ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Saturday, 10 September 2016

ബഹു. കേരളാ വിദ്യാഭ്യാസമന്ത്രി വായിച്ചറിയാന്‍



ബഹു.കേരളാ വിദ്യാഭ്യാസ മന്ത്രിക്ക്,

കഴിഞ്ഞ ക്ലസ്റ്റര്‍ പരിശിലനത്തില്‍ താങ്കളുടെ പ്രസംഗം അതീവ സന്തോഷത്തോടെയാണ് ഞങ്ങള്‍ കേട്ടത്.കേരളത്തിലെ പൊതു വിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള പുതിയ സര്‍ക്കാറിന്റെ ആത്മാര്‍ത്ഥമായ സമീപനവും നിശ്ചയദാര്‍ഢ്യവും  താങ്കളുടെ വാക്കുകകളില്‍ പ്രകടമായിരുന്നു.ഒരു മാസത്തിനുള്ളില്‍ തന്നെ ഈ ലക്ഷ്യം നേടാനുള്ള കര്‍മ്മ പദ്ധതികള്‍ക്ക്  വിദ്യാഭ്യാസവകുപ്പ്  രൂപംകൊടുത്തിരിക്കുന്നു.കേരളത്തിലെ പൊതുവദ്യാലയങ്ങള്‍ മാറാന്‍പോകുന്നതിന്റെ ആദ്യപടിയായി 8-12 ക്ലാസുകള്‍ ഹൈടെക്ക് ആകാനുള്ള വിഷന്‍ വര്‍ക്ക് ഷോപ്പുകള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു.


പക്ഷേ,സര്‍ ഹൈടെക്ക് ആകുന്ന ക്ലാസുമുറികള്‍ പ്രവര്‍ത്തിക്കേണ്ടത് വദ്യാലയത്തില്‍ ഇന്നു നിലനില്‍ക്കുന്ന അറുപഴഞ്ചന്‍ സമയക്രമത്തില്‍ നിന്നുകൊണ്ടാണെന്നത് മറന്നു പോകരുത്.ഹൈടെക്ക് ക്ലാസുമുറികളുടെ പുതിയ സോഫ്റ്റ് വേര്‍ ഈ പഴഞ്ചന്‍ സിസ്റ്റത്തില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുക?

കുട്ടികളുടെ പഠനത്തിന്റെ ഗുണനിലവാരം നിശ്ചയിക്കുന്നതില്‍ സ്ക്കൂള്‍ ടൈംടേബിളിന് ഒരു പ്രധാന പങ്കുണ്ട്.വിവിധ വിഷയങ്ങള്‍ പഠിപ്പിക്കുന്നരീതിപോലെതന്നെ പ്രധാനമാണ് പഠിപ്പിക്കാനെടുക്കുന്ന സമയവും ഇടവേളകളും.ശിശുകേന്ദ്രീകൃത പഠനം,പ്രവര്‍ത്തനാധിഷ്ഠിത ക്ലാസുമുറി തുടങ്ങിയ അടിസ്ഥാന പ്രമാണങ്ങളെ  ആധാരമാക്കിയാണ് കേരളത്തില്‍ പുതിയ പാഠ്യപദ്ധതിയും  പാഠപുസ്തകങ്ങളും നിലവില്‍വന്നത്.പുതിയ പഠനരീതി  നടപ്പാക്കിയിട്ട് ഏതാണ്ട് ഇരുപത് വര്‍ഷത്തോളമായി.എന്നാല്‍ ടൈംടേബിള്‍ പരിഷ്ക്കരിക്കപ്പെടാതെ അതുപോലെ തുടരുകയാണുണ്ടായത്.

 കൊളോണിയല്‍ ഭരണകാലത്ത് ബ്രിട്ടീഷുകാര്‍ ഏര്‍പ്പെടുത്തിയ സ്ക്കൂള്‍ ടൈംടേബിളാണ് ഒരു മാറ്റവും കൂടാതെ നാം ഇന്നും   പിന്തുടരുന്നത്.40-45 മിനുട്ട് ദൈര്‍ഘ്യമുള്ള ഏഴു പിരീയഡുകളായാണ് യു.പി,ഹൈസ്ക്കൂള്‍ ക്ലാസുകളുടെ ടൈംടേബിള്‍ കഴിഞ്ഞ വര്‍ഷം വരേയും.എന്നാല്‍ 2015-16 വര്‍ഷത്തില്‍  എസ്.സി.ഇ.ആര്‍.ടി സ്ക്കൂള്‍ ടൈംടേബിള്‍  'സമഗ്രമായി പരിഷ്ക്കരിക്കുക'യുണ്ടായി.ഒരു ദിവസം  ഏഴ് പിരീഡ് എന്നത് എട്ട് പിരീയഡ് ആക്കി വര്‍ദ്ധിപ്പിച്ചു. പിരീയഡുകളുടെ സമയദൈര്‍ഘ്യം 40-45 മിനുട്ടില്‍ നിന്നും 35-40 മിനുട്ടാക്കിക്കുറച്ചു.ഇതിന് എസ്.സി.ഇ.ആര്‍.ടി നല്‍കുന്ന ന്യായീകരണം നോക്കുക.

  '...പാഠ്യപദ്ധതിയും സിലബസ്സും പഠനബോധനതന്ത്രങ്ങളും ഇതിനകം നിരവധി പ്രാവശ്യം പരിവര്‍ത്തനത്തിന് വിധേയമായി.പരിഷ്ക്കരിച്ച പാഠപുസ്തകങ്ങള്‍ നിലവില്‍ വന്നു.ഈ അവസരങ്ങളിലൊന്നും സ്ക്കൂള്‍ ടൈംടേബിള്‍ യഥോചിതമായി മാറിയില്ല എന്നതാണ് വസ്തുത.കാലാകാലങ്ങളില്‍ ചില ഭേദഗതികള്‍ ഉണ്ടാക്കിയെങ്കിലും സമഗ്രമാറ്റം നടന്നിരുന്നില്ല.ഇത് കണക്കിലെടുത്ത് പാഠ്യപദ്ധതിയുടേയും ക്ലാസ്റൂം വിനിമയത്തിന്റേയും പ്രാധാന്യമുള്‍ക്കൊണ്ടാണ് സ്ക്കൂള്‍ ടൈംടേബിള്‍ ഉണ്ടാക്കാന്‍ എസ്.സി.ഇ.ആര്‍.ടി മുന്‍കൈയെടുത്തത്.'
(എസ്.സി.ഇ.ആര്‍.ടി - 2015-16 വര്‍ഷത്തെ പുതുക്കിയ സ്ക്കൂള്‍ ടൈംടേബിള്‍ രേഖ-  ആമുഖത്തില്‍ നിന്ന്)


പിരീയഡുകളുടെ ദൈര്‍ഘ്യം കുറച്ച് എണ്ണം കൂട്ടിയാല്‍ 'പാഠ്യപദ്ധതിയുടെ ക്ലാസ് റൂം വിനിമയം' ഭംഗിയായി നടക്കും എന്നതാണ് എസ്.സി.ഇ.ആര്‍.ടി യുടെ കണ്ടെത്തല്‍.



ക്ലാസില്‍ ഒരു വിഷയം പഠിപ്പിക്കുമ്പോള്‍ സാധാരണഗതിയില്‍  അനുവര്‍ത്തിക്കേണ്ട വിവിധ ഘട്ടങ്ങളെക്കുറിച്ച് ടീച്ചര്‍ ടെക്സ്റ്റില്‍ പറയുന്നത് ഇങ്ങനെയാണ്. 


  • പ്രശ്നം അവതരിപ്പിക്കല്‍
  • പ്രശ്നത്തോടുള്ള കുട്ടികളുടെ പ്രതികരണങ്ങള്‍
  • കുട്ടികള്‍ സംഘമായി തിരിയല്‍
  • പ്രശ്നം വിശകലനം ചെയ്യല്‍
  • അവശ്യമായ വിവരങ്ങള്‍ ശേഖരിക്കല്‍
  • ഐ.ടി.സാധ്യതകള്‍ ഉപയോഗപ്പെടുത്തല്‍
  • പ്രശ്ന പരിഹരണത്തിനുള്ള വഴികള്‍ നിര്‍ദ്ദേശിക്കല്‍
  • ഓരോ ഗ്രൂപ്പും എഴുതി അവതരിപ്പിക്കല്‍
  • ക്രോഡീകരിക്കല്‍

 വിഷയത്തിനനുസരിച്ച് പഠനപ്രക്രിയയില്‍ വ്യത്യാസം വന്നേക്കാം.ഇത്രയും പ്രക്രിയകള്‍ പാലിച്ചുകൊണ്ട് പഠനപ്രവര്‍ത്തനം നടപ്പിലാക്കാന്‍ ഒരു വിഷയത്തിന് ഒന്നര മണിക്കൂര്‍ സമയമെങ്കിലും വേണമെന്നിരിക്കെ, നേരത്തേയുണ്ടായിരുന്ന 45മിനുട്ട് വീണ്ടും കുറച്ച് 35മിനുട്ടാക്കിയാല്‍ 'പാഠ്യപദ്ധതി വിനിമയം' എങ്ങനെയാണ് ഫലപ്രദമാകുക?

നമ്മുടെ പൊതുവിദ്യാലയങ്ങളെ  അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ആലോചിക്കുകയാണ് നാം.എന്നാല്‍ ലോകത്ത് മറ്റേതെങ്കിലും രാജ്യത്ത് ഇങ്ങനെയൊരു സ്ക്കൂള്‍ പഠനസമയം നിലനില്ക്കുന്നതായി അറിവില്ല.പിരീയഡുകളുടെ ദൈര്‍ഘ്യം കുറച്ച്
ദിവസം കൂടുതല്‍ വിഷയങ്ങള്‍ പഠിപ്പിക്കുകയല്ല,മറിച്ച് വിഷയങ്ങളുടെ എണ്ണം കുറച്ച് പിരീയഡുകളുടെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗം എന്ന് ഫിന്‍ലാന്റ് പോലെ വിദ്യാഭ്യാസ നിലവാരത്തില്‍ ഏറെ മുന്നിട്ടു നില്‍ക്കുന്ന രാജ്യങ്ങളുടെ അനുഭവം പറയുന്നുണ്ട്. ഫിന്‍ലാന്റിലെ സ്ക്കൂള്‍ ക്ലാസുകളില്‍ ഒരു പിരീയഡിന്റെ ദൈര്‍ഘ്യം ഒരു മണിക്കൂറാണ്.ഓരോ  പിരീയഡിന് ശേഷവും 15 മിനുട്ട് കുട്ടികള്‍ക്ക് ഇടവേളയാണ്.ഇങ്ങനെ ഒരു ദിവസം മുന്നോ നാലോ പിരീയഡുകള്‍ മാത്രം.PISAപോലുള്ള അന്താരാഷ്ട്ര പഠനനിലവാര പരീക്ഷകളില്‍   ആ രാജ്യത്തെ കുട്ടികള്‍ മുന്നിട്ടു നില്‍ക്കുന്നതിന്റെ കാരണങ്ങളില്‍  ഒന്ന് പ്രക്രിയാധിഷ്ഠിതമായ പഠനത്തിനും വിശ്രമത്തിനും പ്രാധാന്യം നല്‍കിക്കൊണ്ട് ശാസ്ത്രീയമായ രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന അവരുടെ  സ്ക്കൂള്‍ ടൈംടേബിളാണ്.


പഠനം പ്രക്രിയാധിഷ്ഠിതമായിരിക്കണമെന്നും ഐ.ടി.സാധ്യതകള്‍ ക്ലാസുമുറിയില്‍ പ്രയോജനപ്പെടുത്തണമെന്നും നമ്മുടെ പാഠ്യപദ്ധതി ആവര്‍ത്തിച്ചു പറയുന്നു.എന്നാല്‍ അതിനാവശ്യമായ സമയം ക്ലാസുമുറിയില്‍ അനുവദിക്കുന്നുമില്ല.പ്രൊജക്ടറുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും ഇന്ന് മിക്കവാറും എല്ലാ വിദ്യാലയങ്ങളിലുമുണ്ട്.എന്നിട്ടും ഇത് എന്തുകൊണ്ടാണ് അധ്യാപകര്‍  ക്ലാസുമുറിയില്‍ ഉപയോഗപ്പെടുത്താത്തതെന്ന് പരിശോധിക്കണം. 35മിനുട്ട് സമയം ഒന്നിനും തികയില്ല സാര്‍.കേരളത്തിലെ വിദ്യാഭ്യാസത്തിന്റ  ഗുണനിലവാരവുമായി ബന്ധപ്പെട്ട് നിരവധിപഠനങ്ങള്‍ ഇതിനകം നടന്നു കഴിഞ്ഞു.പഠനത്തിന്റെ ഗുണനിലവാരം കുറയാനുള്ള നിരവധി കാരണങ്ങള്‍ ഈ പഠനങ്ങള്‍ അക്കമിട്ട് നിരത്തുന്നുണ്ട്.ഒരു സര്‍വ്വേയില്‍പോലും തികച്ചും അശാസ്ത്രീയമായ സ്ക്കൂള്‍ ടൈംടേബിളിന്റെ പ്രശ്നം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടില്ല എന്നത് അതിശയിപ്പിക്കുന്ന വസ്തുതയാണ്.സ്ക്കൂള്‍ ടൈംടേബിളിനെ തൊടാന്‍ രാഷ്ടീയ നേതൃത്വങ്ങള്‍ക്ക് എന്തുകൊണ്ടാണ് ഭയം? ഇനി വരാന്‍ പോകുന്ന ഹൈടെക്ക് ക്ലാസുമുറിയും ഈ ടൈംടേബിളിനകത്ത് നിന്നുകൊണ്ടായിരിക്കുമോ പ്രവര്‍ത്തിക്കേണ്ടിവരിക?

 സ്ക്കൂള്‍ കുട്ടികളുടെ പുസ്തകഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട്,പാഠപുസ്തകങ്ങള്‍ ഓരോ ടേമിനും ഒന്ന് എന്ന രീതിയില്‍ മൂന്നായി വിഭജിക്കും എന്ന താങ്കളുടെ പ്രസ്താവന ഈയിടെ പത്രങ്ങളില്‍ വായിച്ചു.ഇന്ന് നിലവിലുള്ള ടൈംടേബിള്‍ അനുസരിച്ച് കുട്ടികള്‍ ദിവസവും അവരുടെ മുഴുവന്‍ പാഠപുസ്തകങ്ങളും അവയുടെ നോട്ടുപുസ്തകങ്ങളും ചുമന്ന് വേണം സ്ക്കൂളിലെത്താന്‍.ഓരോ ദിവസവും പഠിപ്പിക്കുന്ന വിഷയങ്ങളുടെ എണ്ണം മൂന്നോ നാലോ ആയിക്കുറച്ചാല്‍ പാഠപുസ്തകങ്ങളുടെ ഭാരം താനെ കുറയുമെന്നിരിക്കെ ഇനിയും പാഠപുസ്തകങ്ങളെ കഷണങ്ങളാക്കി മുറിക്കേണ്ടതുണ്ടോ?


സ്ക്കൂള്‍ കുട്ടികളുടെ പുസ്തകഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട്,പാഠപുസ്തകങ്ങള്‍ ഓരോ ടേമിനും ഒന്ന് എന്ന രീതിയില്‍ മൂന്നായി വിഭജിക്കും എന്ന താങ്കളുടെ പ്രസ്താവന ഈയിടെ പത്രങ്ങളില്‍ വായിച്ചു.ഇന്ന് നിലവിലുള്ള ടൈംടേബിള്‍ അനുസരിച്ച് കുട്ടികള്‍ ദിവസവും അവരുടെ മുഴുവന്‍ പാഠപുസ്തകങ്ങളും അവയുടെ നോട്ടുപുസ്തകങ്ങളും ചുമന്ന് വേണം സ്ക്കൂളിലെത്താന്‍.ഓരോ ദിവസവും പഠിപ്പിക്കുന്ന വിഷയങ്ങളുടെ എണ്ണം മൂന്നോ നാലോ ആയിക്കുറച്ചാല്‍ പാഠപുസ്തകങ്ങളുടെ ഭാരം താനെ കുറയുമെന്നിരിക്കെ ഇനിയും പാഠപുസ്തകങ്ങളെ കഷണങ്ങളാക്കി മുറിക്കേണ്ടതുണ്ടോ?

വിദ്യാലയ അന്തരീക്ഷം  ശിശുസൗഹൃദപരവും  ക്ലാസുമുറി  ഹൈടെക്ക് ആകേണ്ടതുമൊക്കെ അത്യാവശ്യകാര്യംതന്നെ.അതുമാത്രം പോര.സ്ക്കൂളിലെ പഠനസമയവും പഠനരീതിയുമൊക്കെ ശിശുസൗഹൃദപരമായിരിക്കണം.അതിനു നലവിലുള്ള ടൈംടേബിള്‍ പരിഷ്ക്കരണം അത്യാവശ്യമാണെന്ന വസ്തുത വിനയപുരസരം താങ്കളുടെ ശ്രദ്ധയില്‍ പെടുത്തുകയാണ്.അപ്പോള്‍  മാത്രമേ  വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ നമുക്ക് കഴിയൂ.


പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്താനുളള താങ്കളുടെ ആത്മാര്‍ത്ഥമായ ഉദ്യമങ്ങള്‍ക്ക് പൂര്‍ണ്ണപിന്തുണ അര്‍പ്പിച്ചുകൊണ്ട്,

സ്നേഹാദരവോടെ,
എം.എം.സുരേന്ദ്രന്‍
ഗവ.യു.പി.സ്ക്കൂള്‍,പുല്ലൂര്‍,
ബേക്കല്‍ ഉപജില്ല,
കാസര്‍ഗോഡ്.




3 comments:

  1. സുരേന്ദ്രന്‍, ഉചിതമായ സമയത്ത് തന്നെയാണ് കാര്യങ്ങള്‍ അവതരിപ്പിച്ചത്. അഭിനന്ദനങ്ങള്‍.
    പുതിയ പാട്യ പദ്ധതി നിലവില്‍ വന്ന സമയത്ത് ഹെഡ് മാസ്റ്റര്‍ / മിസ്ട്രസ് മാര്‍ക്ക് വന്നിട്ടുള്ള കൈപ്പുസ്തകത്തില്‍ രണ്ടു പിരീഡുകള്‍ ക്ലബ്ബ് ചെയ്ത് എങ്ങിനെ പഠനസമയം ക്രമീകരിക്കാം എന്ന് നിര്‍ദ്ദേശിച്ചിരുന്നു. ആയതിന്റെ മാതൃകയും കൊടുത്തിരുന്നു. പക്ഷെ അക്കാര്യങ്ങളൊന്നും ആരും ഗൗരവമായി എടുത്തിരുന്നില്ല. ഹയര്‍ സെക്കണ്ടറിയില്‍ മിക്കയിടത്തും ക്ലാസുകള്‍ ഒരു മണിക്കൂറായി ആണ് നടക്കുന്നത്.

    ReplyDelete
  2. പാഠ്യപദ്ധതി.... ക്ഷമി..

    ReplyDelete
    Replies
    1. പ്രേമന്‍,കഴിഞ്ഞ മൂന്നൂ നാലു വര്‍ഷമായി രണ്ടുപിരീഡുകള്‍ ക്ലബ്ബ് പഠിപ്പിച്ചതിന്റെ അനുഭവമുണ്ട്.ഏതാണ്ട് ഒരു മണിക്കുര്‍ 20 മിനുട്ട് സമയം ഒരു വിഷയത്തിനുകിട്ടും.ഈ വര്‍ഷം മുതല്‍ പുല്ലൂരിലും ഞങ്ങള്‍ ഈ രീതിയില്‍ ടൈംടേബിള്‍ ക്രമീകരിച്ചു.ഇത് ഗുണപരമായ മാറ്റം ക്ലാസുമുറിയില്‍ ഉണ്ടാക്കുന്നുണ്ട്. ക്ലാസുകള്‍ activity oriented ആയി.സമയം കിട്ടുന്നതുകൊണ്ട് തന്നെ പലരും പ്രൊജക്ടര്‍ ഉപയോഗിക്കാന്‍ തുടങ്ങി.ഇത് കുട്ടികളുടെ പഠനത്തില്‍ ഗുണപരമായ മാറ്റം ഉണ്ടാക്കുന്നു. മാത്രമല്ല അധ്യാപകര്‍ക്ക് ഒരു ദിവസം മൂന്നു വിഷയങ്ങള്‍ ആസൂത്രണം ചെയ്താല്‍ മാത്രം മതി.ഇനി കുട്ടികളുടെ പക്ഷത്ത് നിന്നുനോക്കിയാല്‍ അവര്‍ക്ക് ഒരു ദിവസം മൂന്നു വിഷയങ്ങളുടെ പാഠപുസ്തകങ്ങളും അവയുടെ നോട്ടുപുസ്തകങ്ങളും മാത്രമേ കൊണ്ടുവരേണ്ടതുള്ളു.പുസ്തകഭാരം കുറഞ്ഞു.കുട്ടികളുമായി ഈ മാറ്റം സംബന്ധിച്ച് സംസാരിച്ചപ്പോള്‍ അവര്‍ ഏറെ സന്തോഷവാന്മാരാണ്.കുറെ വിഷയങ്ങള്‍ ഒന്നിനുപുറകേ ഒന്നായി പഠിക്കേണ്ടി വരുമ്പോള്‍ വൈകുന്നേരമാകുമ്പോഴേക്കും ക്ഷീണിക്കുന്നു എന്നാണ് അവരുടെ അഭിപ്രായം.ഇപ്പോള്‍ ടെന്‍ഷന്‍ കുറഞ്ഞു. ഹോം വര്‍ക്ക് മുന്നുവിഷയത്തിന്റേതുമാത്രം ചെയ്താല്‍ മതി...ഉറപ്പായും ഇത് പഠനത്തില്‍ ഗുണപരമായ മാറ്റം കൊണ്ടുവരും...മുഴുവന്‍ വിദ്യാലയങ്ങളും ഈ രീതിയില്‍ മാറണം.

      Delete