ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Sunday, 12 February 2017

ഒരു വിദ്യാലയത്തെ ഇങ്ങനെയാണ് ജനങ്ങള്‍ ഏറ്റെടുക്കുന്നത്...


സ്ക്കൂള്‍ വികസനത്തിനായുള്ള ഒരു പ്രാദേശിക കൂട്ടായ്മയുടെ യോഗമാണ് ചിത്രത്തില്‍.യോഗത്തിനെത്തിയവര്‍ തെരഞ്ഞെടുക്കുന്ന,സ്ഥലത്തെ  ഒരു പ്രധാനവ്യക്തിയായിരിക്കും അധ്യക്ഷന്‍.ഇതുമായി ബന്ധപ്പെട്ട് സ്ക്കൂളില്‍ ചേര്‍ന്ന ആദ്യയോഗത്തില്‍ നിന്നും തെരഞ്ഞെടുത്ത  കണ്‍വീനറാണ്  യോഗത്തില്‍ സ്വാഗതം പറയുക.ഹെഡ്മാസ്റ്റര്‍,ഓരോ പ്രദേശത്തേയും കൂട്ടായ്കമളുടെ ചുമതലയുള്ള രണ്ടോ മൂന്നോ അധ്യാപികമാര്‍,ആ പ്രദേശത്തുനിന്നുള്ള പി.ടി.എ എക്സിക്യുട്ടീവ് അംഗങ്ങള്‍ എന്നിവര്‍ യോഗ നടത്തിപ്പിന്റെ ചുമതല വഹിക്കും. 


പ്രദേശത്തിലെ മുഴുവന്‍ ആളുകളേയും നേരിട്ടുകണ്ട് നോട്ടീസ് നല്‍കി കൂട്ടായ്മയിലേക്ക് ക്ഷണിക്കും.കൂടാതെ ക്ലബ്ബുകളുടെ ഭാരവാഹികള്‍,കുടുംബശ്രീകള്‍,രാഷ്ടീയപ്പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ക്കും പ്രത്യേകം കത്ത് നല്‍കി യോഗത്തിലേക്ക് ക്ഷണിക്കും.
പ്രദേശവാസികള്‍ക്ക് എത്തിപ്പെടാന്‍ പറ്റുന്ന ഏതെങ്കിലും ഒരു പൊതു സ്ഥലത്തായിരിക്കും അതാതുപ്രദേശത്തുള്ളവര്‍ കൂടിയിരിക്കുക..ക്ലബ്ബുകള്‍,വായനശാലകള്‍,അംഗന്‍വാടികള്‍,ഭജനമന്ദിരങ്ങള്‍എന്നവയില്‍ ഏതെങ്കിലുമൊന്ന്.


സ്ക്കൂളിന്റെ വികസനപ്രവര്‍ത്തനമാണ് യോഗത്തിന്റെ മുഖ്യ അജണ്ട.
2024ഓടെ നൂറു വര്‍ഷം പൂര്‍ത്തിയാക്കാന്‍ തുടങ്ങുന്ന ഒരു വിദ്യാലയം ഇനി എങ്ങനെയാണ് മുന്നോട്ടുപോകേണ്ടത്?ഭൗതിക സൗകര്യങ്ങളുടെ കാര്യത്തില്‍ ഇനി എന്തെല്ലാം മാറ്റങ്ങളാണ് വേണ്ടത്?അക്കാദമിക പ്രവര്‍ത്തനങ്ങളുടെ കാര്യത്തിലുള്ള മികവുകളും തുടര്‍പ്രവര്‍ത്തനങ്ങളും എന്തെല്ലാമാണ്?..
തുടങ്ങിയവയാണ് യോഗത്തിന്റെ പ്രധാന ചര്‍ച്ചാവിഷയങ്ങള്‍.


 ഹെഡ്മാസ്റ്റര്‍ സ്ക്കൂള്‍ സമഗ്രവികസനപദ്ധതിയുടെ കരട് അവതരിപ്പിക്കും. ‌ (എസ്.ആര്‍.ജി.അംഗങ്ങള്‍,പി.ടി.എ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍,ഒരു ആര്‍ക്കിടെക്ട് എന്നിവര്‍ കൂടിയിരുന്ന് ചര്‍ച്ച ചെയ്താണ് സ്ക്കൂള്‍ സമഗ്രവികസനപദ്ധതിയുടെ കരട് തയ്യാറാക്കിയത്.)
സമഗ്രവികസനപദ്ധതിയുടെ കരട് രേഖയെ അടിസ്ഥാനപ്പെടുത്തിയാണ് ചര്‍ച്ച.
യോഗത്തിനെത്തിയ മുഴുവന്‍ ആളുകള്‍ക്കും അഭിപ്രായം പറയാം.പലര്‍ക്കും സ്ക്കൂളിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കാനുണ്ടാകും.തങ്ങള്‍ പഠിക്കുമ്പോഴുള്ള കാലഘട്ടത്തിലെ സ്ക്കൂള്‍.ഇനി സ്ക്കൂള്‍ എങ്ങനെയെല്ലാമാണ് മാറേണ്ടതെന്ന സ്വപ്നങ്ങള്‍.അതിനുള്ള നിര്‍ദ്ദേശങ്ങള്‍..


  പ്രാദേശിക വികസനക്കൂട്ടായ്മയുടെ നിര്‍ദ്ദേശങ്ങള്‍ കൂടി സ്വീകരിച്ച് കരടില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തും.

സ്ക്കൂള്‍ വികസന പദ്ധതിക്കായുള്ള സാമ്പത്തിക സമാഹരണമാണ് അജണ്ടയിലെ  അടുത്ത ഇനം.അത് വ്യാപകമായ പണപ്പിരിവിലൂടെയല്ല കണ്ടെത്തേണ്ടത്.പ്രദേശത്തെ സാമ്പത്തികശേഷിയുള്ളവരുടേയും വിദേശത്തും മറ്റും ജോലിചെയ്യുന്നവരുടേയും ലിസ്റ്റ് തയ്യാറാക്കി അവരെ സമീപിക്കല്‍.ഏതെങ്കിലും പദ്ധതി അവരെക്കൊണ്ട് സ്പോണ്‍സര്‍ ചെയ്യിക്കല്‍. ഇത്തരം സ്പോണ്‍സര്‍ഷിപ്പുകള്‍ അതാതു പ്രദേശത്തെ ക്ലബ്ബുകള്‍ക്കും മറ്റു സംഘടനകള്‍ക്കും ഏറ്റെടുക്കാം.



പ്രാദേശിക കൂട്ടായ്മയുടെ  പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനായി നേരത്തെ തെരഞ്ഞെടുത്ത കണ്‍വീനറെ കൂടാത ഒരു ചെയര്‍മാനേയും എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുക്കല്‍.

ഇത്രയുമാണ് സ്ക്കൂള്‍ വികസനത്തിനായുള്ള ഒരു പ്രാദേശിക കൂട്ടായ്മയില്‍ നടക്കുക.സ്ക്കൂളിന്റെ സമിപത്തെ ചെറു പ്രദേശങ്ങളെ അടിസ്ഥാനമാക്കി ഇതു പോലെ പത്ത് പ്രാദേശിക കൂട്ടായ്മകളാണ് രൂപീകരിച്ചത്.

1.കൊടവലം 2.പുല്ലൂര്‍ സ്ക്കൂള്‍ പരിസരം 3.കേളോത്ത് 4.പൊള്ളക്കട 5.താളിക്കുണ്ട് 6.വണ്ണാര്‍ വയല്‍,കണ്ണങ്കോത്ത് 7.തടത്തില്‍ 8.ഉദയനഗര്‍ ജംഗ്ഷന്‍ 9.കരക്കക്കുണ്ട് 10.പുല്ലൂര്‍ ജംഗ്ഷന്‍


ഓരോ കൂട്ടായ്മയുടേയും ആദ്യകൂടിച്ചേരല്‍ പൂര്‍ത്തിയായി.ആവേശകരമായ പ്രതികരണമാണ് ഇതില്‍  പങ്കെടുത്ത ജനങ്ങളില്‍ നിന്നും ഉണ്ടായത്.സ്ക്കൂള്‍ വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ ഒരോ പ്രാദേശവും സന്നദ്ധരായി മുന്നോട്ടു വന്നിരിക്കുന്നു.ഫെബ്രുവരി 13ാംതീയ്യതി തിങ്കളാഴ്ച്ച കാസര്‍ഗോഡ് എം.പി. ശ്രീ.പി.കരുണാകരന്‍ ഉദ്ഘാടനം ചെയ്യുന്ന  സ്ക്കൂള്‍ വികസന സെമിനാറില്‍ തങ്ങളുടെ സ്പോണ്‍സര്‍ഷിപ്പ് പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് ഈ കൂട്ടായ്മകള്‍.

സ്ക്കൂള്‍ വികസനത്തിനായുള്ള പത്ത്  പ്രാദേശിക കൂട്ടായ്മകള്‍ ഞങ്ങള്‍ അധ്യാപകരെ സംബന്ധിച്ചിടത്തോളം പുതിയ അനുഭവമായിരുന്നു.അത് ഞങ്ങള്‍ക്ക് സമ്മാനിച്ചതാകട്ടെ വലിയ പാഠങ്ങളും.എന്തൊക്കെയാണ് ഞങ്ങളുടെ തിരിച്ചറിവുകളും തീരുമാനങ്ങളും?



സ്ക്കൂളിനോട് ഈ പ്രദേശത്തുള്ളവര്‍ക്ക് അതിയായ സ്നേഹമുണ്ട്.സ്ക്കൂളില്‍ ചെലവഴിച്ച   തങ്ങളുടെ ബാല്യ കൗമാരങ്ങളുടെ ഓര്‍മ്മകള്‍ ഉള്ളില്‍ കെട്ടുപോകാതെ സൂക്ഷിക്കുന്നവരാണ് അവര്‍.തങ്ങളുടെ പില്‍ക്കാല ജീവിതത്തില്‍ സ്ക്കൂള്‍ ചെലുത്തിയ സ്വാധീനം വളരെ വലുതാണെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു.ചിലര്‍ക്കെങ്കിലും ചില പരിഭവങ്ങളുമുണ്ട്.മുന്‍കാലങ്ങളില്‍, നാട്ടിലെ ചില പരിപാടികളില്‍  സ്ക്കൂള്‍ വേണ്ടത്ര സഹകരിക്കാഞ്ഞത്.സ്ക്കൂള്‍ കോമ്പൗണ്ടിലൂടെയുള്ള പൊതു വഴി അടച്ചു കളഞ്ഞത്.ക്ലബ്ബിന്റെ ഏതോ യോഗത്തിന് സ്ക്കൂള്‍ വിട്ടുകൊടുക്കാഞ്ഞത്....ഇത്തരം അഭിപ്രായ വ്യത്യാസങ്ങള്‍ കൂടി തുറന്നുപറയാനുള്ള ഒരു ഇടം ലഭിച്ചതോടെ അവരുടെ പരിഭവങ്ങള്‍ മാറി.

സാമ്പത്തികമായി ഉയര്‍ന്ന നിലവാരത്തിലുള്ളവരല്ല പുല്ലൂരിലെ ജനങ്ങള്‍.കൂലിപ്പണിചെയ്ത് ഉപജീവനം നടത്തുന്നവരാണ് ഭൂരിപക്ഷം പേരും.വിദേശത്തും മറ്റും ജോലിസമ്പാദിച്ച് സാമ്പത്തികശേഷി കൈവരിച്ച ചുരുക്കം ചിലരേയുള്ളു.എങ്കിലും തങ്ങളാല്‍ കഴിയുന്ന സഹായം സ്ക്കൂളിനുവേണ്ടി നല്‍കാന്‍ അവര്‍ ഒരുക്കമാണ്-സാമ്പത്തികമായും അധ്വാനംകൊണ്ടും.

അഞ്ചുവര്‍ഷത്തേക്കുള്ള ഒരു സ്ഥിരം സംവിധാനമായിട്ടായിരിക്കും ഈ പ്രാദേശിക കൂട്ടായ്മകള്‍ പ്രവര്‍ത്തിക്കുക.പത്ത് പ്രാദേശിക കമ്മിറ്റികളുടെയും  കണ്‍വീനറും ചെയര്‍മാനും ഫെബ്രുവരി 13ാംതീയ്യതി രൂപീകരിക്കുന്ന സ്ക്കൂള്‍ വികസന കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും.


 മാസത്തില്‍ ഒരിക്കലെങ്കിലും പ്രാദേശിക കൂട്ടായ്മകള്‍ യോഗം ചേരും.സ്ക്കൂള്‍ വികസനപ്രവര്‍ത്തനങ്ങളും അക്കാദമിക പ്രവര്‍ത്തനങ്ങളും  വിലയിരുത്തും.അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്രോഡീകരിക്കും.അത് സ്ക്കൂള്‍ വികസന കമ്മിറ്റി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യും.അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ പ്രാദേശിക കൂട്ടായ്മകള്‍ വീണ്ടും പുനഃസംഘടിപ്പിക്കും.



കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ ചരിത്രം എന്നത് വിദ്യാലയം കെട്ടിപ്പൊക്കാന്‍ ജനങ്ങള്‍  മുന്നിട്ടറങ്ങിയ ചരിത്രം കൂടിയാണ്.ആളുകളുടെ ത്യാഗത്തിന്റേയും സഹനത്തിന്റേയും കഥകള്‍ നമ്മുടെ നാട്ടിലെ ഒട്ടുമിക്ക വിദ്യാലയങ്ങള്‍ക്കും പറയാനുണ്ടാകും.ഇന്ന് ഇത്തരത്തിലുള്ള ജനകീയ ഇടപെടല്‍   കേരളത്തിലെ ഓരോ പൊതു വിദ്യാലയവും ആവശ്യപ്പെടുന്നുണ്ട്.
 ജനകീയ ഇടപെടല്‍ ഓരോ വിദ്യാലയത്തിന്റേയും ഉത്തരവാദിത്തം വര്‍ദ്ധിപ്പിക്കും.വിദ്യാലയത്തെക്കുറിച്ചുള്ള വലിയ പ്രതീക്ഷകള്‍ അത് ജനങ്ങള്‍ക്ക് നല്‍കും.അതിനനുസരിച്ച് ഓരോ വിദ്യാലയത്തിനും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതായി വരും.







 

No comments:

Post a Comment