ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Saturday, 9 July 2016

സ്നേഹം പൂക്കുന്ന മരങ്ങള്‍


ഈ ചിത്രത്തില്‍ നിന്നായിരുന്നു എനിക്ക് ക്ലാസ് ആരംഭിക്കേണ്ടിയിരുന്നത്.ആറാം ക്ലാസ് മലയാള പാഠപുസ്തകത്തിലെ(അടിസ്ഥാനപാഠാവലി)'സ്നേഹസ്പര്‍ശം' എന്ന ആദ്യ യൂണിറ്റിന്  ആമുഖമായി നല്‍കിയ ചിത്രം.

കുട്ടികളോട്  ചിത്രം നോക്കാന്‍ പറഞ്ഞു കൊണ്ട് ഇങ്ങനെ  ചോദിക്കാം:
ഈ ചിത്രം കാണുമ്പോള്‍ നിങ്ങള്‍ക്ക് എന്തു തോന്നുന്നു?ഇത് നല്‍കുന്ന സന്ദേശമെന്താണ്?
കുട്ടികള്‍ എന്തെങ്കിലുമൊക്കെ പറയും.പക്ഷേ,അതുകൊണ്ടായില്ല.
ചിത്രം കുട്ടികളുടെ മനസ്സില്‍ തറയ്ക്കണം. ചിത്രത്തെ കുട്ടികള്‍ അവരുടെ വൈകാരികാനുഭവങ്ങളുമായി ചേര്‍ത്തുവച്ച് വായിക്കണം.അതിന് എന്താണുചെയ്യുക?


 കുട്ടികളുടെ അനുഭവങ്ങളെ, ചില ചോദ്യങ്ങളിലൂടെ അവരുടെ ഓര്‍മ്മകളില്‍ നിന്നും ചികഞ്ഞെടുക്കാന്‍ കഴിയും.
അതിനപ്പുറത്ത് ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും അനുഭവങ്ങള്‍ ക്ലാസുമുറിയില്‍ കൊടുക്കാന്‍ കഴിയുമോ എന്നായിരുന്നു എന്റെ ആലോചന.
നേരനുഭവം സാധ്യമല്ല.പിന്നെ കൃത്രിമമായി അനുഭവങ്ങള്‍ ഉണ്ടാക്കാം.അതിന് നാടകവുമായി ബന്ധപ്പെട്ട ഒരു ചെറിയ കളിയെ  കൂട്ടുപിടിക്കണം.അപ്പോള്‍ അവരുടെ ഭാവന ഉണരും. ഭാവന അനുഭവങ്ങളെ മനസ്സില്‍ മെനഞ്ഞെടുക്കും.
എന്നിട്ട് വീണ്ടും ചിത്രത്തിലേക്കു വരണം.


 സ്നേഹം മുളപൊട്ടുമ്പോള്‍...

 

കുട്ടികളെ 12പേരുള്ള മൂന്നു ഗ്രൂപ്പുകളാക്കി.(ക്ലാസിലെ മുഴുവന്‍ കുട്ടികളെക്കൊണ്ടും ഒരുമിച്ചു ചെയ്യിക്കാനുള്ള സ്ഥല പരിമിതി മൂലമായിരുന്നു ഇങ്ങനെ ചെയ്തത്.)
ക്ലാസിലെ സ്ഥലം പരാവധി ഉപയോഗിച്ചു കൊണ്ട് കുട്ടികളോട് നടക്കാന്‍ പറഞ്ഞു.ഇടയ്ക്ക് ഞാന്‍ ചില നിര്‍ദ്ദേശങ്ങള്‍ നല്‍കി.


 ഒരു പ്രദേശത്തുകൂടി സഞ്ചരിക്കുന്ന അപരിചിതരായ ആളുകളാണ് നിങ്ങള്‍.(കുട്ടികള്‍ പരസ്പരം തൊടാതെ നടക്കുന്നു...)
എല്ലാ ദിവസവും നിങ്ങള്‍ കണ്ടുമുട്ടുന്നു..
(വീണ്ടും നടത്തം.നടക്കുന്നതിനിടയില്‍ പരസ്പരം കണ്ടുമുട്ടുന്നതായി ഭാവിക്കുന്നു.)
ഇന്നു നിങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ പരസ്പരം പുഞ്ചിരിക്കുന്നു...
(നടക്കുന്നു..പുഞ്ചിരിക്കുന്നു.)
അഭിവാദ്യം ചെയ്യുന്നു...
(നടക്കുന്നു..)
പരസ്പരം കൈ കൊടുക്കുന്നു...
(നടക്കുന്നു..)
ആലിംഗനം ചെയ്യുന്നു..
(നടക്കുന്നു..)
ഒരുമിച്ചിരുന്ന് സംസാരിക്കുന്നു.
(പാര്‍ക്കിലോ മറ്റോ ഇരിക്കുന്നു..സംസാരിക്കുന്നതായി മൈം ചെയ്യുന്നു)
സന്തോഷവും ദുഃഖവും പങ്കുവയ്ക്കുന്നു...
(ഓരോ സംഘവും മാറി മാറി ഈ പ്രവര്‍ത്തനം ചെയ്യുന്നു.)

 നിര്‍ദ്ദേശങ്ങള്‍ മുഴുവന്‍ ഒറ്റയടിക്ക് നല്‍കുകയല്ല ചെയ്യുന്നത്.ഓരോ പ്രവര്‍ത്തനത്തിനുശേഷവും സമയം നല്‍കി പതുക്കെയാണ് അടുത്തതിലേക്ക് പോകുക.

ഞാന്‍ കുട്ടികളെ നോക്കി. അവര്‍ക്ക് ഏറെ സന്തോഷം.ഈ കളി അവര്‍ നന്നായി ആസ്വദിച്ചിരിക്കുന്നു.

"നിങ്ങള്‍ ആദ്യം കണ്ടുമുട്ടിയവരാണോ അവസാനമായപ്പോഴേക്കും?എന്താണ് മാറ്റം?"ഞാന്‍ ചോദിച്ചു.
"നമ്മള്‍ നല്ല പരിചയക്കാരായി മാറി."ശ്രേയ പറഞ്ഞു.


"മാഷേ, ശരിക്കും ഞങ്ങള്‍ക്കിടയില്‍ ഒരു സ്നേഹബന്ധം വളര്‍ന്നു."അവിനാശ് പറഞ്ഞു.
"എപ്പോഴാണ് അത് വളര്‍ന്നത്?”
"പരസ്പരം ചിരിച്ചപ്പോള്‍,കൈകൊടുത്തപ്പോള്‍,കെട്ടിപ്പിടിച്ചപ്പോള്‍..."ആകാശ് പറഞ്ഞു.


"ഞാനും ആദിത്യയും ഒരു മരത്തണലില്‍ ഇരുന്ന് കുറേ നേരം സംസാരിച്ചു.അപ്പോഴാണ് ഞങ്ങള്‍ക്കിയില്‍ നല്ല സ്നേഹമുണ്ടെന്ന് മനസ്സിലായത്."സ്വാതി ലക്ഷ്മി പറഞ്ഞു.
മുകളില്‍ സൂചിപ്പിച്ചതൊന്നും കുട്ടികളുടെ യഥാര്‍ത്ഥ അനുഭവമല്ല.അവരുടെ ഭാവനയായിരുന്നു.എന്നാല്‍ അര്‍ജ്ജുന്‍ പറഞ്ഞത് നോക്കുക.
"മാഷേ,ഞാനും അതുലും ഇന്നു രാവിലെ പിണങ്ങിയിരുന്നു.കളി കഴിഞ്ഞതോടെ ഞങ്ങളുടെ പിണക്കം മാറി."
ഇത് ഈ കുട്ടികളുടെ യഥാര്‍ത്ഥ അനുഭവമാണുതാനും.


മുകളില്‍ സൂചിപ്പിച്ച കളി കുട്ടികളുടെ മനസ്സില്‍ ചില ചലനങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു.
'സ്നേഹസ്പര്‍ശം' എന്ന യൂണിറ്റിന്റെ ആമുഖ പേജില്‍ നല്‍കിയ  ചിത്രത്തിലേക്ക് ഞാന്‍ കുട്ടികളുടെ ശ്രദ്ധ കൊണ്ടുവന്നു.
"ഈ ചിത്രം സൂക്ഷിച്ച് നോക്കൂ.ചിത്രം കാണുമ്പോള്‍ നിങ്ങള്‍ക്ക് എന്തു തോന്നുന്നു?നിങ്ങളുടെ നോട്ടുപുസ്തകത്തില്‍ എഴുതാമോ?”


കുറച്ചുസമയം അവര്‍ ചിത്രത്തിലേക്ക് നോക്കിയിരുന്നു. പിന്നീട് എഴുതാന്‍ തുടങ്ങി.എല്ലാവരും നല്ല താത്പര്യത്തോടെയാണ് എഴുതുന്നത്.പത്തു മിനുട്ടിനകം അവര്‍ എഴുത്ത് പൂര്‍ത്തിയാക്കി.

 സ്വതവേ എഴുതാന്‍ വിമുഖത കാണിക്കാറുള്ള അര്‍ജുനും അതുലും  പുസ്തകത്തിലേക്കുതന്നെ ശ്രദ്ധിച്ച് അക്ഷരങ്ങള്‍ ഒന്നൊന്നായി പെറുക്കിക്കൂട്ടി എഴുതുകയാണ്.ആദ്യം കൊടുത്ത കളിയാണ് അവര്‍ക്ക് ഉണര്‍വ്വുണ്ടാക്കിയത്.

അനുശ്രീ എഴുതിയത് ഉറക്കെ വായിച്ചു.
"ആദ്യ ചിത്രം ഒരു മരത്തിന്റേതാണ്. രണ്ടു കൈകള്‍ കോര്‍ത്തുപിടിച്ച തടിയാണ് അതിനുള്ളത്.ഒരു സ്നേഹബന്ധമാണ് ഇവിടെ കാണുന്നത്.ഒരു മരത്തിന്റെ ഇലകള്‍ക്ക് തടിയോടുള്ള  സ്നേഹം പോലെയാണ് നമുക്ക്  മറ്റുള്ളവരോടുള്ള സ്നേഹം എന്നാണ് ഈ ചിത്രം പറയുന്നത്.”


ആദിത്യ എഴുതി:
'ഈ ചിത്രം കാണുമ്പോള്‍ എനിക്കു തോന്നുന്നത് മരങ്ങള്‍ അവരുടെ കൈകള്‍ പരസ്പരം കോര്‍ത്തു പിടിച്ചതുപോലെയാണ്.നമ്മുടെ കൂട്ടുകാരെ പരിചയപ്പെടുമ്പോഴുള്ള സൗഹൃദം,ഒരു അനുഭൂതി ഈ ചിത്രം കാണുമ്പോള്‍ ഉണ്ടാകുന്നു.'


'രണ്ടു സുഹൃത്തുക്കള്‍ തമ്മില്‍ കൈകോര്‍ക്കുന്നു. ഒരു സ്നേഹസ്പര്‍ശമാണ് ഇതില്‍ കാണാന്‍ സാധിക്കുന്നത്.ഒരു പാട് ദിവസങ്ങള്‍ കാണാതെ കാണുമ്പോഴുണ്ടാകുന്ന
സ്നേഹമാണ് ഈ ചിത്രത്തിലുള്ളത്.'ആകാശ് ഇങ്ങനെയാണ് കുറിച്ചിട്ടത്.


'മരത്തിന്റെ ശാഖകള്‍ തമ്മില്‍ കൈകോര്‍ത്തുനില്‍ക്കുന്നു.പിരിയാത്തവിധം ആലിംഗനം ചെയ്യുന്നതുപോലെ.എപ്പോഴും തമ്മില്‍ കാണുന്നതിനാല്‍ അവര്‍ തമ്മില്‍ ഒരു സ്നേഹബന്ധമാണ്.'അവിനാശ് എഴുതി.

 ചിത്രത്തില്‍നിന്നും സ്നേഹത്തിന്റെ വ്യത്യസ്തമായ തലങ്ങള്‍ വായിച്ചെടുക്കുകയാണ് കുട്ടികള്‍.അമ്മയും കുഞ്ഞും തമ്മിലുള്ള സ്നേഹം,പെണ്ണും ആണും തമ്മിലുള്ള സ്നേഹം,സഹോദരന്മാര്‍ക്കിയിലെ സ്നേഹം,കൂട്ടുകാര്‍ തമ്മിലുള്ള സ്നേഹം,കുട്ടികള്‍ക്കിയിലെ സ്നേഹം...ചിലര്‍ സ്നേഹത്തെ വ്യാഖ്യാനിക്കുകകൂടി ചെയ്യുന്നുണ്ട് .

സ്നേഹം ഒരു ദേവാലയം

 

നല്ല തുടക്കം കിട്ടിയിരിക്കുന്നു. പി.എന്‍.ദാസിന്റെ 'ജീവിതഗാനം' എന്ന പുസ്തകത്തിലെ 'സഹോദരശ്രുതി' എന്ന കുറിപ്പിലെ ഒരു കഥയാണ് പ്രവേശകപ്രവര്‍ത്തനമായി നല്‍കിയിരിക്കുന്നത്.സഹോദരന്മാര്‍ക്കിടയിലെ സ്നേഹത്തിന്റെ ആഴം ചുരുങ്ങിയവരികളില്‍ ഈ കഥ അനുഭവിപ്പിക്കുന്നുണ്ട്.
കഥയ്ക്ക് നല്‍കിയ ചിത്രത്തിലേക്ക് ഞാന്‍ കുട്ടികളുടെ ശ്രദ്ധ കൊണ്ടുവന്നു.


"ചിത്രം നോക്കൂ.ഈ ചിത്രത്തെ അടിസ്ഥാനപ്പെടുത്തി കഥ എന്തായിരിക്കുമെന്ന് ഊഹിക്കാമോ?”

'നേരത്തെ കഥ വായിച്ചു നോക്കിയവര്‍ പ്രതികരിക്കേണ്ടതില്ല'എന്ന നിര്‍ദ്ദേശവും നല്‍കി.കഥ നേരത്തെ വായിച്ചവര്‍ രണ്ടോ മൂന്നോ പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.


 "ഈ കഥയില്‍ രണ്ടു കഥാപ്പാത്രങ്ങളുണ്ടായിരിക്കണം.അവര്‍ നല്ല സുഹൃത്തുകളായിരിക്കും."വൈഷ്ണവ് പറഞ്ഞു.
"ഇത് ഒരമ്മയുടേയും കുഞ്ഞിന്റേയും സ്നേഹത്തിന്റെ കഥയായിരിക്കണം.” അശ്വതി പറഞ്ഞു.


"ഇത് നല്ല സ്നേഹമുള്ള രണ്ട് അയല്‍ക്കാരുടെ കഥയായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്."മാളവിക പറഞ്ഞു.
"ശരി..ശരി.. നമുക്ക് കഥവായിച്ചു നോക്കാം.”
കുട്ടികള്‍ വര്‍ദ്ധിച്ച താത്പര്യത്തോടെ നിശബ്ദമായി കഥാവായനയില്‍ മുഴുകി.


 കഥ അവര്‍ക്ക് ന്നായി ഇഷ്ടപ്പെട്ടിരിക്കുന്നുവെന്ന് അവരുടെ മുഖഭാവം കണ്ടപ്പോള്‍ എനിക്കു തോന്നി.

"മാഷെ,സ്നേഹം ഒരിക്കലും നശിക്കില്ല."അഖിലേഷ് പെട്ടെന്ന് എഴുന്നേറ്റുനിന്ന് പറഞ്ഞു."ഈ കഥയിലെ സഹോദരന്മാര്‍ അതാണ് നമ്മോട് പറയുന്നത്.”


ഞാന്‍ ആലോചിച്ചുവെച്ച തുടര്‍ചോദ്യങ്ങളെ അഖിലേഷിന്റെ പ്രതികരണം അപ്രസക്തമാക്കി.കുട്ടികള്‍ കഥയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നിരിക്കുന്നു.

രണ്ടോമൂന്നോ കുട്ടികള്‍ കഥ ഭാവതീവ്രതയോടെ ഉറക്കെ വായിച്ചു.
തുടര്‍ന്ന് എന്റെ ചോദ്യം
"കഥയുടെ  ചിത്രം ഇതിലെ ആശയവുമായി എത്രമാത്രം യോജിക്കുന്നുണ്ട്?സമര്‍ഥിക്കാമോ?”
കുട്ടികള്‍ കഥ ഒരിക്കല്‍കൂടി വായിച്ചു.കഥയേയും ചിത്രത്തേയും അടിസ്ഥാനപ്പെടുത്തിയുള്ള തങ്ങളുടെ നിരീക്ഷണങ്ങള്‍ കുറിച്ചിടാന്‍ തുടങ്ങി.


 അനുശ്രീ ചിത്രത്തേയും കഥയേയും തമ്മില്‍ ബന്ധിപ്പിച്ചത് ഇങ്ങനെയായിരുന്നു.

'ഈ ചിത്രവും സഹോദരശ്രുതി എന്ന കഥയും തമ്മില്‍ യോജിക്കുന്നുണ്ട്.ചിത്രം സൂചിപ്പിക്കുന്നത്  വേരുകള്‍ തമ്മില്‍ പിണഞ്ഞിരിക്കുന്നു.ഈ രണ്ടു മരങ്ങള്‍ രണ്ടു സ്ഥലത്തു നില്‍ക്കുന്നു.എന്നാലും അവരുടെ സ്നേഹം വേരിലൂടെ പ്രകടിപ്പിക്കുന്നു.ഇതിലെ വലിയ മരം ജ്യേഷ്ഠനും ചെറിയ മരം അനുജനുമാണ്.അനുജന്‍ വിവാഹിതനായിട്ടും ജ്യേഷ്ഠനെ സ്വന്തം ജീവനെക്കാളേറെ സ്നേഹിക്കുന്നു.അതുപോലെത്തന്നെ ജ്യേഷ്ഠനും.അനുജന്‍ അറിയാതെ ജ്യേഷ്ഠന്‍ അനുജനെ സഹായിക്കുന്നു.അതുപോലെത്തന്നെയാണ് ഈ ചിത്രവും.'


'സഹോദരശ്രുതി' എന്ന കഥയിലെ കേന്ദ്ര ആശയം ചിത്രത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് വിശകലനം ചെയ്യാന്‍ ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും കഴിഞ്ഞിരിക്കുന്നു.ചിത്രം സിംബോളിക്ക് ആണ്.അതുകൊണ്ടുതന്നെ അത് വിശകലനത്തിനുള്ള സാധ്യതകള്‍ തുറന്നിടുന്നു.  

സഹോദരന്മാര്‍ക്ക് രണ്ടു ഹൃദയങ്ങളാണെങ്കിലും അവരുടെ മനസ്സ് ഒന്നാണെന്നാണ് പിണഞ്ഞിരിക്കുന്ന വേരുകള്‍  സൂചിപ്പിക്കുന്നതെന്നായിരുന്നു ദേവനാരായണന്റെ കണ്ടെത്തല്‍.
സ്നേഹിക്കുന്ന ഹൃദയങ്ങളെ പരസ്പരം വേര്‍പെടുത്താന്‍ കഴിയില്ല എന്നാണ് ഈ കഥയും  ചിത്രവും സൂചിപ്പിക്കുന്നത് എന്നായിരുന്നു വിവേക് എഴുതിയതിന്റെ സത്ത.



കുട്ടികള്‍ കഥ വരയ്ക്കുന്നു..

 

"കഥയെ വേറെ ഏതെങ്കിലും രീതിയില്‍ നിങ്ങള്‍ക്ക് വരയ്ക്കാന്‍ കഴിയുമോ?”
‍ഞാന്‍ ചോദിച്ചു.
കുട്ടികള്‍ ഒരു നിമിഷം ആലോചിച്ചു.
കഥയിലെ സഹോദരന്മാരുടെ സ്നേഹത്തിന്റെ പരപ്പും ആഴവും വരയിലൂടെ ആവിഷ്ക്കരിക്കുക വിഷമകരമാണ്.
"ശ്രമിക്കാം സാര്‍.."കുട്ടികള്‍ പറഞ്ഞു.


ഞാന്‍ അവര്‍ക്ക് പേപ്പര്‍ നല്‍കി.നിറങ്ങള്‍ അവരുടെ കൈയിലുണ്ട്.
ചിലര്‍ വര ആരംഭിച്ചിരിക്കുന്നു. മറ്റുചിലര്‍ കഥ വീണ്ടും വായിച്ചുനോക്കുകയാണ്.ഇനിയും ചിലര്‍ മനസ്സിനെ ഏകാഗ്രമാക്കി കടലാസിലേക്ക് നോക്കിയിരിപ്പാണ്.

ഏതാണ്ട് മുക്കാല്‍ മണിക്കൂര്‍ സമയം കൊണ്ട് കുട്ടികള്‍ കഥ വരച്ചുതീര്‍ത്തു.വൈവിധ്യമാര്‍ന്ന നിരവധി ചിത്രങ്ങള്‍..! ചിത്രങ്ങള്‍കൊണ്ട് അവര്‍ കഥയെ വ്യാഖ്യാനിച്ചിരിക്കുന്നു.



ഞാന്‍ മനുവിന്റെ കടലാസിലേക്ക് നോക്കി.അത് ശൂന്യമാണ്.
അവന് ഒന്നും വരയ്ക്കാന്‍ കഴിയുന്നില്ല.
"മനു,എന്തു പറ്റി?"ഞാനവന്റെ അടുത്തുചെന്ന് ചോദിച്ചു.
"ഇന്നലെ അച്ഛന്‍ വരാമെന്നു പറഞ്ഞിരുന്നു.എന്റെ അനിയത്തിയെ കാണാന്‍ കൊണ്ടുപോകാമെന്നു പറഞ്ഞു.പക്ഷേ,വന്നില്ല സാര്‍.”
അവന്റെ കണ്ണ് നിറഞ്ഞുപോയി.



മനുവിന്റെ അമ്മ മരിച്ചപ്പോള്‍ അച്ഛന്‍ ഉപേക്ഷിച്ചു പോയതാണ്.അയാള്‍ വേറെ വിവാഹം കഴിച്ചു. അതിലൊരു കുട്ടിയുണ്ട്.മനുവിന്റെ സഹോദരി.അവളെ കാണണമെന്ന് അവന് അതിയായ ആഗ്രഹവുമുണ്ടായിരുന്നു.അവനത് ഇടക്കിടെ എന്നോടു പറയും.

മനുവിന്റെ മുന്നിലെ കടലാസില്‍ ഇപ്പോള്‍ കണ്ണുനീര്‍ പടര്‍ന്നു.അവന്‍ തല തിരിച്ച്,ജനാലയിലൂടെ പുറത്തെ മഴയിലേക്ക് നോക്കിയിരിപ്പാണ്.



അതുവരെ അവന്‍ ക്ലാസില്‍ സജീവമായിരുന്നു.അവന് നന്നായി വരയ്ക്കാനും കഴിയും.പിന്നെയെവിടെയാണ് ഉടക്കിപ്പോയത്?കഥവായിച്ചതിനു ശേഷമോ?പെട്ടെന്ന് അവന്‍ അച്ഛനെ ഓര്‍മ്മിക്കാന്‍ എന്തായിരിക്കും കാരണം?
ഉത്തരം കിട്ടിയില്ല.


ഇനി  ഓരോ കുട്ടിക്കും   തങ്ങളുടെ ചിത്രം മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് വിശദീകരിക്കാനുള്ള അവസരമായിരുന്നു.പക്ഷേ,ഞാനാ പ്രവര്‍ത്തനം വേണ്ടെന്നുവെച്ചു.പകരം ഓരോരുത്തരോടും ചിത്രത്തെക്കുറിച്ച് സ്വകാര്യമായി ചോദിച്ചു.അപ്പോള്‍ ഒരു കാര്യം എനിക്കു മനസ്സിലായി.എഴുത്തിലൂടേയും വരയിലൂടേയും കുട്ടികള്‍ കഥയുടെ ആത്മാവ് കണ്ടെത്തിയിരിക്കുന്നു.സ്നേഹം എന്ന വികാരത്തെ അവര്‍ വിശദീകരിക്കാന്‍ ശ്രമിച്ചിരിക്കുന്നു.ഒരു പക്ഷേ,മുതിര്‍ന്നവരേക്കാളും നന്നായി അത് കുട്ടികള്‍ക്കാണ് കഴിയുക.






3 comments:

  1. ബോധ്യത്തിന്റെ ആവിഷ്കാരമാണ് പഠനം എന്ന് വീണ്ടും ഓര്‍മിപ്പിക്കുന്ന അനുഭവം. കുട്ടി ഉളളിലേക്ക് വെളിച്ചം നിറയ്കുകയും അത് വിവിധരീതിയില്‍ പ്രകാശിതമായിത്തീരുകയും ചെയ്യുന്നു. ഇവിടെ കഥ പഠിപ്പിച്ചില്ല എന്നതാണ് ഏറ്റവും വലിയ പഠനം.

    ReplyDelete
  2. അനുഭവാധിഷ്ഠിത പഠനത്തിന്റെ സാധ്യത ഉപയോഗിച്ച് വൈകാരികമായ തലത്തിൽ സ്പർശിച്ചു കൊണ്ട് അവരിൽ സർഗ വസന്തം തീർക്കുന്നത് മനോഹരം തന്നെ.

    ReplyDelete