ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Saturday 30 January 2021

കുട്ടികളുടെ പ്രിയപ്പെട്ട പുസ്തകങ്ങളുമായി പുസ്തകവണ്ടി


 

 പുറച്ചേരി ഗവ.യു.പി.സ്ക്കൂളിന്റെ പുസ്തകവണ്ടി കുട്ടികള്‍ ഏറ്റെടുത്തു കഴിഞ്ഞു.പുസ്തകവണ്ടിയില്‍ നിന്നും അവര്‍ക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാം.ഈ മഹാമാരിക്കാലത്ത് വീട്ടില്‍ അടച്ചിരിക്കുമ്പോള്‍ പുസ്തകങ്ങളാണ് അവര്‍ക്ക് കൂട്ട്.സ്ക്കൂള്‍ ലൈബ്രറിയിലെ ഒട്ടുമിക്ക പുസ്തകങ്ങളും കുട്ടികളുടെ വീടുകളില്‍ എത്തിക്കഴിഞ്ഞു.മൂന്നാഴ്ച കൂടുമ്പോള്‍ ഒരിക്കല്‍ പുസ്തകവണ്ടി വീടിനടുത്തെത്തും.അപ്പോള്‍ വായിച്ച പുസ്തകങ്ങള്‍ മാറ്റിയെടുക്കാം.

അധ്യാപകര്‍ അവരുടെ കൈകളിലെത്തിച്ചു നല്‍കുന്ന പുസ്തകങ്ങള്‍ അവര്‍ക്ക് വായിക്കാതിരിക്കാന്‍ കഴിയുമോ?

 ഇനി പുസ്തകവണ്ടിയുടെ യാത്ര


എങ്ങനെയാണെന്നുനോക്കാം.
പുസ്തകവണ്ടിയുടെ യാത്ര ഓരോ ക്ലസ്റ്ററുകളിലേക്കുമാണ്.ഒരു ക്ലസ്റ്ററില്‍ പരമാവധി 10-15 വരെ കുട്ടികളാണുണ്ടാവുക.പുസ്തകവണ്ടി എത്തിച്ചേരുന്ന സ്ഥലവും സമയവുംഓരോ കേന്ദ്രത്തിലും എത്തിച്ചേരേണ്ട  കുട്ടികളുടെ പേരുവിവരവും അവരെ മുന്‍കൂട്ടി അറിയിക്കും.

 ക്ലസ്റ്റര്‍ കേന്ദ്രം ഒരു കുട്ടിയുടെ വീടോ ക്ലബ്ബോ റോഡരികിലുള്ള ഒരു മരത്തണലോ മറ്റോ ആയിരിക്കും.കുട്ടികളുടെ വീടുകള്‍ക്ക് തൊട്ടടുത്തുള്ള സ്ഥലം.ഇങ്ങനെ ഓരോ പ്രദേശത്തേയും നാലു ക്ലാസ്റ്ററുകളായി തിരിച്ചിരിക്കുന്നു.ആകെ പ്രദേശങ്ങള്‍ അഞ്ചും.ഒരു ദിവസം രണ്ടു പ്രദേശങ്ങളിലേക്ക് രണ്ടു വണ്ടികളാണ് പുറപ്പെടുക. മൂന്നു ദിവസം കൊണ്ട് (ഒരു ദിവസം ഉച്ചവരെയുള്ള സമയം മതിയാകും)മുഴുവന്‍ കുട്ടികള്‍ക്കും പുസ്തകം വിതണം ചെയ്യാന്‍ കഴിയും

 

എം.ടി,കാരൂര്‍,പുനത്തില്‍,എന്‍.പി. മുഹമ്മദ്,പൊന്‍കുന്നം വര്‍ക്കി,ലളിതാംബിംകാ അന്തര്‍ജ്ജനം,,അഷിത,സുഭാഷ്ചന്ദ്രന്‍,പ്രയ.എ.എസ്. തുടങ്ങിയ പ്രശസ്തരായ എഴുത്തുകാര്‍ കുട്ടികള്‍ക്കുവേണ്ടി എഴുതിയ ബാലസാഹിത്യകൃതികള്‍,കുട്ടികളുടെ പ്രിയപ്പെട്ട ബാലസാഹിത്യകാരായ പി.നരേന്ദ്രനാഥ്,മാലി,സുമംഗല,മുഹമ്മ രമണന്‍,കെ.ശ്രീകുമാര്‍,കിളിരൂര്‍ രാധാകൃഷ്ണന്‍,പ്രൊ.എസ്.ശിവദാസ് തുടങ്ങിയവരുടേതുള്‍പ്പടെ വിപുലമായ പുസ്തകശേഖരം പുസ്തകവണ്ടിയിലുണ്ട്.കൂടാതെ നരവധി ഇംഗ്ലീഷ് പുസ്തകങ്ങളും.കുട്ടികള്‍ക്ക് ഇതില്‍ ഇഷ്ടപ്പെട്ട രണ്ടോ മൂന്നോ പുസ്തകങ്ങള്‍ തിരഞ്ഞടുക്കാം.

പുസ്തകവണ്ടിയുടെ ഒന്നാംഘട്ടയാത്രയ്ക്കുശേഷം രണ്ടാം ഘട്ടയാത്രയും പൂര്‍ത്തിയാക്കിക്കഴിഞ്ഞു.കുട്ടികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും നല്ല സ്വീകരണമാണ് പുസ്തകവണ്ടിക്ക് ലഭിക്കുന്നത്.ഡിജിറ്റല്‍ ലോകത്ത് മുഴുകിയിരിക്കുന്ന കുട്ടികളെ പുസ്തകവായനയുടെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുകയാണ് പുസ്തകവണ്ടിയുടെ ഓരോ യാത്രയും.വീട്ടില്‍ അടച്ചിരിക്കുന്ന കുട്ടികളെ സാന്ത്വനപ്പെടുത്താന്‍ പുസ്തകങ്ങളോളം മറ്റാര്‍ക്കാണ് കഴിയുക?

Pusthakavandi 



No comments:

Post a Comment