ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Saturday, 18 June 2016

ക്ലാസ് ലൈബ്രറികള്‍ കുട്ടികളെ വായനയിലേക്കു നയിക്കും


ഈ വര്‍ഷത്തെ വായനാവാരം ഗംഭീരമായ ആഘോഷമാക്കി മാറ്റാന്‍ തയ്യാറെടുക്കുകയാണ് നമ്മള്‍.ഇതിനിടയില്‍ ഒരു കാര്യം മറന്നുപോകരുത്.കുട്ടികളെ വായനയിലേക്ക് നയിക്കുക എന്നത് അധ്യാപകരുടെ നിരന്തര ശ്രദ്ധയും പ്രചോദനവും ആവശ്യമായ പ്രവര്‍ത്തനമാണ്.അത് ഒരാഴ്ചത്തെ ആഘോഷം കൊണ്ട് അവസാനിപ്പിക്കേണ്ടതല്ല.വര്‍ഷം മുഴുവന്‍ അത് നീണ്ടുനില്‍ക്കണം.ഈ വര്‍ഷം എന്റെ വിദ്യാലയത്തില്‍ എത്ര കുട്ടികളെ നല്ല വായനക്കാരാക്കി മാറ്റാന്‍ കഴിഞ്ഞു  എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ വിജയം.പുസ്തകത്തെ ഇഷ്ടപ്പെടുന്ന,നല്ല വായനക്കാരായ അധ്യാപകര്‍ക്കു മാത്രമേ കുട്ടികളെ വായനയിലേക്ക് നയിക്കാന്‍ കഴിയൂ...


 ക്ലാസിലെ കുട്ടികള്‍ എപ്പോഴാണ് നല്ല വായനക്കാരാകുന്നത്?

വിദ്യാലയത്തിലെത്തുന്ന കുട്ടികള്‍ കൂടുതല്‍ സമയവും ചെലവഴിക്കുന്നത് ക്ലാസുമുറിയിലാണ്.ക്ലാസുമുറിയിലെ അന്തരീക്ഷം കുട്ടികളെ സ്വാധീനിക്കും.അതിന്റെ ഭംഗി.അത് നല്‍കുന്ന സുരക്ഷിതത്വം.അതിലെ സൗകര്യങ്ങള്‍.കുട്ടികളുടെ സര്‍ഗസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാന്‍  സൗകര്യമുള്ള അതിന്റെ ചുവരുകള്‍. കുട്ടികള്‍ക്ക് എപ്പോഴും കാണാന്‍ പാകത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ലൈബ്രറി  പുസ്തകങ്ങള്‍... 


 ലൈബ്രറി പുസ്തകങ്ങള്‍ ക്ലാസുമുറിയില്‍ പ്രദര്‍ശിപ്പിക്കുന്നത് കുട്ടികളുടെ  വായനയെ എങ്ങനെയാണ് പരിപോഷിപ്പിക്കുക?
കുട്ടികള്‍ പുസ്തകങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടും.പുസ്തകങ്ങള്‍ അവരെ പ്രലോഭിപ്പിക്കും.അതിന്റെ ഭംഗിയുള്ള പുറംചട്ട.കട്ടുറുമ്പുകളെപ്പോലെ വരിവരിയായി സഞ്ചരിക്കുന്ന അതിലെ അക്ഷരങ്ങള്‍.അതിന്റെ താളുകളിലെ വര്‍ണ്ണ ചിത്രങ്ങളില്‍ നിന്നും ഉണര്‍ന്നെഴുന്നേല്‍ക്കുന്ന കഥാപ്പാത്രങ്ങള്‍.കുട്ടികള്‍ പുസ്തകങ്ങള്‍ തൊട്ടുനോക്കും.കൈയ്യിലെടുക്കും. മറിച്ചുനോക്കും.അതിലെ ചിത്രങ്ങള്‍ നോക്കി നില്‍ക്കും.തലക്കെട്ടുകള്‍ വായിച്ചുനോക്കും.പുസ്തകം മണത്തുനോക്കും.തിരികെ വയ്ക്കും.ഇതിനിടയില്‍ എപ്പോഴോ ഈ പുസ്തകം വായിച്ചു നോക്കണമെന്ന ആഗ്രഹം കുട്ടിയില്‍ മുളപൊട്ടും.
ഈ ആഗ്രഹമാണ് കുട്ടികളെ നല്ല വായനക്കാരാക്കി മാറ്റുന്നത്.


വര്‍ഷാവസാനമാകുമ്പോഴേക്കും വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളെയും മികച്ച വായനക്കാരാക്കുക
എന്നതാണ് ഇത്തവണത്തെ വായനാദിനത്തില്‍ ഞങ്ങള്‍ മുന്നോട്ടുവെച്ച ലക്ഷ്യം.
ഈ ലക്ഷ്യം കൈവരിക്കാന്‍ ഒരു വഴിമാത്രമേയുള്ളു എന്ന് ഞങ്ങള്‍ക്കറിയാം-ക്ലാസ് ലൈബ്രറികള്‍ ശക്തിപ്പെടുത്തുക.
ഇത്തവണത്തെ വായനാവാരാഘോഷവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ചെയ്ത ഒരു പ്രധാനപ്പെട്ട പ്രവര്‍ത്തനം ഒരോ ക്ലാസിലേയും ക്ലാസ് ലൈബ്രറികള്‍  പ്രവര്‍ത്തനക്ഷമമാക്കുക എന്നതാണ്.


എന്താണ് ക്ലാസ് ലൈബ്രറി?

കുട്ടികളുടെ സ്വതന്ത്ര വായനയെ പരിപോഷിപ്പിക്കുന്ന ഒരിടമായിരിക്കണം ക്ലാസുമുറി എന്ന ആശയത്തിന് പത്തിരുപത് വര്‍ഷത്തെ പഴക്കമുണ്ട്.അന്ന് അത് വായനമൂലയായിരുന്നു.ബാല പ്രസിദ്ധീകരണങ്ങള്‍ ക്ലാസുമുറിയില്‍ പ്രദര്‍ശിപ്പിക്കുകയും കുട്ടികളുടെ സ്വതന്ത്ര വായനയെ പ്രോത്സാഹിപ്പിക്കുകയുമായിരുന്നു അതിന്റെ ലക്ഷ്യം.എന്നാല്‍ കാലക്രമത്തില്‍ ഈ നല്ല ആശയത്തിന്റെ  പ്രാധാന്യം കുറയുകയും   മിക്കവാറും  ക്ലാസുമുറികള്‍ വായനാമൂലകളെ കൈയ്യൊഴിയുകയും ചെയ്തു.കുട്ടികളെ വായനയിലേക്കു നയിക്കുന്നതില്‍ ക്ലാസുമുറികള്‍ക്കുള്ള പ്രാധാന്യം ബോധ്യപ്പെട്ട അപൂര്‍വ്വം ചില അധ്യാപകര്‍/അധ്യാപികമാര്‍ അതിനെ മുന്നോട്ടുകണ്ടുപോയി.അത്തരം വിദ്യാലയങ്ങളിലെ കുട്ടികള്‍ വായനയിലും പഠനത്തിലും മികവ് തെളിയിച്ചു.


 ക്ലാസ് ലൈബ്രറിയെന്നാല്‍ വിദ്യാലയത്തിലെ ലൈബ്രറിയില്‍ നിന്നും ടീച്ചര്‍ പുസ്തകങ്ങള്‍ ക്ലാസിലേക്കു കൊണ്ടുവന്ന് കുട്ടികള്‍ക്ക് വിതരണം ചെയ്യലാണെന്ന്
 ധരിച്ചുവെച്ചവരുണ്ട്.പക്ഷേ,അത് ശരിയില്ല.ഏതൊക്കെ പുസ്തകങ്ങളാണ് കുട്ടി വായിക്കേണ്ടതെന്ന് ഇവിടെ ടീച്ചറാണ് നിശ്ചയിക്കുന്നത്.കുട്ടികളുടെ വായനയെക്കുറിച്ചും കുട്ടികള്‍ക്കു വേണ്ടി പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളെക്കുറിച്ചും അവരുടെ പ്രായത്തെക്കുറിച്ചും  ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചുമൊക്കെ അറിയാവുന്ന ഒരു ടീച്ചര്‍ക്ക് കുട്ടികള്‍ എന്താണ് വായിക്കേണ്ടതെന്ന് നിശ്ചയിക്കാം.അതില്‍ തെറ്റില്ല.ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുത്ത അത്തരം പുസ്തകങ്ങള്‍ തന്നെയായിരിക്കണം ക്ലാസുമുറിയില്‍ ലഭ്യമാക്കേണ്ടത്.പക്ഷേ,ലഭ്യമായ പുസ്തകത്തില്‍ നിന്നും തനിക്ക് ഇഷ്ടപ്പെട്ടത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്ക് നല്‍കണം.  വായനയില്‍ ഈ സ്വാതന്ത്ര്യം പ്രധാനമാണ്.കുട്ടികള്‍ക്ക് തനിക്കുവേണ്ട പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാനുള്ള  പ്രാപ്തിയുണ്ട്.താന്‍ സ്വന്തമായി തെരഞ്ഞെടുത്ത പുസ്തകമായിരിക്കും കുട്ടി ഏറെ ഇഷ്ടത്തോടെ വായിക്കുക. 


 പുസ്തകം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്ക് ലഭ്യമാകുന്നത് ക്ലാസുമുറിയില്‍ പുസ്തകം പ്രദര്‍ശിപ്പിക്കുമ്പോഴാണ്.കുട്ടികള്‍ക്ക്  എടുത്തുനോക്കാനും തിരികെവെക്കാനും പാകത്തിലായിരിക്കണം പുസ്തകങ്ങള്‍ സജ്ജീകരിക്കേണ്ടത്.അതിന് തടിയില്‍ കടഞ്ഞെടുത്ത തട്ടുകള്‍ വേണമെന്നില്ല.ക്ലാസുമുറിയുടെ ചുവരിനോട് ചേര്‍ത്തിട്ട കാലൊടിഞ്ഞ ഒരു ബെഞ്ച് ധാരാളം മതിയാകും.പുസ്തകം അവിടെ ആകര്‍ഷകമായി നിരത്തിവയ്ക്കണമെന്നുമാത്രം.നല്ല ചിത്രങ്ങളുള്ള പുസ്തകങ്ങള്‍ എടുക്കാനും നോക്കാനും വായിക്കാനുമൊക്കെ കിട്ടുന്ന ഒരു ക്ലാസുമുറിയായിരിക്കും കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുക.

 ക്ലാസ് ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാനകാര്യമുണ്ട്.വായനയില്‍ വിവിധ നിലവാരക്കാരായ കുട്ടികള്‍ ഉണ്ടാകും.അവരെക്കൂടി പരിഗണിക്കണം.ലളിതമായ പുസ്തകങ്ങള്‍ കൂടി കൂട്ടത്തില്‍ വേണം.കൂടാതെ വിവിധ വിഭാഗത്തില്‍ പെടുന്ന പുസ്തകങ്ങള്‍ ഉണ്ടാകണം.കഥകള്‍ മാത്രം പോര.കവിതകളും നോവലുകളും വിജ്ഞാന സാഹിത്യവുമൊക്കെ കൂട്ടത്തില്‍ വേണം.കൂടാതെ 'തളിര്', 'യൂറീക്ക' തുടങ്ങിയ ആനുകാലികങ്ങളും ദിനപ്പത്രങ്ങളും ക്ലാസ് ലൈബ്രറിയിലുണ്ടാകണം. അധ്യാപകന്റെ ഇഷ്ടങ്ങളോ മുന്‍ധാരണകളോ പുസ്തകങ്ങളുടെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കരുത്.വിജ്ഞാന സാഹിത്യം മാത്രം കുട്ടികള്‍ക്ക് തെരഞ്ഞെടുത്ത് കൊടുക്കാറുള്ള ഒരധ്യാപകനെ ഒരു വിദ്യാലയത്തില്‍ വെച്ച് പരിചയപ്പെടുകയുണ്ടായി.അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത് ഇങ്ങനെയുള്ള പുസ്തകങ്ങള്‍ വായിച്ചാല്‍ മാത്രമേ കുട്ടികളുടെ അറിവ് വര്‍ദ്ധിക്കൂ എന്നാണ്.മറ്റു പുസ്തകങ്ങള്‍ വായിക്കുന്നത് സമയം പാഴാക്കലാണു പോലും!അധ്യാപകന്റെ മുന്‍ ധാരണകള്‍ കുട്ടികളുടെ വയനയെ എങ്ങനെ മുരടിപ്പിക്കും എന്നതിന് വേറെ ഉദാഹരണങ്ങള്‍ ആവശ്യമില്ല.

ക്ലാസിലെ കുട്ടികളുടെ എണ്ണത്തിന്റെ ഇരട്ടിയോളം പുസ്തകങ്ങള്‍ ഓരോ ക്ലാസിലുമുണ്ടാകണം.എങ്കിലേ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കൂ.ക്ലാസുമുറിയുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രഥമ പരിഗണന ക്ലാസില്‍  പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിലായിരിക്കണം.  

ഇനി ക്ലാസ് ലൈബ്രറിയുടെ ചുമതല  ആര്‍ക്കായിരിക്കണം?
ക്ലാസിലെ രണ്ടു കുട്ടികളെ ലൈബ്രറിയന്‍മാരായി തെരഞ്ഞെടുക്കണം.ഒരാള്‍ മുഖ്യ ലൈബ്രേറിയനായിരിക്കണം.മറ്റേയാള്‍ സഹലൈബ്രേറിയനും.ഇവരുടെ മേല്‍നോട്ടത്തിലായിരിക്കണം പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. ആഴ്ചയില്‍ രണ്ടു ദിവസം പുസ്തകം വിതരണം ചെയ്യുന്നതിനായി നിശ്ചയിക്കണം.ഇഷ്യു രെജിസ്റ്റര്‍ സൂക്ഷിക്കേണ്ട ചുമതല ഈ കുട്ടികള്‍ക്കായിരിക്കണം.ക്ലാസ് ലൈബ്രറിയിലെ പുസ്തകങ്ങള്‍ ഭംഗിയായി അടുക്കിവയ്ക്കേണ്ടതും വൃത്തിയായി സൂക്ഷിക്കേണ്ടതും ലൈബ്രേറിയന്‍മാരുടെ ചുമതലയാണ്.കൂടാതെ പുസ്തകങ്ങള്‍ക്ക്  കേടുപാടുകള്‍ സംഭവിക്കുന്നുണ്ടോ എന്നു പരിശോധിക്കേണ്ടതും അതാതുസമയം ക്ലാസ് ടീച്ചറുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതും ലൈബ്രേറിയന്‍മാരുടെ  ചുമതലയായിരിക്കണം.പുസ്തകങ്ങള്‍ വായിച്ചു തീരുന്ന മുറയ്ക്ക് പുതിയ പുസ്തകങ്ങള്‍ കൊണ്ടുവരേണ്ട കാര്യം ക്ലാസ് ടീച്ചറെ ഓര്‍മ്മിപ്പിക്കേണ്ടതും ഈ  ലൈബ്രേറിയന്‍മാരായിരിക്കണം.


കുട്ടികളെ പുസ്തകങ്ങളിലേക്ക് അടുപ്പിക്കാന്‍ ക്ലാസ് ടീച്ചറുടെ ഇടപെടല്‍ എങ്ങനെയായിരിക്കണം?
ആഴ്ചയില്‍ ഒരു പിരീയഡെങ്കിലും കുട്ടികളുടെ വായന വിലയിരുത്താനും പ്രോത്സാഹിപ്പിക്കാനും നീക്കിവയ്ക്കണം.കഴിഞ്ഞ ആഴ്ച ആരൊക്കെ ഏതൊക്കെ പുസ്തകങ്ങള്‍ വായിച്ചു എന്നു പറയാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കിക്കൊണ്ടായിരിക്കണം ഇത്.കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങളെക്കുറിച്ച് ക്ലാസില്‍ പറയാം.വായിച്ച പുസ്തകങ്ങളില്‍ ക്ലാസിലെ മുഴുവന്‍ കുട്ടികളും വയിക്കണമെന്ന് ആഗ്രഹിക്കുന്ന പുസ്തകങ്ങള്‍ ഏതൊക്കെയാണെന്നു ചോദിക്കാം.എന്തുകൊണ്ടാണ് എല്ലാവരും വായിക്കണമെന്നു പറയുന്നത്?കുട്ടികള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ അവസരം നല്‍കാം.കൂടുതല്‍ കുട്ടികള്‍ വായിച്ച പുസ്തകങ്ങളെക്കുറിച്ച് പുസ്തക ചര്‍ച്ച സംഘടിപ്പിക്കാം.വായനാക്കുറിപ്പുകള്‍ എഴുതാന്‍ അവസരം നല്‍കാം.കുട്ടികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കണമെന്നു തോന്നുന്ന പുസ്തകങ്ങള്‍ ക്ലാസില്‍ പരിചയപ്പെടുത്താം. ക്ലാസിലെ മികച്ച വായനക്കാരെ ഓരോ മാസവും കണ്ടെത്തി സമ്മാനങ്ങള്‍ വിതരണം ചെയ്യാം.


വായനയില്‍ പ്രയാസമുള്ള കുട്ടികളെയോ?
ഇവര്‍ പുസ്തകവായനയില്‍ താത്പര്യം കാണിക്കണമെന്നില്ല.ഈ കുട്ടികളുടെ പ്രധാനപ്രശ്നം വായിച്ച് ആശയം ഗ്രഹിക്കാന്‍ കഴിയാത്തതായിരിക്കും.അവര്‍ക്ക് ലളിതമായ പുസ്തകങ്ങള്‍ നല്‍കണം.ഈ പുസ്തകങ്ങള്‍ വായിക്കാന്‍ പ്രേരിപ്പിക്കണം.ഓരോ ഭാഗവും വായിച്ചാല്‍ അതിലെ കഥ എന്താണെന്നു ചോദിക്കാം.വീണ്ടു വായിപ്പിക്കാം.കഥ പറയിക്കാം.ഇങ്ങനെ ഈ കുട്ടികളെ പതുക്കെ ആശയഗ്രഹണ വായനയിലേക്കു കൊണ്ടുവരാം.


കുട്ടികളുടെ വായന പരിപോഷിപ്പിക്കാന്‍ രക്ഷിതാക്കളുടെ പിന്തുണയും ഉറപ്പാക്കണം.വായന കുട്ടിയുടെ പഠനത്തെ എങ്ങനെയെല്ലാം സഹായിക്കും എന്നതിനെക്കുറിച്ച് ക്ലാസ് പി.ടി.എ യില്‍ ചര്‍ച്ച ചെയ്യണം.വായിക്കാന്‍ പ്രയാസമുള്ളവര്‍ക്ക്  എങ്ങനെയെല്ലാം പിന്തുണ നല്‍കണം എന്നതിനെക്കുറിച്ച് രക്ഷിതാക്കള്‍ ധാരണ കൈവരിക്കണം. എങ്കില്‍ മാത്രമേ വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളേയും മികച്ച വായനക്കാരാക്കുക എന്ന നേട്ടം കൈവരിക്കാന്‍ നമുക്ക് കഴിയൂ.മികച്ച പുസ്തകങ്ങള്‍ വായിക്കാന്‍ കിട്ടുക എന്നത് കുട്ടികളുടെ അവകാശമാണ്.കുട്ടികളുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്താന്‍ നല്ല പുസ്തകങ്ങള്‍ക്കു കഴിയും. 


 

1 comment: