ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Saturday, 10 June 2017

സങ്കടമഴ

ക്ലാസുമുറിയില്‍ നിന്നുള്ള കുറിപ്പുകള്‍....


എം.എം.സുരേന്ദ്രന്‍
വര: സചീന്ദ്രന്‍ കാറടുക്ക


മഴയ്ക്ക് മുമ്പുള്ള ആകാശം നിരീക്ഷിക്കാന്‍ ഇറങ്ങിയതായിരുന്നു ഞാനും കുട്ടികളും.സ്ക്കൂളിനു പിറകിലെ, വിശാലമായ കുന്നിന്‍പുറത്ത് ആകാശത്തേക്ക് നോക്കി ഞങ്ങളിരുന്നു.തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു.

"മാശേ, ദാ ഒരു മേഘം.ആനേനപ്പോലീണ്ട്!”
അജീഷ് ആകാശത്തേക്ക് കൈചൂണ്ടിക്കൊണ്ട് വിളിച്ചു പറഞ്ഞു.
"ദാ...മറ്റൊന്ന്.കണ്ടാലൊരു കൊമ്പന്‍ തന്നെ."റിയാസ് പറഞ്ഞു."അത് കേക്കോട്ട് ഓടുന്നാ.”
"മറ്റൊന്നതാ ശെയ്ത്താനെപ്പോലെ..."റസീന പറഞ്ഞു."കരിമ്പന്‍.”

ആകാശത്തെ മേഘക്കൂട്ടങ്ങളില്‍ ഓരോരോ രൂപങ്ങള്‍ കണ്ടെത്താനുള്ള മത്സരമായി അവര്‍ തമ്മില്‍.പീലി വിടര്‍ത്തുന്ന മയില്‍.കൂനി നടക്കുന്ന വൃദ്ധന്‍,വലിയ കൊമ്പുള്ള കാള,പത്തി വിടര്‍ത്തിയാടുന്ന സര്‍പ്പം....

"മാശെ, നമുക്കയ്ന്റെ ചിത്രം വരയ്ക്കാം.”
ജുനൈദ് പറഞ്ഞു.എന്തു കണ്ടാലും അപ്പോളതിന്റെ ചിത്രം വരയ്ക്കണം അവന്.
"വേഗം വരയ്ക്കണം.ഇപ്പൊ മഴ പെയ്യും.”
കുട്ടികള്‍ ക്ലാസിന്റെ വരാന്തയില്‍ ചെന്നിരുന്നു.ചിത്രപുസ്തകം തുറന്നുവെച്ചു.ചുറ്റും നിറങ്ങള്‍ നിരത്തി. ആകാശം നോക്കി വരയ്ക്കാന്‍ തുടങ്ങി.
"അള്ളാ..ഞാന് ബെരച്ചുകൊണ്ടിരിക്കുമ്പൊ അയ്ന്റെ രൂപം മാറി.ആദ്യം ആമയാര്ന്ന്.ഇപ്പൊ ബെല്യ മല.” ഷാനിബ സങ്കടപ്പെട്ടു.


എത്ര ശ്രമിച്ചിട്ടും മേഘങ്ങളുടെ നിറം പുനഃസൃഷ്ടിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.ഒടുവില്‍ ശ്രുതി വിളിച്ചു പറഞ്ഞു.

"കിട്ടിപ്പോയ് മാശെ,കട്ടിനീലയില്‍ ഒരു തുള്ളി കറപ്പ് ചേര്‍ത്താമതി.”
അവള്‍ ചിത്രം എല്ലാവരെയും കാണിച്ചു.മേഘത്തിന്റെ തനിനിറം കടലാസില്‍ പകര്‍ത്തിയിരിക്കുന്നു.
"അസ്സലായിട്ടുണ്ട്."ഞാനവളെ അഭിനന്ദിച്ചു.

പൊടുന്നനെ ശക്തമായ ഒരു കാറ്റു വീശി.ഒപ്പം കോരിച്ചൊരിയുന്ന മഴയും.എല്ലാവരും ക്ലാസിലേക്ക് ഓടിക്കയറി.
"ഹൊ,ഈ നശിച്ച മയ ഒരു ശല്യം തന്നെ.ഒരു ചിത്രം വരക്കാനും സമ്മതിക്കൂല.” ആരോ വിളിച്ചു പറഞ്ഞു.
"കയിഞ്ഞ ഞാറായ്ച ഞാങ്ങ ഒരു മംഗലത്തിന് പോവാരുന്നു.അപ്പ ബന്നു മയ.ന്റെ പുതിയ കുപ്പായും ചെരുപ്പും ചെളീല് പെരങ്ങി.ഞാങ്ങ മയേന കൊറേ പ്രാകി...."അനീസ പറഞ്ഞു.

മഴ മനുഷ്യനിലുണ്ടാക്കുന്ന ഭാവമാറ്റത്തെക്കുറിച്ചാണ് കുട്ടികള്‍ പറയാന്‍ തുടങ്ങുന്നത്.

"മഴ വരുമ്പം സന്തോഷം തോന്നാറില്ലേ?അതെപ്പോഴാ?” ഞാന്‍ ചോദിച്ചു.

"രാത്രീല് മയേന്റെ പാട്ടുകേട്ട് മൂടിപ്പൊതച്ച് ഒറങ്ങുമ്പം.” റസീന പറഞ്ഞു.
"ഇസ്ക്കൂള് ബിടുമ്പം മയ പെയ്താലും നല്ല രസാ.മയവെള്ളം തെറിപ്പിച്ചോണ്ട് ബീട്ടിലേക്ക് നടക്കാന്‍."ശ്രുതി പറഞ്ഞു.

"മഴ പെയ്യുമ്പോള്‍ സങ്കടം തോന്നാറുണ്ടോ?”
കുട്ടികള്‍ ഒരു നിമിഷം ആലോചിച്ചു.



"ഉണ്ട് സേര്‍.ഉരുള് പൊട്ടി പൊരേം ആളുകളും ഒക്കെ ഒലിച്ച് പോകുമ്പം."യൂനുസ് പറഞ്ഞു.
"ഇന്നാള് നാട്ടില് ഞാങ്ങളെപൊരേന്റെടുത്ത്
മലവെള്ളപ്പാച്ചില്‍ല് ഒരു പൊരേം ആളും എല്ലാം ഒലിച്ചു പോയി.അത് വിചാരിക്കുമ്പം കരച്ചില് ബെരും.”

കുട്ടികള്‍ മഴയനുഭവം എഴുതാന്‍ തയ്യാറെടുക്കുകയാണ്.പുസ്തകം തുറന്ന്,പെന്‍സിലിന്റെ മുനപരിശോധിച്ച്,ഇടക്കിടെ മുഖത്ത് കൃത്രിമമായ ഒരു ഗൗരവം വരുത്തി അവര്‍ എഴുതാന്‍ തുടങ്ങി.

"കുഞ്ഞാമു എഴുതുന്നില്ലേ?”
ഞാന്‍ കുഞ്ഞാമുവിന്റെ അടുത്തുചെന്ന് ചോദിച്ചു.
അവന്‍ തന്റെ കയ്യിലുള്ള നോട്ടുപുസ്തകത്തിലേക്ക് നോക്കി വെറുതെ  ഇരിക്കുകയായിരുന്നു.

"നിക്ക് എയ്ത്തറീല്ല."അവന്‍ ഒരുതരം നിര്‍വ്വികാരതയോടെ പറഞ്ഞു.
"ഞാന് ഒര് ബോളന്‍, മാശെ.നിക്ക് ഒന്തും അറീല.”
"പക്ഷേ,നീ നേരത്തെ ഇരട്ടത്തോണി ഉണ്ടാക്കിയതോ?മറ്റാര്‍ക്കെങ്കിലും അതിന് സാധിച്ചോ?”
അവനൊന്നും മിണ്ടിയില്ല.
അവന്‍ പുറത്ത് തിമിര്‍ത്ത് പെയ്യുന്ന മഴയിലേക്ക് നോക്കി.

"മാശെ,ഇങ്ങന മയ പെയ്ത ഒരീസാ  ന്റെ ഉപ്പ മയ്യത്തായത്.  മയ കാരണത്താല് മയ്യെത്തെടുക്കാന്‍ പോലും ഓരാരും ബന്നില്ല.”
 

 അവന്റെ കണ്ണ് നിറഞ്ഞു.
"ഉപ്പ കഞ്ഞി ബേയ്ച്ച് തിണ്ണേമല് ഇര്ന്നതാ.എന്തോ ഒച്ചകേട്ട് ഞാന്‍ പോയി നോക്കി.അപ്പോ മയ്യത്ത് നെല്ത്ത് കെടക്ക്ന്ന്.”

ഞാനവനെ ചേര്‍ത്തു പിടിച്ചു.അവന്റെ കുറ്റിത്തലമുടിയില്‍ പതുക്കെ തലോടി.

"കുഞ്ഞാമൂന്റെ പൊരേല് വേറെ ആരൊക്കെയുണ്ട്?”
"ഇച്ചേം ഉമ്മേം പിന്നെ മൂന്ന് അനിയത്തിമാരും.ഉപ്പ പോയേപ്പിന്നെ ഉമ്മാന്റെ തല നേരീല്ല.”
"ഇച്ച എന്തു ചെയ്യുന്നു?”
"ഓട്ടല്‍പണി.”
കുഞ്ഞാമുവിന്റെ കണ്ണുകള്‍ വീണ്ടും മഴയിലേക്കു നീണ്ടു.ഈ സങ്കടമഴയുടെ വെള്ളിനൂലുകള്‍  വകഞ്ഞുമാറ്റി തന്റെ ഉപ്പ കയറി വന്നെങ്കില്‍ എന്നവന്‍ ആശിക്കുന്നുണ്ടായിരിക്കണം.

കുഞ്ഞാമുവിനെ ക്ലാസിന്റെ മുഖ്യധാരയിലേക്കു കൊണ്ടു വരണം.ഒരു പളുങ്കുപാത്രം പോലെ വീണുടഞ്ഞുപോയ അവന്റെ ആത്മവിശ്വാസം വീണ്ടെടുക്കണം.



ഞാനൊരു കടലാസും സ്കെച്ച്പേനയുമായി അവന്റെ അരികില്‍ ചെന്നിരുന്നു.അവന് ഇഷ്ടമുള്ള കുറേ വാക്കുകള്‍ പറയാന്‍ പറഞ്ഞു.അവനാദ്യമൊന്ന് മടിച്ചു.പിന്നീട് കുറച്ചുനേരം ആലോചിച്ചശേഷം പറയാന്‍ തുടങ്ങി.മഴ,കുട,ഉപ്പ,ഉമ്മ,നെയ്പ്പത്തല്, പള്ളി....


 അവന്‍ പറഞ്ഞ പദങ്ങള്‍ ഞാന്‍ കടലാസില്‍ വലുതായി എഴുതി.എഴുതിയ പദങ്ങള്‍ അവനോട് വായിക്കാന്‍ പറഞ്ഞു.അതില്‍ ചിലത് മാത്രമേ അവന് വായിക്കാന്‍ കഴിഞ്ഞുള്ളു.മറ്റുള്ളവ ഞാനവന് വായിച്ചുകൊടുത്തു.പിറ്റേ ദിവസം വരുമ്പോള്‍ ഈ പദങ്ങള്‍ പുസ്തകത്തില്‍ എഴുതി വരാന്‍ പറഞ്ഞു.പക്ഷേ, അവന്റെ നോട്ടുപുസ്തകം കീറിപ്പറിഞ്ഞതായിരുന്നു.ഞാനവന് ഒരു പുതിയ പുസ്തകം നല്‍കി.

 കുട്ടികള്‍ മഴയനുഭവം എഴുതിക്കഴിഞ്ഞിരുന്നു.അനഘ അവളെഴുതിയത് ഉറക്കെ വായിക്കാന്‍ തുടങ്ങി.

'കഴിഞ്ഞ ഓണം ഞങ്ങള്‍ അമ്മയുടെ നാട്ടിലാണ് ആഘോഷിച്ചത്.ഓണത്തിന് നല്ല പൂക്കളം ഉണ്ടാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.ഞാനും ഏട്ടനും പൂ പറിക്കാന്‍ പലേടത്തും നടന്നു.അമ്മൂമ്മ പ്ലാവില കൊണ്ട് ഉണ്ടാക്കിത്തന്ന പൂക്കൂടയിലാണ് ഞങ്ങള്‍ പൂക്കള്‍ ശേഖരിച്ചത്.സന്ധ്യയ്ക്ക് പൂക്കള്‍ ഞങ്ങള്‍ തരംതിരിച്ചുവെച്ചു.പിറ്റേ ദിവസം ഇടേണ്ട പൂക്കളത്തിന്റെ ഡിസൈന്‍ ഞങ്ങള്‍ ഒരു കടലാസില്‍ വരച്ചുവെച്ചിരുന്നു.അന്നു രാത്രി ഞാന്‍ ഉറങ്ങിയതേയില്ല.....'



 "മാശെ, ഇത് മയേന പറ്റീറ്റല്ല.ഓണത്തിന പറ്റീറ്റാ എയ്ത്യത്...”
ഷാഹുല്‍ ഇടയ്ക്കു കയറിപ്പറഞ്ഞു.
"ഷാഹൂലെ ക്ഷമിക്കൂ,അവള്‍ മുഴുവനും വായിക്കട്ടെ.”

'തിരുവോണ ദിവസം ഞങ്ങള്‍ രാവിലെ എഴുന്നേറ്റു.കുളിച്ചു. ഓണക്കോടിയുടുത്തു.പുക്കളം തയ്യാറാക്കാനിരുന്നു.അല്പ സമയത്തിനകം മുറ്റത്ത് അതിമനോഹരമായ പൂക്കളം.പൂക്കളം കണ്ട് അച്ഛന്‍ ഞങ്ങളെ അഭിനന്ദിച്ചു.പക്ഷേ,ആ സന്തോഷം അധികനേരം നീണ്ടുനിന്നില്ല.പെട്ടെന്ന് മഴ പെയ്തു. പെരുമഴ.പൂക്കളം നനയാതിരിക്കാന്‍ ഞങ്ങള്‍ കുട പിടിച്ചുവെങ്കിലും ഫലമുണ്ടായില്ല.തുമ്പയും കാക്കപ്പൂവും അതിരാണിയും മുറ്റത്തെ വെള്ളത്തില്‍ ഒഴുകി നടക്കുന്നത് സങ്കടത്തോടെ നോക്കിനില്‍ക്കാനേ ഞങ്ങള്‍ക്ക് കഴിഞ്ഞുള്ളു...'

വിവരണത്തിന് അവളൊരു തലക്കെട്ടും കൊടുത്തിരിക്കുന്നു.'മഴയില്‍ ഒലിച്ചുപോയ ഓണം'

വൈകുന്നേരം സ്ക്കൂള്‍ വിട്ടപ്പോഴും മഴ തോര്‍ന്നിരുന്നില്ല.കുട്ടികള്‍ തങ്ങളുടെ പുത്തന്‍ കുടകള്‍ നിവര്‍ത്തിപ്പിടിച്ച് മഴയിലേക്കിറങ്ങി.കുഞ്ഞാമു മാത്രം ഏറെ നേരം മഴയിലേക്കുനോക്കി വരാന്തയില്‍ ഒറ്റയ്ക്കു നിന്നു.അവന് കുടയുണ്ടായിരുന്നില്ല.പിന്നീട് എന്തോ നിശ്ചയിച്ചുറച്ച്,തന്റെ മുഷിഞ്ഞ പുസ്തകക്കെട്ട് കുപ്പായത്തിനകത്തേക്ക് തിരുകിക്കയറ്റി അവന്‍ മഴയിലേക്കിറങ്ങി.മഴയെതെല്ലും കൂസാതെ,കുന്നുകള്‍ക്കിടയിലൂടെ നീണ്ടുപോകുന്ന പാതയിലൂടെ കുഞ്ഞാമു നടന്നുമറയുന്നത് ഞാന്‍ ക്ലാസുമുറിയുടെ ജനാലയിലൂടെ നോക്കിനിന്നു.


 

1 comment:

  1. "മാശെ,ഇങ്ങന മയ പെയ്ത ഒരീസാ ന്റെ ഉപ്പ മയ്യത്തായത്. മയ കാരണത്താല് മയ്യെത്തെടുക്കാന്‍ പോലും ഓരാരും ബന്നില്ല.”

    ReplyDelete