുത്ത് സംഗീതച്ചേച്ചി.


ഇനി ഓരോ ഗ്രൂപ്പിന്റേയും മുന്നിലുള്ള വെല്ലുവിളി ഇതില്‍ നിന്നും മികച്ച മൂന്നു ദൃശ്യങ്ങള്‍ തെരഞ്ഞെടുത്ത് ക്ലാസില്‍ അവതരിപ്പിക്കുക എന്നതാണ്.അവതരണത്തിന് അകമ്പടിയായി   ഗ്രൂപ്പിലെ ഒരു കുട്ടി ഈ ദൃശ്യത്തിന്റെ പശ്ചാത്തല വിവരണം (കഥയില്‍ നിന്നും തെരഞ്ഞെടുത്തത്) വായിക്കണം.
അവതരണത്തിനായുള്ള ദൃശ്യങ്ങളുടെ  തെരഞ്ഞെടുപ്പ്, അതിന്റെ പശ്ചാത്തല വിവരണം കഥയില്‍ നിന്നും കണ്ടെത്തല്‍,റിഹേഴ്സല്‍ എന്നിവയ്ക്കായി പതിനഞ്ചു മിനുട്ട് സമയം അനുവദിച്ചു.


ഓരോ നിശ്ചല ദൃശ്യത്തിന്റേയും പശ്ചാത്തല വിവരണം കഥയില്‍ നിന്നും കണ്ടെത്തുക എന്നത് താരതമ്യേന എളുപ്പമായിരുന്നു.അത് നന്നായി വായിച്ചവതരിപ്പാനുള്ള കുട്ടികളെ - ഒരു ദൃശ്യത്തിന് ഒരു കുട്ടിയെന്ന രീതിയില്‍ കണ്ടെത്തി.പിന്നെ റിഹേഴ്സല്‍..

കഥയിലെ മൂന്നു നിശ്ചല ദൃശ്യങ്ങള്‍ രംഗത്ത് അവതരിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ളതല്ല.പശ്ചാത്തല വിവരണമുണ്ടെങ്കിലും ഇവ കാണുന്നവര്‍ക്ക് ബോധ്യപ്പെടണം. അത് കാഴ്ചക്കാരുമായി എത്രമാത്രം സംവദിച്ചു എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും മറ്റു ഗ്രൂപ്പുകള്‍ അതിനെ വിലയിരുത്തുക.അക്കമ്മ സഞ്ചരിക്കുന്ന ബസ്സ്,തെങ്ങിന്‍ തോപ്പ്,അടുക്കളയിലെ സിങ്കിനു മുന്നില്‍ നിന്ന്പാത്രങ്ങള്‍ കഴുകിത്തുടയ്ക്കുന്ന അക്കമ്മ...ഒക്കെ എങ്ങനെ അവതരിപ്പിക്കും?
ഗ്രൂപ്പില്‍ ഗംഭീരമായ ചര്‍ച്ചകളും തര്‍ക്കങ്ങളും വിയോജിപ്പുകളും യോജിപ്പുകളുമൊക്കെ നടക്കുന്നു..

കൂടുതല്‍ പ്രോപ്പുകള്‍ ശേഖരിക്കാനൊന്നും കുട്ടികള്‍ക്ക് സമയമുണ്ടായിരുന്നില്ല.ക്ലാസിലും പരിസരത്തും ലഭ്യമായവമാത്രമായിരുന്നു അവരുടെ കൈമുതല്‍.


 ഒടുവില്‍ അവതരണം.അദ്യത്തെ ദൃശ്യം സജ്ജീകരിക്കുന്നതിന് രണ്ടോ മൂന്നോ മിനുട്ട് സമയം.ആ ദൃശ്യം ഫ്രീസ് ചെയ്യുന്നു.ഗ്രൂപ്പിലെ ഒരു കുട്ടി പശ്ചാത്തല വിവരണം കഥയില്‍ നിന്നും വായിക്കുന്നു.ദൃശ്യം രണ്ടാമത്തതിലേക്കു മാറുന്നു.പശ്ചാത്തല വിവരണം മറ്റൊരു കുട്ടിയുടെ വക.ഫ്രീസ്.ഇനി മൂന്നാമത്തെ ദൃശ്യത്തിലേക്ക്..
ഓരോ അവതരണത്തേയും മറ്റു കുട്ടികള്‍  കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു...
എല്ലാ ഗ്രൂപ്പുകളുടേയും അവതരണത്തിനു ശേഷം വിലയിരുത്തല്‍.


ഓരോ അവതരണവും കഥയോട് എത്രമാത്രം നീതി പുലര്‍ത്തി? അവതരണം കാഴ്ചക്കാരുമായി എങ്ങനെ  സംവദിച്ചു?ഓരോന്നിന്റേയും ഗുണങ്ങളും പോരായ്മകളും എന്തൊക്കെയായിരുന്നു?

ഗ്രൂപ്പുകള്‍ പരസ്പരം ഫീഡ് ബാക്കുകള്‍ നല്‍കി.അവതരണത്തെ സത്യസന്ധമായി വിലയിരുത്തി.



ഈ ഒറ്റ പ്രവര്‍ത്തനത്തിലൂടെ ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും കഥ ഏറെ പരിചിതമായി.അതിലെ ഓരോ കഥാപ്പാത്രവും കുട്ടികള്‍ക്ക് മനഃപ്പാഠമായി.
കഥയിലൂടെ കുട്ടികള്‍ പലതവണ സഞ്ചരിച്ചിരിക്കുന്നു.കഥയുമായി ബന്ധപ്പെട്ട ഏത് ചോദ്യങ്ങള്‍ക്കും കുട്ടികളുടെ പക്കല്‍ ഉത്തരമുണ്ട്.കഥയുടെ ഘടനയെക്കുറിച്ച്,കഥയില്‍ ഉപയോഗിച്ച ഇമേജുകളെക്കുറിച്ച്,കഥാപ്പാത്രങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിച്ച്...


അക്കമ്മ എന്ന കഥാപ്പാത്രത്തെ അവര്‍ക്ക് നന്നായി വിശകലനം ചെയ്യാന്‍ കഴിയും.കഥയില്‍ കഥാകൃത്ത് പറയാതെ ഒളിച്ചുവെച്ച കാര്യങ്ങള്‍ അവര്‍ക്ക് കണ്ടെത്താന്‍ കഴിയും...


കഥ പഠിപ്പിച്ചു കഴിഞ്ഞപ്പോള്‍ ഒരു സംഭവമുണ്ടായി.ഒറ്റദിവസം കൊണ്ട് ക്ലാസ്സില്‍ പലരും കഥയെഴുത്തുകാരായി മാറിയിരിക്കുന്നു.അവര്‍ സാധാരണയായി എഴുതാറുളള പൂച്ചയുടേയും പട്ടിയുടേയും കുറുക്കന്റെയും കഥയല്ല.മനുഷ്യരുടെ കഥ.അവരുടെ വേദനയുടെ കഥ.
അവര്‍ സ്വകാര്യമായിവന്ന് കഥ എന്നെ കാണിക്കും.ഞാന്‍ കഥ ശ്രദ്ധാപൂര്‍വ്വം വായിക്കും. അഭിപ്രായങ്ങള്‍ പറയും.ചില കഥകള്‍  ക്ലാസില്‍ വായിച്ച് അവതരിപ്പിക്കും.അപ്പോള്‍ കുട്ടിയുടെ മുഖം സന്തോഷംകൊണ്ട് വികസിക്കും.

ഇനി കുട്ടികളെ ചെറുകഥകളുടെ വായനയിലേക്കാണ് നയിക്കേണ്ടത്.മലയാളത്തിലെ പ്രശസ്തരായ കഥാകൃത്തുക്കളുടെ, കുട്ടികള്‍ക്ക് വായിച്ച് ആസ്വദിക്കാന്‍ കഴിയുന്ന ചെറുകഥകളുടെ സമാഹാരം അവര്‍ക്ക് നല്‍കാന്‍ കഴിയണം.ബാലസാഹിത്യത്തില്‍ നിന്നും ഗൗരവമേറിയ വായനയിലേക്ക് അപ്പോഴാണ് കുട്ടികള്‍ പ്രവേശിക്കുക.അത്തരത്തിലുള്ള ഒരു പുസ്തകം മലയാളത്തില്‍ ഇന്നുവരെ ഇറങ്ങിയിട്ടില്ല.അങ്ങനെയൊരു പുസ്തകമിറക്കാന്‍ നമ്മുടെ പുസ്തകപ്രസാധകര്‍ മന്നോട്ടു വന്നിരുന്നെങ്കില്‍ എത്രനന്നായിരുന്നു.




 

1 comment:

  1. Fhshsssbdbdbdnrnrnbebebrbrbfbrbrnenenenenenenenneenenen

    ReplyDelete