....Thus we see that drawing is graphic speech that arises on the basis of verbal speech. The schemes that distinguish children's first drawings are reminiscent in this sense of verbal concepts that communicate only the essential features of objects.This gives us grounds for regarding children's drawing as a preliminary stage in the development of written language.
L.S.Vygotsky(Mind in Society..Page 112)
ഒന്നാം ക്ലാസുകാര്‍ മഴ വരയ്ക്കുന്നു.പുറത്ത് ശക്തമായ കാറ്റും മഴയും. വരയ്ക്കുന്നതിനിടയില്‍ അവര്‍ ഇടയ്ക്കിടെ ജനാലയിലൂടെ മഴയിലേക്ക് നോക്കുന്നുണ്ട്.മുന്നിലെ മൈതാനത്തെ അതിരിടുന്ന ഇരുണ്ട പച്ച നിറമാര്‍ന്ന മരങ്ങളും മരങ്ങള്‍ക്ക് മുകളില്‍ ചാഞ്ഞുപെയ്യുന്ന മഴയും.പക്ഷേ, അവര്‍ പുറത്തേക്ക് വെറുതെ നോക്കുന്നതേയുള്ളു.ആ കാണുന്ന കാഴ്ചകളൊന്നുമല്ല അവര്‍ വരയ്ക്കുന്നത്.മഴ എന്ന അനുഭവം തനി നാട്ടിന്‍പുറത്തു താമസിക്കുന്ന ഒരു അഞ്ചു വയസ്സുകാരിയുടെ മനസ്സില്‍ രൂപപ്പെടുത്തിയ ചില ബിംബങ്ങളുണ്ട്.ഇതാണ് അവര്‍ കടലാസിലേക്ക് പകര്‍ത്തുന്നത്.
മഴ നനയുന്ന മരങ്ങള്‍,ആകാശത്ത് ഉരുണ്ട് കൂടിയിരിക്കുന്ന മേഘങ്ങള്‍,മേഘങ്ങള്‍ക്കു താഴെ വിരിയുന്ന മഴവില്ല്,താഴോട്ട് പതിക്കുന്ന വലിയ മഴത്തുള്ളികള്‍,മണ്ണില്‍ കെട്ടി നില്‍ക്കുന്ന ചെളിവെള്ളം,കുത്തിയൊഴുകുന്ന പുഴ,പുഴയിലൂടെ തോണി തുഴയുന്ന ആള്‍,പുഴയില്‍ നിന്നും മുകളിലേക്ക് എടുത്തു ചാടുന്ന മീനുകള്‍...
കടലാസില്‍ കുട്ടികള്‍ കോറിയിട്ട ഇമേജുകളുടെ ധാരാളിത്തം കണ്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയി.മഴയെ ഇത്ര ശക്തമായി അനുഭവിക്കാന്‍ കുട്ടികള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക?അനുഭവത്തെ കലര്‍പ്പില്ലാത്ത വരകളിലൂടെ ആവിഷ്ക്കരിക്കാനും ഈ പ്രായത്തിലുള്ള കുട്ടികള്‍ക്കേ കഴിയൂ.
കുട്ടികള്‍ പൂര്‍ണ്ണമായും വരയില്‍ മുഴുകി.മറ്റൊന്നും അവര്‍ ശ്രദ്ധിക്കുന്നതേയില്ല.നല്ല ആത്മവിശ്വാസത്തോടെയാണ് അവര്‍ വരയ്ക്കുന്നത്.വരച്ച്,റബ്ബര്‍ കൊണ്ട് മായ്ച്,വീണ്ടും വരച്ച്, കടലാസ് കീറും വരെ മായ്ച് വരയ്ക്കുന്ന ശീലം ഈ കുട്ടികള്‍ക്കില്ല.കറുത്ത സ്കെച്ച് പേനകൊണ്ടാണ് വര.തെറ്റിപ്പോയാല്‍ തിരുത്താനുള്ള അവസരമില്ല.ചിത്രം മനസ്സില്‍ കാണണം.അങ്ങനെ വരയ്ക്കണം.അപ്പോല്‍ വര ശക്തമാകാതെ തരമില്ല.എന്തും ഏതും വരയ്ക്കാനുള്ള ആത്മവിശ്വാസം മനസ്സില്‍ താനേ മുളപൊട്ടുന്നതും അപ്പോഴാണ്.
വര പൂര്‍ത്തിയായി. ഇനി നിറം നല്‍കണം.
എല്ലാവരും ബെഞ്ചില്‍ ക്രയോണ്‍സ് പെട്ടികള്‍ തുറന്നുവെച്ചിരിക്കുന്നു.ഉചിതമാണെന്നുതോന്നുന്ന നിറങ്ങള്‍ തെരഞ്ഞെടുത്ത് ചിത്രത്തെ മനോഹരമാക്കാനുള്ള പുറപ്പാടിലാണ് കുട്ടികള്‍.
മഴവരയിലേക്ക് കുട്ടികളെ കൊണ്ടുവരാന്‍ ഞാന്‍ ഒരു പ്രവര്‍ത്തനം
ചെയ്തിരുന്നു.Monsoon rainഎന്ന ഡോക്യുമെന്ററിയില്‍ നിന്നുള്ള ഒരു കഷണം ഞാനവര്‍ക്കു കാണിച്ചുകൊടുത്തു.ഇടിയും മിന്നലും മഴയുമൊക്കെ ശക്തമായി അനുഭവിപ്പിക്കുന്ന രണ്ടുമിനുട്ടു ദൈര്‍ഘ്യമുള്ള ഒരു വീഡിയോ തുണ്ട്.അതിന്റെ സൗണ്ട് ട്രാക്കും ദൃശ്യങ്ങളും കുട്ടികളെ മഴയിലേക്ക് നടത്തിക്കൊണ്ടുപോയി.അത്രയും സമയം അവര്‍ തണുത്തു വിറയ്ക്കുന്നുണ്ടായിരുന്നു.
പിന്നീട് എല്ലാവരും കണ്ണടച്ചിരുന്ന് വീഡീയോയിലെ ദൃശ്യങ്ങള്‍ ഓര്‍മ്മിച്ചെടുത്തു.
കുട്ടികള്‍ കണ്ണുതുറന്നു.അവര്‍ ദൃശ്യങ്ങള്‍ ഒന്നൊന്നായി വിളിച്ചുപറയാന്‍ തുടങ്ങി.
ചിലര്‍ ആദ്യാവസാനം കൃത്യമായി ഓര്‍മ്മിച്ചു പറഞ്ഞു.മറ്റു ചിലരുടെ ഓര്‍മ്മയില്‍ നിന്നും ചിലതൊക്കെ നഷ്ടപ്പെട്ടുപോയി.ചില വിരുതര്‍ ഇല്ലാത്ത ദൃശ്യങ്ങളും കൂട്ടിച്ചേര്‍ത്തു പറഞ്ഞു.
പക്ഷേ,ഒന്നുണ്ട്.എല്ലാവരും മഴയെ ആഴത്തില്‍ അനുഭവിച്ചിരുന്നു.അല്ലെങ്കില്‍ മനസ്സിലുള്ള സ്വന്തം മഴയനുഭവത്തെ വീഡിയോയില്‍ കണ്ട മഴഅനുഭവവുമായി ചേര്‍ത്തുവച്ചു.
"ഇനി നിങ്ങള്‍ പറഞ്ഞത് ശരിയാണോയെന്ന് നോക്കാം.ഞാന്‍ ഈ വീഡിയോ ഒരിക്കല്‍കൂടി കാണിച്ചുതരാം.”ഞാന്‍ പറഞ്ഞു.
കുട്ടിക്കള്‍ക്ക് സന്തോഷമായി.അവര്‍ നിരീക്ഷണബുദ്ധിയോടെ കണ്ണും കാതും കൂര്‍പ്പിച്ചിരുന്നു.
അവര്‍ പറഞ്ഞ ദൃശ്യങ്ങള്‍ വന്നപ്പോഴൊക്കെ കുട്ടികള്‍ കൈയടിച്ചു.ചിലതിന് കൂടുതല്‍ വ്യക്തത വരുത്തി.മറ്റു ചിലത് വീഡിയോയില്‍ ഇല്ലെന്ന് ഉറപ്പുവരുത്തി..
ഇത്രയും മതി കുട്ടികളെ വരയിലേക്കു നയിക്കാന്‍.
മണ്‍സൂണ്‍ വീഡിയോ കുട്ടികളെ നന്നായി പ്രചോദിപ്പിച്ചു.അവരുടെ മനസ്സില്‍ ഉറങ്ങിക്കിടന്ന മഴ ബിംബങ്ങളെ അത് പൊടിത്തട്ടി പുറത്തെടുത്തു.തെളിമയാര്‍ന്ന വരയിലൂടെ കുട്ടികള്‍ തങ്ങളുടെ മഴയനുഭവത്തെ ആവിഷ്ക്കരിച്ചു.
ദര്‍ശന അവള്‍ വരച്ച ചിത്രവുമായി എന്റെ അടുത്തേക്ക് ഓടി വന്നു.
അവള്‍ തന്റെ ചിത്രത്തിലേക്ക് ചൂണ്ടിപ്പറഞ്ഞു.
"ഇതാണെന്റെ വീട്.ഇതു വീടിനു പുറകിലെ മാവ്.മഴ വന്നപ്പോ വെള്ളം വീടിനു മുന്നിലൂടെ ഒഴുകി ഈ തോട്ടിലെത്തി.തോട് നിറഞ്ഞു.എന്നിട്ട് വെള്ളം ഒഴുകി അങ്ങുപോയി..”
"എങ്ങോട്ടാ പോയത്?” ഞാന്‍ ചോദിച്ചു.
"അങ്ങ് ദൂരെ... "അവള്‍ ഒരു നിമിഷം ആലോചിച്ച ശേഷം പറഞ്ഞു "കൊളത്തിലേക്ക്.....”
ഇങ്ങനെ ഓരോ കുട്ടിക്കുമുണ്ട് ചിത്രത്തെക്കുറിച്ച് ഒരുപാടൊരുപാട് പറയാന്‍.കുട്ടികളുടെ ഈ പറച്ചിലുകള്‍ തന്നെയാണ് അവരുടെ ചിത്രം.അതുകൊണ്ടാണ് ഒന്നാം ക്ലാസിലെ ചിത്രംവര കലാപ്രവര്‍ത്തനം എന്നതിനേക്കാളുപരി ഒരു ഭാഷാ പ്രവര്‍ത്തനമാകുന്നത്.ചിത്രത്തിലെ ഇമേജുകളെ പരസ്പരം ബന്ധപ്പെടുത്തി കുട്ടി ഭാഷ സ്വയം നിര്‍മ്മിച്ചെടുക്കുകയാണ് ചെയ്യുന്നത്.
ചിത്രത്തെക്കുറിച്ചുള്ള കുട്ടികളുടെ ഈ പറച്ചിലുകള്‍ക്ക് ചെവികൊടുക്കാന്‍ ടീച്ചര്‍ സമയം കണ്ടെത്തണം.ഭാഷാക്ലാസില്‍ അതു പ്രധാനമാണ്.
ശ്രേയ വരച്ചത് ഒരു കഥയെ തന്നെയാണ്.
അവള്‍ ചിത്രത്തെക്കുറിച്ചു പറഞ്ഞത് നോക്കുക.
"മഴ നല്ലോണം പെയ്തു. അപ്പോള്‍ തത്തമ്മയുടെ കൂട്ടിനുള്ളില്‍ വെള്ളം കേറി.അവള്‍ കരഞ്ഞു.പുഴക്കരയില്‍ ഇരിക്കുന്ന കുരുവിനെ കണ്ടു.കുരുവി അവളേയും കൂട്ടി വീട്ടിലേക്കുപോയി.അവള്‍ക്ക് പഴം തിന്നാന്‍ കൊടുത്തു.അങ്ങനെ മഴ മാറുന്നതുവരെ അവള്‍ ആ
വീട്ടില്‍ കഴിഞ്ഞു.”
ശ്രേയ തന്റെ മഴച്ചിത്രത്തില്‍ തത്തമ്മയും കൂടും മരവും കുരുവിയുമൊക്കെ വരച്ചുവെച്ചത് ബോധപൂര്‍വ്വം തന്നെയാണെന്ന് എനിക്ക് അപ്പോഴാണ് മനസ്സിലായത്.
മുന്‍കൂട്ടി നിശ്ചയിക്കാതെ വരച്ചിടുന്ന ഇമേജുകളില്‍ നിന്നും ആഖ്യാനമുണ്ടാക്കി പറയുന്ന കുട്ടികളുമുണ്ട്.
ഗോകുലിന്റെ ചിത്രത്തില്‍ കണ്ടാല്‍ പമ്പെന്നു തോന്നിക്കുന്ന ഒരു രൂപമുണ്ട്.
അവന്‍ പറഞ്ഞു. "ഇതു പാമ്പ്.”
"ഇത് മുകളിലോട്ടാണല്ലോ പോകുന്നത്.”ഞാന്‍
"ഉം. ആകാശത്തിലേക്ക്.”
"അതിന് എങ്ങനെ ആകാശത്തിലേക്ക് കയറാന്‍ കഴിയും?”
"മഴേന്റെ വള്ളീല് പിടിച്ചിറ്റ്.”
അവന്റെ ഭാവന എന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു.
ആലേഖനം ചെയ്യപ്പെട്ട കുട്ടികളുടെ പറച്ചിലുകളാണ് അവരുടെ ചിത്രങ്ങള്‍.സംസാരഭാഷ സ്വായത്തമാക്കുന്നതുമായി ബന്ധപ്പെട്ടാണ് അതിന്റെ വളര്‍ച്ച.കുട്ടിയില്‍ എഴുത്തുഭാഷ വികസിക്കുന്നതിന്റെ ആദ്യപടിയും ചിത്രംവരതന്നെ.അതുകൊണ്ട് ഒന്നാം ക്ലാസില്‍ ചിത്രംവരയ്ക്കാനുള്ള ധാരാളം സന്ദര്‍ഭങ്ങള്‍ ഒരുക്കിക്കൊണ്ടുവേണം നമുക്ക് മുന്നോട്ടുപോകാന്‍.കുട്ടികള്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ ഭാഷാശേഷികളില്‍ അവര്‍ കൈവരിക്കുന്ന പുരോഗതിയുടെ അടയാളങ്ങള്‍ കണ്ടെത്താന്‍ കഴിയും.
സുരേന്ദ്രന്‍ മാഷിന്റെ ഒന്നാംക്ലാസ് ഈ വര്‍ഷം പുതിയ തലങ്ങളിലേക്ക് പോകും എന്നുറപ്പാണ് .പണ്ട് ഒന്നാം ക്ലാസ്സില്‍ പഠിപ്പിചിരുന്നപ്പോള്‍ ഉണ്ടായിരുന്നതിനെക്കാള്‍ കൂടുതല്‍ ദര്‍ശനങ്ങള്‍ മാഷിലും രൂപപ്പെട്ടിട്ടുണ്ടാവുമല്ലോ .കാത്തിരിക്കുന്നു പുതിയ അന്വേഷണങ്ങള്‍ക്കായി .മാഷ്ക്കും കുട്ട്യോള്‍ക്കും എല്ലാ ആശംസകളും സ്നേഹപൂര്‍വ്വം നേരുന്നു
ReplyDelete