1.ക്ലാസുമുറി കുട്ടികളുടെ ആത്മാവിഷ്ക്കാരത്തിനുള്ള(self expression) സാധ്യതകള്‍ തുറന്നിടണം
എല്ലാ കുട്ടികള്‍ക്കും സ്വയം ആവിഷ്ക്കരിക്കാനുള്ള ആഗ്രഹമുണ്ടാകും.അത് ശിശുസഹജമാണ്.വ്യക്തിഗതമായോ സംഘമായോ ആകാം ഈ ആവിഷ്ക്കാരങ്ങള്‍.പക്ഷേ,അതു പഠനത്തില്‍ പ്രധാനമാണ്.അതിനുള്ള അവസരങ്ങള്‍ നല്‍കാത്തതുകൊണ്ടാണ് കുട്ടികളുടെ മനസ്സ് പലപ്പോഴും അസ്വസ്ഥമാകുന്നത്.ക്ലാസിലെ അച്ചടക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം ഇതാണ്. ആവിഷ്കാരം ചിത്രത്തിലൂടെയോ നാടകത്തിലൂടെയോ പാട്ടിലൂടെയോ കളിയിലൂടെയോ നിര്‍മ്മാണ പ്രവര്‍ത്തനത്തിലൂടെയോ ആകാം. വ്യത്യസ്തമായ രീതിയില്‍ ഒരു പരീക്ഷണം ആസൂത്രണം ചെയ്യുന്നതും പ്രശ്നപരിഹരണത്തിലേക്കുള്ള വഴികള്‍ കണ്ടെത്തുന്നതും മൗലികമായ എഴുത്തും സര്‍ഗാത്മകമായ ആവിഷ്കാരങ്ങളാണ്. പഠനപ്രവര്‍ത്തനങ്ങളുടെ കേന്ദ്രസ്ഥാനത്ത് കുട്ടികളെ പ്രതിഷ്ഠിക്കുമ്പോഴാണ് ഇതു സാധ്യമാകുന്നത്.കുട്ടികളുടെ ആവിഷ്ക്കാരങ്ങള്‍ പഠന ലക്ഷ്യങ്ങളുമായി ഉദ്ഗ്രഥിച്ചു കൊണ്ടായിരിക്കണം ചെയ്യേണ്ടത്.
2.കുട്ടികളുടെ സ്വതന്ത്രചിന്തയെ പരിപോഷിപ്പിക്കുന്നതായിരിക്കണം ക്ലാസിലെ പഠനപ്രക്രിയ
ചില നേരങ്ങളില്‍ ക്ലാസുമുറിയിലെ കുട്ടികളുടെ പ്രതികരണങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്താറുണ്ട്.മൗലികവും വ്യത്യസ്തവുമായ ചിന്തകള്‍ അവരുടെ മനസ്സില്‍ മുളപൊട്ടുന്നതു കാണാം.വ്യതിരിക്ത ചിന്തകളെ ഉണര്‍ത്താന്‍ പാകത്തില്‍ കുട്ടികള്‍ക്കുമുന്നില്‍ പഠനപ്രശ്നങ്ങള്‍ അവതരിപ്പിക്കുമ്പോഴാണ് അവര്‍ പഠനത്തില്‍ സജീവമാകുന്നത്.പ്രശ്നപരിഹരണത്തിനുള്ള വൈവിധ്യമാര്‍ന്ന വഴികള്‍ കണ്ടെത്താനും അവതരിപ്പിക്കാനും സര്‍ഗാത്മക ക്ലാസുമുറി കുട്ടികള്‍ക്ക് അവസരം നല്‍കുന്നു. ക്ലാസില്‍ കുട്ടികള്‍ ഒരുതരത്തിലുള്ള തടസ്സങ്ങളും(inhibitions) അനുഭവിക്കുന്നില്ലെന്ന് ടീച്ചര്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. നിര്‍ഭയമായ അന്തരീക്ഷത്തില്‍ മാത്രമേ കുട്ടികള്‍ക്ക് സ്വതന്ത്രമായി ചിന്തിക്കാനും പ്രതികരിക്കാനും കഴിയൂ.താന്‍ ആഗ്രഹിക്കുന്ന രീതിയില്‍ തന്നെ കുട്ടികള്‍ ചിന്തിക്കണമെന്ന് ടീച്ചര്‍ വാശിപിടിക്കുന്നിടത്താണ് സര്‍ഗാത്മകത കശാപ്പുചെയ്യപ്പെടുക.
3.ഗ്രേഡുകള്‍ നല്‍കാം;ഒപ്പം ഫീഡ്ബാക്കുകള്‍ കൂടി നല്‍കണം
കേവലമായ ഗ്രേഡുകള്‍ കൊണ്ട് കാര്യമില്ല.ഫീഡ്ബാക്കുകള്‍ നല്‍കുമ്പോഴാണ് തന്റെ പോരായ്മകളും മെച്ചങ്ങളും തിരിച്ചറിഞ്ഞ് കുട്ടിക്ക് സ്വയം മുന്നേറാന്‍ കഴിയുക.ഫീഡ്ബാക്കുകള്‍ കുട്ടികളുടെ ചിന്തകളെ കൂടുതല്‍ തെളിച്ചമുള്ളതാക്കും.ടീച്ചര്‍ നല്‍കുന്ന ഫീഡ്ബാക്കുകള്‍ ആകാം.കുട്ടികള്‍ പരസ്പരം
4.ഉത്പന്ന (product)ത്തോടൊപ്പം പഠനപ്രക്രിയയ്ക്കും(learning process) പ്രാധാന്യം നല്‍കണം
പഠനപ്രക്രിയയ്ക്ക് പ്രാധാന്യം നല്കുമ്പോഴാണ് കുട്ടികളുടെ സര്‍ഗാത്മകമായ കഴിവുകള്‍ വികസിക്കുന്നത്.അവരുടെ ആത്മാവിഷ്ക്കാരത്തിനുള്ള സാധ്യതകള്‍ തുറന്നിടുന്നതായിരിക്കണം പഠനപ്രക്രിയ.കുട്ടികളുടെ വ്യതിരിക്തമായ ചിന്തകളും തീരുമാനങ്ങളും കാഴ്ചപ്പാടുകളും രൂപപ്പെടുന്നത് പഠനപ്രക്രിയയ്ക്കിടയിലാണ്.നിരന്തരവിലയിരുത്തലിലൂടെ ഇത് വേണ്ട രീതിയില്‍ വിലയിരുത്തിക്കൊണ്ടും കുട്ടികള്‍ക്കാവശ്യമായ കൈത്താങ്ങ് നല്‍കിക്കൊണ്ടുമായിരിക്കും സര്‍ഗാത്മക ക്ലാസുമുറി അതിന്റെ പ്രവര്‍ത്തനങ്ങളെ മുന്നോട്ടുകൊണ്ടുപോകുക.
5.പഠനതന്ത്രങ്ങള്‍ക്ക് കുട്ടികളെ പ്രചോദിപ്പിക്കാന്‍(stimulate) കഴിയണം
വൈവിധ്യമാര്‍ന്ന പഠനതന്ത്രങ്ങള്‍ ക്ലാസുമുറിയില്‍ ഉപയോഗിക്കുമ്പോഴാണ് കുട്ടികള്‍ stimulate ചെയ്യപ്പെടുക. ചിത്രങ്ങള്‍,വീഡിയോ ക്ലിപ്പിങ്ങുകള്‍,ശബ്ദങ്ങള്‍,സംഗീതം,വിവിധതരം പ്രോപ്പുകള്‍,ശാരീരിക ചലനങ്ങള്‍
എന്നിവയൊക്കെ ഉപയോഗിക്കാം.പഠിപ്പിക്കുന്ന വിഷയം ഏതുമായിക്കൊള്ളട്ടെ.ഇവയുടെ ഉപയോഗം കുട്ടികളുടെ ചിന്തയെ ഉണര്‍ത്തും.പഠനപ്രശ്നം അവര്‍ ഉത്സാഹത്തോടെ ഏറ്റെടുക്കും.പ്രശ്നപരിഹരണത്തിനുള്ള മൗലികമായ ചിന്ത അവരില്‍ മുളപൊട്ടും.
6.ടീച്ചര്‍ കുട്ടികള്‍ക്കുമുന്നില്‍ demonstrate ചെയ്യരുത്
കുട്ടി ഒരു മരം വരയ്ക്കുന്നതിനിടയില്‍ 'മരം ഇങ്ങനെയാണോ വരക്കുന്നത്?ഇങ്ങനെയല്ലേ?' എന്നു ചോദിച്ചുകൊണ്ട് മരം ബോര്‍ഡില്‍ വരച്ചുകാണിക്കുന്നവരുണ്ട്.'പൂമ്പാറ്റ ഇങ്ങനെയാണോ പറക്കുക?' എന്നുചോദിച്ചുകൊണ്ട് പൂമ്പാറ്റയുടെ ചലനങ്ങള്‍ കാണിച്ചുകൊടുക്കുന്നവരുണ്ട്.ഇങ്ങനെയുള്ള പ്രവൃത്തി കുട്ടികളുടെ സര്‍ഗാത്മക ചിന്തയെ ഇല്ലാതാക്കും.എന്തും കുട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് കാണിച്ചുകൊടുക്കാനുള്ള ത്വര അധ്യാപകര്‍ക്ക് പൊതുവെ ഉള്ളതാണ്.ഒരു പക്ഷേ,നമ്മളൊക്കെ അറിയാതെ ചെയ്തുപോകുന്നതാണത്.അത് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.
7.കുട്ടികള്‍ വരുത്തുന്ന തെറ്റുകളെ അനുഭാവപൂര്‍വ്വം പരിഗണിക്കണം
കുട്ടികള്‍ വരുത്തുന്ന തെറ്റുകള്‍ പഠനം നടക്കുന്നു എന്നതിന്റെ തെളിവുകളാണ്.തെറ്റുകളെ ചുവന്ന മഷികൊണ്ട് അടയാളപ്പെടുത്തുന്ന അധ്യാപകന്‍ അതിനെ നിഷേധാത്മകമായി സമീപിക്കുകയാണ് ചെയ്യുന്നത്.അത് കുട്ടികളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കും.ഗുണാത്മകമായ ഫീഡ്ബാക്ക് നല്‍കുന്നതിലൂടെ തെറ്റ് സ്വയം കണ്ടെത്താനും തിരുത്തി മുന്നേറാനും കുട്ടികളെ പ്രാപ്തരാക്കുകയാണ് വേണ്ടത്.
8.ക്ലാസില്‍ ടീച്ചര്‍ കുട്ടികളുടെ സംസാരത്തിന് കാതോര്‍ക്കണം
ടീച്ചറുടെ സംസാരം മാത്രം ഉയര്‍ന്നു കേള്‍ക്കുന്ന ക്ലാസുമുറി സര്‍ഗാത്മകതയുടെ ശവപ്പറമ്പായിരിക്കും.അവിടെ കുട്ടികള്‍ സംസാരിക്കുന്നത് ടീച്ചറുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ മാത്രമായിരിക്കും.ടീച്ചറുടെ വലിയ ശബ്ദം കുഞ്ഞുങ്ങളുടെ നേര്‍ത്ത ശബ്ദത്തെ പതിയെ ഇല്ലാതാക്കും.കുട്ടികളുടെ വായ മൂടിക്കെട്ടിയ ഒരു ക്ലാസുമുറിയില്‍ എങ്ങനെയാണ് പഠനം നടക്കുക?അവിടെ സര്‍ഗാത്മകതയുടെ വിത്തുകള്‍ എങ്ങനെയാണ് മുളപൊട്ടുക?കുട്ടികള്‍ക്ക് പരസ്പരം സംസാരിക്കാന്‍ കഴിയണം.അതിന് ടീച്ചര്‍ കാതോര്‍ക്കണം. ടീച്ചര്‍ കുട്ടികളുമായും നിരന്തരം സംസാരിച്ചുകൊണ്ടിരിക്കണം.
9.ക്ലാസുമുറിയുടെ പരമ്പരാഗത ഘടനയെ മാറ്റിത്തീര്‍ക്കണം
പരമ്പരാഗത ഘടനയിലുള്ള ഒരു ക്ലാസുമുറി സര്‍ഗാത്മക പ്രവര്‍ത്തനത്തിനു വിലങ്ങുതടിയാകും.അവിടെ കുട്ടികള്‍ക്ക് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഇരിപ്പിടത്തില്‍ അധ്യയന സമയം മുഴുക്കെ കുട്ടി ഇരുന്നിരിക്കാന്‍ ബാധ്യസ്ഥനാണ്.സ്വന്തം ഇരിപ്പിടത്തില്‍ നിന്നും എഴുന്നേല്‍ക്കുന്നത് ഗുരുതരമായ അച്ചടക്ക ലംഘനമായി കരുതപ്പെടും.എന്നാല്‍ സര്‍ഗാത്മക ക്ലാസുമുറിയില്‍ കുട്ടികള്‍ക്ക് ചലന സ്വാതന്ത്ര്യം ഉണ്ടായിരിക്കും.ക്ലാസുമുറിയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആവശ്യപ്പെടുന്ന രീതിയില്‍ ഇരിപ്പിടങ്ങള്‍ ക്രമീകരിക്കാന്‍ അതിനു കഴിയും.ചിലനേരങ്ങളില്‍ അത് ഇരിപ്പിടങ്ങളെ പഠനോപകരണങ്ങളാക്കി മാറ്റും.ക്ലാസുമുറിയില്‍ പ്രോപ്പുകളുടെ വലിയ ശേഖരം സൂക്ഷിച്ചിരിക്കും.കുട്ടികളുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യം അവിടെ ഒരുക്കണം.നിശ്ചലമായി നില്‍ക്കുന്ന ഒന്നാകരുത് ക്ലാസുമുറിയുടെ ഘടന.അത് നിരന്തരം മാറിക്കൊണ്ടിരിക്കണം.ഒപ്പം കുട്ടികളുടെ ഇരിപ്പിടങ്ങളും.എപ്പോഴും പുതുമ നിലനിര്‍ത്തിക്കൊണ്ടിരിക്കാന്‍ ക്ലാസുമുറിക്ക് കഴിയണം.
10.ക്ലാസുമുറിയെ പുറംലോകവുമായി ബന്ധിപ്പിക്കണം
ക്ലാസുമുറിയില്‍ നിന്നും കുട്ടികള്‍ക്ക് പുറത്തുപോകാനുള്ള സന്ദര്‍ഭങ്ങള്‍ ഒരുക്കണം.വിദ്യാലയ പരിസരത്തെ അവര്‍ കണ്ടറിയണം.അവിടത്തെ കൃഷിയിടങ്ങള്‍,തൊഴിലിടങ്ങള്‍,മനുഷ്യരുടെ ജീവിതം,പുഴകള്‍,കുന്നുകള്‍,ജലാശയങ്ങള്‍ എന്നിവയൊക്കെ കണ്ടും അറിഞ്ഞും മനസ്സിലാക്കണം.നാടിന്റെ ചരിത്രം അറിയണം.കൃഷിക്കാരേയും തൊഴിലാളികളേയും സാമൂഹ്യപ്രവര്‍ത്തകരേയും ക്ലാസുമുറികളിലേക്കു ക്ഷണിക്കണം.അവരുമായി സംവദിക്കണം.ക്ലാസുമുറിയുടെ വാതായനങ്ങള്‍ കൂടുതല്‍ വിശാലമായ ലോകത്തേക്ക് തുറക്കുമ്പോഴാണ് അവരുടെ ചിന്തകള്‍ക്ക് ചിറക് മുളയ്ക്കുക.കുട്ടികള്‍ ഭാവി ലോകത്തെക്കുറിച്ച് സ്വപ്നം കാണാന്‍ തുടങ്ങുക.
Great steps
ReplyDelete