'ഒരുക്കം' പരിപാടിയുമായി ബന്ധപ്പെട്ട് മെയ് 31ന് ഞങ്ങള്‍ വിദ്യാലയത്തില്‍ ഒത്തുചേരുകയുണ്ടായി-പിടിഎ,എസ്.എം.സി അംഗങ്ങളും സ്റ്റാഫും.വ്യക്തമായ ഒരു അജണ്ടയുടെ പുറത്തായിരുന്നു ഞങ്ങളുടെ യോഗം.ഈ വര്‍ഷത്തെ വിദ്യാലയം എങ്ങനെയായിരിക്കണം? അതിനുള്ള ഒരുക്കങ്ങള്‍ എന്തൊക്കെയായിരിക്കണം?ആദ്യത്തെ മൂന്നുമാസത്തെ പ്രവര്‍ത്തന കലണ്ടറില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തണം? ഈ വര്‍ഷം വിദ്യാലയം ഏറ്റെടുക്കുന്ന,അധ്യാപക സംഗമത്തില്‍ അവതരിപ്പിച്ച തനതുപരിപാടിക്ക് എങ്ങനെ കൂടുതല്‍ വ്യക്തതയും സൂക്ഷ്മതയും വരുത്താം?
തൊട്ടടുത്തദിവസം നടക്കുന്ന പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തിക്കൊണ്ടായിരുന്നു രാവിലെ 10 മണിക്ക് ഞങ്ങള്‍ യോഗം ആരംഭിച്ചത്.ബേക്കല്‍ ഉപജില്ലാതലത്തിലുള്ള പ്രവേശനോത്സവമാണ് ഞങ്ങളുടെ വിദ്യാലയത്തില്‍ നടക്കുന്നത്.ഒരോ ടീമിനേയും ഏല്‍പ്പിച്ച ചുമതലകളിലുള്ള പ്രവര്‍ത്തന പുരോഗതി അതാതു ടീം അംഗങ്ങള്‍ അവതരിപ്പിച്ചു.ഡക്കറേഷന്‍,കുട്ടികളെ സ്വീകരിച്ചാനയിക്കല്‍,പ്രവേശനോത്സവഗാനത്തിന്റെ അവതരണം,നവാഗതരെ പാട്ടുകള്‍ പാടി രസിപ്പിക്കല്‍,പഠനോപകരണങ്ങള്‍ വിതരണം ചെയ്യല്‍,പായസ വിതരണം...
തുടര്‍ന്ന് അംഗങ്ങള്‍ അഞ്ച് ഗ്രൂപ്പുകളായി.അധ്യാപികമാരും പി.ടി.എ.അംഗങ്ങളും ഉള്‍പ്പെട്ടതായിരുന്നു ഓരോ ഗ്രൂപ്പും.നാലു ഗ്രൂപ്പുകള്‍ ജൂണ്‍ മുതല്‍ സെപ്തംബര്‍വരെയുള്ള മാസങ്ങളിലെ കലണ്ടര്‍ നിര്‍മ്മാണം ഏറ്റെടുത്തു.ഒരു ഗ്രൂപ്പ് സ്ക്കൂള്‍ തനതു പ്രവര്‍ത്തനത്തിന്റെ ആസൂത്രണവും.ഏതാണ്ട് ഒരു മണിക്കൂര്‍ സമയം കൊണ്ട് ഓരോ ഗ്രൂപ്പിന്റെയും അവതരണം നടന്നു.
സ്ക്കൂള്‍ കലണ്ടര്‍ തയ്യാറാക്കുമ്പോള്‍ ഓരോ ഗ്രൂപ്പും പരിഗണിച്ച കാര്യങ്ങള്‍ ഇവയൊക്കെയായിരുന്നു.
- പ്രധാനപ്പെട്ട ദിനാഘോഷങ്ങള്‍
- ദിനാഘോഷവുമായി ബന്ധപ്പെട്ട് നടക്കേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍-പൊതുവായും ക്ലാസുതലത്തിലും
- യൂണിറ്റ് വിലയിരുത്തല്‍
- ക്ലാസ് പിടിഎ,പി.ടി. എ എക്സിക്യുട്ടീവ് യോഗം എന്നിവയുടെ തീയ്യതികളും അജണ്ടകളും
- ഓരോ ആഴ്ചയിലേയും ബേസിക്ക് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം
വായനയുടെ പൂക്കാലം
ഈ അക്കാദമികവര്‍ഷം അവസാനമാകുമ്പോഴേക്കും സ്ക്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളേയും മികച്ച വായനക്കാരാക്കുക(ആശയഗ്രഹണത്തോടെയുള്ള വായന) എന്ന ലക്ഷ്യംവെച്ചുകൊണ്ടുള്ളതാണ് ഞങ്ങളുടെ ഈ വര്‍ഷത്തെ തനതുപ്രവര്‍ത്തനം.'വായനയുടെ പൂക്കാലം' എന്നു പേരിട്ടിരിക്കുന്ന ഈ പ്രവര്‍ത്തനത്തിന്റെ സൂക്ഷ്മതല ആസൂത്രണമായിരുന്നു അഞ്ചാം ഗ്രൂപ്പ് ചെയ്തത്.ഓരോ മാസത്തിലും നിശ്ചിത തീയ്യതിക്കകം പൂര്‍ത്തിയാക്കേണ്ട പ്രവര്‍ത്തനങ്ങളുടെ കൃത്യമായ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു അവരുടെ ആസൂത്രണം.
- ജൂണ്‍ രണ്ടാം തീയ്യതി വായനയില്‍ കുട്ടികളുടെ നിലവാരം തിരിച്ചറിയാനുള്ള പ്രീ-ടെസ്റ്റ്
- ജൂണ്‍ ആറാം തീയ്യതി ഞാറാഴ്ച പുസ്തകക്ലിനിക്ക്-അമ്മമാര്‍,കുട്ടികള്‍,അധ്യാപകര്‍ എന്നിവരടങ്ങുന്ന സംഘം പുസ്തകം ബൈന്റുചെയ്യും.
- പുതിയ പുസ്തകങ്ങള്‍ വാങ്ങല്‍,ശേഖരിക്കല്‍
- വായനാവാരവുമായി ബന്ധപ്പെട്ട് ക്ലാസ് ലൈബ്രറിയുടെ ഉദ്ഘാടനം
- ക്ലാസ് ലൈബ്രറിയന്‍മാരെ തെരഞ്ഞെടുക്കലും പുസ്തകവിതരണം ആരംഭിക്കലും
- അതേ ആഴ്ചതന്നെ ഓരോ ക്ലാസിലും നൂറ് പുസ്തകങ്ങളെങ്കിലും displayചെയ്യാനുള്ള സൗകര്യമൊരുക്കല്‍
- എല്ലാ ആഴ്ചയിലും ഒരു ദിവസം വായനാക്കൂട്ടം-കുട്ടികള്‍ അവര്‍ വായിച്ച പുസ്തകം അവതരിപ്പിക്കുന്നു,ടീച്ചര്‍ ഒരു പുസ്തകം പരിചയപ്പെടുത്തുന്നു.
- കുട്ടികളുടെ വായനാ പുരോഗതി ക്ലാസിലെ ചാര്‍ട്ടില്‍ പ്രദര്‍ശിപ്പിക്കുന്നു
- ക്ലാസ് ലൈബ്രറിയുടെ പ്രവര്‍ത്തനം അധ്യാപകര്‍ പരസ്പരം വിലയിരുത്തല്‍
- മാസംതോറും ക്ലാസ് പിടിഎ യില്‍ കുട്ടികളുടെ വായനാ പുരോഗതി വിലയിരുത്തല്‍
- കുട്ടികളിലൂടെ അമ്മമാരിലേക്ക് പുസ്തകം എത്തിക്കുകയും അമ്മവായന പ്രത്സാഹിപ്പിക്കലും
- അമ്മമാരെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ ക്ലാസുകളില്‍ വായനയില്‍ പ്രയാസമുള്ളവരെ സഹായിക്കുംവിധമുള്ള വായനാക്കാര്‍ഡുകളുടെ നിര്‍മ്മാണം
- ഓരോ ടേമിലും കുട്ടികളേയും രക്ഷിതാക്കളേയും നാട്ടുകാരേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പുസ്തകച്ചര്‍ച്ച.
- കുട്ടികളുടെ വായനാക്കുറിപ്പുകളുടെ സമാഹാരം പുറത്തിറക്കല്‍
ഉച്ചയ്ക്ക് ശേഷമുള്ള സെഷനില്‍ വിവിധ ക്ലബ്ബുകള്‍,ജൂണ്‍ മുതല്‍ ആഗസ്ത് വരെയുള്ള മൂന്നു മാസക്കാലം ക്ലബ്ബുകള്‍ ഏറ്റെടുക്കേണ്ടുന്ന പ്രധാന ചുമതലകള്‍ എന്നിവ നേരത്തെ തയ്യാറാക്കിയ കലണ്ടറിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഇങ്ങനെ ക്രോഡീകരിച്ചു.
ക്ലബ്ബുകളും ചുമതലകളും
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്-സ്ക്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍,പാര്‍ലമെന്റ് സമ്മേളനം, ലോക ജനസംഖ്യാദിനം,ഹിരോഷിമാ ദിനം,സ്വാതന്ത്ര്യദിനം
- പരിസ്ഥിതി(സയന്‍സ്) ക്ലബ്ബ്-ലോക പരിസ്ഥിതി ദിനം,ചാന്ദ്ര ദിനം,മഴക്കാല രോഗങ്ങള്‍ -പ്രൊജക്ട്,കര്‍ഷക ദിനം
- ഹെല്‍ത്ത് ക്ലബ്ബ്-മഴക്കാല ശുചീകരണം,മഴക്കാല രോഗങ്ങള്‍ക്കെതിരെ-ബോധവല്‍ക്കരണം,ഇലക്കറി മേള
- വിദ്യാരംഗം കലാസാഹിത്യ വേദി- വായനാവാരം,ബഷീര്‍ദിനം,വായനാക്കൂട്ടം,രചനാ ശില്പശാല
- ഇംഗ്ലീഷ് ക്ലബ്ബ്-ഇംഗ്ലീഷ് അസംബ്ലി,ഇംഗ്ലീഷ് പത്രം,ഇംഗ്ലീഷ് ഫെസ്റ്റ്
സ്ക്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വവും ദിശാബോധവും നല്‍കുന്ന പ്രധാന ജനാധിപത്യ സംവിധാനമായ എസ്.ആര്‍.ജി ഫലപ്രദമാക്കനുള്ള വഴികളെക്കുറിച്ചായിരുന്നു പിന്നീട് ചര്‍ച്ചചെയ്തത്.
എസ്.ആര്‍.ജി ഫലപ്രദമാക്കാന്‍
- എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് ശേഷം 3.20 മുതല്‍ 4.30വരെ യായിരിക്കുംഎസ്.ആര്‍.ജി യോഗം
- ഓരോ ആഴ്ചയിലേയും പ്രവര്‍ത്തനങ്ങള്‍ എസ്.ആര്‍.ജി യില്‍ വിലയിരുത്തുകയും നേട്ടങ്ങളും പ്രശ്നങ്ങളും ചര്‍ച്ചചെയ്യുകയും ചെയ്യും.
- എസ്.ആര്‍.ജി യോഗത്തിന്റെ അജണ്ട മുന്‍കൂട്ടി മെമ്മോ ആയി നല്‍കും.
- മാസത്തില്‍ രണ്ടുയോഗങ്ങള്‍ LP,UPപൊതുവായും രണ്ടുയോഗങ്ങള്‍ വെവ്വേറെയുമായി നടത്തും
- അധ്യാപകരുടെ കൂട്ടായ്മയില്‍ ഊന്നിയുള്ള പ്ലാനിങ്ങും യൂണിറ്റ് വിലയിരുത്തലും നടത്തും
- മാസത്തില്‍ ഒരു എസ്.ആര്‍.ജിയില്‍ ടീച്ചിങ്ങ് മാന്വല്‍ sharingഉം മെച്ചപ്പെടുത്താനുള്ള ചര്‍ച്ചയും നടക്കും
- ഓരോ മാസത്തിലും ക്ലാസില്‍ നടക്കുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കാനുള്ള വേദിയാകും എസ്.ആര്‍.ജി
- എസ്.ആര്‍.ജി ലീഡുചെയ്യാനുള്ള ചുമതല ഓരോരുത്തര്‍ക്കായി വീതിച്ചു നല്കും.
പിടിഎ,എസ്.എം.സി.അംഗങ്ങളുമായി കൂട്ട് ചേര്‍ന്നുള്ള ഞങ്ങളുടെ ഒരുക്കം പരിപാടി അധ്യാപകര്‍ക്ക് വ്യത്യസ്തമായ അനുഭവമായിരുന്നു.മൂന്നു മാസക്കാലയളവില്‍ വിദ്യാലയത്തില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ നടക്കും എന്നതിനെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് ശരിയായ കാഴ്ചപ്പാടുണ്ടാകാന്‍ ഈ കൂടിച്ചേരല്‍ സഹായകമായി.ഒപ്പം ഈ വര്‍ഷം സ്ക്കൂള്‍ ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തമായ ദിശാബോധം നല്‍കാനും 'ഒരുക്ക'ത്തിനു കഴിഞ്ഞു.
Good reading and happy new year.
ReplyDelete