ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Sunday, 26 June 2016

'അരങ്ങൊരുക്കല്‍' കുട്ടികളെ നല്ല ചിത്രമെഴുത്തുകാരാക്കി


ഒന്നാം ക്ലാസിലെ കുട്ടികള്‍ ഏറെ ആഹ്ളാദത്തിലാണ്.
കഴിഞ്ഞ മൂന്നാഴ്ചയായി ക്ലാസില്‍ 'അരങ്ങൊരുക്കല്‍' പ്രവര്‍ത്തനമാണ് നടക്കുന്നത്.കുട്ടികളുടെ സര്‍ഗ്ഗാത്മക ആവിഷ്ക്കാരത്തിനുള്ള ധാരാളം അവസരങ്ങള്‍ ഈ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുകയുണ്ടായി.ചിത്രം വരയ്ക്കല്‍,കളികള്‍,നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍,കൊളാഷുകള്‍,നാടക കളികള്‍,കഥ കേള്‍ക്കല്‍,കഥ പറയല്‍, പാട്ടുപാടല്‍,കഥാപുസ്തകങ്ങള്‍ വായിച്ചു കേള്‍ക്കല്‍...


ക്ലാസിലേക്ക് പോകുമ്പോഴൊക്കെ കുട്ടികളുടെ ചിരിക്കുന്ന മുഖമാണ് നമ്മെ ഏതിരേല്‍ക്കുക.കുട്ടികള്‍ക്ക് ക്ലാസില്‍ സഞ്ചാര സ്വാതന്ത്ര്യമുണ്ട്.ക്ലാസില്‍ അവര്‍ക്ക് കളിക്കാം.ഇഷ്ടമുള്ളിടത്ത് ഇരിക്കാം.ചിലപ്പോള്‍ നിലത്ത് കമിഴ്ന്ന് കിടന്ന് കുട്ടികള്‍ ചിത്രം വരയ്ക്കുന്നതു കാണാം.ശിശു സൗഹൃദ ഫര്‍ണ്ണിച്ചര്‍ എന്നു വിളിപ്പേരുള്ള എടുത്താപൊങ്ങാത്ത ഡസ്ക്കുകളോ ഇരിപ്പിടങ്ങളോ ഒന്നും ക്ലാസിലില്ല.കുട്ടികളുടെ ഭാഗ്യം.ഉള്ളത് കുറച്ചു ബെഞ്ചുകള്‍ മാത്രം.അത് വൃത്താകൃതിയില്‍ ടീച്ചര്‍ ക്രമീകരിച്ചിരിക്കുന്നു.

 ഒഴിവുസമയത്ത് ഒന്നാം ക്ലാസിന് മുന്നിലൂടെ നടന്നാല്‍ കുട്ടികള്‍ ഓടിയെത്തും.'മാഷേ...'എന്ന് ഉച്ചത്തില്‍ വിളിക്കും.കൈയില്‍ പിടിച്ച് ക്ലസിലേക്ക് വലിക്കും.അവര്‍ വരച്ച ചിത്രങ്ങള്‍ കാണിച്ചു തരും.അതിന്റെ ഫോട്ടോ എടുക്കാന്‍ പറയും.

ഇന്നാളൊരു ദിവസം ഒന്നാം ക്ലാസിലേക്ക് ചെന്നപ്പോള്‍ കുട്ടികള്‍ നിലത്ത് ചിത്രം വരയ്ക്കുകയായിരുന്നു.ടൈല്‍സിട്ട തറ മുഴുവന്‍ ചോക്കു കൊണ്ടുള്ള ചിത്രങ്ങള്‍.പാമ്പും പൂച്ചയും മുയലും എലിയും തവളയുമൊക്കെ ചിത്രത്തിലുണ്ട്.അന്നു രാവിലെ ടീച്ചര്‍ പറഞ്ഞുകൊടുത്ത പാമ്പിന്റെ കഥയ്ക്ക് ഇല്ലസ്ട്രേഷന്‍ നടത്തുകയാണവര്‍.ഓരോകുട്ടിയുടെയുടേയും അടുത്തു പോയി ടീച്ചര്‍ അവരോട് ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്.കുട്ടികള്‍ തങ്ങള്‍ വരച്ച ചിത്രത്തെക്കുറിച്ച് ടീച്ചര്‍ക്ക് വിശദീകരിച്ച് കൊടുക്കുന്നു.


ഞാന്‍ ഒരു മിടുക്കനോട് അവന്റെ ചിത്രത്തിലേക്കു ചൂണ്ടി വെറുതെ  ചോദിച്ചു.
"നല്ല തടിയന്‍ പാമ്പാണല്ലോ..ഇതെങ്ങോട്ടാണ് പോകുന്നത്?”
"അങ്ങ് കുളത്തിനടുത്തേക്ക്.അവിടയാണ് പാമ്പിന്റെ വീട്.കൂടെ മുയലുമുണ്ട്.അവരെ കാത്ത് പൂച്ചയും കോഴിയുമുണ്ട്.അവര്‍ കുളത്തില്‍ നിന്ന് വെള്ളം കുടിച്ചു..എന്നിട്ട് നേരെ ആതിരേച്ചിയുടെ വീട്ടിന്റെ മുന്നിലൂടെ പോയി...”


"ആതിരേച്ചിയുടെ വീടെവിടെ?”
"ഈ കുളത്തിന്റെ അപ്പുറത്ത്... കുളത്തില്‍ ഒരു പാട് മീനുണ്ട്."ചോക്കുകൊണ്ട് വരച്ച ഒരു വൃത്തം ചൂണ്ടിക്കാട്ടി അവന്‍ പറഞ്ഞു. 


ഞാന്‍ അത്ഭുതപ്പെട്ടുപോയി!അവന്‍ ചിത്രത്തിലൂടെ ഒരു യാത്ര നടത്തുകയാണ്.ഒരു തരം സര്‍ഗ്ഗാത്മക യാത്ര.യാത്ര നടത്തണമെങ്കില്‍ അവന്റെ അനുഭവ പരിസരം ചിത്രത്തിലേക്ക് സന്നിവേശിപ്പിച്ചാലെ പറ്റൂ.ഭാഷ കൊണ്ടാണ്  അവനിതു സാധ്യമാകുന്നത്.നിലത്തു വലുതായി വരച്ചിട്ട അസംഖ്യം ഇമേജുകള്‍ അവന്റെ ഭാവനയെ ഉത്തേജിപ്പിക്കുന്നുണ്ട്.


ടീച്ചര്‍ പറഞ്ഞുകൊടുത്ത കഥ ഇവിടെ നിരവധി കഥകളായി രൂപാന്തരപ്പെടുകയാണ് ചെയ്യുന്നത്.അതുകൊണ്ടാണ് കുട്ടികളുടെ വര അവരുടെ ഭാഷാ ശേഷികളുടെ വളര്‍ച്ചയെ ഏറെ സ്വാധീനിക്കും എന്നു പറയുന്നത്.

മൂന്നാഴ്ച നീണ്ടുനിന്ന അരങ്ങൊരുക്കല്‍ പ്രവര്‍ത്തനം കുട്ടികളുടെ വരയില്‍ എന്തുമാറ്റമാണുണ്ടാക്കിയത്?പരിശോധിച്ചു നോക്കാം.


പൂജ വരച്ച രണ്ടു ചിത്രങ്ങളാണിത്.ഒന്നാമത്തേത്  ആദ്യ ആഴ്ച വരച്ചത്.രണ്ടാമത്തേത് കഴിഞ്ഞ ദിവസം വരച്ചത്.രണ്ടു ചിത്രങ്ങളും പരിശോധിച്ചാല്‍ പൂജയുടെ വരയില്‍ ഗുണപരമായ മാറ്റം കാണാന്‍ കഴിയും.ആദ്യ ചിത്രത്തിലെ ഇമേജുകള്‍ ഫ്ലോട്ടിങ്ങ് ആണ്.എലികളും പൂച്ചകളും ആകാശത്തിലൂടെ പറന്നു നടക്കുകയാണ്.നിറം നല്‍കിയത് വരയ്ക്ക് പുറത്തായിരിക്കുന്നു.വൈവിധ്യമാര്‍ന്ന നിറങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടില്ല.
രണ്ടാമത്തെ ചിത്രത്തിലേക്കു വരുമ്പോള്‍ പൂജയുടെ വര കുറേക്കൂടി ബോള്‍ഡായിരിക്കുന്നു.നല്ല ആത്മ വിശ്വാസത്തോടെയാണ് അവള്‍ ചിത്രം വരച്ചിരിക്കുന്നത്.ചിത്രത്തില്‍ ഇമേജുകളുടെ ആധിക്യം കാണാം.ചിത്രത്തില്‍ ഫ്ലോട്ടിങ്ങ് ഇമേജുകള്‍ ഇല്ല.ഒരു ബേസ് ലൈനിനെ അടിസ്ഥാനമാക്കിയാണ് ഇമേജുകള്‍ വിന്യസിച്ചിരിക്കുന്നത്.നിറങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ഉപയോഗിച്ചിരിക്കുന്നു.ചിത്രത്തിലെ ഇമേജുകളുടെ ആപേക്ഷിക വലുപ്പം പാലിച്ചിരിക്കുന്നു.
ഇതുപോലെ ക്ലാസിലെ ഓരോ കുട്ടിയുടേയും ചിത്രം പരിശോധിച്ചാല്‍ ഗുണപരമായ മാറ്റം കാണാന്‍ കഴിയും.



കുട്ടികള്‍ വര പതുക്കെ പതുക്കെ   സ്വായത്തമാക്കിയിരിക്കുന്നു.ചിത്രങ്ങളിലെ മൂര്‍ത്തമായ ബിംബങ്ങളില്‍ നിന്നുമാണ് അമുര്‍ത്തമായ അക്ഷരങ്ങളിലേക്കും എഴുത്തു ഭാഷയിലേക്കും കുട്ടി കടക്കുന്നത്. ഇവിടെ ചിത്രം വര എന്നത് എഴുത്തുഭാഷയലേക്ക് കടക്കുന്നതിനുള്ള മുന്നൊരുക്കം കൂടിയാണ്.
 

കുട്ടികളുടെ വരയില്‍ ഗുണപരമായ മാറ്റമുണ്ടാക്കാന്‍ ടീച്ചര്‍ ക്ലാസില്‍ എന്തൊക്കെയാണ് ചെയ്തത്?
ഇവിടെ ചിത്രം വര എന്നത് കേവലമായ പ്രവര്‍ത്തനമല്ല.അതൊരു ഭാഷാ പ്രവര്‍ത്തനം കൂടിയാണ്.ടീച്ചര്‍ പറഞ്ഞുകൊടുത്ത അല്ലെങ്കില്‍ വായിച്ചുകേട്ട കഥയായിരിക്കും കുട്ടികള്‍ വരയ്ക്കുന്നത്. വരച്ച ചിത്രങ്ങള്‍ എല്ലാകുട്ടികള്‍ക്കും പരസ്പരം കാണാനുള്ള അവസരം ടീച്ചര്‍ ക്ലാസില്‍ ഒരുക്കുന്നുണ്ട്


'കഥയില്‍ പറഞ്ഞ കാര്യങ്ങളൊക്കെ ചിത്രത്തില്‍ വന്നിട്ടുണ്ടോ?കൂടുതലായി എന്തൊക്കെയാണ് വരച്ചിട്ടുള്ളത്?ഈ ചിത്രം ഇഷ്ടപ്പെട്ടോ?എന്തുകൊണ്ട്?'തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ടീച്ചര്‍  ചിത്രങ്ങള്‍
പരസ്പരം വിലയിരുത്തുന്നതിലേക്ക് കുട്ടികളെ നയിക്കുന്നത്.പിന്നീട് തങ്ങള്‍ വരച്ച ചിത്രത്തെക്കുറിച്ച് കുട്ടികള്‍ക്ക് സംസാരിക്കാനുള്ള അവസരമാണ്.ഓരോരുത്തരും പറയുന്നത് എല്ലാവരും കേള്‍ക്കുന്നു.ആദ്യഘട്ടത്തില്‍ ഭൂരിഭാഗം കുട്ടികളും ചിത്രത്തിലെ വസ്തുക്കളുടെ പേരുകള്‍ മാത്രമാണ് പറഞ്ഞിരുന്നത്.പിന്നീട് തങ്ങളുടെ ചിത്രത്തെക്കുറിച്ച് ദീര്‍ഘമായി സംസാരിക്കാന്‍ കുട്ടികള്‍ പ്രാപ്തി നേടി.അവര്‍ ചിത്രത്തില്‍ നിന്നും പുതിയ കഥകള്‍തന്നെ മെനഞ്ഞെടുത്തു. 

ഇനി എഴുത്തുഭാഷ സ്വായത്തമാക്കാനുള്ള പ്രവര്‍ത്തനത്തിലേക്കായിരിക്കും കുട്ടികള്‍ കടക്കുക.പഠനത്തിന്റെ അടുത്ത പടി ചവുട്ടിക്കയറാന്‍ അരങ്ങൊരുക്കല്‍
പ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക് ഏറെ സഹായകമാകും എന്ന കാര്യത്തില്‍ സംശയമില്ല.


















 

No comments:

Post a Comment