ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Sunday, 5 February 2017

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ഒരു മാനിഫെസ്റ്റോ...


കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം നമ്മുടെ പൊതുവിദ്യാലയങ്ങള്‍ക്ക് ഒരു പുത്തന്‍ ഉണര്‍വ്വ് നല്‍കിയിട്ടുണ്ട്.ഭൂരിപക്ഷം വിദ്യാലയങ്ങളും ഈ യജ്ഞം ഏറ്റെടുത്തു കഴിഞ്ഞു.ജനകീയ പങ്കാളിത്തത്തോടെ പ്രായോഗികമായി നടപ്പാക്കാന്‍ കഴിയുന്ന വികസനപദ്ധതികള്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് മിക്ക വിദ്യാലയങ്ങളും. നാളിതുവരെ കാണാത്ത രീതിയില്‍ ജനങ്ങളുടേയും ജനപ്രതിനിധികളുടേയും വര്‍ദ്ധിച്ച ഇടപെടല്‍ വിദ്യാലയത്തില്‍ ചലങ്ങളുണ്ടാക്കാന്‍ തുടങ്ങിയിരിക്കുന്നു.

കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ ഇനി എങ്ങനെയാണ് മുന്നോട്ടുപോകേണ്ടതെന്ന വ്യക്തമായ കാഴ്ചപ്പാട് നല്‍കുന്നതാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ 'പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം -മാര്‍ഗരേഖ' എന്ന കൈപ്പുസ്തകം. സര്‍ക്കാരും ജനങ്ങളും ഒത്തൊരുമിച്ച്  പ്രവര്‍ത്തിച്ചാല്‍ ഒരു വിദ്യാലയത്തില്‍ ഗുണപരമായ പലമാറ്റങ്ങളും ഉണ്ടാക്കാന്‍ കഴിയും എന്ന വലിയ പാഠം അതു മുന്നോട്ടു വയ്ക്കുന്നുണ്ട്.ജനകീയ ഇടപെടലിലൂടെ ഗുണപരമായ മാറ്റങ്ങളുണ്ടാക്കിയ ചില വിദ്യാലയങ്ങള്‍ ഇന്ന് നമ്മുടെ നാട്ടിലുണ്ട്.ഈ അനുഭവമാതൃകകളില്‍ നിന്നും ഊര്‍ജ്ജം സ്വീകരിച്ചുകൊണ്ട് നമ്മുടെ വിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്താന്‍ ആവശ്യമായ കര്‍മ്മ പദ്ധതികളാണ്  മാര്‍ഗരേഖ മുന്നോട്ടുവെക്കുന്നത്.‍ഇതില്‍ പറയുന്ന കാര്യങ്ങള്‍ അഞ്ചുവര്‍ഷം കൊണ്ടു നടപ്പിലാവുകയാണെങ്കില്‍ 'ജനകീയവിദ്യാലയം' എന്ന മറ്റൊരു കേരളാമോഡല്‍ കൂടി ലോകത്തിനുമുന്നില്‍ വെക്കാന്‍ നമുക്ക് കഴിഞ്ഞേക്കും.

 അന്താരാഷ്ട്ര നിലവാരം എന്നാലെന്താണെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നുണ്ട്.അന്താരാഷ്ട്ര നിലവാരം എന്നത് അക്കാദമിക മികവാണ്.ലോകത്തെവിടെയുമുള്ള നിശ്ചിത പ്രായക്കാരായ വിദ്യാര്‍ത്ഥികള്‍ ആര്‍ജ്ജിക്കുന്ന അറിവും കഴിവും കേരളത്തിലെ സമാനപ്രായക്കാരും നേടി എന്നുറപ്പാക്കലാണത്.എല്ലാകുട്ടികള്‍ക്കും പഠനത്തിനും വികാസത്തിനുമുള്ള തുല്യഅവസരങ്ങള്‍ സൃഷ്ടിക്കലാണ്.അക്കാദമിക മികവ് നേടാന്‍ ആവശ്യമായ രീതിയിലായിരിക്കണം ഭൗതികസൗകര്യങ്ങള്‍ മാറ്റിത്തിര്‍ക്കേണ്ടത്.സ്ക്കൂള്‍ കെട്ടിടമായാലും ഹൈടെക്ക് ക്ലാസുമുറിയായാലും വായനശാല,സ്ക്കൂള്‍ ലബോറട്ടറി എന്നിവയുടെ ആധുനിക വത്ക്കരണമായാലും കുട്ടികള്‍ക്ക്  ഏറ്റവും മികച്ച പഠനസൗകര്യം ഉറപ്പാക്കല്‍ തന്നെയാണ്  ലക്ഷ്യം.

 പ്രീ-സ്ക്കൂള്‍ വിദ്യാഭ്യാസം ശാസ്ത്രീയമായി പുനരാവിഷ്ക്കരിക്കുക,കുട്ടികളുടെ സര്‍ഗ്ഗപരമായ കഴിവുകള്‍ വികസിപ്പിക്കാന്‍ ഉതകുന്ന സമഗ്രവിദ്യാഭ്യാസം എന്ന കാഴ്ചപ്പാട്,വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവല്‍ക്കരണം,എല്ലാവിദ്യാലയങ്ങള്‍ക്കും മാസ്റ്റര്‍ പ്ലാന്‍,കൗണ്‍സിലിങ്ങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തല്‍,ഓരോ കാമ്പസും ജൈവവൈവിധ്യ ഉദ്യാനമാക്കി മാറ്റല്‍ തുടങ്ങിയവയും മാര്‍ഗ്ഗരേഖ മുന്നോട്ടു വയ്ക്കുന്ന ലക്ഷ്യങ്ങളില്‍ ചിലതാണ്.പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം നടപ്പില്‍ വരുത്താന്‍ സ്ക്കൂള്‍ തലം മുതല്‍ സംസ്ഥാനതലം വരെ രൂപീകരിക്കേണ്ടുന്ന സമിതികളെക്കുറിച്ചും വിശദമാക്കുന്നുണ്ട് ഈ പുസ്തകം.മാര്‍ഗരേഖയില്‍ പറയുന്ന കര്‍മ്മ പദ്ധതികള്‍ പൊതു വിദ്യാഭ്യാസ സംരക്ഷണത്തോടുളള സര്‍ക്കാറിന്റ പ്രതിജ്ഞാബദ്ധതയുടെയും അത് നടപ്പിലാക്കാനുള്ള ഇച്ഛാശക്തിയുടേയും തെളിവുകളാണ്.

 എന്നാല്‍ സുപ്രധാനമായ ചില വസ്തുതകളെക്കുറിച്ച് മാര്‍ഗരേഖ  മൗനം പാലിക്കുന്നുണ്ട്.

  • നാട്ടിലെ പൊതു വിദ്യാലയങ്ങളെല്ലാം ഇംഗ്ലീഷ് മീഡിയമാക്കി മാറ്റപ്പെടുന്നു എന്നതാണ് ഇന്ന് പൊതു വിദ്യാലയം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. കുട്ടിയെ മലയാളം മീഡിയത്തില്‍ പഠിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു രക്ഷിതാവിന് സമീപഭാവിയില്‍  അതിനു കഴിയാതെ വന്നേക്കാം.ഭൂരിപക്ഷം വിദ്യാലയങ്ങളിലും മലയാളം മീഡിയം ഡിവിഷനുകളില്‍ കുട്ടികള്‍ നന്നേകുറവാണെന്ന വസ്തുതയെക്കുറിച്ച് മാര്‍ഗരേഖ വേവലാതിപ്പെടുന്നില്ല.പൊതു വിദ്യാലയങ്ങളിലെ ബോധനമാധ്യമം മാതൃഭാഷമാത്രമായിരിക്കണമെന്ന് പ്രഖ്യാപിക്കാതെ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിനു മുന്നോട്ടുപകാന്‍ കഴിയുമോ?

  •  അധ്യാപകര്‍ക്ക് നല്‍കേണ്ടുന്ന പരിശീലനത്തെക്കുറിച്ച് രേഖയില്‍ പറയുന്നുണ്ടെങ്കിലും പരിശീലനത്തിലൂടെ നേടിയ ധാരണകള്‍ ക്ലാസുമുറിയില്‍ പ്രയോഗിക്കുന്നുണ്ടോ എന്നു വിലയിരുത്താനുള്ള മോണിറ്ററിങ്ങ് സംവിധാനത്തെക്കുറിച്ച് ഒന്നും പറയുന്നില്ല.കേരളത്തിലെ അധ്യാപകരില്‍ ഭൂരിഭാഗവും കഴിഞ്ഞ ഇരുപതു വര്‍ഷമായി നിരന്തരം ലഭിച്ച പരിശിലനത്തിലൂടെ കടന്നു പോയവരാണ്. ലോകത്തിലെ മറ്റേതെങ്കിലും രാജ്യത്ത്  ഇത്രമാത്രം പരിശീലനം സിദ്ധിച്ച അധ്യാപക സമൂഹം ഉണ്ടാകുമോയെന്ന് സംശയമാണ്.അവര്‍ക്കു തന്നെയാണ് വീണ്ടും വീണ്ടും പരിശീലനം നല്‍കുന്നത്.എന്നിട്ട് ക്ലാസുമുറിയില്‍ ഒന്നും നടക്കുന്നില്ല എന്നു നാം വിലപിക്കും.പരിശിലനം നല്‍കാത്തതോ  അധ്യാപകരുടെ ധാരണക്കുറവോ അല്ല പ്രശ്നം.ക്ലാസുമുറിയില്‍  നടപ്പാകാത്തതാണ്. അതിനുള്ള കാരണങ്ങള്‍ കണ്ടെത്തണം.കഴിഞ്ഞവര്‍ഷത്തെ ISM പോലുളള നല്ല മാതൃകകള്‍ നല്‍കിയ പാഠത്തെ മാര്‍ഗരേഖ പരിഗണിച്ചില്ല.ഇപ്പോള്‍ അധ്യാപകര്‍ കൂട്ടത്തോടെ കുട്ടികളെ അനാഥരാക്കി വീണ്ടും പരിശീലനത്തിന് നിയോഗിക്കപ്പെടുകയാണ്.അതും ഫിബ്രവരി മാസത്തില്‍!പരീക്ഷ അടുത്തുവരുന്നു.പാഠം തീര്‍ക്കാനുള്ള കഠിന പരിശ്രമത്തിലാണ് അധ്യാപകര്‍.അപ്പോഴാണ് വീണ്ടും ട്രെയിനിങ്ങ്.1000-1200 മണിക്കൂര്‍ പഠനസമയം എന്നത് കുട്ടികളുടെ അവകാശമാണെന്ന കാര്യം എസ്.എസ്.എ മറന്നുപോകരുത്.


  • സ്ക്കൂളിന്റെ സമയക്രമം പരിഷ്ക്കരിക്കുന്നതിനെക്കുറിച്ച് മാര്‍ഗരേഖ ഒന്നും പറയുന്നില്ല.പിരീയഡുകളുടെ എണ്ണം എട്ടായി വര്‍ദ്ധിപ്പിച്ചുകൊണ്ട് പഠനസമയം കുറയ്കക്കുകയായിരുന്നു കഴിഞ്ഞ പരിഷ്ക്കാരം.പാഠ്യപദ്ധതി നിര്‍ദ്ദേശിക്കുന്ന രീതിയില്‍ 30മിനുട്ട്കൊണ്ട് പഠിപ്പിക്കാന്‍ പ്രയാസമാണ്.സ്വാഭാവികമായും ക്ലാസുമുറി അധ്യാപകനില്‍ കേന്ദ്രീകരിക്കും. പുതുതായി വന്ന സംഗിതം,ആര്‍ട്ട്,WE,PET വിഷയങ്ങള്‍ക്കുകൂടി പിരീയഡുകള്‍ നല്‍കാന്‍ സ്ക്കൂളുകള്‍ ബുദ്ധിമുട്ടുകയാണ്.അക്കാദമിക മികവുണ്ടാക്കണമെങ്കില്‍ സ്ക്കൂള്‍ ടൈംടേബിള്‍ ശാസ്ത്രീയമായി പരിഷ്ക്കരിച്ചേ മതിയാകൂ.അറുപഴഞ്ചന്‍ സമയക്രമത്തില്‍ നിന്നുകൊണ്ട് ഹൈടെക്ക് ക്ലാസുമുറികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ല.

No comments:

Post a Comment