ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Sunday, 23 October 2016

പ്രസംഗം വരുന്ന വഴി


ക്ലാസിലെ ഒരു പ്രസംഗവേദിയാണ് ഈ ഫോട്ടോ.വിഷയം: ഓണം-അന്നും ഇന്നും.

 സാധാരണയായി ഈ ക്ലാസില്‍ നിന്നും ഒരു കുട്ടിമാത്രമാണ് പ്രസംഗത്തിനായി മുന്നോട്ടു വരിക.എന്നാല്‍ ഇപ്പോള്‍ ക്ലാസിലെ ഏതാണ്ട് മുഴുവന്‍ കുട്ടികള്‍ക്കും പ്രസംഗിക്കണം.സമയ പരിമിതി കാരണം ആദ്യഘട്ടത്തില്‍ കുറച്ചു കുട്ടികള്‍ക്കാണ് അവസരം.അടുത്ത ക്ലാസില്‍ മറ്റുള്ളവര്‍ക്കും പ്രസംഗിക്കാം.

പ്രസംഗം എന്ന ആവിഷ്ക്കാരം  ഭാഷയെ സര്‍ഗ്ഗാത്മകമായി ഉപയോഗിക്കുന്നതിന്റ ഉയര്‍ന്ന തലമാണ്.വേദിയില്‍ കയറി ഗംഭീരമായി ഒന്നു പ്രസംഗിക്കണം എന്നൊക്കെ ആഗ്രഹിക്കാത്ത കുട്ടികളുണ്ടാവില്ല.പക്ഷേ, കുട്ടികള്‍ക്ക് പ്രസംഗത്തെ പേടിയാണ്.എന്തായിരിക്കും ഇതിനു കാരണം?
ഒന്ന് : സഭാകമ്പം
രണ്ട് : ആശയപരമായ ദാരിദ്ര്യം
മൂന്ന്  :  ഒഴുക്കോടെ സംസാരിക്കാനുള്ള പ്രയാസം


ആദ്യം പറഞ്ഞ രണ്ടു മേഖലകളിലാണ് കുട്ടികള്‍ക്ക് കൂടുതല്‍  പ്രയാസം.ഇത് തരണം ചെയ്യുന്ന കുട്ടികള്‍ക്ക് മൂന്നാമത്തേത് ഒരു പ്രശ്നമായിരിക്കില്ല.ഈ മേഖലയില്‍ പ്രയാസം അനുഭവിക്കുന്ന ചുരുക്കം ചില കുട്ടികളെ ഒഴിച്ചു നിര്‍ത്തിയാല്‍.

  വിഷയത്തെക്കുറിച്ച് ആശയപരമായ ധാരണ രൂപീകരിക്കുക എന്നതാണ് പ്രസംഗത്തില്‍ പ്രധാനം.കുട്ടിയുടെ മനസ്സില്‍ നിറഞ്ഞു കവിയുന്ന ആശയമാണ് പ്രസംഗിക്കാനുള്ള അവളുടെ ആത്മവിശ്വാസം.ഇങ്ങനെ ആത്മവിശ്വാസം നേടുന്ന കുട്ടിക്ക് സഭാകമ്പം ഒരു പ്രശ്നമാകാനിടയില്ല.വളരെ എളുപ്പത്തില്‍ അവള്‍ക്കതിനെ മറികടക്കാന്‍ കഴിഞ്ഞേക്കും.

 പ്രസംഗം എന്ന വ്യവഹാരരൂപത്തെ ക്ലാസുമുറിയില്‍ എങ്ങനെയാണ് പരിഗണിക്കേണ്ടത്?

പ്രസംഗിക്കാനുള്ള വിഷയത്തെക്കുറിച്ചുള്ള ആശയപരമായ ധാരണ കുട്ടികളില്‍ രൂപീകരിക്കുകയാണ് ആദ്യം വേണ്ടത്.ധാരണ രൂപീക്കരിച്ചാല്‍  മാത്രം പോര.അത് കുട്ടിയുടെ മനോഘടനയുടെ ഭാഗമാക്കുകയും വേണം.അപ്പോഴാണ് വിഷയത്തെക്കുറിച്ച് കുട്ടികള്‍ ആഴത്തില്‍ ആലോചിക്കുക.വിവിധ കോണുകളിലൂടെ കുട്ടികള്‍ അതിനെ   നോക്കിക്കാണുക.അത് വിഷയത്തെക്കുറിച്ചുള്ള സ്വന്തം അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും രൂപീകരിക്കപ്പെടുന്നതിലേക്ക് കുട്ടികളെ നയിക്കും.ഇതാണ് പ്രസംഗത്തിനുള്ള കുട്ടിയുടെ ആശയപരമായ തയ്യാറെടുപ്പ്.

 ഇനി ആദ്യം സൂചിപ്പിച്ച ഫോട്ടോയിലേക്ക് തന്നെ വരാം.ഓണം-അന്നും ഇന്നും എന്ന തകഴി ശിവശങ്കര പിള്ളയുടെ പാഠം പഠിക്കുന്ന സന്ദര്‍ഭത്തിലാണ്  ഈ വിഷയത്തെക്കുറിച്ച് കുട്ടികളോട് പ്രസംഗം എഴുതി തയ്യാറാക്കാന്‍ പാഠപുസ്തകം ആവശ്യപ്പെടുന്നത്.

 തന്റെ കുട്ടിക്കാലത്തെ  ഓണാഘോഷത്തെക്കുറിച്ചുള്ള ഓര്‍മ്മകളാണ് തകഴിയുടെ ഓണം-അന്നും ഇന്നും.ഈ പാഠത്തിന്റെ ദ്യശ്യാവിഷ്ക്കാരം കുട്ടികള്‍ സംഘംചേര്‍ന്ന് ഒരു വിധം നന്നായി ചെയ്യുകയുണ്ടായി. (ഇതിന്റ വിശദാംശങ്ങള്‍ കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്-തകഴിയുടെ ഓണവും ക്ലാസിലെ പിള്ളേരുകളിയും.)

പാഠത്തിന്റെ ദൃശ്യാവിഷ്ക്കാരം പ്രസംഗത്തിനുള്ള ഒരു തയ്യാറെടുപ്പ് കൂടിയായിരുന്നു.എങ്ങനെ?

  • ദ്യശ്യാവിഷ്ക്കാരം കുട്ടികളെ പാഠഭാഗം ആഴത്തില്‍ മനസ്സിലാക്കുന്നതിലേക്ക് നയിച്ചു.ഓരോന്നിന്റേയും വിശദാംശങ്ങള്‍ വിവിധ വീക്ഷണകോണിലൂടെ അവര്‍ പരിശോധിച്ചു.
  • ദ്യശ്യാവിഷ്ക്കാരത്തിലൂടെ പാഠഭാഗത്തെ കുട്ടികള്‍ തങ്ങളുടെ വൈകാരിക അനുഭവമാക്കി മാറ്റി.
  • ദ്യശ്യാവിഷ്ക്കാരം ഒരു വെല്ലുവിളിയായി കുട്ടികള്‍ ഏറ്റെടുത്തതോടെ ഗ്രൂപ്പ് അംഗങ്ങള്‍ക്കിടയിലെ വര്‍ദ്ധിച്ച ആശയവിനിമയം വിഷയത്തെക്കുറിച്ച് വേണ്ടത്ര ധാരണ രൂപീകരിക്കാനുള്ള അവസരം കുട്ടികള്‍ക്കു നല്‍കി.

പ്രസംഗം തയ്യാറാക്കുന്നതിന്റെ മുന്നോടിയായി പാഠഭാഗത്ത് നല്‍കിയ രണ്ടു കവിതാഖണ്ഡങ്ങളിലെ ആശയം താരതമ്യം ചെയ്യാന്‍ പറയുന്നുണ്ട്.എന്‍.വി.യുടെ 'ഓണം 1987' എന്ന കവിതയും നെടുമുടി ഹരികുമാറിന്റെ 'ഫ്ളാറ്റിലെ ഓണവും'.രണ്ടു കവിതകളുടേയും വിശകലനം കുട്ടികളുടെ ആശയതലം ഒന്നുകൂടി ഉയര്‍ത്തി.

 പാഠപുസ്തകം പ്രസംഗം എഴുതിത്തയ്യാറാക്കാനാണ് പറയുന്നത്.
ശരിക്കും അങ്ങനെയാണോ വേണ്ടത്?


പ്രസംഗം എന്നത് ഒരു അവതരണ കലയാണ്.സാധാരണയായി പ്രസംഗം   എഴുതിത്തയ്യാറാക്കുന്നത് വേദിയില്‍ പ്രസംഗിക്കാനാണ്. പ്രസംഗം എന്ന  അവതരണത്തിനുള്ള ഒരു തയ്യാറെടുപ്പാണത്.പ്രസംഗാവതരണവുമായി ബന്ധിപ്പിച്ചുമാത്രമേ തയ്യാറെടുപ്പിനെ കാണാനാവൂ.


പ്രസംഗത്തിന്റ ഭാഷ കുട്ടികള്‍ സ്വായത്തമാക്കുന്നത് എപ്പോഴാണ്?

സ്വയം പ്രസംഗിക്കാനുള്ള അവസരം ലഭിക്കുന്നതിലൂടെയാണ് കുട്ടികള്‍ പ്രസംഗഭാഷ സ്വായത്തമാക്കുന്നത്.ഒപ്പം മറ്റുള്ളവരുടെ നല്ല പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ കുട്ടികള്‍ക്ക് അവസരമുണ്ടാകണം..


ക്ലാസില്‍ കുട്ടികള്‍ക്ക് പ്രസംഗിക്കാനുള്ള അവസരം കൊടുക്കുകയാണ് ഞാന്‍ അടുത്ത ഘട്ടത്തില്‍ ചെയ്തത്.ഇതിനായി 'ഓണം-അന്നും ഇന്നും' എന്ന വിഷയത്തെക്കുറിച്ച് പ്രസംഗിക്കാന്‍ ആവശ്യമായ ആശയങ്ങളുടെ സൂചനകള്‍ മാത്രം കുറിച്ചിടാന്‍ പറഞ്ഞു.

കുട്ടികള്‍ കുറച്ച് സമയം ആലോചിച്ചിരുന്നു.പിന്നീട് നോട്ടുപുസ്തകത്തില്‍ കുറിച്ചിടാന്‍ തുടങ്ങി.
അഖിലേഷ് കുറിച്ചിട്ട സൂചനകള്‍ ഇവയായിരുന്നു.


 -ഓണം എന്നത് മലയാളികളുടെ പ്രധാനപ്പെട്ട ആഘോഷമാണ്
ഇന്നു കാണുന്ന രീതിയിലല്ല പണ്ടത്തെ ഓണം-നാടന്‍
പൂക്കള്‍,പൂവിറുക്കല്‍,സ്വന്തം പറമ്പില്‍ വിളയിച്ചെടുക്കുന്ന കാര്‍ഷിക വിളകള്‍,പൂക്കളമൊരുക്കല്‍ ഓണസദ്യ,ഓണക്കളികള്‍


-ഇന്നത്തെ ഓണം വ്യത്യസ്തമാണ്-എല്ലാം മാര്‍ക്കറ്റില്‍ നിന്നും വാങ്ങിക്കുന്നു,ഓണം കച്ചവടച്ചരക്കായി മാറിയിരിക്കുന്നു,പഴയ ആഘോഷങ്ങള്‍ ഇന്നില്ല.എങ്കിലും നാം എല്ലാവരും ഓണം ആഘോഷിക്കുന്നു.


ഇനി ഈ സൂചനകള്‍ വികസിപ്പിച്ച് പ്രസംഗിക്കണം.ആലോചനയ്ക്കായി വീണ്ടും അഞ്ചുമിനുട്ട് സമയം നല്‍കി.
"മാഷെ,പ്രസംഗിക്കുന്നതിനിടയില്‍ ഈ സൂചനകള്‍ നോക്കാന്‍ പാടുണ്ടോ?”
അവിനാശ് ചോദിച്ചു.
"ആവശ്യമെങ്കില്‍ തീര്‍ച്ചയായും നോക്കാം."ഞാന്‍ പറഞ്ഞു.


ക്ലാസിലെ ആറു കുട്ടികള്‍ ഒഴികെ ബാക്കിയെല്ലാവരും പ്രസംഗിക്കാനായി മുന്നോട്ടു വന്നു.
"എന്തുപറ്റി ?"ഞാനവരോട് ചോദിച്ചു.
"പേടി..."ഒരു കുട്ടി പറഞ്ഞു.
ആശയങ്ങളെ മനസ്സില്‍ ക്രമപ്പെടുത്തി പറയാന്‍ കഴിയാത്തതാണ്  അവരുടെ പ്രശ്നം.
"സാരമില്ല."ഞാന്‍ അവരെ സമാധാനിപ്പിച്ചു."അടുത്ത ക്ലാസിലേക്ക് തയ്യാറായിക്കൊള്ളു.”


പ്രസംഗം ആരംഭിക്കുന്നതിനു മുന്നോടിയായി കുറച്ചു കുട്ടികളെ മാത്രം വേദിയലേക്ക് ക്ഷണിച്ചു.സമയക്കുറവായിരുന്നു കാരണം.ബാക്കിയുള്ളവര്‍ക്ക് അടുത്തക്ലാസില്‍ അവസരം.
പ്രസംഗിക്കാനില്ലെന്നു പറഞ്ഞ അതുലായിരുന്നു സ്വാഗതം പറഞ്ഞത്.


കുട്ടികള്‍ ഓരോരുത്തരായി പ്രസംഗം തുടങ്ങി.ഒരു പ്രാസംഗികന്റെ മട്ടിലും ഭാവത്തിലുമാണ് ഓരോരുത്തരുടേയും സംസാരം.ചിലര്‍ ഇടയക്ക് പുസ്തകം തുറന്ന് കുറിച്ചിട്ട സൂചനകള്‍ നോക്കുന്നു.മറ്റു ചിലര്‍ പുസ്തകം തുറയ്ക്കാതെ ഒഴുക്കോടെ സംസാരിക്കുന്നു.
ഓരോ പ്രസംഗത്തേയും മറ്റുള്ളവര്‍  കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.


പ്രസംഗത്തിനു ശേഷമായിരുന്നു കുട്ടികള്‍ പ്രസംഗം എഴുതാനിരുന്നത്.ഓരോരുത്തരും തങ്ങളുടെ പ്രസംഗത്തെ ഒന്നുകൂടി മെച്ചപ്പെടുത്തിയാണ് എഴുതേണ്ടത് എന്നതായിരുന്നു എന്റെ നിര്‍ദ്ദേശം.

ഇപ്പോള്‍ ആശയദാരിദ്ര്യം കുട്ടികളെ അലട്ടുന്നില്ല.ഓരോരുത്തരും മൂന്നും നാലും പേജൊക്കെയാണ് എഴുതിയിരിക്കുന്നത്.
ഇതില്‍ നിന്നും ഒരു കാര്യം എനിക്ക് ബോധ്യപ്പെട്ടു.ആദ്യം കുട്ടികള്‍ ക്ലാസില്‍ പ്രസംഗിക്കണം.പിന്നീട് അത് എഴുതിയാല്‍ മതി.അപ്പോഴാണ് കുട്ടികളുടെ പ്രസംഗവും എഴുത്തും ജീവസ്സുറ്റതാകുക.അതോടെ കുട്ടികള്‍ പ്രസംഗത്തെ ഇഷ്ടപ്പെടും.അവര്‍ നല്ല കേള്‍വിക്കാരും പ്രാസംഗികരുമാകും.

സ്ക്കൂള്‍ കലോത്സവത്തിനിടയില്‍ അശ്വിനിയും സ്വാതിയും അര്‍ജുനും എന്നെ വന്നു കണ്ടു.
"മാഷേ,പ്രസംഗത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം ഞങ്ങളുടെ ക്ലാസിന്."കുട്ടികള്‍ സന്തോഷത്തോടെ പറഞ്ഞു.
ആ ക്ലാസില്‍ അശ്വിനിമാത്രമാണ് നേരത്തെ പ്രസംഗത്തിന് മുന്നോട്ടുവരാറുണ്ടായിരുന്ന ഓരേയൊരു കുട്ടി.ബാക്കി രണ്ടുപേരും ആദ്യമായി പ്രസംഗമത്സരത്തില്‍ പങ്കെടുത്തവരും.


No comments:

Post a Comment