ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Sunday 7 February 2016

അശ്വതിക്കുവേണ്ടി ഒരു പഠനയാത്ര


"…..പക്ഷേ,അവിടുന്നങ്ങോട്ട് സംഗതി ദുഷ്ക്കരമായിരുന്നു.ടോട്ടോച്ചാന്‍ ഒറ്റച്ചാട്ടത്തിന് കൊമ്പിലെത്തി.പക്ഷേ,എത്രശ്രമിച്ചിട്ടും യാസ്വാക്കിച്ചാനെ മരക്കൊമ്പിലെത്തിക്കാന്‍ അവള്‍ക്കായില്ല.കോണിയില്‍ അള്ളിപ്പിടിച്ചുകൊണ്ട് തലയുയര്‍ത്തി അവന്‍ അവളെ നോക്കി.അതു കണ്ടപ്പോള്‍ ടോട്ടോച്ചാന് പെട്ടെന്ന് കരച്ചില്‍വന്നു.യാസ്വാക്കിച്ചാനെ തന്റെ മരത്തില്‍ കയറ്റാനുള്ള അവളുടെ ആഗ്രഹം അത്രയേറെ അദമ്യമായിരുന്നു....
.....യാസ്വാക്കിച്ചാന്‍ മുകളിലെത്തി.
മരക്കൊമ്പില്‍ അവര്‍ മുഖത്തോടുമുഖം നോക്കി നിന്നു.വിയര്‍പ്പില്‍ കുതിര്‍ന്ന തലമുടിയൊതുക്കി,താഴ്മമയോടെ തല കുമ്പിട്ട് കൊച്ചുടോട്ടോ പറഞ്ഞു.
"എന്റെ മരത്തിലേക്ക് സ്വാഗതം......”
മരക്കൊമ്പില്‍ നിന്നുള്ള വിദൂരദൃശ്യങ്ങള്‍ യാസ്വാക്കിച്ചാന് പുതുമയായിരുന്നു.ജീവിതത്തില്‍ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത ഒരനുഭവം.
"ഹായ്,അപ്പൊ മരത്തിക്കേറ്യാല് ഇങ്ങന്യാ ഇരിക്ക്യാ,അല്ലേ."അവന്‍ നിറഞ്ഞ ആഹ്ലാദത്തോടെ പറഞ്ഞു.”
-ടോട്ടോച്ചാന്‍



കുട്ടികള്‍ക്കൊപ്പം എത്രയോ പഠനയാത്രകളില്‍ പങ്കെടുത്തിരിക്കുന്നു.
പക്ഷേ,ഞങ്ങളുടെ ഇത്തവണത്തെ വയനാട്-ഊട്ടി യാത്ര തികച്ചും വ്യത്യസ്തമായ ഒരനുഭവമായിരുന്നു.യാത്ര കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഞങ്ങള്‍ തിരിച്ചറിഞ്ഞത്, ഈ യാത്ര അശ്വതിക്ക് വേണ്ടിയായിരുന്നു എന്ന്.


ഏഴാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയാണ് അശ്വതി.കാലിന് ഇത്തിരി വയ്യായ്കയുണ്ട്.രണ്ടുകാലുകളും ഉള്ളോട്ട് അല്പം വളഞ്ഞിരിക്കുന്നു.ഇതു കാരണം അശ്വതിക്ക് ദീര്‍ഘദൂരം നടക്കാന്‍  പ്രയാസമാണ്.അവള്‍ സ്ക്കൂളിലേക്ക് വരുന്നതും പോകുന്നതുമൊക്കെ കൂട്ടുകാരികളുടെ സഹായത്തോടെയാണ്.
ടൂര്‍ അനൗണ്‍സ് ചെയ്ത അന്നുതന്നെ അശ്വതിയുടെ ക്ലാസിലെ കുറച്ച് കുട്ടികള്‍ വന്ന് എന്നോട് പറഞ്ഞു.

"മാഷേ,അശ്വതിക്കും ടൂറിന് വരണമെന്നുണ്ട്.അവളേയും കൂട്ടില്ലേ?”
"പിന്നെന്താ?അവള്‍ വരുന്നെങ്കില്‍ തീര്‍ച്ചയായും കൂട്ടും.”
എന്റെ മറുപടി കേട്ട് കുട്ടികള്‍ക്ക് സന്തോഷമായി.അവര്‍ വിവരം

പറയാനായി അശ്വതിയുടെ അടുത്തേക്ക് ഓടി.

കുട്ടികളോട് അങ്ങിനെ പറഞ്ഞുവെങ്കിലും ഞങ്ങള്‍ക്ക് ആശങ്കയുണ്ടായിരുന്നു.
ബസ്സിലാണ് പോകുന്നതെങ്കിലും ബസ്സിറങ്ങിയാല്‍ പല സ്ഥലങ്ങളിലേക്കും നടക്കേണ്ടതായി വരും.കയറ്റവും ഇറക്കവുമുണ്ടാകും.അവിടെ വാഹനങ്ങള്‍ ലഭ്യമാകില്ല.അശ്വതിക്ക് ഇത്രയും ദൂരം നടക്കാന്‍ കഴിയുമോ?
ടൂര്‍ കമ്മിറ്റിക്കാര്‍കൂടിയിരുന്നു പ്രശ്നം ചര്‍ച്ചചെയ്തു.കുട്ടികളെക്കൊണ്ട് മാത്രം അവളെ സഹായിക്കാന്‍ കഴിഞ്ഞെന്നു വരില്ല.അവള്‍ക്കുവേണ്ടി മാത്രമായി ഒരു സഹായിയെക്കൂടി ഒപ്പം കൂട്ടണം.
 അശ്വതിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടു.അവളുടെ ഇളയമ്മ ഒപ്പം വരാമെന്നേറ്റു.അങ്ങിനെ അശ്വതിയും യാത്രാസംഘത്തിലെ അംഗമായി.


അശ്വതിയുടെ ജീവിതത്തില്‍ ആദ്യമായാണ് അവള്‍ ഇത്രയും ദൂരം യാത്രചെയ്യുന്നത്.
യാത്ര വിചാരിച്ച്  അശ്വതിക്ക് ഊണും ഉറക്കവുമില്ലാതായെന്ന് അവളുടെ ഇളയമ്മ പറഞ്ഞു.
അശ്വതിയുടെ സ്വപ്നങ്ങള്‍ക്ക് ചിറക് കുരുക്കുന്നു. അവള്‍ ഉയരത്തിലേക്ക് പറക്കാന്‍ തുടങ്ങുന്നു.അവളുടെ ഭംഗിയുള്ള കണ്ണുകള്‍ക്ക് എന്തെന്നില്ലാത്ത തിളക്കം.

കുറുവ ദ്വീപിലെത്തിയപ്പോള്‍ അശ്വതി വിസ്മയത്തോടെ ചുറ്റും നോക്കി.
ചങ്ങാടത്തിലെ യാത്ര അവള്‍ ആസ്വദിച്ചു.
"മാഷെ, ആദ്യായിറ്റാണ് ചങ്ങാടത്തില്‍ കയറുന്നത്.”
അവള്‍ സന്തോഷത്തോടെ പറഞ്ഞു.അവള്‍ക്ക് ചങ്ങാടത്തില്‍ കയറാനോ ഇറങ്ങനോ ഒന്നും പ്രയാസമുണ്ടായില്ല.അവളുടെ കൂട്ടുകാരികള്‍ ഊന്നുവടിപോലെ ഒപ്പമുണ്ട്.


കുറുവ ദ്വീപിലെ മരത്തണലിലൂടെ പക്ഷികളുടെ സംഗീതം ആസ്വദിച്ച് ഞങ്ങള്‍ നടന്നു.അവിടുത്തെ സസ്യവൈവിധ്യം ഞങ്ങളെ അത്ഭുതപ്പെടുത്തി.

വലിയ പാറക്കല്ലുകളില്‍ തട്ടിച്ചിതറിയൊഴുകുന്ന കബനീനദി.വെള്ളം കുറവാണ്.കുട്ടികള്‍ പാറക്കല്ലുകളിലേക്ക് ചാടി നദി മുറിച്ചു കടക്കാന്‍ തുടങ്ങി.


കുട്ടികള്‍ ഒരു നിമിഷം അശ്വതിയെ മറന്നു.നദി മുറിച്ചു കടക്കുന്ന ത്രില്ലിലാണ് അവരോരുത്തരും.
അശ്വതി കരയില്‍ നിന്നു. അവള്‍ക്കും പാറക്കെട്ടുകളിലേക്ക് എടുത്തുചാടണമെന്ന ആഗ്രഹമുണ്ട്.പക്ഷേ,എങ്ങിനെ?
അവളുടെ മുഖം മ്ലാനമായി.
"അശ്വതി വരൂ..”
ഒരു പാറക്കല്ലിനുമുകളില്‍നിന്ന് ഞാന്‍ അവള്‍ക്കുനേരെ കൈനീട്ടി.അവള്‍ എന്റെ കൈയില്‍ മുറുകെ പിടിച്ചു.
ആദ്യമായി നടക്കാന്‍ തുടങ്ങുന്ന കുട്ടിയെപ്പോലെ അവള്‍ തന്റെ  ദുര്‍ബലമായ പാദങ്ങള്‍ പാറക്കക്കല്ലിനുമുകളിലേക്ക് കയറ്റിവെച്ചു.പാറക്കലിനു നല്ല വഴുക്കലുണ്ടയിരുന്നു.എങ്കിലും തന്റെ ശ്രമത്തില്‍ അവള്‍ വിജയിച്ചു.വീണ്ടും അവര്‍ നദിയിലിറങ്ങി അടുത്ത പാറക്കല്ലിലേക്കു കയറി.മറ്റു സഹപ്രവര്‍ത്തകരും അവളെ സഹായിക്കാനെത്തി.
അവളുടെ മുഖം സന്തോഷംകൊണ്ട് വിടര്‍ന്നു.കബനിയുടെ തെളിമയാര്‍ന്ന, തണുത്ത ജലത്തിലേക്ക് പാദങ്ങള്‍ നീട്ടിവെച്ച് അവള്‍ അല്പസമയം വിശ്രമിച്ചു.


കുറുവദ്വീപിലെ മുളകൊണ്ടുണ്ടാക്കിയ ഇരിപ്പിടത്തില്‍ ഒറ്റയ്ക്കിരുന്ന് അവള്‍ തന്റെ നോട്ടുപുസ്തകത്തില്‍ എന്തോ കുത്തിക്കുറിക്കുന്നതു കണ്ടു.ഭംഗികുറഞ്ഞ അക്ഷരത്തിലെഴുതിയ ആ കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെ
'കുറുവദ്വീപിന് നന്ദി.ജീവിതത്തില്‍ മറക്കാനാവാത്ത ഒരു ദിവസം സമ്മാനിച്ചതിന്....'


ഞങ്ങളുടെ അടുത്ത ലക്ഷ്യം ഇടയ്ക്കല്‍ ഗുഹയായിരുന്നു.ബസ്സിറങ്ങിയാല്‍ ഏതാണ്ട് ഒരു കിലോമീറ്റര്‍ ദൂരം നടക്കണം അമ്പുകുത്തിമലയുടെ ചുവട്ടിലേക്ക്.അത് കയറ്റമാണ്.അവിടെ നിന്നും അമ്പുകുത്തി മലയുടെ ഉച്ചിയിലേക്കു കയറണം.വലിയ കയറ്റം.സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 1200അടി ഉയരത്തിലാണ് ഇടയ്ക്കല്‍ ഗുഹ.

ബസ്സ് ഇറങ്ങിയ സ്ഥലത്തുനിന്നും അമ്പുകുത്തിമലയുടെ ചുവട്ടിലേക്കെത്താന്‍  അശ്വതിക്ക് വേണ്ടി എന്തെങ്കിലും വാഹനം-റിക്ഷയോ മറ്റോ കിട്ടുമോയെന്ന് ഞങ്ങള്‍ അന്വേഷിച്ചു.ഒന്നും ലഭ്യമായില്ല.നമ്മുടെ ടൂറിസ്റ്റ് കേന്ദ്രങ്ങളൊന്നും ഭിന്നശേഷിക്കാരെ പരിഗണിക്കുന്നില്ലെന്ന് ഞങ്ങള്‍ക്ക് നേരിട്ട് ബോധ്യപ്പെട്ടു.

പക്ഷേ,അശ്വതിക്ക് ഒരു കൂസലുമില്ല.അവളുടെ ഇളയമ്മയുടെ കൈപിടിച്ച് കൂട്ടുകാര്‍ക്കൊപ്പം കളിതമാശകള്‍ പറഞ്ഞ് അശ്വതി നടന്നു.വഴിയില്‍ കണ്ട കുരങ്ങന്‍മാരോട് അവള്‍ ആംഗ്യഭാഷയില്‍ സംസാരിച്ചു.

അമ്പുകുത്തിമലയുടെ ചുവട്ടിലെത്തിയപ്പോഴേക്കും അവള്‍ ക്ഷീണിച്ചുപോയിരുന്നു.നെറ്റിയും മുഖവും വിയര്‍പ്പില്‍ കുതിര്‍ന്നു.ടിക്കറ്റ് കൗണ്ടറിനു സമീപം അവളെ ഇരുത്തി.കുടിക്കാന്‍ വെള്ളം കൊടുത്തു.

അമ്പുകുത്തി മലയുടെ ഉച്ചിയിലാണ് ഇടയ്ക്കല്‍ ഗുഹ.
ഈ മല കയറാന്‍ അശ്വതിക്ക് കഴിയുമോ?അവളുടെ കൂട്ടുകാരികള്‍ മുഖത്തോടുമുഖം നോക്കി.അവര്‍ക്ക് സങ്കടം വന്നു.അവര്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല.


ആദ്യം കൂറ്റന്‍ പാറക്കെട്ടുകള്‍ കയറിമറിയണം.പിന്നെ പടികളാണ്.പടികള്‍ക്ക് കൈവരികളുണ്ട്.അതില്‍ പിടിച്ച് അശ്വതിക്കെ പതുക്കെ കയറാന്‍ കഴിയുമോ?
"മാഷെ,അശ്വതിയെ എങ്ങനെയെങ്കിലും...”
അവര്‍ ഞങ്ങളുടെ അടുത്തുവന്ന് അപേക്ഷാസ്വരത്തില്‍ പറഞ്ഞു.
"അശ്വതിയുടെ ആത്മവിശ്വാസം പോലെയിരിക്കും.അവളെന്തു പറയുന്നുവെന്ന് നമുക്ക് നോക്കാം.”


ഞാന്‍ അശ്വതിയുടെ അടുത്ത് ചെന്ന് ചോദിച്ചു.
"അശ്വതീ,നിനക്ക് ഇടയ്ക്കല്‍ ഗുഹ കാണണോ?”
"കാണണം."അശ്വതി ഉടന്‍ മറുപടി പറഞ്ഞു.
"ഈ മല നിനക്ക് കയറാന്‍ കഴിയുമോ?”
"കഴിയും."
അശ്വതി ആത്മവിശ്വാസത്തോടെ പറഞ്ഞു.
പിന്നെ ഞങ്ങള്‍ കൂടുതലൊന്നും ആലോചിച്ചില്ല.
മറ്റു കുട്ടികളെയൊക്കെ ആദ്യം കയറ്റിവിട്ടു.ഞാനും രാധിക ടീച്ചറും വത്സലയും അശ്വതിയേയും കൊണ്ട് പുറകെ നടന്നു.


അതി സാഹസികമായിരുന്നു ആ യാത്ര.പടികളിലേക്കെത്താന്‍ കുറച്ചു ദൂരം കയറണം.ഉരുളന്‍ പാറക്കല്ലുകള്‍ കയറിമറിയണം.ഞാന്‍ മുന്നില്‍ കയറും.അശ്വതിയുടെ കൈ പിടിക്കും.വത്സലയും ടീച്ചറും ചേര്‍ന്ന് അവളെ പുറകെ നിന്ന് തള്ളും.അശ്വതി നല്ല ഭാരമുള്ള കുട്ടിയാണ്.ഒന്നു കാല്‍ വഴുതിയാല്‍ ഞങ്ങള്‍ നാലുപേരും അങ്ങ് താഴേക്കു പതിക്കും.ഓരോ തടസ്സവും പിന്നിടുമ്പോള്‍ അല്പ സമയം വിശ്രമിക്കും.തണുത്തവെള്ളം കൊണ്ട് അശ്വതിയുടെ മുഖം കഴുകും.വീണ്ടും യാത്ര തുടരും.

അന്ന് നല്ല തിരക്കുള്ള ദിവസമായിരുന്നു.പല വിദ്യാലയങ്ങളില്‍ നിന്നുള്ള കുട്ടികളും മുതിര്‍ന്നവരുമൊക്കെചേര്‍ന്ന് ധാരാളം ആളുകളുണ്ട്.കഷ്ടിച്ച് ഒരാള്‍ക്ക് മാത്രം കടന്നുപോകാന്‍ പറ്റുന്ന വഴിയില്‍ വേഗം കയറിവരുന്ന അവര്‍ക്ക് മാര്‍ഗതടസ്സം സൃഷ്ടിക്കാതെ ഒതുങ്ങി നില്‍ക്കണം.
യാത്രികരൊക്കെ അശ്വതിക്ക് വിജയം നേര്‍ന്നു.
"ഗുഡ് ലക്ക് മോളേ,ധൈര്യത്തോടെ മുന്നോട്ട്.നിനക്ക് ഈ മല കയറാന്‍ കഴിയും...”
ആളുകളുടെ പ്രോത്സാഹനം അശ്വതിയെ ആവേശഭരിതയാക്കി.അവള്‍ വര്‍ദ്ധിച്ച ഉത്സാഹത്തോടെ തന്റെ മെലിഞ്ഞ് വളഞ്ഞ കാലുകള്‍ക്ക് ബലം കൊടുത്തുകൊണ്ട് കയറാന്‍ തുടങ്ങി.


കയറ്റത്തിന്റെ ഒന്നാം ഘട്ടം കഴിഞ്ഞു.ഇനി കുത്തനെയുള്ള പടികളാണ്.പക്ഷേ,അത് അശ്വതിക്ക് താരതമ്യേന എളുപ്പമായിരുന്നു.പടികളുടെ കൈവരികളില്‍ പിടിച്ച് അവള്‍ കയറ്റം തുടങ്ങി.അശ്വതിയുടെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ അമ്പുകുത്തിമലയിലെ പടികള്‍ തല കുമ്പിട്ടു.

അങ്ങനെ ഇടയ്ക്കല്‍ ഗുഹയുടെ കവാടത്തില്‍,അമ്പുകുത്തിമലയുടെ ഉച്ചിയില്‍ അശ്വതി നിന്നു.അവള്‍ ചുറ്റും നോക്കി.ആകാശത്തെ മുട്ടിയുരുമ്മി നില്‍ക്കുന്ന നീല മലനിരകള്‍.ഒരു കാറ്റുവന്ന് അവളെ തലോടി.ഈ നിമിഷം ജീവിതത്തില്‍ ഒരിക്കലും സാധ്യമാകുമെന്ന് കരുതിയിരിക്കില്ല അവള്‍.
അവളുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി.


ഇടയ്ക്കല്‍ ഗുഹയുടെ പ്രാധാന്യം ഗൈഡ് അവള്‍ക്കുവേണ്ടി മാത്രമായി പറഞ്ഞു കൊടുത്തു.ഗുഹാമനുഷ്യര്‍ ഭിത്തിയില്‍ കോറിയിട്ട ചിത്രങ്ങള്‍ അവള്‍ വിസ്മയത്തോടെ നോക്കിക്കണ്ടു.
ഏതാണ്ട് ഇരുപത് മിനുട്ട് സമയം ഞങ്ങള്‍ അവിടെ ചെലവഴിച്ചു.
പിന്നെ തിരിച്ചിറക്കം.അതു താരതമ്യേന എളുപ്പമായിരുന്നു.ഇടയ്ക്കിടെ വിശ്രമിച്ചുകൊണ്ട്,പതുക്കെ പതുക്കെ ഞങ്ങള്‍ പടികള്‍ ഒന്നൊന്നായി ഇറങ്ങി.
താഴെ ഞങ്ങളുടെ സംഘം അശ്വതിയുടെ വരവും കാത്തിരിക്കുകയായിരുന്നു.


നീണ്ട കരഘോഷത്തോടെയായിരുന്നു കൂട്ടുകാര്‍ അവളെ സ്വീകരിച്ചത്.അതില്‍ ഞങ്ങളുടെ വിദ്യാലയത്തിലെ കുട്ടികള്‍ മാത്രമായിരുന്നില്ല.മറ്റു വിദ്യാലയങ്ങളില്‍ നിന്നുള്ള കുട്ടികള്‍,അധ്യാപകര്‍,അന്യദേശക്കാരായ സഞ്ചാരികള്‍..എല്ലാവരും അശ്വതിയെ അഭിനന്ദിക്കാന്‍ അവള്‍ക്കും ചുറ്റും കൂടി.
അഭിമാനകരമായ നിമിഷം.
അശ്വതി ശരിക്കും വിതുമ്പിപ്പോയി.ഒപ്പം അവളുടെ ഇളയമ്മ വത്സലയും...


തിരിച്ച് ബസ്സിലെത്തിയപ്പോള്‍ ടൂര്‍ ഓപ്പറേറ്റര്‍ ജീവന്റെ വക അശ്വതിക്ക് ഒരു സമ്മാനം.
"ഈ യാത്രയിലെ താരം അശ്വതിയാണ്."സമ്മാനം നല്‍കിക്കൊണ്ട് അയാള്‍ പറഞ്ഞു."അശ്വതിയുടെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസമായിരിക്കും ഇന്ന്.”






4 comments:

  1. കണ്ണ് നനയിച്ച അനുഭവം. കൊച്ചു ടോട്ടോ മാർക്കും അവരുടെ അധ്യാപകർക്കും നമോവാകം. അശ്വതിക്കുട്ടിക്ക് ഒരായിരം ആശംസകൾ

    ReplyDelete
  2. അശ്വതി കുട്ടിക്ക് ആശംസകൾ....

    ReplyDelete
  3. അശ്വതിയെപോലെയുളവർ മുന്നെറെട്ടെ

    ReplyDelete
  4. She is Great Motivaton For All❤️

    ReplyDelete