ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Saturday, 8 July 2017

ഡയറിയെഴുത്തിലെ ആത്മഭാഷണങ്ങള്‍

ക്ലാസുമുറിയില്‍ നിന്നുള്ള കുറിപ്പുകള്‍...



എം.എം.സുരേന്ദ്രന്‍
വര: സചീന്ദ്രന്‍ കാറടുക്ക


അന്നേ ദിവസം സുവര്‍ണ്ണ അവതരിപ്പിച്ച ഡയറി അവസാനിച്ചത് ഇങ്ങനെയായിരുന്നു.

…..ഞാന്‍ അച്ഛനെ കാത്തിരുന്നു. അച്ഛന്‍ എനിക്ക് പുതിയ യൂനിഫോം കൊണ്ടു വരാമെന്ന് പറഞ്ഞിരുന്നു.രാത്രി കുറേയായിട്ടും അച്ഛനെ കണ്ടില്ല.ഞാന്‍ ഡയറിയെഴുതാതെ ഉറങ്ങി.പിന്നീട് അമ്മയുടെ ഉറക്കെയുള്ള കരച്ചിലും ഒച്ചയും കേട്ടാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്.അച്ഛന്‍ അമ്മയെ അടിക്കുകയായിരുന്നു.അച്ഛന്‍ കള്ളുകുടിച്ചിട്ടാണ് വന്നത്.ഞാന്‍ പേടിച്ചുവിറച്ച് വാതിലിനു പുറകില്‍ ഒളിച്ചു. ചിലപ്പോള്‍ എനിക്കും കിട്ടും അടി.രാവിലെ ഉണര്‍ന്നുനോക്കിയപ്പോള്‍ പതിവുപോലെ അമ്മ അടുക്കളയില്‍ ദോശ ചുടുകയായിരുന്നു.അമ്മയുടെ മുഖം ചുവന്ന് വീര്‍ത്തിരുന്നു.....


ആദ്യമാദ്യം കുട്ടികളുടെ ഡയറിക്കുറിപ്പുകള്‍ വിരസമായിരുന്നു.രാവിലെ എഴുന്നേറ്റതും പ്രഭാതകൃത്യങ്ങള്‍ ചെയ്തതും ക്ലാസില്‍ മാഷ് വന്നു പഠിപ്പിച്ചതും മറ്റും ആവര്‍ത്തിച്ച് എഴുതിക്കൊണ്ടിരുന്നു അവര്‍.എന്നാല്‍ ക്ലാസിലവതരിപ്പിക്കപ്പെട്ട നല്ല ഡയറികളുടെ മാതൃകകളും വിലയിരുത്തലുകളും അവരുടെ ഡയറിക്കുറിപ്പില്‍ മാറ്റം കൊണ്ടുവന്നു. 


 പുതിയ പദങ്ങളും പ്രയോഗങ്ങളും മറ്റും ഡയറിക്കുറിപ്പില്‍ ഉള്‍പ്പെടുത്താന്‍ അവര്‍ ശ്രദ്ധിച്ചു.ആഖ്യാനത്തില്‍ കൂടുതല്‍ ആത്മാംശം കലരാന്‍ തുടങ്ങി.ക്ലാസുമുറിയുടെ അനുഭവമണ്ഡലത്തില്‍ നിന്നും അതു പതുക്കെ പുറത്തുകടന്നു.വീടിനകത്ത് കുട്ടികള്‍ അനുഭവിക്കേണ്ടിവരുന്ന അവഗണനകള്‍,പീഡനങ്ങള്‍,കുടുംബവഴക്ക് അവരിലുണ്ടാക്കുന്ന പിരിമുറുക്കങ്ങള്‍,ഉത്ക്കണ്ഠകള്‍,പ്രതീക്ഷകള്‍....എല്ലാത്തിന്റെയും സൂചനകള്‍ ഞാനവരുടെ ഡയറിക്കുറിപ്പുകളില്‍ വായിച്ചെടുത്തു.തനിക്ക് ചുറ്റുമുള്ള ജീവിതത്തോടുള്ള കുട്ടികളുടെ സഹജമായ പ്രതികരണങ്ങള്‍ അവര്‍ എഴുത്തിലൂടെ ആവിഷ്ക്കരിച്ചു.  യാന്ത്രികമായ എഴുത്ത് ജൈവികമായ ആവിഷ്ക്കാരത്തിനു വഴിമാറി.എഴുതുകയെന്നത് കുട്ടികളുടെ ആവശ്യമായി മാറി.ഡയറിയെഴുത്തിലൂടെ അവര്‍ തങ്ങളുടെ ആത്മാവിന്റെ ഭാഷ തൊട്ടറിഞ്ഞു.  അവരുടെ സ്വകാര്യദുഃഖങ്ങള്‍ കോറിയിട്ട പേജുകള്‍ ക്ലാസില്‍ ഉറക്കെ വായിക്കാന്‍ അവര്‍ വിമുഖത കാട്ടി.

ഒരു ദിവസം ഷാഹുല്‍ ക്ലാസില്‍ വന്നത് അല്പം മുടന്തിക്കൊണ്ടാണ്.കാലിന്റെ മടമ്പ് നീരുവെച്ച്
 വീങ്ങിയിരിക്കുന്നു.എന്തുപറ്റിയെന്ന് ഞാന്‍ അവനോടു ചോദിച്ചു.ഒരു ചെറുചിരിയോടെ അവന്‍ ഡയറിപ്പുസ്തകം എനിക്കുനേരെ നീട്ടി.ഞാനത് വായിച്ചുനോക്കി.

ഇന്ന് ഞായറാഴ്ചയായതുകൊണ്ട് വൈകിയാണുണര്‍ന്നത്.ഉപ്പ വീട്ടില്‍തന്നെ ഉണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ സന്തോഷം തോന്നി.ചായ കുടിച്ച് ഞാനും ഉപ്പയും ചെസ് കളിക്കാനിരുന്നു.ഞങ്ങള്‍ ചെസ് കളിക്കുന്നത് നോക്കിക്കൊണ്ട് അടുത്തുതന്നെ മേശപ്പുറത്ത് ചിക്കുവുമുണ്ട്.ചിക്കു ഞങ്ങളുടെ വളര്‍ത്തുപൂച്ചയാണ്.അവള്‍ നോക്കിയിരിക്കുമ്പോള്‍ ചെസ് കളിക്കാന്‍ രസമാണ്.ഇടയ്ക്ക് അവള്‍ എഴുന്നേറ്റു പോയി.അവള്‍ക്ക് മുഷിഞ്ഞുകാണും.രണ്ടു കളിയിലും ഞാന്‍ ജയിച്ചു.ഉപ്പ അതോടെ കളി നിര്‍ത്തി. ഞാന്‍ ചിക്കുവിനെ അന്വേഷിച്ചിറങ്ങി.അവളെ എവിടെയും കണ്ടില്ല.അടുത്ത വീട്ടിലെ ഹസീനത്താത്ത വിളിച്ചുപറഞ്ഞു അവളവിടെയുണ്ടെന്ന്.ഞാന്‍ അങ്ങോട്ടുചെന്നു.ചിക്കു അടുക്കളയിലെ തിണ്ണമേല്‍ കുത്തിയിരിപ്പാണ്.ഞാനവളെ പിടിക്കാന്‍ നോക്കി.അവള്‍ മുറ്റത്തെ പേരമരത്തില്‍ ഓടിക്കയറി.ഞാനും പുറകെ വലിഞ്ഞുകയറി.അവള്‍ മരത്തിനറ്റത്തെ ചെറിയ കൊമ്പില്‍ പതുങ്ങിയിരുന്നു.അവളെ പിടിക്കാന്‍  ഞാനും കൊമ്പിലേക്കു കയറി.അവള്‍ താഴേക്ക് ഒറ്റച്ചാട്ടം.പെട്ടെന്ന് ഒരു ശബ്ദം കേട്ടു.കൊമ്പ് ഒടിയുന്നതാണ്.ഞാന്‍ താഴേക്കു വീണു.ഭാഗ്യത്തിന് ഒന്നും പറ്റിയില്ല.കാലില്‍ ചെറിയൊരു ഉളുക്ക്.അത്രമാത്രം. പൂച്ചയെക്കൊണ്ടുകളിക്കുന്നതിന് ഉമ്മയുടെ വഴക്കുകേള്‍ക്കേണ്ടി വന്നതായിരുന്നു അതിലും കഷ്ടം!


 ഷാഹുലിന്റെ ഉപ്പയ്ക്ക് കൃഷി ഡിപ്പാര്‍ട്ടുമെന്റിലാണ്  ജോലി.അവര്‍ വയനാട്ടിലായിരുന്നു.ഉപ്പയ്ക്ക് സ്ഥലം മാറ്റം കിട്ടിയതുകൊണ്ടാണ് ഇങ്ങോട്ട് പോന്നത്.അയാള്‍ ഇടക്കിടെ എന്നെ കാണാന്‍ വരും.നല്ല വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരന്‍.ഞങ്ങള്‍ ഷാഹുലിനെക്കുറിച്ച് സംസാരിക്കും.അവന്റെ കുസൃതികളെക്കുറിച്ച്,‍ഡയറിയെഴുത്തിനെക്കുറിച്ച്,വായനാശീലത്തെക്കുറിച്ച്,കണക്കുചെയ്യുന്നതിലുള്ള വേഗതയെക്കുറിച്ച്....

മാസാവസാനത്തെ ക്ലാസ് തല രക്ഷാകതൃയോഗങ്ങളിലെല്ലാം അവന്റെ ഉപ്പയും ഉമ്മയും പങ്കെടുത്തു.പുതിയ പഠന രീതിയെക്കുറിച്ചും മറ്റും സംശയങ്ങള്‍ ഉന്നയിക്കുകയും ചര്‍ച്ച തുടങ്ങിവെക്കുകയും ചെയ്തു.


 ഒരിക്കല്‍ ഷാഹുല്‍ ക്ലാസില്‍ വന്നത് പഞ്ചതന്ത്രം കഥകളുടെ ഒരു പുതിയ കോപ്പിയുമായാണ്.

"ഇന്നലെ എന്റെ പിറന്നാളായിരുന്നു സേര്‍.ഈ പുസ്തകം ഹസീനത്താത്തയുടെ സമ്മാനമാണ്.”
"നല്ല സമ്മാനം."ഞാന്‍ പുസ്തകം വാങ്ങി നോക്കിക്കൊണ്ടു പറഞ്ഞു.
"ആരാണ് ഹസീനത്താത്ത?”
"എന്റെ അടുത്ത പൊരേലാ.കോളേജിലൊക്കെ പഠിച്ചതാ.
ഇതുവരെ ജോലിയായിട്ടില്ല.”


അവന്റെ സംസാരത്തിലും ഡയറിയിലുമൊക്കെ ഹസീനത്താത്ത നിറഞ്ഞു നിന്നു.ഒരു ദിവസം അവന്‍ പറഞ്ഞു.
"അടുത്തതവണ ഞങ്ങള്‍ നാട്ടില്‍ പോകുമ്പോള്‍ ഹസീനത്താത്തയെയും കൂടെക്കൂട്ടും.”


ദിവസങ്ങള്‍ കടന്നുപോയി.ഇടയ്ക്ക് അവന്‍ ഒരാഴ്ചയോളം ക്ലാസില്‍ വന്നില്ല.ഒരു പക്ഷേ,നാട്ടില്‍ പോയതാവാമെന്ന് ഞാന്‍ കരുതി.പിന്നീടൊരു ദിവസം ഏറെ വൈകി അവന്‍ ക്ലാസിലെത്തി.ആദ്യമായിട്ടായിരിക്കണം അവന്‍ ക്ലാസില്‍ വൈകിയെത്തുന്നത്.
"നാട്ടില്‍ പോകുമ്പോള്‍ നിനക്കൊന്ന് പറഞ്ഞിട്ട് പോയ്ക്കൂടെ?"ഞാനല്‍പ്പം ദേഷ്യപ്പെട്ടുകൊണ്ടു ചോദിച്ചു.
അവന്‍ ഒന്നും മിണ്ടിയില്ല.


 ഞാനവനെ സൂക്ഷിച്ചു നോക്കി.അവന്‍ വല്ലാതെ ക്ഷീണിച്ച് പോയിരിക്കുന്നു.മുഖം വാടിയിരിക്കുന്നു.തലമുടി പാറി പറന്നിട്ടുണ്ട്.മുഷിഞ്ഞ വസ്ത്രം ധരിച്ചിരിക്കുന്നു.ഈ രൂപത്തില്‍ ഞാനവനെ ഇതുവരെ കണ്ടിട്ടില്ല.

"എന്തു പറ്റീ നിനക്ക്? എന്തായിരുന്നു അസുഖം?”
അവനൊന്നും മിണ്ടാതെ തലതാഴ്ത്തിയിരുന്നതേയുള്ളു.
"വരൂ,നിന്റെ ഡയറി വായിച്ചുകൊടുക്കൂ."ഞാന്‍ നിര്‍ബന്ധിച്ചു.

പക്ഷേ, അവന്‍ അനങ്ങിയില്ല.അവന്റെ കണ്ണുനിറഞ്ഞിരിക്കുന്നതായി എനിക്കു തോന്നി.അവനെന്തോ പ്രയാസമുണ്ട്.ഞാന്‍ അവന്റെ അടുത്ത് ചെന്ന് ഡയറി ചോദിച്ചു.അവന്‍ തന്നില്ല.കൂടുതല്‍ നിര്‍ബന്ധിച്ചപ്പോള്‍ പുസ്തകം എന്റെ കൈയില്‍ വെച്ചുതന്നു,ഒരപേക്ഷയോടെ.
"ഉറക്കെ വായിക്കല്ലേ,സേര്‍.”

കഴിഞ്ഞ ഒരാഴ്ചയായി ഉപ്പ പോയിട്ട്.എങ്ങോട്ടാണ് പോയതെന്ന് ആര്‍ക്കുമറിയില്ല.ഒന്നു മാത്രമറിയാം.കൂടെ ഹസീനത്താത്തയുമുണ്ട്.നാട്ടിലേക്കാണെങ്കില്‍ ഞങ്ങളെയും കൂട്ടാമല്ലോ.ആ താത്തയ്ക്കെങ്കിലും പറയാമായിരുന്നു.

ഉപ്പ പോയതില്‍പ്പിന്നെ ഉമ്മ എപ്പോഴും കരച്ചിലാണ്.വീട്ടില്‍ ഭക്ഷണം പോലും ഉണ്ടാക്കാറില്ല.ഉപ്പ ഞങ്ങളെ വിട്ടുപോയെന്നും ഇനിയൊരിക്കലും  വരില്ലെന്നുമാണ് ഉമ്മ പറയുന്നത്.നേരായിരിക്കുമോ? ഉപ്പയും താത്തയും ഒന്നിച്ച് കഴിയുമത്രെ!ഞങ്ങളെ ഒഴിവാക്കിയിട്ട് അതിന് കഴിയോ അവര്‍ക്ക്.ഉമ്മയുടെ കയ്യിലാണെങ്കില്‍ പണവുമില്ല.ഉമ്മ ഇന്നലെ മാമനെ ഫോണില്‍ വിളിച്ച് ഒരുപാട് കരഞ്ഞു.മാമന്‍ എന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുക?ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല......


 എനിക്ക് വായിച്ച് മുഴുപ്പിക്കാന്‍ കഴിഞ്ഞില്ല.
പുസ്തകത്തിന്റെ താളുകള്‍ കണ്ണീരില്‍ കുതിര്‍ന്നിരിക്കുന്നതായി തോന്നി.മനസ്സിനു വല്ലാത്ത വിങ്ങല്‍.പുസ്തകം മടക്കിക്കൊടുത്ത്,'ഉപ്പ ഉടനെ തിരിച്ചുവരും,നിങ്ങളുടെ സ്നേഹത്തെ അങ്ങനെ കണ്ടില്ലെന്നു നടിക്കാന്‍ ഉപ്പയ്ക്കാവില്ല.ഞാനും അന്വേഷിക്കാം' എന്നൊക്കെപ്പറഞ്ഞ്  ഞാനവനെ സമാധാനിപ്പിച്ചു.എനിക്കത്രയേ കഴിയുമായിരുന്നുള്ളു.

പിറ്റേ ദിവസം അവന്റെ ഉമ്മ എന്നെക്കാണാന്‍ വന്നു.അവര്‍ എനിക്കു മുന്നില്‍നിന്ന് കുറേനേരം കരഞ്ഞു.എന്തുചെയ്യണമെന്നറിയാതെ ഞാന്‍ കുഴങ്ങി.എങ്ങനെയാണവരെ സമാധാനിപ്പിക്കുക?


"അയാള്‍ക്ക് ഒരബദ്ധം പറ്റിയതായിരിക്കും.തെറ്റു മനസ്സിലാക്കുമ്പോള്‍ തിരിച്ചുവരും."ഞാന്‍ പറഞ്ഞു.
അവര്‍ കണ്ണുകള്‍ തുടച്ചു.കുറച്ചുനേരം ഒന്നും മിണ്ടാതെ നിന്നു.പിന്നീട് പറഞ്ഞു.
"ഇനി അയാള്‍ വരണ്ട.വന്നാല്‍ തന്നെ ഒരുമിച്ച് ജീവിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല.”
അവര്‍ എന്തോ തീരുമാനിച്ചുറച്ചതുപോലെ പറഞ്ഞു.
"മാഷെ,ഞങ്ങള്‍ നാട്ടിലേക്ക് പോവുന്നു.എനിക്ക് ഷാഹുലിന്റെ ടി സി വേണം."
അവര്‍ ചിരിക്കാന്‍ ശ്രമിച്ചു.
"ധൃതിയില്‍ അങ്ങനെയൊരു തീരുമാനമെടുക്കണോ?”
"വേണം.എത്ര ദിവസംന്ന് വെച്ചിട്ടാ ഞങ്ങളിവിടെ ഒറ്റയ്ക്ക് താമസിക്കുക?”
അവര്‍ യാത്ര പറഞ്ഞിറങ്ങി.

അന്നു രാത്രി എനിക്കുറക്കം വന്നില്ല.എന്നും രാവിലെ ഡയറി വായിക്കാറുള്ള ഷാഹുലിന്റെ പ്രസന്നമായ മുഖമായിരുന്നു എന്റെ മനസ്സില്‍.അവന്റെ ഉമ്മയുടെ കണ്ണീരും.ഇനിമുതല്‍ ഷാഹുല്‍ ക്ലാസിലുണ്ടാവില്ല എന്ന യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ ഞാന്‍ ഏറെ പാടുപെട്ടു. ഓരോ കുട്ടിക്കും ക്ലാസില്‍ ഓരോ ഇടമുണ്ട്.പിരിഞ്ഞു പോകുന്നവന്‍ ഒരു ശൂന്യത ബാക്കിവയ്ക്കും.




1 comment:

  1. ജൈവ പാഠം വായന വീണ്ടും തുടങ്ങി....

    ReplyDelete