ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Saturday, 23 July 2016

കുട്ടികളുടെ പക്ഷം എന്ന രാഷ്ട്രീയം


കേരളത്തിലെ പല പൊതു വിദ്യാലയങ്ങളും ഇന്ന് കുട്ടികളുടെ പക്ഷം എന്ന രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്.മികച്ച പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ട  വിദ്യാലയങ്ങളാണവ.വിദ്യാലയം കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണെന്ന അടിസ്ഥാന ധാരണയില്‍ നിന്നുകൊണ്ടാണ് അവ പ്രവര്‍ത്തിക്കുന്നത്. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു ഇടമായി വിദ്യാലയത്തെ മാറ്റിയെടുക്കാന്‍ ഇവിടുത്തെ അധ്യാപകര്‍ക്കും പൊതു സമൂഹത്തിനും കഴിഞ്ഞിരിക്കുന്നു.കുട്ടികളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും ഉതകുന്ന രീതിയാലാണ് ഈ വിദ്യാലയങ്ങളിലെ പഠനാന്തരീക്ഷം.

ഒരു വിദ്യാലയം എപ്പോഴാണ് കുട്ടികളുടെ പക്ഷത്ത് നിലയുറപ്പിക്കുന്നത്?

കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരിടമായി വിദ്യാലയത്തെ  മാറ്റിയെടുക്കുന്നതിലൂടെയാണ് അത് സാധ്യമാകുന്നത്.വീട് പോലെത്തന്നെ കുട്ടികള്‍ക്ക്   പ്രിയപ്പെട്ട ഒരിടമായിരിക്കണം വിദ്യാലയവും.
അധ്യാപകരും കുട്ടികളും തമ്മിലുള്ള ബന്ധം ജനാധിപത്യപരവും സ്നേഹബന്ധത്തിലധിഷ്ഠിതവുമായിരിക്കണം .അധ്യാപകര്‍ കുട്ടികളോട് സംസാരിക്കാന്‍ സമയം കണ്ടെത്തണം.തിരിച്ച് കുട്ടികള്‍ പറയുന്നത് കേള്‍ക്കാനും അവര്‍ തയ്യാറാകണം.


 കുട്ടികളുടെ പക്ഷത്ത് നിലയുറപ്പിക്കുന്ന ഒരു വിദ്യാലയം കുട്ടികളെക്കുറിച്ചുള്ള ചില അടിസ്ഥാന ധാരണകള്‍  മുന്നോട്ടു വയ്ക്കുന്നുണ്ട്.
മുതിര്‍ന്നവരെപ്പോലെ കുട്ടികളും സ്വന്തമായി വ്യക്തിത്വമുള്ളവരാണ്.
അവര്‍ക്ക് ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനുമുള്ള കഴിവുണ്ട്.
കുട്ടികള്‍ക്ക് സ്വന്തമായി അറിവുകളും നിലപാടുകളുമുണ്ട്.
ആത്മവിമര്‍ശനം നടത്താനും തങ്ങളുടെ  കുറവുകള്‍ പരിഹരിച്ച് മുന്നേറാനും കുട്ടികള്‍ക്ക് കഴിയും.


രണ്ടു പതിറ്റാണ്ടു മുമ്പുവരെ ഒരു വിദ്യാലയത്തിന് ഈ ലക്ഷ്യം ഉയര്‍ത്തിപ്പിടിക്കുക പ്രയാസമായിരുന്നു.കാരണം അതിന്റെ യാഥാസ്ഥിതികമായ ഘടനകൊണ്ടും പ്രത്യയശാസ്ത്രനിലപാടുകള്‍  കൊണ്ടും വിദ്യാലയം ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും എതിരായിരുന്നു.അധ്യാപക കേന്ദ്രീകൃതമായ അതിന്റെ അധ്യയന രീതികളും  കടുത്ത ശിക്ഷകളും കുട്ടികള്‍ക്കും  അധ്യാപകര്‍ക്കുമിടയില്‍ വലിയ വിടവുകളുണ്ടാക്കി. ക്ലാസുമുറിയില്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചെടുത്ത പലതരം  വിവേചനങ്ങള്‍ കൊണ്ടും  അവഹേളനങ്ങള്‍ കൊണ്ടും അത് ഭൂരിപക്ഷം കുട്ടികളേയും പഠനത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളിമാറ്റി.ഇതു മൂലം വലിയൊരു വിഭാഗം കുട്ടികള്‍ക്ക് പഠനം പാതിവഴിക്ക് വെച്ച് ഉപേക്ഷിക്കേണ്ടിവന്നു.കുട്ടികളില്‍ അത് അവശേഷിപ്പിച്ചത് വിദ്യാലയത്തെക്കുറിച്ചുള്ള കയ്പ്പുനിറഞ്ഞ ഓര്‍മ്മകളായിരുന്നു.


കുട്ടികളുടെ പക്ഷത്ത് നിലയുറപ്പിക്കുന്ന ഒരു  വിദ്യാലയത്തില്‍ ഒരു തരത്തിലുള്ള വിവേചനങ്ങളും                   നിലനില്‍ക്കില്ല.സാമ്പത്തികമായ,മതപരമായ,ജാതീയമായ,ലിംഗപരമായ വിവേചനങ്ങള്‍ക്കെല്ലാം അതീതമായാണ് അത് പ്രവര്‍ത്തിക്കുക.

വിദ്യാലയത്തിന്റെ നയ പരിപാടികളെയും പ്രവര്‍ത്തന പദ്ധതികളെയും     കുട്ടികളുടെ കാഴ്ചപ്പാടിലൂടെ നോക്കിക്കാണാന്‍ അതിനു  കഴിയണം.അപ്പോഴാണ് പലപ്രവര്‍ത്തനങ്ങളും കുട്ടികള്‍ക്ക് ഗുണകരമല്ലെന്നോ എതിരാണെന്നോ ബോധ്യപ്പെടുക.അപ്പോള്‍ അത് തിരുത്തി മുന്നോട്ടുപോകാന്‍ കുട്ടികളുടെ പക്ഷത്ത് നിലയുറപ്പിക്കുന്ന ഒരു  വിദ്യാലയത്തിനു കഴിയും.കുട്ടികളുടെ വളര്‍ച്ചയേയും വികാസത്തേയും മുന്നില്‍ കണ്ടു കൊണ്ടായിരിക്കും  വിദ്യാലയ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം തീരുമാനിക്കുക. 

 അധ്യാപക കേന്ദ്രീകൃതമായ ഒരു ബോധന രീതി അത്തരം വിദ്യാലയങ്ങള്‍ക്ക് കൈയ്യൊഴിയേണ്ടതായി വരും.അറിവിന്റെ അധികാരം  അധ്യാപകനില്‍ കേന്ദ്രീകരിക്കുന്നതുകൊണ്ട് അത് കുട്ടികള്‍ക്ക് എതിരാണ്.ബഹുഭൂരിപക്ഷം കുട്ടികളേയും അത്  പിന്നോക്കക്കാരാക്കി മാറ്റും.മണ്ടന്മാര്‍ എന്ന മുദ്ര ചാര്‍ത്തപ്പെട്ട്  അവര്‍ വിദ്യാലയത്തില്‍ നിന്നും പുറത്തുപോകേണ്ടതായി വരും.

കുട്ടികളുടെ പക്ഷത്ത് നിലയുറപ്പിക്കുന്ന ഒരു വിദ്യാലയം അതിന്റെ  ക്ലാസുമുറികളെ ശാസ്ത്രീയവും നവീനവുമായ ബോധന സമ്പ്രദായങ്ങള്‍കൊണ്ട് പ്രകാശപൂര്‍ണ്ണമാക്കും. അതിന്റെ കേന്ദ്ര സ്ഥാനത്ത് കുട്ടികളായിരിക്കും.കുട്ടികള്‍ക്ക് തന്റെ പഠനത്തെ വിലയിരുത്തി മുന്നേറാനുള്ള ധാരാളം സന്ദര്‍ഭങ്ങള്‍ അതു തുറന്നിടും.കുട്ടികളുടെ അനുഭവങ്ങളെ പഠനത്തിനായി ഉപയോഗപ്പെടുത്തുന്നതിലൂടെ അത് എല്ലാവിഭാഗം കുട്ടികളേയും പഠനത്തില്‍ പങ്കാളികളാക്കും.ഓരോ കുട്ടിയുടേയും പഠനവേഗത പരിഗണിക്കുന്നതിലൂടെ അത് കുട്ടികളില്‍ വര്‍ദ്ധിച്ച ആത്മവിശ്വാസം നിറയ്ക്കും.പഠനത്തില്‍  മുന്നോക്കക്കാര്‍-പിന്നോക്കക്കാര്‍ എന്ന വിവേചനം അതിന്റെ  ക്ലാസുമുറിയില്‍ വെച്ചുപൊറുപ്പിക്കില്ല.



കുട്ടികളുടെ പക്ഷത്ത് നിലയുറപ്പിക്കുന്ന ഒരു വിദ്യാലയത്തിന് അച്ചടക്കത്തെക്കുറിച്ചുള്ള ശരിയായ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കാതെ വയ്യ.അച്ചടക്കത്തിന്റെ പേരില്‍ കുട്ടികളുടെ വായ മൂടിക്കെട്ടാന്‍ അതിനു കഴിയില്ല.അച്ചടക്കം അടിച്ചേല്‍പ്പിക്കേണ്ടതല്ല.അത് കുട്ടികളുടെ ഉള്ളില്‍ നിന്നും മുളപൊട്ടേണ്ടതാണ്.സ്വന്തം കടമകളെക്കുറിച്ചുള്ള ബോധ്യമാണത്.ഉത്തരവാദിത്തങ്ങള്‍ സ്വയം ഏറ്റെടുക്കാനും നിര്‍വ്വഹിക്കാനുമുള്ള കുട്ടികളുടെ കഴിവാണ് അച്ചടക്കം.സമൂഹവുമായി ഇടപെടുന്നതിനുള്ള അവസരം നല്‍കുന്നതിലൂടെയാണ് അത് വളര്‍ച്ച പ്രാപിക്കുന്നത്.



കുട്ടികളെ ശത്രുപക്ഷത്ത് നിര്‍ത്തുന്ന   ഒരു വിദ്യാലയത്തിന്  ജനാധിപത്യപരമാകുക അസാധ്യമാണ്.വിദ്യാലയത്തിന്റെ പ്രവര്‍ത്തന പദ്ധതികള്‍ രൂപപ്പെടുത്തുന്നതില്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമൊപ്പം വിദ്യാര്‍ത്ഥികള്‍ക്കും പങ്കാളിത്തമുണ്ടാകണം.ക്ലബ്ബ് പ്രവര്‍ത്തനങ്ങളുടെ നയപരിപാടികള്‍ രൂപപ്പെടുത്തുന്നതും അതിനു നേതൃത്വം കൊടുക്കുന്നതും
കുട്ടികളായിരിക്കണം.ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ചെയ്യാനുള്ള പ്രാപ്തി കുട്ടികള്‍ക്കില്ല എന്ന മുതിര്‍ന്നവരുടെ സാമാന്യബോധമാണ് ഇതിന് പലപ്പോഴും വിഘാതമായി നില്‍ക്കുന്നത്.ഇത് കുട്ടികളുടെ അറിവിനേയും കഴിവുകളേയും വിലകുറച്ചു കാണലാണ്.അത് മുതിര്‍ന്നവരുടെ ഒരു ശീലമാണ്.കുട്ടികള്‍ക്ക് വേണ്ടി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടവരാണ് നമ്മള്‍ എന്ന മുതിര്‍ന്നവരുടെ പൊള്ളയായ ഉത്തരവാദിത്തബോധത്തില്‍ നിന്നാണ് അതുണ്ടാകുന്നത്.



കുട്ടികളുടെ പക്ഷത്ത് നിലയുറപ്പിക്കുന്ന ഒരു  വിദ്യാലയം കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് പരമപ്രാധാന്യം നല്‍കും.കുട്ടികള്‍ക്ക് കളിക്കാനുള്ള അവസരം അതു നല്‍കും.പഠനംപോലെ പ്രധാനമാണ് കളിയും എന്നതായിരിക്കും അതിന്റെ മുദ്രാവാക്യം.കളിക്കാനുള്ള വിവിധങ്ങളായ ഉപകരണങ്ങളുടെ ഒരു ശേഖരം അവിടെയുണ്ടാകും.ഒപ്പം  കളിസ്ഥലവും.

ഉച്ചഭക്ഷണം കുറ്റമറ്റതും പോഷകസമൃദ്ധവുമായിരിക്കും.കുട്ടികള്‍കൂടി ഉള്‍പ്പെടുന്ന  ഒരു സംഘമായിരിക്കണം പാചകം മോണിറ്റര്‍ ചെയ്യുന്നതും അതിന്റെ മെനു തീരുമാനിക്കുന്നതും.കുട്ടികളുടെ പക്ഷം പിടിക്കുന്ന ഒരു വിദ്യാലയത്തിന് കൃഷിചെയ്യാതിരിക്കാന്‍ കഴിയില്ല.കൃഷിക്ക് നേതൃത്വം കൊടുക്കുന്നത് കുട്ടികളായിരിക്കും. വിഷം തീണ്ടാത്ത പച്ചക്കറികള്‍ ലഭ്യമാക്കുന്നതിലൂടെ ഉച്ചഭക്ഷണത്തില്‍ വിദ്യാലയം സ്വയം പര്യാപ്തമാകും.ഒപ്പം കൃഷിയുടേയും അധ്വാനത്തിന്റേയും പ്രാധാന്യം കുട്ടികള്‍ തിരിച്ചറിയും.


കുട്ടികളുടെ പക്ഷം പിടിക്കുന്നതിലൂടെ  ഒരു വിദ്യാലയം അതിന്റെ യാഥാസ്ഥിതിക നിലപാടുകളെ കയ്യൊഴിയുകയാണ് ചെയ്യുന്നത്.കുട്ടികളുടെ പക്ഷം എന്നത് തികച്ചും ജനാധിപത്യപരവും പുരോഗമനപരവുമായിരിക്കും.


No comments:

Post a Comment