ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Monday, 27 July 2020

ഓണ്‍ലൈന്‍ ക്ലാസ്സും കുട്ടികളുടെ പഠനവും

1.വാട്ട്സ് ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ചാക്ലാസ്സുകള്‍



ഓണ്‍ലൈന്‍ ക്ലാസ് കഴിഞ്ഞാലുടനെ ക്ലാസ്സ് ഗ്രൂപ്പുകളില്‍ കുട്ടികളുടെ സന്ദേശം വരും.
'മാഷേ,എത്രമണിക്കാണ് ചര്‍ച്ചാക്ലാസ്സ്?'

വാട്ട്സ് ആപ്പ് ഗ്രൂപ്പിലെ തുടര്‍ചര്‍ച്ചാക്ലസ്സിനെക്കുറിച്ചാണ് കുട്ടികള്‍ക്ക് അറിയേണ്ടത്.അവര്‍ക്ക് ഏറെ ഇഷ്ടമാണത്.ഗ്രൂപ്പില്‍ ടീച്ചറോട് സംസാരിക്കാം.സംശയങ്ങള്‍ ചോദിക്കാം.ടീച്ചറുടെ ചോദ്യങ്ങള്‍ക്ക് മത്സരിച്ച് ഉത്തരം പറയാം.പാഠഭാഗങ്ങള്‍ വായിച്ചു കേള്‍പ്പിക്കാം.കവിത ഈണത്തില്‍ ചൊല്ലികേള്‍പ്പിക്കാം.എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് ടീച്ചര്‍ വ്യക്തത നല്‍കും.

  

വൈകുന്നേരം ഏഴുമണിക്ക് ശേഷമാണ് എല്ലാഗ്രൂപ്പുകളിലും ചര്‍ച്ച ആരംഭിക്കുക.ചിലക്ലാസുകളില്‍ എട്ടുമണിക്കായിരിക്കും.ടീച്ചറുടെ സൗകര്യത്തിനനുസരിച്ച് സമയത്തില്‍ ചില്ലറ മാറ്റങ്ങളുണ്ടാകും.
വൈകുന്നേരം രക്ഷിതാക്കള്‍ ജോലികഴി‍ഞ്ഞ് എത്തിയാല്‍ മാത്രമേ ചില കുട്ടികള്‍ക്ക് ഫോണ്‍ കിട്ടുകയുള്ളു.അവരെക്കൂടി പരിഗണിച്ചാണ് അങ്ങനെയൊരു സമയം സിശ്ചയിച്ചത്.


 ചര്‍ച്ച തുടങ്ങുന്നതിന്നു മുമ്പായി അതാതു ക്ലാസ്സുകളിലെ ഗ്രൂപ്പില്‍ വന്ന് എല്ലാവരും ഹാജര്‍ രേഖപ്പെടുത്തും. ക്ലാസ്സ് കാണുമ്പോഴും ഹാജര്‍ രേഖപ്പെടുത്തണം. അന്നത്തെ ക്ലാസിലെ  വിഷയം പഠിപ്പിക്കുന്ന അധ്യാപകരായിരിക്കും ചര്‍ച്ച നയിക്കുക.

വോയ്സ് ക്ലിപ്പുകള്‍ വഴിയാണ് ചര്‍ച്ച.ആ ദിവസത്തെ ക്ലാസിലെ പാഠഭാഗവുമായി ബന്ധപ്പെട്ട്  ഓരോ പഠനപ്രവര്‍ത്തനത്തിലേക്കും നയിക്കാന്‍ അവശ്യമായ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരിക്കും ചര്‍ച്ച ആരംഭിക്കുക.അധ്യാപികയുടെ ചോദ്യങ്ങള്‍ കുട്ടികളെ പാഠഭാഗത്തിന്റെ വായനയിലേക്കും ഉത്തരം  കണ്ടെത്തുന്നതിലേക്കും നയിക്കും.അവര്‍ ഉത്തരം പറയും.അതിനുശേഷമായിരിക്കും ഒരു നിശ്ചിത പഠനപ്രവര്‍ത്തനം പോസ്റ്റ് ചെയ്യുക.അതു വായിച്ചുനോക്കി അതു മായി ബന്ധപ്പെട്ട സംശയങ്ങളുണ്ടെങ്കില്‍ കുട്ടികള്‍ക്ക് ഉന്നയിക്കാം.തുടര്‍ന്ന് അടുത്ത പഠനപ്രവര്‍ത്തനത്തിന്റെ ചര്‍ച്ചയിലേക്ക് കടക്കും.ചര്‍ച്ചയ്ക്കിടയില്‍ ആരും പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നില്ല.ഏതാണ്ട് ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ചര്‍ച്ച പൂര്‍ത്തിയായതിനുശേഷം മാത്രമേ കുട്ടികള്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ തുടങ്ങൂ.

 ഭാഷാക്ലാസിലാണെങ്കില്‍ കഥയെയും കവിതയെയും മറ്റും ചെറുഭാഗങ്ങളാക്കിത്തിരിച്ച് അതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ നേരത്തെ ഗ്രൂപ്പിലിടും.കുട്ടികള്‍ ഇത് വായിച്ച് റക്കോഡ് ചെയ്ത് ഏഴുമണിക്ക് മുമ്പോയി ഗ്രൂപ്പിലിടണം എന്നനിര്‍ദ്ദേത്തോടെ.കുട്ടികള്‍ ഇത് സന്തോഷത്തോടെ ഏറ്റെടുക്കും.ഏഴുമണിക്കു മുമ്പായി,ടീച്ചറുടെ ഫീഡ്ബാക്കും പ്രതീക്ഷിച്ച് നിരവധി വോയ്സ് ക്ലിപ്പുകള്‍ ഗ്രൂപ്പില്‍ എത്തും.

 യഥാര്‍ത്ഥത്തില്‍ ഓരോ ക്ലാസ്സ് ഗ്രൂപ്പുകളിലും നടക്കുന്ന  ഈ വാട്സ് ആപ്പ് ചര്‍ച്ചകളിലൂടെയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികള്‍ ഏറ്റെടുക്കുന്നത്.ഇവിടെ അധ്യാപികയ്ക്ക് കുട്ടികളുമായി ഒരു സംവാദം സാധ്യമാണ്.കുട്ടികളെ കാണാന്‍ കഴിയില്ലെങ്കിലും ടീച്ചര്‍ക്ക് അവരുടെ ശബ്ദം കേള്‍ക്കാം. കുട്ടികള്‍ക്ക് തരിച്ചും.ചോദ്യങ്ങള്‍ ചോദിച്ചും ഉത്തരങ്ങള്‍ പറഞ്ഞും മറുചോദ്യം ചോദിച്ചും സംശയങ്ങള്‍ ഉന്നയിച്ചും ചര്‍ച്ച പുരോഗമിക്കുമ്പോള്‍ അത് പഠനത്തിലേക്കുള്ള വഴികളാണ് തുറന്നിടുന്നത്.ടീച്ചറും കുട്ടികളും തമ്മിലുള്ള നിരന്തരസംവാദവും തുടര്‍ന്ന് കുട്ടികള്‍ നടത്തുന്ന അന്വേഷണവുമാണ് പഠനം.

 ഇത്തരത്തില്‍  സംവാദത്തിന്റേതായ ഒരു അന്തരീക്ഷം  സൃഷ്ടിച്ചെടുക്കാന്‍ കഴിയില്ല എന്നതാണ് ഓണ്‍ലൈന്‍ ക്ലാസുകളുടെ പരിമിതി.ഇവിടെ ടീച്ചരുടെ വര്‍ത്തമാനം ഏകപക്ഷീയവും കുട്ടികള്‍ അവരുടെ  സങ്കല്‍പ്പത്തില്‍ ജീവിക്കുന്നവരുമാണ്.  ടീച്ചറും കുട്ടികളും കൊട്ടിയടക്കപ്പെട്ട രണ്ടു അറകളിലാണ്.അവര്‍ തമ്മിലുള്ള  സംവാദം നടക്കുന്നതായി അഭിനയിക്കാനെ ടീച്ചര്‍ക്കു കഴിയൂ.ഒരു ചോദ്യംചോദിച്ചാല്‍ കുട്ടികള്‍ ഇങ്ങനെയോക്കെ പ്രതികരിക്കും എന്ന സങ്കല്‍പ്പത്തിന്റെ പുറത്താണ് ക്ലാസിന്റെ സ്ക്രിപ്റ്റ് തയ്യാറാക്കുന്നത്.അതില്‍ ഒരു പെഡഗോഗിയും   പ്രവര്‍ത്തിക്കുന്നില്ല.അത് കുട്ടികളെ പഠനത്തിലേക്ക് നയിക്കുന്നു എന്ന പ്രതീതി ഉണ്ടാക്കുമെങ്കിലും യഥാര്‍ത്ഥത്തില്‍  പഠനം നടക്കാനുള്ള ഒരു പരിസരം സൃഷ്ടിച്ചെടുക്കാന്‍ മാത്രമേ അതുകൊണ്ട് സാധ്യമാകുകയുള്ളു.വിദ്യാലയങ്ങള്‍ അടച്ചിട്ട ഈ കാലഘട്ടത്തില്‍ അതു സൃഷ്ടിച്ചെടുക്കുന്ന പഠനപരിസരത്തിന് ഏറെ പ്രാധാന്യമുണ്ടുതാനും.

ഓണ്‍ലൈന്‍ ക്ലാസുകള്‍ സൃഷ്ടിച്ചെടുക്കുന്ന പഠനപരിസരത്തു നിന്നുകൊണ്ട് കുട്ടികളെ പഠനത്തിലേക്ക് നയിക്കാനുള്ള ഉത്തരവാദിത്തമാണ് ഓരോ വിദ്യാലയങ്ങള്‍ക്കുമുള്ളത്.കുട്ടികള്‍ ക്ലാസുകള്‍ കാണുന്നുണ്ടല്ലോ,അവര്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടല്ലോ എന്ന അലസമനോഭാവം ചില വിദ്യാലയങ്ങള്‍ക്കെങ്കിലുമുണ്ട്.അധ്യാപകരുടെ വിവിധ ഗ്രൂപ്പുകളില്‍ വരുന്ന പഠനപ്രവര്‍ത്തനങ്ങളും വര്‍ക്ക് ഷീറ്റുകളും മുന്‍പിന്‍ നോക്കാതെ തങ്ങളുടെ കുട്ടികളുടെ ഗ്രൂപ്പുകളില്‍ ഫോര്‍വേഡ് ചെയ്ത് സംതൃപ്തിയടയുന്ന അധ്യാപകരും  കൂട്ടത്തിലുണ്ട്..

 അധ്യാപകര്‍ തങ്ങളുടെ കുട്ടികള്‍ക്ക് യോജിക്കന്ന രീതിയില്‍  പ്രവര്‍ത്തനങ്ങളില്‍ ചിലത് കൂട്ടിച്ചേര്‍ത്തും ക്രമീകരിച്ചും  ഒഴിവാക്കേണ്ടവ ഒഴിവാക്കിയുമാണ് ഓണ്‍ലൈന്‍ പഠനത്തില്‍ ഇടപെടുന്നത്.കുട്ടികളെപ്പോലെ അധ്യാപകരും ക്ലാസ്സുകള്‍ കാണുന്നുണ്ട്.തുടര്‍ന്നുള്ള  ചര്‍ച്ചാക്ലാസിന് ആവശ്യമായ നോട്ടുകള്‍ മുന്‍കൂട്ടി തയ്യാറാക്കണം.  ഈ നോട്ടുകളടെ അടിസ്ഥാനപ്പെടുത്തിവേണം വാട്ട്സ് ആപ്പ് ഗ്രൂപ്പ് വഴികുട്ടികളുമായി സംവദിക്കാന്‍.ചര്‍ച്ചയ്ക്കിടയില്‍ ശരിയായ ചോദ്യങ്ങള്‍ ഉന്നയിക്കണം. അവരെ പഠനപ്രവര്‍ത്തനങ്ങളിലേക്ക് നയിക്കണം.വീട്ടിലിരിക്കുന്നകുട്ടികള്‍ക്ക് സ്വന്തം ടീച്ചറുടെ ശബ്ദം നല്‍കുന്ന ആശ്വാസം ചെറുതായിരിക്കില്ല.ഒരു പക്ഷേ,അതുമാത്രം മതിയാകും അവരെ പഠനത്തിലേക്കു നയിക്കാന്‍.

 വാട്സ് ആപ്പ് ഗ്രൂപ്പിലെ തുടര്‍ ക്ലാസ്സിനുശേഷമാണ് കുട്ടികള്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്തു തുടങ്ങുന്നത്.പൂര്‍ത്തിയായ പ്രവര്‍ത്തനങ്ങളുടെ ഇമേജുകള്‍ കുട്ടികള്‍ ഗ്രൂപ്പില്‍ പങ്കുവയ്ക്കും.അടുത്ത ദിവസത്തെ ക്ലാസ്സു തുടങ്ങുന്നതുവരെ ഇങ്ങനെ ചെയ്യാം.ക്ലാസുതുടങ്ങി കഴി‍ഞ്ഞാല്‍ പിന്നീട് അധ്യാപകന്റെ നമ്പറിലേക്ക് അയക്കണം.

 മിക്കവാറും എല്ലാകുട്ടികളും പ്രവര്‍ത്തനങ്ങള്‍ സമയത്തുതന്നെ പൂര്‍ത്തിയാക്കി ഗ്രൂപ്പില്‍ ഇടും. അങ്ങനെ ചെയ്യാനാണ് അവര്‍ക്കിഷ്ട്ം.കുട്ടികള്‍ക്ക് പരസ്പരം വിലയിരുത്താനുളള വലിയ സാധ്യതയാണ് ഇതു തുറന്നിടുന്നത്.സ്വന്തം സൃഷ്ടി മറ്റുള്ളവരുടേതുമായി തട്ടിച്ചുനോക്കാം..ടീച്ചര്‍ ഓരോ കുട്ടിയുടേയും പ്രവര്‍ത്തിനുനേരെ ഫീഡ്ബാക്കുകളും നല്‍കും.അത് ഗുണാത്മകമാകാന്‍ പ്രത്യേകം ശ്രദ്ധിക്കും.ഗ്രൂപ്പിലായതുകൊണ്ട് ഓരോ കുട്ടിക്കും നല്‍കിയ ഫീഡ്ബാക്കുകള്‍ എല്ലാവര്‍ക്കും വായിച്ചുനോക്കാം.ഫീഡ്ബാക്കുകളുടെ അടിസ്ഥാനത്തില്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നു തോന്നുന്നവര്‍ അങ്ങനെചെയ്ത് അയക്കും.പരസ്പര വിലയിരുത്തലും ഫീഡ്ബാക്കു നല്കലുമൊക്കെ സമയപരിമിതിമൂലം ഒരു സാധാരണ ക്ലാസുമുറിക്കകത്ത് നടപ്പാക്കാന്‍ ഞങ്ങള്‍ ഏറെ പ്രയാസപ്പെടാറുണ്ട്.

 ഓണ്‍ലൈന്‍ ക്ലാസ്സിന്റെ ആദ്യ ആഴ്ചത്തെ ട്രയല്‍ റണ്ണിനുശേഷം ഞങ്ങളുടെ തുടര്‍ചര്‍ച്ചാ ക്ലാസ്സുമായി ബന്ധപ്പെട്ട് രക്ഷിതാക്കളില്‍ നിന്നും ഫീഡ്ബാക്കുകള്‍ ശേഖരിക്കാനായി അതിന്റെ തൊട്ടടുത്ത ദിവസം  ഒരു  ഓണ്‍ലൈന്‍ക്ലാസ്സ് പി.ടി.എ യോഗം ചേരുകയുണ്ടായി.രക്ഷിതാക്കളുടെ അഭിപ്രായം ഇങ്ങനെയായിരുന്നു.
തുടര്‍ചര്‍ച്ചാ ക്ലാസ്സുകള്‍ ഏറെ ഗുണകരമാകുന്നുണ്ട്.കുട്ടികള്‍ യഥാര്‍ത്ഥ ക്ലാസിലാണിരിക്കുന്നതെന്ന തോന്നലുണ്ടാക്കാന്‍ ഇതിലൂടെ  കഴിയുന്നു.നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ താതപര്യത്തോടെ ഏറ്റെടുത്ത് ചെയ്യുന്നുണ്ട്.അവര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനും സംശയങ്ങള്‍ ദൂരികരിക്കാനും കഴിയുന്നു. പ്രവര്‍ത്തനങ്ങള്‍ കൂടിപ്പോകുന്നതായി തോന്നുന്നില്ല.ഓരോ ക്ലാസിനുശേഷം തുടര്‍ന്നും അവരുടെ ടീച്ചര്‍മാര്‍ നയിക്കുന്ന ചര്‍ച്ചാ ക്ലാസ്സുകള്‍ വേണം.


സ്ക്കൂള്‍ തുറക്കാനുള്ള സാധ്യത അടുത്തെങ്ങുമില്ല.ഓണ്‍ലൈന്‍ ക്ലാസ്സുകണ്ട് കുട്ടികള്‍ എല്ലാം സ്വന്തമായി പഠിച്ചുകൊള്ളും എന്ന സമാധാനത്തിന്റെ പുറത്ത് ചടഞ്ഞിരിക്കാന്‍ എത്രനാള്‍ നമുക്ക് കഴിയും?ഈ മഹാമാരിക്കാലത്ത് വിദൂരത്ത് ഇരുന്നുകൊണ്ട് കുട്ടികളുടെ പഠനത്തില്‍ എങ്ങനെയൊക്കെ ഇടപെടാനാണ് നാം ആലോചിക്കുന്നത്?


എം.എം.സുരേന്ദ്രന്‍,
ഗവ.യു.പി.സ്ക്കൂള്‍,പുറച്ചേരി,
മാടായി.കണ്ണൂര്‍