ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Saturday, 19 August 2017

വീണ്ടും ഒന്നില്‍നിന്നു തുടങ്ങാം...


ഇനി ഈ ഒന്നാം ക്ലാസാണ് എന്റെ ക്ലാസ്.ഈ വര്‍ഷം ഞങ്ങള്‍ക്ക് ഒന്നാം ക്ലാസില്‍ പുതുതായി ഒരു ഡിവിഷന്‍ കിട്ടി. ഇപ്പോള്‍ ഒന്നാം ക്ലാസില്‍ മൂന്നു ഡിവിഷനുകളിലായി ആകെ 82കുട്ടികളുണ്ട്.കഴിഞ്ഞ വര്‍ഷം 52കുട്ടികളായിരുന്നു.രണ്ടു ഡിവിഷനുകളും.ഒന്നാം ക്ലാസിലേക്ക് ആരാണ് പോകുന്നതെന്ന ചോദ്യം വന്നപ്പോള്‍  ഞാന്‍ സന്തോഷത്തോടെ  തയ്യാറായി.ഇങ്ങനെയൊരു അവസരത്തിനുവേണ്ടി ഞാന്‍ കാത്തിരിക്കുകയായിരുന്നു.

 ഡിവിഷന്‍ കൂടിയെങ്കിലും വേണ്ടത്ര ക്ലാസുമുറികളില്ല.ലൈബ്രറി റൂം തത്ക്കാലം ഒന്നാം ക്ലാസായി പരിവര്‍ത്തിപ്പിച്ചു.കുട്ടികള്‍ക്കു പെരുമാറാനുള്ള പരമാവധി സ്ഥലം കിട്ടുന്ന രീതിയില്‍ ബുക്ക് ഷെല്‍ഫുകളും മറ്റും ഒരു ഭാഗത്തേക്ക് അടുക്കി വെച്ചു.മുറിയിലെ മേശകളും കസേരകളുമൊക്കെ എടുത്തുമാറ്റി.നിലം നന്നായി തുടച്ചു വൃത്തിയാക്കി.ക്ലാസിലെ 23കുട്ടികള്‍ക്കാവശ്യമായ സ്ഥല സൗകര്യങ്ങള്‍ കുറവാണെങ്കിലും പഠനപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സ്പേസ് ഉണ്ടാക്കിയെടുക്കാന്‍ കഴി‍ഞ്ഞു.ക്ലാസുമുറി കാണ്ടാല്‍ ശിശുസൗഹൃദമല്ല.ചുമരില്‍ ചിത്രങ്ങളില്ല.നിലം ടൈല്‍സ് പാകിയിട്ടില്ല.കുട്ടികള്‍ക്കു പറ്റുന്ന ഫര്‍ണിച്ചറുകളില്ല.എങ്കിലെന്ത്?കുട്ടികള്‍ക്ക് നടക്കാനും ഇരിക്കാനും കളിക്കാനുമൊക്കെയുള്ള സ്പേസ് ഉണ്ട്. ക്ലാസുമുറിയില്‍ ടീച്ചര്‍ അനുവര്‍ത്തിക്കുന്ന ബോധന രീതിയാണ് ക്ലാസിനെ ശിശുസൗഹൃദമാക്കുന്നത് എന്നാണ് എന്റെ പക്ഷം.

 ഏതു ക്ലാസില്‍ പഠിപ്പിക്കുമ്പോഴും ഒന്നാം ക്ലാസ്സ് എന്റെ മുഖ്യവിഷയമായിരുന്നു. ഇടക്കിടെ ഒന്നിലേക്ക് ഓടിച്ചെല്ലാന്‍ സമയം കണ്ടെത്താറുണ്ട്.അവിടെ എന്തുനടക്കുന്നുവെന്ന് അറിയാന്‍ ശ്രമിക്കാറുണ്ട്.ടീച്ചറുമായി ആശയവിനിമയം നടത്തിയും ക്ലാസിലെ പഠന പ്രവര്‍ത്തനങ്ങളെ ഡോക്യുമെന്റ് ചെയ്തും   കുട്ടികളുമായി സൗഹൃദം സ്ഥാപിച്ചും ഞാന്‍ ഒന്നാം ക്ലാസില്‍ സമയം ചെലവഴിക്കാറുണ്ട്.

ഒന്നാണ് അടിത്തറ.എല്ലാത്തിന്റേയും.


 അങ്ങ് ദൂരെ മലമുകളില്‍ ആദ്യമായി ജോലിക്കുചെന്ന സ്ക്കൂള്‍ ഓര്‍മ്മ വരുന്നു.ഒന്നാം ക്ലാസിലെ ടീച്ചറേയും.ടീച്ചര്‍ ആരോടും അധികം സംസാരക്കില്ല.സ്റ്റാഫ് റൂമില്‍ മൗനിയായിരിക്കും.ഒന്നാം ക്ലാസിനു പുറത്ത് ചെരിപ്പ് അഴിച്ചു വെച്ചിട്ടാണ്  ടീച്ചറും കുട്ടികളും ക്ലസില്‍ കയറുന്നത്.എന്നാല്‍ ക്ലാസില്‍ കയറിയാലോ?കുട്ടികളുടെ കളിയും ചിരിയും പാട്ടും കഥയുമൊക്കെക്കൊണ്ട് ക്ലാസ് നിറയും.ക്ലാസില്‍ നിന്നും പുറത്തിറങ്ങിയാല്‍ ഈ ടീച്ചര്‍ തന്നെയാണോ ഇത്രസമയവും ഒന്നാം ക്ലാസിലുണ്ടായിരുന്നതെന്ന് സംശയിക്കും.ഒരു ദിവസം ടീച്ചര്‍ വന്നില്ലെങ്കില്‍ കുട്ടികള്‍ സങ്കടപ്പെട്ടിരിക്കും.എന്നും രാവിലെ ടീച്ചറേയും കാത്ത് കുട്ടികള്‍ സ്ക്കൂള്‍ ഗേറ്റില്‍ തൂങ്ങി വഴിയിലേക്ക് നോക്കി നില്‍ക്കുന്ന ദൃശ്യം ഇപ്പോഴും മനസ്സില്‍ മായാതെയുണ്ട്.

 ഒരു ടീച്ചര്‍ക്ക് തന്റെ കഴിവുകളും പരിമിതികളും തിരിച്ചറിയണമെങ്കില്‍ ഒന്നാം ക്ലാസിലേക്കു പോണം.നല്ല ടീച്ചറാണെന്ന നമ്മുടെ അഹങ്കാരത്തിന്റെ കുമിളകള്‍ ഒന്നിലെ കുസൃതികള്‍ കുത്തിപ്പൊട്ടിക്കും.തവളക്കുഞ്ഞുങ്ങളെപ്പോലെ പിടിച്ചുവെക്കുന്തോറും ചാടിപ്പോകുന്നവര്‍.ഇഷ്ടമായില്ലെങ്കില്‍ അതു മുഖത്തുനോക്കി തുറന്നു പറയുന്നവര്‍.അവരുടെ മുന്നില്‍ എത്രയോ തവണ നിന്നു വിയര്‍ത്തിട്ടുണ്ട്.അവര്‍ ക്ലാസിനെ ഹൈജാക്കുചെയ്യുന്നത് തലയില്‍ കൈവച്ച്, നിസ്സഹായനായി നോക്കിനിന്നട്ടുണ്ട്.അവരെ മെരുക്കിയെടുക്കാനുള്ള മന്ത്രം കിട്ടിയാല്‍ പിന്നെ നിങ്ങള്‍ ഏതു ക്ലാസിലും വിജയിച്ചു.

അതുകൊണ്ട്  ഇടയ്ക്ക് ഒന്നാം ക്ലാസില്‍പോയി പഠിപ്പിക്കണം.അതു നമ്മെ കൂടുതല്‍ ഉന്മേഷവാനാക്കും.  കുട്ടികളുടെ പഠനരീതിയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവുകള്‍ അതു നമുക്ക് സമ്മാനിക്കും.ഒന്നാം ക്ലാസിലെ കളരിയില്‍ പയറ്റിത്തെളിഞ്ഞവര്‍ക്ക്  പിന്നെ ഏതു ക്ലാസിനെയാണ് ഭയപ്പെടാനുള്ളത്?

ഇനി ഒന്നാം ക്ലാസിലെ അനുഭവങ്ങളും  വിശേഷങ്ങളും  ഈ ബ്ലോഗില്‍ വായിക്കാം...


 

6 comments:

  1. മാഷിന്റെ പ്രവർത്തനങ്ങളും ബ്ലോഗെഴുത്തും ഞങ്ങളെ പോലുള്ളവർക്ക് ഊർജ്ജമാണ്

    ReplyDelete
  2. ഒന്നാംതരം വിശേഷങ്ങൾ അനുസ്യൂതം ഒഴുകട്ടെ. എല്ലാ ആശംസകളും

    ReplyDelete
  3. "ടീച്ചർ അനുവർത്തിക്കുന്ന ബോധന രീതിയാണ് ക്ലാസിനെ ശിശു സൗഹൃദമാക്കുന്നത്." സൂപ്പർ

    ReplyDelete
  4. "ടീച്ചർ അനുവർത്തിക്കുന്ന ബോധന രീതിയാണ് ക്ലാസിനെ ശിശു സൗഹൃദമാക്കുന്നത്." സൂപ്പർ

    ReplyDelete
  5. കാത്തിരിക്കുന്നു, പുതിയ കുറിമാനങ്ങൾക്കായി....

    ReplyDelete
  6. എപ്പോഴും മാഷെനിക്ക് അല്‍ഭുതമാണ്....ഏതാണ് മോശം അതുകൊണ്ട് മികച്ചത് പ്രയോഗിക്കാന്‍ തോന്നുന്നില്ല.വഴികാട്ടി

    ReplyDelete