ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Saturday, 24 October 2015

ഈ മേളകള്‍ എന്നെങ്കിലും കുട്ടികളുടേതാകുമോ?


ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര മേളകള്‍ എന്നെങ്കിലും കുട്ടികളുടേതാകുമോ?

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന സബ്ബ്ജില്ലാ മേളകളില്‍ പങ്കെടുത്തപ്പോള്‍  മനസ്സില്‍ ഉയര്‍ന്നുവന്ന ഒരു ചോദ്യമാണിത്.
കുട്ടികളുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന കഴിവുകള്‍ തൊട്ടുണര്‍ത്താന്‍,അവര്‍ക്ക് ശാസ്ത്രത്തോടും അതിന്റെ രീതികളോടും ആഭിമുഖ്യം വളര്‍ത്താന്‍,അവരില്‍ ജിജ്ഞാസയും ശാസ്ത്രചിന്തയും അങ്കുരിപ്പിക്കാനുള്ള അപാരമായ സാധ്യതകളാണ് ഓരോ മേളയും കുട്ടികള്‍ക്കു മുന്നില്‍ തുറന്നിടുന്നത് .
എന്നാല്‍ ഈ മേളകള്‍ ഉദ്ദേശിച്ച ഫലം ചെയ്യുന്നുണ്ടോ?അതിന്റെ ലക്ഷ്യത്തില്‍ നിന്നും എന്തുകൊണ്ടാണ് അത് വഴിമാറിപ്പോകുന്നത്?
മേളകളുടെ നടത്തിപ്പിനുവേണ്ടുന്ന പണച്ചെലവ്,അതിന്റെ സംഘാടനത്തിനായി രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന അധ്യാപകര്‍,വിദ്യാലയങ്ങളിലെ അധ്യയന ദിവസങ്ങളുടെ നഷ്ടം എന്നിവയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഈ മേളയുടെ ഫലപ്രാപ്തി എന്താണ്?  ഒരു വിലയിരുത്തല്‍ ആവശ്യമാണെന്നു തോന്നുന്നു.

ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവര്‍ത്തിപരിചയ മേളയുടെ ഉദ്ദേശ്യം എന്താണെന്ന് മാന്വലില്‍ വ്യക്തമായി പറയുന്നുണ്ട്.
'മത്സരാര്‍ത്ഥികളുടെ വൈദഗ്ദ്യപരമായ കഴിവുകളുടെ യഥാതഥമായ പ്രകാശത്തിനപ്പുറം കുട്ടികളില്‍ അന്തര്‍ലീനമായ കഴിവുകള്‍ ഉണര്‍ത്തി അവയെ പരിപോഷിപ്പിക്കുക എന്നതാണ് ഈ മേളയുടെ ഉദ്ദേശ്യം.'
(ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവര്‍ത്തിപരിചയ മേളകളുടെ മാന്വല്‍-2009പൊതുവിദ്യാഭ്യാസ വകുപ്പ്) 
ഇതേ മാന്വലില്‍ പറഞ്ഞിരിക്കുന്ന മേളകളുടെ ലക്ഷ്യങ്ങളില്‍ ചിലത്     എന്തൊക്കെയാണെന്നു നോക്കാം.


  • വിദ്യാര്‍ത്ഥികളുടെ വൈജ്ഞാനികവും,  ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവര്‍ത്തിപരിചയ അഭിരുചിയും ഗവേഷണ താത്പര്യവും, പഠനത്തിലൂടെ ആര്‍ജ്ജിച്ച അറിവുകള്‍ തനിക്കും, താന്‍ ഉള്‍ക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയില്‍ വളര്‍ത്തിയെടുക്കുക.
  • വിജ്ഞാനവര്‍ദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളര്‍ത്തിയെടുക്കുക
  • കുട്ടികളുടെ നൈസര്‍ഗികമായ കഴിവുകളെ  കണ്ടെത്തി പരിപോഷിപ്പിക്കുക.
  •  മനുഷ്യനും അവന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിവ് നേടുകയും ഈ അറിവ് നേടാനുള്ള രീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക.



 

‌ലക്ഷ്യങ്ങള്‍ മഹത്തരമാണ്.പക്ഷേ,ഈ ലക്ഷ്യങ്ങളില്‍ ഒന്നുപോലും നേടിയെടുക്കാന്‍ ഈ മേളകള്‍ കൊണ്ട് സാധിക്കില്ല.അതിനു പ്രധാന കാരണം അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് മേളകള്‍ ഹൈജാക്ക് ചെയ്യുന്നതാണ്.
ഗണിതശാസ്ത്ര-പ്രവര്‍ത്തിപരിചയ മേളകളിലെ on the spotമത്സരങ്ങള്‍ ഒഴിവാക്കിയാല്‍ മേളകള്‍ എങ്ങനെയെല്ലാമാണ് കുട്ടികളുടേതല്ലാതാകുന്നത് എന്നു പരിശോധിക്കാം.


  • സ്റ്റില്‍ മോഡല്‍,വര്‍ക്കിങ്ങ് മോഡല്‍,പരീക്ഷണങ്ങള്‍,പ്രൊജക്ടുകള്‍, എന്നിവയുടെ തീമുകള്‍ മുതര്‍ന്നവരാണ് തെരഞ്ഞെടുത്ത് നല്‍കുന്നത്.അങ്ങിനെ നല്‍കുന്നതു കൊണ്ട് കുഴപ്പമില്ല.പക്ഷേ,അതു കുട്ടികളുടെ പ്രായം,പഠിക്കുന്ന ക്ലാസ് എന്നിവയെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം.കുട്ടികള്‍ക്ക് ദഹിക്കാത്ത conceptകളെ അടിസ്ഥാനപ്പെടുത്തിയാണ് ഉപകരണങ്ങളുടെ നിര്‍മ്മാണം.ഫലത്തില്‍ ഇത് കുട്ടികളുടെ പഠനത്തിനുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്നു.


  •  കുട്ടികള്‍ക്കുവേണ്ടി മോഡലുകള്‍,ഉപകരണങ്ങള്‍ എന്നിവ രൂപകല്പനചെയ്യുന്നതും നിര്‍മ്മിക്കുന്നതും അധ്യാപകരോ രക്ഷിതാക്കളോ ആര്‍ട്ടിസ്റ്റുകളോ മറ്റു സാങ്കേതികവിദഗ്ദരോ ആണ്.കുട്ടികള്‍ പിന്നീടാണ് വിഷയത്തിലേക്കു കടന്നു വരുന്നത്.അവരെ പഠിപ്പിച്ചെടുക്കുകയാണ് പിന്നീട് ചെയ്യുന്നത്. മോഡലുകളും ഉപകരണങ്ങളും രൂപകല്പനചെയ്യലും നിര്‍മ്മിക്കലും വലിയ പഠനത്തിനും വികാസത്തിനുമുള്ള സാധ്യതകള്‍ കുട്ടികള്‍ക്കുമുന്നില്‍ തുറന്നിടുന്നുണ്ട്.എന്നാല്‍ ഇവിടെ അതു നിഷേധിക്കപ്പെടുന്നു.


  •  എല്‍.പി. വിഭാഗത്തിലെ ചാര്‍ട്ടുകള്‍,ശേഖരണങ്ങള്‍,പരീക്ഷണങ്ങള്‍ എന്നിവയിലൊക്കെ ഗംഭീരമായ മത്സരമാണ് നടന്നത്.ശാസ്ത്രീയമായconcept കളെ വ്യാഖ്യാനിക്കാനും വിശകലനം ചെയ്യാനും ആശയങ്ങളാക്കി ക്രമപ്പെടുത്താനും ചിത്രങ്ങളിലൂടേയും എഴുത്തിലൂടേയുമൊക്കെ ഭംഗിയായി അവതരിപ്പിക്കാനുമൊക്കെ ചാര്‍ട്ടുനിര്‍മ്മാണത്തിലൂടെ കഴിയും.ശേഖരണങ്ങളും പരീക്ഷണങ്ങളും ഇതുപോലെ തന്നെ.എന്നാല്‍ ഇതും അധ്യാപകരും ആര്‍ട്ടിസ്റ്റുകളും ചേര്‍ന്ന് കൈയ്യടക്കിക്കളഞ്ഞു.പാവം കുട്ടികള്‍!അവര്‍ യന്ത്രപ്പാവകളെപ്പോലെ ഓരോന്നിനുമുന്നിലും നിന്ന് ഇതു തന്റേതാണെന്നതുപോലെ  സംസാരിച്ചുകൊണ്ടിരുന്നു.


  • എങ്ങനെയെങ്കിലും സമ്മാനം നേടിയെടുക്കുക എന്ന ഉദ്ദേശത്തോടെ ഓരോ വിദ്യാലയവും നല്ലൊരു തുക മേളയ്ക്കു വേണ്ടി ചെലവഴിക്കുന്നുണ്ട്.അതുകൊണ്ടുതന്നെ മത്സരത്തിലെ ടെന്‍ഷന്‍ കൂടും.അതോടുകൂടി അത് ലക്ഷ്യത്തില്‍നിന്നും അകന്നുപോകും. 


  • മേളകളിലെ പ്രദര്‍ശനം എന്നത് വിധികര്‍ത്താക്കള്‍ക്ക് കാണാനും വിലയിരുത്താനും വേണ്ടി മാത്രമാണ്.വിധികര്‍ത്താക്കള്‍ വരുന്നതിനുമുന്നേ ആരേയും അകത്ത് പ്രവേശിപ്പിക്കുന്നില്ല.വിധി നിര്‍ണ്ണയം കഴിഞ്ഞാലുടന്‍ എല്ലാം പെറുക്കിക്കെട്ടി വെക്കുന്നു.ഇതു കാരണം മേളയില്‍ പങ്കെടുക്കുന്ന  കുട്ടികള്‍ക്ക് മറ്റു സ്റ്റാളുകളിലെ പ്രദര്‍ശനം കാണാനോ മനസ്സിലാക്കാനോ അവസരം ലഭിക്കുന്നില്ല.
 ഒരു സബ്ബ്ജില്ലാ മത്സരത്തിന്റെ കാര്യമാണ് ഇവിടെ സൂചിപ്പിച്ചത്.എങ്കില്‍ ഒരു ജില്ലാ-സംസ്ഥാന മത്സരത്തിന്റെ സ്ഥിതി എന്തായിരിക്കും?

ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവര്‍ത്തിപരിചയ മേളകളുടെ മാന്വലില്‍,മൂല്ല്യനിര്‍ണ്ണയോപാധികള്‍ എന്ന തലക്കെട്ടില്‍ കുട്ടികളുടെ പങ്കാളിത്തം സംബന്ധിച്ച്  നല്‍കിയ ഒരു മാനദണ്ഡം ഇങ്ങനെയാണ്.

'3.സാങ്കേതിക ജ്ഞാനവും നിര്‍മ്മാണ പാടവവും(Technical skill and workmanship)
പ്രദര്‍ശന വസ്തു /വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും വിദ്യാര്‍ത്ഥികള്‍ക്കുള്ള കഴിവും സാമര്‍ത്ഥ്യവും പ്രകടമാക്കുന്നുണ്ടോ?'

 ഇങ്ങനെയൊരു മാനദണ്ഡം നല്‍കിയിട്ടുണ്ടെങ്കിലും ഇതിനെ അടിസ്ഥാനപ്പെടുത്തി വിധികര്‍ത്താക്കള്‍ ഉത്പ്പന്നം വിലയിരുത്തുന്നതായി തോന്നുന്നില്ല.ഉത്പ്പന്നം രൂപപ്പെടുത്തുന്നതില്‍ കുട്ടികളുടെ പങ്കാളിത്തം എന്നത് വിധികര്‍ത്താക്കളെ സംബന്ധിച്ചിടത്തോളം ഒരു വിഷയമല്ല. മാന്വലില്‍ സൂചിപ്പിച്ചിട്ടും ഇത് പരിഗണിക്കപ്പെടാതെ പോകുന്നതിനുള്ള കാരണം എന്താണെന്നും അറിയില്ല.


ശാസ്ത്രമേളയിലെ ഒരു മുഖ്യആകര്‍ഷണമാണ് Improvised experiment.ഒരു പക്ഷേ,കുട്ടികളില്‍ ശാസ്ത്രത്തോടുള്ള ആഭിമുഖ്യം വളര്‍ത്താന്‍ ഏറ്റവും പ്രയോജനപ്പെടുന്നതും ഈ മേഖല തന്നെയായിരിക്കണം.

Improvised experiment എന്ന വിഭാഗത്തില്‍ കണ്ട ഒരു പരീക്ഷണത്തെക്കുറിച്ചു പറയാം.ഭംഗിയായി പണികഴിപ്പിച്ച ഒരു ചതുരപ്പെട്ടി.പെട്ടിയുടെ മുന്‍വശം ഗ്ലാസ് പേപ്പറാണ്. അകത്ത് ഒരു കോണ്‍കേവ് ലെന്‍സ് ഉറപ്പിച്ചിരിക്കുന്നു.പുറത്ത് ഘടിപ്പിച്ച രണ്ടുലേസര്‍ ലൈറ്റുകളിലൂടെ ലെന്‍സിലൂടെ പ്രകാശം കടത്തിവിടുന്നു.പെട്ടിക്കകത്ത് പുക നിറയ്ക്കുന്നു.കോണ്‍കേവ് ലെന്‍സിലൂടെ കടന്നുപോകുന്ന  പ്രകാശകിരണങ്ങള്‍ പരസ്പരം അകന്നുപോകുന്നു എന്നു കാണിക്കലാണ് പരീക്ഷണത്തിന്റെ ഉദ്ദേശ്യം.

ഇവിടെ കുട്ടി ചെയ്യേണ്ടത് ലേസര്‍ ലൈറ്റ് ഓണ്‍ചെയ്യലും പെട്ടിക്കകത്ത് പുകനിറയ്ക്കലുമാണ്.കുട്ടികളുടെ ഏതെങ്കിലും കഴിവുകള്‍ ഇവിടെ പ്രയജനപ്പെടുത്തുന്നതായി കണ്ടില്ല.പരീക്ഷണങ്ങളില്‍ ഒന്നൊഴികെ ബാക്കിയെല്ലാം ഈരീതിയിലുള്ളതായിരുന്നു.കുട്ടികളുടെ പണി സര്‍ക്കീട്ട് ഓണ്‍ചെയ്യലോ cohesion force കാണിക്കാന്‍ മാസികകള്‍ ഘടിപ്പിച്ച് തയ്യാറാക്കിയ ഊഞ്ഞാലിലിരുന്ന ആടുകയോ ഒക്കെയാണ്.
 Improvised experiment ഇങ്ങനെയാണോ?ഒരു പരീക്ഷണത്തിന് അത്യാവശ്യം വേണ്ട ചില പ്രക്രിയകളില്ലേ?ഉപകരണങ്ങള്‍ സജ്ജീകരിക്കല്‍, പരീക്ഷണംചെയ്യല്‍,ചരങ്ങള്‍ നിയന്ത്രിക്കല്‍,ദത്തങ്ങള്‍ ശേഖരിക്കല്‍, വിശകലനം ചെയ്യല്‍,അതില്‍ നിന്നും നിഗമനത്തില്‍ എത്തിച്ചേരല്‍...

ഇങ്ങനെ ചെയ്ത ഒരു പരീക്ഷണം മാത്രമേ ഉണ്ടായിരുന്നുള്ളു. അതിന് സമ്മാനം നല്‍കിയതുമില്ല.

ഇതിന്റെ മാനദണ്ഡം നോക്കുക.പരീക്ഷണം എന്ന തലക്കെട്ടാണ് ( Improvised experiment എന്നല്ല)നല്‍കിയത്.
  • ശാസ്ത്രീയ സമീപനം
  • ഉപകരണങ്ങളുടെ സംവിധാനം
  • പരീക്ഷണത്തിന്റെ വിജയം
  • വിശദീകരണം
പരീക്ഷണം കുട്ടികളുടേതാവണമെങ്കില്‍ ഈ മാനദണ്ഡത്തില്‍ മാറ്റം വരുത്തേണ്ടതുണ്ട്.അല്ലെങ്കില്‍ അത്  Improvised experiment ആകില്ല.

 കുട്ടികളില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്താനും ശാസ്ത്രീയചിന്ത രൂപപ്പെടുത്താനും അവരില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകള്‍ പുറത്തുകൊണ്ടുവരാനുമൊക്കെ ലക്ഷ്യമിടുന്ന മേള ഫലത്തില്‍ അധ്യാപകരും സ്ക്കൂളുകളും തമ്മിലുള്ള വിലകുറഞ്ഞ മത്സരവേദിയായി തരംതാഴുന്നു.ഇതിലൂടെ കുട്ടികള്‍ മേളയുടെ കേന്ദ്രസ്ഥാനത്തുനിന്ന് പുറന്തള്ളപ്പെടുന്നു.കുട്ടികള്‍ക്ക്,അവരുടെ പഠനത്തിനും വികാസത്തിനുമായി ഒരു ശാസ്ത്രമേള നല്‍കിയേക്കാവുന്ന അനന്തസാധ്യതകളാണ് ഇതോടെ ഇല്ലാതാകുന്നത്.


ഇത് കുട്ടികളുടെ മേള




  ചിത്രം കണ്ടോ? ഈ കുട്ടിയുടെ കൈയ്യിലുള്ള യന്ത്രം എന്താണെന്നു മനസ്സിലായോ?ഇത് അവന്‍ രൂപകല്പന ചെയ്ത കാടുവെട്ടുന്ന യന്ത്രത്തിന്റെ മാതൃകയാണ്.വര്‍ക്കിങ്ങ് മോഡല്‍.പൊട്ടിയ കളിപ്പാട്ടങ്ങളിലെ മോട്ടോറുകളും ബ്ലേഡും ഒക്കെ ഉപയോഗിച്ച് അവന്‍ നിര്‍മ്മിച്ചെടുത്ത യന്ത്രം.അത് അവന്‍ വിജയകരമായി പ്രവര്‍ത്തിപ്പിച്ച് കാണിച്ചു തന്നു.

 യന്ത്രം ചെറുതാണെങ്കിലും ഇതിനുപിന്നില്‍ നല്ല പഠനവും പരിശ്രമവുമുണ്ട്.യന്ത്രം നിര്‍മ്മിക്കാനാവശ്യമായ സാങ്കേതിക പരിജ്ഞാനം കുട്ടി നേടിയെടുത്തിരിക്കുന്നു.
സ്ക്കൂള്‍ തലത്തില്‍ ഞങ്ങള്‍ നടത്തിയ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര മേളയിലാണ് കുട്ടി ഇത് അവതരിപ്പിച്ചത്.
അവന്‍ മാത്രമല്ല. പല കുട്ടികളും.മുതിര്‍ന്നവരെ സംബന്ധിച്ചിടത്തോളം ഇത് വളരെ നിസ്സാരമായി തോന്നാം.എന്നാല്‍ ഉപകരണങ്ങള്‍ കുട്ടികള്‍ സ്വയം നിര്‍മ്മിച്ചതാണ്.അത് നിര്‍മ്മിച്ച രീതിയും അതിന്റെ  പ്രവര്‍ത്തന തത്വവും വിശദീകരിക്കുമ്പോള്‍ നമുക്ക് അവന്റെ പഠനം എത്രയുണ്ടെന്നു മനസ്സിലാക്കാം.

ഈ മേളയ്ക്കു വേണ്ടിയുള്ള  കുട്ടികളുടെ തയ്യാറെടുപ്പ് അവരുടെ  ധാരണകളെ ഒരു പടി മുകളിലേക്ക് ഉയര്‍ത്തിയിരിക്കുന്നു.
കുട്ടികള്‍ക്ക് ലഭിക്കുന്ന ഈ അവസരമാണ് അവരില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്തുന്നത്.അപ്പോഴാണ് അവര്‍ ശാസ്ത്രത്തെ ഇഷ്ടപ്പെടാന്‍ തുടങ്ങുന്നത്.
 സ്ക്കൂള്‍ തലത്തിലുള്ള ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര മേളയുടെ നടത്തിപ്പിന് വലിയ ആസൂത്രണമൊന്നുമുണ്ടായിരുന്നില്ല.ഒരു ദിവസം രാവിലെ മുതല്‍ ഉച്ചവരേയുള്ള സമയം.രണ്ടാഴ്ച മുന്നേ തീയ്യതി പ്രഖ്യാപിച്ചു.കുട്ടികളോട് തയ്യാറാകാന്‍ പറഞ്ഞു.


 നിബന്ധനകളൊന്നും വെച്ചില്ല.ഏത് ഐറ്റത്തിലും പങ്കെടുക്കാം.അവര്‍ക്ക് എന്തും നിര്‍മ്മിക്കാം.കുട്ടികളുടെ വര്‍ധിച്ച പങ്കാളിത്തം ഞങ്ങളെ ഏറെ സന്തോഷിപ്പിച്ചു.
കുട്ടികള്‍ അവരുടെ കഴിവുകള്‍ മാറ്റുരച്ചു.നിരവധി ഉത്പ്പന്നങ്ങള്‍ രൂപം കൊണ്ടു.മരത്തിലെ കൊത്തുവേല മുതല്‍ പേപ്പര്‍ കമ്മല്‍ വരെ അക്കൂട്ടത്തിലുണ്ട്.തങ്ങളുടെ കുട്ടികളില്‍ ഇത്തരം കഴിവുകള്‍ ഉറങ്ങിക്കിടപ്പുണ്ടെന്ന്  അധ്യാപികമാര്‍ തിരിച്ചറിഞ്ഞത് അപ്പോഴായിരുന്നു.അവരില്‍ പലരും നല്ല കലാകാരാണെന്ന്; കുഞ്ഞുശാസ്ത്രജ്ഞന്‍മാരാണെന്ന്;നല്ല സാങ്കേതിക വിദഗ്ദരാണെന്ന്.


കുട്ടികളുടെ അവതരണങ്ങളെല്ലാം അവരുടെ സ്വന്തമായിരുന്നു.അവരുടെ തലയില്‍ രൂപംകൊണ്ടവ.അവരുടെ ചിന്തകള്‍കൊണ്ട് രാകിമിനുക്കി ഭംഗിയാക്കിയവ.ഓരോ ഉത്പ്പന്നത്തിലും കുട്ടികളുടെ വിരലടയാളം പതിഞ്ഞിട്ടുണ്ട്.
അന്ന് ഞങ്ങള്‍ ഒരു തീരുമാനമെടുത്തു.ഇത്തരംഅവസരങ്ങള്‍  ക്ലാസുമുറിയില്‍ ഇടക്കിടെ നല്‍കണം.പറ്റുമെങ്കില്‍ വര്‍ഷം മൂന്നുതവണയെങ്കിലും ഓരോ മേള.അത് പൂര്‍ണ്ണമായും കുട്ടികളുടേതായിരിക്കും.അത് അവരുടെ ചിന്തയിലും പഠനത്തിലും ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരും.








No comments:

Post a Comment