ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Saturday, 17 October 2015

SCERT അറിയാന്‍: ടൈംടേബിള്‍ ഇങ്ങനെയല്ല പരിഷ്ക്കരിക്കേണ്ടത്...



2015-16 വര്‍ഷത്തെ ടൈംടേബിള്‍ പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് എസ്.സി.ഇ.ആര്‍.ടി പുറത്തിറക്കിയ രേഖയില്‍ പറയുന്നത് നോക്കുക.

'1989 ലെ സിലബസ്സ് പരിഷ്ക്കരണത്തിന്റെ  ഭാഗമായിട്ടാണ് മുമ്പ് സ്ക്കൂള്‍ ടൈംടേബിള്‍ ക്രമീകരിച്ചിരുന്നത്.ഇരുപത്തഞ്ചുകൊല്ലം മുമ്പാണ് ഇത്തരത്തില്‍ ക്രമീകൃതമായ ഒരു ടൈംടേബിള്‍ പരിഷ്ക്കരണം നടന്നതായി കാണുന്നത്.എന്നാല്‍ പാഠ്യപദ്ധതിയും സിലബസ്സും പഠനബോധനതന്ത്രങ്ങളും ഇതിനകം നിരവധി പ്രാവശ്യം പരിവര്‍ത്തനത്തിന് വിധേയമായി.പരിഷ്ക്കരിച്ച പാഠപുസ്തകങ്ങള്‍ നിലവില്‍ വന്നു.ഈ അവസരങ്ങളിലൊന്നും സ്ക്കൂള്‍ ടൈംടേബിള്‍ യഥോചിതമായി മാറിയില്ല എന്നതാണ് വസ്തുത.കാലാകാലങ്ങളില്‍ ചില ഭേദഗതികള്‍ ഉണ്ടാക്കിയെങ്കിലും സമഗ്രമാറ്റം നടന്നിരുന്നില്ല.ഇത് കണക്കിലെടുത്ത് പാഠ്യപദ്ധതിയുടേയും ക്ലാസ്റൂം വിനിമയത്തിന്റേയും പ്രാധാന്യമുള്‍ക്കൊണ്ടാണ് സ്ക്കൂള്‍ ടൈംടേബിള്‍ ഉണ്ടാക്കാന്‍ എസ്.സി.ഇ.ആര്‍.ടി മുന്‍കൈയെടുത്തത്.'

(എസ്.സി.ഇ.ആര്‍.ടി - 2015-16 വര്‍ഷത്തെ പുതുക്കിയ സ്ക്കൂള്‍ ടൈംടേബിള്‍ രേഖ-  ആമുഖത്തില്‍ നിന്ന്)

പാഠ്യപദ്ധതിയും സിലബസ്സും പഠനബോധനതന്ത്രങ്ങളും  നിരവധി പ്രാവശ്യം പരിവര്‍ത്തനത്തിന് വിധേയമായിട്ടും  സ്ക്കൂള്‍ ടൈംടേബിള്‍ യഥോചിതമായി മാറാത്തതാണ് ടൈംടേബിള്‍  പരിഷ്ക്കരണത്തിനു എസ്.സി.ഇ.ആര്‍.ടി യെ പ്രേരിപ്പിച്ച വസ്തുത.അതുകൊണ്ട് പാഠ്യപദ്ധതിയുടേയും ക്ലാസ്റൂം വിനിമയത്തിന്റേയും പ്രാധാന്യമുള്‍ക്കൊണ്ടാണ് സ്ക്കൂള്‍ ടൈംടേബിള്‍ ഉണ്ടാക്കാന്‍ എസ്.സി.ഇ.ആര്‍.ടി മുന്‍കൈയെടുത്തത്. ഒരു ദിവസം  ഏഴ് പിരീഡ് എന്നത് എട്ട് പിരീഡ് ആക്കി വര്‍ദ്ധിപ്പിച്ചു. പിരീഡുകളുടെ സമയദൈര്‍ഘ്യം 40-45 മിനുട്ടില്‍ നിന്നും 35-40 മിനുട്ടാക്കിക്കുറച്ചു.ഇതാണ് ടൈംടേബിളില്‍ എസ്.സി.ഇ.ആര്‍.ടി വരുത്തിയ 'സമഗ്രമാറ്റം'.ഇതു വഴി 'പാഠ്യപദ്ധതിയുടെ ക്ലാസ് റൂം വിനിമയം' ഭംഗിയായി നടക്കും എന്നതാണ് എസ്.സി.ഇ.ആര്‍.ടി യുടെ കണ്ടെത്തല്‍.

ശിശുകേന്ദ്രീകൃത പഠനം,പ്രവര്‍ത്തനാധിഷ്ഠിത ക്ലാസുമുറി തുടങ്ങിയ അടിസ്ഥാന പ്രമാണങ്ങളെ  ആധാരമാക്കിയാണ് കേരളത്തില്‍ പുതിയ പാഠ്യപദ്ധതിയും  പാഠപുസ്തകങ്ങളും നിലവില്‍വന്നത്.ഇതിനു സഹായകമായ രീതിയില്‍ ആയിരിക്കണം സ്ക്കൂള്‍ പ്രവര്‍ത്തന സമയം.പുതിയ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും നിലവില്‍ വന്നിട്ട് ഏതാണ്ട് ഇരുപത് വര്‍ഷത്തോളമായി.എന്നാല്‍ ടൈംടേബിള്‍ പരിഷ്ക്കരിക്കപ്പെടാതെ അതുപോലെ തുടരുകയാണുണ്ടായത്.പ്രവര്‍ത്തനാധിഷ്ഠിത ക്ലാസുമുറികള്‍ക്ക് യോജിച്ച രീതിയില്‍   ടൈംടേബിള്‍ പരിഷ്ക്കരിക്കപ്പെടേണ്ടതാണെന്ന ചര്‍ച്ചപോലും അന്ന് ഉയര്‍ന്നു വന്നില്ല.എല്‍.പി. ക്ലാസുകളെ സംബന്ധിച്ചിടത്തോളം ടൈംടേബിള്‍ ഒരു പ്രശ്നമായിരുന്നില്ല.കാരണം ക്ലാസ് ടീച്ചര്‍ സിസ്റ്റമായതുകൊണ്ട് ടീച്ചറുടെ ഇഷ്ടത്തിനനുസരിച്ച് ടൈംടേബിള്‍ ക്രമീകരിക്കാം.എന്നാല്‍ യു.പി. ക്ലാസുകളില്‍ അതായിരുന്നില്ല സ്ഥിതി. പുതിയ പാഠ്യപദ്ധതി യു.പി. ക്ലസുകളില്‍ ശരിയായ രീതിയില്‍ വിനിമയം ചെയ്യപ്പെടാതെ പോയതിന് ഒരു പ്രധാന കാരണം ഈ അറുപഴഞ്ചന്‍ ടൈംടേബിള്‍ ആയിരുന്നു.

 പഠിപ്പിക്കാനുള്ള സമയം വീണ്ടും കുറച്ചുംപിരീഡുകളുടെ എണ്ണം കൂട്ടിയും ഇപ്പോള്‍ വരുത്തിയ 'സമഗ്രമായ പരിഷ്ക്കരണം' ഫലത്തില്‍ ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് മാറ്റിയതുപോലെ ആയിത്തീര്‍ന്നു.

ക്ലാസുമുറിയില്‍  പ്രവര്‍ത്തനാധിഷ്ഠിത പഠനം സാധ്യമാക്കുന്നതില്‍ നേരത്തെയുള്ള ടൈംടേബിള്‍ എത്രമാത്രം സഹായകമാണ് എന്നതായിരുന്നു എസ്.സി.ഇ.ആര്‍.ടി പഠിക്കേണ്ടിയിരുന്നത്.

നേരത്തെയുണ്ടായിരുന്ന 40-45 മിനുട്ടില്‍ ക്ലസ് റൂം പ്രക്രിയകള്‍ പാലിച്ചുകൊണ്ട് ക്ലാസുകള്‍ കൈകാര്യം ചെയ്യാന്‍ അധ്യാപകര്‍ക്ക് കഴിയുന്നുണ്ടോ?കുട്ടികള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനും ചെയ്യാനും ഈ സമയം മതിയാകുന്നുണ്ടോ?ഒരു ദിവസം ആറോ ഏഴോ വിഷയങ്ങള്‍ പഠിക്കേണ്ടി വരുന്നത് കുട്ടികളുടെ പഠനത്തെ ദോഷകരമായി ബാധിക്കുന്നുണ്ടോ? തുടങ്ങിയ വസ്തുതകള്‍ പഠനവിധേയമാക്കിവേണമായിരുന്നു ടൈംടേബിളില്‍ സമഗ്രമായ പരിഷ്ക്കരണം ഏര്‍പ്പെടുത്തേണ്ടിയിരുന്നത്.

 ക്ലാസില്‍ ഒരു വിഷയം പഠിപ്പിക്കുമ്പോള്‍ സാധാരണഗതിയില്‍  അനുവര്‍ത്തിക്കേണ്ട വിവിധ ഘട്ടങ്ങളെക്കുറിച്ച് ടീച്ചര്‍ ടെക്സ്റ്റില്‍ പറയുന്നത് നോക്കുക.
  • പ്രശ്നം അവതരിപ്പിക്കല്‍
  • പ്രശ്നത്തോടുള്ള കുട്ടികളുടെ പ്രതികരണങ്ങള്‍
  • കുട്ടികള്‍ സംഘമായി തിരിയല്‍
  • പ്രശ്നം വിശകലനം ചെയ്യല്‍
  • അവശ്യമായ വിവരങ്ങള്‍ ശേഖരിക്കല്‍
  • ഐ.ടി.സാധ്യതകള്‍ ഉപയോഗപ്പെടുത്തല്‍
  • പ്രശ്ന പരിഹരണത്തിനുള്ള വഴികള്‍ നിര്‍ദ്ദേശിക്കല്‍
  • ഓരോ ഗ്രൂപ്പും എഴുതി അവതരിപ്പിക്കല്‍
  • ക്രോഡീകരിക്കല്‍
ഇത്രയും പ്രക്രിയകള്‍ പാലിച്ചുകൊണ്ട് പഠനപ്രവര്‍ത്തനം നടപ്പിലാക്കാന്‍ ഒന്നര മണിക്കൂര്‍ സമയമെങ്കിലും വേണമെന്നിരിക്കെ, നേരത്തേയുണ്ടായിരുന്ന 45മിനുട്ട് വീണ്ടും കുറച്ച് 35മിനുട്ടാക്കിയാല്‍  പാഠ്യപദ്ധതി വിനിമയം ഗംഭീരമാകുമെന്നാണ് എസ്.സി.ഇ.ആര്‍.ടി കരുതുന്നത് .

 മുകളില്‍ കൊടുത്ത പ്രക്രിയ എവിടെ വച്ചാണ് മുറിച്ച് അടുത്ത ദിവസത്തേക്ക് മാറ്റി വെക്കുക?കുട്ടികള്‍ സംഘമായി തിരിഞ്ഞ് ചര്‍ച്ച ചെയ്യുന്നതിനിടയിലോ? ഐ.ടി.സാധ്യതകള്‍ പ്രയോജനപ്പെടുത്താനായി പ്രൊജക്ടര്‍ സജ്ജീകരിച്ചതിനു ശേഷമോ?

ക്ലസുമുറി പ്രവര്‍ത്തനാധിഷ്ഠിതമായി കൊണ്ടുപോകാന്‍ കഴിയാത്തതില്‍ പ്രയാസപ്പെടുന്ന ഒരു ടീച്ചറുടെ അഭിപ്രായം നോക്കുക.

"കുട്ടികളെ ഗ്രൂപ്പ് തിരിക്കുമ്പോഴായിരിക്കും ചിലപ്പോള്‍ ബെല്ലടിക്കുക.അല്ലെങ്കില്‍ ഗ്രൂപ്പിന്റെ കണ്ടെത്തല്‍ അവതരിപ്പിക്കുമ്പോഴേക്കും.അപ്പോഴേക്കും അടുത്ത വിഷയം പഠിപ്പിക്കേണ്ട ടീച്ചര്‍ വാതില്‍ക്കല്‍ വന്നുനില്‍പ്പുണ്ടാകും.പലപ്പോഴും പരീക്ഷണം പാതിവഴിക്ക് ഉപേക്ഷിക്കേണ്ടതായി വന്നിട്ടുണ്ട്.അടുത്ത ക്ലാസില്‍ അതു വീണ്ടും ആദ്യംമുതല്‍ക്കേ തുടങ്ങേണ്ടതായി വരും....”


പഠനം പ്രവര്‍ത്തനാധിഷ്ഠിതമായിരിക്കണമെന്ന് അധ്യാപക സഹായിയിലും പാഠപുസ്തകത്തിലും തറപ്പിച്ച് പറയുക.അതിന്  സഹായകമായ രീതിയില്‍  ടൈംടേബിള്‍ പരിഷ്ക്കരിക്കുന്നതിനുള്ള ധൈര്യം കാണിക്കുന്നതിനും വസ്തുതകള്‍ നിരത്തി അത് രാഷ്ടീയ നേതൃത്ത്വത്തെകൊണ്ട് അംഗീകരിപ്പിക്കുന്നതിനും പകരം ടൈംടേബിള്‍ പരിഷ്ക്കരിക്കുന്നു എന്ന പേരില്‍ ചില കാട്ടിക്കൂട്ടലുകള്‍ നടത്തി പാഠ്യപദ്ധതിയുടെ അന്തഃസത്തയ്ക്കു നിരയ്ക്കാത്ത രീതിയില്‍  നടപ്പാക്കുന്നത്  ആര്‍ക്കുവേണ്ടിയാണ്?  എസ്.സി.ഇ.ആര്‍.ടിയുടെ കണ്ടെത്തല്‍ പ്രകാരം ഒരു പിരീഡിന്റെ ദൈര്‍ഘ്യം 35മിനുട്ടാക്കിയാല്‍   'പാഠ്യപദ്ധതിയുടെ ക്ലാസ് റൂം വിനിമയം'  ഭംഗിയായി നടക്കും!

പഴയ രീതിയില്‍ ക്ലാസില്‍ പ്രസംഗം മാത്രം മതിയെങ്കില്‍ ഈ ടൈംടേബിള്‍ മഹത്തരം തന്നെ.അധ്യാപകന് ഒരു ചോക്കും നാക്കും മാത്രം മതി.ഇപ്പോഴും ക്ലാസില്‍ ഗംഭീരായി പ്രസംഗിച്ച് നിര്‍വൃതി കൊള്ളുന്ന അധ്യാപകര്‍ ഇതിനെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യും. പരമാവധി അര മണിക്കൂര്‍ മാത്രമേ നന്നായി പ്രസംഗിക്കാന്‍ വേണ്ടൂ.


ഒരു യു.പി.സ്ക്കൂളില്‍ 45മിനുട്ട് ദൈര്‍ഘ്യമുള്ള രണ്ടു പിരീഡുകള്‍ ക്ലബ്ബു ചെയ്ത് ഒന്നര മണിക്കൂര്‍  ദൈര്‍ഘ്യമുള്ള പിരീഡുകളാക്കി കുട്ടികളെ മൂന്നു വര്‍ഷത്തോളം പഠിപ്പിച്ച അനുഭവം എനിക്കുണ്ട്. ദിവസം അവര്‍ക്ക് മൂന്നു വിഷയങ്ങള്‍ മാത്രമേ പഠിക്കേണ്ടതുള്ളു.(തിങ്കളാഴ്ച ഒഴികെ)അത് പ്രക്രിയാബന്ധിതമായി പഠിപ്പിക്കാം.ഐ.ടി.സാധ്യതകള്‍ ക്ലാസുമുറിയില്‍തന്നെ പ്രയോജനപ്പെടുത്താം.പഠനത്തില്‍ കുട്ടികള്‍ പതുക്കെ മുന്നേറുന്നത് ഈ കാലയളവില്‍ ഞങ്ങള്‍ നേരിട്ട് മനസ്സിലാക്കി.അവരുടെ പഠന നിലവാരം ഉയര്‍ന്നു.ദിവസം മൂന്നു വിഷയങ്ങളുടെ പുസ്തകങ്ങള്‍ മാത്രം കുട്ടികള്‍ കൊണ്ടുവന്നാല്‍ മതി.കുട്ടികളുടെ പുസ്തകഭാരം കുറയ്ക്കാന്‍ അത് കാരണമായി.അധ്യാപകര്‍ക്ക് ആസൂത്രണം എളുപ്പമാക്കി.ക്ലാസുമുറി പ്രവര്‍ത്തനാധിഷ്ഠിതമാക്കാതെ മുന്നോട്ടു പോകാന്‍ കഴിയില്ല എന്ന സ്ഥിതിവന്നു.

ഇവിടെ സര്‍ഗാത്മകതയ്ക്ക് പ്രത്യേക പിരീഡിന്റെ ആവശ്യമില്ല. വിഷയങ്ങളെ പറ്റാവുന്നിടത്തെല്ലാം കലകളുമായി ഉദ്ഗ്രഥിച്ചു.കൂടാതെ രാവിലെ 9.30നു മുമ്പായി എല്ലാം കുട്ടികളും ക്ലസിലെത്തും.ഓരോ ഗ്രൂപ്പും തങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ട  പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയായിരിക്കും. മിക്കവാറും സര്‍ഗാത്മക പ്രവര്‍ത്തനങ്ങളായിരിക്കും ഇത്.അധ്യാപകര്‍ അതിനെ വിലയിരുത്തുന്നു.

 ഓരോ പിരീഡ് കഴിഞ്ഞാലും വിശ്രമമാണ്.ആദ്യ ഇടവേള 11.30ന്.പിന്നത്തെ ഇടവേള ഒരു മണിക്ക്.ഉച്ച ഭക്ഷണം കഴിക്കാന്‍.പിന്നെ ഉച്ചയ്ക്കു ശേഷം മൂന്നരയ്ക്ക്.കുട്ടികള്‍ക്ക് ആ വിദ്യാലയം ഏറെ ഇഷ്ടമായിരുന്നു.അതിനു പ്രധാനകാരണം ചിത്രങ്ങള്‍ വരച്ചിട്ട ചുമരുകളായിരുന്നില്ല.ഞങ്ങള്‍ അനുവര്‍ത്തിച്ച ഈ ടൈംടേബിള്‍ തന്നെയായിരുന്നു.

പുതയ സ്ക്കൂള്‍ വ്യത്യസ്തമാണ്. ക്ലാസില്‍ എന്തെങ്കിലുമൊക്കെ ചെയ്യാന്‍ തുടങ്ങുമ്പോഴേക്കും ബെല്ല് മുഴങ്ങുന്നു.ടീച്ചര്‍മാര്‍ ക്ലാസില്‍ നിന്നും ക്ലാസിലേക്ക് നിരന്തരം ഓടിക്കൊണ്ടിരിക്കുന്നു.ബെല്ലടിക്കുമ്പോഴേക്കും വാതില്‍ക്കല്‍ അടുത്ത പീരീഡിന്റെ ടീച്ചര്‍ വന്നു നില്‍പ്പുണ്ടാകും.ക്ലാസില്‍ നിന്നുമിറങ്ങാന്‍ അല്പം താമസിച്ചുപോയാല്‍ മുഖംവാടും.പാഠംതീരുമോ എന്ന വേവലാതിയാണ് എല്ലാവര്‍ക്കും, എപ്പോഴും.


കഴിഞ്ഞ ദിവസം കുട്ടികള്‍ ഗ്രൂപ്പില്‍ സൗരയൂഥവുമായി ബന്ധപ്പെട്ട ചാര്‍ട്ട് തയ്യാറാക്കുകയായിരുന്നു.പെട്ടെന്ന് മണിയടിച്ചു.ഒരു കുട്ടി പറയുന്നതു കേട്ടു."ഹൊ!ഈ നശിച്ച മണി...”


5 comments:

  1. പുതിയ സ്കൂളിലേക്ക് പഴയ സ്കൂളിന്റെ നല്ല അനുഭവ പാഠങ്ങൾ സംക്രമിപ്പിക്കൂ സുരേന്ദ്രൻ മാഷേ..... മാറ്റുവിൻ ചട്ടങ്ങളെ .. അല്ലെങ്കിൽ? പുതിയ വിദ്യാലയത്തിലും പെരുമയുണ്ടാകും ...തീർച്ച |

    ReplyDelete
  2. മുന്‍ ഡി പി ഐ ശ്രീ ബിജുപ്രഭാകര്‍ കഴിഞ്ഞ മാസം സീമാറ്റില്‍ വെച്ച് പങ്കിട്ട ഒരു അനുഭവം ഇവിടെ പ്രസക്തമാണ്. അദ്ദേഹം തിരുവനന്തപുരത്തുളള പ്രസിദ്ധമായ ഒരു വിദ്യാലയത്തില്‍ ചെറിയഗവേഷണാത്മക ഇടപെടല്‍ നടത്തി. രണ്ടു ദിവസം ഒരു വിഷയം എന്ന രീതിയില്‍ ടൈം ടേബിള്‍ പുനക്രമീകരിച്ചു. അധ്യാപകര്‍ ആശങ്കപ്പെട്ടു. കുട്ടികള്‍ക്ക് വിരസത ഉണ്ടാകില്ലേ? മറുപടി - പഠിപ്പിച്ചാല്‍ കുട്ടികള്‍മുഷിയും. അവരെ പഠിക്കാനനുവദിക്കൂ. സ്വയം പഠനത്തിനുളള ചുമതലകള്‍ അധ്യാപകര്‍ നല്‍കി. പ്രധാനമായും കണ്ടെത്തേണ്ട കാര്യങ്ങള്‍ ചോദ്യാവലിയാക്കി നല്‍കുകയാണ് ചെയ്തത്. കുട്ടികള്‍ ഗ്രൂപ്പായി ഒന്നാം ദിവസം അന്വേഷണമാരംഭിച്ചു. വിവിധസ്രോതസുകളില്‍ നിന്നും വിവരം ശേഖരിച്ച് പാകപ്പെടുത്തി. രണ്ടാം ദിവസം ക്ലാസില്‍ കണ്ടെത്തലുകളുടെ അവതരണം ചര്‍ച്ച കൂട്ടിച്ചേര്‍ക്കല്‍, സംവാദം. പഠനം ഫലപ്രദം. ഈ രീതി പ്രയോഗിച്ച് പഠനനിലവാരം ഉയര്‍ത്തിയ ഈ അനുഭവം കേള്‍ക്കുന്ന സദസ്സില്‍ എസ് സി ഇ ആര്‍ ടി ഫാക്കല്‍റ്റി അംഗങ്ങളും ഉണ്ടായിരുന്നു. എസ് സി ഇ ആര്‍ ടി മുന്‍ ഡി പി ഐയില്‍ നിന്നും പഠിക്കാനുണ്ട്. അത്യാവശ്യം ഗവേഷണാത്മകമായ ഇടപെടലെങ്കിലും നടത്തിവേണമായിരുന്നു മാറ്റം.

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. ഈ ടൈംടേബിള്‍ ടീച്ചേര്‍സിനെ വല്ലാതെ പരിമിതപ്പെടുത്തുന്നുണ്ട്.ഇതിനകത്ത് നിന്നുകൊണ്ട് ക്ലാസുമുറി പ്രവര്‍ത്തനാധിഷ്ഠിതമാക്കാന്‍ നന്നായി കഷ്ടപ്പെടണം.എനിക്ക് ഇപ്പോഴാണ് അത് ശരിക്കും ബോധ്യപ്പെട്ടത്. എത്ര പഠിപ്പിച്ചാലും പാഠം നീങ്ങുന്നില്ല എന്ന് സഹപ്രവര്‍ത്തകര്‍ എപ്പോഴും പറയും.അതിനു പ്രധാനകാരണം ക്ലാസ് മുറിഞ്ഞുപോകുന്നതാണ്.പിന്നെ ക്ലാസില്‍ നിന്നും ക്ലാസിലേക്കുള്ള പാച്ചിലും.
      ഒന്നര മണിക്കൂര്‍ ടൈംടേബിളില്‍ ക്ലാസ് പ്രവര്‍ത്തനാധിഷ്ടിതമാക്കാതെ അധ്യാപകര്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയില്ല.അപ്പോഴാണ് പാഠം പെട്ടെന്ന് മുന്നോട്ടു പോകുക.നാരായണന്‍ മാഷ് പറഞ്ഞതുപോലെ കഴിഞ്ഞ SRG യില്‍ ഞങ്ങള്‍ ഈ വിഷയം ചര്‍ച്ച ചെയ്തു.ഇങ്ങനെ ചെയ്യുന്നതിന്റെ ഗുണങ്ങള്‍ അനുഭവത്തെ അടിസ്ഥാനപ്പെടുത്തി വിശദീകരിച്ചു.എല്ലാവരും അംഗീകരിച്ചു.ഈ വര്‍ഷം ഇങ്ങനെപോകട്ടെ അടുത്ത വര്‍ഷം മുതല്‍ ആവാം എന്നു അഭിപ്രായപ്പെട്ടവരുമുണ്ട്.ഏതായാലും ശ്രമം തുടരും...

      Delete
  3. Jayasree Kulakkunnathu കഴിഞ്ഞ വര്ഷം ഞാന്‍ എല്‍ പി വിഭാഗത്തില്‍ നിന്ന് പുതിയ സ്കൂളില്‍ യു പി വിഭാഗത്തില്‍ ചെന്നപ്പോള്‍ ഇതേ ടൈം ടേബിള്‍ പ്രശ്നം എന്നെയും അലട്ടി .എസ് ആര്‍ ജി യില്‍ അവതരിപ്പിച്ചു .രണ്ട് പീരീഡ്‌ എന്ന ആശയം എല്ലാവര്‍ക്കും ഇഷ്ടമായി .ഇങ്ങനെയൊക്കെ മാറ്റാമോ എന്ന പേടി .ഞങ്ങള്‍ എസ് ആര്‍ ജി തീരുമാന പ്രകാരം .തുടര്‍ച്ചയായ രണ്ടു പീരീഡ്‌ ഒരു വിഷയം എന്ന രീതിയില്‍ ക്രമീകരിച്ചു .ഈ വര്‍ഷം 8പീരീഡ്‌ ആക്കിയപ്പോഴും ഞങ്ങള്‍ അങ്ങനെ തന്നെ തുടരുന്നു .പിന്നെ ശാസ്ത്ര ,ഗണിത വിഷയങ്ങളുടെ ഓരോ പീരീഡ്‌ കുറച്ചു കൊണ്ടാണല്ലോ കലാകായിക പ്രവര്‍ത്തനങ്ങള്‍ക്ക് പീരീഡ്‌ നല്‍കിയത് .അപ്പോള്‍ നഷ്ടപ്പെട്ട ഒരു പീരീഡ്‌ അതെ വിഷയത്തോട് ചേര്‍ത്ത് ആ വിഷയവുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു .കൂടാതെ അഞ്ച് ,ആരു,ഏഴ് ക്ലാസ്സുകളിലെ കലാ കായിക പ്രവര്‍ത്തി പരിചയത്തിന്റെ ബാക്കിയുള്ള എല്ലാ പിരീഡുകളുംഎല്ലാ ദിവസവും അവസാനത്തെ ഏഴും എട്ടും പിരീഡുകളാക്കി ക്രമീകരിച്ചു .അത് കൊണ്ട് യു പി വിഭാഗത്തിന്‍റെ പൊതുവായ ക്ലബ്‌ പ്രവര്‍ത്തനങ്ങള്‍ ,വായനാ പ്രവര്‍ത്തനങ്ങള്‍ ...മുതലായവ ക്ലാസ്സുകള്‍ നഷ്ടപ്പെടാത്ത രീതിയില്‍ ക്രമീകരിക്കാന്‍ സാധിക്കുന്നു .ഒരു സ്പെഷ്യല്‍ അധ്യാപക തസ്തിക പോലും ഇല്ലാത്ത സ്കൂളില്‍ എസ്.സി.ഇ.ആര്‍.ടി ഗവേഷണം നടത്തി കണ്ടു പിടിച്ചു വരുന്നത് വരെ പിള്ളേരെ വെറുതെ ഇരുത്തി സമയം കളയാന്‍ പറ്റുമോ ?അവരുടെ ആരുടെയും മക്കള്‍ പൊതു വിദ്യാലയങ്ങളില്‍ ഇല്ലാത്തത് കൊണ്ട് അവര്‍ക്ക് വരുന്ന അധ്യയന നഷ്ടം പഠിക്കാന്‍ ഇനിയും കാലങ്ങള്‍ എടുത്തേക്കാം .പിന്നെ ബിജു പ്രഭാകര്‍ സര്‍ സൂചിപ്പിച്ച കാര്യം ചെയ്തു നോക്കാമെന്ന മോഹം തോന്നുന്നു .

    ReplyDelete