ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Wednesday 12 October 2016

തകഴിയുടെ ഓണവും ക്ലാസിലെ പിള്ളേരുകളിയും


ആറാം ക്ലാസ് അടിസ്ഥാന പഠാവലിയിലെ തകഴി ശിവശങ്കരപ്പിള്ളയുടെ 'ഓണം-അന്നും ഇന്നും' എന്ന പാഠം പഠിക്കുകയായിരുന്നു കുട്ടികള്‍.തകഴിയുടെ ഓണാനുഭവങ്ങളേയും  സ്വാനുഭവങ്ങളേയും കോര്‍ത്തിണക്കിക്കൊണ്ട്  ദൃശ്യാവിഷ്ക്കാരം നടത്താനുള്ള പുറപ്പടിലാണ് അവര്‍.

നിമിഷനേരം കൊണ്ട്  ക്ലാസുമുറിയെ തങ്ങള്‍ക്ക് നാടകം കളിക്കാനുള്ള ഒരിടമാക്കി കുട്ടികള്‍ മാറ്റിത്തീര്‍ത്തു.

ക്ലാസിലെ മുപ്പത്തിരണ്ട് കുട്ടികള്‍ക്ക് ഒരുമിച്ച് നാടകം കളിക്കണമെങ്കില്‍ പരമാവധി സ്ഥലം കണ്ടെത്തണം.അവര്‍ ഡസ്ക്കുകളും ബെഞ്ചുകളും ചുമരിനോട് ചേര്‍ത്തിട്ടു.മേശയും കസേരയും അരികിലേക്ക് ഒതുക്കിയിട്ടു.


മുഴുവന്‍  കുട്ടികളും നാലു ഗ്രൂപ്പുകളായി മാറി. ക്ലാസുമുറിയുടെ നാലു മൂലകള്‍ ഓരോ ഗ്രൂപ്പിനും അനുവദിച്ചു.ഈ മൂലകളാണ് അവരുടെ രംഗവേദി.ഇവിടെ നിന്നുകൊണ്ടാണ് അവര്‍ ഓണക്കാലത്തിന്റെ ദൃശ്യാവിഷ്ക്കാരം നടത്തുക.

ദൃശ്യാവിഷ്ക്കാരത്തിന് പ്രോപ്പര്‍ട്ടികള്‍ വേണം.പ്രോപ്പര്‍ട്ടികള്‍ കുട്ടികളുടെ ഭാവനയെ ഉണര്‍ത്തും.അത് അവരില്‍ പുതിയ ചിന്തകള്‍ രൂപപ്പെടുത്തി ആവിഷ്ക്കാരം മികവുറ്റതാക്കും.സാധാരണയായി പ്രോപ്പുകള്‍ ശേഖരിക്കാനായി ഞാനവരെ ക്ലാസിനു പുറത്തേക്കു വിടാറുണ്ട്.പക്ഷേ,ഇത്തവണ അതുണ്ടായില്ല. സമയക്കുറവായിരുന്നു കാരണം.പകരം ക്ലാസുമുറിക്കകത്ത് ലഭ്യമായവ മാത്രം ഉപയോഗിക്കാന്‍ പറഞ്ഞു.അതൊരു വെല്ലുവിളിയായി കുട്ടികള്‍ ഏറ്റെടുത്തു.


 ക്ലാസിനകത്തുനിന്നും ശേഖരിക്കാവുന്നവ പരിമിതമാണ്.എങ്കിലും കുട്ടികളുടെ ബാഗും കുടയും പെന്‍സില്‍ബോക്സും,വേസ്റ്റ് ബിന്നും ചൂലും ബെഞ്ചിന്റെ ഒടിഞ്ഞ കാലുകളും കസേരയും ഡസ്ക്കുകളും ഷാളുകളുമൊക്ക അവര്‍ പ്രോപ്പുകളാക്കി.അവരുടെ ഭാവന ചിറകുവിടര്‍ത്തിയപ്പോള്‍ ഈ വസ്തുക്കളോരോന്നും മറ്റൊന്നായി മാറി.ഡസ്ക്കിനുമുകളില്‍ മലര്‍ത്തിവെച്ച ബെഞ്ച് വള്ളമായി.കുട തുഴയായി.വേസ്റ്റ് ബിന്‍ പൂക്കൂടയും ചോറ്റുകൂട്ടയുമായി.ചൂല് ഓണസദ്യയൊരുക്കും നേരത്തെ ചിരവയായി.ഷാള്‍ ഊഞ്ഞാലും കമ്പക്കയറുമായി.കസേര ജന്മിക്കിരിക്കാനുള്ള ഇരപ്പിടമായി.ബെഞ്ചില്‍ നിന്നും ഊരിയെടുത്ത വാരി തമ്പ്രാനു സമര്‍പ്പിക്കാനുള്ള ഓണക്കാഴ്ച കെട്ടിത്തൂക്കാനുള്ള തണ്ടായി.പ്ലാസ്റ്റിക്ക് സഞ്ചികളാണ് പഴക്കുലകള്‍...

  ക്ലാസിന്റെ നാലു മൂലകളിലായി ദൃശ്യാവിഷ്ക്കാരത്തിനു കോപ്പുകൂട്ടുന്ന കുട്ടികള്‍ക്ക് ഞാന്‍ ആദ്യം നല്‍കിയ വിഷയം 'തകഴിയുടെ കാലത്ത് ഓണപ്പൂവിറുക്കുന്ന കുട്ടികള്‍' എന്നതായിരുന്നു.

ഓരോ ഗ്രൂപ്പിലേയും  കുട്ടികള്‍ ഒരുമിച്ചു കൂടി ആലോചിക്കാന്‍ തുടങ്ങി.ആലോചനയ്ക്ക് മുന്നുമിനുട്ട് സമയം മാത്രമേയുള്ളു.അതിനുള്ളില്‍ അവതരണത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കണം.ആരൊക്കെ,എങ്ങനെ, എവിടെയൊക്കെ എന്നതിനെക്കുറിച്ചും എന്തൊക്കെ പ്രോപ്പുകള്‍ ഉപയോഗിക്കണം എന്നതിനെക്കുറിച്ചും.തര്‍ക്കിച്ച് നില്‍ക്കാന്‍ സമയമില്ല.പെട്ടെന്ന് അഭിപ്രായ സമന്വയത്തിലെത്തണം.ഒരു മിനുട്ട് ദൃശ്യത്തെ നിശ്ചലമാക്കണം.അപ്പോഴത്തെ നിശബ്ദതയില്‍ ദൃശ്യത്തിനുയോജിച്ച സംഗീതം ഒഴുകിയെത്തും.സംഗീതം നിലച്ചാല്‍ ആവിഷ്ക്കാരം പൂര്‍ത്തിയായി.


 ഈ അവതരണത്തിന് ഒരു പ്രത്യേകതയുണ്ട്.ഇവിടെ കാഴ്ചക്കാരില്ല.എല്ലാവരും ഒരുമിച്ചാണ് അവതരിപ്പിക്കുന്നത്.കാഴ്ചക്കാരനായി ഞാന്‍ മാത്രമേയുള്ളു.ഓരോ അവതരണത്തിനു ശേഷമുള്ള എന്റെ ഫീഡ്ബാക്കും വിലയിരുത്തലും പ്രധാനമാണ്.വേണമെങ്കില്‍ ഓരോ ഗ്രൂപ്പിനും പോയിന്റുകള്‍ നല്‍കാം.ഗ്രൂപ്പുകളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന രീതിയിലായിരിക്കണം നമ്മുടെ വിലയിരുത്തല്‍.
ഈ രീതിയില്‍ വിഷയങ്ങള്‍ ഒന്നൊന്നായി നല്‍കിക്കൊണ്ടിരുന്നു.ഇന്നത്തെ കുട്ടികളുടെ പൂശേഖരണം,പൂവിടല്‍,വള്ളം കളി,മാവേലിയുടെ എഴുന്നള്ളത്ത്,ഓണ നാളിലെ ജന്മിയും കുടിയാനും,തിരുവാതിരക്കളി,കുടിയാന്റെ വീട്ടിലെ ഓണം,ഓണനാളിലെ ഊഞ്ഞാലാട്ടം....


ഓരോ അവതരണത്തിനും നല്‍കുന്ന സംഗീതം പ്രധാനമാണ്.അത് കുട്ടികളെ വൈകാരികമായി സ്വാധീനിക്കും.അവരുടെ ഭാവനയെ ഉത്തേജിപ്പിക്കാന്‍ അതിനു കഴിയും.ഒരു ആവിഷ്ക്കാരത്തിനു നല്‍കിയ സംഗീതത്തിന്റെ പ്രതിഫലനം അടുത്തതില്‍ കാണാം.ആവിഷ്ക്കാരത്തിന്റെ തലം ഒരു പടികൂടി ഉയരും.പുതിയ ആശയങ്ങളും ആലോചനകളും ആവിഷ്ക്കാരത്തില്‍ കടന്നുവരും.

 ഗ്രൂപ്പിലെ അംഗങ്ങള്‍ക്കിടയിലെ ആശയവിനിമയശേഷി വികസിക്കുന്നത് ക്ലാസില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴാണ്.പരിമിതമായ സമയത്തിനുള്ളില്‍ ഒത്തൊരുമിച്ച് ഒരു ഉത്പ്പന്നം ഉണ്ടാക്കിയെടുക്കുക എന്നതാണ് കുട്ടികളുടെ മുന്നിലെ പ്രധാന വെല്ലുവിളി.അംഗങ്ങള്‍ പരസ്പരം നന്നായി സംവദിച്ചാലെ ഇതു സാധ്യമാകൂ.നിശ്ചിത സമയത്തിനുള്ളില്‍ ചില തീരുമാനങ്ങള്‍ എടുക്കേണ്ടിവരും.വിട്ടുവീഴ്ച ചെയ്യേണ്ടി വരും.പൊതു തീരുമാനങ്ങള്‍ എല്ലാവരും അംഗീകരിക്കേണ്ടി വരും.കടുംപിടുത്തക്കാരായ കുട്ടികള്‍ക്ക് നിര്‍ബന്ധമായും ഗ്രൂപ്പിന്റെ പൊതു തീരുമാനങ്ങള്‍ക്ക് വഴിപ്പെടേണ്ടതായി വരും.

അടിസ്ഥാനപാഠാവലിയിലെ രണ്ടാം യൂണിറ്റായ 'കേരളീയ'ത്തിലെ അവസാന ഖണ്ഡമാണ് 'ഓണം-അന്നും ഇന്നും'.ഓണാവധി കഴിഞ്ഞെത്തിയതാണ്  കുട്ടികള്‍. അവരുടെ ഓണാനുഭവത്തെ മുന്‍നിര്‍ത്തി ഈ ഭാഗം ആദ്യം പഠിപ്പിക്കുന്നതായിരിക്കും ഉചിതമെന്ന് ഞാന്‍ കരുതി.

ഓണാവധി എങ്ങനെ ചെലവഴിച്ചു എന്നു ചോദിച്ചുകൊണ്ടായിരുന്നു തുടക്കം.പിന്നീട് അവര്‍ ഓണവുമായി ബന്ധപ്പെട്ട് സ്വാനുഭവം എഴുതി.എഴുതിയത് ചിലര്‍ അവതരിപ്പിച്ചു.
അര്‍ജ്ജുന്‍ന്റെ അവതരണത്തെ വിലയിരുത്തിയത് അഖിലേഷ് ആയിരുന്നു.
"മാഷേ, ഇത് അനുഭവ വിവരണമല്ല.ഓണദിവസത്തെ ഡയറി."അവന്‍ എഴുന്നേറ്റ് നിന്ന് പറഞ്ഞു.
"ഡയറിയും അനുഭവവിവരണവും തമ്മില്‍ എന്താണ് വ്യത്യാസം?"ഞാന്‍ ചോദിച്ചു.
"അത് അറിയില്ല.പക്ഷേ, ഇത് അനുഭവവിവരണമല്ല."അഖിലേഷ്  ഉറപ്പിച്ച് പറഞ്ഞു.


 "ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ?” ഞാന്‍ എല്ലാവരോടുമായി ചോദിച്ചു.
കുട്ടികള്‍ ആലോചിച്ചു.
"മാഷേ,ഡയറി ഒരു ദിവസത്തെ അനുഭവമാണ്.അനുഭവവിവരണം അങ്ങനെയാവണമെന്നില്ല."സ്വാതി ലക്ഷ്മി പറഞ്ഞു.
"പിന്നെ?”
"അത് ജീവിതത്തിലുണ്ടായ ഒരു സംഭവത്തെക്കുറിച്ചോ കുറേ ദിവസത്തെ അനുഭവത്തെക്കുറിച്ചോ ഒക്കെയാവാം.”
"ഡയറിയിലെ ഭാഷയായിരിക്കില്ല അനുഭവവിവരണത്തിന്റേത്.” ആദിത്യ പറഞ്ഞു.
"അത് ഡയറിയേക്കാള്‍ നീണ്ടതായിരിക്കും."അവിനാശ് പറഞ്ഞു.
"തെളിച്ചമുള്ള ഭാഷയായിരിക്കും."വിവേക് പറഞ്ഞു.
 അവന്‍ എന്താണാവോ ഉദ്ദേശിച്ചത്?


കുട്ടികള്‍ പറഞ്ഞതൊക്കെ ഞാന്‍ ബോര്‍ഡില്‍ കുറിച്ചിട്ടു.
ഈ മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു പിന്നീടുള്ള അവതരണങ്ങളെ വിലയിരുത്തിയത്.
ചിലരുടേത് ഡയറിയായിട്ടുണ്ട്. എന്നാല്‍ ഭൂരിഭാഗം കുട്ടികളും മികച്ച രീതിയില്‍ എഴുതിയിരിക്കുന്നു.
എനിക്ക് സന്തോഷം തോന്നി. 


ഇനി തകഴിയുടെ ഓണാനുഭവമാണ് വായിക്കേണ്ടത്.അത് വിശകലനം ചെയ്യുന്നതോടെ  അനുഭവവിവരണം എന്താണെന്നതിനെക്കുറിച്ച് കുട്ടികള്‍ക്ക് കൂടുതല്‍ വ്യക്തത വരും.

  പാഠത്തിലേക്ക് കടക്കുന്നതിന്ന് മുമ്പ് രസകരമായ മറ്റൊരു പ്രവര്‍ത്തനംകൂടി ചെയ്തു-കുട്ടികള്‍ അവരുടെ ശരീരം കൊണ്ട് പൂക്കളം തീര്‍ത്തു.ക്ലാസിലെ മുഴുവന്‍ കുട്ടികളേയും രണ്ടു ഗ്രൂപ്പുകളാക്കി.ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും വെവ്വേറെ ഗ്രൂപ്പുകള്‍.
ഓരോ ഗ്രൂപ്പും മത്സര ബുദ്ധിയോടെ മാറിമാറി പൂക്കളം തീര്‍ത്തു.കിടന്നും ഇരുന്നും തല ചേര്‍ത്തുവെച്ചും കൈകാലുകല്‍ നീട്ടി വെച്ചുമൊക്കെ കുട്ടികള്‍ തങ്ങളുടെ ശശരീരത്തെ പൂക്കളായി നിലത്ത് വിന്യസിച്ചുകൊണ്ടിരുന്നു..വിവിധ പാറ്റേണുകളില്‍ വ്യത്യസ്തമായ നിരവധി പൂക്കളങ്ങള്‍.


 കുട്ടികള്‍ ഏറെ താത്പര്യത്തോടെയായിരുന്നു തകഴിയുടെ 'ഓണം- അന്നും ഇന്നും' എന്ന പാഠഭാഗം വായിച്ചത്.പാഠഭാഗത്തു നല്‍കിയ മദനന്റെ മനോഹരമായ ചിത്രങ്ങളുടെ വായനയില്‍ തുടങ്ങിയത് അവരുടെ തത്പര്യം ഒന്നുകൂടി വര്‍ദ്ധിപ്പിച്ചു.വായനയ്ക്കു ശേഷം അവര്‍ നേരത്തെ എഴുതിയ അനുഭവ വിവരണത്തിലേക്ക് ഒരിക്കല്‍ കൂടി വന്നു.

"എന്തു തോന്നുന്നു?"ഞാന്‍ ചോദിച്ചു.
"ഒന്നു ആഞ്ഞു പിടിച്ചാല്‍ തകഴിയുടേത് പോലെ എഴുതാന്‍ കഴിയും."ആകാശ് അവന്റെ ഷര്‍ട്ടിന്റെ കോളര്‍ ഒന്നു വലിച്ചുയര്‍ത്തിക്കൊണ്ട് ഗമയില്‍ പറഞ്ഞു.
അത് കേട്ട് എല്ലാവരും ചിരിച്ചു.
"തകഴി ആകാശ് പിള്ള."ഉടന്‍ വന്നു അശ്വിനിയുടെ കമന്റ്.



പാഠത്തിന്റെ ആഴത്തിലുള്ള വായനയായിരുന്നു കുട്ടികളുടെ ദൃശ്യാവിഷ്ക്കാരം.ദൃശ്യാവിഷ്ക്കാരത്തിലൂടെ കുട്ടികള്‍ സ്വാനുഭവത്തെ തകഴിയുടെ ഓണാനുഭവവുമായി ചേര്‍ത്തുവച്ചു.തകഴിയുടെ കുട്ടിക്കാലത്തിലേക്ക് ഒരു സാങ്കല്‍പ്പിക സഞ്ചാരം നടത്തി.അന്നത്തേയും ഇന്നത്തേയും ഓണത്തെ ഭാവനയില്‍ പുനഃസൃഷ്ടിച്ചു.അത് കുട്ടികളുടെ  വൈകാരികാനുഭവമായി മാറി.ഇനി പോകേണ്ടത് പ്രസംഗം എന്ന വ്യവഹാര രൂപത്തിലേക്കാണ്.കുട്ടികള്‍ക്ക് താരതമ്യേന പ്രയാസമുള്ള മേഖലയാണത്.പ്രസംഗം എഴുതി തയ്യാറാക്കിയാല്‍ മാത്രം പോര.വേദിയില്‍ നിന്ന് പ്രസംഗിക്കണം.

'ഓണം- അന്നും ഇന്നും' എന്ന വിഷയത്തെക്കുറിച്ച് പ്രസംഗിക്കാന്‍ മാത്രം  കുട്ടികളുടെ മനസ്സിപ്പോള്‍ ആശയപരമായി സമ്പുഷ്ടമാണ്.ഇനി ആ നനവില്‍ ഭാഷ കിളിര്‍ക്കും.പ്രസംഗത്തിന്റെ ഭാഷ.....


തുടരും 


 

No comments:

Post a Comment