ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Saturday, 23 September 2017

ഒരു പൂക്കളത്തില്‍ എന്തിരിക്കുന്നു?



ഒരു പൂക്കളത്തില്‍ എന്തു കാര്യം എന്നല്ലേ?
കാര്യമുണ്ട്. പറയാം.പ്രത്യേകിച്ചും ഒന്നാം ക്ലാസുകാര്‍ പൂക്കളം തീര്‍ക്കുമ്പോള്‍.

ഒന്നാം ക്ലാസിലെ  കുട്ടികളെല്ലാവരും ചേര്‍ന്നാല്‍ ഒരു പൂക്കളം തന്നെയായിരിക്കുമോ ഉണ്ടാകുക?
ബഹളമയമായിരിക്കും.
ഞാനിടാം..ഞാനിടാം..എന്നു തമ്മിലടിയായിരിക്കും.
പൂക്കള്‍ നിലത്ത് ചിതറും.ചതഞ്ഞരയും.
പരാതിയും പരിഭവവും കരച്ചിലും കൊണ്ട് പൂക്കളം അലങ്കോലമാകും.ഓണാഘോഷം കുഞ്ഞുങ്ങളുടെ കണ്ണീരില്‍ കുതിരും.





പക്ഷേ, ഒന്നും സംഭവിച്ചില്ല.അവരെന്നെ അമ്പരപ്പിച്ചുകൊണ്ട് മനോഹരമായ പൂക്കളമുണ്ടാക്കി.മാവേലിയെ എതിരേല്‍ക്കാന്‍ ഓണപ്പാട്ടുകള്‍ പാടി.


 സ്ക്കൂളിലെ ഓണാഘോഷ പരിപാടിയില്‍ ഓരോ ക്ലാസും പൂക്കളമുണ്ടാക്കണം.മത്സരമാണ്.
കുട്ടികളോട് നാടന്‍ പൂക്കള്‍ ശേഖരിക്കാനായിരുന്നു പറഞ്ഞത്.

അവര്‍ വേണ്ടത്ര പൂക്കള്‍ കൊണ്ടുവരുമോ എന്നായിരുന്നു എന്റെ ആശങ്ക.

രാവിലെ ക്ലാസിലേക്ക് ചെന്നപ്പോള്‍ എല്ലാവരും നല്ല ഉത്സാഹത്തിലാണ്.കുളിച്ച്,കുറിതൊട്ട്,പുത്തന്‍ കുപ്പായവുമണിഞ്ഞാണ്  കുട്ടികള്‍ വന്നിരിക്കുന്നത്.എല്ലാവരുടേയും കൈകളില്‍ ഓരോ കൊട്ടയുണ്ട്.
"മാഷേ,ദാ കോളാമ്പിപ്പൂവും ചെമ്പരത്തിപ്പൂവും...."അവന്തിക പുക്കൊട്ട എനിക്കുനേരെ ഉയര്‍ത്തിക്കാണിച്ചു.
"മാഷേ,ഇതാണ് ഹനുമാന്‍ കിരീടം..."സൂര്യനാഥ് ഒരു കുലപ്പൂവ് കൊട്ടയില്‍ നിന്നും പുറത്തെടുത്തു.



 ഓരോരുത്തരും അവര്‍ കൊണ്ടുവന്ന പൂക്കള്‍ എനിക്കുമുന്നില്‍ നിരത്തി.
കമ്മല്‍പ്പൂ,കാശിത്തുമ്പ,ജമന്തി,മല്ലിക,അരിപ്പു,മീശപ്പൂ,സുഗന്ധരാജന്‍,കൃഷ്ണപ്പൂ....

എല്ലാം നാടന്‍ പൂക്കള്‍.ഓരോരുത്തരുടേയും കൈകളിലുണ്ട് വൈവിധ്യമാര്‍ന്ന പൂക്കളുടെ ശേഖരം.എല്ലാത്തിന്റേയും പേരുകള്‍ കുട്ടികള്‍ക്ക് മനഃപാഠമാണ്.പുല്ലൂര്‍ പ്രദേശത്ത് ഇത്രയും പൂക്കളുടെ വൈവിധ്യം ഇപ്പോഴും നിലനില്‍ക്കുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി.
ആരാണ് പൂക്കള്‍ ശേഖരിക്കാന്‍ നിങ്ങളെ സഹായിച്ചത്?‍ഞാന്‍ ചോദിച്ചു.
"എന്റെ അമ്മൂമ്മയും പൂക്കള്‍ പറിക്കാന്‍ കൂടെ വന്നു.”
ദര്‍ശന പറഞ്ഞു.
"എന്റെ ഏച്ചി."ഗോകുല്‍ പറഞ്ഞു.
"അമ്മ "
"അച്ഛന്‍"
കുട്ടികള്‍ക്ക് പൂക്കള്‍ ശേഖരിച്ച വിവരങ്ങള്‍ ഒരുപാട് പറയാനുണ്ട്.


ഇനി ഒരു പോലുള്ള പൂക്കളെല്ലാം ഒരുമിച്ചുചേര്‍ത്ത് തൊല്ലിയിടണം.
കുട്ടികള്‍ സംഘം ചേര്‍ന്നിരുന്നു. ഒരേ ഇനത്തിലും നിറത്തിലും പെടുന്ന പൂക്കളൊക്കെ തരംതിരിക്കാന്‍ തുടങ്ങി.ഞാന്‍ മറ്റു ക്ലാസുകളിലൂടെ ഒന്നു ചുറ്റിക്കറങ്ങി വരുമ്പോഴേക്കും കുട്ടികള്‍ നല്ല അച്ചടക്കത്തോട ജോലി തുടരുകയാണ്.

കുട്ടികള്‍ ഇങ്ങനെ അടങ്ങിയിരിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല.പൂക്കളുടെ വര്‍ണ്ണവും ഭംഗിയും ഉണ്ടാക്കാന്‍ പോകുന്ന പൂക്കളത്തെക്കുറിച്ചുള്ള ആകാംഷയും അവരെ പിടിച്ചിരുത്തിയിരിക്കുന്നു.


 ഇനി പൂക്കളം തയ്യാറാക്കണം.
തറയില്‍ വട്ടം വരച്ച് കൊടുക്കേണ്ടിവരുമോ?
വട്ടം വരക്കാതെ കുട്ടികള്‍ക്ക് വൃത്താകൃതിയില്‍ പൂക്കള്‍ ക്രമീകരിക്കാന്‍ കഴിയുമോ?
‍‍‍ഞാന്‍  വരച്ചുകൊടുത്ത വൃത്തത്തില്‍ പൂക്കള്‍ ക്രമീകരിക്കുന്നതില്‍ കാര്യമില്ല.
അവര്‍ സ്വയം ചെയ്യട്ടെ.എന്താകുമെന്ന് നോക്കാലോ..


 കുട്ടികള്‍ പൂക്കളം തയ്യാറാക്കാനുള്ള  ഒരുക്കത്തിലാണ്..പ്രജ്വലും നിവേദ്യയും ഗോകുകുലും വിഷ്ണുവും ദേവദര്‍ശുമൊക്കെയാണ് മുന്നോട്ടു വന്നിരിക്കുന്നത്.മറ്റുള്ളവര്‍ അവര്‍ക്ക് പൂക്കള്‍ എടുത്തുകൊടുക്കുന്നു.
നടുക്ക് ഏതു നിറം വേണമെന്ന് അവര്‍ ചര്‍ച്ച ചെയ്യുകയാണ്.വ്യത്യസ്തമായ അഭിപ്രായങ്ങള്‍ വരുന്നുണ്ട്.പൂക്കള്‍ തൊല്ലിയിടുന്നവരും അഭിപ്രായം പറയുന്നുണ്ട്.
ചര്‍ച്ച അധികം നീണ്ടുപോയില്ല.പെട്ടെന്നുതന്നെ അവര്‍ തീരുമാനത്തിലെത്തിയിരിക്കുന്നു.


 അങ്ങനെ പൂക്കളനിര്‍മ്മാണം ആരംഭിച്ചു.
പൂക്കളമിടാന്‍ എല്ലാവരും ഓടി വരുന്നത് കണ്ടില്ല.എല്ലാവരും വന്നാല്‍ പൂക്കളമാകില്ലെന്ന തിരിച്ചറിവ് ഈ കുട്ടികള്‍ക്ക് ഉണ്ടായിട്ടുണ്ട്.
കുറച്ചുപേര്‍ പൂക്കളമിടുന്നു.മറ്റുള്ളവര്‍ അവര്‍ക്ക് ആവശ്യമായ പൂക്കള്‍ എടുത്തുകൊടുക്കുന്നു.ഏതു നിറത്തിലുള്ള പൂ വേണമെന്ന് അഭിപ്രായം പറയുന്നു.ഇനിയും ചിലര്‍ പൂക്കള്‍ തൊല്ലിയിടുന്നു...


ചോക്കുകൊണ്ടു വരക്കാതെതന്നെ വൃത്താകൃതിയില്‍ പൂക്കളം തീര്‍ക്കാന്‍ കുട്ടികള്‍ക്കു കഴിയും.നിറങ്ങളെക്കുറിച്ചുള്ള നല്ല ധാരണ അവര്‍ക്കുണ്ട്.

കുറച്ചു സമയം ഞാന്‍ മനഃപൂര്‍വ്വം ക്ലാസില്‍ നിന്നും മാറി നിന്നു.പൂക്കളത്തിന്റെ ഭാവി എന്താകുമെന്നറിയാനായരുന്നു അത്.
തിരിച്ചു വന്നപ്പോള്‍ എന്നെ എതിരേറ്റത് മനോഹരമായ ഒരു പൂക്കളമായിരുന്നു.

ഞാന്‍ കുട്ടികളെ അഭിനന്ദിച്ചു.
പൂക്കളം എന്നത് കുട്ടികളുടെ സര്‍ഗ്ഗവാസനകളുടെ ആവിഷ്ക്കാരമാണ്.എന്നാല്‍ അത് മാത്രമല്ല.അതൊരു മികച്ച സംഘപ്രവര്‍ത്തനം കൂടിയാണ്.ഒരു ക്ലാസുമുഴുവന്‍ പൂക്കളം എന്ന ഉത്തരവാദിത്തം ഏറ്റെടുക്കുകയും അത് ഭംഗിയായി നിര്‍വ്വഹിക്കുകയും ചെയ്യുക.


 ഇതുതന്നെയാണ് അച്ചടക്കവും.ഒരു ലക്ഷ്യത്തിനുവേണ്ടി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുക.പരസ്പരം സഹകരിക്കുക.ആവശ്യമായ സന്ദര്‍ഭങ്ങളില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുക.തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്തം സ്വയം നിറവേറ്റുക.

ഞാന്‍ കുട്ടികളെ നോക്കി.അവര്‍ മാറിനിന്ന് തങ്ങളുണ്ടാക്കിയ പൂക്കളത്തിന്റെ ഭംഗി ആസ്വദിക്കുകയാണ്.കുട്ടികള്‍ ഒരു പടികൂടി വളര്‍ന്നതുപോലെ എനിക്കു തോന്നി.അവര്‍ കൂടുതല്‍ പക്വമതികളായതുപോലെ...



 

2 comments:

  1. ethra manoharamaayirikkunnu. anumodanangal

    ReplyDelete
  2. വേറിട്ട കാഴ്ച! ഗണിതപരമായ കണ്ണിലൂടെ കൂടെ ഒന്ന് നോക്കൂ ....അവര്‍ക്കെന്തെല്ലാം കഴിവുകള്‍ ഉണ്ട് എന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ബോധ്യമാകും .സമഗ്രമായ സാധ്യതകള്‍ക്ക് ഒരിടം ആണ് പൂക്കളം .ഞാന്‍ പണ്ട് ചെയ്ത അനുഭവങ്ങള്‍ ഓര്‍മയിലേക്ക് .ആഘോഷങ്ങളില്‍ ഗണിതത്തിന്റെ സ്വാഭാവികമായ സാധ്യതകള്‍..... ഫോട്ടോകള്‍ ഉണ്ടെങ്കില്‍ ഇടാം മാഷെ .സന്തോഷം മധുരമുള്ള ഓര്‍മ്മകള്‍ മടക്കി തന്നതിന് .അഭിനന്ദനങ്ങള്‍ മാഷുടെ ഒന്നാമന്‍മാര്‍ക്ക് !

    ReplyDelete