ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Tuesday 22 December 2020

വീട് വിദ്യാലയമാകുമ്പോള്‍...

രക്ഷിതാക്കള്‍ക്ക് ഒരു കൈപ്പുസ്തകം


 വിദ്യാലയമാകുന്ന  ഒരു വീട്  കുട്ടികളെ എങ്ങനെയാണ് ഉള്‍ക്കൊള്ളേണ്ടത്‍?രക്ഷിതാക്കള്‍ അധ്യാപകരുടെ റോളിലേക്ക് മാറുമ്പോള്‍ കുട്ടികളോടുള്ള അവരുടെ സമീപനത്തില്‍ എന്തുമാറ്റം വരണം?കുട്ടികളുടെ പഠനത്തില്‍ അവര്‍ എങ്ങനെയൊക്കെയാണ് ഇടപെടേണ്ടത്?പുറച്ചേരി ഗവ.യു.പി.സ്ക്കൂള്‍ തയ്യാറാക്കിയ രക്ഷിതാക്കള്‍ക്കുള്ള  കൈപുസ്തകം ഈ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുകയും പ്രായോഗികമായി നടപ്പിലാക്കാവുന്ന ചില പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കകയും ചെയ്യുന്നു.

പ്രിയ രക്ഷിതാക്കളേ,

2020ജൂണ്‍ ഒന്നാം തീയ്യതി മുതലാണ് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ചത്.അന്നുമുതല്‍ കുട്ടികള്‍ക്കൊപ്പം ഞങ്ങളുടെ വിദ്യായലയവുമുണ്ട്.ഓരോ ദിവസത്തെ ക്ലാസിനുശേഷവും കുട്ടികളോട് സംസാരിച്ചും സംശയങ്ങള്‍ ദൂരീകരിച്ചും പഠനപ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്തി നല്‍കിയും അവരെ പ്രോത്സാഹിപ്പിച്ചും കുട്ടികള്‍ അയച്ചുതരുന്ന നോട്ടുകള്‍ പരിശോധിച്ചും ആവശ്യമായ ഫീഡ്ബാക്കുകള്‍ നല്‍കിയും കുട്ടികളെ ചേര്‍ത്തുപിടിക്കാന്‍ ഈ വിദ്യാലയം ശ്രമിച്ചിട്ടുണ്ട്.ഇക്കാലമത്രയും നിങ്ങളും കുട്ടികള്‍ക്കൊപ്പമുണ്ടെന്ന് ഞങ്ങള്‍ക്കറിയം.തന്റെ കുട്ടി  മുമ്പെങ്ങുമില്ലാത്ത അസാധാരണമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും വീടിനകത്ത് അടച്ചിരിക്കുന്ന കുട്ടികള്‍ സാധാരണയില്‍ കവിഞ്ഞ സ്നേഹവും പിന്തുണയും അവശ്യപ്പെടുന്നുണ്ടെന്നും നിങ്ങള്‍ മനസ്സിലാക്കിയിരുന്നു. പഠനത്തിനാവശ്യമായ ഉപകരണങ്ങള്‍ വാങ്ങി നല്‍കിയും കുട്ടികള്‍ക്കൊപ്പമിരുന്നും സ്വയംപഠിച്ചും  അവരെ സഹായിച്ചുംഅവരോടൊപ്പം കളിച്ചും സന്തോഷിച്ചും  കുട്ടികള്‍ക്ക് ഒരു താങ്ങായി നില്‍ക്കാന്‍ നിങ്ങള്‍  ശ്രമിച്ചിട്ടുണ്ട്.

വിദ്യാലയം തുറന്നുപ്രവര്‍ത്തിക്കാനുള്ള സാധ്യതയ്ക്ക് മങ്ങലേല്‍പ്പിച്ചുകൊണ്ട് രോഗവ്യാപനം വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ നമ്മുടെ പഠനരീതി നമുക്ക് മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്.കുട്ടികള്‍ക്ക് മടുപ്പ് വരാത്തരീതിയില്‍ പഠനം പരമാവധി രസകരമാക്കേണ്ടതുണ്ട്.വീടിനെ വിദ്യാലയമായിക്കണ്ടുകൊണ്ടുള്ള പഠനത്തിന്റെ രണ്ടാം ഘട്ടത്തിലേക്കാണ് ഇനി നാം പ്രവേശിക്കുന്നത്.വീട് വിദ്യാലയമാകുന്നത് എപ്പോഴാണ്?

വീട് എന്ന വിദ്യാലയത്തിലേക്കാണ് കുട്ടി ജനിച്ചുവീഴുന്നത്.അവിടെ അച്ഛനമ്മമാര്‍തന്നെയാണ് അവന്റെ‌‌ ‌/അവളുടെ അധ്യാപകര്‍.ഭാഷയുടേയും ഗണിതത്തിന്റേയും ശാസ്ത്രപഠനത്തിന്റേയുമൊക്കെ അടിസ്ഥാന ധാരണകള്‍ രൂപപ്പെടുന്നത് വീടുകളില്‍ നിന്നുതന്നെയാണ്. ഔപചാരിക വിദ്യാഭ്യാസം ആരംഭിക്കന്നതോടെയാണ് വിദ്യാലയം എന്ന വീടിന്റെ റോളില്‍ മാറ്റംവരുന്നത്.കുട്ടിയുടെ വിദ്യാഭ്യാസത്തിന്റെ ചുമതല വിദ്യാലയം ഏറ്റെടുക്കുന്നതോടെയാണത്.വിദ്യാലയം അടച്ചിട്ടതോടെ ആ ചുമതല വീണ്ടും വീടിന്റേതായി മാറി.

ഓണ്‍ലൈന്‍ പഠനത്തിന്റെ വിരസത മാറണമെങ്കില്‍  വിദ്യാലയത്തിലെന്നപോലെ വീട്ടിലും കുട്ടികള്‍ പഠനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം.അത് സര്‍ഗ്ഗാത്മകവും കുട്ടികളെ സന്തോഷിപ്പിക്കാന്‍ കഴിയുന്നതുമായിരിക്കണം.വീടിന്റെ മുക്കും മൂലയും മുറിയും ചായ്പ്പും ചുമരുകളും മരത്തണലുമൊക്കെ തന്റെ പഠനാവശ്യത്തിനുള്ള ഇടങ്ങളാക്കി മാറ്റാന്‍ കുട്ടികള്‍ക്കു കഴിയണം.വീട്ടിലടച്ചിരിക്കുമ്പോള്‍ കുട്ടികള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും സമ്മര്‍ദ്ദങ്ങളും  മറികടക്കാന്‍ ഇത്തരം പ്രര്‍ത്തനങ്ങളിലൂടെ കുട്ടികള്‍ക്ക് കഴിയും.അധ്യാപകരും കുട്ടിയും രക്ഷിതാക്കളുമടങ്ങുന്ന കൂട്ടായ്മയിലൂടെവേണം ഇതു നടപ്പിലാക്കാന്‍.

വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് മുഴുവന്‍ കുട്ടികളെയും പഠനത്തില്‍ സജീവമാക്കാനുള്ള പ്രവര്‍ത്തനപദ്ധതികള്‍ കഴിഞ്ഞ ദിവസങ്ങളിലെരക്ഷാകര്‍തൃ ശാക്തീകരണ ക്ലാസ്സുകളില്‍ നാം മുന്നോട്ടുവയ്ക്കുകയും ചര്‍ച്ച ചെയ്ത് വ്യക്തത വരുത്തുകയും ചെയ്യുകയുണ്ടായി.മുഴുവന്‍ രക്ഷിതാക്കളുടേയും അറിവിലേക്കായി തുടര്‍ന്ന് വീട്ടില്‍ നടക്കേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ ഇവിടെ വിശദീകരിക്കുകയാണ്.

വീട്ടില്‍ ഒരു ലബോറട്ടറി
പരീക്ഷണ നിരീക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടാണ് കുട്ടി സയന്‍സ് പഠനത്തില്‍ മുന്നേറുന്നത്.സയന്‍സ് വിഷയത്തില്‍ താത്പര്യം വര്‍ദ്ധിപ്പിക്കാനും പഠനത്തിലേക്ക് നയിക്കാനും ഇതു കുട്ടിയെ ഏറെ സഹായിക്കും.ഇതുമായി ബന്ധപ്പെട്ട് വീട്ടില്‍ നമുക്ക് എന്തുചെയ്യാന്‍ കഴിയും?വീട്ടില്‍ ഒരു ലബോറട്ടറി ഒരുക്കിയാലോ?എങ്കില്‍ അത് എങ്ങനെ വേണം?


  • വീട്ടിലെ ഒരു മുറിയിലോ ചായ്പ്പിലെ ചുമരിനോട് ചേര്‍ന്നോ മരത്തണലിലോ ക്രമീകരിച്ച ഒരു മേശ/ തട്ട് അല്ലെങ്കില്‍ ഒരു കാര്‍ബോര്‍‍ഡ് പെട്ടി ഒരു ലബോറട്ടറിയാക്കി മാറ്റാം.
    • ഒഴിഞ്ഞ പ്ലാസ്റ്റിക്ക് കുപ്പികള്‍,ഗ്ലാസ്സുകള്‍,ജാറുകള്‍,കുഴലുകള്‍,കണ്ണാടി മുതലായ പാഠഭാഗവുമായി ബന്ധപ്പെട്ട് അധ്യാപകന്‍ നിര്‍ദ്ദേശിക്കുന്ന വസ്തക്കളും ശേഖരണങ്ങളും അവിടെ ക്രമീകരിക്കണം.
    • പരീക്ഷണങ്ങള്‍ ഈ ലബോറട്ടറിയില്‍വെച്ച് ചെയ്യാം.
    • ചെയ്ത പരീക്ഷണങ്ങളുടെ കുറിപ്പുകള്‍ അടങ്ങിയ ഫയല്‍ അവിടെ സൂക്ഷിക്കണം.
    • ആരുവന്നാലും കാണാന്‍ പാകത്തില്‍ ചുമരിലും മേശപ്പുറത്തും മറ്റുമായി ഭംഗിയായി എല്ലാവസ്തുക്കളും ഡിസ്പ്ലേ ചെയ്യണം.

     

    വീട്ടിലെ ഗണിതവിശേഷം
    സാധാരണയായി പല കുട്ടികള്‍ക്കും പ്രയാസമുള്ള വിഷയമാണ് ഗണിതം.എന്നാല്‍ രസകരമായ പ്രവര്‍ത്തനങ്ങളിലൂടേയും കളികളിലൂടേയും കുട്ടികള്‍ക്ക് ഗണിതത്തെ എളുപ്പം വരുതിയിലാക്കാം.കളികളിലും മറ്റും കുട്ടികള്‍ക്കൊപ്പം കുടുംബാംഗങ്ങളും പങ്കെടുക്കണം.വീട്ടിലെ ഗണിതവിശേഷം എങ്ങനെ  ഒരുക്കാം? 

    • പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി കുട്ടികള്‍ തയ്യാറാക്കിയ വിവിധ ഉത്പ്പന്നങ്ങളും പഠനോപകരണങ്ങളും (സ്ഥാനവിലപോക്കറ്റ്,സംഖ്യാകാര്‍ഡുകള്‍,സംഖ്യാറിബണ്‍,ജ്യാമിതീയരൂപങ്ങള്‍,ഭിന്നസംഖ്യാരൂപങ്ങള്‍..)പഠനമുറിയുടെ ചുമരിലും മറ്റുമായി ഭംഗിയായി പ്രദര്‍ശിപ്പിക്കാം.
    • കുട്ടികള്‍ ചെയ്യുന്ന ഗണിത പ്രൊജക്ടുകളും മറ്റും ചാര്‍ട്ടുകളില്‍ ഭംഗിയായി രേഖപ്പെടുത്തി പ്രദര്‍ശിപ്പിക്കാം.
    • പ്രായോഗിക ജീവിതവുമായി ബന്ധപ്പെട്ട (കുടുംബ ബജറ്റുമായി ബന്ധപ്പെട്ട്,പച്ചക്കറി കൃഷിയുമായി ബന്ധപ്പെട്ട്)ഗണിതപ്രശ്നങ്ങള്‍ കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ മുന്നില്‍ അവതരിപ്പിക്കാം.കുട്ടികള്‍ ഉത്തരം കണ്ടെത്തട്ടെ.
    • ഗണിതവുമായി ബന്ധപ്പെട്ട കളികള്‍ (അധ്യാപകര്‍ നിങ്ങള്‍ക്ക് പറഞ്ഞുതരും)കുട്ടികളുടെ കൂടെയിരുന്ന് കളിക്കാന്‍ രക്ഷിതാക്കള്‍ സമയം കണ്ടെത്തണം.ഗണിതം പഠിക്കുന്നതിനോടൊപ്പം അത് കുട്ടികള്‍ക്ക് അളവറ്റ ആഹ്ലാദവും നല്‍കും.

     വായനാക്കൂട്ടം

    കുട്ടികള്‍ ഒന്നും വായിക്കുന്നില്ല എന്നതാണ് രക്ഷിതാക്കളുടെ പ്രധാന പരാതി.രസകരമായ വായനക്കൂട്ടം പരിപാടിയിലൂടെ കുട്ടികളെ വായനയിലേക്കു നയിക്കാം. അവരെ മികച്ച വായനക്കാരാക്കി മാറ്റാം.
    എങ്ങനെയാണ് വായനക്കൂട്ടം പ്രവര്‍ത്തിക്കുക?


    • കുട്ടിയും അവന്റെ /അവളുടെ കുടുംബാംഗങ്ങളും അടങ്ങുന്ന സദസ്സാണ് വായനാക്കൂട്ടം.കൂട്ടത്തിലെ പ്രധാനവായനക്കാരന്‍ കട്ടിയായിരിക്കും.
    • എല്ലാദിവസവും വായനാക്കൂട്ടം ചേരണം.എല്ലാവര്‍ക്കും സൗകര്യപ്രദമായ ഒരു സമയത്ത് വീട്ടിലെ ഇഷ്ടപ്പെട്ട ഒരു സ്ഥലത്തായിരിക്കണം കൂടിച്ചേരേണ്ടത്.
    • പാഠപുസ്തകത്തിലെ കഥകള്‍,കവിതകള്‍,ലേഖനങ്ങള്‍, കഥാപുസ്തകത്തിലെ കഥകള്‍,നോവലുകള്‍ തുടങ്ങിയ എന്തും വായനയ്ക്ക് തെരഞ്ഞെടുക്കാം.
    • അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍വരെ സമയമാകാം.കുട്ടിക്കൊപ്പം രക്ഷിതാക്കള്‍ക്കും വായിക്കാം.ചോദ്യങ്ങളും ചര്‍ച്ചകളുമാകാം.
    • ഒരു ദിവസം മലയാളമാണ് വായിക്കുന്നതെങ്കില്‍ അടുത്തദിവസം മറ്റു ഭാഷകളാകാം. 

    ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കണം.ഇതൊരു സദസ്സാസാണ്.കുട്ടിക്ക് പ്രോത്സാഹനം നല്‍കേണ്ടത് കുടുംബാംഗങ്ങളുടെ ഉത്തരവാദിത്തമാണ്.കുട്ടി ഒരിക്കലും പരിഹസിക്കപ്പെടരുത്.

     പുസ്തകവണ്ടി
    വീട്ടില്‍ അടച്ചിരിക്കുന്ന കുട്ടികള്‍ക്ക് വായിക്കാന്‍  ലൈബ്രറി പുസ്തകങ്ങള്‍ കിട്ടാത്തതാണ് മറ്റരു പ്രധാന പ്രശ്നം.ഇതിനു പരിഹാരമായാണ് പുസ്തകവണ്ടി വരുന്നത്.സ്ക്കൂള്‍ ലൈബ്രറിയിലെ പുസ്തകങ്ങള്‍ കുട്ടികളുടെ വീട്ടിലെത്തിക്കുന്ന ഈ പരിപാടി എങ്ങനെയാണ് പ്രവര്‍ത്തിക്കുക? 

      • കുട്ടികളെ അവര്‍ താമസിക്കുന്ന സ്ഥലത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചുപ്രദേശങ്ങളായി തിരിച്ചിട്ടുണ്ട്.ഓരോ പ്രദേശത്തേയും 10-15 കുട്ടികള്‍ ഉള്‍ക്കൊള്ളുന്ന ചെറു ക്ലസ്റ്ററുകളാക്കി പിന്നെയും തരിച്ചിരിക്കുന്നു.പുസിതകവണ്ടിയുടെ സഞ്ചാര കേന്രങ്ങള്‍ ഈ ക്ലസ്റ്ററുകളാണ്.പുസത്കവണ്ടിയുടെ സമയവും എത്തിച്ചരേണ്ട കുട്ടികളുടെ പേരും കുട്ടികളെ മുന്‍കൂട്ടി അറിയിക്കും.
      • പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിരിക്കും പുസ്തകവിതരണം നടക്കുക.
      • മൂന്നാഴ്ച കൂടുമ്പോള്‍ പുസ്തകവണ്ടി വീണ്ടും വരും.അപ്പോള്‍ പുസ്തകം മാറ്റിയെടുക്കാം.

      സാമൂഹ്യശാസ്ത്രകോര്‍ണര്‍
      സാമൂഹ്യശാസ്ത്രപഠനം രസകരമായ അനുഭവമാക്കി മാറ്റാന്‍ വീടിനകത്ത് എന്തൊക്കെ ഒരുക്കങ്ങള്‍ ആകാം? 

      • വീട്ടില്‍ വിവിധതരം മാപ്പുകള്‍, അറ്റ്ലസ്,ഒരു ഗ്ലോബ് എന്നീപഠനോപകരണങ്ങള്‍ ലഭ്യമായ സ്ഥലത്ത് പ്രദര്‍ശിപ്പിക്കാം.
      • വളരുന്ന ഭൂപടം-ഔട്ട് ലൈന്‍ മാപ്പില്‍ പാഠഭാഗത്ത് പറയുന്ന സംഭവങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളും സ്ഥലങ്ങളും മറ്റും അടയാളങ്ങള്‍ നല്‍കി സൂചിപ്പിക്കാം.പാഠം പുരോഗമിക്കുന്നതിനനുസരിച്ച് രേഖപ്പെടുത്തലുകള്‍ കൂടുന്നു.
      • പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികള്‍ നിര്‍മ്മിക്കുന്ന പതിപ്പുകള്‍,ചരിത്രനായകന്മാരുടെ ചിത്രങ്ങള്‍ അടങ്ങിയ ആല്‍ബം ,നാണയങ്ങള്‍,സ്റ്റാമ്പുകള്‍ തുടങ്ങിയവയുടെ ശേഖരങ്ങളും മറ്റും സാമൂഹ്യശാസ്ത്ര കോര്‍ണറില്‍ പ്രദര്‍ശിപ്പിക്കാം.

      കുട്ടികള്‍ ഡിജിറ്റല്‍ ലോകത്ത് കൂടുതല്‍ സമയം ചിലവഴിക്കുമ്പോഴുള്ള മടുപ്പ് ഒഴിവാക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വീടുകളില്‍ സംഘടിപ്പിക്കുന്നതിലൂടെ കഴിയും.വീട് വിദ്യാലയമായി മാറും.കുട്ടികള്‍ പഠനത്തില്‍ അതീവ താത്പര്യത്തോടെ മുഴുകുകയും ചെയ്യും.സ്ക്കൂള്‍ തുറക്കുമ്പോള്‍ താന്‍ തയ്യാറാക്കിയ പഠനഉത്പ്പന്നങ്ങളെ സ്ക്കൂളിലെ പ്രവര്‍ത്തനങ്ങളുമായി കണ്ണിചേര്‍ക്കുന്നതിലൂടെ പഠനം അര്‍ത്ഥവത്തായ അനുഭവമാക്കിമാറ്റാനും കുട്ടികള്‍ക്കു കഴിയും.

      കുട്ടികളുടെ പഠനത്തില്‍ ഇടപെടുമ്പോള്‍ നാം ഓര്‍ത്തുവെക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?

        ഓരോ ദിവസത്തേയും ടൈംടേബിള്‍ മനസ്സിലാക്കി കുട്ടികളെ അറിയിക്കുക.കഴിയുമെങ്കില്‍ കുട്ടികള്‍ക്കൊപ്പം ക്ലാസുകള്‍ കാണുക.


      • ക്ലാസ്സിനുശേഷം അധ്യാപകരുമായുള്ള വാട്സ് ആപ്പ് ചര്‍ച്ചയില്‍ മുടങ്ങാതെ പങ്കെടുക്കുക.നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി കുട്ടി പൂര്‍ത്തിയാക്കി അയക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്യുക.
      • പഠനം യാന്ത്രികമാകരുത്.അത് സ്വാഭാവികവും രസകരവുമാക്കി മാറ്റണം.
      • കുട്ടികളുടെ കഴിവുകളെ അംഗീകരിക്കണം.മറ്റുള്ളവരുടെ മുന്നില്‍ അവന്റെ കുറവുകളെ കുറിച്ചു സംസാരിക്കരുത്.
      • കൂട്ടുകാര്‍ക്ക് ഒപ്പം ചേര്‍ന്ന് കളിക്കാനോ ഉല്ലസിക്കാനോ കഴിയാത്ത  കുട്ടി കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടാവും.ഈ അവസ്ഥ മറികടക്കാന്‍ കുട്ടികള്‍ വിവിധതരം സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് കാണാം.ഇത്തരം പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ഒപ്പം ചേരുകയും ചെയ്യുക.
      • നന്മയുടെ മാതൃകകള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കാന്‍ ശ്രദ്ധിക്കണം.

      ഈ മഹാമാരി അധികകാലം ഇങ്ങനെ തുടരില്ല.നമ്മള്‍ ഈ കാലത്തെ മറികടക്കും.കുട്ടികള്‍ പഴയതുപോലെ ഉത്സാഹത്തോടെ വിദ്യാലയത്തിലേക്ക് തിരിച്ചെത്തും.ഭാവി വാഗ്ദാനങ്ങളാണ് നമ്മുടെ കുഞ്ഞുങ്ങള്‍.അവരുടെ പഠനം മുടങ്ങാന്‍ നാം അനുവദിച്ചുകൂട.

      നമ്മുടെ വിദ്യാലയം എപ്പോഴും കുട്ടികള്‍ക്കൊപ്പമുണ്ടാകും.കരുതലോടെ,അവര്‍ക്ക് താങ്ങും തണലുമായി.

      ഗവ.യു.പി.സ്ക്കൂള്‍,പുറച്ചേരി

      11.11.2020





Monday 7 September 2020

പരിമിതികളുണ്ട്; മറികടക്കാം...

ഓണ്‍ലൈന്‍ ക്ലാസും കുട്ടികളുടെ പഠനവും-3

 


 

  • ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിട്ട് മൂന്നുമാസം പിന്നിടുമ്പോള്‍ അതിന്റെ അവതരണരീതിയെക്കുറിച്ച് കാര്യമായ പുനരാലോചന ആവശ്യമാണ്.ഏക പക്ഷീയമായ പറച്ചിലുകളായി പലപ്പോഴും ക്ലാസുകള്‍ ചുറുങ്ങിപ്പോകുന്നുണ്ട്.,സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ ക്ലാസിന്റെ ആശയവിനിമയശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിയേണ്ടതുണ്ട്.    
  •  
  •  ഭാഷാക്ലാസുകള്‍ പലപ്പോഴും  കഥപറച്ചിലുകളായി ചുരുങ്ങിപ്പോകുന്നുണ്ട്.അതിനെ  പാഠത്തിന്റെ വായനയുമായി ബന്ധിപ്പിക്കാന്‍ കഴിയുന്നില്ല.അതുകാരണം തുടര്‍ചര്‍ച്ചാക്ലാസുകളില്‍ കുട്ടികളെ വായനയിലേക്ക് കൊണ്ടുവരാന്‍ അധ്യാപകര്‍ നന്നേ ക്ലേശിക്കേണ്ടിവരുന്നുണ്ട്.
  •  
  • വിദ്യാര്‍ത്ഥികളുമായി നേരിട്ടു സംവദിക്കുന്നില്ല എന്നതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ ക്ലാസിനുചില പരിമിതികളുണ്ട്.കുട്ടികളില്ലാത്ത ക്ലാസില്‍  പെഡഗോജിക്ക് പ്രസക്തിയില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് കുട്ടികളെ പ്രചോദിപ്പിക്കാന്‍ കഴിയണമെന്നില്ല.പക്ഷേ, അതു ഒരു പഠനപരിസരം ഉണ്ടാക്കുന്നുണ്ട്. ഈ പഠനപരിസരത്തില്‍ നിന്നുകൊണ്ടു പഠനത്തെ മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍  വിദ്യാലയങ്ങളുടെയും പഠിപ്പിക്കുന്ന അധ്യാപകരുടേയും സജീവമായ ഇടപെടല്‍  ഓണ്‍ലൈന്‍ ക്ലാസുകളുടെ തുടര്‍ച്ചയായി ഉണ്ടാവണം. 
  •  
  •  ഓരോ ക്ലാസ്സ് ഗ്രൂപ്പുകളിലും നടക്കുന്ന വാട്സ് ആപ്പ് ചര്‍ച്ചകളിലൂടെയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികള്‍ ഏറ്റെടുക്കുന്നത്.ഇവിടെ അധ്യാപികയ്ക്ക് കുട്ടികളുമായി ഒരു സംവാദം സാധ്യമാണ്.കുട്ടികളെ കാണാന്‍ കഴിയില്ലെങ്കിലും ടീച്ചര്‍ക്ക് അവരുടെ ശബ്ദം കേള്‍ക്കാം. കുട്ടികള്‍ക്ക് തരിച്ചും.ചോദ്യങ്ങള്‍ ചോദിച്ചും ഉത്തരങ്ങള്‍ പറഞ്ഞും മറുചോദ്യം ചോദിച്ചും സംശയങ്ങള്‍ ഉന്നയിച്ചും ചര്‍ച്ച പുരോഗമിക്കുമ്പോള്‍ അത് പഠനത്തിലേക്കുള്ള വഴികളാണ് തുറന്നിടുന്നത്.ടീച്ചറും കുട്ടികളും തമ്മിലുള്ള നിരന്തരസംവാദവും തുടര്‍ന്ന് കുട്ടികള്‍ നടത്തുന്ന അന്വേഷണവുമാണ് പഠനം.അതിനാല്‍ അതാതുദിവസം നടക്കുന്ന ക്ലാസിനെ അസ്പദമാക്കി ഓരോ വിദ്യാലയവും കുട്ടികളുമായി സംവദിക്കാന്‍ തയ്യാറാകണം.
  •  
  •  കുട്ടികളെ സ്വയം പഠനത്തിലേക്ക് നയിക്കുന്ന രീതിയില്‍ തുടര്‍ചര്‍ച്ചാ ക്ലാസുകളുടെ ബോധനരീതി മെച്ചപ്പെടുത്തേണ്ടതുണ്ട്.വെല്ലുവിളി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ചോദിച്ചും ഉത്തരം കണ്ടെത്താന്‍ പ്രരിപ്പിച്ചും കുട്ടികളുടെ ദൃശ്യപരമായ ആവിഷ്ക്കാരങ്ങള്‍ക്ക് അവസരം നല്‍കിയും ചര്‍ച്ചകള്‍ കൂടുതല്‍ സര്‍ഗ്ഗാത്മകമാക്കണം.കുട്ടികളുടെ പഠനഉത്പ്പന്നങ്ങള്‍ ഗ്രൂപ്പില്‍ പരസ്പരം വിലയിരുത്താനുള്ള അവസരം നല്‍കേണ്ടതാണ്.അധ്യാപകര്‍ ശരിയായരീതിയില്‍ ഫീഡ്ബാക്ക് നല്‍കണം.
  •  
  • തുടര്‍ചര്‍ച്ചാ ക്ലാസുകള്‍ ഓണ്‍ലൈന്‍ ക്ലാസിലെ പാഠഭാഗവുമായി ബന്ധിപ്പിച്ചുകൊണ്ട് മാത്രമേ ചെയ്യാവൂ.അതിനപ്പുറത്തേക്ക് സ്വന്തം നിലയില്‍ ക്ലാസുകള്‍ എടുക്കാന്‍ വിദ്യാലയങ്ങളെ അനുവദിക്കരുത്.
  •  
  • തുടര്‍ചര്‍ച്ചാ ക്ലാസുകളില്‍ കുട്ടികള്‍ക്ക് ഏറ്റെടുത്ത് ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളാണ് നല്‍കേണ്ടത്.കുട്ടികള്‍ പൂര്‍ത്തിയാക്കി അയക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്  അധ്യാപകര്‍ ഫീഡ്നല്‍കണം.ചില വിദ്യാലയങ്ങളില്‍ അധ്യാപകര്‍ പ്രിന്റട്ട് നോട്ടുകളയച്ചുകൊടുക്കുന്നു.ഇത് കുട്ടികളുടെ  പഠനത്തെ തടസ്സ്പ്പെടുത്തുകയാണ് ചെയ്യുക എന്നതുകൊണ്ട് നിരുത്സാഹപ്പെടുത്തുകയാണ് വേണ്ടത്.  

  •  തുടര്‍ചര്‍ച്ചാ ക്ലാസുകളില്‍ ഏകപക്ഷീയമായി പാഠപുസ്തകം വിശദീകരിച്ചുകൊടുക്കുന്ന രീതി ഹൈസ്ക്കൂള്‍ ക്ലാസുകളിലും മറ്റും ചില  അധ്യാപകര്‍ അനുവര്‍ത്തിക്കുന്നുണ്ട്.അവര്‍ കുട്ടികളുമായി സംവദിക്കാന്‍ തയ്യാറാകുന്നില്ല.പകരം മുന്‍കൂട്ടി റക്കോഡ് ചെയ്ത വിശദികരണങ്ങള്‍ മാത്രം നല്‍കുന്നു.ഇത് പഠനത്തെ ഒരുതരത്തിലും സഹായിക്കില്ല.
  •  
  • മാസത്തില്‍ ഒരിക്കലെങ്കിലും അധ്യാപകര്‍ കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിക്കേണ്ടതും അവരുടെ നോട്ടുപുസ്തകങ്ങളും മറ്റും വിലയിരുത്തേണ്ടതുമാണ്.അതു കുട്ടികള്‍ക്ക് വലിയ ആശ്വാസവും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ പ്രചോദനവുമാകും.
  •  
  •  ഓണ്‍ലൈന്‍ ക്ലാസിലേയും തുടര്‍ചര്‍ച്ചാ ക്ലാസുകളിലേയും കുട്ടികളുടെ ഹാജര്‍ ക്ലാസ്സ് ടീച്ചര്‍മാര്‍ സൂക്ഷിക്കേണ്ടതാണ്.ക്ലാസ്സ് ടീച്ചര്‍മാരും ഹെഡ്മാസ്റ്ററും ഇതു ദിവസേന മോണിറ്റര്‍ ചെയ്യണം.ക്ലാസില്‍ നിന്നും ഒഴിവായിപോകുന്നവരെ കണ്ടെത്തി തിരികെ കൊണ്ടുവരണം.
  •  
  •  ഇനിയും കുട്ടികള്‍ക്ക് ഉപകരണങ്ങളുടെ ലഭ്യതക്കുറവുകൊണ്ട് ക്ലാസുകളിലും തുടര്‍ചര്‍ച്ചാക്ലാസുകളിലും പങ്കെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ വിദ്യായലയം പി.ടി.എ യുടെ സഹായത്തോടെ അതിനു പരിഹാരം കാണേണ്ടതാണ്

Sunday 23 August 2020

അടച്ചിട്ട ഒരു വിദ്യാലയം പഠനത്തില്‍ ഇടപെടുമ്പോള്‍...

 ഓണ്‍ലൈന്‍ ക്ലാസും കുട്ടികളുടെ പഠനവും-2

 

 ഓണ്‍ലൈന്‍ ക്ലാസുകണ്ട് കുട്ടികള്‍ എങ്ങനെയെങ്കിലും പഠിച്ചുകൊള്ളും എന്ന സമാധാനത്തിന്റെ പുറത്ത് നമുക്ക് എത്രനാള്‍ ചടഞ്ഞിരിക്കാന്‍ കഴിയും?

ഓണ്‍ലൈന്‍ ക്ലാസില്‍  കുട്ടികള്‍ പഠിക്കുന്നുണ്ടോ? വീടുകളില്‍ അവര്‍ക്കതിനുള്ള സൗകര്യങ്ങള്‍ ഉണ്ടോ?രക്ഷിതാക്കളുടെ സഹായവും പിന്തുണയും  കുട്ടികള്‍ക്ക് എത്രമാത്രം ലഭ്യമാണ്? ക്ലാസിശേഷം സ്ക്കൂള്‍ അധ്യാപകര്‍ നടത്തുന്ന വാട്സ് ആപ്പ് ചര്‍ച്ചാക്ലസ്സ് കുട്ടികളെ പഠനത്തിലേക്ക് നയിക്കുന്നുണ്ടോ? വീടുകളില്‍ ഇന്റര്‍നെറ്റ് ലഭ്യത എത്രത്തോളമുണ്ട്?

 ഓണ്‍ലൈന്‍ ക്ലാസിന്റെ ആദ്യ ആഴ്ചതന്നെ ഞങ്ങളെ അലട്ടിയ ചോദ്യങ്ങളായിരുന്നു ഇവ.

പുറച്ചേരി ഗവ.യു.പി. സ്ക്കൂള്‍ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം എങ്ങനെ നടക്കുന്നു എന്നറിയാന്‍ ഞങ്ങള്‍  ഒരു സര്‍വ്വേ നടത്തുകയുണ്ടായി.

ഓണ്‍ലൈന്‍ പഠനത്തെ 5മേഖലകളായി തിരിച്ചായിരുന്നു ഞങ്ങളുടെ സര്‍വ്വേ.ഏതൊക്കെയാണ് ആ മേഖലകള്‍ എന്നുനോക്കാം.


  1. ഓണ്‍ലൈന്‍ പഠനസൗകര്യം( ക്ലാസ്സ് കാണാന്‍ ഉപയോഗിക്കുന്ന മാധ്യമം,അതിന്റെ  ലഭ്യത തുടങ്ങിയവ)
  2. ഓണ്‍ലൈന്‍ ക്ലാസിലെ പങ്കാളിത്തം(കുട്ടികള്‍ പതിവായി ക്ലാസ്സുകള്‍ കാണുന്നുണ്ടോ?)
  3. തുടര്‍ചര്‍ച്ചാക്ലാസിലെ പങ്കാളിത്തം(ക്ലാസിനെ അസ്പദമാക്കി സ്ക്കൂളിലെ അധ്യാപകരുടെ നേതൃത്വത്തില്‍ നടക്കുന്ന വാട്സ് ആപ്പ് ഗ്രൂപ്പ് ചര്‍ച്ചയില്‍ കുട്ടികളുടെ പങ്കാളിത്തം എത്രത്തോളം?)
  4. പഠനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കല്‍(അതാതുദിവസത്തെ പഠനപ്രവര്‍ത്തനങ്ങള്‍ പൂത്തിയാക്കിയ നോട്ടുപുസ്തകം സൂക്ഷിക്കുന്നുണ്ടോ?)
  5. രക്ഷിതാക്കളുടെ പിന്തുണ(ഓണ്‍ലൈന്‍ പഠനത്തില്‍ രക്ഷിതാക്കളുടെ പിന്തുണ  കുട്ടികള്‍ക്ക് എത്രത്തോളം സഹായകമാകുന്നുണ്ട്?)

 കുട്ടികളെ അവരുടെ വീടുകളില്‍  ചെന്നുകണ്ടുകൊണ്ടായിരുന്നു സര്‍വ്വേ.കുട്ടികളോടും രക്ഷിതാക്കളോടും സംസാരിച്ചും കുട്ടികളുടെ  പഠനഉത്പ്പന്നങ്ങളും  പഠനസൗകര്യങ്ങളും നേരിട്ടു കണ്ടു വിലയിരുത്തിയുമായിരുന്നു വിവരശേഖരണം. ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചിട്ട് ഒന്നരമാസം പിന്നിട്ടപ്പോള്‍, അതായത് ജൂലായ് മാസം

രണ്ടാമത്തെ ആഴ്ചയിലായിരുന്നു ഞങ്ങളുടെ ഗൃഹസന്ദര്‍ശനവും സര്‍വ്വേയും.അന്നേരം രോഗം ഇത്രമാത്രം വ്യാപിച്ചിട്ടില്ലായിരുന്നു.പൂര്‍ണ്ണമായും കോവി‍ഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിരുന്നു ഞങ്ങളുടെ ഗൃഹസന്ദര്‍ശനം.

കുട്ടികളെ അവര്‍ താമസിക്കുന്ന  പ്രദേശത്തിന്റെ അടിസ്ഥാനത്തില്‍ 5ഗ്രൂപ്പുകളാക്കിത്തിരിച്ചു.ഒരു ഗ്രൂപ്പില്‍ ഏതാണ്ട് 60-65വരെ കുട്ടികള്‍.അങ്ങിനെ ആകെ 310കുട്ടികള്‍.ഓരോ ഗ്രൂപ്പിലും മൂന്ന് അധ്യാപികമാര്‍.ഓരോ ഗ്രൂപ്പും അതാതുപ്രദേശത്തെ കുട്ടികളെ നേരിട്ടുകാണുന്നു.സംസാരിക്കുന്നു.വിവരങ്ങള്‍ ശേഖരിക്കുന്നു.ഒരു ഗ്രൂപ്പിനു മൂന്നോ നാലോ ദി വസംകൊണ്ട് ആ പ്രദേശത്ത് താമസിക്കുന്ന മുഴുവന്‍ കുട്ടികളുടേയും വീടുകള്‍ കയറിയിറങ്ങാം


 അപ്രതീക്ഷിതമായി അധ്യാപകര്‍ വീട്ടിലെത്തിയപ്പോള്‍ കുട്ടികള്‍ക്കുണ്ടായ അത്ഭുതവും സന്തോഷവും പറഞ്ഞറിയിക്കാന്‍ പറ്റില്ല.കുട്ടികള്‍ അവരുടെ നോട്ടുപുസ്തകങ്ങളും പഠനഉത്പ്പന്നങ്ങളും ഞങ്ങളുടെ മുന്നില്‍ നിരത്തി.പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാത്തവര്‍ ഒഴികഴിവുകള്‍ പറഞ്ഞു.

 വാട്സ് ആപ്പ് ചര്‍ച്ചയില്‍ അധ്യാപകര്‍ നല്‍കിയ പഠനപ്രവര്‍ത്തനങ്ങളുടെ ലിസ്റ്റുമായി കുട്ടികളുടെ നോട്ടുപുസ്തകങ്ങള്‍ തട്ടിച്ചുനോക്കി വിലയിരുത്തി.കുട്ടികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചു.ഗണിതത്തിലും മറ്റും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുണ്ടായിരുന്ന സംശയങ്ങള്‍ ദൂരികരിച്ചുകൊടുക്കാനും കഴിഞ്ഞു.

 

സര്‍വ്വേയിലൂടെ കണ്ടെത്തിയ കാര്യങ്ങള്‍ എന്തൊക്കെയാണ്?

ഓണ്‍ലൈന്‍ പഠനസൗകര്യവും ക്ലാസ്സിലെ പങ്കാളിത്തവും

ഓണ്‍ലൈന്‍ ക്ലസ്സുകള്‍ കാണാനുള്ള ഉപകരണം ലഭ്യമാണോ എന്നതായിരുന്നു ഞങ്ങള്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് അന്വേഷിച്ചത്. ഏതൊക്കെ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് കുട്ടികള്‍ ക്ലസ്സുകള്‍ കാണുന്നത്,വീട്ടിലുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാണോ  തുടങ്ങിയ കാര്യങ്ങള്‍. 

 96% കുട്ടികള്‍ ടി.വി.ഉപയോഗിച്ചാണ് ക്ലാസ്സുകള്‍ കാണുന്നത്.4% ഫോണ്‍ ഉപയോഗിച്ചും കാണുന്നുണ്ട്.കമ്പ്യൂട്ടര്‍ ആരും ഉപയോഗിക്കുന്നില്ല.അഞ്ചു കുട്ടികളുടെ വീടുകളില്‍ ടി.വി. റിപ്പേര്‍ ചെയ്യാനാകാത്തവിധം കേടായിക്കിടക്കുകയായിരുന്നു.അവര്‍ ക്ലാസുകള്‍ കൃത്യമായി കാണുന്നുണ്ട്,അടുത്തവീട്ടുകാരുടെ സഹായത്തോടെ. ഈ  അഞ്ചുകുട്ടികള്‍ക്ക് വിദ്യാലയത്തിന്റെ വകയായി ടി.വി.വാങ്ങി നല്‍കി.

 ഇപ്പോള്‍ വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളുടെ വീട്ടിലും ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യ

മായിട്ടുണ്ട് എന്ന് ഞങ്ങള്‍ക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും.എന്നാല്‍  2% കുട്ടികള്‍ ക്ലാസ് തീരെ കാണാത്തവരായുണ്ട്.8% കുട്ടികള്‍ ഇടക്കിടെ ക്ലാസ്സ് മുടക്കുന്നവരുമാണ്.ഈ കുട്ടികളുടെ പ്രധാന പ്രശ്നം രക്ഷിതാക്കള്‍ ജോലിക്കുപോകുന്നതു കാരണം വീട്ടില്‍ ഇ
ര്‍ ഒറ്റയ്ക്കോണ്.ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ആളില്ല.ചിലപ്പോള്‍ മുത്തശ്ശിമാരൊക്കെയാണ് ഇവര്‍ക്ക് കൂട്ട്.അവര്‍ പറഞ്ഞാല്‍കേള്‍ക്കുന്നില്ല.

 

 തുടര്‍ചര്‍ച്ചാക്ലാസിലെ പങ്കാളിത്തം

ഓണ്‍ലൈന്‍ ക്ലസിനുശേഷം സ്ക്കൂളിലെ അധ്യാപകര്‍ അന്നത്തെ പാഠഭാഗത്തെ ആസ്പദമാക്കി വാട്സ് ആപ്പ് ഗ്രൂപ്പില്‍ കുട്ടികളുമായി  നടത്തുന്ന ചര്‍ച്ചയാണ്  തുടര്‍ചര്‍ച്ചാക്ലാസ്സ്.പാഠപുസ്തകങ്ങള്‍ വായിപ്പിച്ചും ചോദ്യങ്ങള്‍ ചോദിച്ചും സംശയങ്ങള്‍ ദൂരീകരിച്ചും നടത്തുന്ന ഈ ക്ലാസുകളാണ് കുട്ടികളെ പഠനത്തിലേക്ക് നയിക്കുന്നത്.തങ്ങളുടെ കുട്ടികള്‍ക്ക് അനുയോജ്യമായ രീതിയില്‍ പഠനപ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തിനല്‍കുന്നത് ഇവിടെ വച്ചാണ്.പൂത്തിയാക്കിയ പഠനപ്രവര്‍ത്തനങ്ങള്‍ അടുത്തകാസ്സുതുടങ്ങുന്നതിനുമുന്നേ കുട്ടികള്‍  അധ്യാപകരുടെ അഭിപ്രായത്തിനായി ഗ്രൂപ്പില്‍ ഇടുന്നു.അധ്യാപകര്‍ നോട്ടുകള്‍ പരിശോധിച്ച് കുട്ടികള്‍ക്ക് ഫീഡ്ബാക്കുകള്‍ നല്‍കുന്നു.

ഇങ്ങനെ പരസ്പരം സംവദിച്ചുകൊണ്ട് ക്ലാസിന്റേതായ ഒരന്തരീക്ഷം ഉണ്ടാക്കിയെടുക്കാന്‍ ഈ വാട്സ് ആപ്പ് കൂട്ടായ്മകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.അതുകൊണ്ടുതന്നെ ഈ ക്ലാസ്സില്‍ കുട്ടികളുടെ പങ്കാളിത്തം വളരെ പ്രധാനപ്പെട്ടതാണ്.ചര്‍ച്ചാ ക്ലാസ്സുകളില്‍ കുട്ടികള്‍ ഹാജര്‍ രേഖപ്പെടുത്തുന്നുണ്ട്.പക്ഷേ,അതുകൊണ്ടുമാത്രം കുട്ടികള്‍ ക്ലാസില്‍ അവസാനംവരെ പങ്കെടുക്കണമെന്നില്ല.

സര്‍വ്വേയില്‍ കണ്ടത് 76% കുട്ടികളും സ്ക്കൂളിലെ അധ്യാപകര്‍ നേതൃത്വം നല്‍കുന്ന തുടര്‍ ചര്‍ച്ചാക്ലാസുകളില്‍ പങ്കെടുക്കുന്നുണ്ട് എന്നതാണ്. 13% കുട്ടികള്‍ ഇടക്കിടെ മാത്രം പങ്കെടുക്കുമ്പോള്‍ 11% കുട്ടികള്‍ തീരെ പങ്കെടുക്കുന്നില്ല.നെറ്റ് വര്‍ക്ക് കവറേജ് ഇല്ലാത്ത ചില പോക്കറ്റുകള്‍

അവിടവിടെയായി ഉണ്ട്.അവിടെയുള്ള കുട്ടികള്‍ക്കാണ് ചര്‍ച്ചാക്ലസുകളില്‍ പങ്കെടുക്കാന്‍ കഴിയാത്തത്.ചില കുട്ടികള്‍ പറഞ്ഞത് തൊട്ടടുത്ത ദിവസം അടുത്തുള്ള കുന്നിനുമുകളില്‍ കയറി പ്രവര്‍ത്തനങ്ങള്‍ ‍ഡൗണ്‍ലോഡ് ചെയ്താണ് നോട്ട് പൂര്‍ത്തിയാക്കുന്നത് എന്നാണ്.

 പഠനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കല്‍

 ഓരോ ദിവസത്തേയും തുടര്‍ചര്‍ച്ചാക്ലാസില്‍ നല്‍കുന്ന പഠനപ്രവര്‍ത്തനങ്ങള്‍  പൂര്‍ത്തിയാക്കി അടുത്ത ദിവസത്തെ ക്ലാസിനു മുന്നേ ഗ്രൂപ്പില്‍ പോസ്റ്റുചെയ്യുന്ന രീതിയാണ് കുട്ടികള്‍ തുടര്‍ന്നുവരുന്നത്.തുടര്‍ചര്‍ച്ചാ ക്ലാസുകളില്‍ പങ്കെടുക്കാത്ത കുട്ടികള്‍ക്ക് ഇതു ചെയ്യാന്‍ പ്രയാസമാകും. 66% കുട്ടികള്‍ പ്രവര്‍ത്തനങ്ങള്‍ അന്നന്നു പൂര്‍ത്തിയാക്കി അധ്യാപകര്‍ക്ക് അയച്ചുകൊടുക്കുന്നവരാണ്. 28% കുട്ടികള്‍ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി ചെയ്യുന്നവരാണ്. 6% തീരെ ചെയ്യാത്തവരുമാണ്.അത്തരം കുട്ടികളെ ഫോ

ണില്‍ ബന്ധപ്പെട്ട് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ട്.ഈ കുട്ടികളാരും തുടര്‍ചര്‍ച്ചാ ക്ലാസില്‍ പങ്കെടുക്കാറില്ലെന്നത് എടുത്തുപറയേണ്ട കാര്യമാണ്.അവര്‍ക്ക് രക്ഷിതാക്കളുടെ പിന്തുണയും വേണ്ടത്രയില്ല.

രക്ഷിതാക്കളുടെ പിന്തുണ

ഓണ്‍ലൈന്‍ പഠനത്തില്‍ കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ പിന്തുണ പ്രധാനമാണ്.പഠനം രക്ഷിതാക്കളുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കീഴിലാണ്.കുട്ടികളുടെ പഠനപുരോഗതിയില്‍ നിര്‍ണ്ണായകമാകുന്നത് കുട്ടികള്‍ രക്ഷിതാക്കള്‍ നല്‍കുന്ന കൈത്താങ്ങാണ്.

സര്‍വ്വേയില്‍ നിന്നും ഞങ്ങള്‍ക്കുമനസ്സിലായ ഒരു പ്രധാനകാര്യം 74% രക്ഷിതാക്കളും കുട്ടികള്‍കളുടെ പഠനകാര്യങ്ങളില്‍ ശ്രദ്ധയുള്ളവരും അവര്‍ക്ക്  ആവശ്യമായ പിന്തുണ നല്‍കുന്നവരുമാ

ണ്. 20% രക്ഷിതാക്കള്‍ ഭാഗികമായിമാത്രം പിന്തുണ നല്‍കുമ്പോള്‍ 6% കുട്ടികളുടെ രക്ഷിതാക്കള്‍ പഠനകാര്യത്തില്‍ തീരെ ഇടപെടാത്തവരാണ്.കുട്ടികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നുണ്ടെങ്കിലും അവരുടെ പഠനകാര്യത്തില്‍ സഹായംനല്‍കാന്‍ ഇവര്‍ തയ്യാറാകുന്നില്ല.ചില രക്ഷിതാക്കള്‍ക്ക് അതിനുള്ള വിദ്യാഭ്യാസം ഇല്ലാത്തത് ഒരു കാരണമാമണ്. മറ്റൊരു പ്രശ്നം ചില രക്ഷിതാക്കളുടെ കൂടുതലുള്ള സഹായമാണ്.അതും കുട്ടികള്‍ക്ക് ഗുണകരമാകില്ലല്ലോ.

സര്‍വ്വേ ഫലം-വിശകലനം

  • വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളുടെ വീടുകളിലും ഓണ്‍ലൈന്‍ ക്ലാസ്സ് കാണാനാവശ്യമായ ഉപകരണങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. അഞ്ച്  കുട്ടികള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ വിദ്യാലയം വിതരണം ചെയ്തിട്ടുണ്ട്.
  • ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാത്തവരായി 2% കുട്ടികളാണ്  നമ്മുടെ വിദ്യാലയത്തിലുള്ളത്. 8% കുട്ടികള്‍ ഭാഗികമായിമാത്രം പങ്കെടുക്കുന്നവരുമാണ്.സൗകര്യക്കുറവോ ഉപകരണങ്ങളില്ലാത്തതോ അല്ല ഈ കുട്ടികളുടെ പ്രശ്നം.പകല്‍ സമയം മുഴുവന്‍ രക്ഷിതാക്കള്‍ വീട്ടിലില്ലാത്തതാണ്.അതുകൊണ്ട്തന്നെ കുട്ടികള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ മാത്രം കാണും.
  • സ്ക്കൂളിലെ അധ്യാപകര്‍ നടത്തുന്ന തുടര്‍ചര്‍ച്ചാ ക്ലാസുകളില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും പങ്കെടുക്കുന്നുല്ല.വിദ്യാലയത്തിന്റെ കാച്ച്മെന്റ് ഏരിയയില്‍ ഉള്‍പ്പെടുന്ന ചില പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യതക്കുറവുണ്ട്.ഇതുകാരണം 76% കുട്ടികള്‍ക്കുമാത്രമേ സ്ഥിരമായി  തുടര്‍ചര്‍ച്ചാ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയുന്നുള്ളു.13% കുട്ടികള്‍ ഭാഗികമായിമാത്രം പങ്കെടുക്കുന്നു.ബാക്കി 11% തീരെ പങ്കെടുക്കുന്നില്ല.ഓണ്‍ലൈന്‍ ക്ലാസിനുശേഷമുള്ള ചര്‍ച്ചാക്ലാസുകളാണ് പഠനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ കുട്ടികളെ സഹായിക്കുന്നത്.
  • 74% കുട്ടികള്‍ക്കും രക്ഷിതാക്കളുടെ ഭാഗത്തുനിന്നും നല്ല രീതിയിലുള്ളപിന്തുണ കിട്ടുന്നുണ്ട്.76%കുട്ടികളും തുടര്‍ക്ലാസില്‍ പങ്കെടുക്കുന്നുമുണ്ട്.എന്നിട്ടും പഠനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നവര്‍ 66%മാത്രമാണ്.28% ഭാഗികമായി പൂര്‍ത്തിയാക്കുന്നവരാണ്.രക്ഷിതാക്കളുടെ പിന്തുണകൊണ്ട് മാത്രം കുട്ടികള്‍ പഠിക്കണമെന്നില്ല.ക്ലാസുകള്‍ക്ക് കുട്ടികളെ പ്രചോദിപ്പിക്കാന്‍ കഴിയണം.
  • രക്ഷിതാക്കളുടെ പിന്തുണ ചിലപ്പോള്‍ കൂടിപ്പോകുന്നതായും കണ്ടു.ചെറിയ ക്ലാസുുകളില്‍ ചില രക്ഷിതാക്കള്‍ സഹായത്തിനപ്പുറം പ്രവര്‍ത്തനങ്ങള്‍ നേരിട്ട് ചെയ്തുകൊടുക്കുന്നതും കണ്ടു.കുട്ടികളുടെ പ
    ഠനത്തില്‍ എങ്ങനെ ഇടപെടണം എന്നതിനെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് വേണ്ടത്ര ധാരണവന്നിട്ടില്ല.

സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് ക്ലാസില്‍ പിന്നോക്കം നില്‍ക്കുന്ന പലകുട്ടികളും രക്ഷിതാക്കളുടെ സഹായത്തോടെ നന്നായി പഠിച്ചുമുന്നേറുന്നത് കാണാന്‍ കഴിഞ്ഞു.അതുപോലെ നന്നായി പഠിക്കുന്ന കുട്ടികള്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍  വിമുഖരായിരിക്കുന്നതും കണ്ടു 

തുടര്‍പ്രവര്‍ത്തനങ്ങള്‍

 

  • വിദ്യാലയം വീടുകളിലേക്ക്-ഒരോ പ്രദേശത്തും 10-12കുട്ടികള്‍ ഉള്‍ക്കൊള്ളുന്ന ഓരോ ക്ലസ്റ്ററുകള്‍ രൂപീകരിക്കുക.ഏതെങ്കിലും ഒരു വീടു കേന്ദ്രീകരിച്ചുകൊണ്ട് രണ്ടാഴ്ചയില്‍ ഒരു ദിവസം കുട്ടികള്‍ കൂടിയിരിക്കുക.രണ്ടു് അധ്യാപകര്‍ കൂടെയുണ്ടാകണം.ഓരോ ആഴ്ചയിലേയും  ക്ലാസുകള്‍ അവലോകനം ചെയ്തും  പ്രയാസങ്ങള്‍ വരുന്ന ഭാഗം വിശദീകരിച്ചും കുട്ടികളുടെ നോട്ടുപുസ്തകള്‍ വിലയിരുത്തിയും സംശയനിവാരണം നടത്തിയും അതു മുന്നോട്ടുപോണം.കുട്ടികള്‍ക്കു് മാനസികമായ പിന്തുണനല്‍കാനും ഏതാണ്ട് രണ്ടു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ കൂടിച്ചരലുകള്‍ക്ക് കഴിയണം. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം ഇത്.ഇതിന്റെ പ്രവര്‍ത്തനപദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ തല്‍ക്കാലം അത് നിര്‍ത്തിവയക്കുകയാണുണ്ടായ്. 

 

  •  കുട്ടികളെ സ്വയം പഠനത്തിലേക്ക് നയിക്കുന്ന രീതിയില്‍ തുടര്‍ചര്‍ച്ചാ ക്ലാസുകളുടെ ബോധനരീതി മെച്ചപ്പെടുത്തുക.വെല്ലുുവിളി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ചോദിച്ചും ഉത്തരം കണ്ടെത്താന്‍ പ്രരിപ്പിച്ചും കുട്ടികളുടെ ദൃശ്യപരമായ ആവിഷ്ക്കാരങ്ങള്‍ക്ക് അവസരം നല്‍കിയും ചര്‍ച്ചകള്‍ കൂടുതല്‍ സര്‍ഗ്ഗാത്മകമാക്കുക.കുട്ടികളുടെ പഠനഉത്പ്പന്നങ്ങള്‍ പരസ്പരം വിലയിരുത്താനുള്ള അവസരം നല്‍കുക.അധ്യാപകര്‍ ശരിയായരീതിയില്‍ ഫീഡ്ബാക്ക് നല്‍കാന്‍ ശ്രദ്ധിക്കുക.
  • ഓരോ ക്ലാസ് ടീച്ചര്‍ക്കും സര്‍വ്വേയിലൂടെ അവരുടെ ക്ലസിലെ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ ചിത്രം ലഭിക്കുകയുണ്ടായി. കുട്ടികളില്‍ ആരൊക്കെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാത്തവരുണ്ട്,ചര്‍ച്ചാക്ലാസില്‍ പങ്കെടുക്കാത്തവരാരൊക്കെ,രക്ഷിതാക്കളുടെ സഹായം ലഭിക്കാത്തവര്‍,ക്ലാസ് കാണുന്നതില്‍  മുടക്കം വരുത്തുന്നവര്‍ തുടങ്ങിയ വിവരങ്ങള്‍ ടീച്ചറുടെ കൈവശമുണ്ട്.ഈ വിവരങ്ങള്‍ ഉപയോഗിച്ച് കുട്ടികളുമായി നേരിട്ടോ ഫോണ്‍വഴിയോ ബന്ധപ്പെട്ടുകൊണ്ട് അവശ്യമായ സഹായം ലഭ്യമാക്കേണ്ടതുണ്ട്. 
  •  ഓണ്‍ലൈന്‍ പഠനത്തില്‍ കുട്ടികള്‍ക്ക് എങ്ങനെയൊക്കെയാണ് പിന്തുണ നല്‍കേണ്ടത്  എന്ന കാര്യത്തില്‍  വ്യക്തതക്കുറവുള്ള രക്ഷിതാക്കളുണ്ട്.ഈ വിഷയത്തില്‍ സ്ക്കൂളിലെ മുഴുവന്‍ രക്ഷിതാക്കള്‍ക്കും  ഓണ്‍ലൈന്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കേണ്ടതുണ്ട്.
 
  • അധ്യാപകര്‍ കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ച് അവരുടെ നോട്ടുപുസ്തകങ്ങളും മറ്റും വിലയിരുത്തിയതിനുശേഷം കുട്ടികളില്‍ പ്രകടമായ മാറ്റങ്ങള്‍ കാണുന്നതായി രക്ഷിതാക്കള്‍ ക്ലാസ്സ് പിടിഎ യോഗത്തില്‍ പറയുകയുണ്ടായി.അവര്‍ പഠനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ചെയ്യാന്‍ ഉത്സാഹം കാണിക്കുന്നുണ്ട്.രോഗവ്യാപനം കുറയുന്ന മുറയ്ക്ക് മാസത്തില്‍ ഒരു തവണയെങ്കിലും  ഗൃഹസന്ദര്‍ശനം നടത്താന്‍ ആലോചനയുണ്ട്. 

Monday 27 July 2020

ഓണ്‍ലൈന്‍ ക്ലാസ്സും കുട്ടികളുടെ പഠനവും

1.വാട്ട്സ് ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ചാക്ലാസ്സുകള്‍



ഓണ്‍ലൈന്‍ ക്ലാസ് കഴിഞ്ഞാലുടനെ ക്ലാസ്സ് ഗ്രൂപ്പുകളില്‍ കുട്ടികളുടെ സന്ദേശം വരും.
'മാഷേ,എത്രമണിക്കാണ് ചര്‍ച്ചാക്ലാസ്സ്?'

വാട്ട്സ് ആപ്പ് ഗ്രൂപ്പിലെ തുടര്‍ചര്‍ച്ചാക്ലസ്സിനെക്കുറിച്ചാണ് കുട്ടികള്‍ക്ക് അറിയേണ്ടത്.അവര്‍ക്ക് ഏറെ ഇഷ്ടമാണത്.ഗ്രൂപ്പില്‍ ടീച്ചറോട് സംസാരിക്കാം.സംശയങ്ങള്‍ ചോദിക്കാം.ടീച്ചറുടെ ചോദ്യങ്ങള്‍ക്ക് മത്സരിച്ച് ഉത്തരം പറയാം.പാഠഭാഗങ്ങള്‍ വായിച്ചു കേള്‍പ്പിക്കാം.കവിത ഈണത്തില്‍ ചൊല്ലികേള്‍പ്പിക്കാം.എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് ടീച്ചര്‍ വ്യക്തത നല്‍കും.

  

വൈകുന്നേരം ഏഴുമണിക്ക് ശേഷമാണ് എല്ലാഗ്രൂപ്പുകളിലും ചര്‍ച്ച ആരംഭിക്കുക.ചിലക്ലാസുകളില്‍ എട്ടുമണിക്കായിരിക്കും.ടീച്ചറുടെ സൗകര്യത്തിനനുസരിച്ച് സമയത്തില്‍ ചില്ലറ മാറ്റങ്ങളുണ്ടാകും.
വൈകുന്നേരം രക്ഷിതാക്കള്‍ ജോലികഴി‍ഞ്ഞ് എത്തിയാല്‍ മാത്രമേ ചില കുട്ടികള്‍ക്ക് ഫോണ്‍ കിട്ടുകയുള്ളു.അവരെക്കൂടി പരിഗണിച്ചാണ് അങ്ങനെയൊരു സമയം സിശ്ചയിച്ചത്.


 ചര്‍ച്ച തുടങ്ങുന്നതിന്നു മുമ്പായി അതാതു ക്ലാസ്സുകളിലെ ഗ്രൂപ്പില്‍ വന്ന് എല്ലാവരും ഹാജര്‍ രേഖപ്പെടുത്തും. ക്ലാസ്സ് കാണുമ്പോഴും ഹാജര്‍ രേഖപ്പെടുത്തണം. അന്നത്തെ ക്ലാസിലെ  വിഷയം പഠിപ്പിക്കുന്ന അധ്യാപകരായിരിക്കും ചര്‍ച്ച നയിക്കുക.

വോയ്സ് ക്ലിപ്പുകള്‍ വഴിയാണ് ചര്‍ച്ച.ആ ദിവസത്തെ ക്ലാസിലെ പാഠഭാഗവുമായി ബന്ധപ്പെട്ട്  ഓരോ പഠനപ്രവര്‍ത്തനത്തിലേക്കും നയിക്കാന്‍ അവശ്യമായ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരിക്കും ചര്‍ച്ച ആരംഭിക്കുക.അധ്യാപികയുടെ ചോദ്യങ്ങള്‍ കുട്ടികളെ പാഠഭാഗത്തിന്റെ വായനയിലേക്കും ഉത്തരം  കണ്ടെത്തുന്നതിലേക്കും നയിക്കും.അവര്‍ ഉത്തരം പറയും.അതിനുശേഷമായിരിക്കും ഒരു നിശ്ചിത പഠനപ്രവര്‍ത്തനം പോസ്റ്റ് ചെയ്യുക.അതു വായിച്ചുനോക്കി അതു മായി ബന്ധപ്പെട്ട സംശയങ്ങളുണ്ടെങ്കില്‍ കുട്ടികള്‍ക്ക് ഉന്നയിക്കാം.തുടര്‍ന്ന് അടുത്ത പഠനപ്രവര്‍ത്തനത്തിന്റെ ചര്‍ച്ചയിലേക്ക് കടക്കും.ചര്‍ച്ചയ്ക്കിടയില്‍ ആരും പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നില്ല.ഏതാണ്ട് ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ചര്‍ച്ച പൂര്‍ത്തിയായതിനുശേഷം മാത്രമേ കുട്ടികള്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ തുടങ്ങൂ.

 ഭാഷാക്ലാസിലാണെങ്കില്‍ കഥയെയും കവിതയെയും മറ്റും ചെറുഭാഗങ്ങളാക്കിത്തിരിച്ച് അതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ നേരത്തെ ഗ്രൂപ്പിലിടും.കുട്ടികള്‍ ഇത് വായിച്ച് റക്കോഡ് ചെയ്ത് ഏഴുമണിക്ക് മുമ്പോയി ഗ്രൂപ്പിലിടണം എന്നനിര്‍ദ്ദേത്തോടെ.കുട്ടികള്‍ ഇത് സന്തോഷത്തോടെ ഏറ്റെടുക്കും.ഏഴുമണിക്കു മുമ്പായി,ടീച്ചറുടെ ഫീഡ്ബാക്കും പ്രതീക്ഷിച്ച് നിരവധി വോയ്സ് ക്ലിപ്പുകള്‍ ഗ്രൂപ്പില്‍ എത്തും.

 യഥാര്‍ത്ഥത്തില്‍ ഓരോ ക്ലാസ്സ് ഗ്രൂപ്പുകളിലും നടക്കുന്ന  ഈ വാട്സ് ആപ്പ് ചര്‍ച്ചകളിലൂടെയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികള്‍ ഏറ്റെടുക്കുന്നത്.ഇവിടെ അധ്യാപികയ്ക്ക് കുട്ടികളുമായി ഒരു സംവാദം സാധ്യമാണ്.കുട്ടികളെ കാണാന്‍ കഴിയില്ലെങ്കിലും ടീച്ചര്‍ക്ക് അവരുടെ ശബ്ദം കേള്‍ക്കാം. കുട്ടികള്‍ക്ക് തരിച്ചും.ചോദ്യങ്ങള്‍ ചോദിച്ചും ഉത്തരങ്ങള്‍ പറഞ്ഞും മറുചോദ്യം ചോദിച്ചും സംശയങ്ങള്‍ ഉന്നയിച്ചും ചര്‍ച്ച പുരോഗമിക്കുമ്പോള്‍ അത് പഠനത്തിലേക്കുള്ള വഴികളാണ് തുറന്നിടുന്നത്.ടീച്ചറും കുട്ടികളും തമ്മിലുള്ള നിരന്തരസംവാദവും തുടര്‍ന്ന് കുട്ടികള്‍ നടത്തുന്ന അന്വേഷണവുമാണ് പഠനം.

 ഇത്തരത്തില്‍  സംവാദത്തിന്റേതായ ഒരു അന്തരീക്ഷം  സൃഷ്ടിച്ചെടുക്കാന്‍ കഴിയില്ല എന്നതാണ് ഓണ്‍ലൈന്‍ ക്ലാസുകളുടെ പരിമിതി.ഇവിടെ ടീച്ചരുടെ വര്‍ത്തമാനം ഏകപക്ഷീയവും കുട്ടികള്‍ അവരുടെ  സങ്കല്‍പ്പത്തില്‍ ജീവിക്കുന്നവരുമാണ്.  ടീച്ചറും കുട്ടികളും കൊട്ടിയടക്കപ്പെട്ട രണ്ടു അറകളിലാണ്.അവര്‍ തമ്മിലുള്ള  സംവാദം നടക്കുന്നതായി അഭിനയിക്കാനെ ടീച്ചര്‍ക്കു കഴിയൂ.ഒരു ചോദ്യംചോദിച്ചാല്‍ കുട്ടികള്‍ ഇങ്ങനെയോക്കെ പ്രതികരിക്കും എന്ന സങ്കല്‍പ്പത്തിന്റെ പുറത്താണ് ക്ലാസിന്റെ സ്ക്രിപ്റ്റ് തയ്യാറാക്കുന്നത്.അതില്‍ ഒരു പെഡഗോഗിയും   പ്രവര്‍ത്തിക്കുന്നില്ല.അത് കുട്ടികളെ പഠനത്തിലേക്ക് നയിക്കുന്നു എന്ന പ്രതീതി ഉണ്ടാക്കുമെങ്കിലും യഥാര്‍ത്ഥത്തില്‍  പഠനം നടക്കാനുള്ള ഒരു പരിസരം സൃഷ്ടിച്ചെടുക്കാന്‍ മാത്രമേ അതുകൊണ്ട് സാധ്യമാകുകയുള്ളു.വിദ്യാലയങ്ങള്‍ അടച്ചിട്ട ഈ കാലഘട്ടത്തില്‍ അതു സൃഷ്ടിച്ചെടുക്കുന്ന പഠനപരിസരത്തിന് ഏറെ പ്രാധാന്യമുണ്ടുതാനും.

ഓണ്‍ലൈന്‍ ക്ലാസുകള്‍ സൃഷ്ടിച്ചെടുക്കുന്ന പഠനപരിസരത്തു നിന്നുകൊണ്ട് കുട്ടികളെ പഠനത്തിലേക്ക് നയിക്കാനുള്ള ഉത്തരവാദിത്തമാണ് ഓരോ വിദ്യാലയങ്ങള്‍ക്കുമുള്ളത്.കുട്ടികള്‍ ക്ലാസുകള്‍ കാണുന്നുണ്ടല്ലോ,അവര്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടല്ലോ എന്ന അലസമനോഭാവം ചില വിദ്യാലയങ്ങള്‍ക്കെങ്കിലുമുണ്ട്.അധ്യാപകരുടെ വിവിധ ഗ്രൂപ്പുകളില്‍ വരുന്ന പഠനപ്രവര്‍ത്തനങ്ങളും വര്‍ക്ക് ഷീറ്റുകളും മുന്‍പിന്‍ നോക്കാതെ തങ്ങളുടെ കുട്ടികളുടെ ഗ്രൂപ്പുകളില്‍ ഫോര്‍വേഡ് ചെയ്ത് സംതൃപ്തിയടയുന്ന അധ്യാപകരും  കൂട്ടത്തിലുണ്ട്..

 അധ്യാപകര്‍ തങ്ങളുടെ കുട്ടികള്‍ക്ക് യോജിക്കന്ന രീതിയില്‍  പ്രവര്‍ത്തനങ്ങളില്‍ ചിലത് കൂട്ടിച്ചേര്‍ത്തും ക്രമീകരിച്ചും  ഒഴിവാക്കേണ്ടവ ഒഴിവാക്കിയുമാണ് ഓണ്‍ലൈന്‍ പഠനത്തില്‍ ഇടപെടുന്നത്.കുട്ടികളെപ്പോലെ അധ്യാപകരും ക്ലാസ്സുകള്‍ കാണുന്നുണ്ട്.തുടര്‍ന്നുള്ള  ചര്‍ച്ചാക്ലാസിന് ആവശ്യമായ നോട്ടുകള്‍ മുന്‍കൂട്ടി തയ്യാറാക്കണം.  ഈ നോട്ടുകളടെ അടിസ്ഥാനപ്പെടുത്തിവേണം വാട്ട്സ് ആപ്പ് ഗ്രൂപ്പ് വഴികുട്ടികളുമായി സംവദിക്കാന്‍.ചര്‍ച്ചയ്ക്കിടയില്‍ ശരിയായ ചോദ്യങ്ങള്‍ ഉന്നയിക്കണം. അവരെ പഠനപ്രവര്‍ത്തനങ്ങളിലേക്ക് നയിക്കണം.വീട്ടിലിരിക്കുന്നകുട്ടികള്‍ക്ക് സ്വന്തം ടീച്ചറുടെ ശബ്ദം നല്‍കുന്ന ആശ്വാസം ചെറുതായിരിക്കില്ല.ഒരു പക്ഷേ,അതുമാത്രം മതിയാകും അവരെ പഠനത്തിലേക്കു നയിക്കാന്‍.

 വാട്സ് ആപ്പ് ഗ്രൂപ്പിലെ തുടര്‍ ക്ലാസ്സിനുശേഷമാണ് കുട്ടികള്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്തു തുടങ്ങുന്നത്.പൂര്‍ത്തിയായ പ്രവര്‍ത്തനങ്ങളുടെ ഇമേജുകള്‍ കുട്ടികള്‍ ഗ്രൂപ്പില്‍ പങ്കുവയ്ക്കും.അടുത്ത ദിവസത്തെ ക്ലാസ്സു തുടങ്ങുന്നതുവരെ ഇങ്ങനെ ചെയ്യാം.ക്ലാസുതുടങ്ങി കഴി‍ഞ്ഞാല്‍ പിന്നീട് അധ്യാപകന്റെ നമ്പറിലേക്ക് അയക്കണം.

 മിക്കവാറും എല്ലാകുട്ടികളും പ്രവര്‍ത്തനങ്ങള്‍ സമയത്തുതന്നെ പൂര്‍ത്തിയാക്കി ഗ്രൂപ്പില്‍ ഇടും. അങ്ങനെ ചെയ്യാനാണ് അവര്‍ക്കിഷ്ട്ം.കുട്ടികള്‍ക്ക് പരസ്പരം വിലയിരുത്താനുളള വലിയ സാധ്യതയാണ് ഇതു തുറന്നിടുന്നത്.സ്വന്തം സൃഷ്ടി മറ്റുള്ളവരുടേതുമായി തട്ടിച്ചുനോക്കാം..ടീച്ചര്‍ ഓരോ കുട്ടിയുടേയും പ്രവര്‍ത്തിനുനേരെ ഫീഡ്ബാക്കുകളും നല്‍കും.അത് ഗുണാത്മകമാകാന്‍ പ്രത്യേകം ശ്രദ്ധിക്കും.ഗ്രൂപ്പിലായതുകൊണ്ട് ഓരോ കുട്ടിക്കും നല്‍കിയ ഫീഡ്ബാക്കുകള്‍ എല്ലാവര്‍ക്കും വായിച്ചുനോക്കാം.ഫീഡ്ബാക്കുകളുടെ അടിസ്ഥാനത്തില്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നു തോന്നുന്നവര്‍ അങ്ങനെചെയ്ത് അയക്കും.പരസ്പര വിലയിരുത്തലും ഫീഡ്ബാക്കു നല്കലുമൊക്കെ സമയപരിമിതിമൂലം ഒരു സാധാരണ ക്ലാസുമുറിക്കകത്ത് നടപ്പാക്കാന്‍ ഞങ്ങള്‍ ഏറെ പ്രയാസപ്പെടാറുണ്ട്.

 ഓണ്‍ലൈന്‍ ക്ലാസ്സിന്റെ ആദ്യ ആഴ്ചത്തെ ട്രയല്‍ റണ്ണിനുശേഷം ഞങ്ങളുടെ തുടര്‍ചര്‍ച്ചാ ക്ലാസ്സുമായി ബന്ധപ്പെട്ട് രക്ഷിതാക്കളില്‍ നിന്നും ഫീഡ്ബാക്കുകള്‍ ശേഖരിക്കാനായി അതിന്റെ തൊട്ടടുത്ത ദിവസം  ഒരു  ഓണ്‍ലൈന്‍ക്ലാസ്സ് പി.ടി.എ യോഗം ചേരുകയുണ്ടായി.രക്ഷിതാക്കളുടെ അഭിപ്രായം ഇങ്ങനെയായിരുന്നു.
തുടര്‍ചര്‍ച്ചാ ക്ലാസ്സുകള്‍ ഏറെ ഗുണകരമാകുന്നുണ്ട്.കുട്ടികള്‍ യഥാര്‍ത്ഥ ക്ലാസിലാണിരിക്കുന്നതെന്ന തോന്നലുണ്ടാക്കാന്‍ ഇതിലൂടെ  കഴിയുന്നു.നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ താതപര്യത്തോടെ ഏറ്റെടുത്ത് ചെയ്യുന്നുണ്ട്.അവര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനും സംശയങ്ങള്‍ ദൂരികരിക്കാനും കഴിയുന്നു. പ്രവര്‍ത്തനങ്ങള്‍ കൂടിപ്പോകുന്നതായി തോന്നുന്നില്ല.ഓരോ ക്ലാസിനുശേഷം തുടര്‍ന്നും അവരുടെ ടീച്ചര്‍മാര്‍ നയിക്കുന്ന ചര്‍ച്ചാ ക്ലാസ്സുകള്‍ വേണം.


സ്ക്കൂള്‍ തുറക്കാനുള്ള സാധ്യത അടുത്തെങ്ങുമില്ല.ഓണ്‍ലൈന്‍ ക്ലാസ്സുകണ്ട് കുട്ടികള്‍ എല്ലാം സ്വന്തമായി പഠിച്ചുകൊള്ളും എന്ന സമാധാനത്തിന്റെ പുറത്ത് ചടഞ്ഞിരിക്കാന്‍ എത്രനാള്‍ നമുക്ക് കഴിയും?ഈ മഹാമാരിക്കാലത്ത് വിദൂരത്ത് ഇരുന്നുകൊണ്ട് കുട്ടികളുടെ പഠനത്തില്‍ എങ്ങനെയൊക്കെ ഇടപെടാനാണ് നാം ആലോചിക്കുന്നത്?


എം.എം.സുരേന്ദ്രന്‍,
ഗവ.യു.പി.സ്ക്കൂള്‍,പുറച്ചേരി,
മാടായി.കണ്ണൂര്‍