ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Sunday, 15 October 2017

തെളിഞ്ഞ ആകാശവും പറന്നുയരുന്ന പൂമ്പാറ്റകളും


ക്ലാസില്‍ പൂമ്പാറ്റകളുടെ നിര്‍മ്മാണം കുട്ടികള്‍ ഏറെ ആഹ്ലാദത്തോടെയായിരുന്നു ഏറ്റെടുത്തത്.അതിന് രണ്ടുകാരണങ്ങളുണ്ട്.ഒന്ന് കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്ന ജീവികളാണ് പൂമ്പാറ്റകള്‍.രണ്ടാമതായി അവര്‍ക്ക് അനായാസം ചെയ്യാവുന്ന രീതിയിലായിരുന്നു ഞാനാ പ്രവര്‍ത്തനം ആസൂത്രണം ചെയ്തത്.രണ്ടാമത്തേത് പ്രധാനമാണ്.ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും ഏറ്റെടുക്കാന്‍ കഴിയുന്ന ലാളിത്യം ഏതൊരു പഠനപ്രവര്‍ത്തനത്തിനുണ്ടായിരിക്കണം.

ഒന്നാം ക്ലാസിലെ 'മണവും മധുരവും' ഏന്ന മൂന്നാമത്തെ പാഠത്തില്‍ പൂക്കളും പൂമ്പാറ്റകളുമാണ് പ്രധാന കഥാപ്പാത്രങ്ങള്‍.ഈ കഥാപ്പാത്രങ്ങള്‍ കുട്ടികളുടെ മനസ്സില്‍ കയറിപ്പറ്റണം.അപ്പോഴാണ്  അവരുടെ ഭാവന ഉണരുക .അന്നേരം പൂക്കളേയും പൂമ്പാറ്റകളേയും ചുറ്റിപ്പറ്റി അവരുടെ ആലോചന വികസിക്കും.കുട്ടികളുടെ മനസ്സില്‍ ഭാഷ പൊട്ടിമുളയ്ക്കും.അതിനു കുട്ടികളില്‍ ഉറങ്ങിക്കിടക്കുന്ന സര്‍ഗ്ഗവാസനകളെ തൊട്ടുണര്‍ത്തണം.  

 കുട്ടികളെല്ലാവരും പൂമ്പാറ്റകളായി ക്ലാസിലെ പരിമിതമായ ഇടത്തിലൂടെ തട്ടിയും മുട്ടിയും വട്ടംചുറ്റി പറന്നു.പറക്കുന്നതിനിടയില്‍ ആദര്‍ശ് പറഞ്ഞു.

"മാഷേ,നോക്ക് എന്റെ  വലിയ ചിറക്..."അവന്‍ കൈ അകലത്തില്‍ വിടര്‍ത്തിക്കൊണ്ടാണ് പറക്കുന്നത്.


"മാഷേ,എന്റെ ഒരു ചിറക് ഒടിഞ്ഞുപോയി."അര്‍ജുന്‍ ഒരു കൈ മടക്കിപ്പിടിച്ച് മറ്റേകൈ ആയത്തില്‍ വീശിപ്പറന്നു.


"മാഷെ, ഞാനാണ് സുന്ദരിപ്പൂമ്പാറ്റ.”അവന്തിക പറക്കുന്നതിനിടയില്‍  പറഞ്ഞു.


അടുത്ത നിമിഷത്തില്‍ എല്ലാവരും പൂവുകളായി.സൂര്യനുനേരെ നോക്കി പുഞ്ചിരിക്കുന്ന പൂക്കള്‍.പൂക്കള്‍ കാറ്റില്‍ തലയാട്ടിരസിച്ചു.


 കുട്ടികള്‍ രണ്ടു സംഘങ്ങളായി.ഒരു സംഘം  പൂമ്പാറ്റകളായി.മറ്റുള്ളവര്‍ പൂക്കളും.പൂമ്പാറ്റകള്‍ പൂക്കളില്‍ നിന്നും തേന്‍ കുടിക്കാന്‍ വന്നു.പൂക്കള്‍ അവര്‍ക്ക് വയറു നിറച്ചും തേന്‍ നല്‍കി.

അല്പ സമയം വിശ്രമം.
പിന്നീട് പൂമ്പാറ്റകളെക്കുറിച്ചുള്ള ചര്‍ച്ച.ചില കുട്ടികള്‍ക്കൊക്കെ പൂമ്പാറ്റകളുടെ ജീവിതചക്രത്തെ കുറിച്ചറിയം.അവര്‍ക്ക് എവിടെ നിന്നോ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്.


ഇനിയാണ് പൂമ്പാറ്റകളുടെ നിര്‍മ്മാണം.A4 പേപ്പറില്‍ പൂമ്പാറ്റകളുടെ കട്ടൗട്ട്  ഞാന്‍ നേരത്തെ തയ്യാറാക്കി വെച്ചിരുന്നു.എല്ലാവര്‍ക്കും കട്ടൗട്ടുകള്‍ നല്‍കി.അതിന് സ്കെച്ച് പേന കൊണ്ട് എങ്ങനെയാണ് ഔട്ട് ലൈന്‍ വരക്കേണ്ടതെന്ന് പറഞ്ഞുകൊടുത്തു.

കുട്ടികള്‍ ആഹ്ലാദത്തോടെ വര തുടങ്ങി.കട്ടൗട്ടുകളെല്ലാം ഒരുപോലെയാണെങ്കിലും അതില്‍ സ്കെച്ച് പേനകൊണ്ട് ആലേഖനം ചെയ്യപ്പെടുന്ന അവരുടെ തെളിഞ്ഞവരകള്‍ വ്യത്യസ്തമാണ്.ഓരോരുത്തരുടേയും മനസ്സില്‍ ഉറങ്ങിക്കിടക്കുന്ന പൂമ്പാറ്റകള്‍.ചിറകിലെ പുള്ളികള്‍,മുഖഭാവം,വയറിലെ വരകള്‍...എല്ലാം ഒന്നിനൊന്നു വ്യത്യസ്തം.



 കുട്ടികള്‍ എല്ലാം മറന്ന് പുമ്പാറ്റയ്ക്ക് നിറം നല്‍കുന്നതില്‍ മുഴുകി.വൈവിധ്യമാര്‍ന്ന നിറങ്ങള്‍കൊണ്ട് അവര്‍ ചിറകുകള്‍ മനോഹരമാക്കി.
നിറം കൊടുക്കുന്നതിനിടയില്‍ പ്രജ്വല്‍ വിളിച്ചുപറഞ്ഞു.
"മാഷേ നോക്ക്,ഇവന്‍  ഓരോ ചിറകിനും ഓരോ നിറം കൊടുത്തിരിക്കുന്നു.”കാര്‍ത്തിക്കിന്റെ ചിത്രത്തിലേക്ക് ചൂണ്ടിക്കൊണ്ടാണ് അവന്‍ പറഞ്ഞത്.
അപ്പോഴാണ് ഞാനും അത് ശ്രദ്ധിച്ചത്.പൂമ്പാറ്റയുടെ സിമ്മെട്രിയെക്കുറിച്ച് കുട്ടികള്‍ക്ക് ധാരണയുണ്ടോ?



മൂന്നു കുട്ടികള്‍ ഒഴികെ ബാക്കിയെല്ലാവരും  സിമ്മെട്രി പാലിച്ചു കൊണ്ടാണ് നിറം നല്‍കിയിരിക്കുന്നത്.വലതു ഭാഗത്തെ ചിറകിനുകൊടുത്ത അതേ നിറം തന്നെയാണ് ഇടതുഭാഗത്തും കൊടുത്തത്.അത് കുട്ടികളുടെ നിരീക്ഷണത്തില്‍ നിന്നും അവര്‍ നേടിയെടുത്ത അറിവാണ്.മറ്റു മൂന്നു കുട്ടികളില്‍ ആധാരണ രൂപീകരിക്കപ്പെട്ടിട്ടില്ല എന്നു വേണം കരുതാന്‍.പക്ഷേ,ആസമയത്ത് ഞാനത് അവരുടെ ശ്രദ്ധയില്‍ പെടുത്തിയില്ല.പിന്നീട് പറയാമെന്നു കരുതി.

 കുട്ടികള്‍ പുമ്പാറ്റകളെ സ്വന്തം കുഞ്ഞിനെയെന്നപോലെ മാറോടടുക്കിപ്പിടിച്ച് നടക്കുകയാണ്.ഓരോരുത്തരും പുമ്പാറ്റകളെ പേരിട്ട് വിളിക്കുന്നു.
"മാഷേ,ഇതെന്റെ ചിന്നുപ്പൂമ്പാറ്റ."നിവേദ്യ പറഞ്ഞു.
"ഇത് മിന്നു."ശ്രേയ അവളുടെ പുമ്പാറ്റയെ ഉയര്‍ത്തിപ്പിടിച്ച് പറഞ്ഞു.
"ഇത് ചക്കരപ്പൂമ്പാറ്റ... ."അര്‍ജുന്‍ പറഞ്ഞു.
..........................................

എല്ലാവരും അവരവരുടെ പൂമ്പാറ്റയുടെ പേരുകള്‍ തറയില്‍ ചോക്കുകൊണ്ട് എഴുതി.


 കുട്ടികള്‍ വട്ടത്തില്‍ ഇരുന്നു. ഇനി ഓരോരുത്തരും തങ്ങളുടെ പൂമ്പാറ്റകളെ പരിചയപ്പെടുത്തണം.ഓരോന്നിന്റേയും പ്രത്യകതകള്‍ പറഞ്ഞ്.
"ഇത് എന്റെ കൂട്ടുകാരി പാറുപ്പൂമ്പാറ്റ.ഇവളുടെ ചിറകിന്റെ നിറം മഞ്ഞയാണ്.ഇവള്‍ സുന്ദരിയാണ്.അതില്‍ നീലപുള്ളികളുണ്ട്.ഇവള്‍ വേഗത്തില്‍ പറക്കും.ഇവള്‍ക്ക് തേന്‍ ഇഷ്ടമാണ്.”
ദര്‍ശന തന്റെ പുമ്പാറ്റയെ ഉയര്‍ത്തിപ്പിടിച്ച് പറഞ്ഞു.

"ഈ പൂമ്പാറ്റയുടെ പേരാണ് ഉണ്ണി.നീല നിറമാണ് ഇതിന്. കറുത്ത പുള്ളികളുണ്ട്.ഇതിന്റെ  കൊമ്പ് നീണ്ടിട്ടാണ്.ഇത് ആകാശത്തിലൂടെ പറക്കും.”

സൂര്യനാഥ് പറഞ്ഞു.
അതുവരെ എല്ലാപൂമ്പാറ്റകളും പെണ്ണായിരുന്നു.ആദ്യമായി ഒരു ആണ്‍ പൂമ്പാറ്റയെ കണ്ടു.

 ഇതുപോലെ ഓരോരുത്തരും തങ്ങളുടെ പൂമ്പാറ്റകളെ പരിചയപ്പെടുത്തി.
തുടര്‍ന്ന് ഞാന്‍ തയ്യാറാക്കിയ അമ്മുപ്പൂമ്പാറ്റയുടെ കട്ടൗട്ട് കുട്ടികളുടെ മുന്നില്‍ അവതരിപ്പിച്ചു.അതിന്റെ  പ്രത്യേകതകള്‍ ചര്‍ച്ച ചെയ്തു.കുട്ടികള്‍ പറഞ്ഞ വാചകങ്ങള്‍  ചാര്‍ട്ടിലെഴുതി.അങ്ങനെ ആ യൂണിറ്റിലെ ആദ്യ പാഠം രൂപീകരിച്ചു.

ഇനി പൂമ്പാറ്റകള്‍ കുട്ടികളുടെ മനസ്സില്‍ പറന്നു നടക്കും.അവരുടെ ഭാവനയെ തൊട്ടുണര്‍ത്തിക്കൊണ്ട്.അത് അവരില്‍ നല്ല ഭാഷയുടെ പൂങ്കുലകള്‍ വിരിയിക്കും.കുട്ടികള്‍  തെളിഞ്ഞ ആകാശവും നിറയെ പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന പൂന്തോട്ടവും സ്വപ്നം കാണും..
അപ്പോഴാണ് പാഠം അവരുടെ മനസ്സില്‍ കയറിപ്പറ്റുക.അതില്‍ നിന്നും പുതിയ അനേകം പാഠങ്ങള്‍ രൂപം കൊള്ളുക..






See Videos
 ശലഭോദ്യാനം 1

ശലഭോദ്യാനം 2 



No comments:

Post a Comment