ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Saturday 26 August 2017

ഒന്നാം ക്ലാസുകാര്‍ മഴ വരയ്ക്കുന്നു


....Thus we see that drawing is graphic speech that arises on the basis of verbal speech. The schemes that distinguish children's first drawings are reminiscent in this sense of verbal concepts that communicate only the essential features of objects.This gives us grounds for regarding children's drawing as a preliminary stage in the development of written language.
L.S.Vygotsky(Mind in Society..Page 112)

ഒന്നാം ക്ലാസുകാര്‍ മഴ വരയ്ക്കുന്നു.പുറത്ത് ശക്തമായ കാറ്റും മഴയും. വരയ്ക്കുന്നതിനിടയില്‍ അവര്‍ ഇടയ്ക്കിടെ ജനാലയിലൂടെ മഴയിലേക്ക് നോക്കുന്നുണ്ട്.മുന്നിലെ മൈതാനത്തെ അതിരിടുന്ന ഇരുണ്ട പച്ച നിറമാര്‍ന്ന മരങ്ങളും മരങ്ങള്‍ക്ക് മുകളില്‍ ചാഞ്ഞുപെയ്യുന്ന മഴയും.പക്ഷേ, അവര്‍ പുറത്തേക്ക് വെറുതെ നോക്കുന്നതേയുള്ളു.ആ കാണുന്ന കാഴ്ചകളൊന്നുമല്ല അവര്‍ വരയ്ക്കുന്നത്.മഴ എന്ന അനുഭവം തനി നാട്ടിന്‍പുറത്തു താമസിക്കുന്ന ഒരു അഞ്ചു വയസ്സുകാരിയുടെ  മനസ്സില്‍ രൂപപ്പെടുത്തിയ ചില ബിംബങ്ങളുണ്ട്.ഇതാണ് അവര്‍ കടലാസിലേക്ക് പകര്‍ത്തുന്നത്.


 മഴ നനയുന്ന മരങ്ങള്‍,ആകാശത്ത് ഉരുണ്ട് കൂടിയിരിക്കുന്ന മേഘങ്ങള്‍,മേഘങ്ങള്‍ക്കു താഴെ വിരിയുന്ന മഴവില്ല്,താഴോട്ട് പതിക്കുന്ന വലിയ മഴത്തുള്ളികള്‍,മണ്ണില്‍ കെട്ടി നില്‍ക്കുന്ന ചെളിവെള്ളം,കുത്തിയൊഴുകുന്ന പുഴ,പുഴയിലൂടെ തോണി തുഴയുന്ന ആള്‍,പുഴയില്‍ നിന്നും മുകളിലേക്ക് എടുത്തു ചാടുന്ന മീനുകള്‍...
കടലാസില്‍ കുട്ടികള്‍ കോറിയിട്ട ഇമേജുകളുടെ ധാരാളിത്തം കണ്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയി.മഴയെ ഇത്ര ശക്തമായി അനുഭവിക്കാന്‍ കുട്ടികള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക?അനുഭവത്തെ കലര്‍പ്പില്ലാത്ത വരകളിലൂടെ ആവിഷ്ക്കരിക്കാനും ഈ പ്രായത്തിലുള്ള കുട്ടികള്‍ക്കേ കഴിയൂ.

 കുട്ടികള്‍ പൂര്‍ണ്ണമായും വരയില്‍ മുഴുകി.മറ്റൊന്നും അവര്‍ ശ്രദ്ധിക്കുന്നതേയില്ല.നല്ല ആത്മവിശ്വാസത്തോടെയാണ് അവര്‍ വരയ്ക്കുന്നത്.വരച്ച്,റബ്ബര്‍ കൊണ്ട് മായ്ച്,വീണ്ടും വരച്ച്, കടലാസ് കീറും വരെ മായ്ച്  വരയ്ക്കുന്ന ശീലം ഈ കുട്ടികള്‍ക്കില്ല.കറുത്ത സ്കെച്ച് പേനകൊണ്ടാണ് വര.തെറ്റിപ്പോയാല്‍ തിരുത്താനുള്ള അവസരമില്ല.ചിത്രം മനസ്സില്‍ കാണണം.അങ്ങനെ വരയ്ക്കണം.അപ്പോല്‍ വര ശക്തമാകാതെ തരമില്ല.എന്തും ഏതും  വരയ്ക്കാനുള്ള ആത്മവിശ്വാസം മനസ്സില്‍ താനേ മുളപൊട്ടുന്നതും അപ്പോഴാണ്.


 വര പൂര്‍ത്തിയായി. ഇനി നിറം നല്‍കണം.
എല്ലാവരും ബെഞ്ചില്‍ ക്രയോണ്‍സ് പെട്ടികള്‍ തുറന്നുവെച്ചിരിക്കുന്നു.ഉചിതമാണെന്നുതോന്നുന്ന നിറങ്ങള്‍ തെരഞ്ഞെടുത്ത്  ചിത്രത്തെ മനോഹരമാക്കാനുള്ള പുറപ്പാടിലാണ് കുട്ടികള്‍.

മഴവരയിലേക്ക് കുട്ടികളെ കൊണ്ടുവരാന്‍ ഞാന്‍ ഒരു പ്രവര്‍ത്തനം
ചെയ്തിരുന്നു.Monsoon rainഎന്ന ഡോക്യുമെന്ററിയില്‍ നിന്നുള്ള ഒരു കഷണം ഞാനവര്‍ക്കു കാണിച്ചുകൊടുത്തു.ഇടിയും മിന്നലും മഴയുമൊക്കെ ശക്തമായി അനുഭവിപ്പിക്കുന്ന രണ്ടുമിനുട്ടു ദൈര്‍ഘ്യമുള്ള ഒരു വീഡിയോ തുണ്ട്.അതിന്റെ സൗണ്ട് ട്രാക്കും ദൃശ്യങ്ങളും കുട്ടികളെ മഴയിലേക്ക് നടത്തിക്കൊണ്ടുപോയി.അത്രയും സമയം അവര്‍ തണുത്തു വിറയ്ക്കുന്നുണ്ടായിരുന്നു.

പിന്നീട് എല്ലാവരും  കണ്ണടച്ചിരുന്ന് വീഡീയോയിലെ ദൃശ്യങ്ങള്‍  ഓര്‍മ്മിച്ചെടുത്തു.


 കുട്ടികള്‍ കണ്ണുതുറന്നു.അവര്‍ ദൃശ്യങ്ങള്‍ ഒന്നൊന്നായി വിളിച്ചുപറയാന്‍ തുടങ്ങി.
ചിലര്‍ ആദ്യാവസാനം കൃത്യമായി ഓര്‍മ്മിച്ചു പറഞ്ഞു.മറ്റു ചിലരുടെ ഓര്‍മ്മയില്‍ നിന്നും ചിലതൊക്കെ നഷ്ടപ്പെട്ടുപോയി.ചില വിരുതര്‍ ഇല്ലാത്ത ദൃശ്യങ്ങളും കൂട്ടിച്ചേര്‍ത്തു പറഞ്ഞു.

പക്ഷേ,ഒന്നുണ്ട്.എല്ലാവരും മഴയെ ആഴത്തില്‍ അനുഭവിച്ചിരുന്നു.അല്ലെങ്കില്‍ മനസ്സിലുള്ള സ്വന്തം മഴയനുഭവത്തെ വീഡിയോയില്‍ കണ്ട മഴഅനുഭവവുമായി ചേര്‍ത്തുവച്ചു.

"ഇനി നിങ്ങള്‍ പറഞ്ഞത് ശരിയാണോയെന്ന് നോക്കാം.ഞാന്‍ ഈ വീഡിയോ ഒരിക്കല്‍കൂടി കാണിച്ചുതരാം.”ഞാന്‍ പറഞ്ഞു.
കുട്ടിക്കള്‍ക്ക് സന്തോഷമായി.അവര്‍ നിരീക്ഷണബുദ്ധിയോടെ കണ്ണും കാതും കൂര്‍പ്പിച്ചിരുന്നു.

അവര്‍ പറഞ്ഞ ദൃശ്യങ്ങള്‍ വന്നപ്പോഴൊക്കെ കുട്ടികള്‍ കൈയടിച്ചു.ചിലതിന് കൂടുതല്‍ വ്യക്തത വരുത്തി.മറ്റു ചിലത് വീഡിയോയില്‍ ഇല്ലെന്ന് ഉറപ്പുവരുത്തി..


 ഇത്രയും മതി കുട്ടികളെ വരയിലേക്കു നയിക്കാന്‍.

മണ്‍സൂണ്‍ വീഡിയോ കുട്ടികളെ നന്നായി പ്രചോദിപ്പിച്ചു.അവരുടെ മനസ്സില്‍ ഉറങ്ങിക്കിടന്ന മഴ ബിംബങ്ങളെ അത് പൊടിത്തട്ടി പുറത്തെടുത്തു.തെളിമയാര്‍ന്ന വരയിലൂടെ കുട്ടികള്‍ തങ്ങളുടെ മഴയനുഭവത്തെ ആവിഷ്ക്കരിച്ചു.

ദര്‍ശന അവള്‍ വരച്ച ചിത്രവുമായി എന്റെ  അടുത്തേക്ക് ഓടി വന്നു.
അവള്‍ തന്റെ ചിത്രത്തിലേക്ക് ചൂണ്ടിപ്പറഞ്ഞു.

"ഇതാണെന്റെ വീട്.ഇതു വീടിനു പുറകിലെ മാവ്.മഴ വന്നപ്പോ വെള്ളം വീടിനു മുന്നിലൂടെ ഒഴുകി ഈ തോട്ടിലെത്തി.തോട് നിറഞ്ഞു.എന്നിട്ട് വെള്ളം ഒഴുകി അങ്ങുപോയി..”
"എങ്ങോട്ടാ പോയത്?” ഞാന്‍ ചോദിച്ചു.
"അങ്ങ് ദൂരെ... "അവള്‍ ഒരു നിമിഷം ആലോചിച്ച ശേഷം പറഞ്ഞു "കൊളത്തിലേക്ക്.....”


 ഇങ്ങനെ ഓരോ കുട്ടിക്കുമുണ്ട് ചിത്രത്തെക്കുറിച്ച് ഒരുപാടൊരുപാട് പറയാന്‍.കുട്ടികളുടെ ഈ പറച്ചിലുകള്‍ തന്നെയാണ് അവരുടെ ചിത്രം.അതുകൊണ്ടാണ് ഒന്നാം ക്ലാസിലെ ചിത്രംവര കലാപ്രവര്‍ത്തനം എന്നതിനേക്കാളുപരി ഒരു ഭാഷാ പ്രവര്‍ത്തനമാകുന്നത്.ചിത്രത്തിലെ ഇമേജുകളെ പരസ്പരം ബന്ധപ്പെടുത്തി കുട്ടി ഭാഷ സ്വയം നിര്‍മ്മിച്ചെടുക്കുകയാണ് ചെയ്യുന്നത്.
ചിത്രത്തെക്കുറിച്ചുള്ള കുട്ടികളുടെ ഈ പറച്ചിലുകള്‍ക്ക് ചെവികൊടുക്കാന്‍ ടീച്ചര്‍ സമയം കണ്ടെത്തണം.ഭാഷാക്ലാസില്‍ അതു പ്രധാനമാണ്.

ശ്രേയ വരച്ചത് ഒരു കഥയെ തന്നെയാണ്.
അവള്‍ ചിത്രത്തെക്കുറിച്ചു പറഞ്ഞത് നോക്കുക.


 "മഴ നല്ലോണം പെയ്തു. അപ്പോള്‍ തത്തമ്മയുടെ കൂട്ടിനുള്ളില്‍ വെള്ളം കേറി.അവള്‍ കരഞ്ഞു.പുഴക്കരയില്‍ ഇരിക്കുന്ന കുരുവിനെ കണ്ടു.കുരുവി അവളേയും കൂട്ടി വീട്ടിലേക്കുപോയി.അവള്‍ക്ക് പഴം തിന്നാന്‍ കൊടുത്തു.അങ്ങനെ മഴ മാറുന്നതുവരെ അവള്‍ ആ
വീട്ടില്‍ കഴിഞ്ഞു.”
ശ്രേയ തന്റെ മഴച്ചിത്രത്തില്‍ തത്തമ്മയും കൂടും മരവും കുരുവിയുമൊക്കെ വരച്ചുവെച്ചത്  ബോധപൂര്‍വ്വം തന്നെയാണെന്ന് എനിക്ക് അപ്പോഴാണ് മനസ്സിലായത്.


 മുന്‍കൂട്ടി നിശ്ചയിക്കാതെ വരച്ചിടുന്ന ഇമേജുകളില്‍ നിന്നും ആഖ്യാനമുണ്ടാക്കി പറയുന്ന കുട്ടികളുമുണ്ട്.
ഗോകുലിന്റെ ചിത്രത്തില്‍ കണ്ടാല്‍ പമ്പെന്നു തോന്നിക്കുന്ന ഒരു രൂപമുണ്ട്.
അവന്‍ പറഞ്ഞു. "ഇതു പാമ്പ്.”
"ഇത് മുകളിലോട്ടാണല്ലോ പോകുന്നത്.”ഞാന്‍
"ഉം. ആകാശത്തിലേക്ക്.”
"അതിന് എങ്ങനെ ആകാശത്തിലേക്ക് കയറാന്‍ കഴിയും?”
"മഴേന്റെ വള്ളീല് പിടിച്ചിറ്റ്.”
അവന്റെ  ഭാവന എന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു.


 ആലേഖനം ചെയ്യപ്പെട്ട കുട്ടികളുടെ പറച്ചിലുകളാണ് അവരുടെ ചിത്രങ്ങള്‍.സംസാരഭാഷ സ്വായത്തമാക്കുന്നതുമായി  ബന്ധപ്പെട്ടാണ് അതിന്റെ വളര്‍ച്ച.കുട്ടിയില്‍  എഴുത്തുഭാഷ വികസിക്കുന്നതിന്റെ  ആദ്യപടിയും ചിത്രംവരതന്നെ.അതുകൊണ്ട് ഒന്നാം ക്ലാസില്‍ ചിത്രംവരയ്ക്കാനുള്ള ധാരാളം സന്ദര്‍ഭങ്ങള്‍ ഒരുക്കിക്കൊണ്ടുവേണം നമുക്ക് മുന്നോട്ടുപോകാന്‍.കുട്ടികള്‍ വരയ്ക്കുന്ന  ചിത്രങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ ഭാഷാശേഷികളില്‍ അവര്‍ കൈവരിക്കുന്ന പുരോഗതിയുടെ അടയാളങ്ങള്‍ കണ്ടെത്താന്‍ കഴിയും.

Saturday 19 August 2017

വീണ്ടും ഒന്നില്‍നിന്നു തുടങ്ങാം...


ഇനി ഈ ഒന്നാം ക്ലാസാണ് എന്റെ ക്ലാസ്.ഈ വര്‍ഷം ഞങ്ങള്‍ക്ക് ഒന്നാം ക്ലാസില്‍ പുതുതായി ഒരു ഡിവിഷന്‍ കിട്ടി. ഇപ്പോള്‍ ഒന്നാം ക്ലാസില്‍ മൂന്നു ഡിവിഷനുകളിലായി ആകെ 82കുട്ടികളുണ്ട്.കഴിഞ്ഞ വര്‍ഷം 52കുട്ടികളായിരുന്നു.രണ്ടു ഡിവിഷനുകളും.ഒന്നാം ക്ലാസിലേക്ക് ആരാണ് പോകുന്നതെന്ന ചോദ്യം വന്നപ്പോള്‍  ഞാന്‍ സന്തോഷത്തോടെ  തയ്യാറായി.ഇങ്ങനെയൊരു അവസരത്തിനുവേണ്ടി ഞാന്‍ കാത്തിരിക്കുകയായിരുന്നു.

 ഡിവിഷന്‍ കൂടിയെങ്കിലും വേണ്ടത്ര ക്ലാസുമുറികളില്ല.ലൈബ്രറി റൂം തത്ക്കാലം ഒന്നാം ക്ലാസായി പരിവര്‍ത്തിപ്പിച്ചു.കുട്ടികള്‍ക്കു പെരുമാറാനുള്ള പരമാവധി സ്ഥലം കിട്ടുന്ന രീതിയില്‍ ബുക്ക് ഷെല്‍ഫുകളും മറ്റും ഒരു ഭാഗത്തേക്ക് അടുക്കി വെച്ചു.മുറിയിലെ മേശകളും കസേരകളുമൊക്കെ എടുത്തുമാറ്റി.നിലം നന്നായി തുടച്ചു വൃത്തിയാക്കി.ക്ലാസിലെ 23കുട്ടികള്‍ക്കാവശ്യമായ സ്ഥല സൗകര്യങ്ങള്‍ കുറവാണെങ്കിലും പഠനപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സ്പേസ് ഉണ്ടാക്കിയെടുക്കാന്‍ കഴി‍ഞ്ഞു.ക്ലാസുമുറി കാണ്ടാല്‍ ശിശുസൗഹൃദമല്ല.ചുമരില്‍ ചിത്രങ്ങളില്ല.നിലം ടൈല്‍സ് പാകിയിട്ടില്ല.കുട്ടികള്‍ക്കു പറ്റുന്ന ഫര്‍ണിച്ചറുകളില്ല.എങ്കിലെന്ത്?കുട്ടികള്‍ക്ക് നടക്കാനും ഇരിക്കാനും കളിക്കാനുമൊക്കെയുള്ള സ്പേസ് ഉണ്ട്. ക്ലാസുമുറിയില്‍ ടീച്ചര്‍ അനുവര്‍ത്തിക്കുന്ന ബോധന രീതിയാണ് ക്ലാസിനെ ശിശുസൗഹൃദമാക്കുന്നത് എന്നാണ് എന്റെ പക്ഷം.

 ഏതു ക്ലാസില്‍ പഠിപ്പിക്കുമ്പോഴും ഒന്നാം ക്ലാസ്സ് എന്റെ മുഖ്യവിഷയമായിരുന്നു. ഇടക്കിടെ ഒന്നിലേക്ക് ഓടിച്ചെല്ലാന്‍ സമയം കണ്ടെത്താറുണ്ട്.അവിടെ എന്തുനടക്കുന്നുവെന്ന് അറിയാന്‍ ശ്രമിക്കാറുണ്ട്.ടീച്ചറുമായി ആശയവിനിമയം നടത്തിയും ക്ലാസിലെ പഠന പ്രവര്‍ത്തനങ്ങളെ ഡോക്യുമെന്റ് ചെയ്തും   കുട്ടികളുമായി സൗഹൃദം സ്ഥാപിച്ചും ഞാന്‍ ഒന്നാം ക്ലാസില്‍ സമയം ചെലവഴിക്കാറുണ്ട്.

ഒന്നാണ് അടിത്തറ.എല്ലാത്തിന്റേയും.


 അങ്ങ് ദൂരെ മലമുകളില്‍ ആദ്യമായി ജോലിക്കുചെന്ന സ്ക്കൂള്‍ ഓര്‍മ്മ വരുന്നു.ഒന്നാം ക്ലാസിലെ ടീച്ചറേയും.ടീച്ചര്‍ ആരോടും അധികം സംസാരക്കില്ല.സ്റ്റാഫ് റൂമില്‍ മൗനിയായിരിക്കും.ഒന്നാം ക്ലാസിനു പുറത്ത് ചെരിപ്പ് അഴിച്ചു വെച്ചിട്ടാണ്  ടീച്ചറും കുട്ടികളും ക്ലസില്‍ കയറുന്നത്.എന്നാല്‍ ക്ലാസില്‍ കയറിയാലോ?കുട്ടികളുടെ കളിയും ചിരിയും പാട്ടും കഥയുമൊക്കെക്കൊണ്ട് ക്ലാസ് നിറയും.ക്ലാസില്‍ നിന്നും പുറത്തിറങ്ങിയാല്‍ ഈ ടീച്ചര്‍ തന്നെയാണോ ഇത്രസമയവും ഒന്നാം ക്ലാസിലുണ്ടായിരുന്നതെന്ന് സംശയിക്കും.ഒരു ദിവസം ടീച്ചര്‍ വന്നില്ലെങ്കില്‍ കുട്ടികള്‍ സങ്കടപ്പെട്ടിരിക്കും.എന്നും രാവിലെ ടീച്ചറേയും കാത്ത് കുട്ടികള്‍ സ്ക്കൂള്‍ ഗേറ്റില്‍ തൂങ്ങി വഴിയിലേക്ക് നോക്കി നില്‍ക്കുന്ന ദൃശ്യം ഇപ്പോഴും മനസ്സില്‍ മായാതെയുണ്ട്.

 ഒരു ടീച്ചര്‍ക്ക് തന്റെ കഴിവുകളും പരിമിതികളും തിരിച്ചറിയണമെങ്കില്‍ ഒന്നാം ക്ലാസിലേക്കു പോണം.നല്ല ടീച്ചറാണെന്ന നമ്മുടെ അഹങ്കാരത്തിന്റെ കുമിളകള്‍ ഒന്നിലെ കുസൃതികള്‍ കുത്തിപ്പൊട്ടിക്കും.തവളക്കുഞ്ഞുങ്ങളെപ്പോലെ പിടിച്ചുവെക്കുന്തോറും ചാടിപ്പോകുന്നവര്‍.ഇഷ്ടമായില്ലെങ്കില്‍ അതു മുഖത്തുനോക്കി തുറന്നു പറയുന്നവര്‍.അവരുടെ മുന്നില്‍ എത്രയോ തവണ നിന്നു വിയര്‍ത്തിട്ടുണ്ട്.അവര്‍ ക്ലാസിനെ ഹൈജാക്കുചെയ്യുന്നത് തലയില്‍ കൈവച്ച്, നിസ്സഹായനായി നോക്കിനിന്നട്ടുണ്ട്.അവരെ മെരുക്കിയെടുക്കാനുള്ള മന്ത്രം കിട്ടിയാല്‍ പിന്നെ നിങ്ങള്‍ ഏതു ക്ലാസിലും വിജയിച്ചു.

അതുകൊണ്ട്  ഇടയ്ക്ക് ഒന്നാം ക്ലാസില്‍പോയി പഠിപ്പിക്കണം.അതു നമ്മെ കൂടുതല്‍ ഉന്മേഷവാനാക്കും.  കുട്ടികളുടെ പഠനരീതിയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവുകള്‍ അതു നമുക്ക് സമ്മാനിക്കും.ഒന്നാം ക്ലാസിലെ കളരിയില്‍ പയറ്റിത്തെളിഞ്ഞവര്‍ക്ക്  പിന്നെ ഏതു ക്ലാസിനെയാണ് ഭയപ്പെടാനുള്ളത്?

ഇനി ഒന്നാം ക്ലാസിലെ അനുഭവങ്ങളും  വിശേഷങ്ങളും  ഈ ബ്ലോഗില്‍ വായിക്കാം...


 

Saturday 12 August 2017

ടൈംടേബിള്‍ പരിഷ്ക്കരിക്കാതെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിജയിക്കില്ല


ബഹു.കേരളാ വിദ്യാഭ്യാസ മന്ത്രിക്ക്,

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ക്ക് പുത്തനുണര്‍വ്വ് നല്‍കിയിരിക്കുന്നു എന്നത് ഒരു വസ്തുതയാണ്. സര്‍ക്കാരിന്റേയും പൊതുസമൂഹത്തിന്റേയും സജീവമായ ഇടപെടലിലൂടെ വിദ്യാലയങ്ങളുടെ ഭൗതികസൗകര്യങ്ങളില്‍ ഒരുവര്‍ഷത്തിനുള്ളില്‍തന്നെ ഗുണപരമായ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു.പൊതുവിദ്യാലയങ്ങളെ ഉപേക്ഷിച്ചുപോയ കുട്ടികള്‍ കൂട്ടത്തോടെ തിരിച്ചെത്തുന്ന കാഴ്ചയാണ് ഈ വര്‍ഷം സ്ക്കൂള്‍ തുറന്നപ്പോള്‍ നാം കണ്ടത്.

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ആത്യന്തികമായ ലക്ഷ്യം വിദ്യാലയത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലൂടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുക എന്നതാണല്ലോ.പഠനത്തിന്റെ ഗുണപരത വര്‍ദ്ധിക്കണമെങ്കില്‍ ക്ലാസുമുറിയില്‍ അധ്യാപകര്‍ പ്രക്രിയാ ബന്ധിതമായി പഠിപ്പിക്കണം.വിവിധ വിഷയങ്ങള്‍ പ്രക്രിയാ ബന്ധിതമായി പഠിപ്പിക്കാനുള്ള സമയം വളരെ പ്രധാനമാണ്.നിലവിലുള്ള സ്ക്കൂള്‍ സമയക്രമം ഇതിനു ഉതകുന്നതാണോ? ഈ സമയക്രമത്തില്‍ നിന്നുകൊണ്ട് ഒരു അധ്യാപകന് പുതിയ പാഠ്യാപദ്ധതി സമീപനം മുന്നോട്ടുവയ്ക്കുന്ന പഠനരീതി അനുവര്‍ത്തിക്കാന്‍ സാധിക്കുമോ? ഈ വസ്തുത അതീവ പ്രാധാന്യത്തോട പരിശോധിക്കപ്പെടേണ്ടതാണ് സാര്‍.


കുട്ടികളുടെ പഠനത്തിന്റെ ഗുണനിലവാരം നിശ്ചയിക്കുന്നതില്‍ സ്ക്കൂള്‍ ടൈംടേബിളിന് ഒരു പ്രധാന പങ്കുണ്ട്.വിവിധ വിഷയങ്ങള്‍ പഠിപ്പിക്കുന്നരീതിപോലെതന്നെ പ്രധാനമാണ് പഠിപ്പിക്കാനെടുക്കുന്ന സമയവും ഇടവേളകളും.ശിശുകേന്ദ്രീകൃത പഠനം,പ്രവര്‍ത്തനാധിഷ്ഠിത ക്ലാസുമുറി തുടങ്ങിയ അടിസ്ഥാന പ്രമാണങ്ങളെ  ആധാരമാക്കിയാണ് കേരളത്തില്‍ പുതിയ പാഠ്യപദ്ധതിയും  പാഠപുസ്തകങ്ങളും നിലവില്‍വന്നത്.പുതിയ പഠനരീതി  നടപ്പാക്കിയിട്ട് ഏതാണ്ട് ഇരുപത് വര്‍ഷത്തോളമായി.എന്നാല്‍ ടൈംടേബിള്‍ പരിഷ്ക്കരിക്കപ്പെടാതെ അതുപോലെ തുടരുകയാണുണ്ടായത്.കൊളോണിയല്‍ ഭരണകാലത്ത് ബ്രിട്ടീഷുകാര്‍ ഏര്‍പ്പെടുത്തിയ സ്ക്കൂള്‍ ടൈംടേബിളാണ് ഒരു മാറ്റവും കൂടാതെ നാം ഇന്നും   പിന്തുടരുന്നത്.40-45 മിനുട്ട് ദൈര്‍ഘ്യമുള്ള ഏഴു പിരീയഡുകളായാണ് യു.പി,ഹൈസ്ക്കൂള്‍ ക്ലാസുകളുടെ ടൈംടേബിള്‍ ഈ അടുത്തകാലംവരേയും. എന്നാല്‍ 2015-16 വര്‍ഷത്തില്‍  എസ്.സി.ഇ.ആര്‍.ടി സ്ക്കൂള്‍ ടൈംടേബിള്‍  'സമഗ്രമായി പരിഷ്ക്കരിക്കുക'യുണ്ടായി.ഒരു ദിവസം  ഏഴ് പിരീഡ് എന്നത് എട്ട് പിരീയഡ് ആക്കി വര്‍ദ്ധിപ്പിച്ചു. പിരീയഡുകളുടെ സമയദൈര്‍ഘ്യം 40-45 മിനുട്ടില്‍ നിന്നും 35-40 മിനുട്ടാക്കിക്കുറച്ചു.ഫലത്തില്‍ ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് മാറ്റിയതുപോലെയായി ഈ പരിഷ്ക്കരണവും.

 ക്ലാസില്‍ ഒരു വിഷയം പഠിപ്പിക്കുമ്പോള്‍ സാധാരണഗതിയില്‍  അനുവര്‍ത്തിക്കേണ്ട വിവിധ ഘട്ടങ്ങളെക്കുറിച്ച് ടീച്ചര്‍ ടെക്സ്റ്റില്‍ പറയുന്നത് ഇങ്ങനെയാണ്.
  • പ്രശ്നം അവതരിപ്പിക്കല്‍
  • പ്രശ്നത്തോടുള്ള കുട്ടികളുടെ പ്രതികരണങ്ങള്‍
  • കുട്ടികള്‍ സംഘമായി തിരിയല്‍
  • പ്രശ്നം വിശകലനം ചെയ്യല്‍
  • അവശ്യമായ വിവരങ്ങള്‍ ശേഖരിക്കല്‍
  • ഐ.ടി.സാധ്യതകള്‍ ഉപയോഗപ്പെടുത്തല്‍
  • പ്രശ്ന പരിഹരണത്തിനുള്ള വഴികള്‍ നിര്‍ദ്ദേശിക്കല്‍
  • ഓരോ ഗ്രൂപ്പും എഴുതി അവതരിപ്പിക്കല്‍
  • ക്രോഡീകരിക്കല്‍
വിഷയത്തിനനുസരിച്ച് പഠനപ്രക്രിയയില്‍ വ്യത്യാസം വന്നേക്കാം.ഇത്രയും പ്രക്രിയകള്‍ പാലിച്ചുകൊണ്ട് പഠനപ്രവര്‍ത്തനം നടപ്പിലാക്കാന്‍ ഒരു വിഷയത്തിന് ഒന്നര മണിക്കൂര്‍ സമയമെങ്കിലും വേണമെന്നിരിക്കെ, നേരത്തേയുണ്ടായിരുന്ന 45മിനുട്ട് വീണ്ടും കുറച്ച് 35മിനുട്ടാക്കിയാല്‍ 'പാഠ്യപദ്ധതി വിനിമയം' എങ്ങനെയാണ് ഫലപ്രദമാകുക?

 നമ്മുടെ പൊതുവിദ്യാലയങ്ങളെ  അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ആലോചിക്കുകയാണ് നാം.എന്നാല്‍ ലോകത്ത് മറ്റേതെങ്കിലും രാജ്യത്ത് ഇങ്ങനെയൊരു സ്ക്കൂള്‍ പഠനസമയം നിലനില്ക്കുന്നതായി അറിവില്ല.പിരീയഡുകളുടെ ദൈര്‍ഘ്യം കുറച്ച്
ദിവസം കൂടുതല്‍ വിഷയങ്ങള്‍ പഠിപ്പിക്കുകയല്ല,മറിച്ച് വിഷയങ്ങളുടെ എണ്ണം കുറച്ച് പിരീയഡുകളുടെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗം എന്ന് ഫിന്‍ലാന്റ് പോലെ വിദ്യാഭ്യാസ നിലവാരത്തില്‍ ഏറെ മുന്നിട്ടു നില്‍ക്കുന്ന രാജ്യങ്ങളുടെ അനുഭവം പറയുന്നുണ്ട്. ഫിന്‍ലാന്റിലെ സ്ക്കൂള്‍ ക്ലാസുകളില്‍ ഒരു പിരീയഡിന്റെ ദൈര്‍ഘ്യം ഒരു മണിക്കൂറാണ്.ഓരോ  പിരീയഡിന് ശേഷവും 15 മിനുട്ട് കുട്ടികള്‍ക്ക് ഇടവേളയാണ്.ഇങ്ങനെ ഒരു ദിവസം മുന്നോ നാലോ പിരീയഡുകള്‍ മാത്രം.PISAപോലുള്ള അന്താരാഷ്ട്ര പഠനനിലവാര പരീക്ഷകളില്‍   ആ രാജ്യത്തെ കുട്ടികള്‍ മുന്നിട്ടു നില്‍ക്കുന്നതിന്റെ കാരണങ്ങളില്‍  ഒന്ന് പ്രക്രിയാധിഷ്ഠിതമായ പഠനത്തിനും വിശ്രമത്തിനും പ്രാധാന്യം നല്‍കിക്കൊണ്ട് ശാസ്ത്രീയമായ രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന അവരുടെ  സ്ക്കൂള്‍ ടൈംടേബിളാണ്.



പഠനം പ്രക്രിയാധിഷ്ഠിതമായിരിക്കണമെന്നും ഐ.ടി.സാധ്യതകള്‍ ക്ലാസുമുറിയില്‍ പ്രയോജനപ്പെടുത്തണമെന്നും നമ്മുടെ പാഠ്യപദ്ധതി ആവര്‍ത്തിച്ചു പറയുന്നു.എന്നാല്‍ അതിനാവശ്യമായ സമയം ക്ലാസുമുറിയില്‍ അനുവദിക്കുന്നുമില്ല.പ്രൊജക്ടറുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും ഇന്ന് മിക്കവാറും എല്ലാ വിദ്യാലയങ്ങളിലുമുണ്ട്.എന്നിട്ടും ഇത് എന്തുകൊണ്ടാണ് അധ്യാപകര്‍  ക്ലാസുമുറിയില്‍ ഉപയോഗപ്പെടുത്താത്തതെന്ന് പരിശോധിക്കണം.

 35മിനുട്ട് സമയം ഒന്നിനും തികയില്ല സാര്‍.കേരളത്തിലെ വിദ്യാഭ്യാസത്തിന്റ  ഗുണനിലവാരവുമായി ബന്ധപ്പെട്ട് നിരവധിപഠനങ്ങള്‍ ഇതിനകം നടന്നു കഴിഞ്ഞു.പഠനത്തിന്റെ ഗുണനിലവാരം കുറയാനുള്ള നിരവധി കാരണങ്ങള്‍ ഈ പഠനങ്ങള്‍ അക്കമിട്ട് നിരത്തുന്നുണ്ട്.ഒരു സര്‍വ്വേയില്‍പോലും തികച്ചും അശാസ്ത്രീയമായ സ്ക്കൂള്‍ ടൈംടേബിളിന്റെ പ്രശ്നം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ല എന്നത് അതിശയിപ്പിക്കുന്ന വസ്തുതയാണ്.


 സ്ക്കൂള്‍ കുട്ടികളുടെ പുസ്തകഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട്,പാഠപുസ്തകങ്ങള്‍ ഓരോ ടേമിനും ഒന്ന് എന്ന രീതിയില്‍ മൂന്നായി വിഭജിച്ചു കഴിഞ്ഞു. ഇന്ന് നിലവിലുള്ള ടൈംടേബിള്‍ അനുസരിച്ച് കുട്ടികള്‍ ദിവസവും അവരുടെ മുഴുവന്‍ പാഠപുസ്തകങ്ങളും അവയുടെ നോട്ടുപുസ്തകങ്ങളും ചുമന്ന് വേണം സ്ക്കൂളിലെത്താന്‍.ഓരോ ദിവസവും പഠിപ്പിക്കുന്ന വിഷയങ്ങളുടെ എണ്ണം മൂന്നോ നാലോ ആയിക്കുറച്ചാല്‍ പാഠപുസ്തകങ്ങളുടെ ഭാരം താനെ കുറയുമെന്നിരിക്കെ ഇനിയും പാഠപുസ്തകങ്ങളെ കഷണങ്ങളാക്കി മുറിക്കേണ്ടതുണ്ടോ?

വിദ്യാലയ അന്തരീക്ഷം  ശിശുസൗഹൃദപരമാകണം.  ക്ലാസുമുറി  ഹൈടെക്ക് ആകണം. ക്ലാസുമുറിയിലെ പഠനം പ്രക്രിയാബന്ധിതമായി നടക്കണം.അപ്പോഴാണ് പഠനത്തിന്റെ ഗുണമേന്മ വര്‍ദ്ധിക്കുന്നത്.അതിനു നലവിലുള്ള ടൈംടേബിള്‍ തടസ്സമാണ്.ടൈംടേബിള്‍ സമഗ്രമായി,ശാസ്ത്രീയമായ രീതിയില്‍ പരിഷ്ക്കരണം.അതിനാവശ്യമായ പഠനത്തിനും ചര്‍ച്ചകള്‍ക്കും  തുടക്കം കുറിക്കാന്‍ വേണ്ട നടപടികള്‍ എത്രയും പെട്ടെന്ന് താങ്കള്‍ സ്വീകരിക്കണം.

പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്താനുളള താങ്കളുടെ ആത്മാര്‍ത്ഥമായ ഉദ്യമങ്ങള്‍ ക്ക് പൂര്‍ണ്ണപിന്തുണ അര്‍പ്പിച്ചുകൊണ്ട്,


          
സ്നേഹാദരവോടെ,                                                            എം.എം.സുരേന്ദ്രന്‍, 
ഗവ.യു.പി.സ്ക്കൂള്‍,പുല്ലൂര്‍,    
കാസര്‍ഗോഡ്.
 mmsuran@gmail.com