ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Saturday, 16 July 2016

അഞ്ചാം ക്ലാസുകാര്‍ വിദ്യാലയത്തിന്റെ ചരിത്രമെഴുതുന്നു...


അഞ്ചാം ക്ലാസുകാര്‍ തങ്ങളുടെ വിദ്യാലയത്തിന്റെ ചരിത്രമെഴുതാന്‍ ഉപയോഗപ്പെടുത്തിയ പ്രധാനപ്പെട്ട തെളിവുകളില്‍ ഒന്ന് പഴയ കാല ഫോട്ടോകളായിരുന്നു.സ്റ്റാഫ് റൂമിന്റേയും ഓഫീസ് മുറിയുടേയും ചുമരുകളില്‍ തൂക്കിയിട്ടിരുന്ന ഫോട്ടോകള്‍ അവര്‍ പൊടിതുടച്ച് വൃത്തിയാക്കി   ക്ലാസുമുറിയിലേക്ക് കൊണ്ടുവന്നു.കുട്ടികള്‍  സംഘം ചേര്‍ന്ന് ഓരോ ഫോട്ടോയും പരിശോധിച്ചു.

സ്ക്കൂളിന്റെ ഭൂതകാലത്തിലെ ചില നിമിഷങ്ങള്‍ ഫോട്ടോകളില്‍ ഫ്രീസ് ചെയ്യപ്പെട്ടിരിക്കുന്നു.1970  മുതലുള്ള ഫോട്ടാകളുണ്ട്.ചില ഫോട്ടോകള്‍ പ്രൊമോഷന്‍ കിട്ടിപ്പോകുന്ന അധ്യാപകരുടെ യാത്രയയപ്പ് സമയത്ത് എടുത്തവയാണ്.വിവധ ക്സാസുകളിലേയും ക്ലാസ് ടീച്ചര്‍മാരുടേയും ഫോട്ടോകള്‍,പി.ടി.എ കമ്മിറ്റിയുടെ ഫോട്ടോകള്‍, പിരിഞ്ഞു പോകുന്ന ഏഴാം ക്ലാസുകാരുടെ ഗ്രൂപ്പ് ഫോട്ടോകള്‍,അധ്യാപകരുടെ റിട്ടയര്‍മെന്റ് സമയത്ത് എടുത്തവ...ഇങ്ങനെ പോകുന്നു ആ പഴയ ബ്ലാക്ക് &വൈറ്റ് ഫോട്ടോകളിലെ വൈവിധ്യം.

"പണ്ടുള്ള അധ്യാപകര്‍ മുണ്ടും ഷര്‍ട്ടും മാത്രമേ ഇടൂ?"ഫോട്ടോ കണ്ടപ്പോള്‍ ഷമലിന് സംശയം."ടീച്ചര്‍മാരാണെങ്കില്‍ സാരിയും?”
"പിന്നല്ലാതെ..അന്ന് പാന്റും ചുരീദാറുമൊന്നുമില്ല."റെജിലയാണ് അവന്റെ സംശയം തീര്‍ത്തുകൊടുത്തത്.  


 ഈ ഫോട്ടോകളില്‍ നിന്നും  രസകരമായ പല വിവരങ്ങളും കുട്ടികള്‍ കണ്ടെത്തുകയുണ്ടായി.അക്കാലത്തെ അധ്യാപകര്‍/അധ്യാപികമാര്‍,അവരുടെ വേഷം,ഓരോ ക്ലാസിലേയും കുട്ടികളുടെ എണ്ണം,കുട്ടികളുടെ വേഷം,ചില ഫോട്ടോയില്‍ പശ്ചാത്തലത്തില്‍ ദ്യശ്യമാകുന്ന സ്ക്കൂള്‍ കെട്ടിടങ്ങളുടെ പ്രത്യേകതകള്‍,അന്ന് ഏഴാം ക്ലാസിലുണ്ടായിരുന്ന ആകെ കുട്ടികളുടെ എണ്ണം,സ്ക്കൂളിന്റെ അന്നത്തെ ഭൂപ്രകൃതി...

 അഞ്ചാം ക്ലാസുകാരുടെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലെ 'ചരിത്രത്തിലേക്ക്' എന്ന ആദ്യ യൂണിറ്റിലാണ് വിദ്യാലയ ചരിത്രം തയ്യാറാക്കാനുള്ള  പ്രവര്‍ത്തനം.നിങ്ങളുടെ വിദ്യാലയം ഇന്ന് എങ്ങനെയാണ്?എന്തൊക്കെ സൗകര്യങ്ങളുണ്ട്?തുടങ്ങിയ ചോദ്യങ്ങളില്‍ നിന്നും പണ്ട് വിദ്യാലയം എങ്ങനെയായിരുന്നു എന്ന അന്വേഷണത്തിലേക്ക് കുട്ടികളെ നയിക്കുന്ന രീതിയിലാണ് പഠനപ്രവര്‍ത്തനം  ആസൂത്രണം ചെയ്തിരിക്കുന്നത്.

 ഇതിലൂടെ കടന്നുപോകുന്ന കുട്ടികള്‍ ചരിത്രം എങ്ങനെയാണ് രചിക്കുന്നതെന്ന് തിരിച്ചറിയണം.അതിന് ആവശ്യമായ തെളിവുകള്‍ ശേഖരിക്കണം.തെളിവുകളെ വിശകലനം ചെയ്യാന്‍ കഴിയണം.തെളിവുകളെ അടിസ്ഥാനപ്പെടുത്തി നിഗമനങ്ങള്‍ രൂപീകരിക്കണം.ഈ നിഗമനങ്ങളെ ആസ്പദമാക്കിവേണം ചരിത്രം എഴുതി തയ്യാറാക്കാന്‍. 'ചരിത്രം തയ്യാറാക്കുന്നത് തെളിവുകളെ അടിസ്ഥാനപ്പെടുത്തിയാണ് എന്ന് വിശദീകരിക്കുന്നു'- ഇതാണ് പഠനനേട്ടം.

വിദ്യാലയത്തെ വരയ്ക്കാം

 വിദ്യാലയത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നും നോക്കിക്കാണുക എന്നതായിരുന്നു ഞാനാദ്യം കുട്ടികള്‍ക്ക് കൊടുത്ത പ്രവര്‍ത്തനം.അകലെ നിന്ന്,ഗ്രൗണ്ടിന്റെ ഒത്ത മധ്യത്തില്‍ നിന്ന്,ഒരറ്റത്തു നിന്ന്,പിന്നാമ്പുറത്തു നിന്ന്,ദൂരെ റോഡില്‍ നിന്ന്...വിവിധ ക്ലാസുമുറികളുടെ സ്ഥാനം,ഓഫീസ്,ലൈബ്രറി,പാചകപ്പുര,ടോയ് ലറ്റുകള്‍...

 നിരീക്ഷണത്തിനുശേഷം കുട്ടികള്‍ ക്ലാസില്‍ വന്ന് വിദ്യാലയത്തിന്റെ ചിത്രം വരച്ചു.വലിയ സ്ക്കൂളിനെ ചെറിയ കടലാസിലേക്ക് മാറ്റാന്‍ അവര്‍ പ്രയാസപ്പെടുന്നതു കണ്ടു.എങ്കിലും അവര്‍ സ്ക്കൂളിനെ വീണ്ടും വീണ്ടും നോക്കി തങ്ങളുടെ വര പൂര്‍ത്തീകരിച്ചു.

വരച്ച ചിത്രങ്ങള്‍ പരസ്പരം കൈമാറി വിലയിരുത്തലായിരുന്നു അടുത്ത ഘട്ടം.തുടര്‍ന്ന് ചില ചോദ്യങ്ങള്‍ ഉന്നയിച്ചു.ഈ വിദ്യാലയം നിങ്ങള്‍ക്കിഷ്ടമാണോ?എന്തുകൊണ്ടാണ് ഇഷ്ടം?വിദ്യാലയത്തിലെ സൗകര്യങ്ങള്‍എന്തൊക്കെയാണ്?ആകെ ക്ലാസുകള്‍,പഠിക്കുന്ന കുട്ടികളുടെ എണ്ണം,ആകെ അധ്യാപകര്‍,ഹെഡ്മാസ്റ്റര്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊക്കെ ഗ്രൂപ്പില്‍ പരസ്പരം ചോദിച്ചറിഞ്ഞും അറിയാത്ത കാര്യങ്ങള്‍ എന്നോടു ചോദിച്ചും  കുട്ടികള്‍ വിവരണം തയ്യാറാക്കി.തുടര്‍ന്ന് വിദ്യാലയത്തിന്റെ ചരിത്രം അന്വേഷിക്കാനുള്ള പ്രവര്‍ത്തനത്തില്‍ കുട്ടികള്‍ ഏര്‍പ്പെട്ടു.

എത്രയെത്ര തെളുവുകള്‍


നേരത്തേ സൂചിപ്പിച്ച ഫോട്ടോകളില്‍ നിന്നും ലഭിച്ച തെളിവുകള്‍ ഒരു വിദ്യാലയത്തെക്കുറിച്ചുള്ള  എല്ലാവിവരങ്ങളും തരുന്നില്ല.ഇനിയും എന്തൊക്കെ വിവരങ്ങള്‍ ശേഖരിക്കേണ്ടതായി വരും?
സ്ക്കൂള്‍ ലൈബ്രറിയില്‍ പരതി നോക്കിയപ്പോള്‍ ഞങ്ങള്‍ക്ക് രണ്ടു പുസ്തകങ്ങള്‍ കിട്ടി.ഒന്ന് സ്ക്കൂളിന്റെ പ്ലാറ്റിനം ജൂബിലി പതിപ്പായ 'സ്വം'.മറ്റൊന്ന് 'കൂറ്റ് 'എന്നു പേരിട്ടിരിക്കുന്ന സബ് ജില്ലാ സ്ക്കൂള്‍ കലോത്സവ പതിപ്പ്.രണ്ടിലും വിദ്യാലയ ചരിത്രവുമായി ബന്ധപ്പെട്ട് ധാരാളം കാര്യങ്ങളുണ്ട്.ഓരോ ഗ്രൂപ്പിനും നല്‍കാവുന്ന അത്രയും പുസ്തകങ്ങളുടെ കോപ്പികളും ലഭ്യമാണ്.കുട്ടികള്‍ സംഘമായിതിരിഞ്ഞ് ഈ പുസ്തകങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചു.

 ഓഫീസ്സിലെ രേഖകള്‍ പരിശോധിച്ചപ്പോള്‍ കുട്ടികള്‍ക്ക് ചില വിവരങ്ങള്‍ ലഭിച്ചു.സ്ക്കൂളിന്റെ ആരംഭവര്‍ഷം മുതല്‍ ഇവിടെ ജോലി ചെയ്ത ഹെഡ്മാസ്റ്റര്‍മാരുടേയും അധ്യാപകരുടേയും പേരു വിവരങ്ങള്‍.പഴയ പല രേഖകളും നശിച്ചുപോയതായും കുട്ടികള്‍ കണ്ടെത്തി.


മുത്തിശ്ശി പറഞ്ഞുതന്ന കഥകള്‍


തൊണ്ണൂറ്റി രണ്ട് വര്‍ഷത്തെ പഴക്കമുള്ള വിദ്യാലത്തില്‍ കുട്ടികളുടെ കുടുംബത്തിലെ മുത്തച്ഛന്‍മാരും മുത്തിശ്ശിമാരുമൊക്കെ പഠിച്ചിട്ടുണ്ടാകണം.അവര്‍ക്ക് സ്ക്കൂളുമായി ബന്ധപ്പെട്ട പഴയ കഥകള്‍ പറഞ്ഞുകൊടുക്കാനുണ്ടാകും.അത് ചോദിച്ചറിയുക എന്നതായിരുന്നു അടുത്ത പ്രവര്‍ത്തനം.

പിറ്റേദിവസം കുട്ടികള്‍ അമ്മൂമ്മയും അപ്പൂപ്പനും  പറഞ്ഞുകൊടുത്ത തങ്ങളുടെ വിദ്യാലയത്തെക്കുറിച്ചുള്ള കഥകളുമായാണ് വന്നത്.



"മാഷേ,എന്റെ അമ്മൂമ്മ ഓലക്കുടയുമായാണ് സ്ക്കൂളില്‍ വരാറ്."നന്ദന പറഞ്ഞു."ആ കുട പൂട്ടാന്‍ കഴിയില്ലപോലും.കുട വരാന്തയില്‍ വെക്കും.ഒരു ദിവസം നല്ല കാറ്റും മഴയും വന്നപ്പോള്‍ കുട ഗ്രൗണ്ടിലേക്ക് പാറിപ്പോയി.അമ്മൂമ്മക്ക് തിരിച്ചു കിട്ടിയത്   കുടയുടെ കാല് മാത്രം."നന്ദന ചിരിച്ചു.
"മാഷേ,എന്റെ അപ്പൂപ്പന്‍ പഠിക്കുമ്പോള്‍ ഒരു കണ്ണന്‍ മാഷ് ഉണ്ടായിരുന്നു. അപ്പൂപ്പന് ആ മാഷെ ഭയങ്കര പേടിയായിരുന്നു. മാഷെ പേടിച്ച് അപ്പൂപ്പന്‍ ഒരു ദിവസം സ്ക്കൂളില്‍ പോകാതെ കാട്ടില്‍ ഒളിച്ചിരുന്നു."ജിഷ്ണു പറഞ്ഞു.
"പണ്ട് ഉച്ചയ്ക്ക് ചോറുണ്ടായിരുന്നില്ല,മാഷേ.പകരം മഞ്ഞപ്പൊടിയുടെ പാല് കൊടുക്കും."വൈഷ്ണവ് പറഞ്ഞു.



ഓരോരുത്തര്‍ക്കുമുണ്ട് ഇതുപോലുള്ള കഥകള്‍ പറയാന്‍.എല്ലാവരും നോട്ടുപുസ്തകത്തില്‍ എഴുതിക്കൊണ്ടുവന്നിട്ടുണ്ട്.പഴയ വിദ്യാലയം എങ്ങനെയായിരുന്നു എന്നതിനെക്കുറിച്ചുള്ള വ്യക്തമായ ചിത്രം മുതിര്‍ന്നവരുടെ ഈ അനുഭവ വിവരണം കുട്ടികള്‍ക്കു നല്‍കി.


കരിയേട്ടന്‍

പറഞ്ഞുതന്ന

ചരിത്രം


സ്ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് കരിയേട്ടന്‍.ആ പ്രദേശത്തെ നല്ലൊരു സാമൂഹ്യപ്രവര്‍ത്തകനും.കുട്ടികള്‍ക്ക് വിദ്യാലയത്തിന്റെ ചരിത്രം പറഞ്ഞുകൊടുക്കാന്‍ കരിയേട്ടന്‍ വരാമെന്നേറ്റു.
കുട്ടികള്‍ ഗ്രൂപ്പുതിരിഞ്ഞ് കരിയേട്ടനോട് ചോദിക്കാനുള്ള ചോദ്യങ്ങള്‍ നേരത്തേ തയ്യാറാക്കിയിരുന്നു.



കരിയേട്ടന്‍ വിദ്യാലയത്തിന്റെ ചരിത്രം പറഞ്ഞപ്പോള്‍ അതു നാടിന്റെ മുഴുവന്‍ ചരിത്രമായി.അന്നത്തെ ഓലമേഞ്ഞ കെട്ടിടങ്ങള്‍,ക്ലാസുമുറികള്‍,പുസ്തകങ്ങള്‍,അധ്യാപകര്‍ പഠിപ്പിക്കുന്ന രീതി,അവരുടെ ശിക്ഷാമുറകള്‍,ഉച്ചയ്ക്കുശേഷം ഉപ്പുമാവിനുവേണ്ടിയുള്ള കാത്തിരിപ്പ്,വീട്ടിലെ ജോലികള്‍,ദാരിദ്ര്യം,വളരെ ദൂരം കാല്‍നടയായി നടന്ന് സ്ക്കൂളിലേക്കുള്ള വരവ്..



കരിയേട്ടന്‍ പറയുന്നത് കുട്ടികള്‍ ശ്രദ്ധയോടെ, ഒരു കഥ കേള്‍ക്കുമ്പോലെ കേട്ടിരുന്നു.തങ്ങളുടെ വിദ്യാലയത്തിന്റെ പൂര്‍വ്വകാലം കുട്ടികളെ അമ്പരിപ്പിച്ചു.ഇന്നു കാണുന്ന ഈ കെട്ടിടങ്ങളോ സൗകര്യങ്ങളോ മാത്രമല്ല ഈ വിദ്യാലയം.വളര്‍ന്ന് പന്തലിച്ചു നില്‍ക്കുന്ന ഈ വടവൃക്ഷത്തിന്റെ വേരുകള്‍ ഒരു നൂറുവര്‍ഷം മുമ്പത്തെ മനുഷ്യജീവിതത്തിലേക്ക് പടര്‍ന്നു കയറിയിരിക്കുന്നു.സ്ക്കൂളില്‍ പഠിക്കാന്‍ ഒരു ജനത അനുഭവിച്ച കഷ്ടതകളുടേയും വേദനകളുടേയും ചരിത്രം കൂടിയാണ് ഒരു വിദ്യാലയത്തിന്റെ ചരിത്രം.


കുട്ടികള്‍ തയ്യാറാക്കിയ 'വിദ്യാലയ ചരിത്രം' എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിന്റെ ആദ്യപേജില്‍ വിദ്യാലയത്തിന്റെ ചരിത്രം തയ്യാറാക്കാന്‍ അവര്‍ ആശ്രയിച്ച തെളിവുകളെകുറിച്ച് പറയുന്നുണ്ട്:

'ഇത് ഞങ്ങളുടെ വിദ്യാലയത്തിന്റെ ചരിത്രമാണ്.VBക്ലാസിലെ എല്ലാകുട്ടികളും ഒത്തുചേര്‍ന്നാണ് ഇത് ഉണ്ടാക്കിയത്. ഒറ്റയ്ക്കും സംഘമായുമാണ് ഞങ്ങള്‍ ഈ പുസ്തകം ഉണ്ടാക്കിയത്.പഴയ ഫോട്ടോകള്‍,'സ്വം' എന്ന പ്ലാറ്റിനം ജൂബിലി പതിപ്പ്,'കൂറ്റ് 'എന്ന പുസ്തകം,കരിയേട്ടന്‍ ഞങ്ങള്‍ക്കു പറഞ്ഞു തന്നത്,ഇവിടെ മുമ്പ് പഠിച്ച ഞങ്ങളുടെ മുത്തച്ഛന്‍മാരും മുത്തശ്ശിമാരും പറഞ്ഞു തന്നത്,ഞങ്ങളുടെ ക്ലാസ് ടീച്ചര്‍ സുരേന്ദ്രന്‍ സാര്‍ പറഞ്ഞുതന്നത്,ഓഫീസില്‍ നിന്നും ലഭിച്ച രേഖകള്‍  എന്നീ തെളിവുകള്‍ ഉപയോഗിച്ചാണ് ഞങ്ങള്‍ ഈ ചരിത്രം തയ്യാറാക്കിയത്...'

തെളിവുകളെ അടിസ്ഥാനപ്പെടുത്തിയാണ് ചരിത്രം തയ്യാറാക്കേണ്ടതെന്ന് കുട്ടികള്‍ ഇതിലൂടെ തിരിച്ചറിഞ്ഞിരിക്കുന്നു.ഒപ്പം തങ്ങളുടെ വിദ്യാലയം ഈ കാണുന്നത് മാത്രമല്ലെന്നും ഇതിന് സമ്പന്നമായ ഒരു ഭൂതകാലമുണ്ടെന്നും കുട്ടികള്‍ മനസ്സിലാക്കിയിരിക്കുന്നു.അതുതന്നെയാണ് അവരുടെ വലിയ പഠനവും.






No comments:

Post a Comment