ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Tuesday, 20 September 2016

വന്‍കരകള്‍ താണ്ടി ഒരു സമുദ്രസഞ്ചാരം




ക്ലാസ്സുമുറി ആരുടേതാണ് ?
അധ്യാപകന്റേയോ കുട്ടികളുടേതോ?
അതെപ്പോഴാണ് കുട്ടികളുടേതാകുന്നത്?

ക്ലാസുമുറിയുടെ ഘടനയെ കുട്ടികള്‍ മാറ്റിമറിക്കും.ക്ലാസ്സുമുറി കുട്ടികള്‍ അവരുടേതാക്കും.പഠനത്തിനിടയിലെ അപൂര്‍വ്വം  ചില അവസരങ്ങളില്‍, കുട്ടികളുടെ സര്‍ഗ്ഗാത്മകതയെ തൊട്ടുണര്‍ത്തുമ്പോഴാണ് അതു സംഭവിക്കുക.അതിരുകളില്ലാത്ത അവരുടെ ഭാവന ക്ലാസുമുറിയുടെ നാലു ചുമരുകളെ ഭേദിക്കും.അപ്പോള്‍ ക്ലാസുമുറിയിലെ സകല വസ്തുക്കളും മറ്റൊന്നാകും.ഒരേ സമയം അവര്‍ തിരമാലകളും കൊടുങ്കാറ്റുമാകും.ഡസ്കുകളും ബെഞ്ചുകളും ചേര്‍ത്തിട്ട് കപ്പലുകളുണ്ടാക്കാന്‍ അവര്‍ക്ക് നിമിഷനേരം മതി.അവര്‍ സ്വയം കപ്പിത്താനും കപ്പല്‍ ജോലിക്കാരുമാകും.ഒരു ചുരിദാര്‍ ഷാളുകൊണ്ട് അവര്‍ ഒരു മഞ്ഞുമല സൃഷ്ടിക്കും.കാറ്റിലും കോളിലുംപെട്ട കപ്പലിലിരുന്ന് അവര്‍ ആടിയുലയും.ഒടുവില്‍ കടലിന്റെ നിലയില്ലാക്കയത്തിലേക്ക് കപ്പലിനോടൊപ്പം അവര്‍ മുങ്ങിത്താഴും.


 യാത്രക്കിടയില്‍ തിരമാലകളുടെ ശബ്ദം അവര്‍ കേള്‍ക്കും.കപ്പലിന്റെ മുകള്‍ത്തട്ടിലിരുന്ന് അവര്‍ ദൂരക്കാഴ്ചകള്‍ കാണും.മഞ്ഞുമലകളിലെ തണുപ്പ് അവര്‍ തൊട്ടറിയും.കടലിന്റെ ആഴങ്ങളിലെ ഇരുട്ടും നിശബ്ദദയും അവര്‍ അനുഭവിക്കും.
ഓരോ കുട്ടിയുടേയും അനുഭവതലം വ്യത്യസ്തമായിരിക്കുമെന്നുമാത്രം.അതവന്റെ ഭാവനയെ ആശ്രയിച്ചിരിക്കും.വ്യത്യസ്തമായ ദേശങ്ങളെക്കുറിച്ച് അവനില്‍ രൂപീകരിക്കപ്പെട്ട അറിവിനെ ആശ്രയിച്ചിരിക്കും.കടലിനെയും കപ്പലിനെയുംകുറിച്ച് അവന്റെ മനസ്സില്‍ പതിഞ്ഞ ഇമേജുകളെ ആശ്രയിച്ചിരിക്കും.


അപ്പോള്‍ ക്ലാസുമുറിക്ക് ലോകത്തോളം വളരാന്‍ കഴിയും.അത് കുട്ടികള്‍ക്ക് സ്വന്തമാകും.

ആറാം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തില്‍ ഭൂമിയില്‍ നമ്മുടെ സ്ഥാനം എന്ന യൂണിറ്റായിരുന്നു പഠനസന്ദര്‍ഭം.വന്‍കരകളേയും മഹാസമുദ്രങ്ങളേയും കുറിച്ച് കുട്ടികള്‍ കഴിഞ്ഞ മൊഡ്യൂളില്‍ പഠിച്ചു കഴിഞ്ഞു.ഇനി അക്ഷാംശ-രേഖാംശ രേഖകളെക്കുറിച്ചാണ് പഠിക്കേണ്ടത്.

  • അക്ഷാംശ-രേഖാംശ രേഖകളുടെ പ്രാധാന്യം എന്താണ്?
  • ഒരു പ്രദേശത്തിന്റെ സ്ഥാനം നിര്‍ണ്ണയിക്കാന്‍ ഈ രേഖകള്‍ എങ്ങനെയാണ് പ്രയോജനപ്പെടുത്തുന്നത്?

കഴിഞ്ഞ മൊഡ്യൂളുമായി ബന്ധിപ്പിച്ചുകൊണ്ടുവേണം തുടങ്ങാന്‍.വന്‍കരകളേയും മഹാസമുദ്രങ്ങളേയും അക്ഷാംശ-രേഖാംശ രേഖകളുമായി ബന്ധിപ്പിക്കണം.
വന്‍കരകള്‍ താണ്ടിയുള്ള ഒരു സമുദ്രസഞ്ചാരമാണ് ആലോചിച്ചത്.ഒരു സാങ്കല്പ്പിക യാത്ര.
കുട്ടികളെ പത്ത് പേര്‍ വീതമുള്ള മൂന്നു ഗ്രൂപ്പുകളാക്കി.മൂന്ന് ഗ്രൂപ്പുകള്‍ക്കും മൂന്ന് സ്ഥലങ്ങള്‍ അനുവദിച്ചു.ആദ്യ വിഷയം നല്‍കി.ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ ഒരു കപ്പല്‍ യാത്ര.


 കുട്ടികള്‍ ആലോചന തുടങ്ങി. ആലോചനയ്ക്ക്   മൂന്നു മിനുട്ട് സമയം മാത്രം.അതിനിടയില്‍ എങ്ങനെ അവതരിപ്പിക്കണമെന്ന ധാരണയിലെത്തണം.മഹാസമുദ്രവും കപ്പലും രൂപപ്പെടുത്തേണ്ട രീതി ആലോചിക്കണം.ക്ലാസില്‍ ലഭ്യമായ പ്രോപ്പര്‍ട്ടികള്‍ ശേഖരിക്കണം.ഓരോരുത്തരും യഥാസ്ഥാനത്തു നില്‍ക്കണം.തര്‍ക്കിച്ച് നില്‍ക്കാന്‍ സമയമില്ല.പെട്ടെന്നു തീരുമാനത്തിലെത്തണം.വിസിലടിക്കുമ്പോള്‍ ഫ്രീസ് ചെയ്തിരിക്കണം.


 പത്ത് തലകളും ഒരുമിക്കുന്നു.വളരെ പെട്ടെന്ന് തീരുമാനത്തിലെത്തുന്നു.അവരവര്‍ക്ക് അനുവദിച്ച സ്ഥലത്ത് കപ്പലുകള്‍ തീര്‍ക്കുന്നു.ഒരാള്‍ കപ്പിത്താനാകുന്നു.മറ്റൊരാള്‍ ക്യാപ്റ്റനാകുന്നു.ചിലര്‍ കപ്പല്‍ ജോലിക്കാര്‍.മറ്റു ചിലര്‍ നിലത്ത് ഷാളുകള്‍ നിവര്‍ത്തിപ്പിടിച്ച് സമുദ്രവും.കപ്പിത്താന് കപ്പല്‍ നിയന്ത്രിക്കാന്‍ സ്റ്റിയറിങ്ങ്(?) വേണം.അതെങ്ങനെയാക്കും?പ്രശ്നമായി.അപ്പോഴാണ് ക്ലാസിന്റെ  മൂലയിലുണ്ടായിരുന്ന സ്റ്റൂള്‍ ശിവനന്ദന്റെ ശ്രദ്ധയില്‍പ്പെട്ടത്.മതി.ഇതുതന്നെ പറ്റിയ സാധനം.അവന്‍ ഓടിച്ചെന്ന് സ്റ്റൂള്‍ എടുത്തു.കപ്പലിന്റെ മുന്നിലായി സ്ഥാനം പിടിച്ചു.

 ഗ്രൂപ്പ് പ്രവര്‍ത്തനം ഇങ്ങനെയായിരിക്കണം.എല്ലാവരും പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണമായും മുഴുകുന്നു.പരസ്പരം വിട്ടുവീഴ്ച ചെയ്യുന്നു.പെട്ടെന്ന് തീരുമാനത്തിലെത്തുന്നു.കുട്ടികള്‍ക്കിടയില്‍ ഗ്രൂപ്പു ഡൈനാമിക്സ് രൂപപ്പെടുന്ന‌ത് ഇങ്ങനെയാണ്.

വിസിലടിച്ചു.കുട്ടികള്‍ ഫ്രീസ് ചെയ്തു.ശബ്ദകോലാഹലങ്ങള്‍ കെട്ടടങ്ങി.പരിപൂര്‍ണ്ണ നിശബ്ദത. മൂന്നു കപ്പലുകളും കപ്പിത്താന്‍മാരും സമുദ്രവും.സന്ദര്‍ഭത്തിനുയോജിച്ച സംഗീതം സ്പീക്കറിലൂടെ ഒഴുകി വന്നു.ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ കുതിച്ചുയരുന്ന തിരമാലകളുടെ ശബ്ദം കുട്ടികള്‍ കേട്ടു.


 വിഷയങ്ങള്‍ ഒന്നൊന്നായി നല്‍കിക്കൊണ്ടിരുന്നു.ക്ലാസുമുറി അന്റാര്‍ട്ടിക്കയിലെ മഞ്ഞു മലകളായി മാറി.ഒരു വേള ആമസോണ്‍ വനാന്തരങ്ങളായി.ഈജിപ്തിലെ പിരമിഡുകളും ഓസ്ട്രേലിയയിലെ കംഗാരുക്കളുമായി.നയാഗ്രാ വെള്ളച്ചാട്ടമായി.ആഫ്രിക്കയിലെ ഉരുക്കില്‍ വാര്‍ത്തെടുത്ത ഖനിത്തൊഴിലാളികളായി.
ഓരോ അവതരണത്തിനും ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുത്തു നല്‍കിയ സംഗീതം കുട്ടികളെ പ്രചോദിപ്പിച്ചു കൊണ്ടിരുന്നു.അത് കുട്ടികളുടെ സങ്കല്‍പ്പങ്ങള്‍ക്ക് ചിറകുകള്‍ നല്‍കി.


വീണ്ടും കപ്പല്‍ യാത്ര.പെട്ടെന്ന് തിരമാലകള്‍ക്ക് മുകളിലൂടെ  വീശിയടിച്ച ഒരു കൊടുങ്കാറ്റ്.കപ്പല്‍ ആടിയുലഞ്ഞു.കപ്പല്‍ ജോലിക്കാര്‍ കടലിലേക്ക് തെറിച്ചുവീണു.


കപ്പല്‍ കടലില്‍ മുങ്ങാന്‍ തുടങ്ങി.അത് സമുദ്രത്തിന്റെ ആഗാധതകളിലേക്ക് ആണ്ടുപോയി.വയലിനില്‍ നിന്നുയരുന്ന വിഷാദം നിറഞ്ഞ നേര്‍ത്ത ശബ്ദം.

കപ്പല്‍ എവിടെയാണ് താണുപോയത്?
കപ്പല്‍ ഉണ്ടായിരുന്ന സ്ഥലം എങ്ങനെയാണ് കണ്ടെത്തുക?


ക്ലാസുമുറിയുടെ മധ്യത്തില്‍ വലിയൊരു ചതുരം വരച്ചു.അതിനുള്ളില്‍ ഒരു കപ്പലും.
ഈ കപ്പലിന്റെ സ്ഥാനം എങ്ങനെയാണ് നിര്‍ണ്ണയിക്കുക?

കുട്ടികള്‍ തലപുകഞ്ഞാലോചിച്ചു.പലരും പലതും പറഞ്ഞു.ഒന്നും ശരിയായില്ല.
ഒടുവില്‍ അക്ഷയ് വന്നു.അവന്‍ കളത്തില്‍ കുത്തനേയും വിലങ്ങനേയും വരകളിട്ടു.


 എന്നിട്ടുപറഞ്ഞു. "മൂന്നാമത്തെ കളത്തിനുള്ളിലാണ് കപ്പലുള്ളത്.”
"കടലില്‍ ഇതുപോലെ വരയിടാന്‍ കഴിയുമോ?"നവീന്‍ ചോദിച്ചു.
ക്ലാസില്‍ കൂട്ടച്ചിരിയുയര്‍ന്നു.
"ഗ്ലോബില്‍ ഇതുപോലെ വരയിട്ടിട്ടുണ്ടല്ലോ.."അക്ഷയ് വിട്ടുകൊടുത്തില്ല.
"അക്ഷയ് പറഞ്ഞത് നേരാണോ?ഗ്ലോബില്‍ ഇങ്ങനെയുള്ള വരകളുണ്ടോ?”
കുറച്ചുപേര്‍ ഉണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞു.ഗ്ലോബ് കഴിഞ്ഞ ക്ലാസില്‍ പലതവണ പരിശോധിച്ചിട്ടുണ്ടെങ്കിലും അതിലെ വരകള്‍ പലരുടേയും ശ്രദ്ധയില്‍ പതിഞ്ഞിട്ടില്ല.
ഗ്ലോബ് ഗ്രൂപ്പില്‍ വീണ്ടും പരിശോധിച്ചു.അതില്‍ കണ്ട വരകള്‍ അഭിരാജ് ബോര്‍ഡില്‍ വരച്ചു.
ഓരോ വരയ്ക്കും അളവുകളുണ്ടെന്ന് കുട്ടികള്‍ കണ്ടെത്തി.

വീണ്ടും കപ്പലിന്റെ ചിത്രത്തിലേക്കു വന്നു.
"കടലില്‍ കപ്പലിന്റെ സ്ഥാനം വെറും വരകള്‍ കൊണ്ടുമാത്രം കണ്ടെത്താന്‍ കഴിയുമോ?”
നിലത്തുവരച്ച ചിത്രത്തില്‍ കുട്ടികള്‍ അളവുകള്‍ നല്‍കി.
ഇപ്പോള്‍ കപ്പലിന്റെ സ്ഥാനം കുട്ടികള്‍ കൃത്യമായി പറഞ്ഞു.
"വിലങ്ങനെയുള്ള വര 10 ഡിഗ്രിക്കും 20 ഡിഗ്രിക്കും ഇടയില്‍.കുത്തെയുള്ള വര 15ഡിഗ്രിക്കും  25 ഡിഗ്രിക്കും ഇടയില്‍.”
"കുത്തനെയുള്ള വരകള്‍ക്കും വിലങ്ങനെയുള്ള വരകള്‍ക്കും പേരുകളുണ്ട്.അതു പാഠപുസ്തകം നോക്കി കണ്ടെത്തൂ.”




കുട്ടികള്‍ പാഠപുസ്തകം തുറന്നു.അക്ഷാംശ-രേഖാംശ രേഖകളുടെ പ്രത്യേകതകള്‍ കണ്ടെത്തി.അക്ഷാംശ-രേഖാംശ രേഖകളെ അടിസ്ഥാനമാക്കി ഒരു പ്രദേശത്തിന്റെ സ്ഥാനം നിര്‍ണ്ണയിക്കുന്നതുമായി ബന്ധപ്പെട്ട വീഡിയോ കണ്ടു.വിവിധ സ്ഥലങ്ങളുടെ  അക്ഷാംശ-രേഖാംശ രേഖകള്‍ ഗ്ലോബും മേപ്പും പരിശോധിച്ച് കണ്ടെത്തി. 

ഈ ക്ലാസിന്റെ ഫോട്ടോകള്‍ ഞാന്‍ നാട്ടിലെ അധ്യാപകനായ എന്റെ കൂട്ടുകാരനെ കാണിച്ചു.
"ക്ലാസ്സുമുറി ഇങ്ങനെയാകാമോ?”
അയാള്‍ ചോദിച്ചു.
"ക്ലാസുമുറി ഇങ്ങനെയായാല്‍ പോര.എളുപ്പം അഴിച്ചുമാറ്റാവുന്നതും കൂട്ടിയോജിപ്പിക്കാവുന്നതുമായ ഫര്‍ണ്ണിച്ചറുകള്‍ ക്ലാസില്‍ വേണം.എങ്കില്‍ ഇത് മറ്റൊന്നാകുമായിരുന്നു."ഞാന്‍ പറഞ്ഞു.










No comments:

Post a Comment