കടലാസുമടക്കി വീടു നിര്‍മ്മിച്ചുകൊണ്ടായിരുന്നു തുടക്കം.
നിര്‍മ്മിച്ച വീടുകള്‍ക്ക് നിറം നല്‍കിയപ്പോള്‍ അതു കൂടുതല്‍ മനോഹരമായി.
കുട്ടികള്‍ തങ്ങളുണ്ടാക്കിയ വീടുകളെ മാറി നിന്ന് നോക്കി.കൈയിലെടുത്തു.എല്ലാവരേയും കാണിച്ചുകൊണ്ട് ക്ലാസിലൂടെ നടന്നു.
രണ്ടു വീടുകളെ പരസ്പരം കോര്‍ത്തുവെച്ചുകൊണ്ട് അഭിനവ് പറഞ്ഞു.
"നോക്ക്,എന്റെ രണ്ടു നില വീട്...”
അപ്പോള്‍ മൂന്ന് വീടുകള്‍ കോര്‍ത്തുവെച്ചു കൊണ്ട് പ്രജ്വല്‍ വന്നു.അവന്‍ വിട്ടുകൊടുത്തില്ല.
"നോക്ക്, എന്റെ മൂന്നു നില കൊട്ടാരം...”
അവന്തിക അവന്റെ കൊട്ടാരം വാങ്ങി തറയില്‍ വെച്ചു.
"ദാ, ഈ കൊട്ടാരത്തിലെ രാജാവാണ് നീ."അവന്തിക അവനെ നോക്കിക്കൊണ്ട് പറഞ്ഞു.മറ്റുള്ളവരുടെ വീടുകളൊക്കെ അതിനു ചുറ്റും പലയിടത്തായി വെച്ചു.
"ഈ രാജ്യത്ത് താമസിക്കുന്ന ആളുകളുടെ വീടുകളാ ഇതൊക്കെ..”
"ഈ രാജ്യത്തിന്റെ പേരെന്താ?"ഞാന്‍ ചോദിച്ചു.
"പുല്ലൂര്‍ രാജ്യം."ദര്‍ശനയാണ് പറഞ്ഞത്."പുല്ലൂര്‍ രാജ്യത്തെ രാജാവാണ് പ്രജ്വല്‍.”
അതു കേട്ട് പ്രജ്വല്‍ ചിരിച്ചു.
"മാഷെ,ഒരു കളര്‍ ചോക്ക് തര്വോ?” അവന്തിക ചോദിച്ചു.
ഞാന്‍ അവള്‍ക്ക് ഒരു ചോക്ക് കൊടുത്തു.
കൊട്ടാരത്തില്‍ നിന്നും സ്വന്തം വീട്ടിലേക്ക് അവള്‍ ഒരു വഴി വരച്ചു.
"ഇത് രാജാവിന് ഓരോ വീട്ടിലേക്കും നടന്നു വരാനുള്ള വഴിയാ..”
അവള്‍ വീടുകളെ പരസ്പരം വര കൊണ്ട് ബന്ധിപ്പിക്കാനുള്ള ശ്രമം നടത്തി.പക്ഷേ,വെളുത്ത മിനുസമുള്ള ടൈല്‍സില്‍ ചോക്ക് തെളിയുന്നില്ല.അവള്‍ക്ക് നിരാശയായി.
"മാഷേ,നമ്മുടെ പഴയ സിമന്റിട്ട നെലം തന്നെ മതിയായിരുന്നു.അതിലാകുമ്പം നല്ലോണം വരയ്ക്കായിരുന്നു.”
സിമന്റ് തറ പൊളിച്ച് ടൈല്‍സ് പാകിയത് കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ടില്ല.
നിലം സ്വതന്ത്രമായി വരയ്ക്കാനുള്ള അവരുടെ വലിയ ക്യാന്‍വാസായിരുന്നു.
"നമുക്ക് വഴിയുണ്ടാക്കാം."
ഞാന്‍ കുട്ടികളെ സമാധാനിപ്പിച്ചു.
കുറേ ചാര്‍ട്ടുപേപ്പറുകള്‍ നീളത്തില്‍ ഒട്ടിച്ചു ചേര്‍ത്തു.അത് നിലത്ത് വിരിച്ചിട്ടു.പശയും ക്രയോണ്‍സും മാര്‍ക്കര്‍ പേനയുമൊക്കെ ഞാന്‍ കുട്ടികള്‍ക്ക് നല്‍കി.അവര്‍ക്ക് സന്തോഷമായി.
പുല്ലൂര്‍ രാജ്യം അവരുടെ മനസ്സില്‍ നിറഞ്ഞു.അത് പക്ഷേ, സാങ്കല്‍പ്പിക രാജ്യമാണ്.നിറയെ മരങ്ങളും പൂക്കളും അതിരിടുന്ന രാജ്യം.മരങ്ങള്‍ക്കിടയില്‍ പലതരം ചായംതേച്ച വീടുകള്‍.വീടുകള്‍ക്കു പുറകില്‍ വലിയ കുളം.കുളത്തിന്റെ കരയിലൂടെ നീണ്ടുപോകുന്ന ഇടവഴികള്‍.നിറയെ കടും നീല മേഘങ്ങളുള്ള ആകാശത്തിനുകീഴെ നിവര്‍ന്നു നില്‍ക്കുന്ന കുന്നുകള്‍...
ഓരോരുത്തരും തങ്ങളുടെ കൈയിലെ കടലാസു വീടുകള്‍ ചാര്‍ട്ടുപേപ്പറില്‍ അങ്ങിങ്ങ് ഒട്ടിച്ചു.അങ്ങനെ ചരിത്രം ആരംഭിക്കുകയായി.പുല്ലൂര്‍ ദേശത്ത് നിരവധി വീടുകള്‍ ഉയര്‍ന്നു വന്നു.വീടുകളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് നിരത്തുകളും ഊടുവഴികളും.അതിരുകാക്കുന്ന മരങ്ങളും പൂക്കളും വേലികളും.വിശാലമായ പറമ്പുകളില്‍ മേഞ്ഞുനടക്കുന്ന പശുക്കളും കിടാങ്ങളും.വീട്ടുമുറ്റത്ത് ചിക്കിച്ചികയുന്ന തള്ളക്കോഴികളും കുഞ്ഞുങ്ങളും....
കുട്ടികളുടെ മനസ്സിലെ ഇമേജുകള്‍ കടലാസിലേക്ക് വാര്‍ന്നു വീഴുകയാണ്.
വരകളിലൂടെ കുട്ടികള്‍ ഒരു ദേശത്തെ പുനഃസൃഷ്ടിക്കുകയാണ്.ക്ലാസ്സുമുറി അവരുടെ പറച്ചിലുകള്‍ കൊണ്ട് നിറഞ്ഞു.അവര്‍ കോറിയുടുന്ന ഓരോ വരയെക്കുറിച്ചുമുണ്ട് അവര്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പറയാന്‍.എല്ലാവര്‍ക്കും ചെവികൊടുക്കാന്‍ ഞാന്‍ നന്നേ പ്രയാസപ്പെട്ടു.
ആകാശത്ത് വരച്ചിട്ട് കുറേ വരകളെ ചൂണ്ടി അനാമിക പറയുന്നു.
"മാഷേ, ഇതു കിളികളാ..ഈ കണ്ടത്തിലേക്ക് അവ പറന്നിറങ്ങുന്നു..”
"എന്തിനാ?”
"നെല്ലു കൊത്തി തിന്നാന്‍..”അനാമിക ചിരിച്ചു.
പുല്ലൂരില്‍ അത്രയും വിശാലമായ നെല്‍വയലുകളോ നെല്ലുകൊത്തിതിന്നാനെത്തുന്ന കിളിക്കൂട്ടങ്ങളെയോ അവള്‍ കണ്ടിരിക്കാന്‍ ഇടയില്ല.
പിന്നെ എങ്ങനെയായിരിക്കും അവളുടെ മനസ്സില്‍ ആകാശത്തിലൂടെ പറന്നിറങ്ങുന്ന കിളിക്കൂട്ടങ്ങളുടെ ഇമേജ് കടന്നു കൂടിയിട്ടുണ്ടാകുക?
അവള്‍ കേട്ട കഥയില്‍ നിന്നോ? അതോ കണ്ട സിനിമയില്‍ നിന്നോ മറ്റോ അവളുടെ മനസ്സില്‍ തറഞ്ഞുപോയ ഒരു ദൃശ്യം?
ആവോ,ആര്‍ക്കറിയാം.
വീടുകള്‍ക്ക് അപ്പുറത്ത് ഒരു കാട് വരയ്ക്കുകയാണ് ആദിദേവ്.
"മാഷേ, ഈ കാട്ടില്‍ നിന്നാണ് സിംഹങ്ങള്‍ വരിക.അത് വെള്ളം കുടിക്കാന്‍ ഈ കുളത്തിലേക്കിറങ്ങും."അവന്‍ ചിത്രത്തിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു.
കുളത്തിനു മുന്നില്‍ രണ്ടു രൂപങ്ങള്‍ വരച്ചുവെച്ചിരിക്കുകയാണ് അര്‍ജുന്‍.ഇതെന്താണെന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു.
"കാവല്‍ക്കാരാ.കുളത്തില്‍ വേസ്റ്റിടാന്‍ വരുന്നവരെ പിടിക്കാന്‍ നില്‍ക്കുന്നതാ.”
വരയും പറച്ചിലുകളും കൂട്ടിയിണക്കി ഒരു സാങ്കല്പികദേശം മെനഞ്ഞെടുത്തിരിക്കുകയാണ് കുട്ടികള്‍.ആ ദേശത്ത് അവരുടെ കളിസ്ഥലവും വീടുകളും അംഗനവാടികളും പുല്ലൂര്‍ സ്ക്കൂളും ആയുര്‍വേദ ആശുപത്രിയുമെല്ലാമുണ്ട്.എങ്കിലും അത് അയഥാര്‍ത്ഥമാണ്.അവരുടെ ഫാന്റസിയും അതില്‍ കൂടിക്കലര്‍ന്നിരിക്കുന്നു.
കുട്ടികള്‍ വരയ്ക്കുന്ന ചിത്രത്തില്‍ നിന്നും അവരുടെ പറച്ചിലുകളെ അടര്‍ത്തിമാറ്റിയാല്‍ അത് അപൂര്‍ണ്ണമാകും.രണ്ടും ഇഴപിരിഞ്ഞാണ് കിടക്കുന്നത്.
കുട്ടികളുടെ വരയില്‍ അവരുടെ പറച്ചിലുകള്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.അതുകൊണ്ടാണ് കുട്ടികളുടെ വര ഒരു കലാപ്രവര്‍ത്തനം എന്നതിലുപരി ഒരു ഭാഷാപ്രവര്‍ത്തനമാകുന്നത്.വരയിലൂടെ കുട്ടികള്‍ ഒരു ആന്തരിക ഭാഷയെ രൂപപ്പെടുത്തിയെടുക്കുന്നു.വൈകാരികമായ ഒരനുഭവത്തില്‍ നിന്നുകൊണ്ടാണ് കുട്ടികള്‍ ഇതു സാധിച്ചെടുക്കുന്നത്.ഒപ്പം അത് സര്‍ഗ്ഗാത്മകവുമാണ്.ഇതാണ് പിന്നീട് കുട്ടികളുടെ എഴുത്തുഭാഷയായി രൂപാന്തരപ്പെടുന്നത്.
കളിപോലെ തന്നെ കുട്ടികള്‍ക്ക് പ്രധാനമാണ് വരയും.വര കുട്ടികളെ ഏറെ സന്തോഷിപ്പിക്കും.കുട്ടികളുടെ വര ഭാഷ പഠിപ്പിക്കാനുള്ള ശക്തവും സര്‍ഗ്ഗാത്മകവുമായ ഒരു ടൂള്‍ ആണ്.എന്നിട്ടും നാം വരയെ എന്തുകൊണ്ടാണ് ഭാഷാക്ലാസില്‍ ഉപയോഗിക്കാത്തത്?
ചിത്രംവരയോട് ഇപ്പോഴും യാഥാസ്തിതിക മനോഭാവം പുലര്‍ത്തുന്നവരാണ് ഭൂരിപക്ഷം അധ്യാപകരും.ക്ലാസില്‍ ചിത്രം വരയ്ക്കുന്നത് വെറുതെ സമയം പാഴാക്കലാണെന്ന് വിശ്വസിക്കുന്നവര്‍ ഈ മാറിയ കാലഘട്ടത്തിലും നമുക്കിടയിലുണ്ട്.അത് കലാധ്യാപകര്‍ ചെയ്യേണ്ടതാണ്,നമ്മള്‍ ചെയ്യേണ്ടതല്ല എന്ന് വിശ്വസിക്കുന്നവരുമുണ്ട്.ഇത് ശരിയായ സമീപനമാണെന്നു തോന്നുന്നില്ല.ഭാഷ പഠിപ്പിക്കാനുള്ള ടൂളായി ചിത്രംവരയെ ക്ലാസില്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ ലക്ഷ്യം കലാപഠനമല്ല.മറിച്ച് ഭാഷാപഠനമാണ്.വര കുട്ടികളുടെ ആന്തരിക ഭാഷയെ പുറത്തുകൊണ്ടുവരും.
സാധാരണയായി ഇംഗ്ലീഷ് ഭാഷാ ക്ലാസിലാണ് നാം കൂടുതലായി ചിത്രങ്ങള്‍ ഉപയോഗപ്പെടുത്താറുള്ളത്.Picture Interaction എന്നാണ് അതിനെ വിളിക്കുക.ചിത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ടീച്ചറുടെ ചോദ്യങ്ങള്‍ക്ക് കുട്ടികള്‍ ഉത്തരം പറയുകയാണ് ചെയ്യുക.ചിലപ്പോള്‍ ചിത്രത്തെക്കുറിച്ച് ഒരു വിവരണം തയ്യാറാക്കുന്നതിലേക്ക് അതു നയിക്കും.ഇതു കേവലം യാന്ത്രികമായ പ്രവര്‍ത്തനമാണ്.ഇവിടെ ഭാഷ ഉത്പ്പാദിപ്പിക്കപ്പെടുന്നില്ല.എന്നാല്‍ കുട്ടികള്‍ സ്വന്തമായി വരയ്ക്കുന്ന ചിത്രങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്തുനോക്കൂ.അപ്പോള്‍ വ്യത്യാസമറിയാം.കുട്ടികള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനത്തില്‍ പങ്കാളികളാകും.ചിത്രത്തെ ആസ്പദമാക്കിയുള്ള അവരുടെ പറച്ചിലുകളെ അതു തുറന്നുവിടും.അവരറിയാതെ ഉള്ളില്‍ ഭാഷ മുളപൊട്ടും.
ചിത്രംവര എന്ന കുട്ടികളുടെ ജൈവികമായ ആവിഷ്ക്കാരത്തെ ഭാഷാപഠനക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള ബോധനതന്ത്രങ്ങള്‍ രൂപപ്പെടുത്തുക എന്നതായിരിക്കണം അവധിക്കാല അധ്യാപക പരിശീലനത്തില്‍ നാം ഏറ്റെടുക്കേണ്ട പ്രധാനപ്പെട്ട പ്രവര്‍ത്തനം.
ഞാന്‍ ഇടുക്കിയില്‍ എസ് ഇ ആര്‍ ടി യുടെ ഗവേഷണ ഇടപെടല്‍ നടത്തിയപ്പോള്‍ പല ഭാഷയും സംസ്ക്കാരവും ഉള്ള കുട്ടികള്‍ ഇട കലര്‍ന്നിരിക്കുന്ന ക്ലാസ്സില്‍ ചിത്രം വര ആണ് അവരെ അറിയാനും അവരിലേക്ക് ഇറങ്ങാനും ഏറ്റവും ശക്തമായി ഇറങ്ങാന്‍ ഉള്ള ഉപാധി എന്ന് അനുഭവങ്ങളിലൂടെ ബോധ്യപ്പെടുത്താന്‍ ശ്രമം നടത്തി .ഒന്നാം ക്ലാസ്സില്‍ ആയിരുന്നു ഇടപെടല്‍ .കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ തമ്മില്‍ നല്ല വ്യത്യാസം കാണാം .അവരുടെ മനസ്സിലെ ഇമേജുകള്‍ വളരെ വ്യത്യസ്തമാണ് .പിന്നക്കാര്‍ക്ക് നല്‍കുന്ന കൈതാങ്ങിന്റെ ഭാഗമായി തിയേറ്റര്‍ അനുഭവം നല്‍കിയ ശേഷം അതിനെ ചിത്രീകരിക്കാന്‍ പറഞ്ഞ ശേഷം ഭാഷാ പ്രവര്‍ത്തനം നല്‍കുന്നത് ഏറെ പ്രയോജനകരം എന്ന് ബോധ്യപ്പെട്ടിട്ടുണ്ട് .
ReplyDeleteവ്യത്യസ്ത ഭാഷകൾ സoസാരിക്കുന്ന ക്ലാസിൽ വര ഒരു പ്രധാന ടൂളായി തന്നെ ഉപയോഗിക്കണം. വരയിലൂടെയാണ്സംസ്കാരങ്ങൾ
ReplyDeleteതമ്മിലുള്ള വിനിമയം നന്നായി നടക്കുക..
Valuable information
ReplyDelete