ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Saturday 12 June 2021

കൊറോണക്കാലത്തെ കുട്ടികളുടെ സര്‍ഗ്ഗാത്മകത


 ഈ കോവിഡ്കാലത്ത്  കുട്ടികളുടെ  സര്‍ഗ്ഗാത്മകത പൂത്തുലയുന്ന വിസ്മയിപ്പിക്കുന്ന കാഴ്ച നാം കണ്ടു. .പുറംലോകം കൊട്ടിയടക്കപ്പെട്ടപ്പോള്‍ കുട്ടികള്‍ വീണ്ടുവീണ്ടും സ്വന്തം മനസ്സിലേക്ക് ഊളിയിട്ടു.അണകെട്ടി നര്‍ത്തിയ  വികാരവിചാരങ്ങളില്‍ നിന്നും അവര്‍  മനോഹരമായ കലാരൂപങ്ങള്‍ നിര്‍മ്മിച്ചെടുത്തു. ചിലര്‍ ചിത്രത്തുന്നലുകളുകള്‍ ചെയ്തപ്പോള്‍ മറ്റുചിലര്‍  ബോട്ടില്‍ ആര്‍ട്ടുകളും പെയിന്റിങ്ങുകളും ചെയ്തു.ചിലകുട്ടികള്‍ വീടിന്റെ ചുമരുകള്‍ ക്യാന്‍വസുകളാക്കി ചിത്രങ്ങള്‍ വരച്ചു.ചിലര്‍ പേപ്പര്‍ക്രാഫിറ്റുകളില്‍ മുഴുകി.ചിലര്‍ ശില്പങ്ങളും ഉദ്യാനങ്ങളുമുണ്ടാക്കി സ്വന്തം വീടുതന്നെ ആര്‍ട്ടുഗ്യാലറിയാക്കി രൂപപ്പെടുത്തി.ക്യാമറയ്ക്ക മുന്നിലെ ഏകാന്തതയില്‍ ചിലര്‍ ഒറ്റയാള്‍ നാടകങ്ങള്‍ കളിച്ചു.കഥകളും കവിതകളും എഴുതി.


 സ്ക്കൂള്‍ അടച്ചിടുമ്പോഴാണ് കുട്ടികള്‍ അവരുടെ സര്‍ഗ്ഗാത്മകത പുറത്തെടുക്കുന്നത്.സ്ക്കൂളിലെ ചിട്ടയായ പ്രവര്‍ത്തനക്രമം ഒരു പക്ഷേ അവരെ നിശബ്ദരാക്കുന്നു
ണ്ടാകണം.പഠനത്തിനും ഹോംവര്‍ക്കുകള്‍ക്കുമിടയില്‍ അവര്‍ക്ക് കലാപ്രവര്‍ത്തനങ്ങളില്‍ മുഴുകാനുള്ള സമയം കണ്ടത്താന്‍ കഴിയുന്നുണ്ടാകില്ല.ക്ലാസ്സുമുറിയില്‍ ചില കുട്ടികള്‍ അനുഭവിക്കുന്ന inhibition അവരുടെ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടി ആകുന്നാണ്ടാകണം.

 ഗവ.യു.പി.സ്ക്കൂള്‍,പുറച്ചേരിയിലെ 5,6,7 ക്ലാസിലെ മുഴുവന്‍ കുട്ടികളും അംഗങ്ങളായുള്ള,കുട്ടികളുടെ സര്‍ഗ്ഗാത്മക ആവിഷ്ക്കാരത്തിനായുള്ള  വാട്സ്ആപ്പ് കൂട്ടായാമയാണ്ക്രിയേറ്റീവ് കിഡ്സ് .അത് ഒരു ആര്‍ട്ട് സ്റ്റുഡിയോ ആണ്.എല്ലാ ആഴ്ചയിലും ശനി,ഞായര്‍ ദിവസങ്ങളില്‍ അവിടെ കലാസൃഷ്ടികളുടെ നിര്‍മ്മാണ ശില്പശാല നടക്കും. അതിന്റെ പ്രദര്‍ശനവും ഉണ്ടാകും.

ക്രിയേറ്റീവ് കിഡ്സ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?


  • എല്ലാ ആഴ്ചയിലും ശനി,ഞായര്‍ ദിവസങ്ങളില്‍ രണ്ടു ദിവസത്തെ ശില്പശാലയായിട്ടാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്.ഈ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളില്ലാത്തിനാല്‍ കുട്ടികള്‍ക്ക് സ്വതന്ത്രമായി സര്‍ഗ്ഗാത്മക പ്രവര്‍ത്തനത്തില്‍  വ്യാപരിക്കാന്‍ കഴിയും.
  • കുട്ടികള്‍ക്ക് മൂന്നോ നാലോ ദിവസം മുന്നേ ഓരോ പ്രവര്‍ത്തനത്തെക്കുറിച്ചുമുള്ള അറിയിപ്പുകള്‍ നല്‍കും.
  •  പ്രവര്‍ത്തനം ചെയ്യാന്‍ കുട്ടികളെ പ്രചോദിപ്പിക്കുന്ന വിധത്തില്‍ അതിന്റെ വിശദാംശങ്ങള്‍ അടങ്ങിയ കുറിപ്പു നല്‍കും.
    • ഓരോ പ്രവര്‍ത്തനത്തിനും അതാതുമഖലയില്‍പ്പെട്ട വിദഗ്ദന്‍മാരുടെ ക്ലാസ്സുണ്ടാകും.ക്ലാസുകള്‍ അഞ്ചുമിനുട്ടില്‍ താഴെവരുന്ന ചെറുവീഡിയോകളായിട്ടാണ് തയ്യാറാക്കുക.
    • കുട്ടികളുണ്ടാക്കുന്ന ഉത്പ്പന്നങ്ങളുടെ ഫോട്ടോകളോ വീഡിയോകളോ ഗ്രൂപ്പില്‍ പങ്കുവയ്ക്കും.ഇതിന് അധ്യാപകര്‍ പോസിറ്റീവ് ഫീഡ്ബാക്കുകള്‍ നല്‍കും.ഈ ഫീഡ്ബാക്കുകളാണ് കൂടുതല്‍ കുട്ടികളെ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് എന്ന് മനസ്സിലായിട്ടുണ്ട്.

      • ശനിയാഴ്ച രാവിലെ എട്ടുമണിക്ക് അതാതു മേഖലയില്‍പ്പെട്ട വിദഗ്ധരുടെ ക്ലാസോടെ ആരംഭിക്കുന്ന പരിപാടി ഞായറാഴ്ച രാത്രി എട്ടുമണിക്ക് സമാപിക്കും.സമാപന പരിപാടിയില്‍ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും പങ്കെടുക്കും
       
        എന്തൊക്കെയാണ് ക്രിയേറ്റീവ് കിഡ്സിലെ പ്രവര്‍ത്തനങ്ങള്‍?

      ക്രിയേറ്റീവ് കിഡ്സിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പാഠഭാഗവുമായി ബന്ധമില്ല.സ്വതന്ത്രമായ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളാണ് അവിടെനടക്കുക.എന്നാല്‍ ഇംഗ്ലീഷ് ഭാഷാശേഷികളുടെ വികാസവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി മൂന്നോ നാലോ ശില്പശാലകള്‍ നടത്തിയിട്ടുണ്ട്.
    •  
      ഓരോ ആഴ്ചയിലും നടത്തിയ രണ്ടുദിവസത്തെ ശില്പശാലകള്‍ ഏതൊക്കെ വിഷയങ്ങളെ കേന്ദ്രീകരിച്ചായിരുന്നു?
      • പോട്രെയ്റ്റ് ഡ്രോയിങ്ങ്
      • ക്രിസ്മസ് സ്റ്റാര്‍ നിര്‍മ്മാണം
      • ഗ്രീറ്റിങ്ങ് കാര്‍ഡ് നിര്‍മ്മാണം.
      • പുല്‍ക്കൂട് നിര്‍മ്മാണം
      • കുട്ടിക്കൃഷി-സ്വന്തം കൃഷി പരിചയപ്പെടുത്തുന്ന വീഡിയോകള്‍
      • കൊളാഷ് നര്‍മ്മാണം
      • പേപ്പര്‍ ബ്ലൂൂംസ് -പേപ്പര്‍ ഫ്ലവര്‍ നിര്‍മ്മാണം
      • ഒറിഗാമി ഫെസ്റ്റ് -ഒറിഗാമി നിര്‍മ്മാണം
      • കുരുത്തോലക്കളരി
      • വായനയുടെ സ്വര്‍ഗ്ഗം-ബൂക്ക് റിവ്യു-വായിച്ച പുസ്തകം പരിചയപ്പെടുത്തുന്നത്
      • ക്ലേ മോഡലിങ്ങ്
      • കളിവീട് നിര്‍മ്മാണം
      • സാന്റ് ആര്‍ട്ട്
      • ഇലച്ചന്തം-ഇലകള്‍കൊണ്ട് രൂപങ്ങള്‍ നിര്‍മ്മിക്കല്‍
      • പ്രകൃതിയിലേക്ക് ഒരു എത്തിനോട്ടം-പ്രകൃതി നിരീക്ഷണം

 

സര്‍ഗ്ഗാത്മക പ്രവര്‍ത്തനത്തിലൂടെ ഇംഗ്ലീഷ് ഭാഷാശേഷികളുടെ വികാസവുമായി ബന്ധപ്പെട്ട് ചെയ്ത ശില്പശാലകള്‍

  • The little chef-two-day workshop on cookery show
  • My Dear Puppets- two-day workshop on puppetry
  • The World of Stories- two-day workshop on story telling
  • My Story Book- two-day workshop on developing story books.

 ക്രിയേറ്റീവ് കിഡ്സിന്റെ എല്ലാ ശില്പശാലകളിലും എല്ലാകുട്ടികളും പങ്കെടുക്കണമെന്ന നിര്‍ബന്ധമില്ല.കുട്ടികളുടെ താത്പര്യത്തിനനുസരിച്ച് പങ്കെടുക്കുകയൊ പങ്കെടുക്കാതിരിക്കുകയോ ചെയ്യാം. ക്രിയേറ്റീവ് കിഡ്സിനെ കുട്ടികളും രക്ഷിതാക്കളും ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.പല പ്രവര്‍ത്തനങ്ങളിലും കുടുംബം ഒന്നാകെ ഏര്‍പ്പെടുന്നുണ്ട്.കുട്ടികള്‍ക്കാവശ്യമായ വസ്തുക്കള്‍ സംഘടിപ്പിച്ചുനല്‍കിയും ഓരോ ഘട്ടത്തിലും അവരോടൊപ്പം ചേര്‍ന്നും രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് നല്‍കിവരുന്ന പിന്തുണചെറുതല്ല.പലകുട്ടികളിലും ഉറങ്ങിക്കിടക്കുന്ന കലാപരമായ കഴിവുകള്‍  അധ്യാപകരും തിരിച്ചറിയുന്നത് ഈ ഗ്രൂപ്പ് നിലവില്‍ വന്നതിനുശേഷമാണ്.


"മാഷേ,ശനി,ഞായര്‍ ദിവസങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുകയാണ് കുട്ടികള്‍.കുട്ടികള്‍ പൂര്‍ണ്ണമായും ഈ പ്രവര്‍ത്തനത്തില്‍ മുഴുകുന്നു.അന്നവര്‍ക്ക് ടി.വി.പോലും കാണണ്ട.അത്രയും താതപര്യമാണ് പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍...”

ക്രിയേറ്റീവ് കിഡ്സിന്റെ  ഒരുപരിപാടിയില്‍ ഒരു രക്ഷിതാവ് പറഞ്ഞ വാക്കുകളാണിത്.