ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Sunday, 26 March 2017

സ്വതന്ത്രവായനയില്‍ നിന്നും എഴുത്തിലേക്ക്...

ഒന്നാംക്ലാസിലെ ഡയറിയെഴുത്തുകാര്‍-3


ഒന്നാം ക്ലാസുകാര്‍ പതുക്കെപതുക്കെയാണ് വായനയെ സ്വായത്തമാക്കിയത്.കൊല്ലാവസാനമാകുമ്പോഴേക്കും വലിയ ചിത്രങ്ങളുള്ള കുഞ്ഞുപുസ്തകങ്ങള്‍ കുട്ടികളുടെ ഇഷ്ടപ്പെട്ട കൂട്ടുകാരായി.കൈയില്‍ കിട്ടിയതെന്തും അവര്‍ വായിക്കും.ഇഷ്ടപ്പെട്ടാല്‍ വീണ്ടും വായിക്കും.വായിച്ചതിനെക്കുറിച്ച് അവര്‍ക്ക് എന്തെങ്കിലുമൊക്കെ പറയാനുണ്ടാകും.കുട്ടികളുടെ സ്വതന്ത്ര  വായനയുടെ പ്രതിഫലനമാണ് അവരുടെ ഡയറി എഴുത്തും അതിലെ തെളിഞ്ഞ ഭാഷയും.ഡയറി മാത്രമല്ല.പുസ്തകാസ്വാദനക്കുറിപ്പ്, കവിത,കഥ,കത്ത്,വിവരണം എന്നിവയിലേതുവേണമെങ്കിലും അവര്‍ക്ക് വഴങ്ങും.

കുട്ടികളെ വായനയിലേക്കു നയിക്കാന്‍ ടീച്ചര്‍ ക്ലാസില്‍ എന്തൊക്കെയാണ് ചെയ്തത്?



പുസ്തകങ്ങളുടെ ഡിസ് പ്ലേയും വായിച്ചുകൊടുക്കലും


പുസ്തകങ്ങളൊക്കെ ടീച്ചര്‍ അലമാരയില്‍ പൂട്ടിവയ്ക്കും.അവശ്യത്തിനുമാത്രം പുറത്തെടുക്കും.കുട്ടികള്‍ പുസ്തകങ്ങള്‍ ചീത്തയാക്കിയാലോ എന്നാണ് ടീച്ചറുടെ പേടി.


പക്ഷേ, ഷീബ ടീച്ചര്‍ അങ്ങനെയല്ല.ടീച്ചര്‍ പുസ്തകങ്ങള്‍ ക്ലാസില്‍ ഡിസ് പ്ലേ ചെയ്തു.ചുമരിനോട് അടുപ്പിച്ച ബെഞ്ചുകളിലോ കുട്ടികളുടെ അമ്മമാര്‍ ചേര്‍ന്നുണ്ടാക്കിക്കൊടുത്ത ചുമരിലെ ബുക്ക് ഡിസ് പ്ലേ റേക്കിലോ ആയിരിക്കുമത്.
ജൂണ്‍ മാസത്തിലെ സന്നദ്ധതാ പ്രവര്‍ത്തനം മുതല്‍ക്കുതന്നെ തുടങ്ങി ഈ പുസ്തക പ്രദര്‍ശനം.


 പൂമ്പാറ്റകള്‍ പൂക്കളിലേക്കെന്നപോലെ കുട്ടികള്‍ പുസ്തകങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടു.അവര്‍ പുസ്തകങ്ങള്‍ കൈയിലെടുത്തു.മണപ്പിച്ചു. തുറന്നു നോക്കി.അതിലെ മനോഹരമായ ചിത്രങ്ങള്‍ കണ്ട് അതിശയിച്ചു.ചിത്രങ്ങള്‍ പരസ്പരം കൂട്ടുകാര്‍ക്ക് കാണിച്ചുകൊടുത്തു.ഒറ്റക്കിരുന്ന് അവര്‍ ചിത്രത്തില്‍ നിന്നും കഥകള്‍ മെനഞ്ഞു.ഓരോ പുസ്തകത്തിലെ ചിത്രങ്ങളില്‍ നിന്നും ഒട്ടനവധി കഥകള്‍.

"ഈ കഥയൊന്നുമല്ല കഥ.ശരിക്കുള്ള കഥ ദാ ഇതില്‍ എഴുതിവച്ചിട്ടുണ്ട്."ദില്‍ന പറഞ്ഞു.
അവര്‍ ടീച്ചറെ സമീപിച്ചു.
"ടീച്ചറേ,ഈ കഥയൊന്നു വായിച്ചുതര്വോ?”
ഇതു തന്നെയാണ് പറ്റിയ അവസരമെന്ന് ടീച്ചറും കരുതി.

അവര്‍ കുട്ടികളെ അടുത്തിരുത്തി, മനോഹരമായ ചിത്രങ്ങളുള്ള പുസ്തകങ്ങള്‍  തെരഞ്ഞെടുത്ത്  വായിച്ചു കൊടുക്കാന്‍ തുടങ്ങി.പുസ്തകത്തിലെ ഓരോ വരിയും വായിച്ചു.അതിലെ ചിത്രങ്ങള്‍ കാണിച്ചു,പേജു മറിക്കുന്നതിനു മുമ്പേ അടുത്തതെന്തായിരിക്കുമെന്ന് ഊഹിക്കാന്‍ പറഞ്ഞു.എന്നാല്‍ അങ്ങനെയാണോ എന്നു ചോദിച്ചുകൊണ്ട് വായിച്ചു.ഊഹം ശരിയായപ്പോഴൊക്കെ കുട്ടികള്‍ കൈയടിച്ചു.അല്ലാത്തപ്പോള്‍ കഥയുടെ പോക്കുകണ്ട് അവര്‍ അത്ഭുതം കൂറി.


 അങ്ങനെ പുസ്തകങ്ങള്‍ കുട്ടികളുടെ വേര്‍പിരിയാന്‍ പറ്റാത്ത കൂട്ടുകാരായി.പുസ്തകങ്ങള്‍ കാണാനും എടുക്കാനും മറിച്ചുനോക്കാനും പറ്റാത്ത ഒരു ക്ലാസുമുറിയെക്കുറിച്ച് അവര്‍ക്ക് സങ്കല്‍പ്പിക്കാനെ കഴിയാതായി.

വായനാക്കാര്‍ഡുകള്‍

കുട്ടികളെ വായനയിലേക്കു നയിക്കാന്‍ ക്ലാസുമുറിയില്‍ ടീച്ചര്‍ ഒരുക്കിവെച്ച അനേകം വായനാക്കാര്‍ഡുകളുണ്ട്.ഭാഷാപഠനത്തിന്റെ ഭാഗമായി ക്ലാസില്‍ രൂപപ്പെടുന്ന ചാര്‍ട്ടുകളില്‍ നിന്നാണ് അതിന്റെ തുടക്കം.വീണ്ടും വീണ്ടും  ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ചാര്‍ട്ടുകള്‍.ഈ ചാര്‍ട്ടുകളില്‍ നിന്നു കാര്‍ഡുകളിലേക്ക് പതുക്കെ വായന മാറുന്നു.

 പാഠഭാഗത്തുനിന്നു പഠിച്ച അക്ഷരങ്ങള്‍ക്കും പദങ്ങള്‍ക്കും കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളവയാണ് വായനാക്കാര്‍ഡുകള്‍.ലളിതമായവയില്‍ അത് കുട്ടികളുടെ വായനയെ ഉയര്‍ന്നതലത്തിലേക്ക് കൊണ്ടുപോകുന്നു.വിവിധ സ്രോതസ്സുകളില്‍ നിന്നും ശേഖരിച്ചവയാണ് ഇവയില്‍ ഭൂരിഭാഗവും.ടീച്ചര്‍ സ്വന്തമായി തയ്യാറാക്കിയ കഥകളും പാട്ടുകളുമൊക്കെ കൂട്ടത്തിലുണ്ട്.പാഠഭാഗവുമായി ബന്ധിപ്പിച്ച് സമാന ആശയങ്ങള്‍ വരുന്ന വായനാസാമഗ്രികളിലേക്ക് ടീച്ചര്‍ കുട്ടികളെ നയിക്കുന്നു.അതോടെ വായന അര്‍ത്ഥപൂര്‍ണ്ണമാകുന്നു.


കുട്ടിവായനയുടെ പ്രതിഫലനങ്ങള്‍

കുട്ടികളുടെ വായനയുടെ പ്രതിഫലനങ്ങള്‍ അവരുടെ എഴുത്തില്‍ കാണാം.എഴുത്തിലെ ആശയത്തില്‍, വാക്യഘടനയില്‍, ശൈലിയില്‍,ഉപയോഗിക്കുന്ന പദസമ്പത്തില്‍,അവരുടെ കാഴ്ചപ്പാടില്‍,പ്രതികരണത്തില്‍, നിരീക്ഷണത്തില്‍..ഒക്കെ അവരുടെ വായനയുടെ ആഴവും പരപ്പും ദൃശ്യമാകും.

 ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് എന്താഴവും പരപ്പും ശൈലിയുമെന്ന് ചിലര്‍ നെറ്റി ചുളിക്കുന്നുണ്ടാകും.എങ്കില്‍ നിങ്ങള്‍ക്കു തെറ്റി.ഒന്നാം ക്ലാസുകാരുടെ ഡയറിയുടെ പ്രത്യകതകളെക്കുറിച്ച് കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു.ഈ ഡയറിയിലെ ഭാഷ വിശകലനം ചെയ്യുകയാണെങ്കില്‍ കുട്ടികള്‍ എങ്ങനെയാണ് ഭാഷയെ മെരുക്കിയെടുത്തിരിക്കുന്നതെന്ന് നാം അത്ഭുതപ്പെട്ടുപോകും.പണ്ടത്തെ ഒന്നാംക്ലാസിലെ തറ പറ യെഴുതുന്ന കുട്ടികളല്ല അവരിപ്പോള്‍..ഭാഷയെ ആത്മാവിഷ്ക്കാരത്തിനായി ശക്തമായി ഉപയോഗിക്കാന്‍ കഴിയുന്ന കുട്ടി എഴുത്തുകാരാണ് അവര്‍.അവര്‍ ജീവിതത്തെ പ്രതീക്ഷയോടെനോക്കിക്കാണുന്ന രീതി നമ്മെ വിസ്മയിപ്പിക്കും.ജീവിതത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങളും ദുഖങ്ങളും വേവലാതകളും ആശങ്കകളുമൊക്കെ കുട്ടികളുടെ ഈ ദിനാന്ത്യകുറിപ്പുകളില്‍ നിന്നും നമുക്ക് വായിച്ചെടുക്കാം.

കുട്ടികള്‍ ഒരു പുസ്തകത്തിനെഴുതിയ ഈ ആസ്വാദനക്കുറിപ്പുകള്‍ കൂടി വായിച്ചുനോക്കുക.കുട്ടിവായനയുടെ വളര്‍ച്ച ഇതു നമ്മെ ബോധ്യപ്പെടുത്തും.ഇത് കേവലം ഒന്നോ രണ്ടോ കുട്ടികളുടെ നേട്ടമല്ല.ക്ലാസിലെ മിക്കവാറും എല്ലാ കുട്ടികളുടേയും..


 (തുടരും)

Sunday, 19 March 2017

പരാതി എഴുതിയെഴുതി ഒന്നാംക്ലാസുകാര്‍ എഴുത്തുകാരായി...!

ഒന്നാംക്ലാസിലെ ഡയറിയെഴുത്തുകാര്‍-2


ഒന്നാം ക്ലാസുകാര്‍ക്ക് എപ്പോഴും പരാതിയാണ്.ഇടവേളകിട്ടുമ്പോഴൊക്കെ അവര്‍ പരാതി പറയാനായി ടീച്ചറുടെ അടുത്തേക്ക് ഓടിയെത്തും.
"ടീച്ചറേ അവന്‍ എന്നെ അടിച്ചു.”
"അവളെന്റെ പുസ്തകം കീറി.”
"അവനെന്റെ മുടി പിടിച്ച് വലിച്ചു.”
"എന്റെ പെന്‍സില്‍ എടുത്തു.”
"എന്നെ നുള്ളി...”

എല്ലാ പരാതികളും ശ്രദ്ധയോടെ കേള്‍ക്കണം.എല്ലാ പരാതികളും തീര്‍പ്പാക്കണം.
ടീച്ചര്‍ ഒരു ദിവസം കുട്ടികളോട് പറഞ്ഞു.
"ഇനി ആരും എന്റടുത്ത് പരാതിയുമായി വരേണ്ട.പരാതിയുള്ളവര്‍ അത് എഴുതിത്തരണം.”
ടീച്ചര്‍ ഒരു ചെറിയ കാര്‍ഡുബോര്‍ഡ് പെട്ടി ക്ലാസില്‍ സ്ഥാപിച്ചു.അതിനു മുകളില്‍ പരാതിപ്പെട്ടി എന്നെഴുതിവെച്ചു.തൊട്ടടുത്തായി ഒരു ചോക്കുപെട്ടിയില്‍ കുട്ടികള്‍ക്ക് പരാതിയെഴുതാനായി കുറേ കടലാസുതണ്ടുകളും ഒന്നോ രണ്ടോ സ്കെച്ച് പേനകളും...


"ദാ.. നിങ്ങളുടെ പരാതികള്‍ എഴുതി ഈ പെട്ടിയിലിടുക.വെകുന്നേരം നമ്മളെല്ലാവരുമിരുന്ന് ഓരോ പരാതിയിലും തീര്‍പ്പാക്കും..”
കുട്ടികള്‍ മുഖത്തോടുമുഖം നോക്കി. ഇതെങ്ങനെ ശരിയാകും?പരാതിയുമായി ടീച്ചറുടെ അടുത്തേക്ക് പോകാന്‍ കഴിയാത്തതിനെക്കുറിച്ച് അവര്‍ക്ക് ആലോചിക്കാനെ പറ്റില്ല.ഒരു ദിവസം നൂറുതവണയെങ്കിലും 'ടീച്ചറേ' എന്നുവിളിച്ച് അവര്‍ക്ക് പരാതിയുടെ കെട്ടഴിക്കണം.


 പിന്നെ മറ്റൊരു പ്രശ്നം കൂടി.പാഠപുസ്തകത്തിന്റെ ഒന്നാം ഭാഗം പഠിപ്പിച്ചു തീരുന്നതേയുള്ളു.എല്ലാ അക്ഷരങ്ങളും അറിയില്ല.പിന്നെ എങ്ങനെ..?

പക്ഷേ,ഒന്നാം ക്ലാസുകാരല്ലേ.കൂട്ടുകാര്‍ കൊഞ്ഞനം കുത്തിയതിനെക്കുറിച്ചും ബാഗ് തട്ടിയിട്ടതിനെക്കുറിച്ചും ടോയ്‌ ലറ്റില്‍ പോകുമ്പോള്‍ ഒപ്പം കൂട്ടാത്തതിനെക്കുറിച്ചും മുടിയിലെ ക്ലിപ്പ് ഊരിയതിനെക്കുറിച്ചുമൊക്കെ പരാതി ബോധിപ്പിക്കാതിരിക്കാന്‍ അവര്‍ക്ക് കഴിയുമോ?


 അവര്‍ പരാതിയെഴുതാന്‍ തുടങ്ങി.ആവനാഴിയിലെ അക്ഷരങ്ങളെല്ലാം എടുത്തു പ്രയോഗിച്ചു.പഠിച്ച വാക്കുകളെല്ലാം ഓര്‍മ്മയില്‍ നിന്നും തപ്പിയെടുത്തു.എന്നിട്ടും പ്രശ്നം തന്നെ.ചില വാക്കുകള്‍ എഴുതാനേ കിട്ടുന്നില്ല.പക്ഷേ,എഴുതിയേ പറ്റൂ.അത്രയ്ക്കുണ്ട് ഇന്ന് സങ്കടം.അവനെന്റെ പുസ്തകം നിലത്തേക്ക് വലിച്ചെറിഞ്ഞു.അത് ടീച്ചറെ അറിയിച്ചേ പറ്റൂ..പക്ഷേ,'പുസ്തകം' എന്ന് മുഴുവനായും എഴുതാന്‍ കിട്ടുന്നില്ല. 'പു 'എന്നെഴുതാം.'സ്ത 'എങ്ങനെയെഴുതും?തന്നെക്കാളും കുറച്ചുകൂടി കൂട്ടുകാരിക്ക് അറിയാം.അവളോട് ചോദിക്കാം..

 കുട്ടികള്‍ ഇങ്ങനെയാണ് എഴുത്തിലേക്ക് വന്നത് എന്നാണ് ടീച്ചര്‍ പറയുന്നത്.കുട്ടികളുടെ ആവശ്യവമായി ബന്ധപ്പെടുത്തിയുള്ള എഴുത്ത്.എഴുതാതിരിക്കാന്‍ പറ്റാത്ത ഒരു സാഹചര്യം ക്ലാസില്‍ ടീച്ചര്‍ സൃഷ്ടിച്ചു.അതോടെ എഴുതുക എന്നത് കുട്ടികളുടെ വെല്ലുവിളിയായി.പരാതിപ്പെട്ടിയില്‍  പരാതികള്‍ കുന്നുകൂടാന്‍ തുടങ്ങി.

 വൈകുന്നേങ്ങളില്‍ ടീച്ചര്‍ പരാതിപ്പെട്ടി തുറന്നു.പരാതികള്‍ ഒന്നൊന്നായി വായിച്ചു.ചില പരാതികള്‍ വായിച്ചെടുക്കാന്‍ കഴിയുന്നില്ല.അത് എഴുതിയ കുട്ടികളുടെ സഹായം തേടി.
ഓരോ പരാതിയേയും ടീച്ചര്‍ ഗൗരവമായിത്തന്നെയെടുത്തു.പരാതികളില്‍ യുക്തമായ രീതിയില്‍ തീര്‍പ്പുകല്‍പ്പിച്ചു.തെറ്റുകള്‍ ചൂണ്ടിക്കാണിച്ചും ഗുണദോഷിച്ചും നല്ല പെറുമാറ്റ ശീലങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തിയുമൊക്കെയാണ് പരാതികളിലെ നടപടികള്‍ അവസാനിപ്പിക്കുക.ദിവസേനയുള്ള ഇത്തരം ചര്‍ച്ചകള്‍ കുട്ടികള്‍ക്ക് തങ്ങളുടെ പെരുമാറ്റത്തെക്കുറിച്ച് സ്വയം വിലയിരുത്താനും അവരുടെ സ്വഭാവത്തില്‍ പതുക്കെ മാറ്റങ്ങളുണ്ടാക്കാനും സഹായിക്കുന്നുണ്ടെന്നാണ് ടീച്ചറുടെ കണ്ടെത്തല്‍.


 പരാതിയെഴുതാന്‍ തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോള്‍തന്നെ കുട്ടികളുടെ എഴുത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടായതായി ടീച്ചര്‍ സാക്ഷ്യപ്പെടുത്തുന്നു.പരാതിയെഴുത്ത് കുട്ടികളില്‍ എഴുതാനുള്ള ആത്മവിശ്വാസം നിറച്ചു.പിന്നീടാണ് കുട്ടികള്‍ ഡയറിയെഴുത്ത് തുടങ്ങിയത്.രണ്ടും യാന്ത്രികമായ എഴുത്തല്ല.കുട്ടികളുടെ  ആവശ്യകതയിലൂന്നിയുള്ള എഴുത്ത്.അതാണ് കുട്ടികളെ നല്ല എഴുത്തുകാരാക്കി മാറ്റുക.

(തുടരും)





Sunday, 5 March 2017

വരൂ..കാണൂ..ഈ ഒന്നാം ക്ലാസുകാരുടെ ഡയറി.


കുട്ടികളുടെ  ഡയറി വായന കാണാനായിരുന്നു ഞാന്‍  ഒന്നാം ക്ലാസിലേക്ക് ചെന്നത്.സമയം രാവിലെ ഒന്‍പതരയാകുന്നതേയുള്ളു.ഷീബ ടീച്ചര്‍ ക്ലാസിലുണ്ട്.അവര്‍ ഒരു ബെഞ്ചിലിരുന്ന് കുട്ടികളോട് കുശലാന്വേഷണം നടത്തുകയാണ്.അതിനിടയില്‍ കുട്ടികള്‍ ഓരോരുത്തരായി വന്ന് ക്ലാസിനു നടുവില്‍ വൃത്താകൃതിയില്‍ ഇരിക്കുന്നു.എല്ലാവരുടെ കൈയിലും ഓരോ നോട്ടുപുസ്തകമുണ്ട്.അത് അവരുടെ ഡയറിയാണ്.അവര്‍ സന്തോഷത്തോടെ പുസ്തകം തുറന്ന് വായിക്കാനുള്ള പുറപ്പാടിലാണ്.

കുട്ടികളുടെ താത്പര്യമായിരുന്നു ഞാന്‍ ആദ്യം നിരീക്ഷിച്ചത്.വട്ടത്തിലിരിക്കാനുള്ള അവരുടെ ഇഷ്ടം.ടീച്ചര്‍ക്ക് നേരയുള്ള ഇഷ്ടത്തോടെയുള്ള നോട്ടം.കൈയിലെ നോട്ടു പുസ്തകത്തോടുള്ള ഇഷ്ടം.കൂട്ടുകാരിയുടെ പുസ്തകത്തിലേക്കുള്ള എത്തിനോട്ടം.ഡയറി വായിക്കാനുള്ള താത്പര്യവും തയ്യാറെടുപ്പും.അവരുടെ കണ്ണുകളിലെ ആത്മവിശ്വാസം.

 ദില്‍നയായിരുന്നു ആദ്യം വായിച്ചത്.

'ഇന്നു ഞാന്‍ പല്ലുതേക്കുമ്പോള്‍ മയിലിനെ കണ്ടു. നല്ല ഭംഗിയുണ്ടായിരുന്നു.രണ്ട് ആണ്‍മയിലും ഒരു പെണ്‍മയിലും ഉണ്ടായിരുന്നു. ഞാന്‍ എന്റെ അനിയനെ വിളിച്ചു.അവനും കണ്ടു.'നല്ല ഭംഗിയുള്ള മയില് അല്ലേ?' എന്റെ അനിയന്‍ പറഞ്ഞു.വൈകുന്നേരം ഞാന്‍ കളിച്ചു.ആ കളിയുടെ പേര് ടൊമാറ്റോ ബിസ്ക്കറ്റ് എന്നാണ്.'


 വായന കഴിഞ്ഞപ്പോള്‍ കുട്ടികള്‍ കൈയ്യടിച്ചു.നല്ല ഒഴുക്കോടെയായിരുന്നു ദില്‍നയുടെ വായന.തന്റെ ജീവിതത്തിലുണ്ടായ സന്തോഷകരമായ ഒരു ചെറിയ കാര്യത്തെ അവള്‍ തെളിഞ്ഞഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നു.ഞാന്‍ അവളുടെ പുസ്തകം വാങ്ങിനോക്കി.ഭംഗിയുള്ള കൈയക്ഷരം.അക്ഷരത്തെറ്റുകളൊന്നുമില്ല.

"ദില്‍നയുടെ ഡയറിയെക്കുറിച്ച് എന്താണ് അഭിപ്രായം?"ടീച്ചറുടെ ചോദ്യം.

"സൂപ്പര്‍..” കുട്ടികള്‍ വിളിച്ചു പറഞ്ഞു.
"എന്തുകൊണ്ട് സൂപ്പര്‍?”
"മയിലിനെക്കുറിച്ച് എഴുതിയതുകൊണ്ട്.”


"നന്നായിട്ടുണ്ട് ടീച്ചറേ..പക്ഷേ,കുറച്ചുകൂടി എഴുതാമായിരുന്നു."അവന്തിക പറഞ്ഞു.
"കുറച്ചുകൂടി എന്നുവച്ചാല്‍ എന്തൊക്കെ?”
"സ്ക്കൂളിലെ കാര്യങ്ങളൊന്നും അതിലില്ല.അതുകൂടി എഴുതാമായിരുന്നു."ആദിദേവ് പറഞ്ഞു.


ഞാന്‍ ദില്‍നയെ നോക്കി. ഓരോരുത്തരും നല്‍കുന്ന ഫീഡ്ബാക്കുകള്‍ അവള്‍ ശ്രദ്ധിച്ച് കേള്‍ക്കുന്നുണ്ട്.
"ദില്‍ന എന്തു പറയുന്നു?"ടീച്ചറുടെ ചോദ്യം.
"കുറച്ചുകൂടി എഴുതാമായിരുന്നു."അവള്‍ ചിരിച്ചു.


അടുത്തതായി ദേവാനന്ദാണ് വായിച്ചത്.

'ഇന്നു ഞാന്‍ സ്ക്കൂളില്‍ പോയിരുന്നില്ല.  12മണിക്ക് നാട്ടിലെ അമ്പലത്തില്‍ തെയ്യത്തിനുപോയി.വലിയ ഉയരമുള്ള മൂളന്നൂര്‍ ഭഗവതി തെയ്യമാണ് അവിടെ ഉണ്ടായിരുന്നത്.തെയ്യം കഴിഞ്ഞപ്പോള്‍ നല്ല രുചിയുള്ള കറികള്‍ കൂട്ടി ചോറ് കഴിച്ചു.പോകുമ്പോള്‍ എനിക്ക് ഒരു പുലിമുരുകന്റെ ലോറി വാങ്ങി.വൈകുന്നേരം അവിടെ നിന്ന് വീട്ടിലേക്ക് പോയി.'

ഒരു യാത്രയുടെ അനുഭവത്തെ ചുരുക്കം ചില വാക്യങ്ങളിലൂടെ ആവിഷ്കരിച്ചിരിക്കുന്നു ദേവനന്ദ്.


 "ടീച്ചറേ, അവന്‍ നല്ല ക്രമത്തില്‍ എഴുതിയിട്ടുണ്ട്."ശിവന്യയുടേതാണ് ഫീഡ്ബാക്ക്.
"വായിക്കുന്നത് കേള്‍ക്കാന്‍ നല്ല രസമുണ്ട്.."മാളവിക പറഞ്ഞു.
"ആരുടെ കൂടേയാണ് അമ്പലത്തില്‍പോയത് എന്നതുകൂടി പറയാമായിരുന്നു."ശ്രേയസ്സ് പറഞ്ഞു.
കുട്ടികള്‍ ഓരോ ഡയറിയേയും ആഴത്തില്‍ വിശകലനം ചെയ്യുകയാണ്....



 ഓരോരുത്തരുടേയും വായനയെ മറ്റുള്ളവര്‍ ശ്രദ്ധയോടെ കേള്‍ക്കുന്നുണ്ട്.ആവശ്യമായിടത്ത് ശരിയായ രീതിയിലുള്ള ഫീഡ്ബാക്കുകള്‍ നല്‍കുന്നത് കണ്ട് എനിക്ക് അത്ഭുതം തോന്നി.

ഒരു കുട്ടിയുടെ ഡയറിയില്‍ 'ഞാന്‍ ഞാന്‍' എന്ന് പലയിടത്തും ആവര്‍ത്തിക്കുന്നത്  ഒഴിവാക്കണം  എന്നതായിരുന്നു അവരുടെ നിര്‍ദ്ദേശം.

മറ്റൊന്നില്‍ 'അപ്പോഴേക്കും അപ്പോഴേക്കും' എന്ന് ആവര്‍ത്തിച്ച് വരുന്നു.അത് വായനയുടെ രസം ഇല്ലാതാക്കുന്നു.
ആശയം ക്രമീകരിച്ച് എഴുതിയിട്ടുണ്ട് അല്ലെങ്കില്‍ ക്രമമില്ല എന്നതായിരുന്നു ചില കുട്ടികളുടെ ഡയറിക്ക് നല്‍കിയ ഫീഡ്ബാക്ക്.



അനാമിക വായിച്ച ഡയറിയിലെത്തിയപ്പോള്‍ അവര്‍ ഒരുപടികൂടി ഉയര്‍ന്നു.ഇന്നലെ ടീച്ചര്‍ ക്ലാസില്‍ പറഞ്ഞുതന്ന തമാശക്കഥ എന്നവാക്യം അതിലുണ്ടായിരുന്നു.'തമാശ' എന്ന വാക്കിനുപകരം 'ഫലിതം' എന്ന വാക്ക് ഉപയോഗിച്ചാല്‍ കുറച്ചുകൂടി നന്നാകുമായിരുന്നു എന്നതായിരുന്നു ദില്‍നയുടെ നിര്‍ദ്ദേശം!

ഒന്നാം ക്ലാസുകാര്‍ക്ക് ഡയറിയെഴുത്തിനെ ഇതുപോലെ വിലയിരുത്താനും ഫീഡ്ബാക്കുകള്‍ നല്‍കാനും കഴിയുക എന്നത് ചില്ലറ കാര്യമല്ല.അതു കുട്ടികളുടെ ഭാഷാപരമായ അറിവനേയാണ് സൂചിപ്പിക്കുന്നത്.എഴുത്തു ഭാഷയുടെ പ്രത്യേകതകളെ വിശകലനം ചെയ്യാനുള്ള കഴിവ് ഈ ക്ലാസിലെ മിക്കവാറും എല്ലാകുട്ടികളും നേടിയിരിക്കുന്നു.പാഠം മുഴുവനും പഠിപ്പിച്ചു തീര്‍ന്നില്ല.എല്ലാ അക്ഷരങ്ങളും പഠിച്ചില്ല.എന്നിട്ടും അവര്‍ ഭാഷയെ മെരുക്കിയെടുത്തിരിക്കുന്നു.


ഡയറി വയനയ്ക്ക് ശേഷം കുട്ടികള്‍ ഗ്രൂപ്പിലിരുന്ന് നോട്ടുപുസ്തകം പരസ്പരം കൈമാറി  വായിച്ചുനോക്കി.അക്ഷരത്തെറ്റുകള്‍ പരസ്പരം തിരുത്തുന്നു.സംശയമുള്ളിടത്ത് ടീച്ചറുടെ സഹായം തേടുന്നു.ടീച്ചര്‍ നല്‍കുന്ന പോസിറ്റീവ് ഫീഡ്ബാക്കുകളും പ്രത്സാഹനവും  കുട്ടികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പാക്കാന്‍ ഏറെ സഹായകമാകുന്നു.


ഇവിടെ ഡയറിയെഴുത്ത് എന്നത് കേവലം യാന്ത്രികമായ ഒരു പ്രവര്‍ത്തനമല്ല.അത് കുട്ടികളുടെ ആവശ്യവുമായി ബന്ധപ്പെട്ടതാണ്.എഴുത്തിലൂടെ സ്വയം ആവിഷ്ക്കരിക്കുക എന്നതാണ് ഈ ആവശ്യം.നിത്യജീവിതത്തില്‍ കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെയാണ് അവര്‍ ഡയറികളിലൂടെ ആവിഷ്ക്കരിച്ചിരിക്കുന്നത്.അതുകൊണ്ടാണ് ഓരോ ഡയറിയും വ്യത്യസ്തമാകുന്നത്.അതിനുവേണ്ടുന്ന സ്വന്തമായ ഒരു ഭാഷ കുട്ടികള്‍ സ്വായത്തമാക്കിയിരിക്കുന്നു.


കുട്ടികളുടെ ഡയറിയെഴുത്തിലെ സ്ഥിരം പല്ലവികള്‍  ഈ എഴുത്തില്‍ കാണില്ല.കടന്നുപോകുന്ന ഓരോ ദിവസത്തിലേയും എന്തെങ്കിലുമൊക്കെ വിശേഷങ്ങള്‍ ചുരുക്കം വാക്യങ്ങളില്‍  കുട്ടികള്‍ പറഞ്ഞുവയ്ക്കുന്നു.അത് അവര്‍ക്ക് പറഞ്ഞേ കഴിയൂ.അതുകൊണ്ടാണ് ഒരു നിര്‍ബന്ധവുമില്ലാതെ എല്ലാകുട്ടികളും ദിവസവും ഡയറിയെഴുതുന്നത്. 26 കുട്ടികളില്‍ 23 പേരും ഭംഗിയായി ഡയറിയെഴുതുന്നവരാണ്.

ടീച്ചര്‍ എങ്ങനെയാണ് കുട്ടികളെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്?




തീര്‍ച്ചയായും അത് യാന്ത്രികമായ ഭാഷാപഠന രീതികൊണ്ടല്ല.കുട്ടികളെ സ്വതന്ത്രവായനയിലേക്കും എഴുത്തിലേക്കും നയിക്കുന്ന,ലക്ഷ്യബോധത്തോടെയുള്ള  നിരവധിഭാഷാ പ്രവര്‍ത്തനങ്ങള്‍ ക്ലാസില്‍ നടപ്പില്‍ വരുത്തിയതിലൂടെയാണ് ഇതു സാധ്യമായത്.തുടക്കത്തിലെ കഥപറയല്‍ മുതല്‍ കഥാപുസ്തകങ്ങള്‍ വായിച്ചുകൊടുക്കുന്നതിലൂടെ കുട്ടികളെ വായനാപുസ്തകങ്ങളിലേക്ക് അടുപ്പിച്ചും സ്വതന്ത്രരചനയിലേക്ക് നയിക്കുന്ന രീതിയില്‍ പാഠഭാഗങ്ങളെ ചിട്ടപ്പെടുത്തിയുമാണ് ടീച്ചര്‍ ഇതു സാധ്യമാക്കിയത്.



എടുത്തു പറയേണ്ടുന്ന ഒരു പ്രവര്‍ത്തനമുണ്ട്.ക്രിസ്മസ് അവധിക്കുശേഷം  ടീച്ചര്‍ ക്ലാസില്‍ ഒരു പരാതിപ്പെട്ടി സ്ഥാപിച്ചിരുന്നു.പരാതികള്‍ ടീച്ചറോട് നേരിട്ട് പറയുന്നതിനുപകരം പെട്ടിയില്‍ എഴുതിയിടുക.ഓരോ ദിവസവും വൈകുന്നരം ടീച്ചറും കുട്ടികളുമടങ്ങുന്ന ഒരു ഗ്രൂപ്പ് പരാതിയില്‍ തീര്‍പ്പാക്കും.

അത് കുട്ടികള്‍ ഏറ്റെടുത്തു.തുണ്ട് കടലാസുകളില്‍ കുട്ടികള്‍ പരാതികള്‍ എഴുതാന്‍ തുടങ്ങി.പരാതി സ്വന്തമായി എഴുതുക എന്നത് കുട്ടികളുടെ ആവശ്യമായി മാറി.എഴുതാന്‍ പ്രയാസമുള്ളവര്‍ രഹസ്യമായി മറ്റു കുട്ടികളുടെ സഹായം തേടി.ഓരോ ദിവസവും പെട്ടിയില്‍ പരാതികള്‍ കുന്നുകൂടി.



'ശ്രേയസ് എന്റെ മുടി പിടിച്ചു വലിച്ചു.'
'ഉണ്ണാനിരുന്ന സ്ഥലം ദേവനന്ദ വൃത്തിയാക്കിയില്ല.'
'എന്റെ ക്രയോണ്‍സ് പൂജ എടുത്തു.'
'ഇന്നലെ സ്ക്കൂള്‍ വിട്ടുപോകുമ്പോള്‍ ദില്‍ന എന്നെ അടിച്ചു.'
'….......................................'
ഇത്തരത്തിലുള്ളതായിരുന്നു പരാതികള്‍.ആദ്യമാദ്യം അക്ഷരത്തെറ്റുകള്‍ കൊണ്ട് നിറഞ്ഞതായിരുന്നു പരാതികള്‍.ഒരുമാസം പിന്നിട്ടപ്പോള്‍ തെറ്റുകള്‍ പതുക്കെ കുറഞ്ഞുവരുന്നതായി കണ്ടു.കുട്ടികളെ അതിവേഗം സ്വതന്ത്രരചനയിലേക്ക് കൊണ്ടുപോയത് ഈ പരാതിയെഴുത്താണ് എന്നാണ് ടീച്ചര്‍ ഉറച്ചു വിശ്വസിക്കുന്നത്.

പുതിയ ഭാഷാസമീപനത്തില്‍ കുട്ടികളെ അക്ഷരം പഠിപ്പിക്കുന്നില്ലെന്നും അവര്‍ക്ക് എഴുതാനറിയില്ലെന്നും വിളിച്ചു കൂവുന്നവര്‍ പുല്ലൂര്‍ സ്ക്കൂളിലെ ഈ ഒന്നാം ക്ലാസിലേക്ക് വരിക.കുട്ടികളുടെ ഡയറികള്‍ വായിച്ചുനോക്കുക.അവര്‍ എങ്ങനെയാണ് എഴുതാന്‍ പഠിച്ചതെന്ന് നേരിട്ട് ചോദിച്ചറിയുക....