കളിപോലെ കുട്ടികള്‍ക്കു പ്രധാനമാണ് കഥയും.കഥയില്ലാത്ത ഒരു ദിവസത്തെക്കുറിച്ച് അവര്‍ക്ക് ചിന്തിക്കാനേ കഴിയില്ല.ഒന്നിക്കല്‍ കഥ പറഞ്ഞുകൊടുക്കണം. അല്ലെങ്കില്‍ കഥാപുസ്തകം വായിച്ചു കൊടുക്കണം.ക്ലാസ്സ് ലൈബ്രറിയില്‍ നിന്നും പുസ്തകം കൈയിലെടുത്ത് അവര്‍ കാത്തു നില്‍ക്കും,കഥവായിച്ചുകൊടുക്കാന്‍.
"മാഷേ,ഇന്ന് ഈ പുസ്തകം വായിക്കണം.”
പുസ്തകം അവര്‍ എനിക്കു നേരെ നീട്ടും.
കുരങ്ങനും ആമയും വാഴനട്ട കഥ വായിച്ചുകൊടുക്കുകയായിരുന്നു ഞാന്‍.പുസ്തകത്തിലെ ചിത്രങ്ങളും കുഞ്ഞുവാക്യങ്ങളും കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു.അങ്ങനെ രസം പിടിച്ചിരിക്കുന്നതിനിടയിലാണ് പ്രജ്വലിന്റെ ഒരു ചോദ്യം.
"മാഷേ, ഇതുപോലുള്ള പുസ്തകം നമുക്കും ഉണ്ടാക്കിയാലോ?”
നല്ല നിര്‍ദ്ദേശം.പക്ഷേ,നടക്കുമോ?
ഞാനും അങ്ങിനെ ആലോചിക്കാതിരുന്നില്ല.ക്ലാസിലെ മുഴുവന്‍ കുട്ടികളേയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു പതിപ്പുണ്ടാക്കാം.പക്ഷേ,ഇതുപോലുള്ള പുസ്തകങ്ങള്‍ എങ്ങനെയാണ് ഉണ്ടാക്കുക?അതിന്റെ പ്രക്രിയ എന്തായിരിക്കണം?ഒന്നാംക്ലാസുകാര്‍ക്ക് അതു സാധ്യമാകുമോ?പ്രായോഗികമായി നടപ്പാക്കാന്‍ ബുദ്ധിമുട്ടായിരിക്കും എന്നതുകൊണ്ട് ഞാന്‍ ഈ ആലോചന മാറ്റിവയ്ക്കുകയായിരുന്നു.
ക്ലാസില്‍വെച്ചുതന്നെ ധാരാളം കഥകള്‍ അവര്‍ കേട്ടു കഴിഞ്ഞു.കുറെ കഥാപുസ്തകങ്ങള്‍ വായിച്ചുകേള്‍ക്കുകയും സ്വയം വായിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
ഇനി അവര്‍ കഥ രൂപ്പെടുത്തേണ്ടതല്ലേ? കഥയാണെങ്കില്‍ അവര്‍ക്ക് ജീവനുമാണ്.
കുട്ടികള്‍ കുഞ്ഞുകുഞ്ഞു വാക്യങ്ങളില്‍ എന്തെങ്കിലുമൊക്കെ എഴുതാന്‍ തുടങ്ങിയിരിക്കുന്നു.എങ്കില്‍ അവര്‍ക്ക് കഥയും എഴുതാന്‍ കഴിയുമല്ലോ.
എങ്ങനെയാണ് ക്ലാസില്‍ കഥകള്‍ രൂപപ്പെടുത്തേണ്ടത്?
ആദ്യഘട്ടത്തില്‍ ക്ലാസിലെ മുഴുവന്‍ കുട്ടികളും ചേര്‍ന്നായിരിക്കണംകഥയുണ്ടാക്കേണ്ടത്.അപ്പോള്‍ അത് എല്ലാവരുടേയും കഥയാകും.അങ്ങനെയുള്ള കഥ എഴുതാനും വായിക്കാനുമായിരിക്കും കുട്ടികള്‍ക്ക് കൂടുതല്‍ താത്പര്യം.
കഥ രൂപപ്പെടണമെങ്കില്‍ കുട്ടികളുടെ സര്‍ഗ്ഗാത്മകതയെ തൊട്ടുണര്‍ത്താന്‍ കഴിയണം.അത് എങ്ങനെയാണ്?
ക്ലാസില്‍ കഥ രൂപപ്പെടുന്നു
കുട്ടികള്‍ ക്ലാസില്‍ വൃത്താകൃതിയില്‍ ഇരുന്നു. കുട്ടികള്‍ക്കിടയില്‍ ഞാനും.എല്ലാവരും നിശബ്ദരായി.ഒരു കുട്ടിയുടെ പെന്‍സില്‍ ബോക്സില്‍ ഞാന്‍ വിരലുകൊണ്ട് വെറുതെ ഒരു താളമിട്ടു.
കുട്ടികള്‍ അതു ശ്രദ്ധിച്ചു കേട്ടു.
"ഇതു കേട്ടപ്പോള്‍ എന്തുതോന്നി?"ഞാന്‍ ചോദിച്ചു.
"ചെണ്ടകൊട്ടുന്നതുപോലെ."ദര്‍ശന പറഞ്ഞു.
"ക്രിസ്മസ് അപ്പൂപ്പന്‍ വരുമ്പോള്‍ ബാന്റടിക്കുമ്പോലെ."അഭിനന്ദ് പറഞ്ഞു.
"പടക്കം പൊട്ടുമ്പോലെ....”
ശബ്ദം കുട്ടികളുടെ മനസ്സില്‍ ഉണ്ടാക്കിയ പ്രതികരണങ്ങള്‍ അവര്‍ വിളിച്ചു പറയാന്‍ തുടങ്ങി.
കഥയ്ക്ക് ഒരു തുടക്കം കിട്ടാന്‍ ആയാസപ്പെട്ടിരിക്കുകയായിരുന്നു ഞാന്‍.അപ്പോഴാണ് ഗോഗുല്‍ പറഞ്ഞത്.
"മാഷേ,അതു ചെമ്പന്‍ കോഴി കൊക്കരിക്കുമ്പോലെയാ..”
അതേ താളത്തില്‍ അവന്‍ കോഴിയുടെ ശബ്ദമുണ്ടാക്കി.
'ഓമനച്ചങ്ങാതിമാര്‍' എന്ന പാഠമാണ് അവര്‍ പഠിച്ചുകൊണ്ടിരിക്കുന്നത്.വളര്‍ത്തു ജീവികള്‍ കഥാപ്പാത്രമായി വരുന്ന പാഠം.അതിലെ ചെമ്പന്‍ കോഴി അവന്റെ മനസ്സില്‍ കയറിപ്പറ്റിയിരിക്കുന്നു.
അപ്പോള്‍ കഥയിലെ കഥാപ്പാത്രമായി-ചെമ്പന്‍ കോഴി.
"ചെമ്പന്‍ കോഴി എപ്പോള്‍, എവിടെ നിന്നാണ് കൊക്കരിച്ചത്?"എന്റെ അടുത്ത ചോദ്യം.
"വൈകുന്നേരം. അതിന്റെ കൂടിനു മുകളില്‍ കയറി നിന്ന്."അജ്മല്‍ പറഞ്ഞു.
"അപ്പോള്‍ എന്ത് സംഭവിച്ചു?”
"കുറുക്കന്‍ അതു കേട്ടു."അവന്തിക പറഞ്ഞു.
"കുറുക്കന്‍ എവിടെയായിരുന്നു?”
"കാട്ടില്‍ ഉറങ്ങുകയായിരുന്നു.”
"കുറുക്കന്‍ ഉണര്‍ന്ന് കോഴിയെ പിടിക്കാന്‍ ഓടി.”
"പിന്നീട് എന്തുണ്ടായി?”
"കുറുക്കനു കോഴിയെ കിട്ടിയോ?”
"ഇല്ല. കോഴി പറന്ന് മരത്തില്‍ ഇരുന്നു..”
കഥ ഇങ്ങനെയാണ് വളരുന്നത്...
കുട്ടികളുടെ ഭാവനയ്ക്കനുസരിച്ച് ഇനിയത് വളര്‍ന്ന് വികസിക്കും.
അടുത്ത ദിവസം ഒരു വാക്യത്തില്‍ നിന്നാണ് തുടങ്ങിയത്.
'മുയല്‍ ഒരു കാട്ടിലൂടെ നടന്നുപോകുകയായരുന്നു.'ഞാന്‍ ബോര്‍ഡില്‍ എഴുതി.
"ആരാണ് മുയല്‍ ആകുന്നത്?”
വിഷ്ണു മുന്നോട്ടു വന്നു.
"ഞാനാകാം.."തലയുടെ ഇരു ഭാഗങ്ങളിലും വിരലുകള്‍ ചേര്‍ത്തുവെച്ച് അവന്‍ മുയലിനെപ്പോലെ ചടിച്ചാടി നടന്നു.
"ഈ മുയലിന്റെ പേരെന്താ?”
"മിന്നുമുയല്‍"
"എങ്ങോട്ടായിരിക്കും മുയലിന്റെ യാത്ര?”
"അതിനു വിശക്കുന്നുണ്ട്. കേരറ്റ് തിന്നാനാ പോകുന്നത്.”
"എന്നിട്ട് അവന് കേരറ്റ് കിട്ടിയോ?..”
ഈ രീതിയിലും കഥ രൂപപ്പെടുത്താം.
മറ്റൊരു ദിവസം കഥയാരംഭിച്ചത് കാറ്റിന്റേയും മഴയുടെ ശബ്ദം കേള്‍പ്പിച്ചുകൊണ്ടായിരുന്നു..
കുട്ടികള്‍ ഒരു നിമിഷം നിശബ്ദരായി.
"മാഷേ, മഴയത്ത് മരം പൊട്ടിവീണു. ആ മരത്തിലായിരുന്നു തത്തമ്മയുടെ കൂട്...”
കഥയ്ക്ക് എത്ര നല്ല തുടക്കം..!
പിന്നെ ഒരു വീടിന്റെ ചിത്രം കാണിച്ചുകൊണ്ടായിരുന്നു തുടക്കം.
"മുയലിന്റെ വീടാണിത്.ഇവിടേക്ക് ഒരു ദിവസം കരടി കയറി വന്നു...”
കഥ രൂപപ്പെടുത്താനുള്ള വഴികളാണിതെല്ലാം.കുട്ടികളെ പ്രചോദിപ്പിക്കാന്‍ എന്തെങ്കിലുമൊന്ന് വേണം. ഒരു ശബ്ദമോ ചിത്രമോ ഒരു കളിയോ സംഗീതമോ ആകാം.പക്ഷേ,അതു പ്രധാനമാണ്.അതാണ് കുട്ടികളുടെ സര്‍ഗ്ഗാത്മകതയെ തൊട്ടുണര്‍ത്തുക.അപ്പോള്‍ മനസ്സിലെന്നോ വീണു കിടന്ന കഥയുടെ വിത്തുകള്‍ മുളപൊട്ടും.
തുടക്കത്തില്‍ അവര്‍ കേട്ടു പരിചയിച്ച കഥയിലേക്ക് അവരുടെ ആലോചന അറിയാതെ ചെന്നെത്തും.കുഴപ്പമില്ല. എങ്കിലും അതിനു ചില്ലറമാറ്റങ്ങളുണ്ടാകും.ആ മാറ്റങ്ങളാണ് പ്രധാനം.കുറച്ച്കൂടി മുന്നോട്ടുപോകുമ്പോള്‍ അവരുടെ ആലോചന സ്വതന്ത്രമാകും.അപ്പോള്‍ മൗലികമായ രചനകള്‍ രൂപം കൊള്ളും.
കഥയുടെ ചമഞ്ഞുകളി
കഥ രൂപപ്പെട്ടു കഴിഞ്ഞാല്‍പിന്നെ അതിന്റെ ചമഞ്ഞുകളിയാണ്.എല്ലാവരും വട്ടത്തിലിരിക്കും. മധ്യത്തില്‍ വെച്ചാണ് കളി.
ആദ്യം കഥയുടെ പശ്ചാത്തലം ഒരുക്കണം.എങ്കിലേ കളി ഉഷാറാകൂ.
ക്ലാസിലെ ഫര്‍ണ്ണിച്ചറുകള്‍ ഉപയോഗിച്ച് ഇതുചെയ്യാം.
മധ്യത്തില്‍ വെച്ചിരിക്കുന്ന കസേരയാണ് കോഴിക്കൂട്.
കുട്ടികള്‍ക്ക് കസേരയെ കോഴിക്കൂടായി കാണാന്‍ എളുപ്പമാണ്.കസേരക്കടിയില്‍ അവര്‍ ഒളിക്കും.ഇതാ കൂട്.അവര്‍ അതിന് വാതിലുകള്‍ സങ്കല്‍പ്പിക്കും.കൂടിനു മുകളില്‍ കയറി നിന്നാണ് ചെമ്പന്‍ കോഴി കൊക്കരിക്കുക.ദാ ഇങ്ങനെ...
ഗോകുല്‍ കസേരയ്ക്ക് മുകളില്‍ കയറിനിന്ന് ചിറകടിച്ച് കോഴിയുടെ ശബ്ദമുണ്ടാക്കി.
ഇനി കുറുക്കന്‍ വരുമ്പോള്‍ കോഴിക്ക് ഇരിക്കാനുള്ള മരം വേണം.അത് ഈ മേശയാക്കാം.അപ്പോ കുറുക്കനു കയറാനുള്ള ഏണിയോ മാഷേ?
ദാ, ഈ ബെഞ്ച് മേശയിലേക്ക് ചെരിച്ചുവച്ചാല്‍ ഏണിയായി.
ഇത്രയുമായാല്‍ കളിക്കാനുള്ള പശ്ചാത്തലം റെഡിയായി.ഇതു ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. എങ്കിലേ കളി വരൂ.സെറ്റുണ്ടെങ്കില്‍ ചലനങ്ങളും സംഭാഷണങ്ങളുമൊക്കെ താനേ വന്നു കൊള്ളും.ഓന്നോ രണ്ടോ ഷാളുകളും പ്രോപ്പുകളുമൊക്കെയുണ്ടെങ്കില്‍ കളി ഗംഭീരമാകും. ഈ ഘട്ടത്തില്‍
മുഖംമൂടികള്‍ കൊടുക്കാതിരിക്കുന്നതാണ് നല്ലത്.കുട്ടികളുടെ ശ്രദ്ധ കളിയില്‍ നിന്ന് മുഖംമുടിലേക്ക് തരിയും.
ഇനി കഥാപ്പാത്രങ്ങള്‍ വേണം.
കോഴിയും കുറുക്കനുമാകാന്‍ തയ്യാറുള്ള കുട്ടികള്‍ മുന്നോട്ടുവരട്ടെ.
"കോഴി കൊക്കരിക്കുന്നതു കേട്ടപ്പോള്‍ കുറുക്കന്‍ എന്തായിരിക്കും പറഞ്ഞിട്ടുണ്ടാകുക?"ഞാന്‍ ചോദിച്ചു.
"നല്ല വിശപ്പ്.ഒരു കോഴിയെ തിന്നിട്ട് കുറേ നാളായി..”
ദേവദര്‍ശ് പറഞ്ഞു.
ഇത്തരം ഇടപെടലിലൂടെ കളിക്കിടയില്‍ സംഭാഷണങ്ങള്‍ വരുത്താം..
ഇനി വേറെ രണ്ടു കുട്ടികള്‍ വന്ന് ഇതു തന്നെ കളിക്കട്ടെ.ഇങ്ങനെ എല്ലാകുട്ടികള്‍ക്കും അവസരം നല്‍കാം.അപ്പോള്‍ കുട്ടികള്‍ അവരുടേയായ മനോധര്‍മ്മം കളിയില്‍ പ്രയോഗിക്കുന്നതുകാണാം.കുട്ടികളുടെ ഭാവനയക്കനുസരിച്ച് കളിയില്‍ വ്യത്യാസം വരും.
കളിയില്‍ പങ്കെടുക്കാന്‍ വൈമനസ്യമുള്ളവര്‍ ഉണ്ടാകും.അവര്‍ കളി നന്നായി ആസ്വദിക്കുന്നുണ്ടാകും.അവരെ കളിക്കാന്‍ നിര്‍ബന്ധിക്കേണ്ടതില്ല.സ്ഥിരമായി ഇത്തരം പ്രവര്‍ത്തനം നല്‍കുകയാണെങ്കില്‍ താമസിയാതെ അവരും കളിയില്‍ പങ്കാളികളാകും.
കഥയുടെ ചമഞ്ഞുകളിക്ക് റിഹേഴ്സല്‍ ആവശ്യമില്ല.ഇംപ്രൊവൈസേഷനാണ് വേണ്ടത്.അപ്പോഴാണ് കുട്ടികളുടെ ബഹുമുഖമായ കഴിവുകള്‍ വികസിക്കുക.
കഥയുടെ ആവിഷ്ക്കാരം എങ്ങനെയാണെന്ന് വിശദീകരിക്കതാനാണ് ഒരു കഥയെടുത്ത് ഉദാഹരിച്ചത്.ഒരു ദിവസം ഒരു കഥ വീതമാണ് ക്ലാസില്‍ ചെയ്യുക.ഇനി കഥ ക്രമപ്പെടുത്തി പറയലും അതിന്റെ എഴുത്തുമാണ്.അത് അടുത്ത പോസ്റ്റില്‍ ചര്‍ച്ച ചെയ്യാം.
(തുടരും)