ഇന്നലെവരെ ഈ കെട്ടിടത്തിന് ജീവനുണ്ടായിരുന്നില്ല.ചുമരില്‍ ചിത്രങ്ങള്‍ നിറഞ്ഞതോടെ അതിന് ജീവന്‍ വെച്ചു.ആനയും മുയലും പൂക്കളും തുമ്പിയും പുഴയും മീനും കിളികളും മുതലയും പാമ്പും പുഴുക്കളും... പ്രകൃതിയില്‍ നിന്നും കണ്ടെടുത്ത കുട്ടികളുടെ ഇഷ്ടകഥാപ്പാത്രങ്ങള്‍.ഇനി കുട്ടികള്‍ ചുമരിനടുത്തേക്ക് ഓടിയെത്തും.ഈ ചിത്രങ്ങളിലേക്ക് നോക്കി നില്‍ക്കും.ചുമരിലെ കഥാപ്പാത്രങ്ങളുമായി അവര്‍ ഒറ്റക്കിരുന്ന് സംവദിക്കും.ഏകാന്തതയില്‍ അവര്‍ ഈ കഥാപ്പാത്രങ്ങള്‍ക്കൊപ്പം കളിക്കും.ഉറക്കത്തില്‍ കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളിലേക്ക് അവരൊന്നൊന്നായി ഇറങ്ങിവരും...
സ്വന്തം വീടിനെപ്പോലെ കുഞ്ഞുങ്ങള്‍ വിദ്യാലയത്തേയും ഇഷ്ടപ്പെടണം.അവര്‍ വിദ്യാലയത്തിലേക്ക് ഓടിയെത്താന്‍ ആഗ്രഹിക്കണം.അതിന് വിദ്യാലയത്തന്റെ കെട്ടിടങ്ങള്‍ ആകര്‍ഷകമായിരിക്കണം.വിദ്യാലയത്തിനകത്ത് നിറയെ പച്ചപ്പ്
വേണം. കുട്ടികള്‍ക്ക് കളിക്കാനും വിശ്രമിക്കാനുമുള്ള മരത്തണല്‍ വേണം.സ്ക്കൂള്‍ മുറ്റം മനോഹരമായ പൂന്തോട്ടംകൊണ്ട് അലംകൃതമായിരിക്കണം.അവരുടെ ഭാവനയെ ഉത്തേജിപ്പിക്കുന്നതരത്തിലുള്ള നിര്‍മ്മിതികള്‍ വേണം.വൃത്തിയുള്ള ടോയലറ്റുകള്‍ വേണം. എല്ലാത്തിനും മീതെ കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള പഠനരീതിയും അധ്യാപകരും വേണം.
പുല്ലൂര്‍ സ്ക്കൂളില്‍ അടുത്ത അധ്യയന വര്‍ഷത്തലേക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നു.ഏപ്രില്‍ മാസം പൂര്‍ത്തിയാകുന്നതോടെ സ്ക്കൂളിലെ മുഴുവന്‍ കെട്ടിടങ്ങളും പെയിന്റ് ചെയ്ത് (അകവും പുറവും)ആകര്‍ഷകമാക്കുക,ടോയലറ്റുകള്‍ നവീകരിക്കുക,ഡൈനിങ്ങ് ഹാളിന്റെ പണി ആരംഭിക്കുക തുടങ്ങിയവയാണ് മുഖ്യ പ്രവര്‍ത്തനങ്ങള്‍.മെയ് മാസത്തില്‍ സ്ക്കൂള്‍ ലൈബ്രറി,സയന്‍സ് ലബോറട്ടറി എന്നിവ നവീകരിക്കലാണ് ലക്ഷ്യം.മദര്‍ പി.ടി.എ.യുടെ നേതൃത്വത്തില്‍ ബുക്ക് ബെന്റിങ്ങില്‍ അമ്മമാര്‍ക്കുള്ള പരീശിലനവും തുടര്‍ന്ന് സ്ക്കൂള്‍ ലൈബ്രറിയിലെ കേടുവന്ന പുസ്തകങ്ങളുടെ ബെന്റിങ്ങും നടക്കും.
എല്‍.പി. വിഭാഗത്തിലെ ഒരു ബ്ലോക്കിന്റെ പെയിന്റിങ്ങ് ജോലി ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞിരിക്കുന്നു.അതിന്റെ ചുമരുകള്‍ ചിത്രം വരച്ച് ആകര്‍ഷകമാക്കുകയാണ് ആര്‍ട്ടിസ്റ്റുമാരായ സചീന്ദ്രന്‍ കാറടുക്കയും വിനോദ് അമ്പലത്തറയും.കുട്ടികള്‍ക്കുവേണ്ടിയുള്ള ചിത്രങ്ങള്‍ വരയ്ക്കാന്‍ അതിവിദഗ്ദരാണ് ഇരുവരും.സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ നിരവധി പുസ്തകങ്ങള്‍ക്ക് ഇല്ലസ്ട്രേഷന്‍ ചെയ്തിട്ടുണ്ട് സചീന്ദ്രന്‍.അദ്ദേഹം എഴുതി ഇല്ലസ്ട്രേഷന്‍ ചെയ്ത 'ജെ.സി.ബി.യുടെ കഥ' എന്ന പുസ്തകം ബാലസാഹിത്യ ഇന്‍സ്റ്റൂട്ടിന്റെ ഈ വര്‍ഷത്തെ അവാര്‍ഡ് നേടുകയുണ്ടായി.സചീന്ദ്രന്റെ വരയിലെ കുട്ടിത്തവും ഭാവവും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കുട്ടികള്‍ക്ക് പ്രിയപ്പെട്ടതാക്കി മാറ്റുന്നു.കുട്ടികളുടെ ജീവിതപരിസരവും ബാല്യകാലം നല്‍കുന്ന അളവറ്റ സന്തോഷവും ഏകാന്ത ദുഃഖങ്ങളുമൊക്കെയാണ് സചീന്ദ്രന്റെ വരകളില്‍ നിറയുന്നത്.
മികച്ച പെയിന്റിങ്ങിനുള്ള ഈ വര്‍ഷത്തെ കേരളാ ലളിതകലാ അക്കാദമി അവാര്‍ഡ് വിനോദ് അമ്പലത്തറയ്ക്കാണ്.വരകളുടെ ലാളിത്യമാണ് വിനോദിന്റെ ചിത്രങ്ങളുടെ മുഖമുദ്ര.അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കുട്ടികള്‍ക്ക് ഏറെ ഇഷ്ടവുമാണ്.
ഭാവനാസമ്പന്നരായ അധ്യാപികമാര്‍ക്ക് ചുമരിലെ ഈ ചിത്രങ്ങള്‍ വൈവിധ്യാമാര്‍ന്ന പഠനപ്രവര്‍ത്തനങ്ങള്‍ക്കായി പ്രയോജനപ്പെടുത്താം.കഥ കണ്ടെത്താനും വികസിപ്പിക്കാനും,കഥാപ്പാത്രങ്ങളുടെ ചിന്തകള്‍,ആത്മഭാഷണങ്ങള്‍ എന്നിവ കണ്ടെത്താന്‍,കഥയ്ക്ക് മുന്നേ,കഥയ്ക്കുശേഷം,കഥാപ്പാത്രങ്ങളുടെ സംഭാഷണങ്ങളെഴുതാന്‍,കഥാപ്പാത്രങ്ങളുടെ യാത്രാവിവരണം സങ്കല്‍പ്പിച്ചെഴുതാന്‍,കവിത രചിക്കാന്‍, വാങ്മയ ചിത്രങ്ങള്‍ രചിക്കാന്‍,വര്‍ണ്ണന തയ്യാറാക്കാന്‍......
മൈതാനത്തിലൂടെ നടന്നുപോവുകയായിരുന്നു ഒരമ്മയും കുഞ്ഞും.കുഞ്ഞ് അമ്മയുടെ കൈ പിടിച്ച് വലിക്കുകയാണ്. അവന് ചിത്രം വരയ്ക്കുന്നത് അടുത്തുനിന്ന് കാണണം.അവര്‍ കെട്ടിടത്തിന് അടുത്തേക്കുവന്നു.കുട്ടി ഈ വര്‍ഷം ഒന്നാം ക്ലാസില്‍ ചേരാനുള്ളതാണെന്ന് അമ്മ പറഞ്ഞു.അവന്‍ അമ്മയുടെ ചെവിയില്‍ എന്തോ പറഞ്ഞു.
"മാഷേ,അവന്റെ ക്ലാസ് ഏതാണെന്നാണ് അവന്‍ ചോദിക്കുന്നത്." അമ്മക്കിളിയുടേയും കുഞ്ഞിക്കിളിയുടേയും ചിത്രത്തിനു തൊട്ടടുള്ള വാതിലിനു നേരെ ചൂണ്ടി ഞാന്‍ പറഞ്ഞു.
"ദാ,അതാണ് നിന്റെ ക്ലാസ്.”
അവന്‍ ചിത്രത്തിലേക്കു തന്നെ നോക്കി.അവന്റെ മുഖം സന്തോഷം കൊണ്ടു വിടര്‍ന്നു.
"എന്താ ഇഷ്ടായില്ലേ?”
അവന്‍ ഇഷ്ടപ്പെട്ടു എന്നര്‍ത്ഥത്തില്‍ തലയാട്ടി,ചിത്രത്തിലേക്ക് ഒരിക്കല്‍കൂടി തിരിഞ്ഞു നോക്കി അമ്മയോടൊപ്പം നടന്നകന്നു.
അമ്മക്കിളിയും കുഞ്ഞിക്കിളിയും കൂടുകെട്ടിയ വാതില്‍ തുറക്കുന്ന ഒന്നാം ക്ലാസ് അവന്റെ ഇനിയുള്ള സ്വപ്നങ്ങളില്‍ നിറയുമായിരിക്കും...
No comments:
Post a Comment