ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്കുമുന്നില്‍ തുറന്നുവെച്ച ഒറ്റ പാഠപുസ്തകമാണ് ഫോട്ടോയില്‍.ചുമരില്‍ തങ്ങളുടെ പാഠപുസ്തകം തുറന്നുവെച്ചതു കണ്ട് കുട്ടികള്‍ അത്ഭുതപ്പെട്ടു."എന്റമ്മോ,ഇത്ര വല്യ പുസ്തകോ?"
അവര്‍ തങ്ങളുടെ കൈയ്യിലെ പുസ്തകത്തിലേക്കും ചുമരിലെ പുസ്തകത്തിലേക്കും മാറി മാറി നോക്കി.എല്ലാവര്‍ക്കും ചുമരിലെ പാഠപുസ്തകം ഒന്നുതൊടണം.വായിക്കണം.
അതിലെ ഓരോ വാക്യവും പദവും സൂം ചെയ്ത് ഞാന്‍ കുട്ടികളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു.പാഠപുസ്തകത്തിലെ ചിത്രങ്ങളെ അതിന്റെ നേരായ വര്‍ണ്ണത്തില്‍ ചുമരിലെ ഒന്നാം പാഠത്തില്‍ കാണാം.ചിത്രങ്ങളെ അടര്‍ത്തിമാറ്റാം.ഒരു ചിത്രത്തെത്തന്നെ പലതായി വീണ്ടും വിഭജിക്കാം.ചിത്രത്തെ പലരീതിയില്‍ കുട്ടികള്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിക്കാം. അതില്‍ നിന്നും പുതിയ പാഠങ്ങള്‍ ഉണ്ടാക്കാം.
ഏഴിലെ ഇംഗ്ലീഷ് ക്ലാസ്സാണ്.വിവിധതരം ആശംസാ കാര്‍ഡുകള്‍ പരിചയപ്പെടുത്തുകയാണ് ടീച്ചര്‍.പാഠപുസ്തകത്തിലെ ഒരു പേജിന്റെ സ്ക്രീന്‍ ഷോട്ടും മറ്റു സ്രോതസ്സുകളില്‍ നിന്നും ശേഖരിച്ച വിവിധതരം കാര്‍ഡുകളുടെ ചിത്രങ്ങളുമാണ് പഠന വിഭവങ്ങള്‍.കുട്ടികള്‍ അതീവ താത്പര്യത്തോടെയാണ് ക്ലാസിലിരിക്കുന്നത്. ക്ലാസിലെ സ്ക്രീനില്‍ തെളിയുന്ന ചിത്രങ്ങളെ കുട്ടികള്‍ വിശകലനം ചെയ്യുന്നു.ടീച്ചറുടെ ചോദ്യങ്ങളോട് നന്നായി പ്രതികരിക്കുന്നു.സ്ക്രീന്‍ കാസ്റ്റ് എന്ന മൊബൈല്‍ ആപ്പ് ഉപയോഗിച്ച് കുട്ടികള്‍ തയ്യാറാക്കിയ ആശംസാകാര്‍ഡുകള്‍ തത്സമയം സ്ക്രീനില്‍ വലുതായി കാണിക്കുന്നുമുണ്ട് ടീച്ചര്‍.അങ്ങിനെയാണ് കാര്‍ഡുകള്‍ എഡിറ്റിങ്ങിനു വിധേയമാക്കുന്നത്.ഓരോരുത്തരും തയ്യാറാക്കിയ കാര്‍ഡുകള്‍ സ്ക്രീനില്‍ തെളിയുമ്പോള്‍ കുട്ടികളുടെ മുഖത്തെ പ്രകാശം ഒന്നു കാണേണ്ടതുതന്നെ.
ഇനി ടീച്ചറോട് ക്ലാസുമുറിയില്‍ മൊബൈല്‍ കൊണ്ടുപോകരുതെന്ന് പറയുന്നതെങ്ങനെ?
പുല്ലൂര്‍ ഗവ.യു.പി.സ്ക്കൂളിലെ മുഴുവന്‍ ക്ലാസുമുറിയിലും കഴിഞ്ഞ ഒരു മാസമായി പഠനം ഈ രീതിയിലാണ് നടക്കുന്നത്.രാവിലെ ക്ലാസിലേക്ക് പോകുന്ന അധ്യാപികമാരുടെ പക്കല്‍ ടീച്ചിങ്ങ് മാന്വലും ഹാജര്‍ പട്ടികയും മാത്രമല്ല,ഓരോ പ്രൊജക്ടറും ലാപ്പ് ടോപ്പും കാണും.ഐ.ടി. അധിഷ്ഠിത പഠനം ക്ലാസ്സുമുറിയില്‍ പ്രായോഗികമായ നടക്കപ്പാക്കാനുള്ള ശ്രമത്തിലാണ് അധ്യാപികമാരും സ്ക്കൂളും പി.ടിഎയും സ്ക്കൂള്‍ വികസനസമിതിയുമൊക്കെ.
ഐ.ടി.@സ്ക്കൂളിന്റെ ഹൈടെക്ക് പൈലറ്റ് പ്രൊജക്ട് രണ്ടാഴ്ചമുന്നേയാണ് വിദ്യാലയത്തില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത്.വിദ്യാലയത്തിന്റെ പുരോഗതിയുടെ ചരിത്രത്തില്‍ ഒരു വഴിത്തിരിവാകും ഈ പദ്ധതി എന്ന കാര്യത്തില്‍ സംശയമില്ല.ഇതുവഴി സ്ക്കൂളിന് അഞ്ചു പ്രൊജക്ടറുകളും 12 ലാപ്ടോപ്പുകളുംമാണ് ലഭിച്ചത്.
നരത്തെ പഞ്ചായത്തു വഴി അഞ്ചു പ്രൊജക്ടറുകളും അഞ്ചു ലാപ്ടോപ്പുകളും രണ്ടു ഇന്ററാക്ടീവ് ബോര്‍ഡും ലഭിച്ചിരുന്നു.എസ്.എസ്.എ വഴി മുന്നേ ലഭിച്ച രണ്ടു പ്രൊജക്ടറുകളുമടക്കം ഇപ്പോള്‍ സ്ക്കൂളിന് സ്വന്തമായി 12 പ്രൊജക്ടറുകളും 23 ലാപ്ടോപ്പുകളുണ്ട്.അതായത് സ്ക്കൂളിലെ മുഴുവന്‍ ക്ലാസുമുറിയിലും ഐ.ടി അധിഷ്ഠിത പഠനം നടപ്പാക്കാനാവശ്യമായ ഉപകരണങ്ങള്‍ ആവശ്യത്തിനു ലഭ്യമായി എന്നു സാരം.500 ല്‍ താഴെ കുട്ടികള്‍ പഠിക്കുന്ന ഒരു യു.പി.സ്ക്കൂളിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടം തന്നെയാണിത്.കൂടാതെ ഐ.ടി ലാബും സുസജ്ജമായിരിക്കുന്നു.
ക്ലാസുമുറിയില്‍ ഐ.ടി അധിഷ്ഠിത പഠനം നടപ്പാകണമെങ്കില്‍ മുഴുവന്‍ അധ്യാപിക-അധ്യാപകന്‍മാര്‍ക്കും പ്രോയോഗിക പരിശീലനം ലഭിക്കണം.അവധി ദിവസങ്ങള്‍ മാത്രം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഐ.ടി.@സ്ക്കൂള്‍ അധ്യാപകര്‍ക്കുള്ള പരിശീലന പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.ഇതില്‍ രണ്ടു ദിവസത്തെ പരിശീലനം കഴിഞ്ഞു.ക്ലാസുമുറിയിലെ ഐ.ടി. ഉപയോഗം പഠന പ്രക്രിയയുടെ ഭാഗമായിരിക്കണം എന്ന കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് ട്രൈ ഔട്ട് ക്ലാസുകള്‍ അടക്കം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് പരിശീലനം.അത് അധ്യാപകര്‍ക്ക് പുതിയ അനുഭവമായിരുന്നു.ഈ പരിശീലനത്തോടെ മുഴുവന്‍ പേരും ക്ലാസുമുറിയില്‍ ഐ.ടി ഉപയോഗിക്കാനുള്ള ആത്മവിശ്വാസം നേടിക്കഴിഞ്ഞു.ഓരോ പാഠത്തിലേക്കും ആവശ്യമായ വിഭവങ്ങള്‍ കണ്ടെത്താനും ഡൗണ്‍ലോഡ് ചെയ്യാനും അധ്യാപികമാര്‍ തങ്ങളുടെ ഒഴിവുസമയം ഉപയോഗപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു.
ഹൈടെക്ക് പ്രൊജക്ടിന് പൂര്‍ണ്ണ പിന്തുണയുമായി പി.ടി.എയും സ്ക്കൂള്‍ വികസന സമിതിയും രംഗത്തുവന്നിരിക്കുന്നു.സ്കൂളിലെ മുഴുവന്‍ ക്ലാസുമുറിയിലേക്കും ഇന്റര്‍നെറ്റ് കണക്ഷന്‍,സ്ക്ക്രീന്‍,സൗണ്ട് സിസ്റ്റം എന്നിവ ഏര്‍പ്പെടുത്തിയത് പി.ടി.എ ആയിരുന്നു. ഏതാണ്ട് ഒന്നേകാല്‍ ലക്ഷത്തോളം രൂപ ഇതിനു ചെലവുവന്നു.
ക്ലാസുമുറിയിലെ ബോധനരീതി നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണെങ്കിലും ഭൂരിഭാഗം ക്ലാസുമുറികളും സ്മാര്‍ട്ടായിട്ടില്ല.കൂടുതല്‍ ക്ലാസുമുറികളും ഓടുപാകിയ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.വാട്ടര്‍ പ്രൂഫ് സീലിങ്ങ്,നിലം ടൈല്‍സ് പാകല്‍,ശിശു സൗഹൃദ ഫര്‍ണ്ണിച്ചറുകള്‍ എന്നീ ലക്ഷ്യങ്ങള്‍ ഇനിയും പൂര്‍ത്തീകരിക്കാനുണ്ട്. അതിനുവേണ്ടിയുള്ള തീവ്ര പരിശ്രമത്തിലാണ് പി.ടി.എയും സ്ക്കൂള്‍ വികസന സമിതിയും.
നിലവില്‍ ക്ലാസുമുറിയില്‍ അനുവര്‍ത്തിക്കുന്ന പഠന പ്രക്രിയയില്‍ ഐ.ടി. ഉപയോഗം വലിയ മാറ്റങ്ങള്‍ കൊണ്ടുവരും.പാഠപുസ്തകത്തിനു പുറത്തുള്ള പഠനവിഭവങ്ങള്‍ കണ്ടെത്താനും ക്ലാസില്‍ ഉപയോഗപ്പെടുത്താനുമാണ് നിലവില്‍ അധ്യാപകര്‍ക്കുള്ള പ്രയാസം.ഐ.ടി. ഉപയോഗിക്കുന്നതിലൂടെ ഇതിനെ മറികടക്കാന്‍ കഴിയും.ക്ലാസില്‍ ഉപയോഗിക്കേണ്ട ചിത്രങ്ങള്‍,വീഡിയോകള്‍,അധികവായനാസാമഗ്രികള്‍,പ്രസന്റേഷനുകള്‍,ഓഡിയോകള്‍ തുടങ്ങിയവയെല്ലാം ഇന്ന് വിരല്‍ത്തുമ്പില്‍ ലഭ്യമാണ്.ഐ.ടി. യുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് കുട്ടികളുടെ പഠനത്തെളിവുകള്‍ അവര്‍ക്കുതന്നെ സ്വയം കാണാനും വിലയിരുത്താനും കഴിയും.പാഠാസൂത്രണത്തില്‍ ഇവയോരോന്നും എവിടെ,എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന ശരിയായ ധാരണ അധ്യാപകര്‍ക്ക് ആവശ്യമാണ്.ടീച്ചിങ്ങ് മാന്വലും ഈ രീതിയിലേക്ക് മാറേണ്ടതുണ്ട്.എങ്കില്‍ മാത്രമേ ഐ.ടി.അധിഷ്ഠിത പഠനം യാഥാര്‍ത്ഥ്യമാകുകയുള്ളു. കുട്ടികള്‍ക്ക് അതുകൊണ്ടുളള പ്രയോജനം ലഭിക്കൂ.
ഹൈടെക്ക് പൈലറ്റ് പ്രൊജക്ട് പ്രോയോഗികമായി ഒരു വിദ്യാലയത്തില്‍ നടപ്പാക്കുമ്പോള്‍ ഞങ്ങള്‍ക്കനുഭവപ്പെട്ട ചില പ്രയാസങ്ങള്‍ കൂടി ഇവിടെ പങ്കുവയ്ക്കട്ടെ.
ഒന്നാമതായി 35 മിനുട്ട് ടൈംടേബിളാണ് പ്രശ്നം.ഈ സമയം ഒന്നിനും തികയില്ല.ഐ.ടി.സാധ്യതകള്‍ ഉപയോഗപ്പെടുത്തി പാഠം പ്രക്രിയാ ബന്ധിതമായി പഠിപ്പിക്കണമെങ്കില്‍ പിരീയഡുകളുടെ സമയദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ചേ മതിയാകൂ.രണ്ടു പീരീയഡുകളെ ക്ലബ്ബുചെയ്തുകൊണ്ടും മറ്റുമാണ് ഞങ്ങള്‍ ഇതിനെ മറികടക്കാന്‍ ശ്രമിക്കുന്നത്.പക്ഷേ,അത് എല്ലാ ദിവസങ്ങളിലും പ്രായോഗികമല്ല. ഹൈടെക്ക് വിദ്യാലയം ശരിയായരീതിയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ നിലവിലെ സമയക്രമത്തില്‍ മാറ്റം വരുത്തിക്കൊണ്ടേ സാധ്യമാകൂ.
പ്രൊജക്ടര്‍ സ്ക്കൂളുകള്‍ക്ക് നല്‍കുമ്പോള്‍ ഒരു കാര്യം കൂടി ശ്രദ്ധിക്കണം.അത് ക്ലാസില്‍ മൗണ്ട് ചെയ്യാനുള്ള സംവിധാനം കൂടി നല്‍കണം.എല്ലാദിവസവും ക്ലാസിലേക്ക് പ്രൊജക്ടറും ലാപ്ടോപ്പും കൊണ്ടുപോകുക,കണക്ട് ചെയ്യുക എന്നത് പ്രയാസമുണ്ടാക്കുന്നുണ്ട്.കുട്ടികള്‍ക്കിടയിലാണ് ഇത് സജ്ജീകരിക്കുന്നത്.ക്ലാസില്‍ കുട്ടികളുടെ ചലനസ്വാതന്ത്ര്യത്തെ അത് പരിമിതപ്പെടുത്തും.കൂടാതെ ഈ ഉപകരണങ്ങള്‍ക്ക് പെട്ടെന്നു കേടുവരാനും ഇത് ഇടയാക്കും.
കോടിക്കണക്കിനു രൂപ മുതല്‍മുടക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ പദ്ധതിയാണ് സ്ക്കൂള്‍ ഹൈടെക്ക് പദ്ധതി.ഇതൊരു പൈലറ്റ് പ്രൊജക്ട് ആയതുകൊണ്ടുതന്നെ വിജയിക്കണമെങ്കില്‍ ഫലപ്രദമായ മോണറ്ററിങ്ങ് സംവിധാനം വേണം.മോണറ്ററിങ്ങ് ചുമതല ഹെമാസ്റ്റര്‍മാരെ മാത്രമേല്‍പ്പിച്ച് പിന്‍വാങ്ങിയാല്‍ പദ്ധതി പാളും.ഐ.ടി.@സ്ക്കൂളിന്റേയും വിദ്യാഭ്യാസ വകുപ്പിന്റേയും സംയുക്തമായ മോണറ്ററിങ്ങും അധ്യാപകര്‍ക്കുള്ള പിന്തുണയുമാണ് വേണ്ടത്.അതിന്റെ അടിസ്ഥാനത്തിനുള്ള തുടര്‍പരിശീലനങ്ങളും വേണം.
ഏതായാലും ഒരു കാര്യം ഉറപ്പിച്ചു പറയാം.സ്ക്കൂള്‍ ഹൈടെക്ക് പദ്ധതി നമ്മുടെ ക്ലാസുമുറികളില്‍ പ്രായോഗികമായി നടപ്പാകുകയാണെങ്കില്‍ അത് വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരും.ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്ന നമ്മുടെ ലക്ഷ്യം വേഗത്തില്‍ കൈവരിക്കാന്‍ നമുക്ക് സാധിക്കും.കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ലക്ഷക്കണക്കിനു കുട്ടികളായിരിക്കും അതിന്റെ ഗുണഭോക്താക്കള്‍.
ഗംഭീരം ,ആഹ്ളാദം ആശംസകൾ മാഷിന്റെ വിദ്യാലയവും അവിടത്തെ കുട്ടികളേയും കാണാൻ വല്ലാത്ത മോഹം
ReplyDeleteസുരേന്ദ്രന്‍ മാഷെ ...ഹൈ ടെക് വിപ്ലവത്തിന് തുടക്കം കുറിച്ച ചുരുക്കം വിദ്യാലയങ്ങളില്‍ ഒന്നായി പുല്ലൂര്‍ മാറിയതില്‍ സന്തോഷം .ഈ ഒരു അക്കാദമിക വര്ഷം കൊണ്ട് ഉണ്ടായ മാറ്റം ഒരു കുതിച്ചുചാട്ടം തന്നെയാണ് അല്ലെ ..ചെയ്തു നോക്കുമ്പോള്‍ ഉണ്ടാവുന്ന പ്രയാസങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ ആയി ഐ ടി@ സ്കൂളിനു ലഭിച്ചാല്‍ വരും വര്ഷം മാറ്റങ്ങള്‍ വരുത്താന്‍ സഹായകരമാകും എന്നതില്‍ സംശയമില്ല .എല്ലാ ആശംസകളും
ReplyDelete