ഒന്നാം ക്ലാസിലെ പ്രിയപ്പെട്ട ടീച്ചര്‍ക്ക്,
പുതിയ അധ്യയനവര്‍ഷം ആരംഭിക്കാന്‍ ഇനി ഒരാഴ്ചകൂടി മാത്രമേ ബാക്കിയുള്ളു.ഒന്നാം ക്ലാസിലെത്തുന്ന നവാഗതരെ വരവേല്‍ക്കാനും അവരെ പഠിപ്പിക്കാനുമുള്ള ആലോചനയിലും തയ്യാറെടുപ്പിലുമായിരിക്കും ടീച്ചര്‍ എന്നറിയാം.ഈ സന്ദര്‍ഭത്തില്‍ ഒന്നാം ക്ലാസിലെ പഠനം സംബന്ധിച്ച ചില തോന്നലുകള്‍ ടീച്ചറുമായി പങ്കുവയ്ക്കാനാണ് ഇങ്ങനെയൊരു കത്ത്.
ഒന്നാം ക്ലാസ് കഴിയുന്നതോടെ,തീര്‍ച്ചയായും കുട്ടികള്‍ എഴുത്തും വായനയും നിശ്ചയിക്കപ്പെട്ട ഗണിതശേഷികളുമൊക്കെ നേടിയിരിക്കണം.പക്ഷേ,ഈ ലക്ഷ്യത്തിലേക്ക് എങ്ങനെയാണ് എത്തിച്ചേരുക?
കുട്ടികളുടെ സമഗ്രവികാസം ലക്ഷ്യമിട്ടുകൊണ്ടുള്ള അടിത്തറയൊരുക്കുന്നതിലൂടെ മാത്രമേ ഇതു സാധ്യമാകൂ..ഈ അടിത്തറയ്ക്കുമുകളിലാണ് അവര്‍ നല്ല പഠിതാക്കളും മിടുക്കരുമായ കുട്ടികളായി വളരുന്നത്.
കുട്ടികളുടെ സര്‍ഗ്ഗാത്മക ആവിഷ്ക്കാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ക്ലാസുമുറിക്കുമാത്രമേ കുട്ടികളുടെ വികാസം(development) ഉറപ്പുവരുത്താന്‍ കഴിയൂ.
കുട്ടികളുടെ വികാസം എപ്പോഴാണ് സാധ്യമാകുന്നത്?
ഒന്നാം ക്ലാസില്‍ എല്ലാ ദിവസവും ചിത്രം വരയ്ക്കാനുള്ള അവസരമുണ്ടാകണം.ചിത്രംവരയും നിറം കൊടുക്കലും കുട്ടികളെ ഏറെ ആഹ്ലാദിപ്പിക്കും;അതവരെ സംതൃപ്തരും ശാന്തരുമാക്കും.വര നിലത്താകാം.ക്ലാസിലെ ചുമരിലാകാം.കടലാസിലോ നോട്ടുപുസ്തകത്തിലോ ആകാം.ചിത്രങ്ങള്‍ നിറം നല്‍കി മനോഹരമാക്കണം.ഓരോ കുട്ടിയും വരച്ച ചിത്രം ക്ലാസിലെ display board ല്‍ പ്രദര്‍ശിപ്പിക്കണം.
തന്റെ പരിസരത്തു നിന്നും സ്വായത്തമാക്കുന്ന ബിംബങ്ങളാണ് കുട്ടി വരയിലൂടെ ആവിഷ്ക്കരിക്കുന്നത്.വരയ്ക്കുന്നതിലൂടെ അവള്‍ പരിസരത്തെ കൂടുതല്‍ അറിയുന്നു.കുട്ടി എഴുത്തുഭാഷ പഠിക്കാന്‍ തുടങ്ങുന്നതിന്റെ ആദ്യപടിയാണ് ചിത്രംവര.വരയിലുള്ള കുട്ടികളുടെ പുരോഗതിയും കുട്ടി ആര്‍ജിക്കുന്ന ഭാഷാശേഷികളും തമ്മില്‍ ബന്ധിപ്പിച്ച് വിലയിരുത്തുന്നത് കുട്ടികളുടെ പഠനത്തെക്കുറിച്ചുള്ള നേരായ ഉള്‍ക്കാഴ്ചകള്‍ ടീച്ചര്‍ക്ക് സമ്മാനിക്കും.വരച്ച ചിത്രത്തെക്കുറിച്ച് കുട്ടികള്‍ക്ക് നല്‍കുന്ന ഫീഡ്ബാക്കുകള്‍ എപ്പോഴും ഗുണാത്മകമാകാന്‍ നാം ശ്രദ്ധിക്കണം.ചിത്രങ്ങള്‍ നോക്കിവരയ്ക്കാന്‍ ആവശ്യപ്പെടുന്നിടത്താണ് കുട്ടികളുടെ ഭാവനയ്ക്ക് പരുക്കേല്‍ക്കുക.
താന്‍ വരച്ച ചിത്രത്തെക്കുറിച്ച് ഓരോ കുട്ടിക്കും ഏറെ കാര്യങ്ങള്‍ പറയാനുണ്ടാകും. ചിത്രത്തിലൂടെയുള്ള കുട്ടികളുടെ സാങ്കല്‍പ്പിക സഞ്ചാരങ്ങളായിരിക്കും ഇത്തരം പറച്ചിലുകള്‍.ഈ പറച്ചിലുകള്‍ക്ക് ടീച്ചര്‍ കാതോര്‍ക്കണം.നല്ല പ്രതികരണങ്ങളിലൂടെ അവരെ പ്രോത്സാഹിപ്പിക്കണം.ഭാഷാശേഷികള്‍ സ്വായത്തമാക്കുന്നതില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് ക്ലാസുമുറിയില്‍ കുട്ടികളുടെ ഈ പറച്ചിലുകള്‍ക്കുള്ളത്.ഒപ്പം തന്റേയും മറ്റുള്ളവരുടേയും സൃഷ്ടികളെ വിലയിരുത്തുന്നതിലേക്ക് കുട്ടിയെ നയിക്കാനും ടീച്ചര്‍ക്ക് കഴിയണം.
ചിത്രംവരപോലെതന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ക്ലാസുമുറിയില്‍ അവസരം നല്‍കണം.നിര്‍മ്മാണ കലയില്‍ കുട്ടികളുടെ സര്‍ഗ്ഗാത്മകതയും സൗന്ദര്യബോധവും തെളിഞ്ഞുകാണാം.കടലാസു കീറല്‍,മുറിക്കല്‍,പശതേച്ച് ഒട്ടിക്കല്‍,നിറം നല്‍കല്‍ എന്നിവ ഒന്നാം ക്ലാസുകാരെ ഏറെ ആഹ്ളാദിപ്പിക്കും.പാഠഭാഗവുമായി ബന്ധപ്പെട്ടുവരുന്ന വിവിധ വസ്തുക്കള്‍,കൊളാഷ്,ഒറിഗാമി,കട്ടൗട്ടുകള്‍ എന്നിവയൊക്കെ അതീവ താത്പര്യത്തോടെ കുട്ടികള്‍ നിര്‍മ്മിക്കുന്നതു കാണാം.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുട്ടികളെ നിരീക്ഷിക്കുന്ന ഒരു ടീച്ചര്‍ക്ക് ഏകാഗ്രതയോടെ ദീര്‍ഘനേരം പ്രവര്‍ത്തനത്തില്‍ മുഴുകാനുള്ള കുട്ടികളുടെ കഴിവിനെക്കുറിച്ചുള്ള ധാരണ ലഭിക്കും.നിര്‍മ്മാണ പ്രവര്‍ത്തനത്തിലൂടെ ക്ലാസുമുറിയില്‍ കുട്ടികള്‍ രൂപപ്പെടുത്തിയ വസ്തുക്കള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടായിരിക്കണം ഗണിതത്തില്‍ സംഖ്യാബോധവും മറ്റും രൂപികരിക്കേണ്ടത്.
ഒന്നാം ക്ലാസുകാരുടെ പ്രായത്തിലുള്ള കുട്ടികള്‍ ആവര്‍ത്തിച്ചു കളിക്കുന്ന ഒരു കളിയുണ്ട്-നാടകക്കളി (dramatic play).നമ്മുടെ പഴയ 'കഞ്ഞീംകറീം വെച്ചുകളി'തന്നെയാണിത്.ഈ കളിയിലൂടെ കടന്നുപോകാത്ത ഒരു ദിവസംപോലും കുട്ടികളുടെ ജീവിതത്തിലുണ്ടാകില്ല.കാലം മാറുന്നതിനനുസരിച്ച് കളിയിലെ കഥാപ്പാത്രങ്ങളും തീമുമൊക്കെ മാറും.എത്രപെട്ടെന്നാണ് കുട്ടികള്‍ അമ്മയും അമ്മൂമ്മയും അച്ഛനും ടീച്ചറുമൊക്കെയായി വേഷംമാറുന്നത്.തങ്ങളുടെ ജീവിതാനുഭവങ്ങളും പ്രശ്നങ്ങളുമൊക്കെയാണ് കുട്ടികള്‍ ഈ കളിയിലൂടെ ആവിഷ്ക്കരിക്കുന്നത്.കുട്ടികളെ സാമൂഹീകരണത്തിലേക്ക് നയിക്കുന്നതില്‍ നാടകകളിക്കുള്ള പ്രാധാന്യത്തെക്കുറിച്ച് പല പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്.
കുട്ടികളുടെ പ്രിയപ്പെട്ട ഈ കളിയെ ഭേദഗതികളോടെ നാം ക്ലാസുമുറിയില്‍ പ്രയോജനപ്പെടുത്തണം.പാഠഭാഗത്തെ കഥാപ്പാത്രങ്ങളായി മാറാന്‍ കുട്ടികള്‍ക്ക് അവസരമുണ്ടാകണം.ക്ലാസിലെ മുഴുവന്‍ കുട്ടികളെയും പങ്കാളികളാക്കുന്ന രീതിയിലായിരിക്കണം ഇത് ആസൂത്രണം ചെയ്യേണ്ടത്.കഥാപ്പാത്രങ്ങളായി നടക്കാന്‍,ചിരിക്കാന്‍,കരയാന്‍...ഒക്കെ കുട്ടികള്‍ക്ക് കഴിയണം.കഥാസന്ദര്‍ഭങ്ങള്‍ സംഘമായി,ലളിതമായ രീതിയില്‍ നാടകീകരിക്കാന്‍ കഴിയണം.അപ്പോഴാണ് പാഠഭാഗം കുട്ടികളുടെ മനസ്സിനെ സ്പര്‍ശിക്കുക.അതാണ് കുട്ടികളെ പഠനത്തിലേക്ക് നയിക്കുക.ഒപ്പം അത് കുട്ടികളിലുണ്ടാക്കുന്ന വികാസം വളരെ വലുതായിരിക്കും.
ടീച്ചര്‍,ദിവസവും കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കണം.ടീച്ചര്‍ പറഞ്ഞുകൊടുക്കുന്ന ഓരോ കഥയും കുട്ടികളുടെ ഭാവനയില്‍ നിരവധി കഥകളായി
പുനര്‍ജ്ജനിക്കും.മാത്രമല്ല,കഥകള്‍ കേള്‍ക്കുന്നതിലൂടെ കുട്ടികളുടെ ശ്രദ്ധയും ഏകാഗ്രതയും വികസിക്കും.ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ധാരാളം നാടോടിക്കഥകളുണ്ട്.അത്തരം കഥകള്‍ തെരഞ്ഞെടുക്കാം.കുട്ടികളെ അടുത്തിരുത്തി ആവശ്യമായ ശബ്ദക്രമീകരണത്തോടെ രസകരമായി വേണം കഥ പറഞ്ഞുകൊടുക്കാന്‍.ചെറിയക്ലാസുകളിലെ അധ്യാപികമാര്‍ പറഞ്ഞുകൊടുത്ത കഥകളാണ് തങ്ങളുടെ സാഹിത്യാഭിരുചിയെ രൂപപ്പെടുത്തിയതെന്ന് മലയാളത്തിലെ പ്രശസ്തരായ പല സാഹിത്യകാരന്മാരും രേഖപ്പെടുത്തിയത് ടീച്ചര്‍ വായിച്ചുകാണുമല്ലോ.
കഥാപുസ്തകങ്ങള്‍ കുട്ടികള്‍ക്ക് വായിച്ചുകൊടുക്കണം.മനോഹരമായ വര്‍ണ്ണ ചിത്രങ്ങളുള്ള കുഞ്ഞുപുസ്തകങ്ങള്‍ സ്ക്കൂള്‍ ലൈബ്രറിയില്‍ കാണും.അതില്‍ കുട്ടികള്‍ക്ക് വായിച്ചുകടുക്കാന്‍ പറ്റുന്നവ തെരഞ്ഞെടുത്തു വയ്ക്കണം.ഓരോ പേജിലേയും ചിത്രങ്ങള്‍ കാണിച്ച്,ഇനി എന്തായിരിക്കുമെന്ന് ഊഹിക്കാന്‍ അവസരം നല്‍കി, കുട്ടികളുടെ ജിജ്ഞാസയുണര്‍ത്തി വേണം പുസ്തകം അവതരിപ്പിക്കാന്‍.കുട്ടികളില്‍ പുസ്തകത്തോടുള്ള ഇഷ്ടവും അത് വായിക്കാനുള്ള താത്പര്യവും ഉണര്‍ത്താന്‍ ഈ രീതി ഫലപ്രദമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. വായിച്ചു കൊടുത്ത പുസ്തകങ്ങളും അല്ലാത്തവയും ക്ലാസില്‍ പ്രദര്‍ശിപ്പിക്കണം.കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ എടുക്കാനും മറിച്ചുനോക്കാനും ചിത്രവായന നടത്താനുമൊക്കെ സാധിക്കണം.അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പഠിക്കുന്ന ഓരോ കുട്ടിയേയും മികച്ച വായനക്കാരാക്കി മാറ്റുക എന്നതാണല്ലോ നമ്മുടെ ലക്ഷ്യം.
ക്ലാസില്‍ കഥ മാത്രം പോര.പാട്ടുകള്‍ കൂടി വേണം.നല്ല താളത്തില്‍ പാടാവുന്ന പാട്ടുകള്‍വേണം തെരഞ്ഞെടുക്കാന്‍.അത്തരം പാട്ടുകള്‍ ഇഷ്ടപ്പെടാത്ത കുട്ടികളുണ്ടാകില്ല.ഒന്നാം ക്ലാസില്‍ കുട്ടികള്‍ പാടിരസിക്കുന്ന പാട്ടുകളിലൂടെ സ്വായത്തമാക്കുന്ന താളബോധവും ഈണവുമായിരിക്കും പില്‍ക്കാലത്ത് അവരുടെ സംഗീതാഭിരുചിയെ സ്വാധീനിക്കുക.കഴിയുമെങ്കില്‍ നല്ല സംഗീതം കേള്‍പ്പിക്കാനും സമയം കണ്ടെത്തണം.
ഇനി ക്ലാസിലെ ഇരിപ്പിടങ്ങളെക്കുറിച്ചാണ് പറയാനുള്ളത്.ടീച്ചറുടെ ക്ലാസിലെ ഇരിപ്പിടങ്ങള്‍ എങ്ങനെയാണ് സജ്ജീകരിച്ചിരിക്കുന്നത്?
ഇരിപ്പിടങ്ങള്‍, കുട്ടികള്‍ക്ക് അനങ്ങാന്‍ പറ്റാത്തവിധം പൂട്ടിയിടുന്ന രീതിയില്‍ ക്രമീകരിക്കരുത്.ക്ലാസുമുറിയില്‍ കുട്ടികള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ പറ്റണം.അതിനു സഹായകമായ രീതിയിലായിരിക്കണം ഇരിപ്പിടങ്ങള്‍ സജ്ജീകരിക്കേണ്ടത്.
ക്ലാസുമുറിക്കകത്ത് വെച്ച് കളിക്കാവുന്ന നിരവധി കളികളുണ്ട്.(റഫര്‍: ദിശ വാല്യം 1 ജൂണ്‍ 2012,SSA കാസര്‍ഗോഡ്)കളികള്‍ക്ക് വേണ്ടുന്ന സ്ഥലം കൂടി കാണണം.പഠനപ്രവര്‍ത്തനങ്ങളുടെ ഇടവേളകളില്‍ കളിക്കുന്ന ഇത്തരം കളികള്‍ കുട്ടികളെ ആഹ്ലാദിപ്പിക്കും.ഈ ആഹ്ലാദം കുട്ടികളുടെ വൈകാരിക വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.കളിയിലെ നിയമങ്ങള്‍ അനുസരിക്കല്‍,സംഘംചേര്‍ന്ന് ഒറ്റ മനസ്സോടെ പ്രവര്‍ത്തിക്കാനുള്ള കഴിവ്,സഹകരണമനോഭാവം,നേതൃത്വപാടവം എന്നിവ കളിയിലൂടെയാണ് കുട്ടികള്‍ സ്വായത്തമാക്കുന്നത്.
മുകളില്‍ സൂചിപ്പിച്ച വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളുടെ സാധ്യതകള്‍ വിളക്കിച്ചേര്‍ത്ത പാഠാസൂത്രണമായിരിക്കണം നമ്മുടെ കൈമുതല്‍.ക്ലാസിലെ മുഴുവന്‍ കുട്ടികളേയും പഠനപ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കാന്‍ അങ്ങനെയുള്ള പാഠാസൂത്രണത്തിനു കഴിയും.അപ്പോള്‍ പഠനം കുട്ടികളുടെ വികാരങ്ങളെ സ്പര്‍ശിക്കും.അതവരുടെ ചിന്തയെ ഉണര്‍ത്തും.ക്ലാസുമുറിയില്‍ കുട്ടികളുടെ സര്‍ഗ്ഗാത്മകത പൂത്തുലയും.അപ്പോഴാണ് കുട്ടികള്‍ പഠിച്ചു മുന്നേറുന്നത്.അവര്‍ നല്ല വ്യക്തിത്വങ്ങളായി വളരുന്നത്.അന്നേരം ടീച്ചറും ക്ലാസുമുറിയും അവര്‍ക്ക് പ്രയപ്പെട്ടതായി മാറും...
ഒന്നാം ക്ലാസില്‍ പഠിപ്പിക്കുക എന്ന മഹത്തരവും ഭാരിച്ചതുമായ ഉത്തരവാദിത്തം ഏറ്റെടുത്ത ടീച്ചര്‍ക്ക് എല്ലാ വിജയാശംസകളും നേരുന്നു.
ടീച്ചറുടെ അനുഭവങ്ങളും പ്രതികരണങ്ങളും പങ്കുവെക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്,
സ്നേഹത്തോടെ,
എം.എം.സുരേന്ദ്രന്‍
No comments:
Post a Comment