സമയം രാവിലെ 9.30.
ഒന്നാം ക്ലാസിലെ കുട്ടികള്‍ പുസ്തകവായനയിലാണ്.അവരുടെ വായന നോക്കി നില്‍ക്കാന്‍ നല്ല രസമാണ്.ആ കാഴ്ച നമ്മുടെ മനസ്സില്‍ സന്തോഷം നിറയ്ക്കും.
ടീച്ചര്‍ ക്ലാസിലുണ്ട്.
ഇന്ന് ഏതു പുസ്തകമാണ് വായിച്ചു തരേണ്ടതെന്ന് ടീച്ചര്‍ ചോദിച്ചു.
കുട്ടികള്‍ ക്ലാസ് ലൈബ്രറിയില്‍ നിന്നും പുസ്തകം തെരഞ്ഞെടുത്ത് ടീച്ചറുടെ അടുത്തേക്ക് ഓടി.
"ടീച്ചറേ, ഈ പുസ്തകം..”
"അല്ല ടീച്ചറേ, ഈ പുസ്തകം..”
എല്ലാവരുടേയും കൈയില്‍ ഓരോ പുസ്തകമുണ്ട്. അതെല്ലാം വായിച്ചു കൊടുക്കണം.
നടക്കുമോ?
ടീച്ചര്‍ ഓരോരുത്തരുടേയും കൈയിലെ പുസ്തകം നോക്കി.
അതില്‍ ചിലത് നേരത്തേ വായിച്ചു കൊടുത്തവയുണ്ട്.
"അമ്മപ്പശുവിന്റെ ഊഞ്ഞാലാട്ടം ഇന്നലെ വായിച്ചു തന്നല്ലോ."ടീച്ചര്‍ പറഞ്ഞു.
"അത് ഒരിക്കാലുംകൂടി വായിച്ചു തര്വോ?"ഒരു കുട്ടിചോദിച്ചു.
ഒരിക്കല്‍ വായിച്ചു കൊടുത്ത പുസ്തകം തന്നെ അവര്‍ക്ക് വീണ്ടും വീണ്ടും വായിച്ചു കേള്‍ക്കണം.അതിലെ ചിത്രങ്ങള്‍ അവര്‍ക്ക് വീണ്ടും വീണ്ടും കാണണം.അതില്‍ നിന്നും വീണ്ടും വീണ്ടും കഥകള്‍ മെനയണം.
തന്റെ ടീച്ചിങ്ങ് മാന്വലിനിടയില്‍ നിന്നും ടീച്ചര്‍ ഒരു പുസ്തകം പുറത്തെടുത്തു.'ഞാന്‍ എന്ത് ഉണ്ടാക്കും?' എന്ന ഭംഗിയുള്ള കുട്ടിപുസ്തകം.
"ഇന്ന് ഈ പുസ്തകം വായിച്ചാലോ?” പുസ്തകം എല്ലാവരേയും കാണിച്ചു കൊണ്ട് ടീച്ചര്‍ ചോദിച്ചു.
കുട്ടികള്‍ തലയാട്ടി. അവര്‍ക്ക് സന്തോഷമായി.
ടീച്ചര്‍ കസേര ക്ലാസിന്റെ ഒരു ഭാഗത്തേക്ക് വലിച്ചിട്ട് അതില്‍ ഇരുന്നു.
കഥ വായിച്ചു കേള്‍ക്കാന്‍ കുട്ടികള്‍ ടീച്ചര്‍ക്ക് മുന്നിലായി അടുത്ത് വന്നിരുന്നു.ചിലര്‍ നിലത്ത്.ചിലര്‍ കസേരയില്‍.
കഥകള്‍ കേള്‍ക്കാനും പുസ്തകങ്ങള്‍ വായിച്ചു കേള്‍ക്കാനും കുട്ടികള്‍ അങ്ങനെയാണ് ഇരിക്കുക.എന്നിട്ട് അവര്‍ പുസ്തകത്തിലെ ഓരോ പേജിലേക്കും ഉത്സാഹത്തോടെ നോക്കും.
പുസ്തകം എല്ലാവരേയും കാണിച്ചുകൊണ്ട് ടീച്ചര്‍ ചോദിച്ചു.
"ഈ പുസ്തകം എന്തിനെക്കുറിച്ചായിരിക്കും?”
കുട്ടികള്‍ പുസ്തകത്തിന്റെ കവര്‍ ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കി.
"ഒരു കുട്ടീനക്കുറിച്ച്.” ചിത്രത്തിലെ കുട്ടിയെ നോക്കിക്കൊണ്ട് ശിവനന്ദ വിളിച്ചു പറഞ്ഞു."ഒരു മൊട്ടത്തലയന്‍.”
"അല്ല, ടീച്ചറേ..ചപ്പാത്തി ഇണ്ടാക്കുന്നതിനെക്കുറിച്ച്.”
ഷില്‍ന പറഞ്ഞു.
ചിത്രത്തിന്റെ ഒരു മൂലയില്‍ ചപ്പാത്തിപ്പലകയും ഒരു കോലും ഇരിപ്പുണ്ട്.
എല്ലാവരും ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കി.അവള്‍ പറഞ്ഞതിനോട് പലരും യോജിച്ചു.
"ഈ കുട്ടിയുടെ പേരെന്തായിരിക്കും?"ചിത്രത്തിലെ കുട്ടിയെ തൊട്ടുകൊണ്ട് ടീച്ചറുടെ അടുത്ത ചോദ്യം.
"അപ്പു."ഒരു മിടുക്കന്‍ വിളിച്ചു പറഞ്ഞു.
"അല്ല ടീച്ചറേ,മുത്തു."ഒരു മിടുക്കി പറഞ്ഞു.
"ഉണ്ണി,കുട്ടന്‍,ചിഞ്ചു...."കുട്ടികള്‍ പല പേരുകളും പറയാന്‍ തുടങ്ങി.
"ശരി..നമുക്ക് നോക്കാം..ഈ കുട്ടിയുടെ കൈയിലെന്താണ്?”
"ലഡു.”
കുട്ടികള്‍ അല്പനേരം ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കി.
"അല്ല,ടീച്ചറേ..."ശിവനന്ദ എഴുന്നേറ്റു."അത് ഗോതമ്പ് പൊടി കൊയച്ചതാണ്. ആ കുട്ടി ചപ്പാത്തി ഇണ്ടാക്കാന്‍ പോവേന്ന്.”
"ചപ്പാത്തി ഓനാണോ ഇണ്ടാക്കാ? ഓന്റെ അമ്മേല്ലെ?"ദേവപ്രിയയുടെ ചോദ്യം.
ശിവന്ദയ്ക് പെട്ടെന്ന് ഉത്തരം കിട്ടിയില്ല.
"ഓന്റെ കൈയില് ലഡു അല്ല.അത് ഗോതമ്പ് കൊയച്ചത് തന്ന്യാണ്.”
ശിശിര എഴുന്നേറ്റുനിന്നു പറഞ്ഞു.
"എന്നാ ഓന്‍ തന്ന്യാ ചപ്പാത്തി ഇണ്ടാക്കുന്നത്...”
ചിത്രങ്ങള്‍ വിശകലനം ചെയ്ത്, കുട്ടികള്‍ കഥയെക്കുറിച്ചുള്ള ചില ഊഹങ്ങള്‍ രൂപപ്പെടുത്തുകയാണ്.ഒരു ചിത്രം കുട്ടികളെ എങ്ങനെയെല്ലാം ചിന്തിപ്പിക്കുന്നു!
"ആരാണ് ചപ്പാത്തി ഉണ്ടാക്കുന്നത്?"ടീച്ചര്‍ എല്ലാവരോടുമായി ചോദിച്ചു.
"ഈ കുട്ടിയോ?അതോ അമ്മയോ?”
ചിലര്‍ കുട്ടി എന്നു വിളിച്ചു പറഞ്ഞു. ചിലര്‍ അമ്മയെന്നും.
"നിങ്ങള്‍ പറഞ്ഞത് ശരിയാണോ എന്ന് നമുക്ക് നോക്കാം...”
എല്ലാവരും ശ്വാസമടക്കിപ്പിടിച്ച് ടീച്ചര്‍ പേജ് മറിക്കുന്നതും കാത്തിരിക്കുകയാണ്.
പേജ് മറിഞ്ഞപ്പോള്‍ കുറേ പേര്‍ കയ്യടിച്ചു.
ടീച്ചര്‍ പേജിലെ ചിത്രം എല്ലാവരേയും കാണിച്ചു.
"ഞാന്‍ പറഞ്ഞതാണ് ശരി.”
അവര്‍ വിളിച്ചു പറയാന്‍ തുടങ്ങി.
"അമ്മ ദാ പൊടി കൊയക്കുന്നു."കാര്‍ത്തിക്ക് പറഞ്ഞു.
"അമ്മ എന്തിനാ പൊടി കുഴക്കുന്നത്?"ടീച്ചര്‍ ചോദിച്ചു.
"ചപ്പാത്തി ഇണ്ടാക്കാന്‍."എല്ലാവരും പറഞ്ഞു.
"എങ്ങനെയാ ചപ്പാത്തി ഉണ്ടാക്കുന്നത്?”
കുട്ടികള്‍ ആഗ്യം കാണിക്കാന്‍ തുടങ്ങി.
മാവ് കുഴക്കുന്നു.ഉരുളയാക്കുന്നു.ചപ്പാത്തിപ്പലകയില്‍ വെച്ച് പരത്തുന്നു.ചപ്പാത്തിത്തട്ടില്‍ ഇടുന്നു.ചുട്ടെടുക്കുന്നു...
ടീച്ചര്‍ കഥ വായിക്കാന്‍ തുടങ്ങി.
'നീരജിന്റെ അമ്മ ചപ്പാത്തി ഉണ്ടാക്കാന്‍ മാവു കുഴക്കുകയായിരുന്നു.നീരജിന് കളിക്കാന്‍ അമ്മ കുറച്ചു മാവുനല്‍കി.'
"ടീച്ചറേ, നമ്മക്ക് തെറ്റിപ്പോയി.അവന്റെ പേര് നീരജ് എന്നാ...”
ആദിത്യ വിളിച്ചു പറഞ്ഞു.
"നീരജ് അവന് കിട്ടിയ ഗോതമ്പ് മാവുകൊണ്ട് എന്തായിരിക്കും ചെയ്തിട്ടുണ്ടാകുക?”
"ചപ്പാത്തിയിണ്ടാക്കിറ്റുടുണ്ടാകും.” വിധു പറഞ്ഞു.
"അമ്മ നീരജീന് കളിക്കാനല്ലേ മാവു കൊടുത്തത്?അതു കൊണ്ട് അവന്‍ കളിച്ചിട്ടുണ്ടാകും.”
"എന്തു കളിയായിരിക്കും കളിച്ചിട്ടുണ്ടാകുക?”
കുട്ടികള്‍ ഒരു നിമിഷം ആലോചിച്ചു.
"അയിനക്കൊണ്ട് ഉരുട്ടി ഉണ്ടയാക്കി കളിച്ചിട്ടുണ്ടാകും."നിയ പറഞ്ഞു."ഇന്നാള് അമ്മ ചപ്പാത്തി പരത്തുമ്പോ എനക്കും തന്നു ഒരുണ്ട.ഞാന്‍ അയിനക്കൊണ്ട് കൊറേ ഉണ്ടയാക്കിക്കളിച്ചു.”
"നീരജ് അതിനെക്കൊണ്ട് എന്തായിരിക്കും ഉണ്ടാക്കിയത്?"ടീച്ചര്‍ ചോദിച്ചു.
"ഉണ്ട.."എല്ലാവരും ഉറക്കെ പറഞ്ഞു.
"ശരി.നമുക്ക് നോക്കാം.”
ടീച്ചര്‍ അടുത്ത പേജ് മറിച്ചു.
ചിത്രം എല്ലാവരേയും കാണിച്ചു.എന്നിട്ട് വായിച്ചു.
'ഞാന്‍ എന്ത് ഉണ്ടാക്കും?മാവ് കുഴച്ചുകൊണ്ട് അവന്‍ ചോദിച്ചു.'
നോക്കൂ..അവനെന്താണ് ഉണ്ടാക്കിയതെന്ന്?
ടീച്ചര്‍ അടുത്ത പേജിലെ ചിത്രം കാണിച്ചു.
"ങേ,പാമ്പോ?”
കുട്ടികള്‍ ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കിക്കൊണ്ട് ഒരേ സ്വരത്തില്‍ ചോദിച്ചു.
"നീരജ് എങ്ങനെയാണ് പാമ്പിനെയുണ്ടാക്കിയത്?”
"ഗോതമ്പുണ്ട വലിച്ചു നീട്ടിയുരുട്ടി..."കുട്ടികള്‍ ആഗ്യം കാണിച്ചുകൊണ്ട് പറയാന്‍ തുടങ്ങി.
ടീച്ചര്‍ ആ പേജ് വായിച്ചു.
മാവു തെറുത്ത് തെറുത്ത് അവനൊരു നീണ്ട ചരടുണ്ടാക്കി.ചരടിന്റെ ഒരറ്റത്ത് രണ്ട് കണ്ണ് കുത്തിവെച്ചു.പിന്നെ,മറ്റേ അറ്റം വാലുപോലെ വലിച്ചു നീട്ടി....
ടീച്ചര്‍ അടുത്ത പേജ് മറിച്ചു.
അയ്യോ! പാമ്പ്! പാമ്പ്! പാമ്പ് എന്നെ കൊത്താന്‍ വരുന്നേ...അവന്‍ വിളിച്ചു കൂവി.
ഇനി കഥയില്‍ എന്തു സംഭവിക്കും എന്ന് ഓരോ സന്ദര്‍ഭത്തിലും കുട്ടികള്‍ ഊഹിച്ചു.അവരുടെ ജിജ്ഞാസ ഉണര്‍ന്നു.കുഞ്ഞു ഭാവനയ്ക്ക് ചിറക് കുരുത്തു.പുസ്തകം അവരെ സന്തോഷിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.
അവരോരുത്തരും നീരജിനെയും ഗോതമ്പ് മാവുകൊണ്ട് അവനുണ്ടാക്കാന്‍പോകുന്ന രൂപങ്ങളെയും സങ്കല്‍പ്പിച്ചുകൊണ്ടിരുന്നു.
പുസ്തകം വായിച്ചു തീര്‍ന്നതിനുശേഷം ടീച്ചര്‍ ചോദിച്ചു.
"നിങ്ങള്‍ക്ക് ഈ പുസ്തകം ഇഷ്ടപ്പെട്ടോ?”
"നല്ലോണം ഇഷ്ടപ്പെട്ടു."കുട്ടികള്‍ ഒരുമിച്ച് പറഞ്ഞു.
"എന്തുകൊണ്ടാണ് ഇഷ്ടായത്?”
"നീരജിന്റെ കഥയായതുകൊണ്ട്.”
"നല്ല ചിത്രമുള്ളതു കൊണ്ട്.”
"ഓന്‍ പാമ്പിനെ ഇണ്ടാക്കിയതുകൊണ്ട്...”
"പാമ്പിനെ മാത്രല്ല.എലീനീം പൂച്ചേനീം ഇണ്ടാക്കി.അതാണ് എനിക്ക് ഏറ്റവും ഇഷ്ടായത്.”
"ടീച്ചറേ,അവസാനം നീരജ് ചപ്പാത്തി ചുട്ട് തിന്നില്ലേ..അതാണ് എനിക്കിഷ്ടായത്.”അതുവരെ മിണ്ടാതിരുന്ന ശിശിര പറഞ്ഞു.
പിറ്റേ ദിവസം ക്ലാസില്‍ ഒരു ചാര്‍ട്ട് തൂക്കിയിട്ടിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.ടീച്ചര്‍ ഇതുവരെ കുട്ടികള്‍ക്ക് വായിച്ചുകൊടുത്ത പുസ്തകങ്ങളുടെ ലിസ്റ്റ്. കുട്ടികള്‍ തന്നെ എഴുതിയുണ്ടാക്കിയത്!
പുസ്തകവായനയുടെ ആദ്യ ഘട്ടത്തിലേക്ക് കുട്ടികള്‍ പ്രവേശിച്ചിരിക്കുന്നു.ടീച്ചര്‍ അവര്‍ക്ക് പുസ്തകങ്ങളുടെ അത്ഭുത ലോകത്തിലേക്കുള്ള വാതില്‍ തുറന്നു കൊടുത്തിരിക്കുന്നു!ഒരു ടീച്ചര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് ഇത് ചെയ്യാന്‍ കഴിയുക?
Interesting and encouraging.
ReplyDeleteനന്ദി പറയുന്നു.
ReplyDelete