ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Friday, 25 March 2016

ഈ ഒന്നാം ക്ലാസുകാര്‍ക്ക് ഇംഗ്ലീഷ് നന്നായി വഴങ്ങും


പരീക്ഷ തുടങ്ങുന്നതിന് മുമ്പ് നാലഞ്ചു ദിവസം പുല്ലൂര്‍ ഗവ.യു.പി സ്ക്കൂളിലെ ഒന്നാം ക്ലാസ് ഇംഗ്ലീഷ് പഠനത്തിന്റെ പണിപ്പുരയായിരുന്നു.സാധാരണ രീതിയിലുള്ള പഠനമായിരുന്നില്ല ഈ ദിവസങ്ങളില്‍ അവിടെ നടന്നത്.രാവിലെ മുതല്‍ ഉച്ചവരെ ഇംഗ്ലീഷ് മാത്രം പഠിപ്പിച്ചു.അതും കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട രീതിയില്‍.

എന്തൊക്കെയായിരുന്നു ഈ പഠനരീതിയുടെ പ്രത്യകതകള്‍?



  • അവര്‍ വേണ്ടുവോളം കളിച്ചു.കളിക്കിടയില്‍ ഇംഗ്ലീഷ് സംസാരിച്ചു.അവരുടെ കൂട്ടുകാരോടും ടീച്ചറോടും.


  • ടീച്ചര്‍ കാണിച്ച മനോഹരമായ ചിത്രങ്ങളെക്കുറിച്ച് അവര്‍ സംസാരിച്ചു.ടീച്ചര്‍ ഇംഗ്ലീഷില്‍ എഴുതി നല്‍കിയ സൂചനകള്‍ വായിച്ച് അവര്‍ ചിത്രങ്ങള്‍ വരച്ചു.തങ്ങള്‍ വരച്ച ചിത്രങ്ങള്‍ അവര്‍ എല്ലാവരേയും കാണിച്ചു.അതിനെക്കുറിച്ച് കൂട്ടുകാരോട് സംസാരിച്ചു. 

  •   വരച്ച ചിത്രങ്ങളെക്കുറിച്ച് അവര്‍ തങ്ങള്‍ക്കറിയാവുന്ന ഇംഗ്ലീഷില്‍ എഴുതി.ടീച്ചരുടെ സഹായത്തോടെ അവര്‍ എഴുതിയതിനെ മെച്ചപ്പെടുത്തി.


  • അവര്‍ സ്വന്തം കുടുംബത്തെക്കുറിച്ചും കുടുംബാംഗങ്ങളെക്കുറിച്ചും സംസാരിച്ചു.കുടുംബാംഗങ്ങളായി ഫോട്ടോയ്ക്ക് പോസ് ചെയ്തു.അവരുടെ ചിത്രങ്ങള്‍ വരച്ചു.തങ്ങള്‍ വരച്ച അച്ഛന്റേയും അമ്മയുടേയും ചിത്രങ്ങള്‍ നോക്കി അവര്‍ രസിച്ചു.അത് ഓരോരുത്തരേയും കാണിച്ചു. അവരെക്കുറിച്ച് പറഞ്ഞു,എഴുതി.

  • കുട്ടികള്‍ കാടും മരങ്ങളും കാക്കയും കുരുവിയും ജിറാഫും അണ്ണാനും ആനയുമൊക്കെയായി കളിച്ചു.അപ്പോള്‍ അവരില്‍ ഇംഗ്ലീഷ് അറിയാതെ മുളപൊട്ടി.


  • ടീച്ചര്‍ വായിച്ചുകൊടുത്ത The Lion and the Rabbitഎന്ന കഥകേട്ട് അവര്‍ ആ കഥയെക്കുറിച്ച് സംസാരിച്ചു.അതിലെ കഥാപ്പാത്രങ്ങളുടെ പേരുകള്‍ എഴുതി.കഥയിലെ വിവിധ സംഭവങ്ങളുടെ ചിത്രങ്ങള്‍ നോക്കി അതെന്താണെന്ന് ഇംഗ്ലീഷില്‍ വിശദീകരിച്ചു.കഥയിലെ ഇഷ്ടപ്പെട്ട ഒരു സംഭവത്തിന്റെ  ചിത്രം വരച്ചു.ചിത്രത്തെക്കുറിച്ച് എഴുതി.


 ഇങ്ങനെ ചിരിച്ചും വരച്ചും കളിച്ചും രസിച്ചുമൊക്കെയായിരുന്നു നാലഞ്ചു ദിവസത്തെ ഇംഗ്ലീഷ് പഠനം.പരിപാടി കഴിഞ്ഞപ്പോള്‍ കുട്ടികള്‍ക്ക് സങ്കടം.
"എല്ലാ ദിവസവും ഇംഗ്ലീഷ് ഫെസ്റ്റ് വേണം."
കുട്ടികള്‍ ഏകസ്വരത്തില്‍ ആവശ്യപ്പെട്ടു.

ഇംഗ്ലീഷ് ഫെസ്റ്റ് കുട്ടികള്‍ ആവേശത്തോടെ ഏറ്റെടുക്കാന്‍ എന്താണ് കാരണം?


 കുട്ടികളുടെ സര്‍ഗ്ഗാത്മക ആവിഷ്ക്കാരത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള ഒരു പഠനരീതിയായിരുന്നു ആവിഷ്ക്കരിച്ചത്.ഈ ആവിഷ്ക്കാരമാണ് കുട്ടികളിലെ  ഭാഷയെ പുറത്തുകൊണ്ടുവരിക.
ഉദാഹരണമായി, സാധാരണയായി നാം ഇംഗ്ലീഷ് ക്ലാസില്‍ ചെയ്യുന്ന picture interaction നോക്കാം.ടീച്ചര്‍ ഒരു ചിത്രം കാണിക്കുന്നു.ചിത്രവുമായി ബന്ധപ്പെട്ട് കുട്ടികളോട് വ്യത്യസ്തമായ ചോദ്യങ്ങള്‍ ചോദിക്കുന്നു.കുട്ടികള്‍ ചിത്രം നോക്കി ഉത്തരം പറയുന്നു.


 എന്നാല്‍ ഇവിടെ ടീച്ചര്‍ നല്‍കുന്ന സൂചനകള്‍ക്കനുസരിച്ച് കുട്ടികള്‍ ചിത്രം വരയ്ക്കുന്നു.ടീച്ചറുടെ സൂചന വാചികമാകാം.ബോര്‍ഡില്‍ എഴുതുന്ന വാക്യങ്ങളാകാം.അല്ലെങ്കില്‍ പദങ്ങളാകാം.കുട്ടികള്‍ ഈ സൂചനകള്‍ ശ്രദ്ധിച്ചുകേള്‍ക്കുന്നു.അല്ലെങ്കില്‍ സ്വയം വായിച്ചെടുക്കുന്നു. അതിനെ ആസ്പദമാക്കി  ചിത്രം വരയ്ക്കുന്നു.ഓരോ ചിത്രവും പരസ്പരം കൈമാറി പരിശോധിക്കുന്നു. താന്‍ വരച്ച ചിത്രത്തെക്കുറിച്ച് കൂട്ടുകരോട് സംസാരിക്കുന്നു.പിന്നീട് ടീച്ചര്‍ ചിത്രത്തിലെ വസ്തുതകളുമായി ബന്ധപ്പെട്ട്  കുട്ടിയുമായി interact ചെയ്യുന്നു.കുട്ടി ചിത്രത്തെക്കുറിച്ച് എഴുതുന്നു.ടീച്ചറുടെ സഹായത്തോടെ മെച്ചപ്പെടുത്തുന്നു.

 പരമ്പരാഗത ഇംഗ്ലീഷ് ക്ലാസുമുറിയില്‍ കുട്ടികള്‍ക്ക് സംസാരിക്കാനുള്ള അവസരം ടീച്ചറുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുക എന്നതായി പരിമിതപ്പെടുത്തിയിരിക്കുന്നു.എന്നാല്‍ സര്‍ഗ്ഗാത്മക ഭാഷാ ക്ലാസുമുറി കുട്ടികള്‍ക്ക് പരസ്പരം സംസാരിക്കാനും ടീച്ചറുമായി സംസാരിക്കാനും ധാരാളം അവസരങ്ങള്‍ നല്‍കുന്നു.കുട്ടികളുടെ സംസാരഭാഷ വികസിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ക്ലാസില്‍ കളികള്‍ക്കും നാടകത്തിനും മറ്റും പ്രാധാന്യം നല്‍കിയിരിക്കുന്നത്.കാരണം ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക്  ക്ലാസുമുറിയില്‍ പരസ്പരം സംസാരിക്കാനുള്ള ആവശ്യകതയുണ്ടാക്കും.അതാണ് ഭാഷ സ്വായത്തമാക്കുന്നതിലേക്ക് കുട്ടികളെ നയിക്കുക.സംസാരഭാഷ കൈകാര്യം ചെയ്യാനുള്ള ആത്മവിശ്വാസം നേടുന്നതോടെ കുട്ടികള്‍ എഴുത്തുഭാഷ  സ്വായത്തമാക്കുന്നതില്‍ പുരോഗതി കൈവരിക്കും.

 കഴിഞ്ഞ ദിവസം ഒന്നാം ക്ലാസിലേക്ക് പോയപ്പോള്‍ കുട്ടികള്‍ ഓടി വന്നു.
എല്ലാവരുടേയും കൈയിലുമുണ്ട് ഒന്നോ രണ്ടോ കൈയ്യെഴുത്ത് മാസികകള്‍.അത് അവര്‍ അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു.”മാഷേ,ഇതാ നോക്കൂ...ഞങ്ങള്‍ സ്വന്തമായി ഉണ്ടാക്കിയതാ..”
ഞാനവരുടെ മാസികകള്‍ വാങ്ങി മറിച്ചു നോക്കി. മനോഹരമായ ചിത്രങ്ങള്‍,കുട്ടികളുടെ സ്വന്തം ഇംഗ്ലീഷില്‍ എഴുതിയ ലഘുവായ വാക്യങ്ങള്‍...കുടുംബത്തെക്കുറിച്ച്,ചുറ്റുമുള്ള
 മൃഗങ്ങളെക്കുറിച്ച്...കുട്ടികളുടെ ഭാവനയും അവരുടെ ചിത്രംവരയ്ക്കാനുള്ള കഴിവും നമ്മെ അതിശയിപ്പിക്കും.എത്ര ആത്മവിശ്വാസത്തോടെയാണ് കുട്ടികള്‍  ചിത്രം വരച്ചിരിക്കുന്നതും അതിനെക്കുറിച്ച് എഴുതിയിരിക്കുന്നതും!എല്ലാവരും മാസികയും പിടിച്ചുനില്‍ക്കുന്ന ഫോട്ടോ എടുത്തപ്പോള്‍ കുട്ടികള്‍ക്ക് സന്തോഷമായി.



ഇംഗ്ലീഷ് ഫെസ്റ്റ് കുട്ടികളെ ഇംഗ്ലീഷ് പഠനത്തില്‍ ഒരു പടി മുകളിലെത്തിച്ചിരിക്കുന്നു.ദൈനംദിന ഇംഗ്ലീഷ് പഠനത്തിനിടയില്‍ കുട്ടികള്‍ക്ക് കിട്ടിയ ഒരു കൈത്താങ്ങ് ആയിരുന്നു അത്.ഒപ്പം ഒന്നാം ക്ലാസിലെ അധ്യാപികമാര്‍ക്കും.കുട്ടികളുടെ സര്‍ഗ്ഗാത്മകതയ്ക്ക് ഊന്നല്‍ നല്‍കിക്കണ്ടുള്ള ഇംഗ്ലീഷ് പഠനമാണ് ക്ലാസില്‍ നടക്കേണ്ടതെന്ന തിരിച്ചറിവാണ്  അത് അവര്‍ക്ക് നല്‍കിയത്.


ഇംഗ്ലീഷ് ഫെസ്റ്റിന്റെ ഫലപ്രാപ്തി വിലയിരുത്താനായിച്ചേര്‍ന്ന എസ്.ആര്‍.ജി യോഗത്തില്‍ ഓരോ മാസത്തിലും രണ്ടോ മൂന്നോ ദിവസം ഇംഗ്ലീഷിനു മാത്രമായി ഇങ്ങനെയുള്ള പരിപാടികള്‍ വേണം എന്നായിരുന്നു ഒന്നാം ക്ലാസിലെ അധ്യാപികമാരുടെ നിര്‍ദ്ദേശം.എല്ലാവരും അതിനോട് യോജിക്കുകയാണ് ഉണ്ടായത്.കൂടാതെ എല്ലാ ക്ലാസുകളിലേക്കും ഇത് വ്യാപിപ്പിക്കണം എന്ന നിര്‍ദ്ദേശവും ഉണ്ടായി.അടുത്ത അക്കാദമികവര്‍ഷം  കുട്ടികളുടെ ഇംഗ്ലീഷ് പഠനനിലവാരം ഉയര്‍ത്താന്‍ നൂതനപദ്ധതികള്‍ ആവിഷ്ക്കരിക്കാനുള്ള തീരുമാനവും യോഗത്തിലുണ്ടായി.
ഇംഗ്ലീഷ് മീഡിയം കാസ്സുകള്‍ ആരംഭിക്കാനുള്ള കടുത്ത സമ്മര്‍ദ്ദമായുരുന്നു ഇത്തവണ ചില രക്ഷിതാക്കളുടെ ഭാഗത്തുനിന്നുണ്ടായിരുന്നത്.എന്നാല്‍ വിദ്യാലയം മലയാളമീഡിയമാക്കി നിലനിര്‍ത്തിക്കൊണ്ട് കുട്ടികളുടെ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്താനുള്ള പഠനരീതികള്‍ ആവിഷ്ക്കരിക്കും എന്ന ഞങ്ങളുടെ നിര്‍ദ്ദേശത്തോട് രക്ഷിതാക്കള്‍ യോജിക്കുകയാണുണ്ടായത്.അതിലേക്കുള്ള ആദ്യപരിപാടിയായിരുന്നു ഞങ്ങളുടെ ഇംഗ്ലീഷ് ഫെസ്റ്റ്.



6 comments:

  1. Great attempt. Surely try it in my class

    ReplyDelete
  2. Theerchayayum mathrukayaakkum

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. Great. And the land blossomed..

    ReplyDelete
  5. athe.............. athanu sari.

    ReplyDelete
  6. athe.............. athanu sari.

    ReplyDelete