Dramatic play permits children to fit the reality of the world into their own interests and knowledge. One of the purest forms of symbolic thought available to young children,dramatic play contributes strongly to the intellectual development of the children.
Piaget,1962.
കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തില്‍ ചമഞ്ഞു കളിയുടെ(Dramatic play) പ്രാധാന്യം എന്താണെന്ന് നാം കഴിഞ്ഞ പോസ്റ്റില്‍ ചര്‍ച്ചചെയ്യുകയുണ്ടായി.ഈ കളിയില്‍ ഏര്‍പ്പെടുന്നതിലൂടെ കുട്ടി അഹം കേന്ദ്രീകൃതാവസ്ഥയില്‍ നിന്നും പതുക്കെ പുറത്തുകടന്ന് ഒരു സാമൂഹ്യജീവിയായി മാറുന്നു;തനിക്കു ചുറ്റുമുള്ള ലോകത്തെക്കുറിച്ച്,ജീവിതത്തെക്കുറിച്ച് അറിയാന്‍ തുടങ്ങുന്നു; തന്റെ ഭാഷാശേഷി വര്‍ധിക്കുന്നു;ചിന്ത തെളിവുറ്റതാകുന്നു;തന്റെ പെരുമാറ്റത്തെ നിയന്ത്രണ വിധേയമാക്കാന്‍ അവള്‍ക്ക് കഴിയുന്നു; വൈകാരികമായ പക്വത കൈവരിക്കുന്നു; ബുദ്ധി പതുക്കെ വികസിക്കുന്നു;ഭാവനയ്ക്ക് ചിറകു മുളയ്ക്കുന്നു.
ഭക്ഷണം പോലെ,സ്നേഹം പോലെ പ്രധാനമാണ് കുട്ടികള്‍ക്ക് കളിയും.അഞ്ചുവയസ്സായ ഒരു കുട്ടിയുടെ ജീവിതത്തില്‍ ഈ കളിയിലൂടെ കടന്നു പോകാത്ത ഒരു ദിവസം പോലുമുണ്ടാകില്ല.
എങ്കില്‍ ഈ കളിയെ ഒന്നാം ക്ലാസിന്റെ പടിക്കുപുറത്തു നിര്‍ത്തുന്നതെന്തിന്?
ക്ലാസുമുറി ശിശുസൗഹൃദമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നാം ചര്‍ച്ച ചെയ്യാറുണ്ട്.ചുമരിലെ നിറമോ ചിത്രങ്ങളോ മാത്രം പോര.ഇത്തരം കളികള്‍ കടന്നുവരുമ്പോഴാണ് ക്ലാസുമുറി കുട്ടികളുടെ ഇഷ്ടപ്പെട്ട ഇടമായിമാറുന്നത്.അവര്‍ ക്ലാസിനെയും ടീച്ചറെയും വിദ്യാലയത്തേയും അതോടെ സ്നേഹിക്കാന്‍ തുടങ്ങുന്നു.
ചമഞ്ഞു കളിയുടെ സാധ്യതകള്‍ ഒന്നാം ക്ലാസില്‍ എങ്ങനെയാണ് പ്രയോജനപ്പെടുത്തുക?പരിശോധിക്കാം.
വിദ്യാലയത്തിനു പുറത്ത് കുട്ടിയുടെ സ്വതന്ത്രമായ കളിയാണിത്.
എന്നാല്‍ ക്ലാസില്‍ ടീച്ചര്‍ കളിയെ ഗൈഡ് ചെയ്യണം.എങ്ങനെ?
ആദ്യം ഒരു കഥ പറഞ്ഞുകൊണ്ട് തുടങ്ങാം.ലളിതമായ ഒരു കഥ.
ഉദാഹരണം:
(കഥയുടെ ചുരുക്കം)
തള്ളക്കോഴിയും കുഞ്ഞുങ്ങളും-കുഞ്ഞുങ്ങളോട് പുറത്തിറങ്ങരുതെന്നു പറഞ്ഞ് തള്ളക്കോഴി തീറ്റതേടിപ്പോകുന്നു-പൂച്ച വരുന്നു-കളിക്കാന്‍ വിളിക്കുന്നു(പൂച്ചയുടെ വിളി കുട്ടികള്‍ അനുകരിക്കുന്നു-അഭിനയം വേണ്ട.സംഭാഷണം മാത്രം)"അയ്യയ്യോ ഞങ്ങളില്ല."കോഴിക്കുഞ്ഞുങ്ങള്‍ പറഞ്ഞു-അണ്ണാന്‍ വരുന്നു-വിളിക്കുന്നു(സംഭാഷണം ആവര്‍ത്തിക്കുന്നു)തത്ത,കുഞ്ഞാറ്റക്കിളി എല്ലാവരും വിളിക്കുന്നു(കുട്ടികള്‍ സംഭാഷണം നല്‍കുന്നു)നേരം വൈകി-വിശക്കുന്നു-അമ്മയെ കാണുന്നില്ല-കോഴിക്കുഞ്ഞുങ്ങള്‍ പുറത്തിറങ്ങി-പെട്ടെന്ന് പരുന്ത്-കോഴിക്കുഞ്ഞുങ്ങള്‍ ഓടിയൊളിച്ചു......
ടീച്ചര്‍ ഇരുന്ന് കുട്ടികളെ അടുത്തിരുത്തി കഥ പറയുന്നതായിരിക്കും നല്ലത്.
ഇനി കഥയെക്കുറിച്ച് ചര്‍ച്ചയാകാം.
കഥ ഇഷ്ടപ്പെട്ടോ?എന്തുകൊണ്ട്? കഥയിലെ കഥാപ്പാത്രങ്ങള്‍ ആരൊക്കെ?.......
ഇനി കളിയിലേക്ക്
ഈ കഥ നമുക്ക് അഭിനയിച്ച് കളിച്ചാലോ? ആരൊക്കെയാണ് കോഴിക്കുഞ്ഞുങ്ങളാകുന്നത്?പരുന്തോ?
ആദ്യ ഘട്ടത്തില്‍ എല്ലാകുട്ടികളും കോഴിക്കുഞ്ഞുങ്ങളാകട്ടെ.കുട്ടികള്‍ക്കു കളിക്കാന്‍ ക്ലാസുമുറിയില്‍ സ്ഥലം ഒരുക്കണം.
കോഴിക്കുഞ്ഞുങ്ങളുടെ നടത്തം-കോഴിക്കുഞ്ഞുങ്ങളുടെ ശബ്ദം-കോഴിക്കുഞ്ഞുങ്ങള്‍ ചിറകടിക്കുന്നത്-തീറ്റ തേടുന്നത്-വെള്ളം കുടിക്കുന്നത്-കിടന്നുറങ്ങുന്നത്....
ടീച്ചറുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കുട്ടികള്‍ കളിക്കുന്നു.ഒരിക്കലും അഭിനയിച്ച് കാണിച്ചുകൊടുക്കരുത്.കുട്ടികള്‍ കോഴിക്കുഞ്ഞുങ്ങളാകുന്നത് വ്യത്യസ്ത രീതിയിലായിരിക്കും.ഇത് ക്ലാസില്‍ ചെയ്തപ്പോള്‍ ഒരു കുട്ടി തറയിലൂടെ നിരങ്ങി നീങ്ങുന്നതു കണ്ടു.എന്തുകൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു."അതിന്റെ രണ്ടു കാലുകളും ഒടിഞ്ഞുപോയി സാര്‍.”
കളിയില്‍നിന്നും മാറിനില്‍ക്കുന്ന കുട്ടികളുണ്ടാകും.അവരെ നിര്‍ബന്ധിച്ച് കളിയിലേക്കു കൊണ്ടുവരേണ്ടതില്ല.അവര്‍ മാറിനിന്ന് കളി കാണും. ആസ്വദിക്കും.പതുക്കെ അവര്‍ കളിയിലേക്കു വരും.
ഇനി കുട്ടികളെല്ലാവരും പൂച്ചകളാവട്ടെ.
പൂച്ചകളുടെ നടത്തം-ശബ്ദം-പൂച്ചകളുടെ ഉറക്കം-പൂച്ചകള്‍ വാലാട്ടുന്നത്-മീശ തടവുന്നത്-എലിയെ പിടിക്കാന്‍ പമ്മി പമ്മി പോകുന്നത്......
ശ്രദ്ധിക്കേണ്ട ഒരു കാര്യം ടീച്ചര്‍ ഒരു പ്രേക്ഷകയുടെ റോളില്‍ ഇതിനെ കാണരുത്.കുട്ടികള്‍ ചെയ്യുന്നതില്‍ ഭംഗി വേണം എന്നു ശഠിക്കരുത്.ഇത് നാടകമല്ല.ഇതിനെ ഒരു കളിയായി മാത്രമേ കാണാവൂ.ചെയ്യുന്നതില്‍ ഭംഗി പിന്നീട് വരും.
ഇനി കുട്ടികള്‍ രണ്ടു ഗ്രൂപ്പുകളാവട്ടെ.ഒരു ഗ്രൂപ്പ് കോഴിക്കുഞ്ഞുങ്ങള്‍ മറ്റേ ഗ്രൂപ്പ് പൂച്ച.
ഇവര്‍ തമ്മിലുള്ള സംഭാഷണം അവതരിപ്പിക്കാം.
പൂച്ചകളെല്ലാം ഒന്നിച്ച്-കോഴിക്കുഞ്ഞുങ്ങളേ,വരൂ കളിക്കാം.
കോഴിക്കുഞ്ഞുങ്ങള്‍-അയ്യോ പറ്റില്ല. അമ്മ വഴക്കു പറയും.
പൂച്ചകളും കോഴിക്കുഞ്ഞുങ്ങളും പരസ്പരം സ്ഥലം മാറി നിന്ന് ഇതേ സംഭാഷണം വീണ്ടും അവതരിപ്പിക്കാം.
ഇതില്‍ ഒരു ഗ്രൂപ്പ് പരുന്താകട്ടെ. മറ്റേ ഗ്രൂപ്പ് കോഴിക്കുഞ്ഞുങ്ങളും.
പരുന്ത് കോഴിക്കുഞ്ഞുങ്ങളെ പിടിക്കാന്‍ വരുന്നു.കോഴിക്കുഞ്ഞുങ്ങള്‍ ഓടിയൊളിക്കുന്നു.
ഇത് ആവര്‍ത്തിച്ചു കളിക്കാം. ഗ്രൂപ്പുകള്‍ക്ക് അവരുടെ റോളുകള്‍ പരസ്പരം മാറാം.
കോഴിക്കുഞ്ഞുങ്ങള്‍ക്ക് ഒളിക്കാനുള്ള സ്ഥലം ക്ലാസില്‍ ഒരുക്കണം.കസേരവൃത്താകൃതിയില്‍ വച്ചോ,മേശക്കടിയില്‍ ഷാളുകൊണ്ട് മറച്ചോ മറ്റോ ഒളിക്കാനുള്ള സ്ഥലം സജ്ജീകരിക്കാം.
ഇനി അല്പസമയം വിശ്രമിക്കാം.
കളിച്ചപ്പോഴുള്ള അനുഭവം പറയാം.എന്തെങ്കിലും പ്രയാസമുണ്ടായിരുന്നോ? കളിക്കിടയില്‍ മറ്റു കുട്ടികളെ ഇടിക്കുക,തൊഴിക്കുക തുടങ്ങിയ പ്രവണതകള്‍ കാണിക്കുന്ന കുട്ടികളുണ്ടാകും.അത്തരം പ്രവണതകളെ വിമര്‍ശിക്കണം. അവരുടെ പേരെടുത്തു പറയാതെ.കളിക്കുമ്പോള്‍ ഓരോരുത്തരും പാലിക്കേണ്ട
നിയമങ്ങളെക്കുറിച്ചും അതു തെറ്റിച്ചാലുണ്ടാകുന്ന പ്രയാസങ്ങളെക്കുറിച്ചുമൊക്കെ ഇവിടെ ചര്‍ച്ചചെയ്യാവുന്നതാണ്.
'കോഴിക്കുഞ്ഞുങ്ങള്‍ പുറത്തിറങ്ങിയത് ശരിയായോ?എന്താ നിങ്ങളുടെ അഭിപ്രായം?'തുടങ്ങിയ ചോദ്യങ്ങളിലൂടെ കഥയെക്കുറിച്ചുള്ള കുട്ടികളുടെ വ്യത്യസ്തമായ വീക്ഷണങ്ങള്‍ പങ്കുവയ്ക്കാം.
ഇനി കഥ പറയാന്‍ മുന്നോട്ടുവരുന്ന കുട്ടികളെക്കൊണ്ട് പറയിക്കാം.
കഥ ഒരു ചാര്‍ട്ടില്‍ ലഘുവാക്യങ്ങളില്‍ ചുരുക്കിയെഴുതാം.ആവര്‍ത്തിച്ചു വന്ന സംഭാഷണവും എഴുതാം. വായിക്കാം.കഥാപ്പാത്രങ്ങളുടെ പേരുകളും മറ്റും തൊട്ടുകാണിക്കാന്‍ പറയാം
Variation 1
ഇനി മറ്റൊരുരീതിയില്‍ ഈ കളി എങ്ങനെ ചെയ്യാമെന്ന് നോക്കാം.
ആദ്യം കോഴിക്കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ കാണിച്ചുകൊണ്ട് തുടങ്ങാം.
പിന്നീട് കോഴിക്കുഞ്ഞുങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാം.കോഴിക്കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് അവരുടെ അനുഭവങ്ങള്‍ പറയാം.
കോഴിക്കുഞ്ഞുങ്ങളുടെ ചിത്രം വരക്കാം.തറയിലോ ചുമരിലോ വലുതായി ചോക്കുകൊണ്ടു വരക്കട്ടെ.(ടീച്ചര്‍ വരച്ചു കാണിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം)ചിത്രത്തിനു നേരെ കോഴിക്കുഞ്ഞ് എന്നെഴുതാം.കോഴിക്കുഞ്ഞുങ്ങള്‍ക്ക് പേരുനല്‍കി അതും എഴുതാം.
ഇത്രയുമായാല്‍ കഥയിലേക്കു വരാനുള്ള മൂഡ് ക്രിയേഷന്‍ നടന്നു.
ഇനി കഥ പറയാം.
കഥയ്ക്കുശേഷം കളിയിലേക്കു വരാം.
കോഴിക്കുഞ്ഞുങ്ങളെ മനുഷ്യ സ്വഭാവം നല്‍കി അവതരിപ്പിക്കുകയാണ് വേണ്ടത്.
അതെങ്ങനെയെന്നു നോക്കാം.
കോഴിക്കുഞ്ഞുങ്ങളെല്ലാം കിടന്നുറങ്ങുന്നു-രാവിലെ ഉറക്കമുണരുന്ന കോഴിക്കുഞ്ഞുങ്ങള്‍-മുഖം കഴുകുന്നു-പല്ലു തേക്കുന്നു-കുളിക്കുന്നു-ഉടുപ്പിടുന്നു-ചായകുടിക്കുന്നു-അപ്പം തിന്നുന്നു....
ടീച്ചറുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കളിക്കുന്നു
ഇനി എല്ലാവരും തള്ളക്കോഴി-അരി അരക്കുന്ന തള്ളക്കോഴി-ദോശ ചുടുന്ന തള്ളക്കോഴി-ദോശ ചുടുമ്പോഴുള്ള ശബ്ദം-ചായ ഉണ്ടാക്കുന്ന തള്ളക്കോഴി-കോഴിക്കുഞ്ഞുങ്ങളെ ചായ കുടിക്കാന്‍ വിളിക്കുന്ന തള്ളക്കോഴി.സാധനം വാങ്ങാന്‍ മാര്‍ക്കറ്റിലേക്ക്-കുഞ്ഞുങ്ങളോട് റ്റാറ്റാ പറയുന്നു.......
ഇങ്ങനെ ചെയ്യുന്നത് കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടും.അവര്‍ ആസ്വദിച്ച് കളിക്കും.
ഇതുപോലെ വിവിധ കഥാപ്പാത്രങ്ങളെ അവതരിപ്പിക്കാം.
പൂച്ചയുടെ വരവോ?
നൃത്തം ചെയ്തു കൊണ്ടു വരുന്ന പൂച്ച...
ഇതു ചെയ്യാനുള്ള നിലയിലേക്ക് കുട്ടികള്‍ വളര്‍ന്നുവെങ്കില്‍ മാത്രം.
അല്ലെങ്കില്‍ പൊട്ടിച്ചിരിച്ചുകൊണ്ടു വരുന്ന പൂച്ച.
കുട്ടികളെല്ലാവരും പൊട്ടിച്ചിരിക്കുന്ന പൂച്ചയായി വരുന്നു.
അല്ലെങ്കില്‍ കണ്ണുകാണാത്ത പൂച്ച...
ഇങ്ങനെ കഥാപ്പാത്രങ്ങള്‍ക്ക് വ്യത്യസ്തത കൊണ്ടുവരാം.
കളിക്കുശേഷം കളിച്ചരീതിയെക്കുറിച്ചു ചര്‍ച്ച ചെയ്യണം.കളിക്കിടയില്‍
അനുഭവപ്പെട്ട പ്രശ്നങ്ങളും പ്രയാസങ്ങളും.
കഥയെ വിശകലനം ചെയ്യാനാവശ്യമായ ലഘുവായ ചോദ്യങ്ങള്‍ ചോദിക്കണം.
കഥയുടെ ബാക്കി ഭാഗം കുട്ടികള്‍ക്ക് പറയാന്‍ അവസരം നല്‍കണം.
കഥ ചുരുക്കിയെഴുതാം.വായിച്ചു കൊടുക്കാം.കഥാപ്പാത്രങ്ങളുടെ പേരുകള്‍ എഴുതാം.
കോഴിക്കുഞ്ഞുങ്ങളുടെ കൊളാഷ് നിര്‍മ്മിക്കാം.
കഥകള്‍ തെരഞ്ഞെടുക്കുമ്പോള്‍
ചമഞ്ഞു കളിയ്ക്ക് വേണ്ടി കഥകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്.എന്തൊക്കെയാണവ?
- കഥാപ്പാത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ (conflict) വരുന്ന കഥാസന്ദര്‍ഭങ്ങള്‍ കഥയില്‍ വേണം.
- മൃഗങ്ങള്‍ കഥാപ്പാത്രങ്ങളായിവരുന്ന കഥകളായിരിക്കും ഈ ഘട്ടത്തില്‍ കുട്ടികള്‍ക്ക് കൂടുതല്‍ ഇഷ്ടം. അത്തരം കഥകളായിരിക്കണം തെരഞ്ഞെടുക്കേണ്ടത്.
- കഥകള്‍ അടഞ്ഞവയാകരുത്. തുടര്‍ന്നു പോകാന്‍ പറ്റണം .
- വിരുദ്ധ ചേരിയില്‍ നില്‍ക്കുന്ന കഥാപ്പാത്രങ്ങളുണ്ടാകുന്നതാണ് നല്ലത്.ഉദാ.പരുന്തും കോഴിക്കുഞ്ഞുങ്ങളും,പൂച്ചയും എലിയും, പാമ്പും തവളയും,കോഴിയും കുറുക്കനും....ഇങ്ങനെയുള്ള കഥാപ്പാത്രങ്ങളാകുമ്പോള്‍ ഓടുക,പിന്തുടരുക,ഒളിക്കുക തുടങ്ങിയ ക്രിയകള്‍ കളിയില്‍ വരും.അപ്പോഴാണ് കുട്ടികള്‍ കളി കൂടുതല്‍ ഇഷ്ടപ്പെടുക.(ആദ്യത്തെ രണ്ടോ മൂന്നോ ആഴ്ചയേ ഇത്തരം കഥകള്‍ ഉപയോഗിക്കേണ്ടതുള്ളു.പിന്നീട് കുട്ടികള്‍ ഏതു കഥയും താത്പര്യത്തോടെ കളിക്കും.പാഠഭാഗത്തെ കഥാസന്ദര്‍ഭങ്ങളിലേക്ക് കളിയെ adaptചെയ്യാം.)
- കഥയിലെ കഥാപ്പാത്രങ്ങള്‍ക്ക് മാനുഷികഭാവം നല്‍കുന്നത് കുട്ടികളെ ഏറെ രസിപ്പിക്കും.
ആദ്യ ഘട്ടത്തില്‍ വേഷങ്ങളോ മുഖംമൂടിയോ ആവശ്യമില്ല.കളിക്കുന്നതിനിടയില്‍ കുട്ടികളുടെ ശ്രദ്ധ ഇതിലേക്കുപോകും.
പ്രോപ്പുകള്‍ ആവശ്യമാണ്. എങ്കിലേ കുട്ടികള്‍ നന്നായി കളിക്കൂ.ക്ലാസില്‍ prop boxഒരുക്കണം.- കളിയിലും അനുബന്ധപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്ന കുട്ടികളെ നിരീക്ഷിക്കുമ്പോള്‍ ടീച്ചര്‍ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?
- കുട്ടികളുടെ ശ്രദ്ധിക്കാനുള്ള കഴിവ്-കഥ കേള്‍ക്കുക,ടീച്ചറുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു പ്രവര്‍ത്തിക്കുക എന്നിവയില്‍.
- ചിത്രംവര,കൊളാഷ് നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളുടെ ഏകാഗ്രത-ചില കുട്ടികള്‍ പ്രവര്‍ത്തനം മുഴുമിപ്പിക്കാതെ എഴുന്നേറ്റ് പോകുന്നതു കാണാം.
- ഭാഷണത്തിലുള്ള കഴിവ്.
- കുട്ടിളുടെ സര്‍ഗ്ഗാത്മകമായ കഴിവ്-ചിത്രംവര,അഭിനയം,ഇംപ്രൊവൈസേഷന്‍.
- സാമൂഹീകരണം-മറ്റു കുട്ടികളുമായി നന്നായി ഇടപഴകല്‍,വസ്തുക്കളുടെ sharing.
- കുട്ടികളുടെ ചലനപരമായ കഴിവ്.
- കുട്ടികള്‍ അനുഭവിക്കുന്ന മാനസികസംഘര്‍ഷങ്ങള്‍-നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കളിക്കാന്‍ കഴിയാതിരിക്കുക,കളിക്കിടയില്‍ മറ്റുകുട്ടികളെ ഉപദ്രവിക്കുക,നിശബ്ദത പാലിക്കേണ്ട സന്ദര്‍ഭങ്ങളില്‍ അതിനു കഴിയാതിരിക്കുക.
- ക്ലാസു തുടങ്ങിയതിനു ശേഷമുള്ള ആദ്യത്തെ രണ്ടോ മൂന്നോ ആഴ്ച ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളെ കടത്തിവിടണം.ദിവസവും ചുരുങ്ങിയത് ഒരുമണിക്കൂറെങ്കിലും ഇതിനുവേണ്ടി നീക്കിവയ്ക്കണം.പാഠഭാഗത്തേക്കു കടക്കുന്നതോടെ ഈ പ്രവര്‍ത്തനങ്ങളെ
പാഠത്തിലെ കഥാസന്ദര്‍ഭങ്ങളുമായി വിളക്കിച്ചേര്‍ക്കണം.
No comments:
Post a Comment