പാഠഭാഗത്തു നിന്നും അടര്‍ത്തിമാറ്റി കലകളെ പ്രത്യേകം പഠിപ്പിക്കേണ്ടതാണോ?
പ്രൈമറി ക്ലസുകളിലെ കലാപഠനം എങ്ങനെയായിരിക്കണം?
തീര്‍ച്ചയായും അത് വിഷയവുമായി ഉദ്ഗ്രഥിച്ച് കൊണ്ടുതന്നെയായിരിക്കണം.അപ്പോഴാണ് അത് കുട്ടികളുടെ ആവശ്യകതയുമായി ബന്ധപ്പെടുന്നത്. എങ്കില്‍ മാത്രമേ കലാപഠനം അര്‍ത്ഥവത്താകൂ.ഇവിടെ പഠനവും കലയും വെവ്വേറെ കള്ളികളിലായി നില്‍ക്കുന്നില്ല.കല പഠനമായി മാറുന്നു. പഠനം കലയും.
കല കോര്‍ത്തിണക്കിയ പാഠ്യവിഷയം കുട്ടികള്‍ക്ക് പ്രിയപ്പെട്ടതായിരിക്കും.അത് പഠനത്തെ സര്‍ഗ്ഗാത്മകമാക്കുന്നു.അതിലൂടെ വിഷയം കുട്ടികള്‍ക്ക് എളുപ്പമാക്കുന്നു.
ഉദാഹരണം പറയാം. ഏഴാം തരത്തിലെ സയന്‍സ് ക്ലാസാണ് ഫോട്ടോയില്‍. ക്ലാസില്‍ കുട്ടികള്‍ ശേഖരിച്ച, വ്യത്യസ്തമായ നിറങ്ങളും സവിശേഷതകളുമുള്ള മണ്ണിനങ്ങളുടെ നിരീക്ഷണത്തിനും പഠനത്തിനും ശേഷം കുട്ടികള്‍ മണ്ണ് കൊണ്ടുള്ള ചിത്രങ്ങളുടെ നിര്‍മ്മിതിയിലേക്കാണ് കടക്കുന്നത്.ഓരോ കുട്ടിയും തങ്ങള്‍ ശേഖരിച്ച മണ്ണിനങ്ങള്‍ കൊണ്ട്, തങ്ങളുടെ ഭാവനയ്ക്കനുസരിച്ച് ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നു. മണ്ണ് പഠനത്തെ ടീച്ചര്‍ അതിവിദഗ്ദമായി കലയുമായി വിളക്കിച്ചേര്‍ത്തിരിക്കുന്നു.കുട്ടികള്‍ ഏറെ ആഹ്ലാദത്തോടെയായിരുന്നു ഈ പ്രവര്‍ത്തനത്തില്‍ മുഴുകിയത്.ക്ലാസില്‍ വൈവിധ്യമാര്‍ന്ന നിരവധിച്ചിത്രങ്ങളായിരുന്നു രൂപപ്പെട്ടത്.തുടര്‍ന്ന് ഓരോ ചിത്രങ്ങളും പരസ്പരം കണ്ട് അവര്‍ വിലയിരുത്തി.ഫീഡ് ബാക്കുകള്‍ നല്‍കി.ഈ പ്രവര്‍ത്തനത്തിലൂടെ കുട്ടികള്‍ മണ്ണിന്റെ പ്രത്യേകതകള്‍ കൂടുതല്‍ മനസ്സിലാക്കുകയായിരുന്നു.
അഞ്ചിലെ സയന്‍സ് ക്ലാസില്‍ കുട്ടികള്‍ നിര്‍മ്മിച്ച റോക്കറ്റുകള്‍ നോക്കൂ.റോക്കറ്റുകള്‍പോലെ കുട്ടികളെ വിസ്മയിപ്പിക്കുന്ന മറ്റൊരു വാഹനമില്ല.റോക്കറ്റുകള്‍ നിര്‍മ്മിക്കുക എന്ന ആശയം അവര്‍ ആവേശത്തോടെയായിരുന്നു ഏറ്റെടുത്തത്.ക്ലാസുമുറിയില്‍ നിന്നല്ല,ഈ പ്രവര്‍ത്തനം വീട്ടില്‍വെച്ചായിരുന്നു അവര്‍ ചെയ്തത്.പിറ്റേദിവസം സ്ക്കൂളിലേക്ക് വരുമ്പോള്‍ മിക്കവാറും കുട്ടികളുടെ കൈയ്യിലുമുണ്ട് ഓരോ റോക്കറ്റ്.വഴിക്ക് കാണുന്നവരെയെല്ലാം അഭിമാനത്തോടെ റോക്കറ്റ് ഉയര്‍ത്തിക്കാണിച്ചു കൊണ്ടായിരുന്നു അവര്‍ സ്ക്കൂളിലേക്ക് വന്നത്.
ദാ, ഞാനുണ്ടാക്കിയ റോക്കറ്റ്..
റോക്കറ്റുകള്‍ നിര്‍മ്മിച്ചതോടെ അതിനെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള താത്പര്യം കുട്ടികളില്‍ മുളപൊട്ടുന്നതു കണ്ടു.അവര്‍ റോക്കറ്റുകളെക്കുറിച്ചുള്ള പത്രവാര്‍ത്തകള്‍ വായിച്ചു.ചോദ്യങ്ങള്‍ ചോദിച്ചു.റോക്കറ്റുകളുടെ ചിത്രങ്ങള്‍ ശേഖരിച്ചു.
ക്ലാസിലെ കലാപ്രവര്‍ത്തനം പഠ്യവിഷയത്തെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണത്തിലേക്കും പഠനത്തിലേക്കും കുട്ടികളെ നയിക്കും എന്ന തിരിച്ചറിവ് നല്‍കി ഈ പ്രവര്‍ത്തനം.
ഒന്നാം ക്ലാസില്‍ ടീച്ചര്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ ഉപയോഗിച്ചാണ്. ടീച്ചര്‍ ബോര്‍ഡിലെഴുതിയിട്ട ചില പദസൂചനകളില്‍ നിന്നും കുട്ടികള്‍ ചിത്രങ്ങള്‍ രൂപപ്പെടുത്തുന്നു.ഓരോരുത്തരും തങ്ങള്‍ വരച്ച ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടി മറ്റുള്ളവരോട് ഇംഗ്ലിഷില്‍ സംസാരിക്കാന്‍ ശ്രമിക്കുന്നു. ടീച്ചര്‍ പ്രോത്സാഹിപ്പിക്കുന്നു.കുട്ടികള്‍ വരച്ച ചിത്രത്തെ അടിസ്ഥാനമാക്കി ടീച്ചര്‍ ചോദിച്ച ലളിതമായ ചോദ്യങ്ങള്‍ക്ക് അവര്‍ ഉത്തരം പറയുന്നു.പിന്നീട് എഴുതുന്നു.കുട്ടികളുടെ സംശയങ്ങള്‍ ടീച്ചര്‍ തീര്‍ത്തുകൊടുക്കുന്നു.
ഇംഗ്ലിഷ് ക്ലാസില്‍ കുട്ടികളുടെ സര്‍ഗ്ഗാത്മകതയെ ഭാഷാപഠനത്തിലേക്ക് വഴിതിരിച്ചുവിടുകയാണ് ടീച്ചര്‍. ചിത്രം വരയെ ഭാഷാപഠനത്തിനുള്ള ഒരു ടൂള്‍ ആയാണ് ടീച്ചര്‍ ഉപയോഗിക്കുന്നത്.കുട്ടികള്‍ വര്‍ദ്ധിച്ച ഉത്സാഹത്തോടെയാണ് പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത്.താന്‍ വരച്ച ചിത്രത്തെക്കുറിച്ച് സംസാരിക്കാനും എഴുതാനും ഏതു കുട്ടിക്കാണ് ഇഷ്ടമില്ലാതിരിക്കുക?
ഈ മൂന്നു സന്ദര്‍ഭങ്ങളിലും സൂചിപ്പിച്ച അധ്യാപികമാര്‍ ആരും തന്നെ കലാകാരികളല്ല.അവര്‍ക്ക് ചിത്രം വരയ്ക്കാനോ പാട്ട് പാടാനോ നൃത്തം ചെയ്യാനോ അറിയില്ല.പക്ഷേ,കുട്ടികളുടെ സര്‍ഗ്ഗാത്മകതയെ പഠനത്തില്‍ പ്രയോജനപ്പെടുത്തണം എന്നവര്‍ കരുതുന്നു.കുട്ടികളുടെ ചിത്രം വരയ്ക്കാനുള്ള കഴിവിനെ;അവരുടെ നിര്‍മ്മാണ വാസനയെ;നാടകം കളിക്കാനും പാട്ടുപാടാനും കവിതയെഴുതാനുമൊക്കെയുള്ള കഴിവുകളെ..
ഈ കഴിവുകളെ പഠനവുമായി കോര്‍ത്തിണക്കുമ്പോള്‍ പഠനത്തിലുള്ള കുട്ടികളുടെ താത്പര്യം വര്‍ദ്ധിക്കുന്നു.പഠനത്തോടൊപ്പം കുട്ടികളുടെ സര്‍വ്വതോന്മുഖമായ വികാസവും സാധ്യമാകുന്നു..അവര്‍ നല്ല വ്യക്തിത്വമുള്ളവരായി,നല്ല മനുഷ്യരായി വളരുന്നു.
ക്ലാസില്‍ കലാപ്രവര്‍ത്തനത്തിനുള്ള അവസരം നല്‍കാന്‍ അധ്യാപകര്‍ കലാവിദഗ്ദരാകണമെന്നില്ല.നല്ല കലാസ്വാദകരായിരുന്നാല്‍ മതിയാകും.കുട്ടികളുടെ കലാപ്രകടനങ്ങളെ ആസ്വദിക്കാന്‍ കഴിയണം.വിവിധ കലാരൂപങ്ങള്‍ കുട്ടികളെ പരിചയപ്പെടുത്താനും ശ്രദ്ധിക്കണം.കലാപ്രകടനത്തിനുള്ള അവസരം കുട്ടികളുടെ അവകാശമാണെന്ന് തിരിച്ചറിയണം.
എല്ലാ കുട്ടികളും ക്രയേറ്റിവിറ്റിയുള്ളവരാണ്. കുട്ടികളുടെ സര്‍ഗാത്മക ശേഷികളെ പുറത്തുകൊണ്ടുവന്നാല്‍ മാത്രം മതിയാകും.അതിനുള്ള അവസരങ്ങളായിരിക്കണം ക്ലാസുമുറിയില്‍ ഒരുക്കേണ്ടത്.അല്ലാതെ,ഇളം പ്രായത്തില്‍ കല കുട്ടികളെ അഭ്യസിപ്പിക്കരുത്.അങ്ങനെ ചെയ്യുന്നത് അവരുടെ സര്‍ഗ്ഗാത്മകതയ്ക്ക് പോറലേല്‍പ്പിക്കും.
പാഠപുസ്തകത്തിലെ ഓരോ പാഠവും കലാപ്രവര്‍ത്തനത്തിനുള്ള അനന്ത സാധ്യതകള്‍ തുറന്നിടുന്നുണ്ട്.
- ചിത്രം വരയ്ക്കാന്‍
- കൊളാഷുകളുടെ നിര്‍മ്മാണത്തിന്
- നാടകാവിഷ്ക്കാരത്തിന്
- കവിതകളുടേയും മറ്റും ദൃശ്യവിഷ്ക്കാരത്തിന്
- വിവധ വസ്തുക്കള്‍ ഉപയോഗിച്ച് റിലീഫ് ചിത്രങ്ങളുടെ നിര്‍മ്മാണത്തിന്
- വിവിധരൂപങ്ങളുടേയും മോഡലുകളുടേയും നിര്‍മ്മാണത്തിന്
- സയന്‍സ് ക്ലാസുകളിലെ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിന്
- ആല്‍ബം തയ്യാറാക്കുന്നതിന്
- കവിതയും കഥകളും രചിക്കുന്നതിന്ന്
- പതിപ്പുകള്‍ തയ്യാറാക്കുന്നതിന്ന്
- പത്രങ്ങള്‍ തയ്യാറാക്കുന്നതിന്ന്
- പ്രദര്‍ശനങ്ങള്‍ ഒരുക്കുന്നതിന്ന്
കലാപ്രവര്‍ത്തനം കടന്നുവരുന്നതോടെയാണ് ക്ലാസുമുറി സര്‍ഗ്ഗാത്മകമാകുന്നത്.അതോടെ പഠനം സജീവമാകുന്നു.കലാപ്രവര്‍ത്തനം പഠനത്തെ കുട്ടികളുടെ വൈകാരിക അനുഭവമാക്കി മാറ്റുന്നു. കലാപ്രവര്‍ത്തനത്തില്‍ കുട്ടികളുടെ കഴിവും താത്പര്യവുമൊക്കെ വിലയിരുത്തേണ്ടത് ക്ലാസുമുറിയിലെ നിരന്തരവിലയിരുത്തലിലൂടെ തന്നെയായരിക്കണം.കലാപഠനത്തിന് പ്രത്യേകം പിരീഡുകള്‍ നിശ്ചയിച്ചതുകൊണ്ടോ അതിനുവേണ്ടി ടേം പരീക്ഷകള്‍ ഏര്‍പ്പെടുത്തയതുകൊണ്ടോ കുട്ടികളില്‍ കലാഭിരുചി വളര്‍ത്താന്‍ സാധിക്കുമെന്ന് തോന്നുന്നില്ല.
No comments:
Post a Comment