ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Sunday, 23 August 2020

അടച്ചിട്ട ഒരു വിദ്യാലയം പഠനത്തില്‍ ഇടപെടുമ്പോള്‍...

 ഓണ്‍ലൈന്‍ ക്ലാസും കുട്ടികളുടെ പഠനവും-2

 

 ഓണ്‍ലൈന്‍ ക്ലാസുകണ്ട് കുട്ടികള്‍ എങ്ങനെയെങ്കിലും പഠിച്ചുകൊള്ളും എന്ന സമാധാനത്തിന്റെ പുറത്ത് നമുക്ക് എത്രനാള്‍ ചടഞ്ഞിരിക്കാന്‍ കഴിയും?

ഓണ്‍ലൈന്‍ ക്ലാസില്‍  കുട്ടികള്‍ പഠിക്കുന്നുണ്ടോ? വീടുകളില്‍ അവര്‍ക്കതിനുള്ള സൗകര്യങ്ങള്‍ ഉണ്ടോ?രക്ഷിതാക്കളുടെ സഹായവും പിന്തുണയും  കുട്ടികള്‍ക്ക് എത്രമാത്രം ലഭ്യമാണ്? ക്ലാസിശേഷം സ്ക്കൂള്‍ അധ്യാപകര്‍ നടത്തുന്ന വാട്സ് ആപ്പ് ചര്‍ച്ചാക്ലസ്സ് കുട്ടികളെ പഠനത്തിലേക്ക് നയിക്കുന്നുണ്ടോ? വീടുകളില്‍ ഇന്റര്‍നെറ്റ് ലഭ്യത എത്രത്തോളമുണ്ട്?

 ഓണ്‍ലൈന്‍ ക്ലാസിന്റെ ആദ്യ ആഴ്ചതന്നെ ഞങ്ങളെ അലട്ടിയ ചോദ്യങ്ങളായിരുന്നു ഇവ.

പുറച്ചേരി ഗവ.യു.പി. സ്ക്കൂള്‍ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം എങ്ങനെ നടക്കുന്നു എന്നറിയാന്‍ ഞങ്ങള്‍  ഒരു സര്‍വ്വേ നടത്തുകയുണ്ടായി.

ഓണ്‍ലൈന്‍ പഠനത്തെ 5മേഖലകളായി തിരിച്ചായിരുന്നു ഞങ്ങളുടെ സര്‍വ്വേ.ഏതൊക്കെയാണ് ആ മേഖലകള്‍ എന്നുനോക്കാം.


  1. ഓണ്‍ലൈന്‍ പഠനസൗകര്യം( ക്ലാസ്സ് കാണാന്‍ ഉപയോഗിക്കുന്ന മാധ്യമം,അതിന്റെ  ലഭ്യത തുടങ്ങിയവ)
  2. ഓണ്‍ലൈന്‍ ക്ലാസിലെ പങ്കാളിത്തം(കുട്ടികള്‍ പതിവായി ക്ലാസ്സുകള്‍ കാണുന്നുണ്ടോ?)
  3. തുടര്‍ചര്‍ച്ചാക്ലാസിലെ പങ്കാളിത്തം(ക്ലാസിനെ അസ്പദമാക്കി സ്ക്കൂളിലെ അധ്യാപകരുടെ നേതൃത്വത്തില്‍ നടക്കുന്ന വാട്സ് ആപ്പ് ഗ്രൂപ്പ് ചര്‍ച്ചയില്‍ കുട്ടികളുടെ പങ്കാളിത്തം എത്രത്തോളം?)
  4. പഠനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കല്‍(അതാതുദിവസത്തെ പഠനപ്രവര്‍ത്തനങ്ങള്‍ പൂത്തിയാക്കിയ നോട്ടുപുസ്തകം സൂക്ഷിക്കുന്നുണ്ടോ?)
  5. രക്ഷിതാക്കളുടെ പിന്തുണ(ഓണ്‍ലൈന്‍ പഠനത്തില്‍ രക്ഷിതാക്കളുടെ പിന്തുണ  കുട്ടികള്‍ക്ക് എത്രത്തോളം സഹായകമാകുന്നുണ്ട്?)

 കുട്ടികളെ അവരുടെ വീടുകളില്‍  ചെന്നുകണ്ടുകൊണ്ടായിരുന്നു സര്‍വ്വേ.കുട്ടികളോടും രക്ഷിതാക്കളോടും സംസാരിച്ചും കുട്ടികളുടെ  പഠനഉത്പ്പന്നങ്ങളും  പഠനസൗകര്യങ്ങളും നേരിട്ടു കണ്ടു വിലയിരുത്തിയുമായിരുന്നു വിവരശേഖരണം. ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചിട്ട് ഒന്നരമാസം പിന്നിട്ടപ്പോള്‍, അതായത് ജൂലായ് മാസം

രണ്ടാമത്തെ ആഴ്ചയിലായിരുന്നു ഞങ്ങളുടെ ഗൃഹസന്ദര്‍ശനവും സര്‍വ്വേയും.അന്നേരം രോഗം ഇത്രമാത്രം വ്യാപിച്ചിട്ടില്ലായിരുന്നു.പൂര്‍ണ്ണമായും കോവി‍ഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിരുന്നു ഞങ്ങളുടെ ഗൃഹസന്ദര്‍ശനം.

കുട്ടികളെ അവര്‍ താമസിക്കുന്ന  പ്രദേശത്തിന്റെ അടിസ്ഥാനത്തില്‍ 5ഗ്രൂപ്പുകളാക്കിത്തിരിച്ചു.ഒരു ഗ്രൂപ്പില്‍ ഏതാണ്ട് 60-65വരെ കുട്ടികള്‍.അങ്ങിനെ ആകെ 310കുട്ടികള്‍.ഓരോ ഗ്രൂപ്പിലും മൂന്ന് അധ്യാപികമാര്‍.ഓരോ ഗ്രൂപ്പും അതാതുപ്രദേശത്തെ കുട്ടികളെ നേരിട്ടുകാണുന്നു.സംസാരിക്കുന്നു.വിവരങ്ങള്‍ ശേഖരിക്കുന്നു.ഒരു ഗ്രൂപ്പിനു മൂന്നോ നാലോ ദി വസംകൊണ്ട് ആ പ്രദേശത്ത് താമസിക്കുന്ന മുഴുവന്‍ കുട്ടികളുടേയും വീടുകള്‍ കയറിയിറങ്ങാം


 അപ്രതീക്ഷിതമായി അധ്യാപകര്‍ വീട്ടിലെത്തിയപ്പോള്‍ കുട്ടികള്‍ക്കുണ്ടായ അത്ഭുതവും സന്തോഷവും പറഞ്ഞറിയിക്കാന്‍ പറ്റില്ല.കുട്ടികള്‍ അവരുടെ നോട്ടുപുസ്തകങ്ങളും പഠനഉത്പ്പന്നങ്ങളും ഞങ്ങളുടെ മുന്നില്‍ നിരത്തി.പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാത്തവര്‍ ഒഴികഴിവുകള്‍ പറഞ്ഞു.

 വാട്സ് ആപ്പ് ചര്‍ച്ചയില്‍ അധ്യാപകര്‍ നല്‍കിയ പഠനപ്രവര്‍ത്തനങ്ങളുടെ ലിസ്റ്റുമായി കുട്ടികളുടെ നോട്ടുപുസ്തകങ്ങള്‍ തട്ടിച്ചുനോക്കി വിലയിരുത്തി.കുട്ടികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചു.ഗണിതത്തിലും മറ്റും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുണ്ടായിരുന്ന സംശയങ്ങള്‍ ദൂരികരിച്ചുകൊടുക്കാനും കഴിഞ്ഞു.

 

സര്‍വ്വേയിലൂടെ കണ്ടെത്തിയ കാര്യങ്ങള്‍ എന്തൊക്കെയാണ്?

ഓണ്‍ലൈന്‍ പഠനസൗകര്യവും ക്ലാസ്സിലെ പങ്കാളിത്തവും

ഓണ്‍ലൈന്‍ ക്ലസ്സുകള്‍ കാണാനുള്ള ഉപകരണം ലഭ്യമാണോ എന്നതായിരുന്നു ഞങ്ങള്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് അന്വേഷിച്ചത്. ഏതൊക്കെ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് കുട്ടികള്‍ ക്ലസ്സുകള്‍ കാണുന്നത്,വീട്ടിലുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാണോ  തുടങ്ങിയ കാര്യങ്ങള്‍. 

 96% കുട്ടികള്‍ ടി.വി.ഉപയോഗിച്ചാണ് ക്ലാസ്സുകള്‍ കാണുന്നത്.4% ഫോണ്‍ ഉപയോഗിച്ചും കാണുന്നുണ്ട്.കമ്പ്യൂട്ടര്‍ ആരും ഉപയോഗിക്കുന്നില്ല.അഞ്ചു കുട്ടികളുടെ വീടുകളില്‍ ടി.വി. റിപ്പേര്‍ ചെയ്യാനാകാത്തവിധം കേടായിക്കിടക്കുകയായിരുന്നു.അവര്‍ ക്ലാസുകള്‍ കൃത്യമായി കാണുന്നുണ്ട്,അടുത്തവീട്ടുകാരുടെ സഹായത്തോടെ. ഈ  അഞ്ചുകുട്ടികള്‍ക്ക് വിദ്യാലയത്തിന്റെ വകയായി ടി.വി.വാങ്ങി നല്‍കി.

 ഇപ്പോള്‍ വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളുടെ വീട്ടിലും ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യ

മായിട്ടുണ്ട് എന്ന് ഞങ്ങള്‍ക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും.എന്നാല്‍  2% കുട്ടികള്‍ ക്ലാസ് തീരെ കാണാത്തവരായുണ്ട്.8% കുട്ടികള്‍ ഇടക്കിടെ ക്ലാസ്സ് മുടക്കുന്നവരുമാണ്.ഈ കുട്ടികളുടെ പ്രധാന പ്രശ്നം രക്ഷിതാക്കള്‍ ജോലിക്കുപോകുന്നതു കാരണം വീട്ടില്‍ ഇ
ര്‍ ഒറ്റയ്ക്കോണ്.ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ആളില്ല.ചിലപ്പോള്‍ മുത്തശ്ശിമാരൊക്കെയാണ് ഇവര്‍ക്ക് കൂട്ട്.അവര്‍ പറഞ്ഞാല്‍കേള്‍ക്കുന്നില്ല.

 

 തുടര്‍ചര്‍ച്ചാക്ലാസിലെ പങ്കാളിത്തം

ഓണ്‍ലൈന്‍ ക്ലസിനുശേഷം സ്ക്കൂളിലെ അധ്യാപകര്‍ അന്നത്തെ പാഠഭാഗത്തെ ആസ്പദമാക്കി വാട്സ് ആപ്പ് ഗ്രൂപ്പില്‍ കുട്ടികളുമായി  നടത്തുന്ന ചര്‍ച്ചയാണ്  തുടര്‍ചര്‍ച്ചാക്ലാസ്സ്.പാഠപുസ്തകങ്ങള്‍ വായിപ്പിച്ചും ചോദ്യങ്ങള്‍ ചോദിച്ചും സംശയങ്ങള്‍ ദൂരീകരിച്ചും നടത്തുന്ന ഈ ക്ലാസുകളാണ് കുട്ടികളെ പഠനത്തിലേക്ക് നയിക്കുന്നത്.തങ്ങളുടെ കുട്ടികള്‍ക്ക് അനുയോജ്യമായ രീതിയില്‍ പഠനപ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തിനല്‍കുന്നത് ഇവിടെ വച്ചാണ്.പൂത്തിയാക്കിയ പഠനപ്രവര്‍ത്തനങ്ങള്‍ അടുത്തകാസ്സുതുടങ്ങുന്നതിനുമുന്നേ കുട്ടികള്‍  അധ്യാപകരുടെ അഭിപ്രായത്തിനായി ഗ്രൂപ്പില്‍ ഇടുന്നു.അധ്യാപകര്‍ നോട്ടുകള്‍ പരിശോധിച്ച് കുട്ടികള്‍ക്ക് ഫീഡ്ബാക്കുകള്‍ നല്‍കുന്നു.

ഇങ്ങനെ പരസ്പരം സംവദിച്ചുകൊണ്ട് ക്ലാസിന്റേതായ ഒരന്തരീക്ഷം ഉണ്ടാക്കിയെടുക്കാന്‍ ഈ വാട്സ് ആപ്പ് കൂട്ടായ്മകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.അതുകൊണ്ടുതന്നെ ഈ ക്ലാസ്സില്‍ കുട്ടികളുടെ പങ്കാളിത്തം വളരെ പ്രധാനപ്പെട്ടതാണ്.ചര്‍ച്ചാ ക്ലാസ്സുകളില്‍ കുട്ടികള്‍ ഹാജര്‍ രേഖപ്പെടുത്തുന്നുണ്ട്.പക്ഷേ,അതുകൊണ്ടുമാത്രം കുട്ടികള്‍ ക്ലാസില്‍ അവസാനംവരെ പങ്കെടുക്കണമെന്നില്ല.

സര്‍വ്വേയില്‍ കണ്ടത് 76% കുട്ടികളും സ്ക്കൂളിലെ അധ്യാപകര്‍ നേതൃത്വം നല്‍കുന്ന തുടര്‍ ചര്‍ച്ചാക്ലാസുകളില്‍ പങ്കെടുക്കുന്നുണ്ട് എന്നതാണ്. 13% കുട്ടികള്‍ ഇടക്കിടെ മാത്രം പങ്കെടുക്കുമ്പോള്‍ 11% കുട്ടികള്‍ തീരെ പങ്കെടുക്കുന്നില്ല.നെറ്റ് വര്‍ക്ക് കവറേജ് ഇല്ലാത്ത ചില പോക്കറ്റുകള്‍

അവിടവിടെയായി ഉണ്ട്.അവിടെയുള്ള കുട്ടികള്‍ക്കാണ് ചര്‍ച്ചാക്ലസുകളില്‍ പങ്കെടുക്കാന്‍ കഴിയാത്തത്.ചില കുട്ടികള്‍ പറഞ്ഞത് തൊട്ടടുത്ത ദിവസം അടുത്തുള്ള കുന്നിനുമുകളില്‍ കയറി പ്രവര്‍ത്തനങ്ങള്‍ ‍ഡൗണ്‍ലോഡ് ചെയ്താണ് നോട്ട് പൂര്‍ത്തിയാക്കുന്നത് എന്നാണ്.

 പഠനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കല്‍

 ഓരോ ദിവസത്തേയും തുടര്‍ചര്‍ച്ചാക്ലാസില്‍ നല്‍കുന്ന പഠനപ്രവര്‍ത്തനങ്ങള്‍  പൂര്‍ത്തിയാക്കി അടുത്ത ദിവസത്തെ ക്ലാസിനു മുന്നേ ഗ്രൂപ്പില്‍ പോസ്റ്റുചെയ്യുന്ന രീതിയാണ് കുട്ടികള്‍ തുടര്‍ന്നുവരുന്നത്.തുടര്‍ചര്‍ച്ചാ ക്ലാസുകളില്‍ പങ്കെടുക്കാത്ത കുട്ടികള്‍ക്ക് ഇതു ചെയ്യാന്‍ പ്രയാസമാകും. 66% കുട്ടികള്‍ പ്രവര്‍ത്തനങ്ങള്‍ അന്നന്നു പൂര്‍ത്തിയാക്കി അധ്യാപകര്‍ക്ക് അയച്ചുകൊടുക്കുന്നവരാണ്. 28% കുട്ടികള്‍ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി ചെയ്യുന്നവരാണ്. 6% തീരെ ചെയ്യാത്തവരുമാണ്.അത്തരം കുട്ടികളെ ഫോ

ണില്‍ ബന്ധപ്പെട്ട് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ട്.ഈ കുട്ടികളാരും തുടര്‍ചര്‍ച്ചാ ക്ലാസില്‍ പങ്കെടുക്കാറില്ലെന്നത് എടുത്തുപറയേണ്ട കാര്യമാണ്.അവര്‍ക്ക് രക്ഷിതാക്കളുടെ പിന്തുണയും വേണ്ടത്രയില്ല.

രക്ഷിതാക്കളുടെ പിന്തുണ

ഓണ്‍ലൈന്‍ പഠനത്തില്‍ കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ പിന്തുണ പ്രധാനമാണ്.പഠനം രക്ഷിതാക്കളുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കീഴിലാണ്.കുട്ടികളുടെ പഠനപുരോഗതിയില്‍ നിര്‍ണ്ണായകമാകുന്നത് കുട്ടികള്‍ രക്ഷിതാക്കള്‍ നല്‍കുന്ന കൈത്താങ്ങാണ്.

സര്‍വ്വേയില്‍ നിന്നും ഞങ്ങള്‍ക്കുമനസ്സിലായ ഒരു പ്രധാനകാര്യം 74% രക്ഷിതാക്കളും കുട്ടികള്‍കളുടെ പഠനകാര്യങ്ങളില്‍ ശ്രദ്ധയുള്ളവരും അവര്‍ക്ക്  ആവശ്യമായ പിന്തുണ നല്‍കുന്നവരുമാ

ണ്. 20% രക്ഷിതാക്കള്‍ ഭാഗികമായിമാത്രം പിന്തുണ നല്‍കുമ്പോള്‍ 6% കുട്ടികളുടെ രക്ഷിതാക്കള്‍ പഠനകാര്യത്തില്‍ തീരെ ഇടപെടാത്തവരാണ്.കുട്ടികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നുണ്ടെങ്കിലും അവരുടെ പഠനകാര്യത്തില്‍ സഹായംനല്‍കാന്‍ ഇവര്‍ തയ്യാറാകുന്നില്ല.ചില രക്ഷിതാക്കള്‍ക്ക് അതിനുള്ള വിദ്യാഭ്യാസം ഇല്ലാത്തത് ഒരു കാരണമാമണ്. മറ്റൊരു പ്രശ്നം ചില രക്ഷിതാക്കളുടെ കൂടുതലുള്ള സഹായമാണ്.അതും കുട്ടികള്‍ക്ക് ഗുണകരമാകില്ലല്ലോ.

സര്‍വ്വേ ഫലം-വിശകലനം

  • വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളുടെ വീടുകളിലും ഓണ്‍ലൈന്‍ ക്ലാസ്സ് കാണാനാവശ്യമായ ഉപകരണങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. അഞ്ച്  കുട്ടികള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ വിദ്യാലയം വിതരണം ചെയ്തിട്ടുണ്ട്.
  • ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാത്തവരായി 2% കുട്ടികളാണ്  നമ്മുടെ വിദ്യാലയത്തിലുള്ളത്. 8% കുട്ടികള്‍ ഭാഗികമായിമാത്രം പങ്കെടുക്കുന്നവരുമാണ്.സൗകര്യക്കുറവോ ഉപകരണങ്ങളില്ലാത്തതോ അല്ല ഈ കുട്ടികളുടെ പ്രശ്നം.പകല്‍ സമയം മുഴുവന്‍ രക്ഷിതാക്കള്‍ വീട്ടിലില്ലാത്തതാണ്.അതുകൊണ്ട്തന്നെ കുട്ടികള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ മാത്രം കാണും.
  • സ്ക്കൂളിലെ അധ്യാപകര്‍ നടത്തുന്ന തുടര്‍ചര്‍ച്ചാ ക്ലാസുകളില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും പങ്കെടുക്കുന്നുല്ല.വിദ്യാലയത്തിന്റെ കാച്ച്മെന്റ് ഏരിയയില്‍ ഉള്‍പ്പെടുന്ന ചില പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യതക്കുറവുണ്ട്.ഇതുകാരണം 76% കുട്ടികള്‍ക്കുമാത്രമേ സ്ഥിരമായി  തുടര്‍ചര്‍ച്ചാ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയുന്നുള്ളു.13% കുട്ടികള്‍ ഭാഗികമായിമാത്രം പങ്കെടുക്കുന്നു.ബാക്കി 11% തീരെ പങ്കെടുക്കുന്നില്ല.ഓണ്‍ലൈന്‍ ക്ലാസിനുശേഷമുള്ള ചര്‍ച്ചാക്ലാസുകളാണ് പഠനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ കുട്ടികളെ സഹായിക്കുന്നത്.
  • 74% കുട്ടികള്‍ക്കും രക്ഷിതാക്കളുടെ ഭാഗത്തുനിന്നും നല്ല രീതിയിലുള്ളപിന്തുണ കിട്ടുന്നുണ്ട്.76%കുട്ടികളും തുടര്‍ക്ലാസില്‍ പങ്കെടുക്കുന്നുമുണ്ട്.എന്നിട്ടും പഠനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നവര്‍ 66%മാത്രമാണ്.28% ഭാഗികമായി പൂര്‍ത്തിയാക്കുന്നവരാണ്.രക്ഷിതാക്കളുടെ പിന്തുണകൊണ്ട് മാത്രം കുട്ടികള്‍ പഠിക്കണമെന്നില്ല.ക്ലാസുകള്‍ക്ക് കുട്ടികളെ പ്രചോദിപ്പിക്കാന്‍ കഴിയണം.
  • രക്ഷിതാക്കളുടെ പിന്തുണ ചിലപ്പോള്‍ കൂടിപ്പോകുന്നതായും കണ്ടു.ചെറിയ ക്ലാസുുകളില്‍ ചില രക്ഷിതാക്കള്‍ സഹായത്തിനപ്പുറം പ്രവര്‍ത്തനങ്ങള്‍ നേരിട്ട് ചെയ്തുകൊടുക്കുന്നതും കണ്ടു.കുട്ടികളുടെ പ
    ഠനത്തില്‍ എങ്ങനെ ഇടപെടണം എന്നതിനെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് വേണ്ടത്ര ധാരണവന്നിട്ടില്ല.

സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് ക്ലാസില്‍ പിന്നോക്കം നില്‍ക്കുന്ന പലകുട്ടികളും രക്ഷിതാക്കളുടെ സഹായത്തോടെ നന്നായി പഠിച്ചുമുന്നേറുന്നത് കാണാന്‍ കഴിഞ്ഞു.അതുപോലെ നന്നായി പഠിക്കുന്ന കുട്ടികള്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍  വിമുഖരായിരിക്കുന്നതും കണ്ടു 

തുടര്‍പ്രവര്‍ത്തനങ്ങള്‍

 

  • വിദ്യാലയം വീടുകളിലേക്ക്-ഒരോ പ്രദേശത്തും 10-12കുട്ടികള്‍ ഉള്‍ക്കൊള്ളുന്ന ഓരോ ക്ലസ്റ്ററുകള്‍ രൂപീകരിക്കുക.ഏതെങ്കിലും ഒരു വീടു കേന്ദ്രീകരിച്ചുകൊണ്ട് രണ്ടാഴ്ചയില്‍ ഒരു ദിവസം കുട്ടികള്‍ കൂടിയിരിക്കുക.രണ്ടു് അധ്യാപകര്‍ കൂടെയുണ്ടാകണം.ഓരോ ആഴ്ചയിലേയും  ക്ലാസുകള്‍ അവലോകനം ചെയ്തും  പ്രയാസങ്ങള്‍ വരുന്ന ഭാഗം വിശദീകരിച്ചും കുട്ടികളുടെ നോട്ടുപുസ്തകള്‍ വിലയിരുത്തിയും സംശയനിവാരണം നടത്തിയും അതു മുന്നോട്ടുപോണം.കുട്ടികള്‍ക്കു് മാനസികമായ പിന്തുണനല്‍കാനും ഏതാണ്ട് രണ്ടു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ കൂടിച്ചരലുകള്‍ക്ക് കഴിയണം. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം ഇത്.ഇതിന്റെ പ്രവര്‍ത്തനപദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ തല്‍ക്കാലം അത് നിര്‍ത്തിവയക്കുകയാണുണ്ടായ്. 

 

  •  കുട്ടികളെ സ്വയം പഠനത്തിലേക്ക് നയിക്കുന്ന രീതിയില്‍ തുടര്‍ചര്‍ച്ചാ ക്ലാസുകളുടെ ബോധനരീതി മെച്ചപ്പെടുത്തുക.വെല്ലുുവിളി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ചോദിച്ചും ഉത്തരം കണ്ടെത്താന്‍ പ്രരിപ്പിച്ചും കുട്ടികളുടെ ദൃശ്യപരമായ ആവിഷ്ക്കാരങ്ങള്‍ക്ക് അവസരം നല്‍കിയും ചര്‍ച്ചകള്‍ കൂടുതല്‍ സര്‍ഗ്ഗാത്മകമാക്കുക.കുട്ടികളുടെ പഠനഉത്പ്പന്നങ്ങള്‍ പരസ്പരം വിലയിരുത്താനുള്ള അവസരം നല്‍കുക.അധ്യാപകര്‍ ശരിയായരീതിയില്‍ ഫീഡ്ബാക്ക് നല്‍കാന്‍ ശ്രദ്ധിക്കുക.
  • ഓരോ ക്ലാസ് ടീച്ചര്‍ക്കും സര്‍വ്വേയിലൂടെ അവരുടെ ക്ലസിലെ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ ചിത്രം ലഭിക്കുകയുണ്ടായി. കുട്ടികളില്‍ ആരൊക്കെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാത്തവരുണ്ട്,ചര്‍ച്ചാക്ലാസില്‍ പങ്കെടുക്കാത്തവരാരൊക്കെ,രക്ഷിതാക്കളുടെ സഹായം ലഭിക്കാത്തവര്‍,ക്ലാസ് കാണുന്നതില്‍  മുടക്കം വരുത്തുന്നവര്‍ തുടങ്ങിയ വിവരങ്ങള്‍ ടീച്ചറുടെ കൈവശമുണ്ട്.ഈ വിവരങ്ങള്‍ ഉപയോഗിച്ച് കുട്ടികളുമായി നേരിട്ടോ ഫോണ്‍വഴിയോ ബന്ധപ്പെട്ടുകൊണ്ട് അവശ്യമായ സഹായം ലഭ്യമാക്കേണ്ടതുണ്ട്. 
  •  ഓണ്‍ലൈന്‍ പഠനത്തില്‍ കുട്ടികള്‍ക്ക് എങ്ങനെയൊക്കെയാണ് പിന്തുണ നല്‍കേണ്ടത്  എന്ന കാര്യത്തില്‍  വ്യക്തതക്കുറവുള്ള രക്ഷിതാക്കളുണ്ട്.ഈ വിഷയത്തില്‍ സ്ക്കൂളിലെ മുഴുവന്‍ രക്ഷിതാക്കള്‍ക്കും  ഓണ്‍ലൈന്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കേണ്ടതുണ്ട്.
 
  • അധ്യാപകര്‍ കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ച് അവരുടെ നോട്ടുപുസ്തകങ്ങളും മറ്റും വിലയിരുത്തിയതിനുശേഷം കുട്ടികളില്‍ പ്രകടമായ മാറ്റങ്ങള്‍ കാണുന്നതായി രക്ഷിതാക്കള്‍ ക്ലാസ്സ് പിടിഎ യോഗത്തില്‍ പറയുകയുണ്ടായി.അവര്‍ പഠനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ചെയ്യാന്‍ ഉത്സാഹം കാണിക്കുന്നുണ്ട്.രോഗവ്യാപനം കുറയുന്ന മുറയ്ക്ക് മാസത്തില്‍ ഒരു തവണയെങ്കിലും  ഗൃഹസന്ദര്‍ശനം നടത്താന്‍ ആലോചനയുണ്ട്. 

2 comments:

  1. Wow! Great! Thank you M.M.Surendran and GUPS Purachery, Kannur for posting the results of the survey conducted by the school. I think yours is a pioneering attempt in the history of learning in schools during the times of Covid-19 pandemic.
    I am glad to know that in complementary to the online classes, the teachers of GUPS Purachery are conducting WhatsApp discussion classes to ensure effective learning of all students through dialoguing and mentoring. Online classes become effective only when WhatsApp discussion classes are conducted by teachers in all the schools in our state. The rapport and interaction between teachers and students are only possible in WhatsApp discussion forums.
    The results of the survey are really an eye-opener for the state as well as the teachers. It is disheartening to note that there a few students who drop out or are not punctual in attending online as well as WhatsApp discussion classes. I think educational administrators as well as the Government will take the report seriously. I congratulate MMS, the Head Teacher, teachers, students and the PTA for conceiving and conducting a survey like this which has larger implications in online education. The results of the survey need to be discussed widely and disseminated for further discussion and action.
    Dr.P.K.Jayaraj

    ReplyDelete
  2. Thank you for your valuable comments and observations

    ReplyDelete