ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Sunday, 18 March 2018

കുട്ടികള്‍ കഥ വരയ്ക്കുമ്പോള്‍...

ഒന്നാം ക്ലാസ്സുകാര്‍ കഥയെഴുതുകയാണ്-4




 കഥയെ ചിത്രത്തിലൂടെ ആവിഷ്ക്കരിക്കാന്‍ ഒന്നാം ക്ലാസുകാര്‍ക്ക് കഴിയുമോ എന്നതായിരുന്നു കഥയുമായി ബന്ധപ്പെട്ട് ക്ലാസില്‍ ചെയ്തുനോക്കിയ മറ്റൊരു പ്രധാനപ്പെട്ട പ്രവര്‍ത്തനം.

ഇവിടെ കഥ കുട്ടി എഴുതുന്നില്ല.കഥ മനസ്സില്‍ രൂപ്പെടുത്തുകയാണ് ചെയ്യുന്നത്. പിന്നീട് അതിനെ നാലോ അഞ്ചോ ചിത്രങ്ങളിലൂടെ ആവിഷ്ക്കരിക്കുന്നു.


ഒരു ഗ്രൂപ്പാണ് ചെയ്യുന്നതെങ്കില്‍ കഥ ഗ്രൂപ്പില്‍ രൂപപ്പെടുത്തുന്നു.ആ കഥയുടെ വിവിധ ദൃശ്യങ്ങള്‍ ആലോചിക്കുന്നു.വരയ്ക്കുന്നു. 


 ഒരു ഗ്രൂപ്പ് വരച്ച ചിത്രങ്ങളെ അടിസ്ഥാനമാക്കി കഥ എഴുതിയുണ്ടാക്കുന്നത് മറ്റൊരു ഗ്രൂപ്പാണ്.അവര്‍ക്ക് കഥ എന്താണെന്ന് മുന്‍കൂട്ടി അറിയില്ല.ആദ്യത്തെ ഗ്രൂപ്പ് ആലോചിച്ച കഥ തന്നെയാണോ രണ്ടാമത്തെ ഗ്രൂപ്പ് കണ്ടെത്തിയതെന്ന് വിലയിരുത്താം.അങ്ങനെയല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് ആലോചിക്കുന്നു.വരയില്‍ വേണ്ടത്ര ആശയം ഉള്‍ക്കൊള്ളിക്കാന്‍ കഴിയാത്തതാണോ പ്രശ്നം?.
ആശയ പ്രകാശനവുമായി ബന്ധപ്പെട്ട് സ്വന്തം വരയുടെ മേമന്മകളും പ്രശ്നങ്ങളും കുട്ടികള്‍ക്ക് തിരിച്ചറിയാന്‍ ഗ്രൂപ്പുകള്‍ പരസ്പരം നല്‍കുന്ന ഫീഡ്ബാക്കുകള്‍ ഏറെ ഗുണകരമാകും.



ഒന്നാം ക്ലാസുകാര്‍ക്ക് ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുമോ എന്ന് സംശയിക്കുന്നവരുണ്ടാകും.പക്ഷേ കഴിയും.ശരിയായ പഠനപ്രക്രിയയിലൂടെ കുട്ടികളെ കടത്തി വിടുകയാണെങ്കില്‍ അവര്‍ ചിലപ്പോള്‍ അവരുടെ പ്രകടനംകൊണ്ട് നമ്മെ അത്ഭുതപ്പെടുത്തിയേക്കും.

മനസ്സിലുള്ള ഒരു കഥയെ ചിത്രത്തിലൂടെ അവതരിപ്പിക്കുക എന്നത് ചില്ലറ കാര്യമല്ല.അതിന് നല്ല ആലോചന ആവശ്യമാണ്.കഥയുടെ ആശയത്തെ മനസ്സില്‍ ക്രമീകരിക്കാന്‍ കഴിയണം.അതിലെ പ്രധാനപ്പെട്ട ദൃശ്യങ്ങള്‍ ഏതൊക്കെയാണെന്നു ആലോചിക്കണം.കഥയുടെ പശ്ചാത്തലവും കഥാപ്പാത്രങ്ങളും മനസ്സില്‍ വന്നു നിറയണം.


 വരക്കാന്‍ കുട്ടികള്‍ക്ക് വേണ്ടത്ര അനുഭവം നല്‍കിയ ഒരു ക്ലാസുമുറിയിലാണ് ഇതു നന്നായി നടക്കുക.അത്തരം ക്ലാസുമുറിയില്‍ എല്ലാകുട്ടികള്‍ക്കും നന്നായി വരയ്ക്കാന്‍ കഴിയും.കഥയെ ചിത്രീകരിക്കുക എന്ന വെല്ലുവിളി അവര്‍ ആത്മവിശ്വാസത്തോടെ  ഏറ്റെടുക്കും.കുട്ടികള്‍ വരയ്ക്കുന്നതെന്തും മനോഹരമാണ് എന്ന കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് കുട്ടികളുടെ വരയേയും അതിന്റെ വിലയിരുത്തലിനേയും നോക്കിക്കാണുന്ന ഒരു ടീച്ചര്‍ക്കുമാത്രമേ ചിത്രംവരയെ ഭാഷാവികസനത്തിനുള്ള ഒരു ടൂള്‍ ആയി ക്ലാസുമുറിയില്‍ ഉപയോഗിക്കാന്‍ കഴിയൂ.

ആദിദേവ് കഥ വരയ്ക്കുകയായിരുന്നു.വരയ്ക്കാനുള്ള പേപ്പര്‍ അവന്‍ ഒന്നൊന്നായി ആവശ്യപ്പെട്ടുകൊണ്ടിരുന്നു.അവന്റെ മനസ്സിലെ കഥ ചിത്രങ്ങളായി കടലാസിലേക്ക് പകരുകയാണ്.വര പൂര്‍ത്തിയാക്കിയപ്പോള്‍ ആകെ ആറു ചിത്രങ്ങളുണ്ട്.അണ്ണാന്‍ വാഴനട്ട കഥയാണ് അവന്‍ വരച്ചിരിക്കുന്നത്.


 അണ്ണാന്‍ വാഴ നട്ടു.വാഴ കുലച്ചു.കുല പഴുത്തു.നാളെ പഴം തിന്നാം.രാത്രി ഉറങ്ങാന്‍ പോകുമ്പോള്‍  അണ്ണാന്‍ കരുതി.രാവിലെ എഴുന്നേറ്റു നോക്കിയപ്പോള്‍ പഴം ഇല്ല.അന്ന് സന്ധ്യയായി. അണ്ണാന്‍ കാവല്‍ നിന്നു. അതാ വരുന്നു കള്ളന്‍ കുരങ്ങന്‍.അണ്ണാന്‍ അവനെ കല്ലെറിഞ്ഞു. കല്ല് കുരങ്ങന്റെ തലയില്‍ തന്നെ കൊണ്ടു.അയ്യോ ഇനി ഞാന്‍ കക്കാന്‍ വരില്ലേ..കുരങ്ങന്‍ പറഞ്ഞു.അന്നു മുതല്‍ അവര്‍ കൂട്ടുകാരായി.ഇത്തവണ അവര്‍ രണ്ടുപേരും ചേര്‍ന്ന് വാഴ നട്ടു.നിറയെ പഴം പിടിച്ചു. അവര്‍ വയറുനിറയെ പഴം തിന്നു.

 ആദിദേവിന്റെ കഥയുടെ ത്രെഡ് ഇതാണ്.പക്ഷേ,ഓരോ ചിത്രത്തെക്കുറിച്ചുും അവന് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്.കഥയുടെ പശ്ചാത്തലത്തെക്കുറിച്ച്,കഥാപ്പാത്രത്തിന്റെ പ്രത്യേകതകളെക്കുറിച്ച്,വാഴക്ക് എങ്ങനെയാണ് വെളളം ഒഴിച്ചത്,അണ്ണാന്‍ എിടെയാണ് കിടന്നുറങ്ങിയത്,രാത്രയില്‍ അവന്‍ കേട്ട ശബ്ദം എങ്ങനെയുള്ളതായിരുന്നു,കരങ്ങന്റെ താമസം എവിടെയായിരുന്നു....

 കടലാസില്‍ വരച്ചിട്ട ഓരോ ചിത്രത്തേയും  കഥയുടെ എണ്ണമറ്റ നൂലിഴകള്‍ കൊണ്ട് അവന്‍ തുന്നിച്ചേര്‍ക്കുകയാണ്.വരയെ സംസാരഭാഷയിലേക്ക് പരിവര്‍ത്തനം ചെയ്യുമ്പോള്‍ രൂപപ്പെടുന്നകഥ കുത്തിയൊഴുകന്ന ഒരു നദിപോലെയാണ്.എഴുതുമ്പോള്‍ അത് നന്നേ ശോഷിച്ചുപോയ ഒരു അരുവിയെപ്പോലേയും.

 ആദിദേവ് താന്‍ വരച്ച് ക്രമപ്പെടുത്തി നമ്പറിട്ടുകൊടുത്ത കഥാചിത്രങ്ങളെ തൊട്ടടുത്ത ഗ്രൂപ്പിനു കൈമാറി.ആദിദേവ് ആലോചിച്ച കഥയെക്കുറിച്ച് അവര്‍ക്ക് മുന്‍കൂട്ടി അറിയില്ലായിരുന്നു.ചിത്രങ്ങളെ സൂക്ഷ്മമായി പരിശോധിച്ച്  കുട്ടികള്‍ കഥ രൂപ്പെടുത്താന്‍ തുടങ്ങി.നിമിഷങ്ങള്‍ക്കകം അവര്‍ കഥയെഴുതിയുണ്ടാക്കി.

കഥ വായിച്ചുനോക്കിയ ശേഷം ആദിദേവ് പറഞ്ഞു.
"ഇത് ഞാനുണ്ടാക്കിയ അതേ കഥ. ഒന്നുമാത്രംവിട്ടുപോയി.അണ്ണാന്‍ കുരങ്ങനെ കല്ലെറിയുന്നത്.”
"ചിത്രത്തില്‍ നിന്നും അത് മനസ്സിലാകുന്നില്ല”.കുട്ടികള്‍ പറഞ്ഞു
ആദിദേവ് ചിത്രം വാങ്ങി ഒന്നുകൂടി നോക്കി.
"ചിത്രത്തില്‍ കല്ല് പോകുന്നത് വരച്ചിട്ടുണ്ട്.എറിയുന്നത് വരച്ചിട്ടില്ല.അതു കൂടി വരച്ചാലേ കല്ല് എറിയുന്നതായി തോന്നൂ..”
അവന്‍ പറഞ്ഞു.

കഥയെഴുത്തിലേക്ക് പോകുന്നതിന്ന് മുന്നോടിയായി താഴ്ന്ന  ക്ലാസുകളില്‍ നാം സാധാരണയായി കഥ പറയിക്കുകയാണ് ചെയ്യുക.എന്നാല്‍ ഇതല്ല വേണ്ടതെന്നു തോന്നുന്നു.കഥ വരപ്പിക്കുകയാണ് ചെയ്യേണ്ടത്.കുട്ടികളുടെ ആന്തരിക ഭാഷണമാണ് വരയായി രൂപപ്പെടുന്നത്.വരച്ച കഥയെക്കുറിച്ച് കുട്ടികള്‍ അതീവ വിശദാംശങ്ങളോടെ സംസാരിക്കും.കുട്ടികളുടെ ഈ സംസാരത്തെ എഴുത്തിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ കഴി‍ഞ്ഞാല്‍ എഴുത്തുഭാഷയുടെ കൊടുമുടികള്‍ അവര്‍ അനായാസം കീഴടക്കുകതന്നെ ചെയ്യും.


1 comment:

  1. ഉൾക്കാഴ്ച നൽകുന്ന ചിത്രങ്ങളും കുറിപ്പും. ഡോക്യുമെന്റേഷനെ പ്രത്യേകം അഭിനന്ദിക്കുന്നു

    ReplyDelete