ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Saturday 31 October 2015

സ്ക്കൂള്‍ പ്രവര്‍ത്തന കലണ്ടര്‍-നവംബര്‍ മാസം

2015
നവംബര്‍

നവംബര്‍ 3  ചൊവ്വ
നവംബര്‍ 1 കേരളപ്പിറവി ദിനം
  • കേരളപ്പിറവി ദിനം-സന്ദേശം-അസംബ്ലി
  • കേരളിയം-കേരളീയ ഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള പരിപാടി(അവതരണം-സാമൂഹ്യശാസ്ത്ര ക്ലബ്ബ്)

ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
  • കേരളം ജില്ലകളിലൂടെ/കേരളിയ കലകള്‍-പതിപ്പ്(ഈ ആഴ്ച)

നവംബര്‍ 4 ബുധന്‍
 കേരളപ്പിറവി ദിനം-തുടര്‍ച്ച
  •  കേരളം-റിലീഫ് മാപ്പ് നിര്‍മ്മാണം-മത്സരം -ക്ലാസുതലം

നവംബര്‍ 6 വെള്ളി
നവംബര്‍ 7-സി.വി.രാമന്‍ ദിനം
  • അസംബ്ലി-സി.വി.രാമന്‍ അനുസ്മരണം(സയന്‍സ് ക്ലബ്ബ്)

SRG യോഗം
  • യൂണിറ്റ് വിലയിരുത്തല്‍-ആസൂത്രണം
  • കുട്ടികളുടെ ഗൃഹസന്ദര്‍ശനം- അവലോകനം
  • ശിശുദിനം ആസൂത്രണം

 നവംബര്‍ 9
തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
  • കേരളം ജില്ലകളിലൂടെ/കേരളിയ കലകള്‍-പതിപ്പ് -വിലയിരുത്തല്‍
  • പ്രകാശവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍-ആസൂത്രണം(ഈ ആഴ്ച)

 നവംബര്‍ 11 ബുധന്‍
യൂണിറ്റ് വിലയിരുത്തല്‍-ആരംഭം

 നവംബര്‍ 13 വെള്ളി
നവംബര്‍ 14ശിശുദിനം
  • അസംബ്ലി-ജവഹര്‍ലാല്‍ നെഹ്രു അനുസ്മരണം
  • കുട്ടികളെക്കൊണ്ട് ജോലിചെയ്യിക്കുന്നതിനെതിരെ കൂട്ട ചിത്രംവര-ക്ലാസ് തലം 

നവംബര്‍ 16 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
  • പ്രകാശവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍-അവതരണവും വിലയിരുത്തലും
  • പത്രനിര്‍മ്മാണം-നാലു ഗ്രൂപ്പ്,  നാല് പത്രങ്ങള്‍

നവംബര്‍ 20 വെള്ളി

SRG യോഗം
  • യൂണിറ്റ് വിലയിരുത്തല്‍-അവലോകനം
  • പഠനപിന്നോക്കാവസ്ഥ-കുട്ടികള്‍ക്ക് വേണ്ട സഹായങ്ങള്‍

നവംബര്‍ 23 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
  • നാലു ഗ്രൂപ്പ്,  നാല് പത്രങ്ങള്‍-വിലയിരുത്തല്‍
  • Story Theatre-English-Planning and rehearsal(one week)

നവംബര്‍ 27 വെള്ളി


SRG യോഗം
  • ക്ലസ് പിടിഎ-ആസൂത്രണം 


നവംബര്‍ 30 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
  • Story Theatre-English-Presentation and Assessment‌
  • കടങ്കഥാമത്സരം-ഗ്രൂപ്പ് (ഈ ആഴ്ച -ശേഖരണവും തയ്യാറെടുപ്പും)

ക്ലാസ് പിടിഎ
  • യൂണിറ്റ് വിലയിരുത്തല്‍-കുട്ടികളുടെ പഠനനിലവാരം പങ്കുവയ്ക്കല്‍
  • പോര്‍ട്ട് ഫോളിയോ sharing,കുട്ടികളുടെ അവതരണങ്ങള്‍
  • കുട്ടിയെക്കുറിച്ച്  അമ്മയും അമ്മയെക്കുറിച്ച് കുട്ടിയും
  • ഡിസംബര്‍ മാസം-പഠനനേട്ടങ്ങള്‍,കുട്ടികള്‍ക്ക് ലഭ്യമാകേണ്ട പിന്തുണ
  • മറ്റു കാര്യങ്ങള്‍


Saturday 24 October 2015

ഈ മേളകള്‍ എന്നെങ്കിലും കുട്ടികളുടേതാകുമോ?


ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര മേളകള്‍ എന്നെങ്കിലും കുട്ടികളുടേതാകുമോ?

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന സബ്ബ്ജില്ലാ മേളകളില്‍ പങ്കെടുത്തപ്പോള്‍  മനസ്സില്‍ ഉയര്‍ന്നുവന്ന ഒരു ചോദ്യമാണിത്.
കുട്ടികളുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന കഴിവുകള്‍ തൊട്ടുണര്‍ത്താന്‍,അവര്‍ക്ക് ശാസ്ത്രത്തോടും അതിന്റെ രീതികളോടും ആഭിമുഖ്യം വളര്‍ത്താന്‍,അവരില്‍ ജിജ്ഞാസയും ശാസ്ത്രചിന്തയും അങ്കുരിപ്പിക്കാനുള്ള അപാരമായ സാധ്യതകളാണ് ഓരോ മേളയും കുട്ടികള്‍ക്കു മുന്നില്‍ തുറന്നിടുന്നത് .
എന്നാല്‍ ഈ മേളകള്‍ ഉദ്ദേശിച്ച ഫലം ചെയ്യുന്നുണ്ടോ?അതിന്റെ ലക്ഷ്യത്തില്‍ നിന്നും എന്തുകൊണ്ടാണ് അത് വഴിമാറിപ്പോകുന്നത്?
മേളകളുടെ നടത്തിപ്പിനുവേണ്ടുന്ന പണച്ചെലവ്,അതിന്റെ സംഘാടനത്തിനായി രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന അധ്യാപകര്‍,വിദ്യാലയങ്ങളിലെ അധ്യയന ദിവസങ്ങളുടെ നഷ്ടം എന്നിവയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഈ മേളയുടെ ഫലപ്രാപ്തി എന്താണ്?  ഒരു വിലയിരുത്തല്‍ ആവശ്യമാണെന്നു തോന്നുന്നു.

ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവര്‍ത്തിപരിചയ മേളയുടെ ഉദ്ദേശ്യം എന്താണെന്ന് മാന്വലില്‍ വ്യക്തമായി പറയുന്നുണ്ട്.
'മത്സരാര്‍ത്ഥികളുടെ വൈദഗ്ദ്യപരമായ കഴിവുകളുടെ യഥാതഥമായ പ്രകാശത്തിനപ്പുറം കുട്ടികളില്‍ അന്തര്‍ലീനമായ കഴിവുകള്‍ ഉണര്‍ത്തി അവയെ പരിപോഷിപ്പിക്കുക എന്നതാണ് ഈ മേളയുടെ ഉദ്ദേശ്യം.'
(ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവര്‍ത്തിപരിചയ മേളകളുടെ മാന്വല്‍-2009പൊതുവിദ്യാഭ്യാസ വകുപ്പ്) 
ഇതേ മാന്വലില്‍ പറഞ്ഞിരിക്കുന്ന മേളകളുടെ ലക്ഷ്യങ്ങളില്‍ ചിലത്     എന്തൊക്കെയാണെന്നു നോക്കാം.


  • വിദ്യാര്‍ത്ഥികളുടെ വൈജ്ഞാനികവും,  ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവര്‍ത്തിപരിചയ അഭിരുചിയും ഗവേഷണ താത്പര്യവും, പഠനത്തിലൂടെ ആര്‍ജ്ജിച്ച അറിവുകള്‍ തനിക്കും, താന്‍ ഉള്‍ക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയില്‍ വളര്‍ത്തിയെടുക്കുക.
  • വിജ്ഞാനവര്‍ദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളര്‍ത്തിയെടുക്കുക
  • കുട്ടികളുടെ നൈസര്‍ഗികമായ കഴിവുകളെ  കണ്ടെത്തി പരിപോഷിപ്പിക്കുക.
  •  മനുഷ്യനും അവന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിവ് നേടുകയും ഈ അറിവ് നേടാനുള്ള രീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക.



 

‌ലക്ഷ്യങ്ങള്‍ മഹത്തരമാണ്.പക്ഷേ,ഈ ലക്ഷ്യങ്ങളില്‍ ഒന്നുപോലും നേടിയെടുക്കാന്‍ ഈ മേളകള്‍ കൊണ്ട് സാധിക്കില്ല.അതിനു പ്രധാന കാരണം അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് മേളകള്‍ ഹൈജാക്ക് ചെയ്യുന്നതാണ്.
ഗണിതശാസ്ത്ര-പ്രവര്‍ത്തിപരിചയ മേളകളിലെ on the spotമത്സരങ്ങള്‍ ഒഴിവാക്കിയാല്‍ മേളകള്‍ എങ്ങനെയെല്ലാമാണ് കുട്ടികളുടേതല്ലാതാകുന്നത് എന്നു പരിശോധിക്കാം.


  • സ്റ്റില്‍ മോഡല്‍,വര്‍ക്കിങ്ങ് മോഡല്‍,പരീക്ഷണങ്ങള്‍,പ്രൊജക്ടുകള്‍, എന്നിവയുടെ തീമുകള്‍ മുതര്‍ന്നവരാണ് തെരഞ്ഞെടുത്ത് നല്‍കുന്നത്.അങ്ങിനെ നല്‍കുന്നതു കൊണ്ട് കുഴപ്പമില്ല.പക്ഷേ,അതു കുട്ടികളുടെ പ്രായം,പഠിക്കുന്ന ക്ലാസ് എന്നിവയെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം.കുട്ടികള്‍ക്ക് ദഹിക്കാത്ത conceptകളെ അടിസ്ഥാനപ്പെടുത്തിയാണ് ഉപകരണങ്ങളുടെ നിര്‍മ്മാണം.ഫലത്തില്‍ ഇത് കുട്ടികളുടെ പഠനത്തിനുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്നു.


  •  കുട്ടികള്‍ക്കുവേണ്ടി മോഡലുകള്‍,ഉപകരണങ്ങള്‍ എന്നിവ രൂപകല്പനചെയ്യുന്നതും നിര്‍മ്മിക്കുന്നതും അധ്യാപകരോ രക്ഷിതാക്കളോ ആര്‍ട്ടിസ്റ്റുകളോ മറ്റു സാങ്കേതികവിദഗ്ദരോ ആണ്.കുട്ടികള്‍ പിന്നീടാണ് വിഷയത്തിലേക്കു കടന്നു വരുന്നത്.അവരെ പഠിപ്പിച്ചെടുക്കുകയാണ് പിന്നീട് ചെയ്യുന്നത്. മോഡലുകളും ഉപകരണങ്ങളും രൂപകല്പനചെയ്യലും നിര്‍മ്മിക്കലും വലിയ പഠനത്തിനും വികാസത്തിനുമുള്ള സാധ്യതകള്‍ കുട്ടികള്‍ക്കുമുന്നില്‍ തുറന്നിടുന്നുണ്ട്.എന്നാല്‍ ഇവിടെ അതു നിഷേധിക്കപ്പെടുന്നു.


  •  എല്‍.പി. വിഭാഗത്തിലെ ചാര്‍ട്ടുകള്‍,ശേഖരണങ്ങള്‍,പരീക്ഷണങ്ങള്‍ എന്നിവയിലൊക്കെ ഗംഭീരമായ മത്സരമാണ് നടന്നത്.ശാസ്ത്രീയമായconcept കളെ വ്യാഖ്യാനിക്കാനും വിശകലനം ചെയ്യാനും ആശയങ്ങളാക്കി ക്രമപ്പെടുത്താനും ചിത്രങ്ങളിലൂടേയും എഴുത്തിലൂടേയുമൊക്കെ ഭംഗിയായി അവതരിപ്പിക്കാനുമൊക്കെ ചാര്‍ട്ടുനിര്‍മ്മാണത്തിലൂടെ കഴിയും.ശേഖരണങ്ങളും പരീക്ഷണങ്ങളും ഇതുപോലെ തന്നെ.എന്നാല്‍ ഇതും അധ്യാപകരും ആര്‍ട്ടിസ്റ്റുകളും ചേര്‍ന്ന് കൈയ്യടക്കിക്കളഞ്ഞു.പാവം കുട്ടികള്‍!അവര്‍ യന്ത്രപ്പാവകളെപ്പോലെ ഓരോന്നിനുമുന്നിലും നിന്ന് ഇതു തന്റേതാണെന്നതുപോലെ  സംസാരിച്ചുകൊണ്ടിരുന്നു.


  • എങ്ങനെയെങ്കിലും സമ്മാനം നേടിയെടുക്കുക എന്ന ഉദ്ദേശത്തോടെ ഓരോ വിദ്യാലയവും നല്ലൊരു തുക മേളയ്ക്കു വേണ്ടി ചെലവഴിക്കുന്നുണ്ട്.അതുകൊണ്ടുതന്നെ മത്സരത്തിലെ ടെന്‍ഷന്‍ കൂടും.അതോടുകൂടി അത് ലക്ഷ്യത്തില്‍നിന്നും അകന്നുപോകും. 


  • മേളകളിലെ പ്രദര്‍ശനം എന്നത് വിധികര്‍ത്താക്കള്‍ക്ക് കാണാനും വിലയിരുത്താനും വേണ്ടി മാത്രമാണ്.വിധികര്‍ത്താക്കള്‍ വരുന്നതിനുമുന്നേ ആരേയും അകത്ത് പ്രവേശിപ്പിക്കുന്നില്ല.വിധി നിര്‍ണ്ണയം കഴിഞ്ഞാലുടന്‍ എല്ലാം പെറുക്കിക്കെട്ടി വെക്കുന്നു.ഇതു കാരണം മേളയില്‍ പങ്കെടുക്കുന്ന  കുട്ടികള്‍ക്ക് മറ്റു സ്റ്റാളുകളിലെ പ്രദര്‍ശനം കാണാനോ മനസ്സിലാക്കാനോ അവസരം ലഭിക്കുന്നില്ല.
 ഒരു സബ്ബ്ജില്ലാ മത്സരത്തിന്റെ കാര്യമാണ് ഇവിടെ സൂചിപ്പിച്ചത്.എങ്കില്‍ ഒരു ജില്ലാ-സംസ്ഥാന മത്സരത്തിന്റെ സ്ഥിതി എന്തായിരിക്കും?

ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവര്‍ത്തിപരിചയ മേളകളുടെ മാന്വലില്‍,മൂല്ല്യനിര്‍ണ്ണയോപാധികള്‍ എന്ന തലക്കെട്ടില്‍ കുട്ടികളുടെ പങ്കാളിത്തം സംബന്ധിച്ച്  നല്‍കിയ ഒരു മാനദണ്ഡം ഇങ്ങനെയാണ്.

'3.സാങ്കേതിക ജ്ഞാനവും നിര്‍മ്മാണ പാടവവും(Technical skill and workmanship)
പ്രദര്‍ശന വസ്തു /വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും വിദ്യാര്‍ത്ഥികള്‍ക്കുള്ള കഴിവും സാമര്‍ത്ഥ്യവും പ്രകടമാക്കുന്നുണ്ടോ?'

 ഇങ്ങനെയൊരു മാനദണ്ഡം നല്‍കിയിട്ടുണ്ടെങ്കിലും ഇതിനെ അടിസ്ഥാനപ്പെടുത്തി വിധികര്‍ത്താക്കള്‍ ഉത്പ്പന്നം വിലയിരുത്തുന്നതായി തോന്നുന്നില്ല.ഉത്പ്പന്നം രൂപപ്പെടുത്തുന്നതില്‍ കുട്ടികളുടെ പങ്കാളിത്തം എന്നത് വിധികര്‍ത്താക്കളെ സംബന്ധിച്ചിടത്തോളം ഒരു വിഷയമല്ല. മാന്വലില്‍ സൂചിപ്പിച്ചിട്ടും ഇത് പരിഗണിക്കപ്പെടാതെ പോകുന്നതിനുള്ള കാരണം എന്താണെന്നും അറിയില്ല.


ശാസ്ത്രമേളയിലെ ഒരു മുഖ്യആകര്‍ഷണമാണ് Improvised experiment.ഒരു പക്ഷേ,കുട്ടികളില്‍ ശാസ്ത്രത്തോടുള്ള ആഭിമുഖ്യം വളര്‍ത്താന്‍ ഏറ്റവും പ്രയോജനപ്പെടുന്നതും ഈ മേഖല തന്നെയായിരിക്കണം.

Improvised experiment എന്ന വിഭാഗത്തില്‍ കണ്ട ഒരു പരീക്ഷണത്തെക്കുറിച്ചു പറയാം.ഭംഗിയായി പണികഴിപ്പിച്ച ഒരു ചതുരപ്പെട്ടി.പെട്ടിയുടെ മുന്‍വശം ഗ്ലാസ് പേപ്പറാണ്. അകത്ത് ഒരു കോണ്‍കേവ് ലെന്‍സ് ഉറപ്പിച്ചിരിക്കുന്നു.പുറത്ത് ഘടിപ്പിച്ച രണ്ടുലേസര്‍ ലൈറ്റുകളിലൂടെ ലെന്‍സിലൂടെ പ്രകാശം കടത്തിവിടുന്നു.പെട്ടിക്കകത്ത് പുക നിറയ്ക്കുന്നു.കോണ്‍കേവ് ലെന്‍സിലൂടെ കടന്നുപോകുന്ന  പ്രകാശകിരണങ്ങള്‍ പരസ്പരം അകന്നുപോകുന്നു എന്നു കാണിക്കലാണ് പരീക്ഷണത്തിന്റെ ഉദ്ദേശ്യം.

ഇവിടെ കുട്ടി ചെയ്യേണ്ടത് ലേസര്‍ ലൈറ്റ് ഓണ്‍ചെയ്യലും പെട്ടിക്കകത്ത് പുകനിറയ്ക്കലുമാണ്.കുട്ടികളുടെ ഏതെങ്കിലും കഴിവുകള്‍ ഇവിടെ പ്രയജനപ്പെടുത്തുന്നതായി കണ്ടില്ല.പരീക്ഷണങ്ങളില്‍ ഒന്നൊഴികെ ബാക്കിയെല്ലാം ഈരീതിയിലുള്ളതായിരുന്നു.കുട്ടികളുടെ പണി സര്‍ക്കീട്ട് ഓണ്‍ചെയ്യലോ cohesion force കാണിക്കാന്‍ മാസികകള്‍ ഘടിപ്പിച്ച് തയ്യാറാക്കിയ ഊഞ്ഞാലിലിരുന്ന ആടുകയോ ഒക്കെയാണ്.
 Improvised experiment ഇങ്ങനെയാണോ?ഒരു പരീക്ഷണത്തിന് അത്യാവശ്യം വേണ്ട ചില പ്രക്രിയകളില്ലേ?ഉപകരണങ്ങള്‍ സജ്ജീകരിക്കല്‍, പരീക്ഷണംചെയ്യല്‍,ചരങ്ങള്‍ നിയന്ത്രിക്കല്‍,ദത്തങ്ങള്‍ ശേഖരിക്കല്‍, വിശകലനം ചെയ്യല്‍,അതില്‍ നിന്നും നിഗമനത്തില്‍ എത്തിച്ചേരല്‍...

ഇങ്ങനെ ചെയ്ത ഒരു പരീക്ഷണം മാത്രമേ ഉണ്ടായിരുന്നുള്ളു. അതിന് സമ്മാനം നല്‍കിയതുമില്ല.

ഇതിന്റെ മാനദണ്ഡം നോക്കുക.പരീക്ഷണം എന്ന തലക്കെട്ടാണ് ( Improvised experiment എന്നല്ല)നല്‍കിയത്.
  • ശാസ്ത്രീയ സമീപനം
  • ഉപകരണങ്ങളുടെ സംവിധാനം
  • പരീക്ഷണത്തിന്റെ വിജയം
  • വിശദീകരണം
പരീക്ഷണം കുട്ടികളുടേതാവണമെങ്കില്‍ ഈ മാനദണ്ഡത്തില്‍ മാറ്റം വരുത്തേണ്ടതുണ്ട്.അല്ലെങ്കില്‍ അത്  Improvised experiment ആകില്ല.

 കുട്ടികളില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്താനും ശാസ്ത്രീയചിന്ത രൂപപ്പെടുത്താനും അവരില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകള്‍ പുറത്തുകൊണ്ടുവരാനുമൊക്കെ ലക്ഷ്യമിടുന്ന മേള ഫലത്തില്‍ അധ്യാപകരും സ്ക്കൂളുകളും തമ്മിലുള്ള വിലകുറഞ്ഞ മത്സരവേദിയായി തരംതാഴുന്നു.ഇതിലൂടെ കുട്ടികള്‍ മേളയുടെ കേന്ദ്രസ്ഥാനത്തുനിന്ന് പുറന്തള്ളപ്പെടുന്നു.കുട്ടികള്‍ക്ക്,അവരുടെ പഠനത്തിനും വികാസത്തിനുമായി ഒരു ശാസ്ത്രമേള നല്‍കിയേക്കാവുന്ന അനന്തസാധ്യതകളാണ് ഇതോടെ ഇല്ലാതാകുന്നത്.


ഇത് കുട്ടികളുടെ മേള




  ചിത്രം കണ്ടോ? ഈ കുട്ടിയുടെ കൈയ്യിലുള്ള യന്ത്രം എന്താണെന്നു മനസ്സിലായോ?ഇത് അവന്‍ രൂപകല്പന ചെയ്ത കാടുവെട്ടുന്ന യന്ത്രത്തിന്റെ മാതൃകയാണ്.വര്‍ക്കിങ്ങ് മോഡല്‍.പൊട്ടിയ കളിപ്പാട്ടങ്ങളിലെ മോട്ടോറുകളും ബ്ലേഡും ഒക്കെ ഉപയോഗിച്ച് അവന്‍ നിര്‍മ്മിച്ചെടുത്ത യന്ത്രം.അത് അവന്‍ വിജയകരമായി പ്രവര്‍ത്തിപ്പിച്ച് കാണിച്ചു തന്നു.

 യന്ത്രം ചെറുതാണെങ്കിലും ഇതിനുപിന്നില്‍ നല്ല പഠനവും പരിശ്രമവുമുണ്ട്.യന്ത്രം നിര്‍മ്മിക്കാനാവശ്യമായ സാങ്കേതിക പരിജ്ഞാനം കുട്ടി നേടിയെടുത്തിരിക്കുന്നു.
സ്ക്കൂള്‍ തലത്തില്‍ ഞങ്ങള്‍ നടത്തിയ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര മേളയിലാണ് കുട്ടി ഇത് അവതരിപ്പിച്ചത്.
അവന്‍ മാത്രമല്ല. പല കുട്ടികളും.മുതിര്‍ന്നവരെ സംബന്ധിച്ചിടത്തോളം ഇത് വളരെ നിസ്സാരമായി തോന്നാം.എന്നാല്‍ ഉപകരണങ്ങള്‍ കുട്ടികള്‍ സ്വയം നിര്‍മ്മിച്ചതാണ്.അത് നിര്‍മ്മിച്ച രീതിയും അതിന്റെ  പ്രവര്‍ത്തന തത്വവും വിശദീകരിക്കുമ്പോള്‍ നമുക്ക് അവന്റെ പഠനം എത്രയുണ്ടെന്നു മനസ്സിലാക്കാം.

ഈ മേളയ്ക്കു വേണ്ടിയുള്ള  കുട്ടികളുടെ തയ്യാറെടുപ്പ് അവരുടെ  ധാരണകളെ ഒരു പടി മുകളിലേക്ക് ഉയര്‍ത്തിയിരിക്കുന്നു.
കുട്ടികള്‍ക്ക് ലഭിക്കുന്ന ഈ അവസരമാണ് അവരില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്തുന്നത്.അപ്പോഴാണ് അവര്‍ ശാസ്ത്രത്തെ ഇഷ്ടപ്പെടാന്‍ തുടങ്ങുന്നത്.
 സ്ക്കൂള്‍ തലത്തിലുള്ള ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര മേളയുടെ നടത്തിപ്പിന് വലിയ ആസൂത്രണമൊന്നുമുണ്ടായിരുന്നില്ല.ഒരു ദിവസം രാവിലെ മുതല്‍ ഉച്ചവരേയുള്ള സമയം.രണ്ടാഴ്ച മുന്നേ തീയ്യതി പ്രഖ്യാപിച്ചു.കുട്ടികളോട് തയ്യാറാകാന്‍ പറഞ്ഞു.


 നിബന്ധനകളൊന്നും വെച്ചില്ല.ഏത് ഐറ്റത്തിലും പങ്കെടുക്കാം.അവര്‍ക്ക് എന്തും നിര്‍മ്മിക്കാം.കുട്ടികളുടെ വര്‍ധിച്ച പങ്കാളിത്തം ഞങ്ങളെ ഏറെ സന്തോഷിപ്പിച്ചു.
കുട്ടികള്‍ അവരുടെ കഴിവുകള്‍ മാറ്റുരച്ചു.നിരവധി ഉത്പ്പന്നങ്ങള്‍ രൂപം കൊണ്ടു.മരത്തിലെ കൊത്തുവേല മുതല്‍ പേപ്പര്‍ കമ്മല്‍ വരെ അക്കൂട്ടത്തിലുണ്ട്.തങ്ങളുടെ കുട്ടികളില്‍ ഇത്തരം കഴിവുകള്‍ ഉറങ്ങിക്കിടപ്പുണ്ടെന്ന്  അധ്യാപികമാര്‍ തിരിച്ചറിഞ്ഞത് അപ്പോഴായിരുന്നു.അവരില്‍ പലരും നല്ല കലാകാരാണെന്ന്; കുഞ്ഞുശാസ്ത്രജ്ഞന്‍മാരാണെന്ന്;നല്ല സാങ്കേതിക വിദഗ്ദരാണെന്ന്.


കുട്ടികളുടെ അവതരണങ്ങളെല്ലാം അവരുടെ സ്വന്തമായിരുന്നു.അവരുടെ തലയില്‍ രൂപംകൊണ്ടവ.അവരുടെ ചിന്തകള്‍കൊണ്ട് രാകിമിനുക്കി ഭംഗിയാക്കിയവ.ഓരോ ഉത്പ്പന്നത്തിലും കുട്ടികളുടെ വിരലടയാളം പതിഞ്ഞിട്ടുണ്ട്.
അന്ന് ഞങ്ങള്‍ ഒരു തീരുമാനമെടുത്തു.ഇത്തരംഅവസരങ്ങള്‍  ക്ലാസുമുറിയില്‍ ഇടക്കിടെ നല്‍കണം.പറ്റുമെങ്കില്‍ വര്‍ഷം മൂന്നുതവണയെങ്കിലും ഓരോ മേള.അത് പൂര്‍ണ്ണമായും കുട്ടികളുടേതായിരിക്കും.അത് അവരുടെ ചിന്തയിലും പഠനത്തിലും ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരും.








Saturday 17 October 2015

SCERT അറിയാന്‍: ടൈംടേബിള്‍ ഇങ്ങനെയല്ല പരിഷ്ക്കരിക്കേണ്ടത്...



2015-16 വര്‍ഷത്തെ ടൈംടേബിള്‍ പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് എസ്.സി.ഇ.ആര്‍.ടി പുറത്തിറക്കിയ രേഖയില്‍ പറയുന്നത് നോക്കുക.

'1989 ലെ സിലബസ്സ് പരിഷ്ക്കരണത്തിന്റെ  ഭാഗമായിട്ടാണ് മുമ്പ് സ്ക്കൂള്‍ ടൈംടേബിള്‍ ക്രമീകരിച്ചിരുന്നത്.ഇരുപത്തഞ്ചുകൊല്ലം മുമ്പാണ് ഇത്തരത്തില്‍ ക്രമീകൃതമായ ഒരു ടൈംടേബിള്‍ പരിഷ്ക്കരണം നടന്നതായി കാണുന്നത്.എന്നാല്‍ പാഠ്യപദ്ധതിയും സിലബസ്സും പഠനബോധനതന്ത്രങ്ങളും ഇതിനകം നിരവധി പ്രാവശ്യം പരിവര്‍ത്തനത്തിന് വിധേയമായി.പരിഷ്ക്കരിച്ച പാഠപുസ്തകങ്ങള്‍ നിലവില്‍ വന്നു.ഈ അവസരങ്ങളിലൊന്നും സ്ക്കൂള്‍ ടൈംടേബിള്‍ യഥോചിതമായി മാറിയില്ല എന്നതാണ് വസ്തുത.കാലാകാലങ്ങളില്‍ ചില ഭേദഗതികള്‍ ഉണ്ടാക്കിയെങ്കിലും സമഗ്രമാറ്റം നടന്നിരുന്നില്ല.ഇത് കണക്കിലെടുത്ത് പാഠ്യപദ്ധതിയുടേയും ക്ലാസ്റൂം വിനിമയത്തിന്റേയും പ്രാധാന്യമുള്‍ക്കൊണ്ടാണ് സ്ക്കൂള്‍ ടൈംടേബിള്‍ ഉണ്ടാക്കാന്‍ എസ്.സി.ഇ.ആര്‍.ടി മുന്‍കൈയെടുത്തത്.'

(എസ്.സി.ഇ.ആര്‍.ടി - 2015-16 വര്‍ഷത്തെ പുതുക്കിയ സ്ക്കൂള്‍ ടൈംടേബിള്‍ രേഖ-  ആമുഖത്തില്‍ നിന്ന്)

പാഠ്യപദ്ധതിയും സിലബസ്സും പഠനബോധനതന്ത്രങ്ങളും  നിരവധി പ്രാവശ്യം പരിവര്‍ത്തനത്തിന് വിധേയമായിട്ടും  സ്ക്കൂള്‍ ടൈംടേബിള്‍ യഥോചിതമായി മാറാത്തതാണ് ടൈംടേബിള്‍  പരിഷ്ക്കരണത്തിനു എസ്.സി.ഇ.ആര്‍.ടി യെ പ്രേരിപ്പിച്ച വസ്തുത.അതുകൊണ്ട് പാഠ്യപദ്ധതിയുടേയും ക്ലാസ്റൂം വിനിമയത്തിന്റേയും പ്രാധാന്യമുള്‍ക്കൊണ്ടാണ് സ്ക്കൂള്‍ ടൈംടേബിള്‍ ഉണ്ടാക്കാന്‍ എസ്.സി.ഇ.ആര്‍.ടി മുന്‍കൈയെടുത്തത്. ഒരു ദിവസം  ഏഴ് പിരീഡ് എന്നത് എട്ട് പിരീഡ് ആക്കി വര്‍ദ്ധിപ്പിച്ചു. പിരീഡുകളുടെ സമയദൈര്‍ഘ്യം 40-45 മിനുട്ടില്‍ നിന്നും 35-40 മിനുട്ടാക്കിക്കുറച്ചു.ഇതാണ് ടൈംടേബിളില്‍ എസ്.സി.ഇ.ആര്‍.ടി വരുത്തിയ 'സമഗ്രമാറ്റം'.ഇതു വഴി 'പാഠ്യപദ്ധതിയുടെ ക്ലാസ് റൂം വിനിമയം' ഭംഗിയായി നടക്കും എന്നതാണ് എസ്.സി.ഇ.ആര്‍.ടി യുടെ കണ്ടെത്തല്‍.

ശിശുകേന്ദ്രീകൃത പഠനം,പ്രവര്‍ത്തനാധിഷ്ഠിത ക്ലാസുമുറി തുടങ്ങിയ അടിസ്ഥാന പ്രമാണങ്ങളെ  ആധാരമാക്കിയാണ് കേരളത്തില്‍ പുതിയ പാഠ്യപദ്ധതിയും  പാഠപുസ്തകങ്ങളും നിലവില്‍വന്നത്.ഇതിനു സഹായകമായ രീതിയില്‍ ആയിരിക്കണം സ്ക്കൂള്‍ പ്രവര്‍ത്തന സമയം.പുതിയ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും നിലവില്‍ വന്നിട്ട് ഏതാണ്ട് ഇരുപത് വര്‍ഷത്തോളമായി.എന്നാല്‍ ടൈംടേബിള്‍ പരിഷ്ക്കരിക്കപ്പെടാതെ അതുപോലെ തുടരുകയാണുണ്ടായത്.പ്രവര്‍ത്തനാധിഷ്ഠിത ക്ലാസുമുറികള്‍ക്ക് യോജിച്ച രീതിയില്‍   ടൈംടേബിള്‍ പരിഷ്ക്കരിക്കപ്പെടേണ്ടതാണെന്ന ചര്‍ച്ചപോലും അന്ന് ഉയര്‍ന്നു വന്നില്ല.എല്‍.പി. ക്ലാസുകളെ സംബന്ധിച്ചിടത്തോളം ടൈംടേബിള്‍ ഒരു പ്രശ്നമായിരുന്നില്ല.കാരണം ക്ലാസ് ടീച്ചര്‍ സിസ്റ്റമായതുകൊണ്ട് ടീച്ചറുടെ ഇഷ്ടത്തിനനുസരിച്ച് ടൈംടേബിള്‍ ക്രമീകരിക്കാം.എന്നാല്‍ യു.പി. ക്ലാസുകളില്‍ അതായിരുന്നില്ല സ്ഥിതി. പുതിയ പാഠ്യപദ്ധതി യു.പി. ക്ലസുകളില്‍ ശരിയായ രീതിയില്‍ വിനിമയം ചെയ്യപ്പെടാതെ പോയതിന് ഒരു പ്രധാന കാരണം ഈ അറുപഴഞ്ചന്‍ ടൈംടേബിള്‍ ആയിരുന്നു.

 പഠിപ്പിക്കാനുള്ള സമയം വീണ്ടും കുറച്ചുംപിരീഡുകളുടെ എണ്ണം കൂട്ടിയും ഇപ്പോള്‍ വരുത്തിയ 'സമഗ്രമായ പരിഷ്ക്കരണം' ഫലത്തില്‍ ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് മാറ്റിയതുപോലെ ആയിത്തീര്‍ന്നു.

ക്ലാസുമുറിയില്‍  പ്രവര്‍ത്തനാധിഷ്ഠിത പഠനം സാധ്യമാക്കുന്നതില്‍ നേരത്തെയുള്ള ടൈംടേബിള്‍ എത്രമാത്രം സഹായകമാണ് എന്നതായിരുന്നു എസ്.സി.ഇ.ആര്‍.ടി പഠിക്കേണ്ടിയിരുന്നത്.

നേരത്തെയുണ്ടായിരുന്ന 40-45 മിനുട്ടില്‍ ക്ലസ് റൂം പ്രക്രിയകള്‍ പാലിച്ചുകൊണ്ട് ക്ലാസുകള്‍ കൈകാര്യം ചെയ്യാന്‍ അധ്യാപകര്‍ക്ക് കഴിയുന്നുണ്ടോ?കുട്ടികള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും ചെയ്യാനും ഈ സമയം മതിയാകുന്നുണ്ടോ?ഒരു ദിവസം ആറോ ഏഴോ വിഷയങ്ങള്‍ പഠിക്കേണ്ടി വരുന്നത് കുട്ടികളുടെ പഠനത്തെ ദോഷകരമായി ബാധിക്കുന്നുണ്ടോ? തുടങ്ങിയ വസ്തുതകള്‍ പഠനവിധേയമാക്കിവേണമായിരുന്നു ടൈംടേബിളില്‍ സമഗ്രമായ പരിഷ്ക്കരണം ഏര്‍പ്പെടുത്തേണ്ടിയിരുന്നത്.

 ക്ലാസില്‍ ഒരു വിഷയം പഠിപ്പിക്കുമ്പോള്‍ സാധാരണഗതിയില്‍  അനുവര്‍ത്തിക്കേണ്ട വിവിധ ഘട്ടങ്ങളെക്കുറിച്ച് ടീച്ചര്‍ ടെക്സ്റ്റില്‍ പറയുന്നത് നോക്കുക.
  • പ്രശ്നം അവതരിപ്പിക്കല്‍
  • പ്രശ്നത്തോടുള്ള കുട്ടികളുടെ പ്രതികരണങ്ങള്‍
  • കുട്ടികള്‍ സംഘമായി തിരിയല്‍
  • പ്രശ്നം വിശകലനം ചെയ്യല്‍
  • അവശ്യമായ വിവരങ്ങള്‍ ശേഖരിക്കല്‍
  • ഐ.ടി.സാധ്യതകള്‍ ഉപയോഗപ്പെടുത്തല്‍
  • പ്രശ്ന പരിഹരണത്തിനുള്ള വഴികള്‍ നിര്‍ദ്ദേശിക്കല്‍
  • ഓരോ ഗ്രൂപ്പും എഴുതി അവതരിപ്പിക്കല്‍
  • ക്രോഡീകരിക്കല്‍
ഇത്രയും പ്രക്രിയകള്‍ പാലിച്ചുകൊണ്ട് പഠനപ്രവര്‍ത്തനം നടപ്പിലാക്കാന്‍ ഒന്നര മണിക്കൂര്‍ സമയമെങ്കിലും വേണമെന്നിരിക്കെ, നേരത്തേയുണ്ടായിരുന്ന 45മിനുട്ട് വീണ്ടും കുറച്ച് 35മിനുട്ടാക്കിയാല്‍  പാഠ്യപദ്ധതി വിനിമയം ഗംഭീരമാകുമെന്നാണ് എസ്.സി.ഇ.ആര്‍.ടി കരുതുന്നത് .

 മുകളില്‍ കൊടുത്ത പ്രക്രിയ എവിടെ വച്ചാണ് മുറിച്ച് അടുത്ത ദിവസത്തേക്ക് മാറ്റി വെക്കുക?കുട്ടികള്‍ സംഘമായി തിരിഞ്ഞ് ചര്‍ച്ച ചെയ്യുന്നതിനിടയിലോ? ഐ.ടി.സാധ്യതകള്‍ പ്രയോജനപ്പെടുത്താനായി പ്രൊജക്ടര്‍ സജ്ജീകരിച്ചതിനു ശേഷമോ?

ക്ലസുമുറി പ്രവര്‍ത്തനാധിഷ്ഠിതമായി കൊണ്ടുപോകാന്‍ കഴിയാത്തതില്‍ പ്രയാസപ്പെടുന്ന ഒരു ടീച്ചറുടെ അഭിപ്രായം നോക്കുക.

"കുട്ടികളെ ഗ്രൂപ്പ് തിരിക്കുമ്പോഴായിരിക്കും ചിലപ്പോള്‍ ബെല്ലടിക്കുക.അല്ലെങ്കില്‍ ഗ്രൂപ്പിന്റെ കണ്ടെത്തല്‍ അവതരിപ്പിക്കുമ്പോഴേക്കും.അപ്പോഴേക്കും അടുത്ത വിഷയം പഠിപ്പിക്കേണ്ട ടീച്ചര്‍ വാതില്‍ക്കല്‍ വന്നുനില്‍പ്പുണ്ടാകും.പലപ്പോഴും പരീക്ഷണം പാതിവഴിക്ക് ഉപേക്ഷിക്കേണ്ടതായി വന്നിട്ടുണ്ട്.അടുത്ത ക്ലാസില്‍ അതു വീണ്ടും ആദ്യംമുതല്‍ക്കേ തുടങ്ങേണ്ടതായി വരും....”


പഠനം പ്രവര്‍ത്തനാധിഷ്ഠിതമായിരിക്കണമെന്ന് അധ്യാപക സഹായിയിലും പാഠപുസ്തകത്തിലും തറപ്പിച്ച് പറയുക.അതിന്  സഹായകമായ രീതിയില്‍  ടൈംടേബിള്‍ പരിഷ്ക്കരിക്കുന്നതിനുള്ള ധൈര്യം കാണിക്കുന്നതിനും വസ്തുതകള്‍ നിരത്തി അത് രാഷ്ടീയ നേതൃത്ത്വത്തെകൊണ്ട് അംഗീകരിപ്പിക്കുന്നതിനും പകരം ടൈംടേബിള്‍ പരിഷ്ക്കരിക്കുന്നു എന്ന പേരില്‍ ചില കാട്ടിക്കൂട്ടലുകള്‍ നടത്തി പാഠ്യപദ്ധതിയുടെ അന്തഃസത്തയ്ക്കു നിരയ്ക്കാത്ത രീതിയില്‍  നടപ്പാക്കുന്നത്  ആര്‍ക്കുവേണ്ടിയാണ്?  എസ്.സി.ഇ.ആര്‍.ടിയുടെ കണ്ടെത്തല്‍ പ്രകാരം ഒരു പിരീഡിന്റെ ദൈര്‍ഘ്യം 35മിനുട്ടാക്കിയാല്‍   'പാഠ്യപദ്ധതിയുടെ ക്ലാസ് റൂം വിനിമയം'  ഭംഗിയായി നടക്കും!

പഴയ രീതിയില്‍ ക്ലാസില്‍ പ്രസംഗം മാത്രം മതിയെങ്കില്‍ ഈ ടൈംടേബിള്‍ മഹത്തരം തന്നെ.അധ്യാപകന് ഒരു ചോക്കും നാക്കും മാത്രം മതി.ഇപ്പോഴും ക്ലാസില്‍ ഗംഭീരായി പ്രസംഗിച്ച് നിര്‍വൃതി കൊള്ളുന്ന അധ്യാപകര്‍ ഇതിനെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യും. പരമാവധി അര മണിക്കൂര്‍ മാത്രമേ നന്നായി പ്രസംഗിക്കാന്‍ വേണ്ടൂ.


ഒരു യു.പി.സ്ക്കൂളില്‍ 45മിനുട്ട് ദൈര്‍ഘ്യമുള്ള രണ്ടു പിരീഡുകള്‍ ക്ലബ്ബു ചെയ്ത് ഒന്നര മണിക്കൂര്‍  ദൈര്‍ഘ്യമുള്ള പിരീഡുകളാക്കി കുട്ടികളെ മൂന്നു വര്‍ഷത്തോളം പഠിപ്പിച്ച അനുഭവം എനിക്കുണ്ട്. ദിവസം അവര്‍ക്ക് മൂന്നു വിഷയങ്ങള്‍ മാത്രമേ പഠിക്കേണ്ടതുള്ളു.(തിങ്കളാഴ്ച ഒഴികെ)അത് പ്രക്രിയാബന്ധിതമായി പഠിപ്പിക്കാം.ഐ.ടി.സാധ്യതകള്‍ ക്ലാസുമുറിയില്‍തന്നെ പ്രയോജനപ്പെടുത്താം.പഠനത്തില്‍ കുട്ടികള്‍ പതുക്കെ മുന്നേറുന്നത് ഈ കാലയളവില്‍ ഞങ്ങള്‍ നേരിട്ട് മനസ്സിലാക്കി.അവരുടെ പഠന നിലവാരം ഉയര്‍ന്നു.ദിവസം മൂന്നു വിഷയങ്ങളുടെ പുസ്തകങ്ങള്‍ മാത്രം കുട്ടികള്‍ കൊണ്ടുവന്നാല്‍ മതി.കുട്ടികളുടെ പുസ്തകഭാരം കുറയ്ക്കാന്‍ അത് കാരണമായി.അധ്യാപകര്‍ക്ക് ആസൂത്രണം എളുപ്പമാക്കി.ക്ലാസുമുറി പ്രവര്‍ത്തനാധിഷ്ഠിതമാക്കാതെ മുന്നോട്ടു പോകാന്‍ കഴിയില്ല എന്ന സ്ഥിതിവന്നു.

ഇവിടെ സര്‍ഗാത്മകതയ്ക്ക് പ്രത്യേക പിരീഡിന്റെ ആവശ്യമില്ല. വിഷയങ്ങളെ പറ്റാവുന്നിടത്തെല്ലാം കലകളുമായി ഉദ്ഗ്രഥിച്ചു.കൂടാതെ രാവിലെ 9.30നു മുമ്പായി എല്ലാം കുട്ടികളും ക്ലസിലെത്തും.ഓരോ ഗ്രൂപ്പും തങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ട  പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയായിരിക്കും. മിക്കവാറും സര്‍ഗാത്മക പ്രവര്‍ത്തനങ്ങളായിരിക്കും ഇത്.അധ്യാപകര്‍ അതിനെ വിലയിരുത്തുന്നു.

 ഓരോ പിരീഡ് കഴിഞ്ഞാലും വിശ്രമമാണ്.ആദ്യ ഇടവേള 11.30ന്.പിന്നത്തെ ഇടവേള ഒരു മണിക്ക്.ഉച്ച ഭക്ഷണം കഴിക്കാന്‍.പിന്നെ ഉച്ചയ്ക്കു ശേഷം മൂന്നരയ്ക്ക്.കുട്ടികള്‍ക്ക് ആ വിദ്യാലയം ഏറെ ഇഷ്ടമായിരുന്നു.അതിനു പ്രധാനകാരണം ചിത്രങ്ങള്‍ വരച്ചിട്ട ചുമരുകളായിരുന്നില്ല.ഞങ്ങള്‍ അനുവര്‍ത്തിച്ച ഈ ടൈംടേബിള്‍ തന്നെയായിരുന്നു.

പുതയ സ്ക്കൂള്‍ വ്യത്യസ്തമാണ്. ക്ലാസില്‍ എന്തെങ്കിലുമൊക്കെ ചെയ്യാന്‍ തുടങ്ങുമ്പോഴേക്കും ബെല്ല് മുഴങ്ങുന്നു.ടീച്ചര്‍മാര്‍ ക്ലാസില്‍ നിന്നും ക്ലാസിലേക്ക് നിരന്തരം ഓടിക്കൊണ്ടിരിക്കുന്നു.ബെല്ലടിക്കുമ്പോഴേക്കും വാതില്‍ക്കല്‍ അടുത്ത പീരീഡിന്റെ ടീച്ചര്‍ വന്നു നില്‍പ്പുണ്ടാകും.ക്ലാസില്‍ നിന്നുമിറങ്ങാന്‍ അല്പം താമസിച്ചുപോയാല്‍ മുഖംവാടും.പാഠംതീരുമോ എന്ന വേവലാതിയാണ് എല്ലാവര്‍ക്കും, എപ്പോഴും.


കഴിഞ്ഞ ദിവസം കുട്ടികള്‍ ഗ്രൂപ്പില്‍ സൗരയൂഥവുമായി ബന്ധപ്പെട്ട ചാര്‍ട്ട് തയ്യാറാക്കുകയായിരുന്നു.പെട്ടെന്ന് മണിയടിച്ചു.ഒരു കുട്ടി പറയുന്നതു കേട്ടു."ഹൊ!ഈ നശിച്ച മണി...”


Saturday 10 October 2015

എണ്‍പത് തൊണ്ണൂറുകളിലെ സുമാറായ കേരളീയ വിദ്യാലയങ്ങള്‍

ചൂരല്‍ കഷായം




കെ.സി.ഹരിദാസന്‍


ഉച്ചയ്ക്ക് ശഷമുള്ള ഇന്റര്‍വെല്ലില്‍ പുറത്ത് കളിച്ചുകൊണ്ടിരുന്ന, ബഹളമുണ്ടാക്കിയ ഞങ്ങളില്‍ എന്നെ, മുതിര്‍ന്ന കരുത്തരായ വിദ്യാര്‍ത്ഥികളാല്‍ കുറ്റവാളിയാക്കി ഓഫീസ് മുറിയിലിരുന്ന അധ്യാപക വൃന്ദത്തിനു മുന്നില്‍ ഹാരാക്കി.

"ങ്ഹ-നിന്നേന്നെ കിട്ടണ്ട്...”

ഒരു മാഷ് മേശക്കടിച്ച് സഭയെ സജീവമാക്കി.
"ഇവനാരാ മോന്‍ന്നറിയാ?"വേറൊരുമാഷ് .

"ആ ഇല്ലത്തമ്മേരെ പറങ്ക്യാവിലെ ഒറ്റ കൊരട്ട ഇവന്‍ ബാക്കി വെക്കല് ല്ല.”


കുറ്റങ്ങള്‍ വിചാരണയ്ക്ക് തയ്യാറായി.കരിക്കട്ടകൊണ്ട് ചുമരില്‍ വരച്ച് കൂട്ടിയത്;സ്ക്കൂളില്‍ വരാതെ മീന്‍ പിടിക്കാന്‍ പോയത്;സ്ക്കൂളിന്റെ എറങ്കല്ലില്‍ തൂറിയത്.


ഓഫീസ് മുറി ഇടുങ്ങിയതായിരുന്നു.മേശമേല്‍ രണ്ടിഞ്ച് പൈപ്പ് വണ്ണത്തില്‍ മരവടി-ലെഡ്ജര്‍ വരയിടാന്‍ ഉപയോഗിച്ചിരുന്നത്.അതാവാം ഭേദ്യം ചെയ്യാന്‍ ഉപയോഗിക്കുക എന്നു ഞാന്‍ നിനച്ചു.അല്ലെങ്കില്‍ തുണിയുരിക്കല്‍.



കഴിഞ്ഞാഴ്ച പുലയക്കോളനിയില്‍ നിന്ന് വരുന്ന പ്രകാശന് നേരിടേണ്ടി വന്ന ശിക്ഷ.പേടിച്ച് പേടിച്ച് അവന്‍ അവിടെ തന്നെ മൂത്രമൊഴിച്ചു.അവന്റെ പകച്ച കണ്ണുകളിലേക്കു നോക്കി വലിയ വായിലവര്‍ ചിരിച്ചു.


 അതുകൊണ്ടാവണം, ശിക്ഷാവിധി മജീസ്ട്രേട്ടുമാര്‍ മാറ്റി.പുറത്തേയും അകത്തെ അധ്യാപകരുടേയും ആരവങ്ങള്‍ക്കിടയില്‍ മുഖം കുനിച്ചു നില്‍ക്കുന്ന എന്റെ നേരെ
കുഞ്ഞിക്കൃഷ്ണന്‍ മാഷ് വിധി പ്രഖ്യാപിച്ചു.രണ്ടെണ്ണം തെരഞ്ഞെടുക്കാം.ഒന്ന് വലിയ അലമാരയ്ക്കുള്ളില്‍ ഈ രാത്രി മുഴുവന്‍ കഠിനതടവ്.അല്ലെങ്കില്‍ അലമാരയില്‍ വെച്ചിരുന്ന പഴയ സിറിഞ്ച് എന്റെ തോളുകളിലൊന്നില്‍ തുളച്ചു കയറും.(വസൂരിക്ക് കുത്തിവെക്കാന്‍ കൊണ്ടുവന്നവയില്‍ ഉപേക്ഷിച്ചവ.)


"അമ്മോ..”
ഈ 'ഗോണ്ട്വനാമോ' വിചാരണയ്ക്കിടയില്‍ എന്റെ ചോര നീരാവിയായി.ഗോദക്ക് പുറത്തെന്നപോലെ ആരവങ്ങള്‍ ജനാലക്ക് പുറത്ത് കൂടിക്കൂടിവന്നു.


 അപ്പോള്‍ അതിനിടയിലേക്ക് സൗമ്യനും കര്‍ക്കശക്കാരനുമായ ഹെഡ്മാഷ് കടന്നുവന്നു.അദ്ദേഹം പുറത്തുള്ള കുട്ടികളെ ശാസിച്ചു.കൂട്ടത്തില്‍ എന്നേയും.
"പോടാ..പോ..”


അങ്ങനെ വിമോചിതനായി,വിധിക്കൂട്ടില്‍ നിന്ന് ഞാന്‍ മുഖം കുനിച്ച് പുറത്തേക്ക് നടന്നു.പിന്‍കാലം മരയലമാറകളും സിറിഞ്ചുകളും എന്റെ ഉറക്കങ്ങളിലേക്ക് വന്നെന്നെ ഞെട്ടിച്ചു.മിക്ക ദിവസങ്ങളിലും എന്നെപ്പോലെയുള്ള കുട്ടികള്‍ ഇങ്ങനെയൊക്കെത്തന്നെയായിരുന്നു.
"ഇവന്‍ പട് വികൃതിയാ..”
തെക്ക് നിന്നും വന്ന വിക്ടോറിയ ടീച്ചര്‍ അമ്മയോട്  തീര്‍പ്പ് പറഞ്ഞു.


പുലയക്കോളനിയില്‍ നിന്നും വരുന്നവര്‍,മാപ്പിളക്കുട്ടികള്‍,ദീര്‍ഘാകായരും കരുത്തരുമായ മുതിര്‍ന്ന കുട്ടികള്‍-ഇവരെല്ലാം ഉപ്പുമാവുണ്ടാക്കാന്‍ നിയോഗിക്കപ്പെടും.ചിലപ്പോള്‍ ചില മാഷമ്മാരുടെ വീട്ടില്‍ വിറക് കീറാന്‍,റേഷന്‍ വാങ്ങാന്‍..കാര്യസ്ഥത അവര്‍ അംഗീകാരമായും എടുക്കും.കൂട്ടത്തില്‍ 'എലീറ്റായ' കുട്ടികളുമുണ്ടായിരുന്നു.അധ്യാപകരുടേയും ധനാഢ്യരുടേയും മക്കള്‍. അവര്‍ക്കായിരുന്നു പഠനം.

അടിയുണ്ടാക്കുന്ന കുട്ടികള്‍ക്കിടയിലേക്ക് രാജന്‍മാഷ് കടന്നുവന്നു.
"ആര് രാ?..”
"സേര്‍ ഞാനല്ല സേര്‍,സുരനാന്ന്..ഓനാ എന്നെ അടിച്ചിനി.”


 "സുരന്‍-ആരാ സുരന്‍...ഓട്ത്തു ഓന്‍...”
സുരന്‍ പുലയക്കോളനിയില്‍ നിന്നും വരുന്നു.
മണല്‍ പുരണ്ട കുട്ടികള്‍ക്കിടയില്‍ നിന്നും സുരന്‍ മുന്നോട്ടു നീക്കപ്പെട്ടു.മാഷ് അവനെ നോക്കി.
"ങേ..ഇവനാ- ഇവനാ സുരന്‍?...ഇവന്‍ സുരനല്ലടാ...അസുരനാന്ന്.”
നേര്‍ത്ത ചന്ദ്രക്കലക്കീറന്‍ പല്ലുള്ള കറുകറുത്ത അവനെക്കാണുമ്പോള്‍ മാഷക്ക് ചിരിപൊട്ടി.


 കടത്തനാട്ട് മാധവിയമ്മ എഴുതി.
'ശൈശവം തെറ്റിവായിച്ചു ഞാന്‍
മാപ്പെനിക്ക്
മകനെ വരുകെന്റെ
മുറ്റമൊന്ന് വെടിപ്പുകേടാക്കുവാന്‍'


ഈ മാഷന്മാര്‍ എന്നെങ്കിലും സര്‍ഗാത്മകതയുള്ള എന്തെങ്കിലും വായിച്ചിട്ടുണ്ടാകുമോ?ദീര്‍ഘകാലം കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലായിരുന്ന, കണ്ടീഷന്‍ ചെയ്യപ്പെട്ട ഒരു കുട്ടിയായിരുന്നു ഞാന്‍.

 സ്ക്കൂളുകളിലേക്കുള്ള മഴക്കാലങ്ങളില്‍ ആനന്ദിച്ചും മഴവെള്ളത്തില്‍ കാലുകൊണ്ട്
വെടിപൊട്ടിച്ചും മൈതാനങ്ങളില്‍ ഓടിയും ഫുട്ബോള് കളിച്ചും മാങ്ങയെറിഞ്ഞും അണ്ടികട്ടും അടികൂടിയും കാലിമേയ്ച്ചും മീന്‍ പിടിച്ചും...അതെല്ലാം സ്ക്കൂളിന് പുറത്ത് .പതിനേഴ് വയസ്സുവരെ പാഠപുസ്തകങ്ങള്‍ക്ക് പുറത്തായിരുന്നു.ചിതറിയ, അലങ്കോലപ്പെട്ട മുഷിഞ്ഞ പാഠാലയങ്ങള്‍..പ്രൈമറി ക്ലാസുകളിലൊന്നില്‍ ഒരു പെണ്‍കുട്ടിയെ പെന്‍സില്‍ മോഷ്ടിച്ചു എന്നും പറഞ്ഞ് രാജന്‍ മാഷ് 'ഇനിമേലില്‍ ഞാന്‍ മോഷണം നടത്തുകയില്ല..'എന്നു തുടങ്ങി എഴുതിയ എഴുത്ത് എല്ലാ ക്ലാസുകളിലും പോയി വായിപ്പിച്ച ഓര്‍മ്മയുണ്ടെനിക്ക്.സ്ക്കൂള്‍ അവള്‍ക്ക് കൊടുത്തത് പേരിന് മുന്നില്‍ 'കള്ളി' എന്ന ബിരുദമായിരുന്നു.ഇന്നും ജീവിക്കുന്ന മാഷും കുട്ടിയും.എനിക്കറിയാം അവള്‍ തകര്‍ന്നിരുന്നു,പിന്‍കാലം മുഴവനും.

 ദൈവമേ,എന്റെ പാഠാലയങ്ങള്‍...

എന്തിനായിരുന്നു ഇത്തരം അധ്യാപകര്‍ കുട്ടികളിലേക്ക് ഇരച്ചുകയറിയത്?പ്രത്യേകിച്ചും വിമോചനങ്ങളും സമഭാവനയുടെ സ്വപ്നങ്ങളും അലകളുണ്ടാക്കിയ എഴുപത് - എണ്‍പത് കാലത്ത്.നല്ല ഒരനുഭവവും ഉണ്ടായില്ല എനിക്ക് എന്റെ വിദ്യാലയങ്ങളില്‍....



ഘോരമായും സൗമ്യമായും പെയ്യുന്ന മഴയിലേക്ക്,വെയില്‍പൂവുകള്‍ നൃത്തം ചെയ്യുന്ന വേനലുകളിലേക്ക് നോക്കിയപ്പോഴൊക്കെ അവര്‍ ചോക്കുകൊണ്ട് എന്നെ എറിഞ്ഞു.ചോദ്യങ്ങളിലേക്ക് സ്വപ്നം കാണുമ്പോള്‍ അടിച്ചു.പുലര്‍ച്ചകളോളം നീണ്ട രാക്കലഹങ്ങളില്‍ വീട്ടുകണക്കുകളും ഉറങ്ങിപ്പോയപ്പോള്‍ പരിഹസിച്ചു.ആത്മസംഭാഷിതങ്ങളായ നടത്തങ്ങള്‍ക്കിടയില്‍ വൈകിയപ്പോള്‍ പുറത്താക്കി. ഹംഗേറിയന്‍ എഴുത്തുകാരനായ ഫ്രിറ്റ്സ് കാരിന്തിയുടെ Refundഎന്ന നാടകംപോലെ 



കൂടുതല്‍ പരിഷ്കൃതങ്ങളായ ന്യൂറംബര്‍ഗ്ഗ് സമാനമായ വിചാരണകളുണ്ടാവണം പില്‍ക്കാലത്ത് മാഷന്മാര്‍ക്ക്(മാഷന്മാര്‍ തീര്‍ച്ചയായും അപകടകരമായ ഒരു ജെന്‍ഡറാണ്)

 സ്ക്കൂള്‍ -കോളേജ് ഭാരമെല്ലാം ഒഴിഞ്ഞ് ആകാശത്തിന് കീഴെ മനോഹരമായി അലയുമ്പോള്‍ കേട്ടു നാട്ടില്‍ നല്ല അധ്യാപകരുണ്ടെന്ന്.
ജി.കുമാരപ്പിള്ളയും അയ്യപ്പപ്പണിക്കരും മന്മഥനും ലീലാവതിയും ഭരതനും എം.എന്‍.വിജയനും,'അധ്യാപകരേ നിശ്ശബ്ദരാകൂ-കുട്ടികള്‍ ക്ലാസില്‍ കളിയിലും ബഹളത്തിലുമാണ് 'എന്നെഴുതിയ എം.എം.സുരേന്ദ്രനും(അയാളിപ്പോള്‍ ബ്ലോഗിലുണ്ട്)


ഒരു ദുരന്തമായിരുന്നു ഞങ്ങള്‍ക്ക് പാഠശാലകള്‍...