ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Sunday 28 August 2016

സ്ക്കൂള്‍ പ്രവര്‍ത്തന കലണ്ടര്‍-സെപ്തംബര്‍ മാസം

2016
സെപ്തംബര്‍



സെപ്തംബര്‍ 1 വ്യാഴം
ഒന്നാം ടേം മൂല്യനിര്‍ണ്ണയം


സെപ്തംബര്‍ 5 തിങ്കള്‍

അധ്യാപകദിനം

  • അസംബ്ലി-അധ്യാപകദിനത്തിന്റെ പ്രാധാന്യം-പ്രഭാഷണം
  • ഡോ.എസ്.രാധാകൃഷ്ണന്‍ അനുസ്മരണം-കുട്ടി
  • കുട്ടികള്‍ ആസുത്രണം ചെയ്യുന്ന പ്രവര്‍ത്തനം

SRG യോഗം

  • ഓണാഘോഷം-ആസൂത്രണം


സെപ്തംബര്‍ 8 വ്യാഴം

ലോക സാക്ഷരതാ ദിനം

  • അസംബ്ലി- സാക്ഷരതാദിനത്തിന്റെ പ്രാധാന്യം-പ്രഭാഷണം

 സെപ്തംബര്‍ 9 വെള്ളി
ഓണാഘോഷം

  • പൂക്കളമത്സരം-ക്ലാസുതലം
  • ഓണക്കളികള്‍-കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും
  • ഓണസദ്യ
  • ഓണാവധിക്കാലം -ആരംഭം

സെപ്തംബര്‍ 19 തിങ്കള്‍
ഓണാവധിക്കാലം കഴിഞ്ഞ് സ്ക്കൂള്‍ തുറക്കുന്നു
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • അവധിക്കാലത്തു വായിച്ച മികച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ് -പതിപ്പ്
  • ഒരു ഗ്രൂപ്പ് ഒന്നു വീതം(സമയം ഒരാഴ്ച)
SRG യോഗം
  • ഒന്നാം പാദവാര്‍ഷിക പരീക്ഷ-കുട്ടികളുടെ പ്രകടനം-ചര്‍ച്ച
  • പ്രശ്നങ്ങള്‍, പോംവഴികള്‍ -പരിഹാരം കണ്ടെത്തല്‍
  • ക്ലസ് പിടിഎ-ആസൂത്രണം
  • കുട്ടികളുടെ ഗൃഹസന്ദര്‍ശനം-ടൈംടേബിള്‍ തയ്യാറാക്കല്‍
  • അധ്യാപകദിനം-ആസൂത്രണം

സെപ്തംബര്‍ 26 തിങ്കള്‍
  • ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
  • സ്റ്റോറി തീയറ്റേര്‍-കഥകളുടെ ദൃശ്യവിഷ്ക്കാരം-അവതരണം,വിലയിരുത്തല്‍
  • പത്ര നിര്‍മ്മാണം-നാല് ഗ്രൂപ്പ്,നാല് പത്രം(ഈ ആഴ്ച)

സെപ്തംബര്‍ 23 വെള്ളി
ക്ലാസ് പിടിഎ

  • ഒന്നാം പാദവാര്‍ഷിക പരീക്ഷ-കുട്ടികളുടെ പ്രകടനം-അവതരണം,ചര്‍ച്ച
  • പോര്‍ട്ട് ഫോളിയോ sharing
  • ആഗസ്ത് മാസം-പഠനനേട്ടങ്ങള്‍,കുട്ടികള്‍ക്ക് ലഭ്യമാകേണ്ട പിന്തുണ
  • മറ്റു കാര്യങ്ങള്‍


സെപ്തംബര്‍ 28 ബുധന്‍

PTA,SMC എക്സിക്യുട്ടീവ് മീറ്റിങ്ങ്

  • മുഖ്യഅജണ്ട-സ്ക്കൂള്‍ കലോത്സവം-സംഘാടകസമിതി രൂപീകരണം


സെപ്തംബര്‍ 30 വെള്ളി
ഫിലിം ക്ലബ്ബ്

  • ദ പീച്ച് ഓര്‍ച്ചാര്‍ഡ്(ഡ്രീംസ്)-സിനിമാ പ്രദര്‍ശനം,സംവാദം
SRG യോഗം
  • ക്ലസ് പിടിഎ- അവലോകനം
  • കഴിഞ്ഞ ആഴ്ചയിലെ പ്രവര്‍ത്തനങ്ങളുടെ അവലോകനം
  • ക്ലസ് പിടിഎയില്‍ പങ്കാളിത്തം പൂര്‍ണ്ണമാക്കാനുള്ള തന്ത്രങ്ങള്‍-ആലോചന


 

Sunday 14 August 2016

'തേങ്ങ' എന്ന കഥയിലൂടെ ഒരു സര്‍ഗ്ഗസഞ്ചാരം


ചെറുകഥകള്‍ വായിച്ചു തുടങ്ങുന്നതോടെയാണ് കുട്ടികള്‍ ഗൗരവമേറിയ വായനയിലേക്ക് പ്രവേശിക്കുന്നത്.അതുവരെ ബാലസാഹിത്യം മാത്രം വായിച്ചു പരിചയമുള്ള കുട്ടികള്‍ക്കു മുന്നില്‍ മലയാള സാഹിത്യത്തിലെ മികച്ച ചെറുകഥകള്‍ അവതരിപ്പിക്കാന്‍ നമ്മുടെ പാഠപുസ്തകങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്.മലയാള ചെറുകഥകളില്‍തന്നെ  പത്തോപതിനൊന്നോ വയസ്സ് പ്രായമുള്ള കുട്ടികള്‍ക്കു വായിച്ചാസ്വദിക്കാന്‍ കഴിയുന്ന കഥകള്‍ വിലിലെണ്ണാവുന്നവയേ ഉള്ളു.അത്തരം നല്ല കഥകളില്‍ ചിലത് പാഠപുസ്തകത്തില്‍ സ്ഥാനം പിടിച്ചത് കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നു.അഞ്ചാം ക്ലാസില്‍ ഉറൂബിന്റെ 'കോയസ്സനും' അഷിതയുടെ 'മയില്‍പ്പിലിസ്പര്‍ശ'വും മാധവിക്കുട്ടയുടെ 'വേനലിന്റെ ഒഴിവും' കുട്ടികള്‍ ഹൃദയത്തിലേറ്റുവാങ്ങിയ കഥകളാണ്.അത് പഠിപ്പിച്ചപ്പോള്‍ കുട്ടികളില്‍നിന്നുണ്ടായ പ്രതികരണങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കുഞ്ഞുങ്ങളുടെ മനസ്സിനെ ആവേശിക്കാനുള്ള കഥയെഴുത്തിന്റെ  ശക്തിക്കുമുന്നില്‍ ഞാനന്ന് അമ്പരന്നുപോയി.

 കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ വായിച്ച് അസ്വദിക്കാന്‍ കഴിയുന്ന കഥയാണ് ആറാം ക്ലാസ്സ് അടിസ്ഥാനപാഠാവലിയില്‍ ഉള്‍പ്പെയുത്തിയിട്ടുള്ള പി. വത്സലയുടെ 'തേങ്ങ'.തമിഴ്നാട്ടില്‍ നിന്നും ഇവിടെ വീട്ടുജോലിക്കെത്തുന്ന അക്കമ്മ എന്ന പെണ്‍കുട്ടിയുടെ അതിലോലമായ മാനസിക ഭാവങ്ങള്‍ തെളിഞ്ഞ ഭാഷയില്‍ കഥയില്‍ ആവിഷ്ക്കരിച്ചിരിക്കുന്നു.സ്വന്തം നാടും വീടും മാതാപിതാക്കളെയും ഉപേക്ഷിക്കേണ്ടിവന്നതിലുള്ള മാനസിക വ്യഥകള്‍ക്കിടയിലും അവളുടെ സൗമ്യമായ  സ്നേഹം ജോലിചെയ്യുന്ന വീട്ടിലെ കുടംബാംഗങ്ങളിലേക്കും പ്രകൃതിയിലേക്കും  പടരുന്നത് നമുക്ക് കഥയില്‍ നിന്നും വായിച്ചെടുക്കാം.കഥ പഠിച്ചു തീര്‍ന്നതോടെ അക്കമ്മ കുട്ടികളുടെ പ്രയപ്പെട്ട കഥാപ്പാത്രമായി മാറി.അക്കമ്മയുടെ വക്കും പ്രവൃത്തിയും ചിന്തയുമൊക്കെ കുട്ടികള്‍ വിശകലനം ചെയ്തു.അവളുടെ സ്നേഹത്തിന്റെ  ആഴം അവര്‍ വാക്കുകള്‍ കൊണ്ട് അളക്കാന്‍ ശ്രമിച്ചു.വീട്ടുകാരിയ്ക്ക് തിരിച്ച് അക്കമ്മയോട് തോന്നിയ സ്നേഹത്തിന്റെ അര്‍ത്ഥതലങ്ങള്‍ കുട്ടികള്‍ കഥയില്‍ നിന്നും വായിച്ചെടുത്തു. 

ആദ്യവായനയ്ക്ക് ശേഷം കുട്ടികള്‍ കഥയിലൂടെ ഒരു സര്‍ഗ്ഗസഞ്ചാരം നടത്തുകയുണ്ടായി.കുട്ടികളെ കഥയിലേക്ക് വലിച്ചടുപ്പിച്ചത് ഈ പ്രവര്‍ത്തനമായിരുന്നു.എങ്ങനെയായിരുന്നു ഈ സര്‍ഗ്ഗസഞ്ചാരം?

 കുട്ടികളെ നാലു ഗ്രൂപ്പുകളായിതിരിച്ചു.ഓരോ ഗ്രൂപ്പിലും ആറോ ഏഴോ പേര്‍.
കഥവായിച്ചപ്പോള്‍ ഓരോഗ്രൂപ്പും  തങ്ങളുടെ മനസ്സില്‍ തട്ടിയ അഞ്ചു ദൃശ്യങ്ങള്‍ കണ്ടെത്തി നോട്ടു പുസ്തകത്തില്‍ എഴുതുക എന്നതായിരുന്നു ആദ്യ പ്രവര്‍ത്തനം.ഈ ദൃശ്യങ്ങള്‍ ക്ലാസില്‍ നാടകസങ്കേതം ഉപയോഗിച്ച് അവതരിപ്പിക്കാന്‍ കഴിയുന്നതായിരിക്കണം.

ഗ്രൂപ്പില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ വന്നു.കഥയില്‍ നിന്ന്  ഓരോരുത്തരുടേയും മനസ്സില്‍ പതിഞ്ഞ  ദൃശ്യങ്ങള്‍ വ്യത്യസ്തമാണ്.എന്തു ചെയ്യും?
കുട്ടികള്‍ തന്നെ പരിഹാരം കണ്ടെത്തി.ആദ്യം വ്യക്തിപരമായി കണ്ടെത്തിയെഴുതുക.അത് ഗ്രൂപ്പില്‍ അവതരിപ്പിക്കുക.അതില്‍ നിന്നും മികച്ചത് തെരഞ്ഞെടുത്ത് ഗ്രൂപ്പില്‍ ക്രോഡീകരിക്കുക.


 കഥ തിരിച്ചും മറിച്ചും വായിക്കണം.കഥയെ ഒരു സിനിമയിലെന്നപോലെ മനസ്സില്‍ പ്രൊജക്ട് ചെയ്യണം.എങ്കില്‍ മാത്രമേ കഥയെ മറ്റൊരു രൂപത്തില്‍ ആവിഷ്ക്കരിക്കാന്‍ കഴിയൂ.
കുറച്ച് സമയത്തിനുള്ളില്‍ കുട്ടികള്‍ തങ്ങളുടെ ജോലി പൂര്‍ത്തിയാക്കി.കഥയില്‍ നിന്നും മികച്ച അഞ്ചു ദൃശ്യങ്ങള്‍ ഓരോ ഗ്രൂപ്പും കണ്ടെത്തിയിരിക്കുന്നു.അതിന്റെ പൊതുവായ അവതരണം ക്ലാസില്‍ നടന്നു.


ഒരു ഗ്രൂപ്പ് എന്തൊക്കെയാണ് കണ്ടെത്തിയിരിക്കുന്നതെന്ന് പരിശോധിക്കാം.
  • പട്ടണത്തില്‍ വന്നു നില്‍ക്കുന്ന ബസ്സ്.അതില്‍ നാടോടികളും വഴിവാണിഭക്കാരും പെട്ടി ഭാണ്ഡങ്ങളും അലുമീനിയപ്പാത്രങ്ങള്‍ നിറച്ച വലിയ ചാക്കുകെട്ടുകളും കുരങ്ങനും കുട്ടികളും തത്തക്കൂടും.ബസ്സിലിരിക്കുന്ന അക്കമ്മയും കാളിമുത്തുവും ശങ്കരണ്ണനും.
  • അക്കമ്മയ്ക്കും ശങ്കരണ്ണനും ചായയും പുട്ടും നല്കുന്ന വീട്ടുകാരി സ്ത്രീ.
  • ഉയരത്തിലുള്ള വെന്റിലേറ്ററിലൂടെ നട്ടപ്പാതിരയ്ക്ക് മഴയിലേക്ക് നോക്കി നില്‍ക്കുന്ന അക്കമ്മ.
  • പുലര്‍ച്ചെ തെങ്ങിന്‍ തോട്ടത്തില്‍നിന്നും തേങ്ങ പെറുക്കിയെടുക്കുന്ന അക്കമ്മ.
  • അക്കമ്മയെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന വീട്ടുകാരി.തൊട്ടടുത്ത് സംഗീതച്ചേച്ചി.


ഇനി ഓരോ ഗ്രൂപ്പിന്റേയും മുന്നിലുള്ള വെല്ലുവിളി ഇതില്‍ നിന്നും മികച്ച മൂന്നു ദൃശ്യങ്ങള്‍ തെരഞ്ഞെടുത്ത് ക്ലാസില്‍ അവതരിപ്പിക്കുക എന്നതാണ്.അവതരണത്തിന് അകമ്പടിയായി   ഗ്രൂപ്പിലെ ഒരു കുട്ടി ഈ ദൃശ്യത്തിന്റെ പശ്ചാത്തല വിവരണം (കഥയില്‍ നിന്നും തെരഞ്ഞെടുത്തത്) വായിക്കണം.
അവതരണത്തിനായുള്ള ദൃശ്യങ്ങളുടെ  തെരഞ്ഞെടുപ്പ്, അതിന്റെ പശ്ചാത്തല വിവരണം കഥയില്‍ നിന്നും കണ്ടെത്തല്‍,റിഹേഴ്സല്‍ എന്നിവയ്ക്കായി പതിനഞ്ചു മിനുട്ട് സമയം അനുവദിച്ചു.


ഓരോ നിശ്ചല ദൃശ്യത്തിന്റേയും പശ്ചാത്തല വിവരണം കഥയില്‍ നിന്നും കണ്ടെത്തുക എന്നത് താരതമ്യേന എളുപ്പമായിരുന്നു.അത് നന്നായി വായിച്ചവതരിപ്പാനുള്ള കുട്ടികളെ - ഒരു ദൃശ്യത്തിന് ഒരു കുട്ടിയെന്ന രീതിയില്‍ കണ്ടെത്തി.പിന്നെ റിഹേഴ്സല്‍..

കഥയിലെ മൂന്നു നിശ്ചല ദൃശ്യങ്ങള്‍ രംഗത്ത് അവതരിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ളതല്ല.പശ്ചാത്തല വിവരണമുണ്ടെങ്കിലും ഇവ കാണുന്നവര്‍ക്ക് ബോധ്യപ്പെടണം. അത് കാഴ്ചക്കാരുമായി എത്രമാത്രം സംവദിച്ചു എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും മറ്റു ഗ്രൂപ്പുകള്‍ അതിനെ വിലയിരുത്തുക.അക്കമ്മ സഞ്ചരിക്കുന്ന ബസ്സ്,തെങ്ങിന്‍ തോപ്പ്,അടുക്കളയിലെ സിങ്കിനു മുന്നില്‍ നിന്ന്പാത്രങ്ങള്‍ കഴുകിത്തുടയ്ക്കുന്ന അക്കമ്മ...ഒക്കെ എങ്ങനെ അവതരിപ്പിക്കും?
ഗ്രൂപ്പില്‍ ഗംഭീരമായ ചര്‍ച്ചകളും തര്‍ക്കങ്ങളും വിയോജിപ്പുകളും യോജിപ്പുകളുമൊക്കെ നടക്കുന്നു..

കൂടുതല്‍ പ്രോപ്പുകള്‍ ശേഖരിക്കാനൊന്നും കുട്ടികള്‍ക്ക് സമയമുണ്ടായിരുന്നില്ല.ക്ലാസിലും പരിസരത്തും ലഭ്യമായവമാത്രമായിരുന്നു അവരുടെ കൈമുതല്‍.


 ഒടുവില്‍ അവതരണം.അദ്യത്തെ ദൃശ്യം സജ്ജീകരിക്കുന്നതിന് രണ്ടോ മൂന്നോ മിനുട്ട് സമയം.ആ ദൃശ്യം ഫ്രീസ് ചെയ്യുന്നു.ഗ്രൂപ്പിലെ ഒരു കുട്ടി പശ്ചാത്തല വിവരണം കഥയില്‍ നിന്നും വായിക്കുന്നു.ദൃശ്യം രണ്ടാമത്തതിലേക്കു മാറുന്നു.പശ്ചാത്തല വിവരണം മറ്റൊരു കുട്ടിയുടെ വക.ഫ്രീസ്.ഇനി മൂന്നാമത്തെ ദൃശ്യത്തിലേക്ക്..
ഓരോ അവതരണത്തേയും മറ്റു കുട്ടികള്‍  കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു...
എല്ലാ ഗ്രൂപ്പുകളുടേയും അവതരണത്തിനു ശേഷം വിലയിരുത്തല്‍.


ഓരോ അവതരണവും കഥയോട് എത്രമാത്രം നീതി പുലര്‍ത്തി? അവതരണം കാഴ്ചക്കാരുമായി എങ്ങനെ  സംവദിച്ചു?ഓരോന്നിന്റേയും ഗുണങ്ങളും പോരായ്മകളും എന്തൊക്കെയായിരുന്നു?

ഗ്രൂപ്പുകള്‍ പരസ്പരം ഫീഡ് ബാക്കുകള്‍ നല്‍കി.അവതരണത്തെ സത്യസന്ധമായി വിലയിരുത്തി.



ഈ ഒറ്റ പ്രവര്‍ത്തനത്തിലൂടെ ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും കഥ ഏറെ പരിചിതമായി.അതിലെ ഓരോ കഥാപ്പാത്രവും കുട്ടികള്‍ക്ക് മനഃപ്പാഠമായി.
കഥയിലൂടെ കുട്ടികള്‍ പലതവണ സഞ്ചരിച്ചിരിക്കുന്നു.കഥയുമായി ബന്ധപ്പെട്ട ഏത് ചോദ്യങ്ങള്‍ക്കും കുട്ടികളുടെ പക്കല്‍ ഉത്തരമുണ്ട്.കഥയുടെ ഘടനയെക്കുറിച്ച്,കഥയില്‍ ഉപയോഗിച്ച ഇമേജുകളെക്കുറിച്ച്,കഥാപ്പാത്രങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിച്ച്...


അക്കമ്മ എന്ന കഥാപ്പാത്രത്തെ അവര്‍ക്ക് നന്നായി വിശകലനം ചെയ്യാന്‍ കഴിയും.കഥയില്‍ കഥാകൃത്ത് പറയാതെ ഒളിച്ചുവെച്ച കാര്യങ്ങള്‍ അവര്‍ക്ക് കണ്ടെത്താന്‍ കഴിയും...


കഥ പഠിപ്പിച്ചു കഴിഞ്ഞപ്പോള്‍ ഒരു സംഭവമുണ്ടായി.ഒറ്റദിവസം കൊണ്ട് ക്ലാസ്സില്‍ പലരും കഥയെഴുത്തുകാരായി മാറിയിരിക്കുന്നു.അവര്‍ സാധാരണയായി എഴുതാറുളള പൂച്ചയുടേയും പട്ടിയുടേയും കുറുക്കന്റെയും കഥയല്ല.മനുഷ്യരുടെ കഥ.അവരുടെ വേദനയുടെ കഥ.
അവര്‍ സ്വകാര്യമായിവന്ന് കഥ എന്നെ കാണിക്കും.ഞാന്‍ കഥ ശ്രദ്ധാപൂര്‍വ്വം വായിക്കും. അഭിപ്രായങ്ങള്‍ പറയും.ചില കഥകള്‍  ക്ലാസില്‍ വായിച്ച് അവതരിപ്പിക്കും.അപ്പോള്‍ കുട്ടിയുടെ മുഖം സന്തോഷംകൊണ്ട് വികസിക്കും.

ഇനി കുട്ടികളെ ചെറുകഥകളുടെ വായനയിലേക്കാണ് നയിക്കേണ്ടത്.മലയാളത്തിലെ പ്രശസ്തരായ കഥാകൃത്തുക്കളുടെ, കുട്ടികള്‍ക്ക് വായിച്ച് ആസ്വദിക്കാന്‍ കഴിയുന്ന ചെറുകഥകളുടെ സമാഹാരം അവര്‍ക്ക് നല്‍കാന്‍ കഴിയണം.ബാലസാഹിത്യത്തില്‍ നിന്നും ഗൗരവമേറിയ വായനയിലേക്ക് അപ്പോഴാണ് കുട്ടികള്‍ പ്രവേശിക്കുക.അത്തരത്തിലുള്ള ഒരു പുസ്തകം മലയാളത്തില്‍ ഇന്നുവരെ ഇറങ്ങിയിട്ടില്ല.അങ്ങനെയൊരു പുസ്തകമിറക്കാന്‍ നമ്മുടെ പുസ്തകപ്രസാധകര്‍ മന്നോട്ടു വന്നിരുന്നെങ്കില്‍ എത്രനന്നായിരുന്നു.




 

Sunday 7 August 2016

പൂക്കളിലെ ലിംഗാവയവങ്ങളും പരാഗണവും


ആറാംതരത്തിലെ സയന്‍സ് ക്ലാസ്.
പൂക്കളുടെ വിവിധഭാഗങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും പഠിക്കുകയായിരുന്നു  കുട്ടികള്‍.
ക്ലാസുമുറി ചെമ്പരത്തിപ്പൂക്കള്‍കൊണ്ട് നിറഞ്ഞു. ഓരോരുത്തരുടേയും കൈകളിലുമുണ്ട് ഓരോ പൂവ്.അവര്‍ അതിനെ തിരിച്ചും മറിച്ചും പരിശോധിക്കുകയാണ്.ഇടയ്ക്ക് അതിന്റെ സൗന്ദര്യം ആസ്വദിക്കുന്നു,ചെമ്പരത്തിപ്പൂവിനെ ആദ്യമായി കാണുമ്പോലെ.കാഴ്ചയെ പൊലിപ്പിക്കാന്‍ ചിലര്‍ ഹാന്‍ഡ് ലെന്‍സിലൂടെയാണ് നോക്കുന്നത്. 

പൂഞെട്ട് മുതല്‍ ദളങ്ങള്‍ വരെ പൂക്കളുടെ പുറമെ കാണുന്ന ഭാഗങ്ങളൊക്കെ കുട്ടികള്‍ പഠിച്ചു കഴിഞ്ഞു.ഇനി പൂവ് അതിന്റെ അകത്ത് ഒളിപ്പിച്ചുവെച്ചിരിക്കുന്ന രഹസ്യം കണ്ടെത്തണം.അതിന് പൂവിനെ കീറി മുറിക്കണം.


 കുട്ടികളുടെ കൈകളിലെ മൂര്‍ച്ചയുള്ള ബ്ലേഡ് പൂവിനെ നെടുകെ പിളര്‍ക്കാന്‍ തുടങ്ങി.
"മാഷെ,ദാ ഇതിനുള്ളില്‍ വെളുത്ത നൂലുപോളുള്ള ഭാഗം.” ആദര്‍ശ്, ഛേദിച്ച ചെമ്പരത്തിപ്പൂവ് എനിക്കു നേരെ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് പറഞ്ഞു.ഒരു രഹസ്യം കണ്ടുപിടിച്ചതിന്റെ സന്തോഷമായിരുന്നു അവന്റെ മുഖത്ത്. ജനിദണ്ഡിനെക്കുറിച്ചാണ് അവന്‍ പറയുന്നത്.ഒന്നും മുറിഞ്ഞുപോയിട്ടില്ല.നല്ല ഛേദം!

"മാഷെ, ഇതില്‍ നിറയെ കുഞ്ഞുമുട്ടകള്‍..."അണ്ഡാശയം ഹാന്‍ഡ് ലെന്‍സിലൂടെ പരിശോധിച്ചുകൊണ്ട് കീര്‍ത്തന പറഞ്ഞു.അതിലെ ഒവ്യുളുകള്‍ അവള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.
"നൂലുപോലുള്ള ഭാഗം അറ്റത്ത് അഞ്ചായി പിരിയുന്നുണ്ട്.” നീരീക്ഷണം സൂക്ഷ്മമാക്കിക്കൊണ്ട് അഭിഷേക് പറഞ്ഞു.


 കണ്ട ഓരോ ഭാഗത്തെക്കുറിച്ചും കുട്ടികള്‍ പരസ്പരം ചര്‍ച്ച ചെയ്യാന്‍ തുടങ്ങി.
"നിങ്ങള്‍ നെടുകെ മുറിച്ച ഈ പൂവിന്റെ ചിത്രം വരയ്ക്കാന്‍ കഴിയുമോ?"ഞാന്‍ എല്ലാവരോടുമായി ചോദിച്ചു.
അവരുടെ താത്പര്യം ഒന്നുകൂടി വര്‍ദ്ധിച്ചു.ഹാന്‍ഡ് ലെന്‍സിലൂടെ അവര്‍ പൂവിനെ നിരീക്ഷിച്ചുകൊണ്ട്,സയന്‍സ് നോട്ടുപുസ്തകത്തില്‍ അതിന്റെ ചിത്രം വരയ്ക്കാന്‍ തുടങ്ങി.
ചിത്രം വര പൂര്‍ത്തിയായപ്പോള്‍ അതിന്റെ  ഭാഗങ്ങള്‍ അടയാളപ്പെടുത്താനുള്ള ശ്രമം തുടങ്ങി കുട്ടികള്‍.പൂഞെട്ട് മുതല്‍ ദളങ്ങള്‍ വരെ അവര്‍ അടയാളപ്പെടുത്തി.


 ബാക്കി ഭാഗങ്ങളുടെ പേരറിയില്ല. പിന്നെയെങ്ങനെ അടയാളപ്പെടുത്തും?
"ഈ ഭാഗങ്ങളുടെ പേര് ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ?”
ഞാന്‍ എല്ലാവരോടുമായി ചോദിച്ചു.
"എന്റെ വിരലില്‍ പറ്റിയിരിക്കുന്ന ഈ മഞ്ഞനിറം പൂമ്പൊടിയാണെന്നറിയാം.” രൂപ അവളുടെ വിരല്‍ത്തുമ്പുകള്‍ നീട്ടിക്കൊണ്ട് പറഞ്ഞു."ദാ,ഇവിടെ നന്നാണ് അതുണ്ടാകുന്നത്."കേസരപുടത്തിലെ പരാഗിയിലേക്ക് ചൂണ്ടിക്കൊണ്ട് അവള്‍ പറഞ്ഞു.
"മാഷെ, ഞങ്ങളുടെ കൈകളിലും പൂമ്പൊടി പറ്റിയിട്ടുണ്ട്."കുട്ടികള്‍ വിരലുകളുയര്‍ത്തി വിളിച്ചുപറയാന്‍ തുടങ്ങി.


പൂമ്പൊടി എന്താണെന്ന് കുട്ടികള്‍ക്കറിയാം.അത് എവിടെ നിന്നാണ് ഉണ്ടാകുന്നത് എന്നത് അവരെ സംബന്ധിച്ച് പുതിയ അറിവായിരിക്കണം.

 ഈ ഭാഗങ്ങളുടെ പേരുകള്‍ കണ്ടെത്താനായിരുന്നു അടുത്ത ശ്രമം.അവര്‍ പാഠ പുസ്തകം തുറന്നു. ഇവയുടെ പേരുകള്‍ കണ്ടെത്തി അടയാളപ്പെടുത്തി.അവയെക്കുറിച്ചെഴുതിയ കുറിപ്പ് വായിച്ചു.അപ്പോഴാണ് അഭിജിത്തിന് ഒരു സംശയം.
"മാഷെ,ലിംഗാവയവം എന്നുവച്ചാല്‍ എന്താണ്?"


പൂക്കളിലെ ആണ്‍ലിംഗാവയവത്തെക്കുറിച്ചും പെണ്‍ലിംഗാവയവത്തെക്കുറിച്ചും പാഠപുസ്തകത്തില്‍ പറയുന്നുണ്ട്.ലിംഗാവയവം എന്ന വാക്ക് ആദ്യമായിട്ടാണ് അവന്റെ ശ്രദ്ധയില്‍ പെടുന്നത്.അവന് അത് മനസ്സിലായില്ല.സംശയം സ്വാഭാവികം.
"ആര്‍ക്കെങ്കിലും അറിയുമോ?"ഞാന്‍  എല്ലാവരോടുമായി ചോദിച്ചു.
കുട്ടികള്‍ നിശബ്ദരായിരുന്നു.ആര്‍ക്കുമറിയില്ല.


 എങ്ങനെ പറഞ്ഞുകൊടുക്കും? ഞാന്‍ ഒരു നിമിഷം ആലോചിച്ചു.
"അഭിജിത്തിനെ പെണ്‍കുട്ടികളില്‍ നിന്നും വ്യത്യസ്തനാക്കുന്നത് ഒരവയവമാണ്.ഏതാണത്?”
അവന് കാര്യം മനസ്സിലായി.അവന്‍ ചിരിച്ചു.
"മടിക്കാതെ, പറയൂ...”
"സര്‍,മൂത്രമൊഴിക്കുന്ന...."ബാക്കി അവന്‍ പറഞ്ഞില്ല.എല്ലാവരും അടക്കിച്ചിരിച്ചു.
"അതു തന്നെയാണ് അഭിജിത്തിന്റെ ലിംഗാവയവം.പെണ്‍കുട്ടികളുടേത് അതുപോലെയാണോ?”
"അല്ല.”
വീണ്ടും ചിരി.
"അതുപോലെ പൂക്കളിലും ആണ്‍ലിംഗാവയവവും പെണ്‍ലിംഗാവയവവുമുണ്ട്.”


പിന്നീട് ഓരോരുത്തരും പുതിയ ഒരു പൂവ് വീണ്ടും കീറിമുറിച്ച് അതിലെ ലിംഗാവയവങ്ങള്‍ മാത്രം  വേര്‍പെടുത്തിയെടുത്ത് പ്രദര്‍ശിപ്പിച്ചു.അവയുടെ ചിത്രങ്ങള്‍ വരച്ചു.ഭാഗങ്ങള്‍ അടയാളപ്പെടുത്തി.

 പരാഗണവും ബീജസങ്കലനവും എന്താണെന്നതായിരുന്നു അടുത്ത അന്വേഷണം.യൂട്യൂബില്‍ നിന്നും ലഭിച്ച രണ്ടു വീഡീയോകള്‍ കുട്ടികള്‍ക്ക് വിവരശേഖരണത്തിന് ഏറെ പ്രയോജനപ്പെട്ടു. Louie Schwartzberg ന്റെ The hidden beauty of pollination എന്ന   മനോഹരമായ വീഡിയോ പരാഗണകാരികളെക്കുറിച്ചുള്ള വിശദമായ ധാരണ രൂപീകരിക്കാന്‍ സഹായകമായി.  Fertilization in flowering plants എന്ന വീഡിയോ, ബീജസങ്കലനം എന്ന താരതമ്യേന പ്രയാസമുള്ള ആശയം കുട്ടികള്‍ക്കുമുന്നില്‍ ലളിതമായി ആവിഷ്ക്കരിക്കുന്നതായിരുന്നു.

പിന്നീട് ഗ്രൂപ്പുതിരിഞ്ഞ് പരാഗണം നാടകരൂപത്തില്‍ അവതരിപ്പിച്ചു.വ്യത്യസ്തമായ രീതിയിലുള്ള അവതരണമായിരുന്നു ഓരോ ഗ്രൂപ്പിന്റേതും.

പുന്തോട്ടത്തില്‍ നിറയെ പൂക്കള്‍.ആദ്യം വന്ന കുഞ്ഞുപൂമ്പാറ്റയോട് പൂവ് പറഞ്ഞു.'തേന്‍ മുഴുവന്‍ കുടിച്ചു തീര്‍ക്കല്ലേ,ഇനിയുമുണ്ട് വിരുന്നുകാര്‍ വരാന്‍.'വിരുന്നുകാര്‍ ഒന്നൊന്നായി വന്നു.തേനീച്ചകള്‍,വണ്ടുകള്‍,കാറ്റ്...
രംഗം മാറി.മറ്റൊരു പൂന്തോട്ടം.വിരുന്നുകാരെ കാത്തരിക്കുന്ന പൂക്കള്‍.അവരെ വരവേല്‍ക്കല്‍...അപ്പോള്‍ ഒരു തണുത്ത കാറ്റ് വീശി.പരാഗണത്തിന്റെ ആനന്ദം...
'എന്നിലൊരു കുഞ്ഞുണ്ടാകാന്‍ പോകുന്നു.'പൂവ് വിളിച്ചു പറഞ്ഞു...
അതു വഴി കുറേ കുട്ടികള്‍ വന്നു...
'ഹായ്!തോട്ടത്തില്‍ മുഴുവന്‍ പഴങ്ങള്‍.'..അവര്‍ പഴങ്ങള്‍ പറിച്ചു തിന്നു.വിത്തുകള്‍ നിലത്തിട്ടു.പുതിയ കുഞ്ഞു ചെടികള്‍ മുളച്ചു വന്നു.


 പിറ്റേ ദിവസം കുട്ടികള്‍  വൈവിധ്യമാര്‍ന്ന പൂക്കളുടെ ശേഖരവുമായാണ് ക്ലാസിലെത്തിയത്.നമുക്കു ചുറ്റുമുള്ള പൂക്കളിലെ ലിംഗാവയവങ്ങള്‍ എങ്ങനെയെല്ലാമാണ് വ്യത്യസ്തമായിരിക്കുന്നത് എന്ന അന്വേഷണത്തിലേക്കായിരുന്നു കുട്ടികള്‍ പിന്നീട് പോയത്.
ഏകലിംഗ പുഷ്പങ്ങളും ദ്വിലിംഗ പുഷ്പങ്ങളും,ലിംഗാവയവങ്ങളുടെ ക്രമീകരണവും പരാഗണവും തമ്മിലുള്ള ബന്ധം,പൂക്കളുടെ ഘടന പരാഗണത്തിന് എങ്ങനെ സഹായിക്കുന്നു?തുടങ്ങിയ കാര്യങ്ങള്‍ പഠനവിധേയമായി.
കുട്ടികള്‍ സംഘമായി തിരിഞ്ഞ് പൂക്കളെ നിരീക്ഷിച്ചു.

 "മാഷെ,എന്തൊരത്ഭുതം!ഓരോ പൂവും എത്ര വ്യത്യസ്തം!ഈ പൂവിന്റെ അണ്ഡാശയവും ജനിപുടവും നോക്കൂ.എത്ര മനോഹരമായി അടുക്കിവെച്ചിരിക്കുന്നു."സര്‍ബത്തും കായയുടെ പൂവ് എനിക്കുനേരെ ഉയര്‍ത്തിപ്പിടിച്ചും കൊണ്ട് വിഷ്ണു പറഞ്ഞു.
പൂക്കളെ ഇത്ര അടുത്ത് നിരീക്ഷിക്കുന്നത് അവന്‍ ആദ്യമായിട്ടായിരിക്കണം.കുട്ടികള്‍ തങ്ങളുടെ  കണ്ടെത്തലുകള്‍ നോട്ടുപുസ്തകത്തില്‍ രേഖപ്പെടുത്തി. 


കായയാകാന്‍ തുടങ്ങുമ്പോള്‍ പൂക്കളില്‍ എന്തൊക്കെ മാറ്റങ്ങളാണുണ്ടാകുക?നിരീക്ഷിച്ച് കണ്ടെത്താനുള്ള ഒരു ഫീല്‍ഡ് ട്രിപ്പായിരുന്നു ഉദ്ദേശിച്ചത്-പച്ചക്കറിത്തോട്ടത്തിലേക്ക്.കോരിച്ചൊരിയുന്ന മഴകാരണം തോട്ടങ്ങളെല്ലാം ശൂന്യം.അപ്പോഴാണ് സ്ക്കൂള്‍ അടുക്കളയുടെ പിന്നാമ്പുറത്ത് പടുവളം മുളച്ച ഒരു മത്തന്‍ വള്ളി ശ്രദ്ധയില്‍ പെട്ടത്.അതില്‍ നിറയെ പൂക്കളുണ്ട്.ആണ്‍പൂക്കളും പെണ്‍പൂക്കളും.പെണ്‍പൂക്കളില്‍ ചിലത് കുഞ്ഞു മത്തങ്ങകളായി രൂപാന്തരം പ്രാപിക്കാന്‍ തുടങ്ങിയിരിക്കുന്നു.

കുട്ടികളേയുംകൂട്ടി ഞാന്‍ അങ്ങോട്ട് ചെന്നു.
"മത്തന്‍ വള്ളിയില്‍ ആണ്‍പൂക്കളാണോ പെണ്‍പൂക്കളാണോ കൂടുതല്‍?"വെറുതെ ഒരു ചോദ്യം ഞാനവര്‍ക്കു മുന്നിലേക്ക് എറിഞ്ഞുകൊടുത്തു.
കുട്ടികള്‍ ആണ്‍പൂക്കളേയും പെണ്‍പൂക്കളേയും വെവ്വേറെ തിരിച്ചറിഞ്ഞു.പിന്നീട് മത്സരിച്ച് എണ്ണാന്‍ തുടങ്ങി.
"പെണ്‍പൂക്കളാണ് കൂടുതല്‍.ഇരുപത്തിനാലെണ്ണം.ആണ്‍പൂക്കള്‍ പത്തൊന്‍പതും.



ഇനിയും അനേകം പൂക്കള്‍ വിരിയാനിരിക്കുന്നു."അഭയ പറഞ്ഞു.
"മത്തങ്ങയ്ക്ക് വലുപ്പമുണ്ടാകുന്നത് വണ്ണേയല്ല.ദാ,ഇതിന്റെ അണ്ഡാശയം നോക്കൂ."ഒരു പെണ്‍പൂവിലേക്ക് ചൂണ്ടിക്കൊണ്ട് ശ്രീഹരി പറഞ്ഞു.
പെണ്‍പൂക്കളിലെ വലിയ അണ്ഡാശയംകണ്ട് അവര്‍ അത്ഭുതപ്പെട്ടു.അവര്‍ അതുവരെ കണ്ടപൂക്കള്‍ക്കൊന്നും ഇത്രയും വലിയ അണ്ഡാശയമില്ല.


മത്തന്‍ ഉണ്ടാകാന്‍ തുടങ്ങുമ്പോള്‍ പൂക്കള്‍ക്കുണ്ടാകുന്ന മാറ്റം കുട്ടികള്‍ നിരീക്ഷിച്ചു.ഇതളുകള്‍ ചീഞ്ഞുപോകുന്നത്,പൂഞെട്ടിന് ബലം വയ്ക്കുന്നത്,പുഷ്പാസനം കൊഴിഞ്ഞുപോകുന്നത്...


ആണ്‍പൂവിലെ കേസരപുടം പറിച്ചെടുത്ത് അതിലെ പൂമ്പൊടി പെണ്‍പൂവിലെ ജനിപുടത്തില്‍ പതിപ്പിച്ച്  മത്തന്‍ ചെടിയില്‍ കൃത്രിമ പരാഗണം നടത്തിയതിനുശേഷമാണ് കുട്ടികള്‍ ക്ലാസിലേക്കു തിരിച്ചുപോയത്.

പൂവ് പ്രകൃതിരഹസ്യങ്ങളുടെ ഒരു കലവറയാണ്.അതില്‍ അത്ഭുതങ്ങള്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്നു.പൂവിനെ പഠിക്കുന്നതിലൂടെ,കുട്ടികള്‍ക്കു മുന്നില്‍  പ്രകൃതിയിലേക്കുള്ള ഒരു കിളിവാതില്‍ തുറക്കപ്പെടുകയാണ് ചെയ്യുന്നത്.
പ്രകൃതിവിസ്മയങ്ങളെക്കുറിച്ചുള്ള കുട്ടികളുടെ അന്വേഷണത്തിന്റെ ആരംഭമായിരിക്കുമത്.




('പൂവില്‍ നിന്ന് പൂവിലേക്ക്' എന്ന പാഠത്തില്‍ വിവിധ സന്ദര്‍ഭങ്ങളില്‍ ഉപയോഗപ്പെടുത്തിയ വീഡിയോകളുടെ ലിങ്ക് പഠനവിഭവങ്ങള്‍എന്ന page ല്‍ലഭ്യമാണ്. ഇവ ഡൗണ്‍ലോഡ് ചെയ്ത് ക്ലാസില്‍ ഉപയോഗപ്പെടുത്താവുന്നതാണ്.)