ചൂരല്‍ കഷായം
കെ.സി.ഹരിദാസന്‍
ഉച്ചയ്ക്ക് ശഷമുള്ള ഇന്റര്‍വെല്ലില്‍ പുറത്ത് കളിച്ചുകൊണ്ടിരുന്ന, ബഹളമുണ്ടാക്കിയ ഞങ്ങളില്‍ എന്നെ, മുതിര്‍ന്ന കരുത്തരായ വിദ്യാര്‍ത്ഥികളാല്‍ കുറ്റവാളിയാക്കി ഓഫീസ് മുറിയിലിരുന്ന അധ്യാപക വൃന്ദത്തിനു മുന്നില്‍ ഹാരാക്കി.
"ങ്ഹ-നിന്നേന്നെ കിട്ടണ്ട്...”
ഒരു മാഷ് മേശക്കടിച്ച് സഭയെ സജീവമാക്കി.
"ഇവനാരാ മോന്‍ന്നറിയാ?"വേറൊരുമാഷ് .
"ആ ഇല്ലത്തമ്മേരെ പറങ്ക്യാവിലെ ഒറ്റ കൊരട്ട ഇവന്‍ ബാക്കി വെക്കല് ല്ല.”
കുറ്റങ്ങള്‍ വിചാരണയ്ക്ക് തയ്യാറായി.കരിക്കട്ടകൊണ്ട് ചുമരില്‍ വരച്ച് കൂട്ടിയത്;സ്ക്കൂളില്‍ വരാതെ മീന്‍ പിടിക്കാന്‍ പോയത്;സ്ക്കൂളിന്റെ എറങ്കല്ലില്‍ തൂറിയത്.
ഓഫീസ് മുറി ഇടുങ്ങിയതായിരുന്നു.മേശമേല്‍ രണ്ടിഞ്ച് പൈപ്പ് വണ്ണത്തില്‍ മരവടി-ലെഡ്ജര്‍ വരയിടാന്‍ ഉപയോഗിച്ചിരുന്നത്.അതാവാം ഭേദ്യം ചെയ്യാന്‍ ഉപയോഗിക്കുക എന്നു ഞാന്‍ നിനച്ചു.അല്ലെങ്കില്‍ തുണിയുരിക്കല്‍.
കഴിഞ്ഞാഴ്ച പുലയക്കോളനിയില്‍ നിന്ന് വരുന്ന പ്രകാശന് നേരിടേണ്ടി വന്ന ശിക്ഷ.പേടിച്ച് പേടിച്ച് അവന്‍ അവിടെ തന്നെ മൂത്രമൊഴിച്ചു.അവന്റെ പകച്ച കണ്ണുകളിലേക്കു നോക്കി വലിയ വായിലവര്‍ ചിരിച്ചു.
അതുകൊണ്ടാവണം, ശിക്ഷാവിധി മജീസ്ട്രേട്ടുമാര്‍ മാറ്റി.പുറത്തേയും അകത്തെ അധ്യാപകരുടേയും ആരവങ്ങള്‍ക്കിടയില്‍ മുഖം കുനിച്ചു നില്‍ക്കുന്ന എന്റെ നേരെ
കുഞ്ഞിക്കൃഷ്ണന്‍ മാഷ് വിധി പ്രഖ്യാപിച്ചു.രണ്ടെണ്ണം തെരഞ്ഞെടുക്കാം.ഒന്ന് വലിയ അലമാരയ്ക്കുള്ളില്‍ ഈ രാത്രി മുഴുവന്‍ കഠിനതടവ്.അല്ലെങ്കില്‍ അലമാരയില്‍ വെച്ചിരുന്ന പഴയ സിറിഞ്ച് എന്റെ തോളുകളിലൊന്നില്‍ തുളച്ചു കയറും.(വസൂരിക്ക് കുത്തിവെക്കാന്‍ കൊണ്ടുവന്നവയില്‍ ഉപേക്ഷിച്ചവ.)
"അമ്മോ..”
ഈ 'ഗോണ്ട്വനാമോ' വിചാരണയ്ക്കിടയില്‍ എന്റെ ചോര നീരാവിയായി.ഗോദക്ക് പുറത്തെന്നപോലെ ആരവങ്ങള്‍ ജനാലക്ക് പുറത്ത് കൂടിക്കൂടിവന്നു.
അപ്പോള്‍ അതിനിടയിലേക്ക് സൗമ്യനും കര്‍ക്കശക്കാരനുമായ ഹെഡ്മാഷ് കടന്നുവന്നു.അദ്ദേഹം പുറത്തുള്ള കുട്ടികളെ ശാസിച്ചു.കൂട്ടത്തില്‍ എന്നേയും.
"പോടാ..പോ..”
അങ്ങനെ വിമോചിതനായി,വിധിക്കൂട്ടില്‍ നിന്ന് ഞാന്‍ മുഖം കുനിച്ച് പുറത്തേക്ക് നടന്നു.പിന്‍കാലം മരയലമാറകളും സിറിഞ്ചുകളും എന്റെ ഉറക്കങ്ങളിലേക്ക് വന്നെന്നെ ഞെട്ടിച്ചു.മിക്ക ദിവസങ്ങളിലും എന്നെപ്പോലെയുള്ള കുട്ടികള്‍ ഇങ്ങനെയൊക്കെത്തന്നെയായിരുന്നു.
"ഇവന്‍ പട് വികൃതിയാ..”
തെക്ക് നിന്നും വന്ന വിക്ടോറിയ ടീച്ചര്‍ അമ്മയോട് തീര്‍പ്പ് പറഞ്ഞു.
പുലയക്കോളനിയില്‍ നിന്നും വരുന്നവര്‍,മാപ്പിളക്കുട്ടികള്‍,ദീര്‍ഘാകായരും കരുത്തരുമായ മുതിര്‍ന്ന കുട്ടികള്‍-ഇവരെല്ലാം ഉപ്പുമാവുണ്ടാക്കാന്‍ നിയോഗിക്കപ്പെടും.ചിലപ്പോള്‍ ചില മാഷമ്മാരുടെ വീട്ടില്‍ വിറക് കീറാന്‍,റേഷന്‍ വാങ്ങാന്‍..കാര്യസ്ഥത അവര്‍ അംഗീകാരമായും എടുക്കും.കൂട്ടത്തില്‍ 'എലീറ്റായ' കുട്ടികളുമുണ്ടായിരുന്നു.അധ്യാപകരുടേയും ധനാഢ്യരുടേയും മക്കള്‍. അവര്‍ക്കായിരുന്നു പഠനം.
അടിയുണ്ടാക്കുന്ന കുട്ടികള്‍ക്കിടയിലേക്ക് രാജന്‍മാഷ് കടന്നുവന്നു.
"ആര് രാ?..”
"സേര്‍ ഞാനല്ല സേര്‍,സുരനാന്ന്..ഓനാ എന്നെ അടിച്ചിനി.”
"സുരന്‍-ആരാ സുരന്‍...ഓട്ത്തു ഓന്‍...”
സുരന്‍ പുലയക്കോളനിയില്‍ നിന്നും വരുന്നു.
മണല്‍ പുരണ്ട കുട്ടികള്‍ക്കിടയില്‍ നിന്നും സുരന്‍ മുന്നോട്ടു നീക്കപ്പെട്ടു.മാഷ് അവനെ നോക്കി.
"ങേ..ഇവനാ- ഇവനാ സുരന്‍?...ഇവന്‍ സുരനല്ലടാ...അസുരനാന്ന്.”
നേര്‍ത്ത ചന്ദ്രക്കലക്കീറന്‍ പല്ലുള്ള കറുകറുത്ത അവനെക്കാണുമ്പോള്‍ മാഷക്ക് ചിരിപൊട്ടി.
കടത്തനാട്ട് മാധവിയമ്മ എഴുതി.
'ശൈശവം തെറ്റിവായിച്ചു ഞാന്‍
മാപ്പെനിക്ക്
മകനെ വരുകെന്റെ
മുറ്റമൊന്ന് വെടിപ്പുകേടാക്കുവാന്‍'
ഈ മാഷന്മാര്‍ എന്നെങ്കിലും സര്‍ഗാത്മകതയുള്ള എന്തെങ്കിലും വായിച്ചിട്ടുണ്ടാകുമോ?ദീര്‍ഘകാലം കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലായിരുന്ന, കണ്ടീഷന്‍ ചെയ്യപ്പെട്ട ഒരു കുട്ടിയായിരുന്നു ഞാന്‍.
വെടിപൊട്ടിച്ചും മൈതാനങ്ങളില്‍ ഓടിയും ഫുട്ബോള് കളിച്ചും മാങ്ങയെറിഞ്ഞും അണ്ടികട്ടും അടികൂടിയും കാലിമേയ്ച്ചും മീന്‍ പിടിച്ചും...അതെല്ലാം സ്ക്കൂളിന് പുറത്ത് .പതിനേഴ് വയസ്സുവരെ പാഠപുസ്തകങ്ങള്‍ക്ക് പുറത്തായിരുന്നു.ചിതറിയ, അലങ്കോലപ്പെട്ട മുഷിഞ്ഞ പാഠാലയങ്ങള്‍..പ്രൈമറി ക്ലാസുകളിലൊന്നില്‍ ഒരു പെണ്‍കുട്ടിയെ പെന്‍സില്‍ മോഷ്ടിച്ചു എന്നും പറഞ്ഞ് രാജന്‍ മാഷ് 'ഇനിമേലില്‍ ഞാന്‍ മോഷണം നടത്തുകയില്ല..'എന്നു തുടങ്ങി എഴുതിയ എഴുത്ത് എല്ലാ ക്ലാസുകളിലും പോയി വായിപ്പിച്ച ഓര്‍മ്മയുണ്ടെനിക്ക്.സ്ക്കൂള്‍ അവള്‍ക്ക് കൊടുത്തത് പേരിന് മുന്നില്‍ 'കള്ളി' എന്ന ബിരുദമായിരുന്നു.ഇന്നും ജീവിക്കുന്ന മാഷും കുട്ടിയും.എനിക്കറിയാം അവള്‍ തകര്‍ന്നിരുന്നു,പിന്‍കാലം മുഴവനും.
ദൈവമേ,എന്റെ പാഠാലയങ്ങള്‍...
എന്തിനായിരുന്നു ഇത്തരം അധ്യാപകര്‍ കുട്ടികളിലേക്ക് ഇരച്ചുകയറിയത്?പ്രത്യേകിച്ചും വിമോചനങ്ങളും സമഭാവനയുടെ സ്വപ്നങ്ങളും അലകളുണ്ടാക്കിയ എഴുപത് - എണ്‍പത് കാലത്ത്.നല്ല ഒരനുഭവവും ഉണ്ടായില്ല എനിക്ക് എന്റെ വിദ്യാലയങ്ങളില്‍....
ഘോരമായും സൗമ്യമായും പെയ്യുന്ന മഴയിലേക്ക്,വെയില്‍പൂവുകള്‍ നൃത്തം ചെയ്യുന്ന വേനലുകളിലേക്ക് നോക്കിയപ്പോഴൊക്കെ അവര്‍ ചോക്കുകൊണ്ട് എന്നെ എറിഞ്ഞു.ചോദ്യങ്ങളിലേക്ക് സ്വപ്നം കാണുമ്പോള്‍ അടിച്ചു.പുലര്‍ച്ചകളോളം നീണ്ട രാക്കലഹങ്ങളില്‍ വീട്ടുകണക്കുകളും ഉറങ്ങിപ്പോയപ്പോള്‍ പരിഹസിച്ചു.ആത്മസംഭാഷിതങ്ങളായ നടത്തങ്ങള്‍ക്കിടയില്‍ വൈകിയപ്പോള്‍ പുറത്താക്കി. ഹംഗേറിയന്‍ എഴുത്തുകാരനായ ഫ്രിറ്റ്സ് കാരിന്തിയുടെ Refundഎന്ന നാടകംപോലെ
കൂടുതല്‍ പരിഷ്കൃതങ്ങളായ ന്യൂറംബര്‍ഗ്ഗ് സമാനമായ വിചാരണകളുണ്ടാവണം പില്‍ക്കാലത്ത് മാഷന്മാര്‍ക്ക്(മാഷന്മാര്‍ തീര്‍ച്ചയായും അപകടകരമായ ഒരു ജെന്‍ഡറാണ്)
സ്ക്കൂള്‍ -കോളേജ് ഭാരമെല്ലാം ഒഴിഞ്ഞ് ആകാശത്തിന് കീഴെ മനോഹരമായി അലയുമ്പോള്‍ കേട്ടു നാട്ടില്‍ നല്ല അധ്യാപകരുണ്ടെന്ന്.
ജി.കുമാരപ്പിള്ളയും അയ്യപ്പപ്പണിക്കരും മന്മഥനും ലീലാവതിയും ഭരതനും എം.എന്‍.വിജയനും,'അധ്യാപകരേ നിശ്ശബ്ദരാകൂ-കുട്ടികള്‍ ക്ലാസില്‍ കളിയിലും ബഹളത്തിലുമാണ് 'എന്നെഴുതിയ എം.എം.സുരേന്ദ്രനും(അയാളിപ്പോള്‍ ബ്ലോഗിലുണ്ട്)
ഒരു ദുരന്തമായിരുന്നു ഞങ്ങള്‍ക്ക് പാഠശാലകള്‍...
Sathyam Sathyam Sathyam
ReplyDeletevalare nannaayittund
ReplyDelete