ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Saturday, 29 July 2017

രണ്ട് കത്തുകള്‍

ക്ലാസുമുറിയില്‍ നിന്നുള്ള കുറിപ്പുകള്‍....



 എം.എം.സുരേന്ദ്രന്‍

ക്ലാസ് നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ പ്യൂണ്‍ വന്ന് രണ്ടു കത്തുകള്‍ എന്നെ ഏല്‍പ്പിച്ചു.രാവിലത്തെ തപാലില്‍ വന്നതാണ്.അഡ്രസ്സ് നോക്കിയപ്പോള്‍ ഒരെണ്ണം എനിക്കാണ്. മറ്റേത് ക്ലാസ് ലീഡര്‍ക്കും. ക്ലാസ് ലീഡര്‍ക്കുള്ളത് ഞാന്‍ കുഞ്ഞാമുവിനെ ഏല്‍പ്പിച്ചു.അവന്‍ കത്ത് തിരിച്ചും മറിച്ചും നോക്കി.അവന് വല്ലാത്തൊരു അമ്പരപ്പ്!ജീവിതത്തിലാദ്യമായിട്ടായിരിക്കണം കുഞ്ഞാമുവിന് ഒരു കത്ത് കിട്ടുന്നത്.കത്തിന്റെ പുറകിലെഴുതിയ പേരുവായിച്ച് അവന്‍ ഉറക്കെ പറഞ്ഞു.
"ഷാഹുലിന്റെ എയ്ത്താണ്!”
കുട്ടികള്‍ അവന് ചുറ്റും കൂടി.
"ഹൊ,ഒന്നു ബേഗം പൊട്ടിക്ക് കുഞ്ഞാമു.”
അവര്‍ കത്ത് പൊട്ടിച്ച് വായിക്കാന്‍ ധൃതികൂട്ടി.

കുഞ്ഞാമു കത്തുമായി ജനാലയ്ക്കടുത്തേക്ക് ഓടി.പുറകെ കുട്ടികളും.അവന്‍ കത്ത് പൊട്ടിച്ച് ഉറക്കെ വായിക്കാന്‍ തുടങ്ങി.വായനയ്ക്ക് വേഗത കുറവാണെങ്കിലും അവന്റെ കനപ്പെട്ട ശബ്ദം ക്ലാസില്‍ മുഴങ്ങി.

 എന്റെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക്,

എന്തെന്നാല്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും സുഖമെന്ന് വിശ്വസിക്കുന്നു.ഞാനിവിടെ എന്റെ പഴയ സ്ക്കൂളില്‍ തന്നെ ചേര്‍ന്നു.പണ്ടെത്തെ എന്റെ കൂട്ടുകാരൊക്കെ എന്നോടൊപ്പം ക്ലാസിലുണ്ട്.അവരെ കണ്ടപ്പോള്‍ എനിക്ക് സന്തോഷം തോന്നി.അവര്‍ക്കും.
എന്റെ ക്ലാസ് ടീച്ചറുടെ പേര് റോസമ്മ.നല്ല ടീച്ചറാണ്. അടിക്കില്ല.നന്നായി പഠിപ്പിക്കും.
ഞാന്‍ അവിടത്തെ വിശേഷങ്ങളൊക്കെ എന്റെ കൂട്ടുകാരോട് പറഞ്ഞു.നമ്മുടെ മാഷിനെക്കുറിച്ചും.
അവര്‍ക്ക് നിങ്ങളെയൊക്കെ കാണാനുള്ള അതിയായ ആഗ്രഹമുണ്ട്.
പിന്നെ ഇവിടെ എപ്പോഴും മഴയാണ്.നല്ല തണുപ്പും.
സ്ക്കൂളിനുചുറ്റും വലിയ കാടാണ്.സന്ധ്യയായാല്‍ വീട്ടില്‍നിന്നും പുറത്തിറങ്ങാന്‍ പേടിയാണ്.ഞാന്‍ വരുമ്പോള്‍ എന്റെ ചക്കിപ്പൂച്ചയെ കൊണ്ടുവരാന്‍ ഉമ്മ സമ്മതിച്ചില്ല.അവളുണ്ടെങ്കില്‍ എനിക്കു നല്ല കൂട്ടായേനെ.
കുഞ്ഞാമു വാക്കു പാലിച്ചോ?അവനെഴുതാനും വായിക്കാനും പഠിച്ചിട്ടുണ്ടാകുമെന്ന് വിശ്വസിക്കുന്നു.
പിന്നെ ഒരു വിഷമമുണ്ട്.ഈ സ്കൂളില്‍ ലൈബ്രറി പുസ്തകങ്ങള്‍ കുറവാണ്.അതുകൊണ്ട് നല്ല പുസ്തകങ്ങളൊന്നും വായിക്കാന്‍ കിട്ടുന്നില്ല.
സ്ക്കൂളിലെ പുതിയ വിശേഷങ്ങള്‍ എന്തൊക്കെയാണ്?എല്ലാം എന്നെ എഴുതിയറിയിക്കണേ.
മറുപടി ഉടനെ അയക്കുമല്ലോ....

സ്നേഹപൂര്‍വ്വം,
ഷാഹുല്‍.



കത്ത് കുഞ്ഞാമു വായിച്ചുകേട്ടതു പോരാഞ്ഞ് ഓരോരുത്തരും മാറിമാറി വായിച്ചു.ഒടുവില്‍ ഞാനത് ഡിസ് പ്ലേ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചു.
"മാശെ, മറുപടി ഉടനെ എയ്തണം."കുട്ടികള്‍ വിളിച്ചുപറഞ്ഞു.
"എങ്കിലിപ്പോള്‍തന്നെ എഴുതാന്‍ തുടങ്ങുക്കോളൂ.”

ഞാനവര്‍ക്ക് കടലാസുനല്‍കി.ക്ലാസിന്റെ മൂലയില്‍ എല്ലാരും കൂടിയിരുന്ന് മറുപടി കത്തെഴുതാന്‍ തുടങ്ങി.എങ്ങനെ തുടങ്ങണം,എന്തെഴുതണം എന്നൊക്കെ അവര്‍ ഗൗരവപൂര്‍വ്വം ചര്‍ച്ചചെയ്യുകയാണ്.
ഈ സമയം അവന്‍ എനിക്കെഴുതിയ കത്ത് ഞാന്‍ സ്വകാര്യമായി വായിച്ചു.

എത്രയും പ്രിയപ്പെട്ട മാഷിന്,

ഞാനെന്റെ സ്ക്കൂളിലെ വിശേഷങ്ങളൊക്കെ കൂട്ടുകാര്‍ക്ക് എഴുതിയിട്ടുണ്ട്.മാഷ് അത് വായിച്ചുനോക്കുമല്ലോ.
ഞാന്‍ എല്ലാ ദിവസവും മാഷെ ഓര്‍ക്കാറുണ്ട്.മാഷ് തന്ന 'കുഞ്ഞിക്കൂനന്‍' എന്ന പുസ്തകം ഞാന്‍ ഇന്നലെയാണ് വായിച്ചു തീര്‍ത്തത്.എത്ര നല്ല പുസ്തകം!കുഞ്ഞിക്കൂനനെ ഒരിക്കലും മറക്കാന്‍ കഴിയില്ല.
പിന്നെ മാഷെ,ഉപ്പയെക്കുറിച്ച് ഒരു വിവരവുമില്ല.ഇനി അന്വേഷിക്കണ്ടായെന്ന് മാമന്‍ പറഞ്ഞു.ഞങ്ങളെ വേണ്ടാത്ത ഉപ്പയെ ഇനി ഞങ്ങള്‍ക്കും വേണ്ട.ഉമ്മ ഇടക്കിടെ ഓരോന്നുപറഞ്ഞ് ഇപ്പോഴും കരയും.
ഉമ്മ വീട്ടിലിരുന്ന് തയ്യല്‍പണി ചെയ്യുന്നുണ്ട്.തയ്ക്കാന്‍ ഉമ്മ നേരത്തെപഠിച്ചിരുന്നു.നന്നായി പണിചെയ്യുന്നതുകൊണ്ട് അയല്‍പക്കത്തുള്ളവരൊക്കെ ഉമ്മയ്ക്കുതന്നെ തയ്ക്കാന്‍ നല്‍കും.മാമനാണ് ഉമ്മയ്ക്ക് മിഷ്യന്‍ വാങ്ങിക്കൊടുത്തത്.
മാഷെ,ഞാന്‍ നന്നായി പഠിക്കുന്നുണ്ട്.ഉമ്മ മാഷോട് അന്വേഷണം പറയാന്‍ പറഞ്ഞിട്ടുണ്ട്.മാഷിന് സമയം കിട്ടുകയാണെങ്കില്‍ മറുപടി അയക്കണം.

സ്നേഹാദരവോടെ,
ഷാഹുല്‍


 ഷാഹുലിന്റെ മനോഹരമായ കൈപ്പടയിലുള്ള ആ കത്ത് വായിച്ചപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി.ഓര്‍ക്കാപ്പുറത്തുണ്ടായ ഒരു പ്രതിസന്ധി തരണം ചെയ്യാനുള്ള കരുത്ത് ആ കുടുംബം നേടിയിരിക്കുന്നു.കൂട്ടത്തില്‍ ആ കൊച്ചുകുട്ടിയും.

'മാഷെ,ഉപ്പയില്ലെങ്കിലും ഞങ്ങള്‍ ജീവിക്കും' എന്ന് ഒരു വലിയ കുന്നിനുമുകളില്‍ കയറി ഷാഹുല്‍ ഉറക്കെ വിളിച്ചുപറയുന്നതുപോലെ എനിക്കുതോന്നി.താഴ്വരയിലാകെ അവന്റെ ശബ്ദം പ്രതിധ്വനിക്കുകയാണ്.പെട്ടെന്ന് അവന്‍ വലുതാകുന്നതുപോലെ.വലുതായിവലുതായി അവന്റെ തല മേഘങ്ങളില്‍ ചെന്നു മുട്ടുകയാണ്.ഞാന്‍ കണ്ണുകള്‍ ഇറുകെയടച്ചു.

"മാഷേ,കത്ത് ഷഹുലിന്റേതല്ലേ?”
ആരോ എന്റെ ചെവിയില്‍ മന്ത്രിക്കുന്നതുപോലെ എനിക്കു തോന്നി.ഞാന്‍ കണ്ണുതുറന്നു.മുന്നില്‍ അനഘ നില്‍ക്കുന്നു.എന്റെ കൈകളില്‍ ഷാഹുലിന്റെ കത്ത് നിവര്‍ത്തിപ്പിടിച്ചിരുന്നു.
"അതെ."ഞാന്‍ പറഞ്ഞു.
"കത്തിലെന്താ വിശേഷം?"അവള്‍ ആകാംക്ഷയോടെ ചോദിച്ചു.
"പ്രത്യേകിച്ച് ഒന്നുമില്ല.നിങ്ങളുടെ കത്തിലുള്ള കാര്യങ്ങള്‍ തന്നെ.”
"അല്ല മാശെ,ഓന്റെ ഉപ്പയെ...."അവള്‍ ഇടയ്ക്കുവെച്ചു നിര്‍ത്തി.
"അവന്റെ ഉപ്പ തിരിച്ചു വന്നില്ല.ഇനി വരുമെന്ന് തോന്നുന്നുമില്ല.”
പെട്ടെന്ന് അവളുടെ മുഖം വാടി.കണ്ണുകള്‍ നിറഞ്ഞു.
"ഞാന്‍ എല്ലാ ദെവസൂം പ്രാര്‍ത്ഥിക്കാറുണ്ട്.ഓന്റെ ഉപ്പ വേഗം തിരിച്ചുവരണേയെന്ന്.”
"നിന്റെ പ്രാര്‍ത്ഥന കൊണ്ട് ഫലമുണ്ടാകും."ഞാനവളെ സമാധാനിപ്പിച്ചു.
അവള്‍ ഒന്നും മിണ്ടാതെ കത്തെഴുതുന്നവരുടെ കൂട്ടത്തില്‍ പോയിരുന്നു.


 "മാശെ,കത്ത് റെഡി.”
കുട്ടികള്‍ മറുപടി കത്തുമായി എന്റെ അടുത്തേക്ക് ഓടി വന്നു.എല്ലാവര്‍ക്കും വേണ്ടി സുവര്‍ണ്ണ കത്ത് ഉറക്കെ വായിച്ചു.

പ്രിയപ്പെട്ട ഷാഹുല്‍,
നിന്റെ കത്ത് ഞങ്ങളെല്ലാവരും ഒരുമിച്ചിരുന്നാണ് വായിച്ചത്.നിനക്കും ഉമ്മയ്ക്കും സുഖമാണെന്നു കണ്ടതില്‍ സന്തോഷിക്കുന്നു.
നിന്റെ സ്ക്കൂളിലെ വിശേഷങ്ങള്‍ അറിഞ്ഞു.കാടിനു നടുവിലെ നിന്റെ സ്ക്കൂള്‍ കാണാന്‍ കൊതിയാകുന്നു.കാട്ടുമൃഗങ്ങള്‍ താമസിക്കുന്ന കാടാണോ അത്?എങ്കില്‍ സൂക്ഷിക്കണേ.
പിന്നെ പ്രധാനപ്പെട്ട ഒരു വിശേഷം. കുഞ്ഞാമുവാണ് ഇപ്പോള്‍ ക്ലാസ് ലീഡര്‍.പഠിത്തത്തിന്റെ കാര്യത്തില്‍ അവന് നല്ല മാറ്റമുണ്ട്.അവന്‍ എഴുതാനും വായിക്കാനും തുടങ്ങി.ലീഡര്‍ എന്ന നിലയില്‍ അവന്‍ തിളങ്ങുന്നുണ്ട്,കേട്ടോ.
പിന്നെ അടുത്തുതന്നെ ഞങ്ങള്‍ ഒരു പഠനയാത്രയ്ക്ക് പോകും.ഒരു ദിവസത്തെ യാത്രയായിരിക്കുമത്.എങ്ങോട്ടാണ് പോകുന്നതൊന്നും മാഷ് പറയുന്നില്ല.സമയമാകുമ്പോള്‍ പറയാം എന്നാണ് മാഷ് പറയുന്നത്.പഠനയാത്ര കഴിഞ്ഞാല്‍ അതിന്റെ വിശേഷങ്ങള്‍ നിന്നെ എഴുതിയറിയിക്കാം.
പിന്നെ ക്ലാസില്‍ ഞങ്ങളൊരു പുഴുക്കുഞ്ഞിനെപോറ്റി.അത് വളര്‍ന്നപ്പോള്‍ പൂമ്പാറ്റയായി മാറി.എന്തു രസമായിരുന്നെന്നോ അതിനെ കാണാന്‍!അപ്പോള്‍ നീ കൂടി ഞങ്ങളോടൊപ്പം വേണമായിരുന്നെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു.
ഇനിയും ഒരുപാട് എഴുതാനുണ്ട്.കടലാസില്‍ സ്ഥലമില്ലാത്തതുകാരണം നിര്‍ത്തുന്നു.മറുപടി ഉടനെ അയക്കുക.

എന്ന്,
സ്നേഹത്തോടെ,
നിന്റെ കൂട്ടുകാര്‍.


 

Saturday, 15 July 2017

ഒരു യാത്രയയപ്പ്

ക്ലാസുമുറിയില്‍ നിന്നുള്ള കുറിപ്പുകള്‍....



എം.എം.സുരേന്ദ്രന്‍


ഷാഹുലിന് ഒരു യാത്രയയപ്പ് നല്‍കാന്‍ കുട്ടികള്‍ തിരുമാനിച്ചിരുന്നു.അതിന്റെ നടത്തിപ്പിനെക്കുറിച്ച് അവരുമായി ചര്‍ച്ച ചെയ്യാന്‍ ഞാന്‍ നേരത്തെതന്നെ ക്ലാസിലെത്തി.

ക്ലസ് നിശബ്ദമായിരുന്നു.കുട്ടികള്‍ എത്തിത്തുടങ്ങുതേയുള്ളു.നേര്‍ത്ത ഇളവെയില്‍ ജനാലയിലൂടെ ക്ലാസിനകത്ത് ചിതറിവീണിരിക്കുന്നു.

ക്ലാസിന്റെ ഒരു മൂലയില്‍ കുറച്ചുകുട്ടികള്‍ കുനിഞ്ഞിരുന്ന് എന്തോ എഴുതുന്നുണ്ട്.കൂട്ടത്തില്‍ കുഞ്ഞാമുവുമുണ്ട്.അവനെന്തോ പറഞ്ഞുകൊടുക്കുന്നു.മറ്റുള്ളവര്‍ എഴുതുന്നു.എന്താണിത്ര തിരക്കിട്ട് എഴുതുന്നതെന്ന് ചോദിച്ച് ഞാന്‍ അവരുടെ അടുത്തേക്ക് ചെന്നു.പക്ഷേ,അനഘ എന്നെ വിലക്കി.
"മാശ് ഇങ്ങ് വരണ്ട.ഞാങ്ങ എയ്തിക്കയിഞ്ഞിട്ട് കാണിക്കാം.”

ഞാന്‍ കസേരയില്‍ ചെന്നിരുന്നു.ഏതോ ഒരു വിഷാദം എന്നെ മൂടിയിരുന്നു. പ്രിയപ്പെട്ടതെന്തോ കൈമോശം വന്നതുപോലെ.

കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു കടലാസുമായി കുട്ടികള്‍ എന്റെ അരികിലേക്കുവന്നു.കടലാസില്‍ കറുത്തിരുണ്ട അക്ഷരങ്ങളില്‍ ഭംഗിയായി എഴുതിയിരിക്കുന്നത് ഞാന്‍ വായിച്ചു.

'ഞങ്ങളുടെ പ്രിയപ്പെട്ട ചങ്ങാതി ഷാഹുലിന്,
നീ ഞങ്ങളെ വിട്ടുപോകാന്‍ തീരുമാനിച്ചു എന്നറിഞ്ഞതില്‍ ഞങ്ങള്‍ക്ക് സങ്കടമുണ്ട്.നീ ഇല്ലാത്ത ഒരു ക്ലാസിനെപ്പറ്റി ഞങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനേ കഴിയുന്നില്ല.നീ അത്രയ്ക്ക് നല്ല കുട്ടിയാണ്.നിന്നെ ഞങ്ങള്‍ക്ക് ഒരുപാട് ഇഷ്ടമാണ്.ഇനി നിന്റെ ഡയറി വായിച്ചുകേള്‍ക്കുന്നതെങ്ങനെ?അതിലെ തമാശകള്‍ കേട്ട് ചിരിക്കാന്‍ കഴിയില്ലല്ലോ.നീ ഞങ്ങളെ ചെസ് കളി പഠിപ്പിക്കാന്‍ തുടങ്ങിയിരുന്നു.ഞങ്ങള്‍ നന്നായി പഠിച്ചു കഴിഞ്ഞിട്ടില്ല.അപ്പോഴേക്കും നീയിതാ പോകുന്നു.പുതിയ സ്ക്കൂളിലെത്തിയാല്‍ ഈ കൂട്ടുകാരെ നീ മറക്കരുത്.ഞങ്ങള്‍ക്ക് കത്തുകളെഴുതണം.നിന്റെ ഉപ്പ വേഗത്തില്‍ തിരിച്ചുവരാന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്.നിനക്ക് എല്ലാ ആശംസകളും നേരുന്നു.

എന്ന്,
സ്നേഹത്തോടെ,
നിന്റെ കൂട്ടുകാര്‍.'


ഷാഹുല്‍ നേരിട്ട പ്രയാസങ്ങള്‍ ഞാന്‍ കുട്ടികളില്‍നിന്നും മറച്ചുവെച്ചിരുന്നു.അതുമായി ബന്ധപ്പെട്ട് കുട്ടികളില്‍നിന്നും വന്നേക്കാവുന്ന എന്തെങ്കിലും പരാമര്‍ശങ്ങള്‍ അവനെ വേദനിപ്പക്കേണ്ട എന്നു കരുതിയിട്ടായിരുന്നു അത്.എന്നാല്‍ അവരത് നേരത്തെ അറിഞ്ഞിരിക്കുന്നു.


 "നിന്റെ ഉപ്പ വേഗത്തില്‍തിരിച്ചുവരാന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്-ഈ വരി ഒഴിവാക്കണം.അതവന് പ്രയാസമുണ്ടാക്കും."
ഞാന്‍ പറഞ്ഞു.കുട്ടികള്‍ക്ക് പെട്ടെന്ന് അക്കാര്യം ബോധ്യപ്പെട്ടു.അവര്‍ ആ വരി ഒഴിവാക്കിക്കൊണ്ട് കത്ത് മാറ്റിയെഴുതി.

ബെല്ലടിക്കാറായി. കുട്ടികളെല്ലാവരും എത്തിച്ചേര്‍ന്നു.ചിലരുടെ കൈയില്‍ ഓരോ പൊതിയുമുണ്ടായിരുന്നു.
"ഇതെന്താണ്?"പൊതിചൂണ്ടിക്കൊണ്ട് ഞാന്‍ ചോദിച്ചു.
"ഇത് ഞാങ്ങളെ ചെറിയ സമ്മാനം, ഷാഹുലിന്."കുട്ടികള്‍ പറഞ്ഞു.

ക്ലാസിലെ ആറു ബേസിക്ക് ഗ്രൂപ്പുകളും ഓരോ സമ്മാനം വാങ്ങിയിരിക്കുന്നു.അവരുടെ പ്രിയപ്പെട്ട കൂട്ടുകാരനു നല്‍കാന്‍.ഒരു കൂട്ടര്‍ മനോഹരമായ ഒരു ചുവന്ന ഫൗണ്ടന്‍ പേനയാണ് വാങ്ങിയത്. സ്വര്‍ണ്ണനിറമുള്ള ചെറിയ ഒരു പ്ലാസ്റ്റിക്ക് പെട്ടി,ക്രയോണ്‍സ്,കളര്‍ബോക്സ്,പുസ്തകങ്ങള്‍,ഗ്രീറ്റിങ്ങ് കാര്‍ഡുകള്‍....ഓരോ ഗ്രൂപ്പും വ്യത്യസ്തമായ സമ്മാനങ്ങളാണ് വാങ്ങിയിരിക്കുന്നത്.എല്ലാം അവര്‍ മേശപ്പുറത്തു നിരത്തി.ശ്രുതി കുറേ വര്‍ണ്ണക്കടലാസുകള്‍ വാങ്ങി വന്നു.ഓരോ ഗ്രൂപ്പിന്റെയും സമ്മാനങ്ങള്‍ വെവ്വേറെ കടലാസുകളില്‍ ഭംഗിയായി പൊതിഞ്ഞു.എല്ലാവരും ഷാഹുല്‍ വരുന്നതും കാത്തിരിപ്പായി.

തങ്ങളുടെ സഹപാഠിക്ക് യാത്രയയപ്പ് നല്‍കാനുള്ള കുട്ടികളുടെ ഈ തയ്യാറെടുപ്പ് കണ്ടപ്പോള്‍ എനിക്ക് അതിരറ്റ ആഹ്ളാദം തോന്നി.അവരത് സംഘടിപ്പിച്ച രീതി ഗംഭീരമായിരുന്നു.പിരിഞ്ഞുപോകുന്ന കൂട്ടുകാരനോടുള്ള സ്നേഹം എങ്ങനെയൊക്കെ പ്രകടിപ്പിക്കാം എന്നാണവര്‍ ആലോചിക്കുന്നത്.ആരും ആവശ്യപ്പെട്ടിട്ടോ നിര്‍ബന്ധിച്ചിട്ടോ അല്ല. അവര്‍ക്ക് സ്വയം തോന്നിയതാണ്.നല്ല വിദ്യാഭ്യാസം എപ്പോഴും നല്ല തോന്നലുകളെ ഹൃദയത്തില്‍ മുളപ്പിക്കും.


 കുറച്ചുകഴിഞ്ഞപ്പോള്‍ ഷാഹുല്‍ എത്തി. കൂടെ അവന്റെ ഉമ്മയുമുണ്ട്.അവന്‍ വൃത്തിയുള്ള വസ്ത്രം ധരിച്ചിരിക്കുന്നു.മുടി ഭംഗിയായി ചീകിയൊതുക്കിയിട്ടുണ്ട്.അവന്‍ അവന്റെ പഴയ പ്രസരിപ്പ് വീണ്ടെടുത്തിരിക്കുന്നു.
യാത്രയയപ്പ് സമ്മേളനം ആരംഭിച്ചു.സ്വാഗതം പറയുന്നത് കുഞ്ഞാമു!

"ബഹുമാനപ്പെട്ട മാശെ,പ്രിയപ്പെട്ട ചെങ്ങായിമാരെ....”
കുഞ്ഞാമു ഉറച്ച ശബ്ദത്തില്‍ പ്രസംഗം തുടങ്ങി.

"ഞാങ്ങളെ കൂട്ടുകാരനായ ശാഹുല്‍ ഞാങ്ങളെ ബിട്ട് നാട്ടിലേക്ക് പോവുകയാണ്.ഈ അവസരത്തിങ്കല്‍ ഞാന് രണ്ടു വാക്ക് പറയാനാഗ്രഹിക്കുന്നു.ഓനെ ഒരിക്കലും മറക്കാനെക്കൊണ്ട് കഴിയില്ല.എയ്താന് പെന്‍സിലില്ലാത്തപ്പോള്‍ ഓനെനിക്ക് പെന്‍സില്‍ തരാറ്ണ്ട്. ചിത്രം ബെരക്കുമ്പം കളര്‍ തരാറ്ണ്ട്.കഞ്ഞികുടിക്കുമ്പം അച്ചാറ് കൊണ്ട്ത്തരാറ്ണ്ട്.എല്ലാരോടും ഓന് പെരുത്ത്സ്നേഹമാണ്.ആരുമായും അടിപിടി കൂടുന്നത് ഇന്നുവരെ കണ്ടിട്ടില്ല.”


കുഞ്ഞാമു നല്ല ഒഴുക്കോടെ സംസാരിക്കുകയാണ്.നാലാം ക്ലാസില്‍ നിന്നും തോറ്റ് ക്ലാസിന്റെ ഓരങ്ങളിലേക്ക് തള്ളപ്പെട്ട ഒരു കുട്ടിയല്ല അവനിന്ന്.ക്ലാസില്‍ മറ്റുകുട്ടികള്‍ക്കൊപ്പം ഒരു പ്രധാന സ്ഥാനം അവനുമുണ്ട്.എല്ലാവരും കുഞ്ഞാമുവിനെ അകറ്റിനിര്‍ത്തിയപ്പോള്‍ അവനോട് ആദ്യമായി കൂട്ടുകൂടിയത് ഷാഹുല്‍ ആയിരുന്നു.അവനെ ക്ലസിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ ഷാഹുല്‍ നന്നായി പ്രയത്നിച്ചു.
"ചെങ്ങായിമാരെ, ഞാന്‍ അധികം പറയുന്നില്ല.പടച്ചോന്‍ എപ്പോഴും ഓന് തുണയുണ്ടാകും.അവസാനായി ഒന്നുകൂടി പറയാനുണ്ട്.നീ ഞാങ്ങളെ ഒരിക്കലും മറക്കരുത്.ഇത്രയും പറഞ്ഞുകൊണ്ട്.....”

കുഞ്ഞാമു പ്രസംഗം അവസാനിപ്പിച്ചു.കുട്ടികളുടെ നീണ്ടകരഘോഷങ്ങള്‍ക്കിടയില്‍ കുഞ്ഞാമു ബെഞ്ചില്‍ പോയിരുന്നു.എതോ നല്ല കാര്യം ചെയ്ത ചാരിതാര്‍ത്ഥ്യമുണ്ടായിരുന്നു അവന്റെ മുഖത്ത്.



 പിന്നീട് അനഘ വന്ന് നേരത്തെ എഴുതിതയ്യാറാക്കിയ കത്ത് വായിച്ചു.കത്ത് ഭംഗിയായി മടക്കി ഒരു കവറിലിട്ട് ഷാഹുലിന് നല്‍കി.
അനഘ കത്തുവായിക്കുന്നതിനിടയില്‍ ഷാഹുലിന്റെ ഉമ്മ പലതവണ കണ്ണ് തുടയ്ക്കുന്നത് ഞാന്‍ കണ്ടു.തന്റെ മകനോട് ഈ കുട്ടികള്‍ക്കുള്ള സ്നേഹം കണ്ട് അവര്‍ അത്ഭുതപ്പെട്ടിരിക്കണം.വാസ്തവത്തില്‍ തന്റെ മകന്‍ ഇത്രനല്ല കുട്ടിയാണെന്ന് ആ അമ്മ പോലും അറിയുന്നത് ഇപ്പോഴായിരിക്കും.

പിന്നീട് ഓരോ ഗ്രൂപ്പും വന്ന് അവര്‍ കരുതിയ സമ്മാനങ്ങള്‍ ഷാഹുലിന് നല്‍കി.ഞാനും ഒരു സമ്മാനം വാങ്ങിയിരുന്നു. പി.നരേന്ദ്രനാഥിന്റെ 'കുഞ്ഞിക്കൂനന്‍' എന്ന പുസ്തകം.പുസ്തകം അവന് സമ്മാനിച്ച് ഞാനും ഒരു ലഘുപ്രസംഗം നടത്തി.ഷാഹുലിന്റെ വായനാശീലത്തെക്കുറിച്ചും അത് എന്നെന്നും നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുമാണ് ഞാന്‍ സംസാരിച്ചത്.പുസ്തകവുമായുള്ള നിന്റെ ചങ്ങാത്തം വളരെ പ്രധാനപ്പെട്ടതാണ്.അറിവിന്റെ അതിരുകളില്ലാത്ത ലോകത്തേക്ക് അതു നമ്മെ നയിക്കും.ആപത് ഘട്ടങ്ങളില്‍ നേര്‍വഴി കാട്ടിത്തരും.മനസ്സിലെ നന്മ വറ്റിപ്പോകാതെ സൂക്ഷിക്കാന്‍ അതു നമ്മെ സഹായിക്കും.

 കുറേ കുട്ടികള്‍ പ്രസംഗിച്ചു.എല്ലാവരും ഷാഹുലിന്റ സ്വഭാവമഹിമയെ പ്രശംസിച്ചു.മുതിര്‍ന്നവരെപ്പോലെ സന്ദര്‍ഭത്തിനൊത്ത് സംസാരിക്കാന്‍ ഈ കുട്ടികള്‍ കഴിവുനേടിയിരിക്കുന്നു.പ്രസംഗിക്കാന്‍ ഞാനൊരിക്കലും അവരെ പഠിപ്പിച്ചിരുന്നില്ല.അവര്‍ക്ക് ക്ലാസില്‍ പരമാവധി സംസാരിക്കാനുള്ള സന്ദര്‍ഭങ്ങള്‍ ഒരുക്കിക്കൊടുക്കുക മാത്രമേ ചെയ്തിരുന്നുള്ളു.ഒരു സാഹചര്യം വീണുകിട്ടിയപ്പോള്‍ അവര്‍ അതിനെ നന്നായി ഉപയോഗപ്പെടുത്തി.അത്രമാത്രം.


 ഷാഹുലിനെ മറുപടി പ്രസംഗത്തിനു ക്ഷണിച്ചു.അവന്‍ മേശക്കരികിലേക്കുവന്നു.ഒരു നിമിഷം അവനൊന്ന് പതറി.പിന്നീട് പറഞ്ഞു.


"എല്ലാവര്‍ക്കും നന്ദി.നിങ്ങളെയും സാറിനെയും ഞാനൊരിക്കലും മറക്കില്ല.എനിക്ക്....”


അവന്റെ മുഖം വിളറി.ശബ്ദം പുറത്തുവരാതെ അവന്‍ പ്രയാസപ്പെട്ടു.കണ്ണുനീര്‍ കവിളിലൂടെ ഒഴുകി.ഒന്നും പറയാനാകാതെ അവന്‍ തിരികെ ബെഞ്ചില്‍ പോയിരുന്നു.ക്ലാസ് ഒരു നിമിഷം നിശബ്ദമായി.
യാത്ര പറയാന്‍നേരത്ത് കുട്ടികള്‍ ഉറക്കെ വിളിച്ചു പറഞ്ഞു.
"ഷാഹുലേ,കത്തയക്കാന്‍ മറക്കല്ലേ.....”
അവന്‍ തലയാട്ടി.
ഉമ്മയുടെ കൈയില്‍പിടിച്ച്,വരാന്തയിലൂടെ നടന്ന് പടികളിറങ്ങിപ്പോകുന്ന ആ കൂട്ടുകാരനെ കണ്ണില്‍നിന്ന് മറയുന്നതുവരെ കുട്ടികള്‍ നോക്കിനിന്നു. 



 

Saturday, 8 July 2017

ഡയറിയെഴുത്തിലെ ആത്മഭാഷണങ്ങള്‍

ക്ലാസുമുറിയില്‍ നിന്നുള്ള കുറിപ്പുകള്‍...



എം.എം.സുരേന്ദ്രന്‍
വര: സചീന്ദ്രന്‍ കാറടുക്ക


അന്നേ ദിവസം സുവര്‍ണ്ണ അവതരിപ്പിച്ച ഡയറി അവസാനിച്ചത് ഇങ്ങനെയായിരുന്നു.

…..ഞാന്‍ അച്ഛനെ കാത്തിരുന്നു. അച്ഛന്‍ എനിക്ക് പുതിയ യൂനിഫോം കൊണ്ടു വരാമെന്ന് പറഞ്ഞിരുന്നു.രാത്രി കുറേയായിട്ടും അച്ഛനെ കണ്ടില്ല.ഞാന്‍ ഡയറിയെഴുതാതെ ഉറങ്ങി.പിന്നീട് അമ്മയുടെ ഉറക്കെയുള്ള കരച്ചിലും ഒച്ചയും കേട്ടാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്.അച്ഛന്‍ അമ്മയെ അടിക്കുകയായിരുന്നു.അച്ഛന്‍ കള്ളുകുടിച്ചിട്ടാണ് വന്നത്.ഞാന്‍ പേടിച്ചുവിറച്ച് വാതിലിനു പുറകില്‍ ഒളിച്ചു. ചിലപ്പോള്‍ എനിക്കും കിട്ടും അടി.രാവിലെ ഉണര്‍ന്നുനോക്കിയപ്പോള്‍ പതിവുപോലെ അമ്മ അടുക്കളയില്‍ ദോശ ചുടുകയായിരുന്നു.അമ്മയുടെ മുഖം ചുവന്ന് വീര്‍ത്തിരുന്നു.....


ആദ്യമാദ്യം കുട്ടികളുടെ ഡയറിക്കുറിപ്പുകള്‍ വിരസമായിരുന്നു.രാവിലെ എഴുന്നേറ്റതും പ്രഭാതകൃത്യങ്ങള്‍ ചെയ്തതും ക്ലാസില്‍ മാഷ് വന്നു പഠിപ്പിച്ചതും മറ്റും ആവര്‍ത്തിച്ച് എഴുതിക്കൊണ്ടിരുന്നു അവര്‍.എന്നാല്‍ ക്ലാസിലവതരിപ്പിക്കപ്പെട്ട നല്ല ഡയറികളുടെ മാതൃകകളും വിലയിരുത്തലുകളും അവരുടെ ഡയറിക്കുറിപ്പില്‍ മാറ്റം കൊണ്ടുവന്നു. 


 പുതിയ പദങ്ങളും പ്രയോഗങ്ങളും മറ്റും ഡയറിക്കുറിപ്പില്‍ ഉള്‍പ്പെടുത്താന്‍ അവര്‍ ശ്രദ്ധിച്ചു.ആഖ്യാനത്തില്‍ കൂടുതല്‍ ആത്മാംശം കലരാന്‍ തുടങ്ങി.ക്ലാസുമുറിയുടെ അനുഭവമണ്ഡലത്തില്‍ നിന്നും അതു പതുക്കെ പുറത്തുകടന്നു.വീടിനകത്ത് കുട്ടികള്‍ അനുഭവിക്കേണ്ടിവരുന്ന അവഗണനകള്‍,പീഡനങ്ങള്‍,കുടുംബവഴക്ക് അവരിലുണ്ടാക്കുന്ന പിരിമുറുക്കങ്ങള്‍,ഉത്ക്കണ്ഠകള്‍,പ്രതീക്ഷകള്‍....എല്ലാത്തിന്റെയും സൂചനകള്‍ ഞാനവരുടെ ഡയറിക്കുറിപ്പുകളില്‍ വായിച്ചെടുത്തു.തനിക്ക് ചുറ്റുമുള്ള ജീവിതത്തോടുള്ള കുട്ടികളുടെ സഹജമായ പ്രതികരണങ്ങള്‍ അവര്‍ എഴുത്തിലൂടെ ആവിഷ്ക്കരിച്ചു.  യാന്ത്രികമായ എഴുത്ത് ജൈവികമായ ആവിഷ്ക്കാരത്തിനു വഴിമാറി.എഴുതുകയെന്നത് കുട്ടികളുടെ ആവശ്യമായി മാറി.ഡയറിയെഴുത്തിലൂടെ അവര്‍ തങ്ങളുടെ ആത്മാവിന്റെ ഭാഷ തൊട്ടറിഞ്ഞു.  അവരുടെ സ്വകാര്യദുഃഖങ്ങള്‍ കോറിയിട്ട പേജുകള്‍ ക്ലാസില്‍ ഉറക്കെ വായിക്കാന്‍ അവര്‍ വിമുഖത കാട്ടി.

ഒരു ദിവസം ഷാഹുല്‍ ക്ലാസില്‍ വന്നത് അല്പം മുടന്തിക്കൊണ്ടാണ്.കാലിന്റെ മടമ്പ് നീരുവെച്ച്
 വീങ്ങിയിരിക്കുന്നു.എന്തുപറ്റിയെന്ന് ഞാന്‍ അവനോടു ചോദിച്ചു.ഒരു ചെറുചിരിയോടെ അവന്‍ ഡയറിപ്പുസ്തകം എനിക്കുനേരെ നീട്ടി.ഞാനത് വായിച്ചുനോക്കി.

ഇന്ന് ഞായറാഴ്ചയായതുകൊണ്ട് വൈകിയാണുണര്‍ന്നത്.ഉപ്പ വീട്ടില്‍തന്നെ ഉണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ സന്തോഷം തോന്നി.ചായ കുടിച്ച് ഞാനും ഉപ്പയും ചെസ് കളിക്കാനിരുന്നു.ഞങ്ങള്‍ ചെസ് കളിക്കുന്നത് നോക്കിക്കൊണ്ട് അടുത്തുതന്നെ മേശപ്പുറത്ത് ചിക്കുവുമുണ്ട്.ചിക്കു ഞങ്ങളുടെ വളര്‍ത്തുപൂച്ചയാണ്.അവള്‍ നോക്കിയിരിക്കുമ്പോള്‍ ചെസ് കളിക്കാന്‍ രസമാണ്.ഇടയ്ക്ക് അവള്‍ എഴുന്നേറ്റു പോയി.അവള്‍ക്ക് മുഷിഞ്ഞുകാണും.രണ്ടു കളിയിലും ഞാന്‍ ജയിച്ചു.ഉപ്പ അതോടെ കളി നിര്‍ത്തി. ഞാന്‍ ചിക്കുവിനെ അന്വേഷിച്ചിറങ്ങി.അവളെ എവിടെയും കണ്ടില്ല.അടുത്ത വീട്ടിലെ ഹസീനത്താത്ത വിളിച്ചുപറഞ്ഞു അവളവിടെയുണ്ടെന്ന്.ഞാന്‍ അങ്ങോട്ടുചെന്നു.ചിക്കു അടുക്കളയിലെ തിണ്ണമേല്‍ കുത്തിയിരിപ്പാണ്.ഞാനവളെ പിടിക്കാന്‍ നോക്കി.അവള്‍ മുറ്റത്തെ പേരമരത്തില്‍ ഓടിക്കയറി.ഞാനും പുറകെ വലിഞ്ഞുകയറി.അവള്‍ മരത്തിനറ്റത്തെ ചെറിയ കൊമ്പില്‍ പതുങ്ങിയിരുന്നു.അവളെ പിടിക്കാന്‍  ഞാനും കൊമ്പിലേക്കു കയറി.അവള്‍ താഴേക്ക് ഒറ്റച്ചാട്ടം.പെട്ടെന്ന് ഒരു ശബ്ദം കേട്ടു.കൊമ്പ് ഒടിയുന്നതാണ്.ഞാന്‍ താഴേക്കു വീണു.ഭാഗ്യത്തിന് ഒന്നും പറ്റിയില്ല.കാലില്‍ ചെറിയൊരു ഉളുക്ക്.അത്രമാത്രം. പൂച്ചയെക്കൊണ്ടുകളിക്കുന്നതിന് ഉമ്മയുടെ വഴക്കുകേള്‍ക്കേണ്ടി വന്നതായിരുന്നു അതിലും കഷ്ടം!


 ഷാഹുലിന്റെ ഉപ്പയ്ക്ക് കൃഷി ഡിപ്പാര്‍ട്ടുമെന്റിലാണ്  ജോലി.അവര്‍ വയനാട്ടിലായിരുന്നു.ഉപ്പയ്ക്ക് സ്ഥലം മാറ്റം കിട്ടിയതുകൊണ്ടാണ് ഇങ്ങോട്ട് പോന്നത്.അയാള്‍ ഇടക്കിടെ എന്നെ കാണാന്‍ വരും.നല്ല വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരന്‍.ഞങ്ങള്‍ ഷാഹുലിനെക്കുറിച്ച് സംസാരിക്കും.അവന്റെ കുസൃതികളെക്കുറിച്ച്,‍ഡയറിയെഴുത്തിനെക്കുറിച്ച്,വായനാശീലത്തെക്കുറിച്ച്,കണക്കുചെയ്യുന്നതിലുള്ള വേഗതയെക്കുറിച്ച്....

മാസാവസാനത്തെ ക്ലാസ് തല രക്ഷാകതൃയോഗങ്ങളിലെല്ലാം അവന്റെ ഉപ്പയും ഉമ്മയും പങ്കെടുത്തു.പുതിയ പഠന രീതിയെക്കുറിച്ചും മറ്റും സംശയങ്ങള്‍ ഉന്നയിക്കുകയും ചര്‍ച്ച തുടങ്ങിവെക്കുകയും ചെയ്തു.


 ഒരിക്കല്‍ ഷാഹുല്‍ ക്ലാസില്‍ വന്നത് പഞ്ചതന്ത്രം കഥകളുടെ ഒരു പുതിയ കോപ്പിയുമായാണ്.

"ഇന്നലെ എന്റെ പിറന്നാളായിരുന്നു സേര്‍.ഈ പുസ്തകം ഹസീനത്താത്തയുടെ സമ്മാനമാണ്.”
"നല്ല സമ്മാനം."ഞാന്‍ പുസ്തകം വാങ്ങി നോക്കിക്കൊണ്ടു പറഞ്ഞു.
"ആരാണ് ഹസീനത്താത്ത?”
"എന്റെ അടുത്ത പൊരേലാ.കോളേജിലൊക്കെ പഠിച്ചതാ.
ഇതുവരെ ജോലിയായിട്ടില്ല.”


അവന്റെ സംസാരത്തിലും ഡയറിയിലുമൊക്കെ ഹസീനത്താത്ത നിറഞ്ഞു നിന്നു.ഒരു ദിവസം അവന്‍ പറഞ്ഞു.
"അടുത്തതവണ ഞങ്ങള്‍ നാട്ടില്‍ പോകുമ്പോള്‍ ഹസീനത്താത്തയെയും കൂടെക്കൂട്ടും.”


ദിവസങ്ങള്‍ കടന്നുപോയി.ഇടയ്ക്ക് അവന്‍ ഒരാഴ്ചയോളം ക്ലാസില്‍ വന്നില്ല.ഒരു പക്ഷേ,നാട്ടില്‍ പോയതാവാമെന്ന് ഞാന്‍ കരുതി.പിന്നീടൊരു ദിവസം ഏറെ വൈകി അവന്‍ ക്ലാസിലെത്തി.ആദ്യമായിട്ടായിരിക്കണം അവന്‍ ക്ലാസില്‍ വൈകിയെത്തുന്നത്.
"നാട്ടില്‍ പോകുമ്പോള്‍ നിനക്കൊന്ന് പറഞ്ഞിട്ട് പോയ്ക്കൂടെ?"ഞാനല്‍പ്പം ദേഷ്യപ്പെട്ടുകൊണ്ടു ചോദിച്ചു.
അവന്‍ ഒന്നും മിണ്ടിയില്ല.


 ഞാനവനെ സൂക്ഷിച്ചു നോക്കി.അവന്‍ വല്ലാതെ ക്ഷീണിച്ച് പോയിരിക്കുന്നു.മുഖം വാടിയിരിക്കുന്നു.തലമുടി പാറി പറന്നിട്ടുണ്ട്.മുഷിഞ്ഞ വസ്ത്രം ധരിച്ചിരിക്കുന്നു.ഈ രൂപത്തില്‍ ഞാനവനെ ഇതുവരെ കണ്ടിട്ടില്ല.

"എന്തു പറ്റീ നിനക്ക്? എന്തായിരുന്നു അസുഖം?”
അവനൊന്നും മിണ്ടാതെ തലതാഴ്ത്തിയിരുന്നതേയുള്ളു.
"വരൂ,നിന്റെ ഡയറി വായിച്ചുകൊടുക്കൂ."ഞാന്‍ നിര്‍ബന്ധിച്ചു.

പക്ഷേ, അവന്‍ അനങ്ങിയില്ല.അവന്റെ കണ്ണുനിറഞ്ഞിരിക്കുന്നതായി എനിക്കു തോന്നി.അവനെന്തോ പ്രയാസമുണ്ട്.ഞാന്‍ അവന്റെ അടുത്ത് ചെന്ന് ഡയറി ചോദിച്ചു.അവന്‍ തന്നില്ല.കൂടുതല്‍ നിര്‍ബന്ധിച്ചപ്പോള്‍ പുസ്തകം എന്റെ കൈയില്‍ വെച്ചുതന്നു,ഒരപേക്ഷയോടെ.
"ഉറക്കെ വായിക്കല്ലേ,സേര്‍.”

കഴിഞ്ഞ ഒരാഴ്ചയായി ഉപ്പ പോയിട്ട്.എങ്ങോട്ടാണ് പോയതെന്ന് ആര്‍ക്കുമറിയില്ല.ഒന്നു മാത്രമറിയാം.കൂടെ ഹസീനത്താത്തയുമുണ്ട്.നാട്ടിലേക്കാണെങ്കില്‍ ഞങ്ങളെയും കൂട്ടാമല്ലോ.ആ താത്തയ്ക്കെങ്കിലും പറയാമായിരുന്നു.

ഉപ്പ പോയതില്‍പ്പിന്നെ ഉമ്മ എപ്പോഴും കരച്ചിലാണ്.വീട്ടില്‍ ഭക്ഷണം പോലും ഉണ്ടാക്കാറില്ല.ഉപ്പ ഞങ്ങളെ വിട്ടുപോയെന്നും ഇനിയൊരിക്കലും  വരില്ലെന്നുമാണ് ഉമ്മ പറയുന്നത്.നേരായിരിക്കുമോ? ഉപ്പയും താത്തയും ഒന്നിച്ച് കഴിയുമത്രെ!ഞങ്ങളെ ഒഴിവാക്കിയിട്ട് അതിന് കഴിയോ അവര്‍ക്ക്.ഉമ്മയുടെ കയ്യിലാണെങ്കില്‍ പണവുമില്ല.ഉമ്മ ഇന്നലെ മാമനെ ഫോണില്‍ വിളിച്ച് ഒരുപാട് കരഞ്ഞു.മാമന്‍ എന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുക?ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല......


 എനിക്ക് വായിച്ച് മുഴുപ്പിക്കാന്‍ കഴിഞ്ഞില്ല.
പുസ്തകത്തിന്റെ താളുകള്‍ കണ്ണീരില്‍ കുതിര്‍ന്നിരിക്കുന്നതായി തോന്നി.മനസ്സിനു വല്ലാത്ത വിങ്ങല്‍.പുസ്തകം മടക്കിക്കൊടുത്ത്,'ഉപ്പ ഉടനെ തിരിച്ചുവരും,നിങ്ങളുടെ സ്നേഹത്തെ അങ്ങനെ കണ്ടില്ലെന്നു നടിക്കാന്‍ ഉപ്പയ്ക്കാവില്ല.ഞാനും അന്വേഷിക്കാം' എന്നൊക്കെപ്പറഞ്ഞ്  ഞാനവനെ സമാധാനിപ്പിച്ചു.എനിക്കത്രയേ കഴിയുമായിരുന്നുള്ളു.

പിറ്റേ ദിവസം അവന്റെ ഉമ്മ എന്നെക്കാണാന്‍ വന്നു.അവര്‍ എനിക്കു മുന്നില്‍നിന്ന് കുറേനേരം കരഞ്ഞു.എന്തുചെയ്യണമെന്നറിയാതെ ഞാന്‍ കുഴങ്ങി.എങ്ങനെയാണവരെ സമാധാനിപ്പിക്കുക?


"അയാള്‍ക്ക് ഒരബദ്ധം പറ്റിയതായിരിക്കും.തെറ്റു മനസ്സിലാക്കുമ്പോള്‍ തിരിച്ചുവരും."ഞാന്‍ പറഞ്ഞു.
അവര്‍ കണ്ണുകള്‍ തുടച്ചു.കുറച്ചുനേരം ഒന്നും മിണ്ടാതെ നിന്നു.പിന്നീട് പറഞ്ഞു.
"ഇനി അയാള്‍ വരണ്ട.വന്നാല്‍ തന്നെ ഒരുമിച്ച് ജീവിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല.”
അവര്‍ എന്തോ തീരുമാനിച്ചുറച്ചതുപോലെ പറഞ്ഞു.
"മാഷെ,ഞങ്ങള്‍ നാട്ടിലേക്ക് പോവുന്നു.എനിക്ക് ഷാഹുലിന്റെ ടി സി വേണം."
അവര്‍ ചിരിക്കാന്‍ ശ്രമിച്ചു.
"ധൃതിയില്‍ അങ്ങനെയൊരു തീരുമാനമെടുക്കണോ?”
"വേണം.എത്ര ദിവസംന്ന് വെച്ചിട്ടാ ഞങ്ങളിവിടെ ഒറ്റയ്ക്ക് താമസിക്കുക?”
അവര്‍ യാത്ര പറഞ്ഞിറങ്ങി.

അന്നു രാത്രി എനിക്കുറക്കം വന്നില്ല.എന്നും രാവിലെ ഡയറി വായിക്കാറുള്ള ഷാഹുലിന്റെ പ്രസന്നമായ മുഖമായിരുന്നു എന്റെ മനസ്സില്‍.അവന്റെ ഉമ്മയുടെ കണ്ണീരും.ഇനിമുതല്‍ ഷാഹുല്‍ ക്ലാസിലുണ്ടാവില്ല എന്ന യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ ഞാന്‍ ഏറെ പാടുപെട്ടു. ഓരോ കുട്ടിക്കും ക്ലാസില്‍ ഓരോ ഇടമുണ്ട്.പിരിഞ്ഞു പോകുന്നവന്‍ ഒരു ശൂന്യത ബാക്കിവയ്ക്കും.




Saturday, 1 July 2017

ക്ലാസില്‍ ഒരു പൂമ്പാറ്റ പിറക്കുന്നു

ക്ലാസുമുറിയില്‍ നിന്നുള്ള കുറിപ്പുകള്‍....


എം.എം.സുരേന്ദ്രന്‍

ഒരിക്കല്‍ പരിസരപഠനക്ലാസില്‍ പൂമ്പാറ്റയെക്കുറിച്ചും അവയുടെ ജീവിതചക്രത്തെക്കുറിച്ചും ചര്‍ച്ചചെയ്യുന്നതിനിടയിലാണ് ജംസീന അവള്‍ക്കുണ്ടായ വിചിത്രമായ സ്വപ്നത്തെക്കുറിച്ചു പറഞ്ഞത്.

"ഒരു ബെല്യ മരത്തിനു മോളില്‍ നിന്നായിരുന്നു പൂമ്പാറ്റകള്‍ വന്നത്.ഒരായിരം പൂമ്പാറ്റകള്‍! അവ എന്റെ തലയ്ക്കു ചുറ്റും വട്ടമിട്ടുപറന്നു.പലപല നിറത്തിലുള്ളവ.പിന്നീട് നീലാകാശത്തിലേക്ക് അത് വരിവരിയായി പറന്ന് അങ്ങ്   പൊട്ടുപോലെ മറഞ്ഞു.....”

പിറ്റേ ദിവസം ഒരു വിശേഷപ്പെട്ട സാധനവും കൊണ്ടാണ് ജംസീന ക്ലാസില്‍ വന്നത്.പോളിത്തീന്‍ കവറില്‍ ഒരു നാരകച്ചില്ല.ചില്ലയില്‍ ഭയന്നുവിറച്ച് പറ്റിപ്പിടിച്ചിരിക്കുന്ന ഒരു പുഴു.കുട്ടികള്‍ പുഴുവിനെകാണാന്‍ അവള്‍ക്കു ചുറ്റും കൂടി.

"ഇത് പൂമ്പാറ്റയുടെ പുതുവാണ്."
ജംസീന ഒരു പ്രഖ്യാപനം നടത്തി.പക്ഷേ,മറ്റു കുട്ടികള്‍ അതു വിശ്വസിച്ചില്ല.
"ഈന് പച്ച നിറാണ്. പച്ചനിറത്തിലുള്ള പൂമ്പാറ്റയില്ലല്ലോ."അനസ് പറഞ്ഞു.
ജംസീന ആദ്യം ഒന്നു പരുങ്ങി. അല്പനേരത്തെ ആലോചനയ്ക്കുശേഷം അവള്‍ പറഞ്ഞു.
"ചെലപ്പം ഇണ്ടാകും.നമ്മള് കാണാത്തതായിരിക്കും.”
"ഈന് ചെറക് ഓട്ത്തു?"കുഞ്ഞാമുവിന്റെ സംശയം.
"ചെറക് ബയ്യെ മൊളക്കും."ജംസീന ഉറപ്പിച്ചുപറഞ്ഞു.
"എന്നാല് തേന്‍ കുടിക്കുന്ന തൂശി ഓട്ത്തു?”

സംശയം വര്‍ദ്ധിച്ചപ്പോള്‍ കുട്ടികള്‍ പുഴുവിനെയും കൊണ്ട് എന്റെ അടുത്തേക്ക് വന്നു.


 "മാശെ,ഇത് പൂമ്പാറ്റേന്റെ പുതുവാണോ?”
"നിങ്ങള്‍ക്കെന്തുതോന്നുന്നു?”
"കണ്ടിറ്റ് അങ്ങനെ തോന്നുന്നില്ല."കുട്ടികള്‍ പറഞ്ഞു.
പക്ഷേ,ജംസീന വിടാനുള്ള ഭാവമില്ല.അവള്‍ വാശിപിടിച്ചു.
"അതെ മാശെ,എന്റെ ഇച്ച പറഞ്ഞതാ.”
"ശരി...എങ്കില്‍ നമുക്കൊന്ന് പരീക്ഷിച്ചു നോക്കാം.”


 ഞാന്‍ സ്റ്റാഫ്റൂമില്‍ പോയി ഒരു ചെറിയ കുപ്പിഭരണിയുമായി വന്നു.അതിന്റെ അടപ്പില്‍ രണ്ട് ദ്വാരമിട്ടു.
"ഈ ഓട്ട എന്തിനാ?"യൂനുസ് ചോദിച്ചു.
"എടാ,  പുതൂന് ശ്വാസം കയ്ക്കണ്ടെ?അയ്നി ബേണ്ടീറ്റായിരിക്കും."സുനിത പറഞ്ഞു.

നാരകത്തിന്റെ ഇലകളോടൊപ്പം പുഴുവിനെ ഭരണിയിലിട്ട് മൂടി അടച്ചു.
"അപ്പോ അയ്നി തിന്നാനോ?”
"അത് നാരകത്തിന്റെ ഇല തിന്നുകൊള്ളും."ഞാന്‍ പറഞ്ഞു.

ഭരണി ജനലിനുമുകളിലായി നല്ല വെളിച്ചം കിട്ടുന്ന ഒരിടത്തുകൊണ്ടുപോയി വെച്ചു.

പിറ്റേ ദിവസം രാവിലെ വന്നയുടനെ കുട്ടികള്‍ ഭരണി പരിശോധിച്ചു.പിന്നീട് മേശക്കരികിലേക്ക് ഓടി വന്നു പറഞ്ഞു.
"മാശെ, എല മുയ്ക്കെ പുതു തിന്നുതീര്‍ത്തു.തീറ്റക്കൊതിയന്‍.പൊരാത്തതിന് ഭരണിക്കടിയില്‍ നെറച്ചും അത് തൂറിയിട്ടു.”


കുട്ടികള്‍ പല ചെടികളുടെയും ഇലകള്‍ കൊണ്ടുവന്ന് ഭരണിയിലിട്ടു.വൈകുന്നേരം വരേയ്ക്കും ഒരു കഷണം ഇലപോലും അതു തിന്നില്ല.അവര്‍ക്ക് പ്രയാസമായി.

"അതൊന്നും തിന്നുന്നില്ല മാശെ.ഇങ്ങനെപോയാല്‍ പട്ടിണി കെടന്ന് ചത്തുപോകും.”
"പുതൂനെ ഭരണിയില്‍ പിടിച്ചിട്ടതുകൊണ്ടാ ഒന്നും തിന്നാത്തത്.നിരാഹാരസമരമായിരിക്കും."അജീഷ് പറഞ്ഞു.
"ഹൊ,ഓന്റെ ഒരു തമാശ!"റസീന ഇടയ്ക്കുകയറിപ്പറഞ്ഞു."മാശെ,എനക്ക് തോന്നുന്നത് അത് നാരകത്തിന്റെ എല മാത്രേ തിന്നൂ.”
"റസീന പറഞ്ഞതില്‍ കാര്യമുണ്ടോ എന്നു നോക്കാം.നിങ്ങള്‍ പോയി നാരകത്തിന്റെ ഇലകള്‍ കൊണ്ടുവരൂ.”

കേള്‍ക്കേണ്ട താമസം കുട്ടികള്‍ ജംസീനയുടെ വീട്ടിലേക്കോടി.സ്ക്കൂളിന് തൊട്ടടുത്താണ് അവളുടെ വീട്.നാരകത്തിന്റെ ഒരു കെട്ട് ഇലകളുമായി അവര്‍ തിരിച്ചെത്തി.കുറച്ചെണ്ണം ഭരണിയിലിട്ടുകൊടുത്തു.ബാക്കി നാളത്തേയ്ക്കും കരുതിവെച്ചു.


 പുഴു വീണ്ടും തിന്നാന്‍ തുടങ്ങി.രണ്ടുമൂന്നുദിവസം തീറ്റിയോടുതീറ്റിതന്നെ.പിന്നീട് ഭരണിയുടെ മൂടിയില്‍ പറ്റിപ്പിടിച്ച് തൂങ്ങിക്കിടന്നുറങ്ങി.നല്ല ഉറക്കം.കുട്ടികള്‍ ഓരോ ദിവസവും പുഴുവിനുള്ള മാറ്റം നിരീക്ഷിച്ച് രേഖപ്പെടുത്തി.അതിന്റെ ചിത്രങ്ങള്‍ വരച്ചു.

പിറ്റേ ദിവസം രാവിലെ കുട്ടികള്‍ എന്നെ ഗേറ്റിനരികില്‍ കാത്തുനില്‍ക്കുകയായിരുന്നു.എന്നെ കണ്ടപാടെ അവര്‍ പറഞ്ഞു.
"മാശെ, പുതു അതിനുചുറ്റും കൂട് കെട്ടാന്‍ തൊടങ്ങി.ജംസീന ചൊല്ലിയതില്‍ കാര്യുണ്ട്.”
ഞാന്‍ പോയി നോക്കി.വെള്ള നിറത്തിലുള്ള നേര്‍ത്ത പാടയുടെ ഒരു കവചം പുഴുവിനെ മൂടിയിരിക്കുന്നു.
"ഇതിനെയാണ് പ്യൂപ്പ എന്നുപറയുക.ഇതിനകത്ത് അവള്‍ ഇനി ഉറങ്ങും.”
ഞാന്‍ പറഞ്ഞു.


സാദിഖ് മിക്കപ്പോഴും ഭരണിക്കരികില്‍തന്നെയാണ്.ഓരോ ബെല്ലിനുശേഷവും അവന്‍ ഭരണിക്കരികിലേക്കോടും.ഭരണിയെടുത്ത് തിരിച്ചും മറിച്ചും നോക്കും,പിന്നീട് യഥാസ്ഥാനത്തുവെക്കും. അവന്റെ ക്ഷമ നശിച്ചിരിക്കുന്നു.
"മാശെ,സാദിഖ് മിക്കവാറും ഭരണി നെലത്തിട്ട് പൊളിക്കും.”
മറ്റു കുട്ടികള്‍ അവനെ തടഞ്ഞു.


രാവിലെ ക്ലാസുനടക്കുന്നതിനിടയില്‍ സാദിഖ് ഉറക്കെ വിളിച്ചു പറഞ്ഞു.
"നോക്ക്,പൂമ്പാറ്റ കൂട് പൊട്ടിച്ച് പൊറത്ത് ബെരുന്ന്!”

എല്ലാവരും ഭരണിക്കടുത്തേക്കോടി.ജനാലയ്ക്കല്‍ നല്ല വെളിച്ചമുണ്ടായിരുന്നു.ജീവിതത്തിലെ അപൂര്‍വ്വം ചില നല്ല കാഴ്ചകളിലൊന്നായിരുന്നു അത്.പ്യൂപ്പ പൊട്ടി പൂമ്പാറ്റ പുറത്തുവരുന്നത് കുട്ടികള്‍ ശ്വാസമടക്കിപ്പിടിച്ച് നോക്കി നിന്നു.ആദ്യം ചിറകുകള്‍ പുറത്തുവന്നു.ചിറകുകള്‍ക്ക് നല്ല തിളക്കമുണ്ടായിരുന്നു.ശലഭം ചിറകുകള്‍ നിവര്‍ത്തിക്കുടഞ്ഞു.അല്പസമയം കഴിഞ്ഞപ്പോള്‍ ചിറകുകള്‍ക്ക് നിറം വയ്ക്കാന്‍ തുടങ്ങി.കറുപ്പില്‍ വെളുത്ത പുള്ളികള്‍ തെളിഞ്ഞു വന്നു.അടിഭാഗത്ത് ചുവപ്പു നിറത്തിലുള്ള വരയും.നോക്കിനില്‍ക്കെ ആ സുന്ദരിക്കുട്ടി ചിറകടിച്ച് പറക്കാന്‍ ഒരു വിഫല ശ്രമം നടത്തി.താന്‍ ജന്മമെടുത്തത് ഒരു ഭരണിക്കുള്ളിലാണെന്ന് അവളുണ്ടോ അറിയുന്നു!


 "ഹായ്,കാണാന്‍ നല്ല ചേല്!നോക്ക്, അത് പറക്കാന്‍ കളിക്കുന്നു.”
കുട്ടികള്‍ ഉച്ചത്തില്‍ വിളിച്ചു കൂവി.അവരുടെ ബഹളം കേട്ട് അടുത്ത ക്ലാസിലെ കുട്ടികളും ടീച്ചര്‍മാരുമെത്തി.


"ഈ ശലഭത്തന്റെ പേരാണ് നാരകക്കാളി.”
സുരേഷ് ഇളമണ്‍ എഴുതിയ 'ചിത്രശലഭങ്ങള്‍' എന്ന പുസ്തകത്തിലെ നാരകക്കാളിയുടെ ചിത്രം ഞാനവര്‍ക്കു കാണിച്ചുകൊടുത്തു.അതിന്റെ പ്രത്യേകതകള്‍ വായിച്ചുകൊടുത്തു.കുട്ടികള്‍ ശലഭത്തെ ഒരിക്കല്‍കൂടി സൂക്ഷിച്ചുനോക്കി.

ഇനി ഇവളെ തുറന്നു വിടാം.
ഞാന്‍ കുട്ടികളെയും കൂട്ടി പൂന്തോട്ടത്തിലേക്കിറങ്ങി.
"ജംസീനയല്ലേ പുഴു കൊണ്ടുവന്നത്.അവള്‍തന്നെ ഇതിനെ തുറന്നു വിടട്ടെ.”
ജംസീന അഭിമാനത്തോടെ മുന്നോട്ടുവന്നു.ഭരണിയുടെ മൂടി തുറന്നു.പൂമ്പാറ്റ ചിറകുവിടര്‍ത്തി പുറത്തേക്കു പറന്നു.സ്വാതന്ത്ര്യം കിട്ടിയതിലുള്ള ആഹ്ലാദം! അതൊരു ചെടിയുടെ മുകളില്‍ പറന്നിരുന്നു.ചിറകുകള്‍ സൂര്യനുനേരെ വിടര്‍ത്തി അവള്‍ വീണ്ടും പറക്കാന്‍ തുടങ്ങി.അങ്ങ് കാട്ടുപൊന്തകളിലേക്കു പറന്നകലുന്ന ആ കൊച്ചുസുന്ദരിയെ കുട്ടികള്‍ നിര്‍നിമേഷരായ് നോക്കിനിന്നു.

"ജുനൈദേ,ഇപ്പം എന്തുചൊല്ലാന്ണ്ട്?പച്ചപ്പുതു പൂമ്പാറ്റയായതു കണ്ടോ?”
ജംസീന ചോദിച്ചു.
"ഓ,അത് പിന്നെ....നിന്റെ ഇച്ച ചൊല്ലിത്തന്നതുകൊണ്ടല്ലേ?"ജുനൈദ് വിട്ടുകൊടുത്തില്ല.
എല്ലാവരും ചേര്‍ന്ന് പൂന്തോട്ടത്തില്‍ നിന്ന് ആ പഴയ കവിത പാടി...

പലപല നാളുകള്‍ ഞാനൊരു പുഴുവായ്
പവിഴക്കൂട്ടിലുറങ്ങി
ഇരുളും വെട്ടവുമറിയാതങ്ങനെ
കിടന്നു നാളുകള്‍ നീക്കി...
…..................................

പൂമ്പാറ്റകളെ നിരീക്ഷിക്കാനും തിരിച്ചറിയാനുമുള്ള പ്രവര്‍ത്തനത്തിലേക്കുള്ള ഒരു നല്ല തുടക്കമായി ഈ സംഭവം.