ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Saturday, 30 September 2017

ഉറുമ്പുകളുടെ പുസ്തകം



ഒന്നാം ക്ലാസിലെ കുട്ടികള്‍ ഒരു പുസ്തകം തയ്യാറാക്കി.'അരിമണിതേടി മണിയന്‍' എന്നാണ് പുസ്തകത്തിന്റെ പേര്.കുട്ടികളുമായി ചര്‍ച്ചചെയ്ത് രൂപപ്പെടുത്തിയ ആശയത്തിന്റെ  അടിസ്ഥാനത്തില്‍ അതിന്റെ പാഠം തയ്യാറാക്കിയത് ഞാനായിരുന്നു.പാഠം സ്വയം വായിച്ച് ഇല്ലസ്ട്രേഷന്‍ ചെയ്തത് കുട്ടികളും.പിന്നീട് അവര്‍ കടലാസുതാളുകളിലെ പാഠങ്ങളെ ക്രമപ്പെടുത്തി ഒരു കഥയാക്കി മാറ്റി.കഥയെ പുസ്തകരൂപത്തില്‍ തുന്നിക്കെട്ടി.

മണിയനുറുമ്പ് എന്ന കഥാപ്പാത്രം കുട്ടികളുടെ മനസ്സില്‍ കയറിപ്പറ്റിയപ്പോഴാണ് പാഠവും പുസ്തകവും രൂപം കൊണ്ടത്.


മണിയനുറുമ്പ് അമ്മയെ കാണാന്‍ പോകുന്ന ഒരു കഥാസന്ദര്‍ഭമുണ്ട് 'മഴമേളം' എന്ന പാഠഭാഗത്ത്.യാത്രക്കിടയില്‍ കാലുവഴുതി അവന്‍ പുഴയില്‍ വീഴുന്നു.കമലയും വിമലയും ഇതു കാണുന്നു.അവര്‍ കടലാസു വഞ്ചിയിറക്കുന്നു.മണിയന്‍ അതില്‍ കയറി തുഴഞ്ഞ് രക്ഷപ്പെടുന്നു.

കുട്ടികളെല്ലാവരും മണിയനുറുമ്പ് എന്ന് നിലത്ത് ചോക്കുകൊണ്ട് എഴുതി.

അവര്‍ മണിയനുറുമ്പായി നടന്നു.ക്ലാസിലെ ബെഞ്ചുകളെ പുഴക്കരയായി സങ്കല്‍പ്പിച്ച് അതില്‍ കയറി വരിവരിയായി നടന്നു.കാലുവഴുതി മണിയന്‍ പുഴയില്‍ 'ബ്ലും' എന്നു വീണു. വെള്ളത്തില്‍ മുങ്ങിത്താണു.പെട്ടെന്ന് വഞ്ചിവന്നു.വഞ്ചിയില്‍ കയറി തുഴഞ്ഞു രക്ഷപ്പെടുന്നതായി കളിച്ചു.


 മണിയനുറുമ്പ് കുട്ടികളുടെ തലക്കു പിടിച്ചു.അവര്‍ മണിയനെക്കുറിച്ചു തന്നെ ആലോചിച്ചു.
"മണിയന്‍ പുഴക്കരയിലൂടെ നടക്കുമ്പോള്‍ എന്തായിരിക്കും ആലോചിച്ചിട്ടുണ്ടാകുക?”
ഞാന്‍ ചോദിച്ചു.


"അമ്മ വീട്ടില്‍ത്തന്നെ ഉണ്ടാവോ?ഏടെങ്കിലും പോയിട്ടുണ്ടാവോ?"ദര്‍ശന പറഞ്ഞു.
"മണിയന്റെ കൈയില്‍ മുട്ടായിയുണ്ട്.അത് അമ്മക്ക് കൊടുക്കണം."ശിവനന്ദ പറഞ്ഞു.
"അമ്മക്ക് ഒരുമ്മ കൊടുക്കണം."പ്രജ്വല്‍ പറഞ്ഞു.
"അമ്മക്ക് നല്ല തല്ല് കൊടുക്കണം."ആദിദേവ് പറഞ്ഞു.
"അതെന്തിനാ?”
"മണിയനെക്കൂട്ടാണ്ട് അമ്മ കല്യാണത്തിന് പോയതൊണ്ട്.”

കുട്ടികളുടെ പ്രതികരണങ്ങള്‍ കേട്ടപ്പോള്‍ ചിരിച്ചുപോയി.സ്വന്തം അനുഭവങ്ങളുമായി ബന്ധിപ്പിച്ചാണ് അവര്‍ പറയുന്നത്.

ഇനി മണിയനുറുമ്പിനെ ഉണ്ടാക്കണം.കടലാസുകൊണ്ടാവാം.


 ഉറുമ്പിന്റെ ശരീരഭാഗങ്ങള്‍  നിറമുള്ള കടലാസില്‍ നേരത്തെ വെട്ടിയെടുത്ത്  കരുതുവെച്ചിരുന്നു ഞാന്‍.മൂന്നു കുട്ടികള്‍ വീതമുള്ള ഏഴു ഗ്രൂപ്പുകള്‍ക്ക്  നല്‍കാന്‍ പാകത്തില്‍.ഒരു ഗ്രൂപ്പിനു ഒരു സെറ്റ്.
നിറമുള്ള കടലാസു തുണ്ടുകള്‍ കൈയില്‍ കിട്ടിയപ്പോള്‍ കുട്ടികള്‍ക്ക് സന്തോഷം.കിട്ടിയ കടലാസു തുണ്ടുകള്‍ ഒരു ജിഗ്സോ പസില്‍ പോലെ ഓരോ ഗ്രൂപ്പും കൂട്ടിയോജിപ്പിച്ച് വച്ച് നോക്കി.ഒരു ഉറുമ്പിന്റെ രൂപം വരുന്നുണ്ടോ?

"ഇത് ഉറുമ്പെന്നെ മാഷേ..നമ്മളെ മണിയന്‍.."അഭിനന്ദ് പറഞ്ഞു.
"അതെ മണിയന്‍ തന്നെ.."അവര്‍ വിളിച്ചു പറഞ്ഞു.അവര്‍ക്ക് സന്തോഷം അടക്കാന്‍ കഴി‍ഞ്ഞില്ല.


പിന്നീട് ഓരോ ഭാഗവും കാര്‍ഡ് ഷീറ്റില്‍ ഒട്ടിച്ച് അവര്‍ ഉറുമ്പിനെ ഉണ്ടാക്കി.


 ഇനി കാലുകളും കൊമ്പുകളും വേണം.
"മാഷേ,ഉറുമ്പിന് എത്ര കാല്ണ്ട്?"നിവേദ്യയുടേതാണ് ചോദ്യം.


ചോദ്യം ഞാന്‍ എല്ലാവരോടുമായി ചോദിച്ചു."ഉറുമ്പിന് എത്ര കാല്ണ്ട്?”


നാല് എന്നായിരുന്നു കുട്ടികളുടെ ഉത്തരം.
മൊബൈല്‍ ഫോണിലെ ഉറുമ്പിന്റെ വലിയ ചിത്രം ഞാനവര്‍ക്ക് കാണിച്ചുകൊടുത്തു.


കുട്ടികള്‍ കാലുകള്‍ എണ്ണിനോക്കി.
നിറമുള്ള കടലാസില്‍ നിന്നും ആറുകാലുകള്‍ കീറിയെടുത്ത് അവര്‍ മണിയനുറുമ്പിനു പിടിപ്പിച്ചു.രണ്ടു കൊമ്പുകളും.


സ്കെച്ച് പേന കൊണ്ട് കണ്ണുകള്‍ വരച്ചു.മറ്റ് ചിത്രപ്പണികള്‍ ചെയ്തു.
"മാഷേ,ഇപ്പം ഇതു ശരിക്കും മണിയനായി."അവന്തിക പറഞ്ഞു.
കുട്ടികള്‍ തങ്ങളുടെ മണിയനെ നെഞ്ചോടു ചേര്‍ത്തുപിടിച്ച് നടന്നു.

കുട്ടികളുടെ ഏഴു സൃഷ്ടികളും ഞാന്‍ ക്ലാസിനു മധ്യത്തില്‍ നിരത്തിവെച്ചു.എല്ലാം ഒരു പോലെയായിരിക്കും എന്നായിരുന്നു ഞാന്‍ ആദ്യം കരുതിയത്.പക്ഷേ,അങ്ങനെയല്ല.കുട്ടികള്‍ ഒട്ടിച്ചതിലെ വ്യത്യാസം കൊണ്ട് ഓരോ മണിയനും ചില്ലറ വ്യത്യാസങ്ങളുണ്ട്.അതേതായാലും നന്നായി.



കുട്ടികള്‍ തങ്ങളുടെ സൃഷ്ടികളെ നോക്കി ഓരോ അഭിപ്രായങ്ങള്‍ പറയുകയാണ്..

"മണിയന്‍ എന്താണു ചെയ്യുന്നത്?”
ഞാന്‍ ചോദിച്ചു.


"നടന്നു പോകുന്നു.."അര്‍ജുന്‍ പറഞ്ഞു.
"എങ്ങോട്ട്?”
"എങ്ങോട്ടോ‍‍...”
"എന്തിനാ നടക്കുന്നത്?”
"അരിമണി നോക്കീറ്റ്.അതിന് വെശക്ക്ന്ന്."ആദര്‍ശ് പറഞ്ഞു.


"അയിന്റെ കൂട്ടില് മഴവെള്ളം കേറി.അപ്പോ തിന്നാനൊന്നും ഇല്ലാണ്ടായി.."സൂര്യജിത്ത് പറഞ്ഞു.


ഈ ചര്‍ച്ച ധാരാളം മതിയായിരുന്നു.ഒരു പാഠം എഴുതാനുള്ള കോപ്പായി.
കുട്ടികള്‍ കാണാതെ ഓരോ കാര്‍ഡിലും ഓരോ പാഠം ഞാന്‍ എഴുതിയുണ്ടാക്കി.

1.മണിയന്‍ നടന്നു 2.നല്ല വിശപ്പ്.അരിമണി വേണം. 3.തോടും വഴിയും  കടന്നു 4.പുഴയും മലയും കടന്നു.5.അരിമണി എവിടെ? 6.നടന്നു നടന്നു വയലിലെത്തി.7.അതാ അരിമണി.മണിയന്‍ ചിരിച്ചു.


 കുട്ടികള്‍ കാണുകയും എഴുതുകയും ചെയ്ത അക്ഷരങ്ങളും പദങ്ങളും ഉപയോഗിച്ചു കൊണ്ടായിരുന്നു ഞാന്‍ പാഠങ്ങള്‍ തയ്യാറാക്കിയത്.

ഓരോ കാര്‍ഡും നേരത്തെയുള്ള ഗ്രൂപ്പിനു നല്‍കി.പാഠം സ്വയം വായിച്ചുനോക്കാന്‍ പറഞ്ഞു.
പാഠം കുട്ടികള്‍ക്ക് സ്വന്തമായി വായിക്കാന്‍ കഴിയുന്നു എന്നത് എന്നെ സന്തോഷിപ്പിച്ചു.കാര്‍ഡുകള്‍ പരസ്പരം കൈമാറി എല്ലാ ഗ്രൂപ്പും എല്ലാ കാര്‍ഡുകളും വായിച്ചു.

ഇനി ഓരോ പാഠത്തിനും യോജിച്ച ചിത്രം വരച്ചു ചേര്‍ക്കണം.
ഒന്നാം ഗ്രൂപ്പിന്റെ  കൈയില്‍ കിട്ടിയ കാര്‍ഡ് കുട്ടികള്‍ ഉറക്കെവായിച്ചു.
"മലയും പുഴയും കടന്നു.”
"ഇതിന് എന്തു ചിത്രം വരയ്ക്കും?”
"ഉറുമ്പിനടുത്തായി മലേം പുഴേം വരക്കണം."കുട്ടികള്‍ പറഞ്ഞു.
ഇതു പോലെ ഓരോ ഗ്രൂപ്പും വരക്കാനുദ്ദേശിക്കുന്ന ചിത്രത്തെക്കുറിച്ചു ചര്‍ച്ച ചെയ്തു.
കുട്ടികള്‍ ഗ്രൂപ്പില്‍ വര തുടങ്ങി.


പരസ്പരം സഹകരിച്ചുകൊണ്ട് പ്രവര്‍ത്തനം ചെയ്യാന്‍ കുട്ടികള്‍ കഴിവു നേടിയിരിക്കുന്നു.അവര്‍ എല്ലാവര്‍ക്കും അവസരം നല്‍കുന്നു.നിറങ്ങളും സ്കെച്ച് പേനകളും മറ്റും പരസ്പരം ഷേയര്‍ ചെയ്യുന്നു.

പുസ്തകത്തിന്റെ കവര്‍ പേജും ഞാന്‍ കുട്ടികള്‍ക്ക് ഇല്ലസ്ട്രേഷന്‍ ചെയ്യാനായി നല്‍കി.അരിമണി തേടി മണിയന്‍.
അരമണിക്കൂര്‍കൊണ്ട് കുട്ടികള്‍ ഇല്ലസ്ട്രേഷന്‍ പൂര്‍ത്തിയാക്കി.


 തുടര്‍ന്ന് എല്ലാ പേജുകളും ഡിസ് പ്ലേ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചു.അതിനു മുന്നിലായി കുട്ടികള്‍ ഇരുന്നു.വ്യക്തിഗത വായനയ്ക്ക് അവസരം നല്‍കി.
"ഇനി ഈ കഥയിലെ സംഭവങ്ങളെ നമുക്ക് ക്രമത്തിലാക്കണം.ആദ്യം ഏതു പേജാണ് വേണ്ടത്?"ഞാന്‍ ചോദിച്ചു.
"മണിയന്‍ നടന്നു.."
"നല്ല വിശപ്പ് അരിമണി വേണം."
"പുഴയും മലയും കടന്നു..."
കുട്ടികള്‍ വിളിച്ചുപറയാന്‍ തുടങ്ങി.

അവര്‍ നിര്‍ദ്ദേശിച്ച രീതിയില്‍തന്നെ പേജുകള്‍ ക്രമത്തിലാക്കി തുന്നിക്കെട്ടി ഒരു പുസ്തകമാക്കി.
പുസ്തകം കണ്ടപ്പോള്‍ കുട്ടികള്‍ക്ക് സന്തോഷം.
അത് വായിക്കാന്‍ അവര്‍ തിരക്കുകൂട്ടി.
അവരുടെ സ്വന്തം പുസ്തകം.ആദ്യത്തെ പുസ്തകം.
ഉറുമ്പുകളുടെ പുസ്തകം..










മണിയനുറുമ്പ് VIDEO


1 comment:

  1. ആസ്വാദ്യം
    മനോഹരം
    കുട്ടികൾക്ക് കിട്ടിയ സൗഭാഗ്യം ഈ പഠനാനുഭവം

    ReplyDelete